‘എഴുത്തിനേക്കാള്‍ എഴുത്തുകാര്‍ മുന്‍പേ നടക്കുന്ന കാലം’ എന്ന് ദശാഭിമാനി വാരികയില്‍ (ഏപ്രില്‍ 13) എന്‍.ഇ. സുധീര്‍ കവര്‍ സ്റ്റോറിയില്‍ എഴുതുന്നു. (ലേഖനം: വേറിട്ടൊരു ശബ്ദം കേട്ടുവോ നിങ്ങള്‍) വൈലോപ്പിള്ളിയുടെ കുടിയൊഴിക്കലില്‍ ”ധന്യനാമിടപ്പള്ളിലെ ഗാനകിന്നരന്റെ കവിതകള്‍ പാടി കന്യമാരുമായെന്നയല്‍വക്കില്‍ കൈയുകൊട്ടിക്കളിച്ചതിന്‍ശേഷം എന്നുടെയൊച്ച കേട്ടുവോ വേറിട്ടെന്നു പിറ്റേന്നു ചോദിക്കുവോളേ” എന്ന വരികളില്‍ നിന്ന് ലേഖകന്‍ തിരഞ്ഞെടുത്ത തലക്കെട്ട് തീര്‍ത്തും പ്രസക്തം തന്നെ. ഒരെഴത്തുകാരനും സ്വന്തം ഒച്ച വേറിട്ടുകേള്‍പ്പിക്കുവാനാവുന്നില്ല എന്നതാണ് ഇന്നത്തെ സ്ഥിതി. മലവെള്ളപ്പാച്ചില്‍ പോലെ പുസ്തകങ്ങള്‍ വരുന്നു. ഗുണമുള്ള ഒന്നും തന്നെ അക്കൂട്ടത്തിലില്ല. അഥവാ ഉണ്ടെങ്കില്‍ ഈ പുസ്തക പ്രവാഹത്തില്‍ അവ മുങ്ങിപ്പോകുന്നു. മലയാള സാഹിത്യത്തിന്റെ അപചയത്തെക്കുറിച്ചന്വേഷിക്കാന്‍ നേരമായി എന്നാണ് ലേഖകന്‍ പറയുന്നത്.
പോയ തലമുറയിലെ എഴുത്തുകാര്‍ അവരുടെ എഴുത്തുകൊണ്ടുമാത്രം നിലനിന്നവരാണ്. അതുകൊണ്ട് മണ്‍മറഞ്ഞു പോയിട്ടും അവരുടെ നാമം ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ ഇന്നത്തെ എഴുത്തുകാരില്‍ ഒരാള്‍ പോലും മരണശേഷം ഓര്‍മ്മിക്കപ്പെടാനിടയില്ല എന്ന് സുധീര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞു വയ്ക്കുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ”വായനക്കാര്‍ നിസ്സഹായരാണ്. അവര്‍ക്കു പൂര്‍ത്തിയാക്കാനായി രചനകളില്‍ ഒന്നും ബാക്കിയില്ല. ആന്തരികമായി നിശ്ചലവും ബാഹ്യമായി ബഹളമയവുമായ അവസ്ഥയിലാണ് മലയാള സാഹിത്യം കടന്നു പോകുന്നത്.” ഇക്കാര്യം കഴിഞ്ഞ പത്തുവര്‍ഷമായി ഈ ലേഖകന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നതാണ്. വായനക്കാരന്റെ ബൗദ്ധിക മണ്ഡലത്തെയോ അനുഭവതലത്തെയോ സ്വാധീനിക്കാന്‍ പോന്ന കൃതികള്‍ വിരലിലെണ്ണാനാവുന്നവയേ ഉള്ളൂ. ഒന്നുമില്ല എന്നാണ് ലേഖകന്റെ പക്ഷം. പുതിയകാലത്ത് വായിച്ചതില്‍ രണ്ടേ രണ്ടു കൃതികളാണ് എനിക്കു മനസ്സില്‍ തങ്ങുന്നവയായുള്ളത്.
ടി.ഡി രാമകൃഷ്ണന്റെ സുഗന്ധിയെന്ന ആണ്ടാള്‍ ദേവനായകി, സുഭാഷ് ചന്ദ്രന്റെ സമുദ്രശില എന്നിവ പഴയ കാലനോവലുകളെപ്പോലെ മുന്തിയ സംവേദനം തരുന്നില്ലെങ്കിലും കൂട്ടത്തില്‍ ഭേദമാണ്. ബാക്കിയുള്ളവയൊന്നും വായനയുടെ നിമിഷങ്ങളെ അതിജീവിക്കുന്നില്ല. ഇ.ജെ. ജയിംസ്, കെ.ആര്‍.മീര, ബെന്യാമന്‍ എല്ലാവരും വായന കഴിയുമ്പോള്‍ ഇറങ്ങിപ്പോകുന്നു. സുഭാഷ് ചന്ദ്രന്റെ സമുദ്രശില നല്ല എഴുത്താണെങ്കിലും അതില്‍ ബോധപൂര്‍വ്വം കുത്തിത്തിരുകിയിരിക്കുന്ന ബഷീര്‍ വാഴ്ത്തുകള്‍ മടുപ്പുളവാക്കുന്നതാണ്. മലയാളത്തിലെ എല്ലാ എഴുത്തുകാരും കലാകാരന്മാരും മുസ്ലിം സമൂഹത്തെ വല്ലാതെ ഭയക്കുന്നു. എല്ലാ മുസ്ലീങ്ങളും വര്‍ഗ്ഗീയവാദികളാണെന്ന് തെറ്റിദ്ധരിക്കുന്നു. അതുകൊണ്ട് എല്ലാ കലാരൂപങ്ങളിലും മുസ്ലീം പ്രീണനപരമായി എന്തെങ്കിലും തിരുകി വയ്ക്കാന്‍ ശ്രമിക്കുന്നു. അത് ആ കലാരൂപത്തിന്റെ ഓജസ്സ് കെടുത്തുന്നു.
താരതമ്യേന മറ്റു മത വിഭാഗങ്ങളിലുള്ളതിനേക്കാള്‍ തീവ്രമായ മതബോധവും അതുവഴിയുള്ള അക്രമചിന്തയുമുള്ളവര്‍ മുസ്ലീങ്ങളിലുണ്ടെങ്കിലും നല്ല കലാസ്വാദകരും ധാരാളമായുണ്ട്. ഇസ്ലാം മത പ്രീണനമില്ലെങ്കിലും നല്ല കലാരൂപങ്ങള്‍ ആസ്വദിക്കപ്പെടും.
വിഡ്ഢികളായ നമ്മുടെ എഴുത്തുകാരും കലാകാരന്മാരും എന്തു കലാരൂപങ്ങളുണ്ടാക്കിയാലും അതില്‍ മുസ്ലീങ്ങളെ തൃപ്തിപ്പെടുത്താനായി എന്തെങ്കിലും തിരുകാന്‍ നോക്കുന്നു. ഭീരുക്കളായ ഇത്തരക്കാരാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്നതും തമ്മിലടിപ്പിക്കുന്നതും. എമ്പുരാന്‍ എന്ന ചലച്ചിത്രം അതിനുദാഹരണമാണ്. ഗുജറാത്തിലുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ എല്ലാവര്‍ക്കും വേദനയുണ്ട്. എന്നാല്‍ ഗോധ്രയില്‍ നടന്ന തീവെപ്പിനെ അപകടമാണെന്ന് നുണ പറഞ്ഞ് കലാപത്തെ മാത്രം അപലപിക്കുന്നത് കാപട്യമാണ്. ഗോധ്രയില്‍ നടന്നത് അപകടമല്ല എന്നതിനു തെളിവാണല്ലോ തീവെപ്പു കേസില്‍ ശിക്ഷിക്കപ്പെട്ടു വലിയൊരു വിഭാഗം ഇപ്പോഴും ജയിലില്‍ കിടക്കുന്നത്. തെളിവില്ലെങ്കില്‍ കോടതി ശിക്ഷിക്കുമായിരുന്നില്ലല്ലോ. എന്നിട്ടും മതപ്രീണനത്തിനായി അങ്ങനെയൊരു നുണ പറഞ്ഞേ പറ്റൂ എന്ന് ഇത്തരം ഭീരുക്കളായ കലാകാരന്മാര്‍ വിശ്വസിക്കുന്നു. അത് പാവപ്പെട്ട മുസ്ലീം മനസ്സുകളില്‍ കൂടി വര്‍ഗ്ഗീയതയുണ്ടാക്കാനേ ഉപകരിക്കൂ. ഇത്തരം പ്രീണനങ്ങളില്‍ നിന്ന് എഴുത്തുകാരും കലാകാരന്മാരും ഒഴിഞ്ഞു നിന്നേ മതിയാകൂ! എന്നാല്‍ മാത്രമേ നല്ല കല ഉണ്ടാവൂ.
വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സാധാരണ എഴുത്തുകാരനെ തകഴിക്കും പൊറ്റെക്കാടിനും ഉറൂബിനും ദേവിനുമൊക്കെ തുല്യനാക്കി വിശ്വസാഹിത്യകാരനാക്കി അവതരിപ്പിക്കുന്നതും ഈ മനോഭാവത്തിന്റെ ഭാഗമാണ്. ബഷീര്‍ വളരെ സാധാരണക്കാരനായ ഒരെഴുത്തുകാരനാണ്. പ്രതിഭാശാലികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനുള്ള മേന്മയൊന്നും അദ്ദേഹത്തിന്റെ എഴുത്തിനില്ല. എന്നിട്ടും മതപ്രീണനക്കാര്‍ ആദ്ദേഹത്തെ വിശ്വസാഹിത്യകാരനാക്കുന്നു. അദ്ദേഹത്തെ ഒരു മതത്തിന്റെ മാത്രം പ്രതിനിധിയായി കാണുന്നു. ഫലമോ കെ.ടി.മുഹമ്മദ്, പുനത്തില്‍ കുഞ്ഞബ്ദുള്ള, എന്‍.പി. മുഹമ്മദ്, യൂസഫലി കേച്ചേരി, യു. എ.ഖാദര്‍, ടി.വി.കൊച്ചുബാവ തുടങ്ങിയ ഭേദപ്പെട്ട എഴുത്തുകാരെ ആരും ശ്രദ്ധിക്കാതെ പോകുന്നു.
ഇക്കൂട്ടത്തില്‍ ടി.വി.കൊച്ചുബാവയെ എടുത്തു പറയേണ്ടിയിരിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പത്തുനോവലുകള്‍ പറയാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ അതില്‍ തീര്‍ച്ചയായും ടി.വി.കൊച്ചുബാവയുടെ വൃദ്ധസദനവും ഞാന്‍ ഉള്‍പ്പെടുത്തും. അകാലത്തില്‍ മരിച്ചുപോയ ആ പ്രതിഭ കൂടുതല്‍ സംഭാവനകള്‍ നല്‍കുന്നതിനുമുമ്പ് നമ്മളെ വിട്ടുപോയി. യാസുനാരി കവാബത്തയുടെ സഹശയനവുമായി (Sleeping beauties) ചെറിയ ചില സാദൃശ്യങ്ങളുണ്ടെന്ന് നമുക്കു തോന്നുമെങ്കിലും തികച്ചും മൗലികതയുള്ള ഒരു നോവലാണ് വൃദ്ധസദനം. ആ മഹത്തായ കൃതിയെ കുറിച്ചുള്ള അന്വേഷണങ്ങളെപ്പോലും തടയുന്നത് ഈ മതപ്രീണനക്കാരുടെ ബഷീര്‍ വാഴ്ത്തുകളാണ്.
ദാരിദ്ര്യവും പ്രണയവും പൊതുവെ ഇഷ്ടപ്പെടുന്ന പ്രമേയങ്ങളായതിനാല്‍ ഇതുരണ്ടും മാത്രം കൈകാര്യം ചെയ്ത ബഷീറിനോട് സാധാരണക്കാരായ വായനക്കാര്‍ക്ക് ഒരു സഹതാപമുണ്ട്. എന്നാല്‍ സാഹിത്യത്തിന്റെ ജീവനായ ആവിഷ്‌കാരഭംഗി ബഷീറിന്റെ ഒരു കൃതിയിലും കാണാനില്ല. അതുകൊണ്ടുതന്നെ ഗൗരവമുള്ള ഒരെഴുത്തുകാരനായി ബഷീറിനെ അവതരിപ്പിക്കുന്നത് പുതിയ തലമുറയെ സാഹിത്യത്തില്‍ നിന്നകറ്റാന്‍ കാരണമാകുന്നു. വിശ്വസാഹിത്യത്തിലെ മഹാപ്രതിഭകളായ ടോള്‍സ്റ്റോയി, ദസ്തയോവ്‌സ്‌കി, ചെക്കോവ്, മോപ്പസാങ്, ഓ.ഹെന്റി, അലന്‍പോ, ആംബ്രോസ് ബിയേഴ്‌സ്, ഗോഗോള്‍ തുടങ്ങിയവരുടെ കഥകള്‍ വായിച്ചിട്ട് മലയാളത്തില്‍ പരതിയാല്‍ നമുക്ക് ഒരു കാരൂരും വി.കെ.എന്നും പൊറ്റെക്കാടും മുകുന്ദനും ഉറൂബും തകഴിയും പട്ടത്തുവിള കരുണാകരനും സന്തോഷ് എച്ചിക്കാനവുമൊക്കെയുണ്ടെന്ന് ആശ്വസിക്കാമെങ്കിലും ഇവരെ ആരേയും ലോകത്തിനുമുന്‍പില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. തകഴിക്കു മാത്രമാണ് ലോകസാഹിത്യത്തില്‍ അല്പമെങ്കിലും ഇടം കിട്ടിയിട്ടുള്ളത്; പൊറ്റെക്കാടിനും കുറച്ചുകിട്ടി. മറ്റൊരാളിനേയും നമുക്കു ഇംഗ്ലീഷ് കടത്തിവിടാന്‍ കഴിഞ്ഞിട്ടില്ല. മുകുന്ദന്റെ കൃതികള്‍ അദ്ദേഹം തന്നെ ഫ്രഞ്ച് ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ടെങ്കിലും അവിടുന്ന് പിന്നെങ്ങോട്ടും സഞ്ചരിച്ചതായി അറിവില്ല.
മലയാളത്തില്‍ വൈലോപ്പിള്ളിയേയും ഇടശ്ശേരിയേയും പോലുള്ള വലിയ പ്രതിഭകളായ കവികളും വി.കെ.എന്നിനെപ്പോലുളള അത്ഭുതപ്രതിഭകളായ കഥാകാരന്മാരുമുണ്ട്. പക്ഷേ അവരെ നമുക്ക് വിശ്വസാഹിത്യത്തിലേയ്ക്കു കയറ്റിവിടുക എളുപ്പമല്ല. കാരണം അവരുടെ കൃതികളിലെ കേരളീയതയെ തര്‍ജ്ജമ ചെയ്ത് മറ്റൊരു ഭാഷയിലാക്കുക ദുസ്സഹമാണ്.
സാധാരണ എല്ലാ പ്രസിദ്ധീകരണങ്ങളിലും ഒരു കവര്‍ സ്റ്റോറിയേ ഉണ്ടാകൂ! എന്നാല്‍ ഈ ലക്കം ദേശാഭിമാനിയില്‍ കവര്‍ സ്റ്റോറി എന്ന തലക്കെട്ടില്‍ മൂന്ന് ലേഖനങ്ങളുണ്ട്. ആദ്യത്തേത് മുകളില്‍ സൂചിപ്പിച്ചപോലെ സാഹിത്യത്തെക്കുറിച്ചാണെങ്കില്‍ അടുത്തത് റാപ് സംഗീതത്തെക്കുറിച്ചും മൂന്നാമത്തേത് സിനിമയെക്കുറിച്ചുമാണ്.
സംഗീതത്തിന് ഭാഷയില്ല. എല്ലാരാജ്യത്തേയും സംഗീതവും നൃത്തവും നമുക്ക് ആസ്വദിക്കാനാവും; ഒരളവുവരെ. സ്ത്രീകളുടെ നൃത്തം (സുന്ദരിമാരുടേതാണെങ്കില്‍) പുരുഷന്മാര്‍ക്കും പുരുഷന്മാരുടേത് സ്ത്രീകള്‍ക്കും ആസ്വാദ്യമായേക്കാം. അതില്‍ വലിയ കലാപരമായ മേന്മയുണ്ടാകണമെന്നില്ല. എന്നാല്‍ ഒരു കലാരൂപം എന്ന നിലയില്‍ പാശ്ചാത്യ നൃത്തവും സംഗീതവും ഈ ലേഖകനെപ്പോലുള്ളവര്‍ക്ക് വലിയ ആസ്വാദ്യകരമായി തോന്നിയിട്ടില്ല. അവരുടെ റോക്ക്, പോപ്, ജാസ്, റാഷ് തുടങ്ങിയ വേര്‍തിരിവുകളെയും സൂക്ഷ്മമായി തിരിച്ചറിയാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. പാശ്ചാത്യരുടെ ശാസ്ത്രീയസംഗീതം എനിക്കൊന്നും മനസ്സിലായിട്ടുമില്ല. അത് എന്റെ പോരായ്മയായിരിക്കാം. ഇതൊക്കെ നന്നായി ആസ്വദിക്കുന്നവരുണ്ടാകും. റാപ് സംഗീതം എന്ന പേരില്‍ ഇപ്പോള്‍ ഇന്ത്യയിലും കേരളത്തിലും പലരും കാണിച്ചു കൂട്ടന്നതൊന്നും ആസ്വദിക്കാന്‍ എനിക്കു കഴിയുന്നില്ല. നമ്മുടെ നൃത്തരൂപങ്ങളുടെ മേന്മയൊന്നും വെറും കായികപരിശീലനം മാത്രമായ പാശ്ചാത്യ നൃത്തത്തിനില്ല എന്നാണെന്റെ അഭിപ്രായം. ഭാരതീയമായ നൃത്തരൂപങ്ങളുടെ പ്രധാന മേന്മ അവയുടെ സാത്വികാഭിനയപ്പൊലിമയാണ്. അത് പാശ്ചാത്യനൃത്തത്തില്‍ കാണാനില്ല. താളത്തിനനുസരിച്ച് ശരീരം ചലിപ്പിക്കുന്നു എന്നല്ലാതെ മുഖത്തിന് അവര്‍ ഒരു പ്രാധാന്യവും കൊടുക്കുന്നില്ല. നമുക്ക് കഥകളി, കൂടിയാട്ടം തുടങ്ങിയ അത്ഭുതകരങ്ങളായ കലാരൂപങ്ങളുണ്ടെന്നിരിക്കെ എന്തിനാണ് ഈ പാശ്ചാത്യക്കൂത്തുകള്‍. അവയെ പൂര്‍ണ്ണമായും ഉപേക്ഷിക്കണം എന്ന അഭിപ്രായം എനിക്കില്ല. കാരണം അവയും കലാരൂപങ്ങള്‍ തന്നെ. അവ പഠിക്കുകയും പ്രദര്‍ശിപ്പിക്കുകയും ഒക്കെ ചെയ്‌തോട്ടെ! എന്നാല്‍ നമ്മുടെ മഹത്തായ കലകളെ ഉപേക്ഷിച്ച് യുവതലമുറ ഈ പൊട്ടന്‍ കളികള്‍ക്കു പിറകേ പോകുന്നതു കാണുമ്പോള്‍ വേദന തോന്നുന്നു.
ദേശാഭിമാനിയില്‍ മൂന്ന് കവിതകളുണ്ട്; ജി.എസ്.ശുഭയുടെ ‘കരിമ്പുഴ’, ടി.പി.വിനോദിന്റെ ‘ശരി’, രാജേഷ് പനയന്തട്ടയുടെ ‘കവി ഉപേക്ഷിച്ച മുറി’. വലിയ പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്ന ശുഭയുടെ കവിത നമ്മളില്‍ ഒരു വികാരവുമുണര്‍ത്തുന്നില്ല. ടി.പി. വിനോദിന്റെ കവിതയിലെ അവസാന വരി ‘സഹനത്തിന്റെ പശയില്‍ പരസ്പരം ഒട്ടിപ്പിടിച്ച നിലയില്‍ നമ്മളും കാലവും ഇവിടെ’ എന്നതില്‍ കവിത്വത്തിന്റെ ഒരു സ്പാര്‍ക് ഉണ്ട്. അതൊഴിച്ചാല്‍ ബാക്കിയെല്ലം വന്ധ്യം.
പി.കുഞ്ഞിരാമന്‍ നായരുടെ പേരിലെ പി. എന്നത് അദ്ദേഹത്തിന്റെ തറവാടിന്റെ (പനയംതട്ട) ആദ്യാക്ഷരമാണെന്ന് വായിച്ചിട്ടുണ്ട്. ‘കവി ഉപേക്ഷിച്ച മുറി’ എന്ന കവിതയെഴുതിയ ആളിന്റെ പേരിലും ‘പനയംതട്ട’യുണ്ട്. പിയുടെ കുടുംബക്കാരനാണോ ഇയ്യാള്‍ എന്നറിയില്ല. ‘കവി ഉപേക്ഷിച്ചമുറി’ എന്നു കണ്ടപ്പോള്‍ അതു പി.യെക്കുറിച്ചാവും എന്നാണ് ധരിച്ചത്. എന്നാല്‍ പിയുടെ വലിയ ആരാധകനായിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിനെക്കുറിച്ചാണ് കവിതയെന്ന് അനുബന്ധം വായിച്ചപ്പോഴാണ് പിടികിട്ടിയത്. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മറ്റു കവികളുടെ എഴുത്തില്‍ കയറിപ്പറ്റുക വലിയ ഭാഗ്യമാണ്. ആശാന്‍, ചങ്ങമ്പുഴ, ഇടശ്ശേരി തുടങ്ങിയവര്‍ക്കാണ് അതിന് കഴിഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ ബാലചന്ദ്രനും ആ സൗഭാഗ്യം വന്നിരിക്കുന്നു. തീര്‍ച്ചയായും ചുള്ളിക്കാടിന് അതിന് അര്‍ഹതയുണ്ട്. അദ്ദേഹം അസാമാന്യപ്രതിഭ തന്നെയാണ്. നിലപാടുകള്‍ക്കു മഹത്വമില്ലെങ്കിലും കവിതകള്‍ക്കുമേന്മയുണ്ട്. കവി ആദരിക്കപ്പെടട്ടേ.
ഏപ്രില്‍ ലക്കം പച്ചക്കുതിര പതിവുപോലെ ജാതിയും മതവും കുത്തിയിളക്കുന്ന വിഭവങ്ങളാല്‍ സമ്പന്നമാണ്. കഥകളിലും കവിതകളിലും കൂടി ജാതിമതങ്ങള്‍ നിറയ്ക്കുന്ന പച്ചക്കുതിര ഒരു നിര്‍ദ്ദോഷമായ സാഹിത്യപ്രസിദ്ധീകരണമല്ല. രാജ്യവിരുദ്ധമായ എന്തൊക്കെയോ അജണ്ടകള്‍ വച്ചു പ്രസിദ്ധീകരിക്കുന്ന ഈ മാസികയെ ആരും ഇതുവരെ ശ്രദ്ധിച്ചിട്ടില്ല എന്നത് അത്ഭുതം തന്നെ. കേരളത്തില്‍ എന്തുമാകാം എന്നതാണു സ്ഥിതി. ഒരു മഹത്തായ രാഷ്ട്രം കെട്ടിപ്പടുത്തതിന്റെ വേദന അല്പം പോലും അറിയാത്ത മലയാളി ഇതും ഇതിലപ്പുറവും ചെയ്യും. പഴയ നക്‌സലൈറ്റ് ആയിരുന്ന സിവിക് ചന്ദ്രന്റെ അനുഭവക്കുറിപ്പ് ‘ഒരു വഴക്കാളിയുടെ വിദ്യാലയങ്ങള്‍’ വായിക്കാന്‍ രസമുള്ളതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കുറ്റസമ്മതം അസ്ഥാനത്താണെന്നു പറയാതെ വയ്യ. താന്‍ ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചില്ല എന്നത് ഒരു തെറ്റായിപ്പോയത്രേ! അത്തരം പരിദേവനങ്ങള്‍ സമൂഹത്തില്‍ വിഷം നിറയ്ക്കുന്നതാണ്. ജാതിയെ മിശ്ര വിവാഹങ്ങള്‍ കൊണ്ടോ ഇതുപോലെയുള്ള ഉദ്‌ബോധനങ്ങള്‍ കൊണ്ടോ നേരിടാനാവില്ല. സാമ്പത്തികാസമത്വം മാറുന്നതോടെ ജാതി സമൂഹത്തില്‍ പ്രശ്‌നമല്ലാതായി മാറും. ആരും ഉദ്‌ബോധിപ്പിക്കേണ്ട കാര്യമല്ല. ദളിതര്‍ എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗമൊന്നും ഇന്ത്യയിലില്ല. തീരെ ദരിദ്രരായിപ്പോയ ഒരു വിഭാഗം ഹിന്ദുക്കളാണ് ഇപ്പോള്‍ ഈ പേരില്‍ വിളിക്കപ്പെടുന്നത്. അവരുടെ ദാരിദ്ര്യം മാറിയ ഇടങ്ങളില്‍ ജാതി മാഞ്ഞു തുടങ്ങിയിട്ടുണ്ട്. വലിയ മഹത്വം നടിച്ച് ജാതിയെ കുത്തിയിളക്കുന്നവര്‍ ഉള്ളിലെ ജാതിബോധത്തെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇത്തരം എഴുത്തുകള്‍ ഗര്‍ഹണീയങ്ങളാണ്. പ്രണയം ജാതി നോക്കിയല്ലല്ലോ ആരും നടത്തുന്നത്. അത് സംഭവിക്കുന്നതാണ്. അതൊരു ദളിത് പെണ്‍കുട്ടിയായില്ലല്ലോ എന്ന് നിലവിളിക്കുന്നതൊക്കെ കാപട്യമാണ്. നല്ലൊരു കവിയായിരുന്ന സിവിക് ചന്ദ്രനോടുള്ള ബഹുമാനം നഷ്ടപ്പെട്ടുപോകുന്നു.