വി.ഡി.സവര്‍ക്കര്‍ക്കെതിരെ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞ് നടക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നാവിന് സുപ്രീം കോടതി നല്ലൊരു പൂട്ടിട്ടിരിക്കയാണ്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കെതിരെ അപമാനകരമായ പ്രസ്താവന തുടര്‍ന്നാല്‍ സുപ്രീം കോടതി നേരിട്ട് കേസ്സെടുക്കും എന്നാണ് അന്ത്യ ശാസനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്റെ ഭാരത് ജോഡോ യാത്രക്കിടയില്‍ മഹാരാഷ്ട്രയില്‍ വെച്ച് സവര്‍ക്കര്‍ക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയ രാഹുലിന്റെ പേരില്‍ ഉണ്ടായ മാനനഷ്ടക്കേസ്സില്‍ വിചാരണക്കായി കോടതി വിളിപ്പിച്ചപ്പോഴാണ് അതു സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി രാഹുലിന്റെ വക്കീല്‍ എ.എം.സിംഗ്‌വി സുപ്രീം കോടതിയില്‍ എത്തിയത്. ഈ ആവശ്യം ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അനുവദിച്ചെങ്കിലും ഫലത്തില്‍ രാഹുലിന്റെ ചെവിക്കുപിടിച്ച് നാലുവട്ടം കറക്കിയിട്ടേ അദ്ദേഹം വിട്ടുള്ളു.
ബ്രിട്ടീഷ് അധികാരികള്‍ക്ക് ഒരു കത്തില്‍ വിശ്വസ്ത സേവകന്‍ എന്ന് സവര്‍ക്കര്‍ എഴുതി എന്ന് കുറ്റപ്പെടുത്തുന്ന രാഹുലിന്, വൈസ്രോയിക്കുള്ള കത്തില്‍ ഗാന്ധിജിയും ഇതേ രീതിയില്‍ വിശ്വസ്ത സേവകന്‍ എന്ന് എഴുതിയിരുന്നു എന്നും രാഹുലിന്റെ മുത്തശ്ശി പ്രധാനമന്ത്രിയായിരിക്കെ ഒരു കത്തില്‍ സവര്‍ക്കറെ സ്വാതന്ത്ര്യ സമര സേനാനി എന്നാണ് വിശേഷിപ്പിച്ചത് എന്നും അറിയാമോ എന്ന് ജഡ്ജി ചോദിച്ചു. ഇത്തരം പ്രസ്താവനകള്‍ നാളെ ഗാന്ധിജിയേയും ബ്രിട്ടീഷുകാരുടെ സേവകന്‍ എന്നു വിളിക്കാനുള്ള പ്രേരണയാകില്ലേ എന്നും ജസ്റ്റിസ് ദത്ത ചോദിച്ചു. രാജ്യത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊന്നും അറിയില്ലെങ്കില്‍, സ്വാതന്ത്ര്യ സമരസേനാനികളോട് സ്വീകരിക്കേണ്ട സമീപനം ഇതല്ല എന്ന് തറപ്പിച്ചു പറഞ്ഞ ശേഷമാണ് ഇനിയും ഇതു തുടര്‍ന്നാല്‍ കോടതി നേരിട്ട് കേസ്സടുക്കും എന്നും പറഞ്ഞത്. രാഹുലിന് വയറു നിറച്ചും കിട്ടി. ഇതിലും നല്ലത് വിചാരണക്കോടതിയില്‍ ഹാജരാവുന്നതായിരുന്നു എന്ന് പാവത്തിന് തോന്നിയിരിക്കും