വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് രണ്ടിന് രാവിലെ രാഷ്ട്രത്തിനു സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.വി.ആര്‍ലേക്കറും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ഒക്കെ സന്നിഹിതരായിരുന്നു. അനന്തപത്മനാഭന്റെ മണ്ണിലേക്ക് ഒരിക്കല്‍ കൂടി എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിട്ട് മലയാളത്തില്‍ പ്രഭാഷണം ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ശങ്കര ജയന്തിയോടനുബന്ധിച്ച് അദ്ദേഹത്തെയും അനുസ്മരിച്ചു. മലയാളിയായ ശങ്കരാചാര്യരുടെ ജയന്തി ആഘോഷിക്കുന്ന ദിവസം ആണ് വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം ശ്രീശങ്കരന്റെ പ്രതിമ കാശ്മീരിലും കേദാര്‍നാഥിലും സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചതും ഓര്‍മ്മിച്ചു.
8800 കോടി രൂപ ചെലവിട്ട് പൂര്‍ത്തിയാക്കിയ വിഴിഞ്ഞം തുറമുഖംയാഥാര്‍ത്ഥ്യമാകുന്നതോടെ ചരക്ക് വിനിമയത്തില്‍ മൂന്ന് ഇരട്ടി വര്‍ദ്ധന ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരക്ക് കയറ്റുമതി ഇറക്കുമതി ഇനത്തില്‍ വിദേശരാജ്യങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന പണം ഇനി കേരളത്തിലേക്ക്, ഭാരതത്തിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യം ഉണ്ടാകും. നമ്മുടെ നാടിന്റെ പണം നമ്മുടെ നാട്ടില്‍ തന്നെ ലഭിക്കുന്ന സാഹചര്യമാണ് വിഴിഞ്ഞം തുറമുഖം വഴി ഉണ്ടാവുക എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍മിപ്പിച്ചു. സാഗര്‍ മാല പദ്ധതിയിലൂടെയും പിഎം ഗതിശക്തി പദ്ധതിയിലൂടെയും ജലപാത-ജലയാത്ര വികസനത്തിലൂടെയും ഭാരതത്തെയും ലോകരാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതിലും വന്‍മാറ്റമാണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം രാജ്യത്തിനും കേരളത്തിനും ഒരു പുതിയ സാമ്പത്തിക സ്ഥിരത സൃഷ്ടിക്കും. ഗുജറാത്തുകാരനായ അദാനി ഗുജറാത്തില്‍ തുറമുഖം നിര്‍മ്മിച്ചതിനേക്കാള്‍ വേഗത്തിലാണ് അതിനേക്കാള്‍ വലിയ തുറമുഖം കേരളത്തില്‍ നിര്‍മ്മിച്ചതെന്നും ഗുജറാത്തുകാര്‍ക്ക് അദ്ദേഹത്തോട് പരിഭവം ഉണ്ടാകുമെന്നും നരേന്ദ്രമോദി സരസമായി പറഞ്ഞു.
ജലയാനങ്ങളുടെയും കടല്‍ യാത്രയുടെയും നിയമങ്ങള്‍ ഇനിയും മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ രംഗത്ത് സമഗ്രമായ പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ തന്നെ ഈ രംഗത്ത് ഭാരതം വന്‍വിജയം കൈവരിച്ചു കഴിഞ്ഞു. നമ്മുടെ തുറമുഖങ്ങളുടെ കാര്യക്ഷമത രണ്ട് ഇരട്ടി വര്‍ദ്ധിച്ചു. ജലപാതകളുടെ വിന്യാസത്തിലും ഉപയോഗക്ഷമതയിലും എട്ട് ഇരട്ടി വര്‍ദ്ധനയുണ്ടായി. ലോകത്തിലെ ഏറ്റവും മികച്ച 30 തുറമുഖങ്ങളില്‍ ആദ്യ രണ്ടെണ്ണം ഭാരതത്തിലാണ്. കപ്പല്‍ നിര്‍മ്മാണശാലകളുടെ ആദ്യത്തെ 20 ലേക്ക് ഭാരതത്തിന്റെ കപ്പല്‍ നിര്‍മ്മാണശാലകള്‍ എത്തിയിരിക്കുന്നു. വികസിതഭാരതം എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുമ്പോള്‍ കടല്‍ വ്യാപാരവും യാത്രയും സഞ്ചാരികളുടെ എണ്ണവും വര്‍ദ്ധിക്കേണ്ടതുണ്ട്. ഇതിനായുള്ള രൂപരേഖ തയ്യാറായിക്കഴിഞ്ഞു.ഈ രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതം-യൂറോപ്പ്-മദ്ധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു യാത്ര ഇടനാഴി കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇതും കേരളത്തിനാണ് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുക എന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പോലെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കൂടുതല്‍ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി കപ്പല്‍ നിര്‍മ്മാണശാല അടിസ്ഥാനമാക്കി കപ്പല്‍ നിര്‍മ്മാണത്തിനും മരാമത്തിനും ഒക്കെയായി ഒരു ഷിപ്പ് ബില്‍ഡിംഗ് ക്ലസ്റ്റര്‍ രൂപവല്‍ക്കരിച്ചിട്ടുണ്ട്. ഇതിലൂടെ കേരളത്തിലെ നൂറ് കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ കിട്ടും, അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
ഭാരതത്തിന്റെ വികസനക്കുതിപ്പിനൊപ്പം കേരളവും ഉണ്ടാകണം എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധി ഉണ്ടെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. അധികാരമേറ്റത് മുതല്‍ ഇന്നുവരെ സഹകരണാത്മകമായ ഫെഡറല്‍ സംവിധാനം ലക്ഷ്യമിട്ട് മുന്നേറുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വികസന കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടുകളുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദശാബ്ദങ്ങളായി പണിപൂര്‍ത്തിയാകാതെ കിടന്ന ആലപ്പുഴ, കൊല്ലം ബൈപ്പാസുകള്‍ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയതും ഗതാഗത മേഖലയില്‍ വന്‍തോതില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി പണം മുടക്കിയതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഉയര്‍ന്ന സാമൂഹിക മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് എല്ലാ മേഖലയിലും സമഗ്രമായ വികസനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജല്‍ജീവന്‍ മിഷന്‍, ഉജ്ജ്വല്‍ യോജന, സൗരോര്‍ജ്ജ പദ്ധതി, പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ കേരളത്തില്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മീന്‍പിടുത്ത തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ മേഖലയില്‍ നീല വിപ്ലവ പദ്ധതിയിലൂടെയും പ്രധാനമന്ത്രി മത്സ്യസമ്പത് പദ്ധതിയിലൂടെയും കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊന്നാനി, പുതിയാപ്പ തുറമുഖങ്ങള്‍ വികസിപ്പിച്ചതും കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നടപ്പിലാക്കിയതും ഇതിന്റെ ഭാഗമായിട്ടാണ്. ഈ പദ്ധതികളുടെയൊക്കെ പ്രയോജനം കേരളത്തില്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നേതൃത്വത്തില്‍ പോപ്പിന്റെ സംസ്‌കാര ചടങ്ങിന് പോയ സംഘത്തില്‍ മലയാളിയായ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഉള്‍പ്പെട്ടിരുന്ന കാര്യം ചൂണ്ടിക്കാട്ടി. പലതവണ നടത്തിയ കൂടിക്കാഴ്ചകളില്‍ പോപ്പ് തനിക്ക് ശക്തമായ പ്രചോദനമാണെന്ന് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം ഓര്‍മിച്ചു.
കമ്മ്യൂണിസ്റ്റുകാരുടെ സ്വകാര്യ പങ്കാളിത്തത്തോടുള്ള നിഷേധാത്മക നിലപാടിനെയും ഇന്‍ഡി മുന്നണിയുടെ അവസരവാദ രാഷ്ട്രീയത്തെയും പ്രധാനമന്ത്രി തുറന്നുകാട്ടി. തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ തുറമുഖ നിര്‍മ്മാണത്തിന് അദാനിയെ അഭിനന്ദിച്ചത് തികച്ചും സ്വാഗതാര്‍ഹമായ നിലപാടാണ്, ഈ തരത്തിലുള്ള പൊതു സ്വകാര്യ പങ്കാളിത്തം വികസന മേഖലയില്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യുന്ന ഇന്നത്തെ പരിപാടിയില്‍ പിണറായി വിജയനും ശശി തരൂരും ഒന്നിച്ചാണ് പങ്കെടുത്തിട്ടുള്ളത്. ഈ കൂടിച്ചേരല്‍ ഇന്‍ഡി മുന്നണിയുടെ പല നേതാക്കളുടെയും ഉറക്കം കെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി സര്‍ക്കാരും പതിവുപോലെ ഇക്കാര്യത്തിലും ചീഞ്ഞ രാഷ്ട്രീയം തന്നെയാണ് കളിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തറക്കല്ലിട്ടത്. സര്‍ സി.പി. രാമസ്വാമി അയ്യര്‍ ദിവാന്‍ ആയിരിക്കുമ്പോള്‍ രാജഭരണ കാലത്ത് തന്നെ വിഭാവനം ചെയ്ത പദ്ധതി പിന്നീട് ചിറകു വച്ചത് എം.വി.രാഘവന്‍ തുറമുഖമന്ത്രിയായിരുന്നപ്പോഴാണ്. അദ്ദേഹമാണ് അന്നത്തെ പോര്‍ട്ട് ഡയറക്ടര്‍ ക്യാപ്റ്റന്‍ വിജയന്‍പിള്ളയെ വിഴിഞ്ഞം പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസര്‍ ആക്കിയതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി എത്തിയപ്പോഴാണ് ഇതിന്റെ പ്രാധാന്യം കണ്ടറിഞ്ഞ് അദാനിയുമായി ചര്‍ച്ച നടത്തി പൊതു സ്വകാര്യ മേഖലയിലായി തുറമുഖ നിര്‍മ്മാണം ആരംഭിച്ചത്. അന്ന് കടല്‍ക്കൊള്ള എന്ന് തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയ ദേശാഭിമാനി പത്രവും ഇടതുമുന്നണിയും പിണറായി വിജയനും വി.എസ്.അച്യുതാനന്ദനും വിഴിഞ്ഞം തുറമുഖത്തിനെതിരെ വാളെടുത്തു നീങ്ങിയവരാണ്. സ്വാഗത പ്രസംഗത്തിലോ പിണറായി വിജയന്റെ അധ്യക്ഷ പ്രസംഗത്തിലോ പദ്ധതി നടപ്പിലാക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. നമ്മള്‍ അത് നേടി, ഇത് പുതുയുഗപ്പിറവിയാണ്. പദ്ധതി രൂപപ്പെടുത്തിയതും നടപ്പിലാക്കിയതും ഇടതുമുന്നണിയാണ്. ഇതായിരുന്നു പിണറായി വിജയന്റെ അവകാശവാദം. പഴയ എതിര്‍പ്പുകളെല്ലാം വിസ്മരിച്ച് നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള ഇടതുമുന്നണിയുടെയും പിണറായി വിജയന്റെയും ശ്രമമാണ് വിഴിഞ്ഞത്തും കണ്ടത്. പക്ഷേ തുറമുഖം ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിന് സമര്‍പ്പിക്കുമ്പോഴും അടിസ്ഥാന സൗകര്യ വികസനത്തിലും അനുബന്ധ റോഡുകളുടെ കാര്യത്തിലും ഒക്കെ വിഴിഞ്ഞം പിന്നിലാണ്. കണ്ടെയ്‌നറുകള്‍ കയറ്റി വെക്കാനുള്ള യാഡുകള്‍ മുതല്‍ കപ്പലിന്റെ റിപ്പയര്‍, എത്തുന്ന ജീവനക്കാര്‍ക്ക് ഉള്ള സൗകര്യങ്ങള്‍, യാത്ര സംവിധാനങ്ങള്‍, വിഴിഞ്ഞത്തേക്കുള്ള റെയില്‍ സംവിധാനം എന്നിവയില്‍ എല്ലാം ഇനിയും ഏറെ നടപടികള്‍ സ്വീകരിക്കാന്‍ ഉണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് ഒരു കാട്ടിക്കൂട്ടല്‍ എന്ന നിലയില്‍ ഉദ്ഘാടനം നിര്‍വഹിച്ച് ഇടതുമുന്നണിയുടെ ഭരണ നേട്ടമായി വിഴിഞ്ഞത്തെ മാറ്റാനാണ് ശ്രമം. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതെയും പദ്ധതി വിഭാവനം ചെയ്തു നടപ്പിലാക്കിയ ഉമ്മന്‍ചാണ്ടിയെ തമസ്‌കരിച്ചും ഇതിന്റെ നേട്ടം പൂര്‍ണമായി കൊയ്യാനുള്ള ശ്രമമാണ് പിണറായി വിജയന്റെ പ്രസംഗത്തിലും കണ്ടത്.
അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ നിന്ന് വെറും 12 നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരമുള്ള വിഴിഞ്ഞം തുറമുഖം ഇപ്പോള്‍ തന്നെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ദുബായ്, സലാല, സിംഗപ്പൂര്‍, മലേഷ്യയിലെ താന്‍ പെലെ പാസ് തുടങ്ങിയ ഏറ്റവും പ്രമുഖ ട്രാന്‍സിറ്റ്‌മെന്റ് തുറമുഖങ്ങളുമായാണ് വിഴിഞ്ഞം മത്സരിക്കുന്നത്. 25 മീറ്റര്‍ ആഴമുള്ള പ്രകൃതിദത്ത തുറമുഖമായ വിഴിഞ്ഞത്ത് ഡ്രഡ്ജിങ് ഇല്ലാതെ തന്നെ കപ്പലുകള്‍ അടിപ്പിക്കാന്‍ കഴിയും എന്നതും രണ്ട് അന്താരാഷ്ട്ര കപ്പല്‍ പാതകളില്‍ നിന്നും വെറും 12-15 നോട്ടിക്കല്‍ മൈല്‍ മാത്രമുള്ള ദൂരവും വലിയ ആകര്‍ഷണമാണ്. ഈ സൗകര്യങ്ങള്‍ വിഴിഞ്ഞത്തോട് മത്സരിക്കുന്ന അന്താരാഷ്ട്ര തുറമുഖങ്ങളില്‍ ഒന്നും തന്നെ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് ഉപയോഗപ്പെടുത്തി പൂര്‍ണ്ണമായും സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയും താല്പര്യത്തെ മുന്‍നിര്‍ത്തി അടുത്ത വികസന പദ്ധതികള്‍ കൂടി നടപ്പിലാക്കി രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും ഒന്നിച്ച് നിര്‍ത്തി മുന്നോട്ടു കൊണ്ടു പോകാന്‍ കഴിഞ്ഞാല്‍ മാത്രമേ വിഴിഞ്ഞം കൊണ്ട് പ്രതീക്ഷിക്കുന്ന ഗുണം കേരളത്തില്‍ ഉണ്ടാകൂ. സമസ്ത മേഖലകളിലും ഉണ്ടാക്കേണ്ട മാറ്റങ്ങളുടെയും പദ്ധതികളുടെയും രൂപരേഖ ഉടന്‍തന്നെ തയ്യാറാകണം. അന്താരാഷ്ട്ര മാനദണ്ഡങ്ങളും വിഴിഞ്ഞത്തിന് വെല്ലുവിളിയാകുന്ന മറ്റു തുറമുഖങ്ങളുടെ വിശദാംശങ്ങളും പഠിച്ചും പരിഗണിച്ചും വേണം വിഴിഞ്ഞത്തിന്റെ ഭാവി വികസനവും മറ്റ് അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കാന്‍. കടല്‍ കൊള്ളയില്‍ നിന്ന് പുതുയുഗ പിറവിയിലേക്കുള്ള പിണറായി വിജയന്റെയും ഇടതുമുന്നണിയുടെയും മാറ്റം സ്വാഗതാര്‍ഹമാണ്. ഇനിയെങ്കിലും സംസ്ഥാനത്തിന്റെ വികസനത്തിലും പൊതു കാര്യങ്ങളിലും രാഷ്ട്രീയം കലര്‍ത്താതെ മുന്നോട്ടു പോയാല്‍ മാത്രമേ കേരളത്തിന് നിലനില്‍ക്കാനാകൂ. 2028 വരെ മൂന്ന് വികസന പദ്ധതികള്‍ കൂടി വിഴിഞ്ഞത്ത് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളും റോഡുകളും കണ്ടെയ്‌നര്‍ യാഡുകളും അടക്കം നിര്‍മ്മിക്കാനും വികസന പദ്ധതി രൂപകല്‍പ്പന ചെയ്യാനും പ്രൊഫഷണലുകളുടെ സഹായം തേടണം. മാസപ്പടി വാങ്ങാനും കൈക്കൂലി വാങ്ങി കമ്മീഷന്‍ പറ്റി പദ്ധതി നടപ്പിലാക്കാനും ശ്രമിച്ചാല്‍ അതിന് വ്യവസായികള്‍ വരില്ല എന്ന കാര്യം ഇനിയെങ്കിലും തിരിച്ചറിയണം. ഏതാനും നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരമുള്ള കൊളംബോയും സിംഗപ്പൂരും വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. കുളച്ചലില്‍ പുതിയ തുറമുഖത്തിനു തമിഴ്‌നാടും ശ്രമിക്കുന്നു. ഇതൊക്കെ കണ്ടറിഞ്ഞ് യാഥാര്‍ത്ഥ്യബോധത്തോടെ മുന്നേറാന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞാല്‍ അത് രാജ്യത്തിനും നമ്മുടെ സംസ്ഥാനത്തെ ജനങ്ങള്‍ക്കും അഭിമാനകരമായിരിക്കും. അതിനുള്ള വിവേകം സംസ്ഥാന സര്‍ക്കാരിന് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.