വിഖ്യാത ചരിത്രകാരനായിരുന്ന ഡോ. എം.ജി.എസ്. നാരായണന്‍ അക്കാദമിക് രംഗത്തിന്റെ അതിരുകളില്‍ ഒതുങ്ങി നിന്ന ആളായിരുന്നില്ല. അക്കാദമിക് മേഖലയില്‍ സ്വയംവരിച്ചതും അടിച്ചേല്‍പ്പിക്കപ്പെട്ടതുമായ രാഷ്ട്രീയാടിമത്തം അംഗീകരിച്ച് അഭിപ്രായ ഭീരുത്വം അലങ്കാരമായി കൊണ്ടുനടന്ന ആളുമായിരുന്നില്ല എംജിഎസ്. ചരിത്ര ഗവേഷണം ജീവിതത്തിലുടനീളം ഒരു സപര്യയായിക്കണ്ട ഈ ചിന്തകന്‍ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ നിലപാടുകള്‍ എടുക്കുന്നതില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറിയിട്ടില്ല. ഇതുകൊണ്ടുതന്നെ പലരുടെയും വിപ്രതിപത്തിക്കും ശത്രുതയ്ക്കും ഇരയായി. യുവാവായിരുന്ന കാലത്ത് തനിക്ക് ആഭിമുഖ്യമുണ്ടായിരുന്ന മാര്‍ക്‌സിസത്തോടും ഇടതു പാര്‍ട്ടികളോടും പില്‍ക്കാലത്ത് അതിശക്തമായി എംജിഎസിന് വിയോജിക്കേണ്ടിവന്നു. ഇക്കാരണത്താല്‍ തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി സമ്മേളനങ്ങള്‍ക്ക് വിളിക്കാതിരുന്നതും, കോഴിക്കോട് സര്‍വ്വകലാശാല പത്തുവര്‍ഷക്കാലത്തോളം തന്റെ പെന്‍ഷന്‍ തടഞ്ഞുവച്ചതും ആത്മകഥയില്‍ എംജിഎസ് വിവരിച്ചിട്ടുണ്ട്.
ചരിത്രകാരന്‍ എന്ന നിലയില്‍ കാറല്‍ മാര്‍ക്‌സിന്റെ ഭൗതികശാസ്ത്ര വിശകലനത്തോട് താല്പര്യം കാണിച്ചിരുന്ന എംജിഎസ് നാരായണന്‍ പക്ഷേ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെ അനുകൂലിച്ചിരുന്നില്ല. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരായി അറിയപ്പെടുന്ന പലരെക്കാളും മാര്‍ക്‌സിസം പഠനവിധേയമാക്കിയ എംജിഎസിന് ഇക്കാര്യത്തിലെ അല്‍പ്പവിഭവന്മാരെയും കള്ളനാണയങ്ങളെയും പെട്ടെന്ന് തിരിച്ചറിയാനും കഴിഞ്ഞു. ഇതിലൊരാള്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് ആയിരുന്നു. കേരളത്തിനകത്തും പുറത്തും കമ്മ്യൂണിസ്റ്റ് ആചാര്യനായി അറിയപ്പെട്ട ഇഎംഎസ്, എംജിഎസിന്റെ നിരന്തര വിമര്‍ശനത്തിന്റെ ഫലമായി നിഷ്പ്രഭനായിത്തീര്‍ന്നു.
ചെറുമക്കുടിയിലെ തമ്പ്രാന്‍ സഖാവ്
എം.ജി.എസ്. നാരായണനും ഇ.എം.എസ്. നമ്പൂതിരിപ്പാടും തമ്മിലുള്ള ബന്ധത്തിന് പൊതുവേ കരുതപ്പെടുന്നതിലുമധികം പഴക്കമുണ്ട്. എംജിഎസ് പണ്ടത്തെ ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോഴായിരുന്നു ആ കണ്ടുമുട്ടല്‍. അക്കാലത്ത് എംജിഎസ് ഒരു ഭൗതികവാദിയായി തീര്‍ന്നിരുന്നു. കമ്മ്യൂണിസ്റ്റുകാരായ സുഹൃത്തുക്കളുമായുള്ള അടുപ്പം കൊണ്ട് പല പുസ്തകങ്ങളും വായിക്കാന്‍ കഴിഞ്ഞു. ഇക്കാലത്ത് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായി മാറിയ കെ.ദാമോദരന്റെ സുഹൃത്തും കുടുംബ ഡോക്ടറുമായിരുന്നു എംജിഎസിന്റെ അച്ഛന്‍. ദാമോദരനുമായുള്ള ഈ ബന്ധം എംജിഎസിന് മാര്‍ക്‌സിസം പരിചയപ്പെടാന്‍ ഇടയാക്കി. ‘അന്നൊന്നും കമ്മ്യൂണിസ്റ്റുകള്‍ക്ക് നാട്ടില്‍ പൊതുവേ മാന്യതയുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട ചില ബുദ്ധിജീവികള്‍ മാത്രമാണ് അത് കൊണ്ടുനടന്നത്. നാട്ടിലെ വലിയ കുടുംബമായ ചിറമംഗലത്ത് ഇല്ലത്തെ മൂന്ന് സഹോദരന്മാര്‍-യജ്ഞ മൂര്‍ത്തി, ബ്രഹ്മദത്തന്‍, നാരായണന്‍-എങ്ങനെയോ കമ്മ്യൂണിസ്റ്റായി, അതും കടുത്ത വിപ്ലവകാരികള്‍. അതുപോലെ മറ്റൊരു വലിയ ജന്മി കുടുംബമായ മരക്കാര്‍ വീട്ടിലെ കോയിക്കുഞ്ഞി നഹയും അക്കൂട്ടത്തില്‍ കൂടി. ഈ രണ്ടു വീടുകളിലാണ് ഇഎംഎസ് തുടങ്ങിയ വലിയ നേതാക്കള്‍ ചിലപ്പോഴൊക്കെ ഒളിച്ചു താമസിച്ചത്. അപ്പോഴെല്ലാം നടന്ന പാതിരാ ക്ലാസുകളില്‍ ഞാനും പങ്കെടുത്തു’ എന്നാണ് ജാലകങ്ങള്‍ എന്ന ആത്മകഥയില്‍ എംജിഎസ് വിവരിക്കുന്നത്.
‘ചിറമംഗലത്ത് മനയ്ക്കലും കോയക്കുഞ്ഞ് നഹയുടെ വീട്ടിലുമാണ് അക്കാലത്ത് ഇഎംഎസ് അടക്കമുള്ള വലിയ വിപ്ലവ നേതാക്കള്‍ പലപ്പോഴും ഒളിച്ചു താമസിക്കുകയും, സ്റ്റഡി ക്ലാസുകള്‍ എടുക്കുകയും ചെയ്തിരുന്നത്. നാട്ടിലെ ഏറ്റവും വലിയ ജന്‍മിവീടുകള്‍ തന്നെ അതിനുവേണ്ടി തെരഞ്ഞെടുത്തത് ഒരു വിരോധാഭാസം ആയിരുന്നു. കേരളത്തില്‍ ജന്മിമാരുടെ കുടുംബങ്ങളിലെ അനന്തരവന്മാരാണ് മൂത്തവരെ ധിക്കരിച്ച് കമ്മ്യൂണിസ്റ്റുകളായി കര്‍ഷകരെ നയിക്കാന്‍ പുറപ്പെട്ടതെന്ന റോബിന്‍ ജെഫ്രിയുടെ (നായര്‍ മേധാവിത്വത്തിന്റെ പതനം ഉള്‍പ്പെടെ എഴുതിയ ചരിത്രകാരന്‍) നിരീക്ഷണം ഞാന്‍ ഓര്‍ത്തുപോകുന്നു. ചെറുപ്പക്കാര്‍ക്ക് അനുയായികളായി; പാവങ്ങള്‍ക്ക് ഒരു താങ്ങുമായി! അങ്ങനെയൊരു പരസ്പര സഹായ സംവിധാനമാണ് മലബാറില്‍ ഉയര്‍ന്നുവന്നത്. ഇവിടെ പാര്‍ട്ടി വേരുപിടിച്ചതിന്റെ ഒരു കാരണം അതായിരുന്നിരിക്കാം’എന്നും ആത്മകഥയില്‍ എംജിഎസ് പറയുന്നുണ്ട്.
ഇനിയാണ് ഇഎംഎസിനെക്കുറിച്ചുള്ള ഭാഗം വരുന്നത്: ‘ഒരിക്കല്‍ ഇഎം.എസ്. നമ്പൂതിരിപ്പാട് കോയക്കുഞ്ഞി നഹയുടെ വീട്ടില്‍ ഒളിച്ചു താമസിക്കുമ്പോള്‍ സ്റ്റഡി ക്ലാസില്‍ പങ്കെടുക്കാന്‍ വേണ്ടി നഹ എന്നെയും വിളിച്ചുകൊണ്ടുപോയി. അവരുടെ വിശാലമായ പറമ്പിലള്ള ഒരു ഭാര്‍ഗവീ നിലയത്തിന്റെ തട്ടിന്‍പുറത്താണ് നേതാവ് ഇരുന്നത്. അവിടെ താഴത്ത് ഞങ്ങള്‍ കുറെ പേര്‍ കാത്തിരുന്നു. പാതിരാവായപ്പോള്‍ അദ്ദേഹം ഇറങ്ങിവന്നു. ഒരു മണിക്കൂറോളം മാര്‍ക്‌സിസത്തെപ്പറ്റി പ്രസംഗിച്ചു. പിന്നെ സംശയങ്ങള്‍ക്കുത്തരം പറഞ്ഞു. പുലര്‍ച്ചെ അദ്ദേഹത്തിന് മറ്റൊരു സ്ഥലത്തേക്ക് മാറണം. ഷെല്‍ട്ടര്‍ (താവളം) എന്നാണ് ആ സ്ഥലങ്ങളെ പറഞ്ഞിരുന്നത്. അന്ന് അദ്ദേഹത്തെ ഒരു ചെറുമക്കുടിയിലേക്ക് എത്തിക്കാന്‍ നിശ്ചയിച്ചിരുന്ന സഖാവ് എന്തുകൊണ്ടോ എത്താതെ പോയി. ആ ചെറുമക്കുടി ഞങ്ങളുടെ തറവാട്ടുമുതലായ ഒരു പാടത്താണ് നിലനിന്നത്.’
ഇതിനുശേഷമാണ് എംജിഎസ് ആത്മകഥയില്‍ ഇഎംഎസിന്റെ തനിനിറം തുറന്നു കാട്ടുന്നത്. ‘ഒടുവില്‍ കോയക്കുഞ്ഞി നഹ ആ ജോലി എന്നെ ഏല്‍പ്പിച്ചു. ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. ഏതാണ്ട് പുലര്‍ച്ചെ നാലുമണിയോടെ നമ്പൂതിരിപ്പാട് തലയില്‍ ഒരു കെട്ടുംകെട്ടി എന്റെ കൂടെ വന്നു. വഴിക്ക് ഒന്നും സംസാരിച്ചില്ല. വിക്ക് ഉള്ളതുകൊണ്ടാവും സംസാരിക്കാത്തതെന്ന് ഞാന്‍ സമാധാനിച്ചു. എന്നാല്‍, ആ ചെറുമച്ചാളയില്‍ എത്തിയപ്പോള്‍ എനിക്ക് വിഷമം തോന്നിയ ഒരു സംഭവമുണ്ടായി. തന്തച്ചെറുമന്‍ ‘തമ്പ്രാ’ എന്നുവിളിച്ചുകൊണ്ടാണ് ആദരപൂര്‍വ്വം നമ്പൂതിരിപ്പാടിനെ സ്വീകരിച്ചത്. അതില്‍ അദ്ദേഹം ഒരു പ്രതിഷേധവും കാണിച്ചില്ല. ആ പ്രായമുള്ള ചെറുമന്റെ മകന്‍ എന്റെ പ്രായക്കാരനും കളിക്കൂട്ടുകാരനുമാണ്. അയാള്‍ എന്നെ തമ്പ്രാ എന്ന് വിളിക്കാന്‍ ഞാന്‍ സമ്മതിക്കാറില്ല. എന്റെ സമത്വബോധം അങ്ങനെയായിരുന്നു. എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് നേതാവിന് അതുണ്ടായില്ല എന്ന ചോദ്യം എന്റെ മനസ്സിലുദിച്ചു. അതുകാരണം അദ്ദേഹത്തെ കുറിച്ചുള്ള (ഇഎംഎസ്) മതിപ്പ് കുറയുകയും ചെയ്തു.’
അധ:സ്ഥിതന്റെ വിമോചനത്തിനു വേണ്ടി പൂണൂല്‍ പൊട്ടിച്ച് ആഢ്യ ഗൃഹത്തില്‍ നിന്ന് ഇറങ്ങി വന്നുവെന്ന് അനുയായികള്‍ ഘോഷിക്കുന്ന ഇഎംഎസ് എന്ന വിമോചകന്റെ മഹത്വത്തിന്റെ മറുപുറമാണിത്. ഈ വരേണ്യ മനോഭാവം ഇഎംഎസ്സില്‍ നിന്ന് ഒരിക്കലും വിട്ടുപോയില്ല. പതിറ്റാണ്ടുകള്‍ക്കു ശേഷം ‘ഫ്രണ്ട് ലൈന്‍’ എന്ന ഇംഗ്ലീഷ് മാസികയിലെ’പെര്‍സ്‌പെക്ടീവ്’ എന്ന പംക്തിയില്‍ താന്‍ ഉന്നതകുലജാതനാണെന്ന് ഇഎംഎസ് എഴുതുന്നുണ്ട്.
താംബരം കോളേജിലെ വ്യാജ സൈദ്ധാന്തികന്‍
ഇന്ത്യ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും പ്രമുഖനായ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ എന്ന പദവിയാണല്ലോ അനുയായികളും ആരാധകരും ഇഎംഎസിന് ചാര്‍ത്തിക്കൊടുത്തത്. ഈ വാഴ്ത്തിപ്പാടലില്‍ ഇഎംഎസും അഭിരമിച്ചു. ലെനിനും മാവോ സേതൂങ്ങിനും ശേഷം മാര്‍ക്‌സിസം- ലെനിനിസത്തെ വികസിപ്പിച്ചയാള്‍ താനാണെന്ന് വളരെ സൂത്രത്തില്‍ ഇഎംഎസ് തന്നെ പലപ്പോഴും അവകാശപ്പെട്ടിട്ടുണ്ട്. ഇതിനെയും എംജിഎസ് തുറന്നുകാട്ടി. തമിഴ്‌നാട്ടിലെ താംബരം ക്രിസ്ത്യന്‍ കോളേജില്‍ എംജിഎസിന്റെ ചരിത്രാധ്യാപകനായി ഒരു ഡോ. ചന്ദ്രന്‍ ദേവനേശന്‍ ഉണ്ടായിരുന്നു. ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് മൂവ്‌മെന്റിന്റെ ഉപാധ്യക്ഷനുമായിരുന്ന ഈ പ്രൊഫസര്‍ ഇടയ്ക്കിടെ യൂറോപ്പിലും അമേരിക്കയിലുമൊക്കെ പോയി തിരിച്ചുവരുമ്പോള്‍ നൂതന പ്രവണതകള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ കൊണ്ടുവരും. അതു വായിച്ച് എംജിഎസും സുഹൃത്തുക്കളും 1950 കളുടെ ആദ്യത്തില്‍ ഇന്ത്യയില്‍ വളരെയൊന്നും പ്രചാരമില്ലാത്ത രാഷ്ട്രീയ ആശയങ്ങളുമായി പരിചയപ്പെട്ടു. അങ്ങനെ ആള്‍ഡസ് ഹക്സ്ലിയും എച്ച്.ജി. വെല്‍സും ബര്‍ട്രാന്‍ഡ് റസ്സലും സി.ഇ.എം. ജോഡും ഇവര്‍ക്ക് സുപരിചിതരായി. ഇതുവഴി ഗോഡ് ദാറ്റ് ഫെയില്‍ഡ്, 1984, അനിമല്‍ ഫാം തുടങ്ങിയ കമ്മ്യൂണിസ്റ്റ് വിമര്‍ശ സാഹിത്യ ഗ്രന്ഥങ്ങള്‍ വായിച്ചിരുന്നു.
ഈ ഒരു പശ്ചാത്തലത്തില്‍ പാര്‍ട്ടി സ്റ്റഡി ക്ലാസ്സ് എടുക്കാന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് കോളേജില്‍ എത്തിയതിനെക്കുറിച്ചാണ് എംജിഎസ് ആത്മകഥയില്‍ പറയുന്നത്.
‘ശ്രീലങ്കക്കാരനായ പൊന്നമ്പലം എന്ന ഒരു മുതിര്‍ന്ന സഹപാഠി ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം ശ്രീലങ്കയില്‍ പാര്‍ലമെന്റംഗവും പാര്‍ട്ടി നേതാവുമായി. സംഘടനാ വൈഭവമുള്ള നല്ലൊരു മനുഷ്യന്‍. ഈഴത്തമിഴനും കമ്മ്യൂണിസ്റ്റ് നേതാവുമാണ്. മദിരാശിയിലെ കമ്മ്യൂണിസ്റ്റ് നേതാവായ ജീവാനന്ദത്തിന്റെ കൂട്ടുകാരനാണ്… സ്‌നേഹിതരായ ഞങ്ങളെ കമ്മ്യൂണിസം പഠിപ്പിക്കാന്‍ വേണ്ടി പൊന്നമ്പലം പതിവായി ഒളിവിലുള്ളവരും അല്ലാത്തവരുമായ ചില നേതാക്കളെ കൊണ്ടുവരും. ഞങ്ങള്‍ തുറന്ന മനസ്സോടെ ക്ലാസുകളില്‍ പങ്കെടുക്കും… അങ്ങനെയിരിക്കുമ്പോള്‍ സാക്ഷാല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ കുറച്ചുദിവസം അവിടെ കൊണ്ടുവന്നു. ഒരു മണിക്കൂറില്‍ അധികം പ്രസംഗം ചെയ്തശേഷം പത്തുപന്ത്രണ്ട് വിദ്യാര്‍ത്ഥികളുള്ള സദസ്സിനോട് സംശയങ്ങള്‍ ഉന്നയിക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ പുതുതായി വായിച്ച പുസ്തകങ്ങളുടെ വെളിച്ചത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചു. ഞാനും പോള്‍ വി.കുന്നിലുമാണ് മുന്‍കൈയെടുത്തത്. നമ്പൂതിരിപ്പാടിന് ആ പുസ്തകങ്ങളോ ചിന്തകളോ അറിഞ്ഞുകൂടായിരുന്നു. എങ്കിലും എല്ലാം അറിയുന്ന ഭാവത്തില്‍ ഉത്തരം പറഞ്ഞു. വിഡ്ഢിത്തമാണെന്ന് കേള്‍ക്കുന്നവര്‍ക്കെല്ലാം വ്യക്തമായി. അത്യന്തം ലളിതവത്കരിച്ച സ്റ്റാലിനിസ്റ്റ് വാദങ്ങള്‍ മാത്രമാണ് അദ്ദേഹം ആവര്‍ത്തിച്ച് അക്കമിട്ട് പറഞ്ഞത്.
‘അങ്ങനെ രണ്ടുമൂന്ന് ക്ലാസ്സുകള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളെ രണ്ടുപേരെയും-പോളിനെയും എന്നെയും-ഇനി ക്ലാസ്സില്‍ കയറ്റരുതെന്ന് പാര്‍ട്ടി നേതാവ് തന്നെ വിലക്കിയതായി പൊന്നമ്പലം ഞങ്ങളോടു പറഞ്ഞു. അതോടെ സ്റ്റഡി ക്ലാസുകളും അവസാനിച്ചു. മുമ്പൊരിക്കല്‍ നാട്ടില്‍ വച്ചും ഇത്തരത്തില്‍ നമ്പൂതിരിപ്പാടിനെപ്പറ്റി ഉണ്ടായ ഒരു അനുഭവം ഞാന്‍ കുറിച്ചിട്ടുണ്ട്. ഇത്തവണ അദ്ദേഹത്തിന്റെ സര്‍വ്വജ്ഞ പരിവേഷം പാടെ പൊളിഞ്ഞു പോയി. വായനയും ചിന്തയും കുറഞ്ഞ സാധാരണ പ്രവര്‍ത്തകരെ ഉദ്ദേശിച്ച് കൃത്രിമമായി പടുത്തുയര്‍ത്തിയ പൊള്ളയായ ബുദ്ധിജീവി നാട്യമാണ് അദ്ദേഹം കൊണ്ടുനടന്നത്.’
സ്വത്തുദാനം എന്ന കള്ളക്കഥ
പൊതുജീവിതത്തില്‍ ഇ.എം.എസ്.നമ്പൂതിരിപ്പാടിന് ഉണ്ടായിരുന്ന മഹത്വത്തിനുപിന്നില്‍ സ്വയം നടത്തിയ ആസൂത്രിതമായ നീക്കങ്ങളും ഉണ്ടായിരുന്നു. തന്റെ അളവറ്റ സ്വത്ത് പാര്‍ട്ടിക്ക് ദാനം നല്‍കിയെന്നായിരുന്നു ഇഎംഎസിന്റെ മഹത്വത്തിന് കാരണമായി പ്രചരിപ്പിച്ച ഒരു കഥ. ഇതും കളവാണെന്ന് എം.ജി.എസ്. നാരായണന്‍ ലോകത്തോട് വിളിച്ചു പറഞ്ഞു.
ആ കള്ളക്കഥ ഇങ്ങനെയാണ്: ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന ഇഎംഎസിന്റെ പുസ്തകത്തെ നിശിതമായി വിമര്‍ശിച്ച് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മംഗളോദയത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. ഇഎംഎസ്സിനെ കടന്നാക്രമിക്കുന്ന ഒന്നായിരുന്നു അത്. ഇതിന് മറുപടിയായി ദേശാഭിമാനിയില്‍ ‘പി.എസ്’ എന്ന തൂലികാനാമത്തില്‍ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഇഎംഎസ് തന്റെ സ്വത്തു മുഴുവന്‍ പാര്‍ട്ടിക്ക് ദാനം നല്‍കിയ ത്യാഗിയാണെന്ന് പറയുന്നതായിരുന്നു ഈ കുറിപ്പ്. എന്നാല്‍ ഈ കുറിപ്പ് ഇഎംഎസ് തന്നെ എഴുതിയതാണെന്ന് എംജിഎസ് വെളിപ്പെടുത്തി. ദേശാഭിമാനിയിലും ചിന്ത വരികയിലും പിഎസ് എന്ന തൂലികാനാമത്തില്‍ താന്‍ കത്തുകളും ലേഖനങ്ങളും എഴുതുക പതിവായിരുന്നുവെന്ന് ഇഎംഎസ് തന്നെ ഒരിക്കല്‍ അബദ്ധത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ആകെ പതിനായിരം രൂപയാണ് ഇഎംഎസ് പാര്‍ട്ടിക്ക് നല്‍കിയത്. ബാക്കിയുള്ള സ്വത്ത് ഭാര്യയായ ആര്യ അന്തര്‍ജ്ജനത്തിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. ‘ഹിസ്റ്ററി ഓഫ് കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റ് ഇന്‍ കേരള’ എന്ന ഗ്രന്ഥമെഴുതിയ ഡോ. ഇ. ബാലകൃഷ്ണനാണ് ഇത് തെളിയിക്കുന്ന കോടതി രേഖകള്‍ അടക്കമുള്ളവ തനിക്ക് എത്തിച്ചുതന്നതെന്നും എംജിഎസ് വ്യക്തമാക്കുകയുണ്ടായി. ഇതോടെ എംജിഎസിനെ വിമര്‍ശിച്ചും അപഹസിച്ചും ഇഎംഎസിന്റെ ആരാധകരായ പാര്‍ട്ടിക്കാര്‍ രംഗത്തുവന്നെങ്കിലും എംജിഎസ് തെല്ലുപോലും കുലുങ്ങിയില്ല. വിമര്‍ശനം ശക്തിപ്പെടുത്തുകയും ചെയ്തു. ലേഖനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും ഇക്കാര്യം നിരന്തരം ആവര്‍ത്തിച്ചു. ഇഎംഎസ് ജീവിച്ചിരിക്കുമ്പോഴായിരുന്നു എംജിഎസിന്റെ ഈ കടന്നാക്രമണമെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഒരിക്കല്‍പോലും ഇഎംഎസ് പ്രതികരിച്ചില്ല. സത്യം നിഷേധിക്കാന്‍ ഒരു വഴിയും ഇഎംഎസിനു മുന്‍പില്‍ ഉണ്ടായിരുന്നില്ല എന്നര്‍ത്ഥം. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തില്‍ പല ജന്മിമാരുടെയും സ്വത്തുക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇഎംഎസ് ശ്രമിച്ച കാര്യവും എംജിഎസ് വെളിപ്പെടുത്തുകയുണ്ടായി. പാര്‍ട്ടിക്കുവേണ്ടിയുള്ള ഒളിപ്രവര്‍ത്തനകാലത്ത് തന്നെ സഹായിച്ച പരപ്പനങ്ങാടിയിലെ മുസ്ലിം ജന്മി കുടുംബമായ കോയക്കുഞ്ഞി നഹയുടെ തറവാടിനും, തനിക്ക് അടുപ്പമുള്ള ചിറമംഗലത്ത് മനയടക്കമുള്ള ഒട്ടുമിക്ക ജന്മി നമ്പൂതിരി തറവാടുകള്‍ക്കും ഭൂപരിഷ്‌കരണ നിയമത്തെക്കുറിച്ച് നേരത്തെ വിവരം നല്‍കി ഇഎംഎസ് അവരെ നഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും എംജിഎസ് പറയുകയുണ്ടായി. ഇതിനെയും പ്രതിരോധിക്കാന്‍ നമ്പൂതിരിപ്പാടിനും പാര്‍ട്ടിക്കാര്‍ക്കും കഴിഞ്ഞില്ല. ഒളിപ്രവര്‍ത്തന കാലത്ത് പൊക്കന്‍ എന്ന അധ:സ്ഥിതന്റെ വീട്ടില്‍ താമസിച്ചതിന്റെ കഥകള്‍ പെരുപ്പിച്ചു കാട്ടിയത് ജന്മിമാര്‍ക്കുവേണ്ടി വിടുപണി ചെയ്തതിന്റെ ചരിത്രം മറച്ചുപിടിക്കാന്‍കൂടിയാണെന്ന് കരുതേണ്ടിയിരിക്കുന്നു.

കളവു പറയുക, കള്ളക്കഥകള്‍ മെനയുക എന്നിവയൊക്കെ പരമ്പരാഗതമായ കമ്മ്യൂണിസ്റ്റ് ശൈലിയാണ്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അവര്‍ വഹിക്കുന്ന പദവികളോ സമൂഹത്തിലുള്ള സ്ഥാനമോ കണക്കിലെടുക്കാതെ ഈ ശൈലി പിന്തുടരും. വിഗ്രഹവല്‍ക്കരണത്തിന്റെ കമ്മ്യൂണിസ്റ്റ് രീതിയാണിത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കാര്യത്തില്‍ സംഭവിച്ചതും ഇതാണ്. ഈ വിഗ്രഹത്തെയാണ് എം.ജി.എസ്. നാരായണന്‍ തച്ചുടച്ചത്.