കേരളത്തിലെ ക്ഷേത്രങ്ങളില്‍ മതചിഹ്നങ്ങള്‍ പാടില്ല എന്ന് ദേവസ്വം മന്ത്രി വാസവന്‍ സഖാവ് ഫത്വ ഇറക്കിയിരിക്കുന്നു. എല്ലാ ഭക്തജനങ്ങളും അത് അനുസരിച്ചു കൊള്ളണം. ഇല്ലെങ്കില്‍ ദേവസ്വം വകുപ്പ് കേസ്സെടുക്കും. തൃശൂര്‍പൂരത്തിന് തൊട്ടുമുമ്പാണ് മന്ത്രിയുടെ ഫത്വ പുറത്തുവന്നത്. ഇത് പാര്‍ട്ടിയുടെ തീരുമാനമാണ്.മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ താല്പര്യത്തിന് വിരുദ്ധമായി ആരു നിന്നാലും അവരെ പാര്‍ട്ടി ശിക്ഷിച്ചിരിക്കും. ദേവസ്വം മന്ത്രിയുടെ ഉത്തരവിലൂടെ കേരളത്തിലെ ക്ഷേത്രവിശ്വാസികള്‍ പാര്‍ട്ടി നിശ്ചയിച്ച ശിക്ഷ അനുഭവിച്ചുകൊള്ളാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഈ ശിക്ഷ വിധിക്കാന്‍ എന്താണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്? കൊല്ലം കടക്കല്‍ ക്ഷേത്രത്തില്‍ നടന്ന പാര്‍ട്ടി ഗാനമേളക്കെതിരെ അവര്‍ പരാതിപ്പെട്ടു. അത് ഒരു സംഗതി. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി എന്ന പേരില്‍ ചില ക്ഷേത്രങ്ങളിലെ ദീപസ്തംഭത്തിനു ചുവട്ടില്‍ സഖാക്കളുടെ ഫോട്ടോ ഭഗവാനേക്കാള്‍ വലിയ ഭഗവാനായി പ്രതിഷ്ഠിച്ചത് ഭക്തജനങ്ങള്‍ ചോദ്യം ചെയ്തത് രണ്ടാമത്തെ തെറ്റ്, ചേര്‍ത്തല തുറവൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അയ്യപ്പന്മാര്‍ക്ക് അന്നദാനം നല്‍കി എന്ന പേരില്‍ വാസവന്റെയും സ്ഥലം എം.എല്‍.എയുടെയും പടം വെച്ച് രാഷ്ട്രീയ ഫ്‌ളക്‌സ് വെച്ചതിനെതിരെ കോടതിയില്‍ പോയത് മൂന്നാമത്തെ തെറ്റ്. കണ്ണൂരില്‍ ക്ഷേത്രോത്സവത്തില്‍ കൊലയാളി സഖാക്കളുടെ പടവും പാര്‍ട്ടി കൊടിയും വെച്ച് വരവ് ആഘോഷിക്കുന്ന രീതിക്കു വിരുദ്ധമായി കൊല്ലം ആശ്രാമം ശ്രീകൃഷ്ണഷേത്രത്തില്‍ വിവേകാനന്ദന്റെയും ശ്രീനാരായണ ഗുരുവിന്റെയും അംബേദ്കറുടെയും ഹെഡ്‌ഗേവാറിന്റെയും പടംവെച്ച് ഘോഷയാത്ര നടത്തിയത് ഇതിലെല്ലാം അക്ഷന്തവ്യമായ തെറ്റ്.
ഇതിനൊക്കെയുള്ള ശിക്ഷ ദേവസ്വം മന്ത്രി വിധിയാം വണ്ണം വകുപ്പു വഴി നല്‍കുന്നുണ്ട്. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് ക്ഷേത്രത്തില്‍ മതചിഹ്നമേ വേണ്ട എന്ന ഫത്വയിലൂടെ ഭക്തന്മാര്‍ക്കു മൊത്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ വിഗ്രഹം മതചിഹ്നമാണല്ലോ. മന്ത്രിയുടെ ഫത്വ പ്രകാരം ആദ്യം എല്ലാ വിഗഹങ്ങളും എടുത്തു മാറ്റണം. ശബരിമലയില്‍ അയ്യപ്പ വിഗ്രഹം വേണ്ട, ഗുരുവായൂരില്‍ ഗുരുവായൂരപ്പന്‍ വേണ്ട. അതുപോലെ ഒരു ക്ഷേത്രത്തിലും വിഗ്രഹം വേണ്ട. എന്നാല്‍ അവിടെ മാറ്റാന്‍ പാടില്ലാത്ത ഒന്നുണ്ട്; അത് ഭണ്ഡാരമാണ്. ഭക്തന്മാര്‍ ഒരു മടിയും കൂടാതെ അതു നിറച്ചു കൊള്ളണം. എന്നാലേ ദേവസ്വം മന്ത്രിക്കും പാര്‍ട്ടിക്കും മനസ്സ് കുളിര്‍ക്കു.