‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരിട്ട സൈനിക നീക്കത്തിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പതിനഞ്ചാം ദിവസം ഭാരതസേന പാക് അധിനിവേശ കശ്മീരിലെയും പാകിസ്ഥാനിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് തിരിച്ചടി നല്‍കി. നാലുദിവസം നീണ്ടുനിന്ന ഭാരതസേനയുടെ തിരിച്ചടി പാകിസ്ഥാന്റെ ആവശ്യപ്രകാരം മെയ് പത്തിന് വൈകിട്ട് അഞ്ചുമണിക്ക് നിലവില്‍ വന്ന വെടിനിര്‍ത്തലോടെ അവസാനിച്ചു. ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ കൂടാതെ പാകിസ്ഥാന്റെ ആറു സുപ്രധാന വ്യോമതാവളങ്ങളും, രണ്ടു റഡാര്‍ സ്റ്റേഷനുകളും, റാവല്‍പിണ്ടിയിലെ പാക് സൈനിക താവളവും ഭാരതം തകര്‍ത്തു. കറാച്ചിയിലെ സുക്കൂര്‍ വ്യോമതാവളം പാക് പഞ്ചാബിലെ റഫീക്കി വ്യോമതാവളം, മുറിദ് വ്യോമതാവളം, റഹിം യാര്‍ ഖാന്‍ താവളം, ലാഹോറിലെ ചുനിയന്‍ വ്യോമതാവളം, പസ്‌രൂര്‍, സിയാല്‍കോട്ട് റഡാര്‍ സ്റ്റേഷനുകള്‍ എന്നിവയും ഭാരതം ആക്രമിച്ചു. ഭാരതം ഏല്‍പ്പിച്ച കനത്ത തിരിച്ചടിയാണ് വെടിനിര്‍ത്തലിലേക്ക് പാകിസ്ഥാനെ കൊണ്ടെത്തിച്ചത്.
‘ഓപ്പറേഷന്‍ സിന്ദൂര്‍’ ലക്ഷ്യമാക്കിയത് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര താവളങ്ങളെ തകര്‍ക്കുക എന്നതും പാക് സേനയുടെ അടിസ്ഥാന സൗകര്യങ്ങളെ തകര്‍ക്കുക എന്നതുമായിരുന്നു. പാകിസ്ഥാന്റെ ഏതു പ്രദേശത്തും ഇന്ത്യന്‍ സേനയ്ക്ക് എത്തിപ്പെടാം എന്നതും, പാകിസ്ഥാനികളില്‍ ഭയം സൃഷ്ടിക്കുക എന്നതിലും ഭാരതം വിജയിച്ചു. നൂറിലധികം ഭീകരരും, നാല്പതോളം പാക് സൈനികരും ഭാരതത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് സംയുക്ത പത്രസമ്മേളനത്തില്‍ ഭാരത സേനാ തലവന്മാര്‍ അറിയിച്ചത്. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈനിന്റെ ഐസി-814 വിമാനം പാക് ഭീകരര്‍ ഖണ്ഡഹാറിലേയ്ക്ക് തട്ടിക്കൊണ്ടുപോയപ്പോള്‍ രാജ്യം പകച്ചുനിന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ 2014നുശേഷം നരേന്ദ്രമോദിയുടെ നേതൃത്വത്തിലെ ഭാരതം എല്ലാ പാക് ഭീകരാക്രമണങ്ങള്‍ക്കും പകരംവീട്ടുന്ന രാജ്യമാണ്. 2016ല്‍ പാകിസ്ഥാനില്‍ കടന്നുചെന്നു നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കും, 2019ലെ എയര്‍ സ്‌ട്രൈക്കും പാകിസ്ഥാനുള്ള മുന്നറിയിപ്പുകളായിരുന്നു. പഹല്‍ഗാമിലെ കൂട്ടക്കൊലയ്ക്ക് പാകിസ്ഥാന് വന്‍നാശം വിതയ്ക്കുന്ന ആക്രമണമാണ് ഭാരതം നടത്തിയത്. മാത്രമല്ല, ഭാവിയില്‍ ഭാരതത്തില്‍ പാക് ഭീകരര്‍ നടത്തുന്ന ഏതൊരു ആക്രമണവും ഭാരതത്തിനെതിരായ യുദ്ധമായി കാണും എന്നും ഭാരതം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനയുടെയും, തുര്‍ക്കിയുടെയും ആയുധത്തിന്റെ കരുത്തില്‍ വിശ്വസിച്ച പാകിസ്ഥാന്‍ ഭാരതസേനയ്ക്കു മുന്നില്‍ പകച്ചുനില്‍ക്കുന്നതാണ് കണ്ടത്. ന്യൂക്ലിയര്‍ ആയുധം ഉണ്ട് എന്ന് വീമ്പിളക്കിയ പാകിസ്ഥാന് മറ്റൊരു ഹമാസിന്റെ നിലവാരത്തിലേയ്ക്ക് താഴേണ്ടി വന്നു.
തെളിവുമായി ഭാരതസേന
2016 ലെ സര്‍ജിക്കല്‍സ്‌ട്രൈക്കിനും, 2019ലെ എയര്‍ സ്‌ട്രൈക്കിനും തെളിവ് ചോദിച്ച കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ഇത്തവണ തെളിവിനായി അന്വേഷിക്കേണ്ടതില്ല. മെയ് പതിനൊന്നിന് ഭാരത സേനയുടെ മൂന്ന് മേധാവികള്‍ നേരിട്ട് നടത്തിയ ഒന്നരമണിക്കൂര്‍ നീണ്ട പത്രസമ്മേളനത്തില്‍ എല്ലാ തെളിവുകളും ഡിജിറ്റലായി നിരത്തിയിട്ടുണ്ട്. ലഷ്‌കര്‍-ഇ-തൊയ്ബയുടെയും ജയ്‌ഷെ മുഹമ്മദിന്റെയും ആസ്ഥാനങ്ങള്‍ മാത്രമല്ല അഞ്ചു പ്രമുഖ അന്താരാഷ്ട്ര ഭീകരന്മാരെ വധിച്ചതിന്റെ തെളിവുകളും ഭാരത സേനപുറത്തുവിട്ടു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ അടുത്ത ബന്ധുക്കളായ ഹാഫീസ് മുഹമ്മദ് ജമീലും, മുഹമ്മദ് യൂസഫ് അസറും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ജയ്‌ഷെ മുഹമ്മദ് കമാന്‍ഡല്‍ മുഹമ്മദ് ഹസന്‍ ഖാന്‍ ജമ്മുകാശ്മീരിലെ ഭീകരാക്രമണങ്ങളെ ഏകോപിപ്പിച്ചിരുന്ന ഭീകരനാണ്. ലഷ്‌കറെ തൊയ്ബയുടെ ആഗോള ഭീകരന്‍ അബു ജൂന്‍ഡാല്‍, ഖാലീദ് എന്നിവരും കൊല്ലപ്പെട്ട ഭീകരരില്‍ ഉള്‍പ്പെടും. അബു ജൂന്‍ഡാലിന്റെ സംസ്‌കാര ചടങ്ങില്‍ പാക് പഞ്ചാബ് മുഖ്യമന്ത്രിയും, സൈന്യത്തിന്റെ സീനിയര്‍ അംഗങ്ങളും പങ്കെടുത്തു. മറുസക്കിലെ ലഷ്‌കറെ തൊയ്ബയുടെ ആസ്ഥാനവും ഭീകരതാവളവും പരിശീലനകേന്ദ്രവും തകര്‍ത്തത്തിന്റെ വീഡിയോ പാശ്ചാത്യ മാധ്യമങ്ങളിലും ഏറെ പ്രചാരം നേടി. ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഭാരതസേന തകര്‍ത്ത പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുക എന്നത് ഏറെ ദുഷ്‌കരമാണ്. മാത്രമല്ല അവയൊക്കെ, ഇന്ത്യന്‍ മിസൈലുകളുടെ കയ്യെത്തും ദൂരത്താണ് എന്ന ബോധവും പാക് ഭരണ നേതൃത്വത്തിന്റെ മനഃസമാധാനം കൊടുത്തും.
വെടിനിര്‍ത്തല്‍: പാക് ഭീകരവാദികളോടുള്ള സന്ധിയല്ല
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് രണ്ടു രാജ്യങ്ങളുമായി നടത്തിയ സമാധാന ചര്‍ച്ചയുടെ ഫലമായി ഉണ്ടായതല്ല. പാകിസ്ഥാന്റെ വെടിനിര്‍ത്താനുള്ള ആവശ്യം ഭാരതം അംഗീകരിച്ചതാണ്. അമേരിക്ക അത് വിളിച്ചുപറഞ്ഞു എന്ന് മാത്രം. മാത്രമല്ല ഭാരതം ഒരു കരാറിലും ഒപ്പുവച്ചിട്ടില്ല. സേനാതലത്തിലല്ലാതെ സര്‍ക്കാരിന്റെ തലത്തില്‍ യാതൊരു ചര്‍ച്ചയ്ക്കും ഭാരതം തയ്യാറുമല്ല. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും, രാഹുല്‍ഗാന്ധിയുടെയും വിമര്‍ശനങ്ങള്‍ വെറും രാഷ്ട്രീയമായി കണ്ടാല്‍ മതി. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ അവസാനിച്ചതായി ഭാരതം പ്രഖ്യാപിച്ചിട്ടില്ല. ഭാവിയില്‍ ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണവും ഭാരതത്തോടുള്ള യുദ്ധ പ്രഖ്യാപനമായി കണ്ട് തിരിച്ച് ആക്രമിക്കുന്നതായിരിക്കും എന്നും ഭാരതം വ്യക്തമാക്കിയിട്ടുണ്ട്.
‘ഓപ്പറേഷന്‍ സിന്ദൂര്‍’ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ വിശേഷാല്‍ സമ്മേളനം വിളിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തികച്ചും രാജ്യതാല്പര്യത്തിനെതിരാണ്. ഭാരതസേനയുടെ മൂന്ന് മേധാവികളും ചേര്‍ന്ന് എല്ലാ തെളിവുകളും നല്‍കി നീണ്ട പത്രസമ്മേളനം നടത്തിയതു തന്നെ ഈ വിഷയത്തില്‍ രാഷ്ട്രീയമായ ചര്‍ച്ചകളും ഊഹാപോഹങ്ങളും ഒഴിവാക്കാനാണ്. ശത്രുരാജ്യത്ത് നമ്മുടെ സേനകള്‍ നടത്തിയ ആക്രമണത്തിന്റെ വിവിധ വശങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നത് ഫലത്തില്‍ പാകിസ്ഥാനെയായിരിക്കും സഹായിക്കുന്നത്. സേനയുടെ മനോബലത്തെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് പ്രതിപക്ഷ കക്ഷികള്‍ പിന്മാറേണ്ടതാണ്. ഇനിയും ഒരു ഭീകരാക്രമണം രാജ്യത്ത് ഉണ്ടാകാന്‍ പാടില്ല. ശത്രുവിന്റെ താവളങ്ങളില്‍ ചെന്ന് അന്താരാഷ്ട്രഭീകരന്മാരെ വധിച്ച സൈന്യത്തിന്റെ ശ്രമങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിനുള്ളില്‍ മാത്രം ചര്‍ച്ച ചെയ്യാനുള്ളതാണ്. പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യേണ്ടത് സേനയുടെ നീക്കങ്ങളല്ല മറിച്ച് നയപരമായ കാര്യങ്ങളാണ്. മാത്രമല്ല രാഷ്ട്രത്തിന് അതു ഗുണകരവുമല്ല, കൂടാതെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തെ അത് ബാധിക്കും.
ജമ്മുകശ്മീര്‍ ജനത പാകിസ്ഥാനെതിരെ ഒറ്റക്കെട്ടായി
കഴിഞ്ഞ എഴുപത്തിയഞ്ചു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കശ്മീരിലെ ജനങ്ങള്‍ ജാതി-മത വ്യത്യാസം കൂടാതെ പാകിസ്ഥാന്‍ നടത്തിയ ഭീകരാക്രമണത്തിനെതിരായി അണി നിരക്കുന്നത്. ജമ്മുകശ്മീരിന്റെ ലയനം പൂര്‍ണ്ണമാകുന്നത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനുശേഷമാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ വികസനരംഗത്തും, ക്രമസമാധാനത്തിലും ഉണ്ടായ മാറ്റവും അതിന്റെ ഫലമായി ടൂറിസ്റ്റുകളുടെ വന്‍ ഒഴുക്കും കശ്മീരിന്റെ മുഖച്ഛായ തന്നെ മാറ്റി. മതത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കാനുള്ള പാക് മതതീവ്രവാദികളുടെ ശ്രമത്തെ ജമ്മു-കശ്മീര്‍ ജനത ഇനി അംഗീകരിക്കില്ല എന്നതിനു തെളിവാണ് കശ്മീരില്‍ കണ്ട പാകിസ്ഥാനെതിരായ ജനമുന്നേറ്റം. പാകിസ്ഥാന്റെ മാത്രമല്ല, ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ ശ്രമിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടെ കണ്ണുതുറപ്പിക്കുന്ന രംഗങ്ങളാണ് പാകിസ്ഥാന്‍ പിന്തുണയില്‍ നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം കശ്മീര്‍ ജനത പ്രകടമാക്കിയത്. ”ഓപ്പറേഷന്‍ സിന്ദൂര്‍” പാക് തീവ്രവാദികളുടെ അടിവേരറുക്കുന്ന സൈനികനീക്കത്തിന്റെ തുടക്കമാണ്. ഇനിയും ശക്തമായി പാക് തീവ്രവാദികള്‍ക്കെതിരായി മുന്നേറേണ്ടതുണ്ട്. ഇസ്ലാമിക തീവ്രവാദത്തെ പൂര്‍ണ്ണമായും തകര്‍ക്കാനാവില്ല. എന്നാല്‍ പാകിസ്ഥാനിലെ തീവ്രവാദ-ഭീകരവാദ ക്യാമ്പുകളെയും, അവരുടെ രാജ്യത്തെ സ്ലീപ്പര്‍ സെല്ലുകളെയും ഒറ്റക്കെട്ടായി നിന്ന് തകര്‍ക്കാന്‍ രാജ്യത്തിനു കഴിയണം. ഭാരതത്തിനുള്ളില്‍ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാണ്. പലപ്പോഴും പാക് തീവ്രവാദികള്‍ രാജ്യത്തിനകത്തെ സ്ലീപ്പര്‍ സെല്ലുകളുടെ സഹായത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജമ്മുകശ്മീരിലെ മണ്ണില്‍ നിന്ന് മത തീവ്രവാദത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ കഴിയും എന്നതില്‍ സംശയമില്ല. കാശ്മീരില്‍ ഉണ്ടായ വികസന മുന്നേറ്റത്തെ തടയാനും, ടൂറിസ്റ്റുകളുടെ പ്രവാഹത്തെ തടയാനും ശ്രമിക്കുന്ന ശക്തികള്‍ പാകിസ്ഥാനില്‍ മാത്രമല്ല, രാജ്യത്തിനകത്തും ഉണ്ട്. ഇസ്ലാമിക തീവ്രവാദികളും, മാവോയിസ്റ്റുകളും അവരെ പിന്തുണയ്ക്കുന്ന അര്‍ബന്‍ നക്‌സലൈറ്റുകളും ഒരുക്കുന്ന ഒരു ഇക്കോസിസ്റ്റം ഇന്ന് രാജ്യത്ത് ഉണ്ട്. നവമാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമാണ് ഇക്കൂട്ടരുടെ പ്രവര്‍ത്തന മണ്ഡലം. ജനാധിപത്യ അവകാശങ്ങളെ ദുരുപയോഗം ചെയ്ത് രാജ്യവിരുദ്ധപ്രവര്‍ത്തനത്തിനും, വിഘടനവാദത്തിനും, ഭീകരവാദികള്‍ക്ക് അനുകൂലമായ മീഡിയ ചര്‍ച്ചകള്‍ക്കും, കോടതിയെ സമീപിച്ച് അനുകൂലവിധിയുണ്ടാക്കുന്നതിനും ഉപയോഗിക്കുന്ന അന്തരീക്ഷം തകര്‍ക്കേണ്ടതുണ്ട്. അതിനാവശ്യമായ ജനകീയ ചര്‍ച്ചകളും ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണവും ഉണ്ടാവണം.
പാകിസ്ഥാന്‍ തെമ്മാടിരാജ്യം
പാകിസ്ഥാന്റെ പരമാധികാരം പാകിസ്ഥാന്റെ സര്‍ക്കാരിലല്ല നിക്ഷിപ്തമായിരിക്കുന്നത്. അരഡസനിലധികം പരമാധികാരകേന്ദ്രങ്ങള്‍ പാകിസ്ഥാനില്‍ സമാന്തരമായി പ്രവര്‍ത്തിക്കുന്നു. പാക് ഭരണകൂടം പാക്‌സേനയുടെയും തീവ്രവാദികളുടെയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മത നേതൃത്വവും സമാന്തരമായി പ്രവര്‍ത്തിക്കുന്നു. മുന്‍കാലങ്ങളില്‍ അമേരിക്കയും ഇന്ന് ചൈനയുമാണ് പാകിസ്ഥാനെ പുറത്തുനിന്ന് നിയന്ത്രിക്കുന്നത്. ആഭ്യന്തരമായും വിഘടിച്ചുനില്‍ക്കുന്ന പ്രവിശ്യകളും, ബലൂചിസ്ഥാനിലും ഖൈബര്‍-പഷ് തൂണ്‍ പ്രവിശ്യകളിലും ശക്തമായ സമാന്തര ഭരണസംവിധാനവും പാകിസ്ഥാനെ ഒരു ദിശബോധം ഇല്ലാത്ത രാജ്യമാക്കി. അതുകൊണ്ട് തന്നെ പാകിസ്ഥാന്‍ സര്‍ക്കാരുമായി നടത്തുന്ന ഒരു കരാറും പൂര്‍ണ്ണ ഫലപ്രാപ്തിയില്‍ എത്തണമെന്നില്ല. എടുത്തു പറയേണ്ട ഒരു ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂരിനിടയില്‍ ഉണ്ടായത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയത് പാകിസ്ഥാന്‍ പ്രധാനമന്ത്രിയോടായിരുന്നില്ല മറിച്ച് സേനാതലവന്‍ അസിം മുനീറുമായിട്ടാണ്. ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത് പാക് സേനയാണ്, രാഷ്ട്രീയ നേതൃത്വം സേനയുടെ താല്പര്യം അനുസരിച്ച് പ്രവര്‍ത്തിക്കുന്നു. യഥാര്‍ത്ഥത്തില്‍ സേനയുടെ ഭാഗമായാണ് പാക് ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ അബു ജൂന്‍ഡാലിന്റെ സംസ്‌കാര ചടങ്ങില്‍ പാക് സേനയുടെ ഓഫീസര്‍മാര്‍ പങ്കെടുക്കുകയും, പാക് പതാക പുതപ്പിച്ച് രാഷ്ട്രത്തിന്റെ ബഹുമാനം അര്‍പ്പിച്ചതും കൂട്ടിവായിക്കണം.
പരമാധികാരം ഒരു കേന്ദ്രത്തില്‍ നിക്ഷിപ്തമല്ലാത്ത പാകിസ്ഥാനുമായി ഒരു ഉടമ്പടിയുണ്ടാക്കിയാല്‍ പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ഭാവിയിലും ഇന്ത്യന്‍സേനയ്ക്ക് പാകിസ്ഥാന്റെ മണ്ണില്‍ കയറി ഭീകര ക്യാമ്പുകളെ തകര്‍ക്കേണ്ടിവരും. ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഒരു യുദ്ധം ജയിക്കാത്ത പാകിസ്ഥാന്‍ ഭാരതം എന്ന മഹാശക്തിയുമായി കൊമ്പുകോര്‍ക്കാന്‍ വരുന്നത് ദിശാബോധമില്ലാത്ത ഭരണനേതൃത്വവും സൈന്യവും മതഭീകരതയും ചേര്‍ന്നുള്ള കൂട്ടായ്മകൊണ്ടാണ്. ചരിത്രത്തില്‍ നിന്നും ഒരു പാഠവും പാക് ഭരണകൂടം പഠിക്കുന്നില്ല എന്നതുകൊണ്ടുതന്നെ ഭാരതത്തിന്റെ സേനയുടെ ഉത്തരവാദിത്തം ഈ തെമ്മാടി രാഷ്ട്രത്തെ നിലയ്ക്ക് നിര്‍ത്തുക എന്നതു കൂടെയായിരിക്കും. തീവ്രവാദികള്‍ക്ക് ഉപദേശമല്ല ശക്തിമാത്രമേ തിരിച്ചറിയാന്‍ കഴിയൂ. അമേരിക്കയും ഇസ്രായേലും സ്വീകരിക്കുന്ന തരത്തില്‍ തീവ്രവാദത്തിനും, തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്കും ഉരുക്കുമുഷ്ടിയുടെ സേവനമാണ് നല്‍കേണ്ടത്. നീണ്ട നാളത്തെ കോണ്‍ ഗ്രസ് ഭരണമാണ് ഭാരതത്തെ ദുര്‍ബ്ബലമാക്കിയത്. അഹിംസയുടെ മുഖം മൂടിയണിഞ്ഞ് ഭീരുക്കളായി ജീവിക്കാന്‍ നമ്മെ നിര്‍ബ്ബന്ധിതമാക്കിയത് കോണ്‍ഗ്രസ് കുടുംബവാഴ്ചയാണ്. 2014-ല്‍ ഉദയം ചെയ്ത ഭാരതം ഭാരതപൗരന് നല്‍കുന്ന സുരക്ഷയും ആത്മവിശ്വാസവും വളരെ വലുതാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നിന്ന് ‘ഓപ്പറേഷന്‍ സിന്ദൂരി’ ല്‍ വരുമ്പോള്‍ ഭാരത ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ് എടുത്തുപറയേണ്ടതാണ്. തീവ്രവാദികളാല്‍ ഇനി ഒരു സ്ത്രീയ്ക്കും ഭര്‍ത്താവ് നഷ്ടമാകില്ല, ഒരമ്മയ്ക്കും മകനെ നഷ്ടമാകില്ല, തീവ്രവാദികളെ അവന്റെ ഉറവിടത്തില്‍ ചെന്ന് നശിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുന്ന ഉറപ്പ് വലുതാണ്.
പാകിസ്ഥാന്റെ പിന്നിലെ ചൈന, അമേരിക്കന്‍ ഡീപ് സ്റ്റേറ്റ്
കഴിഞ്ഞ എഴുപത്തിയഞ്ചു വര്‍ഷമായി പാകിസ്ഥാനെ എല്ലാ അര്‍ത്ഥത്തിലും പിന്തുണയ്ക്കുന്ന രാജ്യമാണ് കമ്മ്യൂണിസ്റ്റ് ചൈന. പാകിസ്ഥാനെതിരെ നമ്മുടെ സേന മുന്നേറിയപ്പോള്‍ ഇടതുപക്ഷ നേതാക്കളില്‍ നിന്ന് ഉയര്‍ന്ന ‘സമാധാന’ ത്തിനായുള്ള അഭ്യര്‍ത്ഥന ഇതുമായി ചേര്‍ത്ത് വായിക്കണം. സ്വരാജ്മാരും, ബ്രിട്ടാസുമാരും വിപ്ലവപാത വെടിഞ്ഞ് ‘അഹിംസ’യുടെ വക്താക്കളായി മാറുന്നതും നാം കണ്ടു.
യഥാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ ശത്രുരാജ്യം ചൈനയാണ്. പാകിസ്ഥാന്‍ ചൈനയുടെ ഒരു ആയുധം മാത്രമാണ്. 1963ല്‍ പാക് അധീനവേശ കാശ്മീരില്‍ നിന്നും ഭാരതത്തിന് അവകാശപ്പെട്ട 5,180 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശമാണ് ചൈനയ്ക്ക് കൈമാറിയത്. ഇന്ന് ചൈന പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ (സിപിഇസി) ന്റെ ഭാഗമാണ് ഈ ഭൂമി. 3,000 കിലോമീറ്റര്‍ അന്താരാഷ്ട്ര പാതയാണ് 62 ബില്ല്യണ്‍ ഡോളര്‍ ഉപയോഗിച്ച് ചൈന പാകിസ്ഥാനില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചൈന പാകിസ്ഥാന്റെ എനര്‍ജി, റെയില്‍വേ, വ്യാപാരം, തുറമുഖം, റോഡ് എന്നിവയില്‍ ഏതാണ്ട് 68 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ തീവ്രവാദ പ്രസ്ഥാനങ്ങളെയും ചൈന പുറം വാതിലിലൂടെ സഹായിക്കുന്നു. ചൈന കശ്മീര്‍ തീവ്രവാദികളെ സ്വാതന്ത്ര്യസമരസേനാനികളായാണ് കാണുന്നത്. ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ജയ്‌ഷെ മുഹമ്മദ് (ജെഇഎം) ഭീകരസംഘടനകളെയും മസൂര്‍ അസര്‍, സജാദ് മിര്‍ (Sajid Mir) തുടങ്ങിയ ഭീകരന്മാരെയും അന്താരാഷ്ട്ര ഭീകരസംഘടനകളായും ഭീകരരായും പ്രഖ്യാപിക്കുന്ന ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പ്രമേയത്തെ നീണ്ടനാള്‍ വീറ്റോ ചെയ്ത് സംരക്ഷിച്ചത് ചൈനയാണ്. ഭാരതത്തെ എക്കാലത്തും മുള്‍മുനയില്‍ നിര്‍ത്താന്‍ ചൈന ഉപയോഗിക്കുന്നത് പാകിസ്ഥാന്‍ മിലിറ്ററിയേയും പാക് തീവ്രവാദസംഘടനകളെയുമാണ്. ബലൂചിസ്ഥാന്‍ വിമോചനപ്രസ്ഥാനങ്ങളെ മാത്രമാണ് ചൈനയ്ക്ക് വിലയ്ക്ക് എടുക്കാന്‍ കഴിയാത്തത്. പാകിസ്ഥാന്റെ ഇന്ത്യാവിരുദ്ധ നിലപാടിന് എക്കാലത്തും പരസ്യമായി ചൈന പിന്തുണച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയിലും പാക് – ചൈനാ സൗഹൃദം കാണാം. അതുകൊണ്ട് തന്നെ ഇന്ത്യാ-പാകിസ്ഥാന്‍ സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണവിജയം നേടാന്‍ കഴിയില്ല. സ്വാഭാവികമായും പാകിസ്ഥാനോട് ഒരു ‘ഒഫന്‍സീവ് പോളിസി’ സ്വീകരിച്ചു മാത്രമേ ഭാരതത്തിന് മുന്നോട്ടു പോകാന്‍ കഴിയൂ. നയതന്ത്രശ്രമങ്ങള്‍ക്ക് ഈ രംഗത്ത് പരിമിതമായ റോള്‍ മാത്രമേ ഉണ്ടാകൂ. 2014 വരെ ഭാരതം അനാവശ്യമായി ഇന്ത്യ-പാക് സമാധാനത്തിനായി നയതന്ത്രത്തെ ഏറെ ആശ്രയിച്ചിരുന്നു. പാകിസ്ഥാന് നയതന്ത്രമല്ല, ശക്തിയാണ് കാണിച്ചുകൊടുക്കേണ്ടത്. കാരണം പാകിസ്ഥാന്‍ ഒരു രാജ്യമല്ല, മറിച്ച് ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമാണ്. അമേരിക്കയുടെ മുഖ്യശത്രുവായിരുന്ന അന്താരാഷ്ട്ര ഭീകരന്‍ ബിന്‍ലാദന് പോലും പാകിസ്ഥാന്‍ മാത്രമാണ് അഭയം നല്‍കിയത്.
വികസനരംഗത്ത് ഭാരതം കുതിച്ചുയരുന്നത് ചൈനയും പാകിസ്ഥാനും ആഗ്രഹിക്കുന്നില്ല. കശ്മീരിലെ ടൂറിസം സീസണ്‍ ആരംഭിച്ചപ്പോള്‍ തന്നെ ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഒരു ആഗോളപദ്ധതിയുടെ ഭാഗമാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തപ്പോള്‍ പാകിസ്ഥാന്‍ മാത്രമല്ല ചൈനയും എതിര്‍ത്തിരുന്നത് ഇവിടെ എടുത്തു പറയേണ്ടതുണ്ട്. പാകിസ്ഥാന്‍ എന്ന തെമ്മാടി രാഷ്ട്രത്തെ പാലൂട്ടി വളര്‍ത്തുന്ന ചൈനയെയും, ചൈനയെ പിന്തുണയ്ക്കുന്ന ഭാരതത്തിലെ ഇടതു-കോണ്‍ഗ്രസ് ബൗദ്ധിക നേതൃത്വത്തെയും ജനങ്ങള്‍ തിരിച്ചറിയണം. ചൈനയെ മാതൃകയാക്കുന്നവര്‍ പാകിസ്ഥാനിലൂടെ ചൈന നടത്തുന്ന ഭാരതവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കൂടെ അറിയണം.
അമേരിക്കന്‍ ഡീപ്പ് സ്റ്റേറ്റ് ഭാരതത്തിനെതിരായി ശാക്തീകരിക്കുന്ന രണ്ടു രാജ്യങ്ങളാണ് പാകിസ്ഥാനും ബംഗ്ലാദേശും. ബംഗ്ലാദേശില്‍ അവര്‍ വിജയം വരിച്ചു. അതിന്റെ ഗൂണഭോക്താവാകുന്നത് ചൈനയാണ്. അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന് ഭാരതത്തിനകത്തും പിന്തുണയുണ്ട്. മാധ്യമ-അക്കാദമിക മേഖലയിലാണ് ഭാരതം സൈനികമായി ഇടപെടുന്നത് എതിര്‍ക്കുന്ന ശക്തികളുടെ ചൈന-അമേരിക്കന്‍ സിസ്റ്റേറ്റ് താല്പര്യം തിരിച്ചറിയാന്‍ കഴിയുന്നത്. സമാധാന പ്രാവുകളായി ഇവര്‍ രംഗത്തുവരും. കൂടാതെ പുതിയ തിയറികളും ആയുധ കമ്പനികളുടെ ഗൂഢാലോചനയും അവര്‍ അവതരിപ്പിക്കും. ജനാധിപത്യ അവകാശങ്ങള്‍ മതതീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും, മാവോയിസ്റ്റുകള്‍ക്കും ഒരു ചാകരയാണ്. ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ അവര്‍ക്ക് വേഗം കഴിയം. ‘മീഡിയവണ്‍’, ‘ദ വയര്‍’ തുടങ്ങിയ സ്ഥാപനങ്ങള്‍ ജുഡീഷ്യറിയുടെ പരിരക്ഷയാണ്. ‘രാജ്യസേവനം’ നടത്തുന്നത്. ഇന്ത്യന്‍ രാഷ്ട്ര ശരീരത്തില്‍ അമേരിക്കന്‍ ഡീപ്‌സ്റ്റേറ്റ് ഏറെ ആഴത്തില്‍ വേരുറച്ചിട്ടുണ്ട്. സര്‍വ്വകലാശാലകള്‍, എഴുത്തുകാര്‍, സിവില്‍സര്‍വ്വീസ്, ജുഡീഷ്യറി, വിരമിച്ച ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരുന്നവര്‍, ഫിലിം, കല തുടങ്ങിയ മേഖലകളില്‍ എല്ലാം ഡീപ്പ് സ്റ്റേറ്റ് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഭാരതത്തില്‍ ജനാധിപത്യം തകര്‍ന്നു എന്ന് മുറവിളി കൂടുന്നവര്‍ ഇതിന്റെ വക്താക്കളാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയെ അധിക്ഷേപിക്കുന്നവരും ഇവരാണ്.
ചുരുക്കത്തില്‍ പാകിസ്ഥാനെതിരായ സൈനിക നടപടികൊണ്ടുമാത്രം തീരുന്നതല്ല ഭാരതം നേരിടുന്ന ഭീകരത. ഇസ്ലാമിക മതമൗലികവാദികളും അമേരിക്കന്‍ ഡീപ്പ് സ്റ്റേറ്റും, ചൈന പിന്തുണയ്ക്കുന്ന മാവോയിസ്റ്റ് അര്‍ബന്‍ നക്‌സലൈറ്റുകളും കൂടിച്ചേരുന്ന ഒരു ചക്രവ്യൂഹം ഭാരതത്തിന്റെ വികസന മുന്നേറ്റത്തെ വെല്ലുവിളിക്കുകയാണ്. ഈ ചക്രവ്യൂഹത്തെ തകര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരുകയാണ് ഇപ്പോള്‍ വേണ്ടത്.
(കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഗ്ലോബല്‍ സ്റ്റഡീസ് പ്രൊഫസര്‍&ഡീനും മുന്‍ പ്രോ-വൈസ്ചാന്‍സലറുമാണ് ലേഖകന്‍)