ഒരു കവിത കൂടി ഞാനെഴുതട്ടെ ഞാനുമീ
ഹരിത മാം ഭൂവില്‍ ഉണ്ടെന്നറിയിക്കാന്‍
പ്രിയ ധരണീ നിന്നെ ഇഷ്ടമാണെന്നതി-
ന്നൊരു മധുര ഗീതകം കൂടി മൂളട്ടെ ഞാന്‍
ഇവിടെ ഇനിയും വിരിയുന്ന പൂക്കളും
ഇതള്‍ വിരിഞ്ഞൊളി മിന്നിടും പ്രഭാതങ്ങളും
അനുനിമിഷമെന്നെയോര്‍ത്തീടുവാനെന്നിലെ
കവിതയല്ലാതെ മറ്റെനിക്കെന്തുള്ളു?
കൊടിയ ചൂടിനാല്‍ വേവുമെന്‍ ചേതന
കുളിര്‍ ജലത്തിനായ് വാ പിളര്‍ത്തീടവേ
ഒരു കവിള്‍ ദാഹനീരായി നല്‍കുവാന്‍
കവിതയല്ലാതെ മറ്റെനിക്കെന്തുള്ളു ?
കപടവും നേരു മെന്തെന്നറിയാതെന്‍
വ്യഥിതചിന്തകള്‍ ഊഞ്ഞാലിലാടവേ
കവിത കൈവിട്ടു പോകുന്നു ഞാനെന്റെ
കദനലോകത്തിലേകനായ് മാറുന്നു
കവിതയും തോറ്റു പോകയോ ഞാനിനി
കരളില്‍ ഭാവനാശൂന്യനായ് പോകുമോ
ഹൃദയ നാഥാ മുരളീധരാ നിന്റെ
കളമുരളീരവത്തിനായ് കേഴ്‌വു ഞാന്‍
ഇടയ ബാലനായ് വൃന്ദാവനത്തിലെ
ഹരിത ശാന്തപ്രദേശത്തിലൊക്കെയും
മധുരസംഗീത വര്‍ഷം ചൊരിഞ്ഞ നിന്‍
കൃപ സുധാരസം തേടുകയാണു ഞാന്‍
കലികളങ്കപ്പെടുത്തിയ മര്‍ത്ത്യന്റെ
മനസില്‍ നിന്റെ മുരളീ മധുസ്വരം
ഒഴുകിടട്ടെ പാലാഴിയായ് പിന്നെയെന്‍
കവിതയൂറുന്ന പാവം മനസ്സിലും






















