ഇരുപതാം നൂറ്റാണ്ടില്‍ പാശ്ചാത്യകലയും സാഹിത്യവും ആധിപത്യം നേടി എന്നത് വാസ്തവമാണ്. ക്രിസ്തുവിനു മുന്‍പും ശേഷവും പാശ്ചാത്യസംസ്‌കാരം ആധിപത്യം ചെലുത്തിയിരുന്നില്ല. സംസ്‌കൃതം, അറബി, ചൈനീസ്, ഗ്രീക്ക് ഭാഷകളുടെയും സാഹിത്യത്തിന്റെയും കലയുടെയും മേധാവിത്വമാണ് നിറഞ്ഞുനിന്നിരുന്നത്. എന്നാല്‍ പാശ്ചാത്യനവോത്ഥാനവും കത്തോലിക്കാ സഭയുടെ ജനാധിപത്യവല്‍ക്കരണവും ഫ്രഞ്ച് വിപ്ലവവും ബ്രിട്ടീഷ് സാമ്രാജ്യത്വവുമാണ് പാശ്ചാത്യ കലയെയും ജീവിതരീതിയെയും ലോകത്ത് എല്ലായിടത്തും അടിച്ചേല്പിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ വീഴ്ചയോടെ ആ ആധിപത്യം മെല്ലെ ചുരുങ്ങുകയാണ്. അതിന്റെ കാരണം വ്യക്തികേന്ദ്രീകൃതവും മൂലധനാധിഷ്ഠിതവും ലോകത്തെ ഒരിടത്ത് കേന്ദ്രീകരിക്കുന്നതുമായ ജീവിതവീക്ഷണം തകരുകയും പകരം സയന്‍സ്, സാങ്കേതികശാസ്ത്രം, ജൈവരാഷ്ട്രീയം, സാമൂഹിക പങ്കാളിത്തം, ജനാധിപത്യം എന്നിവയുടെ തിരിച്ചുവരവ് യാഥാര്‍ത്ഥ്യമാകുകയും ചെയ്തതാണ്. സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം കൊടുക്കാതെ അവരെ ചവിട്ടിമെതിച്ച പാശ്ചാത്യ സംസ്‌കാരത്തിനു അതിജീവിക്കാന്‍ പ്രയാസം നേരിട്ടു. വ്യക്തികളുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ കാണുന്ന രീതിക്കു തന്നെ മാറ്റം വന്നു. ഡിജിറ്റല്‍ ടെക്‌നോളജി എല്ലാറ്റിനെയും മാറ്റിമറിച്ചു. വ്യക്തികള്‍ക്ക് പുറത്തുള്ള അനേകം ലോകങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ജനങ്ങളുടെ ചെറു സമിതികള്‍, പരിസ്ഥിതി സംഘടനകള്‍, അവയവമാറ്റ ശസ്ത്രക്രിയകള്‍, ഇന്റര്‍നെറ്റ്, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവ എല്ലാത്തിനെയും പുന:ക്രമീകരിച്ചു. ബ്രീട്ടിഷ് സാമ്രാജ്യത്തിലാണ് സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും എന്ന അസംബന്ധം ഇല്ലാതായി. എല്ലായിടത്തും സൂര്യന്‍ ഉദിക്കുകയാണ്. ഏകകേന്ദ്രലോകം ഇപ്പോള്‍ ചിതറിപ്പോയിരിക്കുകയാണ്.
എല്ലായിടത്തും മനുഷ്യന്‍ സമൂഹമായി ഉയിര്‍ത്തെഴുന്നേറ്റു. ഇതിന്റെ ഫലമായി പുരാതന സംസ്‌കാരങ്ങളും അവബോധങ്ങളും ആചാരങ്ങളും തനിമ എന്ന നിലയില്‍ തിരിച്ചുവരാന്‍ തുടങ്ങി. ബുദ്ധമതതത്വങ്ങളും ഗായത്രിമന്ത്രവും ഉപനിഷത്തും ആയുര്‍വ്വേദവും ഏഷ്യന്‍ ആരോഗ്യരക്ഷാതന്ത്രങ്ങളും മര്‍മ്മവിദ്യകളും ഒറ്റമൂലികളും പുരാതന കലകളും ബോധിധര്‍മ്മനും മണ്ണിനടിയില്‍ നിന്ന് കുതിച്ചു പുറത്തേക്ക് ചാടി. ആര്‍ക്കും ഒന്നും മൂടിവയ്ക്കാന്‍ സാധിക്കില്ല. എല്ലാം അതാതിന്റെ തുറസ്സുകള്‍ നേടിയെടുക്കുകയാണ്. ഏഷ്യന്‍ സിനിമകളും പ്രാദേശിക ചികിത്സാ, ബോധനരീതികളും ഇപ്പോള്‍ വിലമതിക്കപ്പെടുന്നു. മലയാളസിനിമ അമേരിക്കയില്‍ റിലീസ് ചെയ്യുന്നു. എവിടെ ഉണ്ടായി എന്നതിന് ഇപ്പോള്‍ പ്രസക്തിയില്ല. ആശയം പ്രസക്തമാണോ എന്നാണ് നോക്കുന്നത്.
ഏഷ്യന്‍ കലയെ ബ്രിട്ടീഷ് കേന്ദ്രിത സാംസ്‌കാരിക, രാഷ്ട്രീയ മേധാവിത്വം അടിച്ചമര്‍ത്തിയിരുന്ന കാലമുണ്ടായിരുന്നു. അതിന്റെ തെളിവാണ്, ഓഷോക്കും മഹര്‍ഷി അരബിന്ദോയ്ക്കും ജിദ്ദുകൃഷ്ണമൂര്‍ത്തിക്കും ഗാന്ധിജിക്കും നോബല്‍ സമ്മാനം കൊടുക്കാതിരുന്നത്.
എന്നാല്‍ ഇപ്പോള്‍ പാശ്ചാത്യരില്‍ ഏഷ്യന്‍ കലാകാരന്മാര്‍ വലിയ രീതിയില്‍ മേല്‍ക്കോയ്മ നേടിക്കഴിഞ്ഞു. ഇന്നത്തെ നവീനകല എത്തിനില്‍ക്കുന്നത് റിര്‍ക്രിത്ത് തിരവനിജയുടെ (തൈവാന്‍) ശില്പങ്ങളിലും ചിത്രങ്ങളിലുമാണെങ്കില്‍ സാഹിത്യം എത്തിച്ചേര്‍ന്നിരിക്കുന്നത് ശ്രീലങ്കക്കാരനായ മൈക്കള്‍ ഒണ്‍ടാത്‌ജെയിലും ജപ്പാന്‍കാരനായ ഹാറുകി മുറകാമിയിലും മറ്റുമാണ്.
]
സഹയോഗവാസന
തിരവനിജ പാശ്ചാത്യമായ സൗന്ദര്യശാസ്ത്രസമീപനങ്ങളെ എതിര്‍ക്കുകയാണ്. അദ്ദേഹം കലാസൃഷ്ടിയെ വേര്‍പെട്ട, അതുല്യമായ, ആരാധിക്കേണ്ട, വ്യാഖ്യാനിക്കേണ്ട വസ്തുവായി കാണുന്നില്ല. അതൊരു സൃഷ്ടിയല്ല, അദ്ദേഹത്തിന്. കല കാണികളുടെ പങ്കാളിത്തത്തോടെ അനുഭവിക്കേണ്ടതാണെന്ന് അദ്ദേഹം പറയുന്നു. തന്റെ കലയെ റിലേഷണല്‍ അഥവാ സഹയോഗാത്മകം എന്ന് അദ്ദേഹം വിളിക്കുന്നു. ഏത് വസ്തുവിലും ഒരു സഹയോഗവാസന ഉണ്ട്. അതായത്, ഒരു സമൂഹവുമായി ചേരാനുള്ള വാസന. ഉദാഹരണത്തിന് ഒരു കുടം എടുക്കുക. കുടം വെറും കുടം മാത്രമാണ്. എന്നാല്‍ അത് ഒരു മ്യൂസിയത്തില്‍ കലാകാരന്മാരുടെ മധ്യത്തില്‍ വയ്ക്കുകയും അതില്‍ പലര്‍ ചേര്‍ന്ന് ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്താല്‍ അത് കുടമല്ലാതാവും. അത് സാമൂഹിക സംഭവമാവുകയാണ്. അത് രചയിതാക്കളുടെയും കാണികളുടെയും വസ്തുവാകുന്നു. സൗന്ദര്യശാസ്ത്രമായി എന്തിനെയെങ്കിലും കാണുന്നത് സ്രഷ്ടാവും പ്രേക്ഷകനും തമ്മിലുള്ള അകല്‍ച്ചയ്ക്ക് ഇടയാകുന്നുവെന്ന് തിരവനിജ പറയുന്നു. കലാകാരന്‍ അസാമാന്യ ജീവിയല്ല; ദൈവിക വ്യക്തിയുമല്ല. അയാള്‍ വിവിധ കാലങ്ങളിലെ സംസ്‌കാരചിഹ്നങ്ങളെ, തന്റേതായ രീതിയില്‍ കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നതത്രേ.
അറിയാത്ത ലോകം
ഈ ലോകത്തെ നമ്മള്‍, ആത്യന്തികമായി അറിയുന്നില്ലെന്ന് മഹാചിന്തകനായ ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍ പറഞ്ഞു. ചിന്തിക്കുക എന്ന പറഞ്ഞാല്‍ പരമമായ അറിവല്ലെന്ന് അദ്ദേഹം വാദിക്കുന്നു. നമ്മുടെ മുന്നിലുള്ള പ്രത്യക്ഷതയ്ക്ക് അടിയില്‍ ഒരു യാഥാര്‍ത്ഥ്യമുണ്ട്. അത് ചിന്തിച്ചാല്‍ മനസ്സിലാകും. എന്നാല്‍ അവിടെ വരെയേ മനുഷനു പോകാനൊക്കൂ. കാരണം മനസ്സിനെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ നമുക്ക് കഴിയില്ല.
വായന
പിറന്നാള്‍ ദിനത്തില്‍ മരണത്തെ ഓര്‍മ്മിപ്പിച്ച് ബ്ലോഗില്‍ എഴുതിയ മോഹന്‍ലാല്‍ എന്തായിരിക്കും ഉദ്ദേശിച്ചിരിക്കുക? മനുഷ്യമനസ്സിന്റെ ഒരു സ്വഭാവമാണത്. ഏതൊരു മനുഷ്യനും മരണത്തെയും ആഗ്രഹിക്കുന്നുണ്ട്. അതൊരു തീപ്പൊരിയാണ്. തൊട്ടടുത്ത നിമിഷം അതിനെ അതിജീവിച്ച് മുന്നേറാനാണ് തോന്നുക. എന്നാല്‍ മരണത്തോടുള്ള ആരാധന ഓരോരുത്തര്‍ക്കുമുണ്ട്. ജീവിതം സുഖം തരുമെങ്കിലും അതിന്റെ ആയിരം ഇരട്ടി വിഷാദവും തിന്മയുമാണ്. മനുഷ്യമനസ്സ് അപ്രവചനീയമാണ്. മനസ്സ് അതിന്റെ തന്നെ നാശത്തെക്കുറിച്ചോര്‍ക്കുന്നു, ചിലപ്പോള്‍. അങ്ങനെ നരകമുണ്ടാവുന്നു. മോഹന്‍ലാല്‍ പക്ഷേ, മരണത്തെ തത്ത്വചിന്താപരമായി കാണുന്നു. അദ്ദേഹം രമണമഹര്‍ഷിയെ ഉദ്ധരിക്കുന്നു. ശങ്കരാചാര്യരെ സ്മരിക്കുന്നു. അദ്ദേഹത്തെ ഇപ്പോള്‍ അലട്ടുന്നത് ആത്മീയതയാണ്. എങ്ങനെ ഏറ്റവും വലിയ ശാന്തത നേടാം എന്ന സമസ്യ. അതിന് അദ്ദേഹം തന്നെ ഒരു ചിന്ത പങ്കുവയ്ക്കുന്നു: ”ഒരു മുളന്തണ്ട് പോലെ മനുഷ്യന്‍ ശൂന്യനാവണം.” (കവിമൊഴി മാസിക)
ഓഷോ ധാര്‍മ്മികതയെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാട് ഇങ്ങനെ വിശദീകരിക്കുന്നു: ”മറ്റുള്ളവരോട് നാമെന്താണോ ചെയ്യുന്നത്, അത് ഇന്നല്ലെങ്കില്‍ നാളെ നമ്മിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് തീര്‍ച്ചയാണ്. ഈ അനുഭവം മഹാവീരനില്‍ അത്രയ്ക്കും പ്രകടിതമായിത്തീര്‍ന്നു. അതിനാല്‍ മറ്റുള്ളവരുടെ ഉപദ്രവത്തിന് കാരണമാകുന്നതെല്ലാം അദ്ദേഹം ഉപേക്ഷിച്ചു. അദ്ദേഹം മാംസം ഭക്ഷിക്കുന്നത് നിര്‍ത്തിയത് മാംസാഹാരം ഒരു പാപമാണെന്ന് പഠിപ്പിക്കപ്പെട്ടതു കൊണ്ടായിരുന്നില്ല; മറിച്ച് സാക്ഷീഭാവത്തിലൂടെ അദ്ദേഹത്തിനത് സ്വയം വെളിപ്പെട്ടതുകൊണ്ടായിരുന്നു. ഇതാണ് യഥാര്‍ത്ഥ ധാര്‍മ്മികത.” (സത്സംഗ്, മെയ് 7) ശിവാനയുടെ (വി.പി.ജോമോന്‍) പെന്‍ഡുലം എന്ന കവിത ജീവിതത്തിലെ നൂല്‍പ്പാലവും മിഥ്യയും കാണിച്ചുതരുന്നു. സ്‌നേഹിക്കുമ്പോഴും ഒരു ഔദാര്യം ഒഴുകുകയാണെന്ന് കവി പറയുന്നു.
”അനുസരിക്കുന്നവര്‍ക്കും
അംഗീകരിക്കുന്നവര്‍ക്കും
മാത്രം ലഭിക്കുന്ന പാരിതോഷികം.”
റഷ്യന്‍ സാഹിത്യകാരനായ ദസ്തയെവ്‌സ്‌കി ‘കരമസോവ് സഹോദരന്മാര്‍’ എന്ന നോവലില്‍ സ്‌നേഹത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഒരു വ്യക്തിയെ സ്‌നേഹിക്കുന്ന ആള്‍ക്ക് സമൂഹത്തെയാകെ സ്‌നേഹിക്കാന്‍ കഴിയുമോ എന്ന ചോദ്യം അവിടെ ഉയരുന്നു. സമൂഹത്തെയാകെ സ്‌നേഹിക്കാന്‍ ഒരു വ്യക്തിക്കെങ്ങനെ സാധിക്കുമെന്ന ചിന്തയും പിന്നാലെ വരുന്നു.
ഇരവിയുടെ ‘നായ്ക്കള്‍’ എന്ന കഥ (നവനീതം) മനസ്സുള്ളവരെ വേദനിപ്പിക്കാം. ഹൃദയത്തെ അലിയിക്കാന്‍ ശേഷിയുള്ള കഥയാണിത്. രാത്രിയില്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്ന ഒരു ഉദ്യോഗസ്ഥയെ കുറെ അധമന്മാര്‍ ആക്രമിക്കാന്‍ ചെന്നു. എന്നാല്‍ അവളെ രക്ഷിച്ചത് ആല്‍ത്തറയില്‍ കൂടിനിന്ന കുറെ നായ്ക്കളായിരുന്നു. ആ നായ്ക്കള്‍ അക്രമികളായ മനുഷ്യരെ കടിച്ചു കീറിക്കൊന്നു. പിറ്റേദിവസം അവള്‍ ആ നായ്ക്കള്‍ക്ക് കൊടുക്കാന്‍ ഇറച്ചിക്കറിയുള്ള ചോറുപൊതിയുമായി ചെന്നു. എന്നാല്‍ ആ നായ്ക്കളെ ആരോ തല്ലിക്കൊന്ന് അരയാല്‍ കൊമ്പുകളില്‍ തലകീഴായി കെട്ടിത്തൂക്കിയിരിക്കുകയാണ്. ഒരിടത്ത് അവ രക്ഷകരായി, മറ്റൊരിടത്ത് അവര്‍ കൊലപാതകികളും.
ഈ കാലഘട്ടത്തിന്റെ ആത്മാവ് എവിടെയോ നഷ്ടപ്പെട്ടുവെന്ന് വിലപിക്കേണ്ടിവരുന്നു. ജൂബിനാബീഗം എസ്. എഴുതിയ ‘ദൈവത്തിന്റെ നാട്’ (എഴുത്ത്) എന്ന കവിതയിലെ വരികള്‍ ഇങ്ങനെ ചിന്തിപ്പിച്ചു.
”അമ്മ കൈക്കുഞ്ഞിനെ
വില്‍ക്കാനായാത്തെരുവില്‍
വിലപേശുന്നുണ്ടിപ്പോഴും
പെറ്റമ്മയുടെ കുളിച്ചിത്രം
വൈറലാക്കി കഞ്ചാവടിക്കുന്നു ണ്ടൊരു മകന്‍.”
റോഷ്‌നി സ്വപ്‌നയുടെ മനോഹരമായ ഒരു കുറിപ്പാണ്, ‘ഓര്‍മ്മകളുടെ കലാപങ്ങള്‍’ (എഴുത്ത്). നാസി മരണപ്പാളയങ്ങള്‍, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവയെപ്പറ്റി വിവരിക്കുന്ന ‘ഇമേജ് ആന്‍ഡ് റിമമ്പറന്‍സ്’എന്ന പുസ്തകത്തെക്കുറിച്ചാണ് ലേഖനം. ചരിത്രം വീണ്ടെടുക്കാന്‍ കലാകാരന്‍മാര്‍ നടത്തുന്ന പരിശ്രമങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ഷെല്ലി ഹോണ്‍സ്റ്റൈയിനും ഫ്‌ളോറന്‍സ് ജാകോബോവിറ്റ്‌സും ചേര്‍ന്ന് എഡിറ്റു ചെയ്തിരിക്കുന്നു.
ആ പത്ത് പുസ്തകങ്ങള്‍
കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ വയലാര്‍ അവാര്‍ഡ് കിട്ടേണ്ടിയിരുന്ന പത്ത് പുസ്തകങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. ഇപ്പോള്‍ വയലാര്‍ അവാര്‍ഡ് ഭാവുകത്വം ഒരേ അച്ചിലിട്ട് വാര്‍ത്തപോലെയാണ്. മറ്റൊരു ആലോചനയാണ് ഉണ്ടാകേണ്ടത്. വയലാര്‍ അവാര്‍ഡ് എന്നത് ഒരു പ്രതിനിധാനമായി എടുക്കണം. ഒരേപോലെയുള്ള, യാതൊരു പ്രക്ഷോഭവാസനയുമില്ലാത്ത കൃതികള്‍ക്ക് കൊടുത്തിട്ട് എന്ത് പ്രയോജനം? അവാര്‍ഡ് കിട്ടേണ്ടിയിരുന്ന പുസ്തകങ്ങള്‍ ചുവടെ:
1. കെ.എ. ജയശീലന്റെ കവിതകള്‍. 2. എ. അയ്യപ്പന്റെ കവിതകള്‍. 3. സന്താലഹേര – ജയപ്രകാശ് അങ്കമാലി. 4.നഗ്നയാമിനി – വി.രാജകൃഷ്ണന്‍ 5. തനുമാനസി- ആഷാമേനോന്‍. 6.മേതില്‍ രാധാകൃഷ്ണന്റെ കവിതകള്‍. 7. കാക്കനാടന്റെ കഥകള്‍. 8. അന്ധകാരനഴി – ഇ. സന്തോഷ്‌കുമാര്‍. 9. മാറുന്ന മലയാള നോവല്‍ – കെ.പി. അപ്പന്‍. 10. ആര്‍. രാമചന്ദ്രന്റെ കവിതകള്‍.
അവാര്‍ഡ് ക്ലീഷേ ആകാതിരിക്കുകയാണ് നല്ലത്. ഈ വര്‍ഷം അവാര്‍ഡിന് പരിഗണിച്ച കൃതി ഏത് അഭിരുചിയാണോ സ്ഥാപിക്കുന്നത്, അതിനെ അട്ടിമറിക്കുന്ന മറ്റൊന്നാകണം അടുത്ത വര്‍ഷം തിരഞ്ഞെടുക്കേണ്ടത്. അല്ലെങ്കില്‍ ചവറുകള്‍ക്കു തന്നെ കൊടുത്തുകൊണ്ടിരിക്കേണ്ടിവരും. അവാര്‍ഡുകൊണ്ട് ആര്‍ക്കും പ്രയോജനമില്ലാതാകും.
ഗാരേജ്
എഴുത്തുകാരന്‍ ഒരു സ്രഷ്ടാവ് എന്ന സ്ഥാനം ഈ കാലത്ത് ഉപേക്ഷിക്കുകയാണ്. മറിച്ച്, അയാള്‍ ഒരു ഗാരേജാണ്. പലതും എഴുത്തുകാരന്റെ പക്കലെത്തുന്നു. പണി തീര്‍ത്ത് പുറത്തിറക്കുന്നു. സംസ്‌കാരങ്ങളും മിത്തുകളും ചരിത്രവും തത്ത്വശാസ്ത്രവുമെല്ലാം ഇങ്ങനെ പണിക്കുറ മാറ്റിയെടുക്കുന്നു. ഒര്‍ഹാന്‍ പാമുഖിന്റെ ഇസ്താംബുള്‍ എന്ന കൃതി ഇതിന്റെ നല്ല ഉദാഹരണമാണ്.