നോവുമുള്ളൊന്നു
തോര്‍ന്നിരുന്നെങ്കില്‍ ഞാന്‍,
സൗമ്യസാരംഗിയില്‍പ്പാടിനേര്‍ത്തേനെ,
സന്ധ്യപോയിമറയാതിരുന്നെങ്കില്‍,
ചാരുദീപമണയാതെ കാത്തേനെ.
വേഗമേറുമീ ജീവിതവീഥിയില്‍,
ഏറെവൈകിത്തണുത്തു ഞാന്‍ നില്ക്കിലും,
നിന്‍വിളിതന്‍ വിരല്‍ത്തുമ്പുനീളുന്നു
കണ്ണിലാഴുന്ന നന്മവിളക്കായി.
മോഹസാഗരം തേടുമീ യാത്രയില്‍,
വേദനതന്‍ വെയിലുദിക്കുമ്പൊഴും,
നീ കനിഞ്ഞ കുടയില്‍ ഞാന്‍ നില്ക്കുമ്പോള്‍,
തീമഴയും കുളിരു പകരുന്നു.
നോവുമുള്ളില്‍ കനലുകള്‍ വേകുമ്പോള്‍,
പ്രാണനൂര്‍ന്നു പറക്കുവാന്‍ വെമ്പുമ്പോള്‍,
ശുദ്ധസാരംഗിമുന്നിലായ് വച്ചു നീ,
പാടുകയെന്നു സൗമ്യം മൊഴിയുന്നു.
എന്റെ പാട്ടിന്റെ രാഗത്തിലുണ്ടല്ലോ,
നെഞ്ചിടിയും കനലും കവിതയും,
എന്റെ പാട്ടിന്റെ താളത്തിലെപ്പൊഴും
കണ്ണുനീരിന്‍ കിനാവും മഴകളും.
എന്റെ കാലു കുഴഞ്ഞുതുടങ്ങുമ്പോള്‍,
നിന്‍നിഴലെന്നെ താങ്ങും മൃദുലമായ്.
എത്രനാളീ വഴികളില്‍ വീണു ഞാന്‍,
നിന്റെ കാരുണ്യദുഗ്ധം കുടിക്കുന്നു.
അത്രമേലെന്നെയാഴത്തില്‍ സ്‌നേഹിക്കാ-
നത്രവൈശിഷ്ട്യമുണ്ടോ എനിക്കു ഹാ…!
നോവുമുള്ളൊന്നു തോര്‍ന്നിരിയ്ക്കുമ്പൊഴീ-
ഗീതമിന്നൊന്നു പാടണമെന്നുണ്ടു.
രാഗമേളസമന്വയമായിനീ,
സ്‌നേഹതന്ത്രികള്‍ മീട്ടിയിരിക്കുമ്പോള്‍,
പാടാതിരിയ്ക്കുവാന്‍ വയ്യെനിക്കിന്നു,
നീയാംവെളിച്ചം നിറഞ്ഞുനില്ക്കുമ്പോള്‍.
വൃത്തം: സര്‍പ്പിണി