Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

തേജസ്വിയായ ഗുരുനാഥന്‍

ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍
18 April 2025
ഡോ.ടി.ബി. വേണുഗോപാലപ്പണിക്കര്‍

ഡോ.ടി.ബി. വേണുഗോപാലപ്പണിക്കര്‍

സര്‍വകലാശാലാദ്ധ്യാപകന്‍, ഭാഷാശാസ്ത്രജ്ഞന്‍, ബഹുഭാഷാപണ്ഡിതന്‍, സാഹിത്യനിരൂപകന്‍ വിവര്‍ത്തകന്‍, വൈയ്യാകരണന്‍, ഗവേഷണമാര്‍ഗദര്‍ശി എന്നീ നിലകളില്‍ നിസ്തുല സംഭാവനകളര്‍പ്പിച്ച ഡോ.ടി.ബി. വേണുഗോപാലപ്പണിക്കര്‍ സാറിന്റെ (80) നിര്യാണവാര്‍ത്ത ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. കോഴിക്കോട് ഫറോക്കിലെ സ്വവസതിയില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മാഷ് പൊടുന്നനെ ഈ ലോകം വിട്ടുപോയത്. വേണുമാഷെന്നും വേണു സാറെന്നും ശിഷ്യസമൂഹം ആദരപൂര്‍വം വിളിച്ചിരുന്ന ഡോ.ടി.ബി.വേണുഗോപാലപ്പണിക്കര്‍ ഭാഷാശാസ്ത്രമണ്ഡലത്തിലെ പ്രാമാണിക ശബ്ദമായിരുന്നു. മലയാളം, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ്, പാലി തുടങ്ങിയ നിരവധി ഭാഷകളുടെ ഉള്ളുരകളും വ്യാകരണഘടനകളും ആഴത്തില്‍ വിശകലനം ചെയ്യാനും ഭാഷകളും സംസ്‌കാരങ്ങളുടെ ഊര്‍ജ സ്രോതസ്സുകളുമായുള്ള ബന്ധം കൃത്യതയോടെയും ആധികാരികതയോടെയും കണ്ടറിഞ്ഞു രേഖപ്പെടുത്തുവാനും സൗമ്യനും കുലീനനുമായ ഈ ഗുരുവര്യന് സവിശേഷ സിദ്ധിയുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല മഹാപണ്ഡിതന്മാര്‍ പോലും ഭാഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളുദിച്ചാല്‍ അദ്ദേഹത്തെ ഉപാധിഭാരമില്ലാതെ വിശ്വസിച്ചാശ്രയിച്ചുപോന്നിരുന്നു. സംശയങ്ങളാരായുന്നവര്‍ ആരുമാവട്ടേ, ഏതു പ്രായക്കാരുമാവട്ടേ വ്യക്തമായും സരസമായും സംശയനിവൃത്തി വരുത്തുന്നവിധം അനായാസമായി മറുപടി നല്‍കുന്നതില്‍ മാഷ് അതി വിദഗ്ദ്ധനായിരുന്നുവെന്ന് പറയാതെ വയ്യ. മഹാപണ്ഡിതനായ ഈ ഗുരുനാഥന്‍ ധാര്‍ഷ്ട്യമില്ലാതെയും കോലാഹലങ്ങള്‍ കൂട്ടാതെയും പാണ്ഡിത്യത്തിന്റെ കിന്നരിത്തലപ്പാവണിയാതെയും ഭാഷകളുടെ വിശാലഭൂമികയില്‍ ഔത്സുക്യത്തോടെ വിഹരിക്കുന്നത് അത്ഭുതാദരവുകളോടെയാണ് ഞാന്‍ എന്നും നോക്കിക്കണ്ടിരുന്നത്. എല്ലാവരുടെയും ഹൃദയത്തില്‍ സൂര്യശോഭയോടെ മാഷ്, സുപ്രതിഷ്ഠിതനായത് ഈ നിര്‍മലസ്വഭാവം കൊണ്ടും അഭിഗമ്യത കൊണ്ടും കൂടിയായിരുന്നു. നര്‍മ്മസംഭാഷണങ്ങളിലൂടെയും ഗൗരവമാര്‍ന്ന ഭാഷാ ശാസ്ത്രസംബന്ധിയായ വിഷയാവതരണങ്ങളിലൂടെയും നമ്മുടെ വിജ്ഞാന മണ്ഡലത്തെ പുതിയ വിസ്തൃതിയിലേക്ക് നയിച്ച മാഷിന്റെ ഇടപെടലുകള്‍ക്ക് ജനാധിപത്യ ബോധത്തിന്റെയും സംവാദാത്മകതയുടെയും തെളിമ ഉണ്ടായിരുന്നു. ഘടദീപമെന്നും അധ്യാപനകലയുടെ സൗമ്യ മുഖമെന്നും മാഷിനെ വിശേഷിപ്പിച്ചവരേറെയുണ്ട്. സൂക്ഷ്മാന്വേഷിയായ ഈ വ്യാകരണപണ്ഡിതന്‍ ദ്രാവിഡഭാഷകളുമായി ബന്ധപ്പെട്ടുനടത്തിയ ഗഹനങ്ങളായ പഠനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കേണ്ടതുണ്ട്. മാഷ് എഴുതിയ ഭാഷാ ശാസ്ത്രപഠനങ്ങള്‍ മാത്രമല്ല, സാഹിത്യനിരൂപണ സ്വഭാവമാര്‍ന്ന ലേഖനങ്ങളും ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു. ഇവയിലൂടെ കടന്നുപോകുന്നവര്‍ക്ക് സ്വയം പുതുക്കലിന് വിധേയമാകുവാന്‍ പാകത്തിലുള്ള ഉള്‍ പ്രേരണകള്‍ ലഭിക്കുമായിരുന്നു. കുമാരനാശാന്റെ അബോധമനസ്സില്‍ ഊറിക്കൂടിയ ജാതിവിചാരത്തെ യുക്തിഭദ്രമായി വിമര്‍ശിക്കുന്ന ലേഖനവും ഭാഷാപിതാവ് എന്ന നിലയിലുള്ള എഴുത്തച്ഛന്റെ സ്ഥാനത്തെ വ്യത്യസ്തമായും വിമര്‍ശനാത്മകമായും വിലയിരുത്തുന്ന എഴുത്തച്ഛന്റെ ബയോഡാറ്റ എന്ന ലേഖനവും വികെഎന്‍ ഭാഷയെക്കുറിച്ചുള്ള ഗഹനപഠനവും മറ്റും നിരൂപകനെന്ന നിലയിലുള്ള മാഷിന്റെ ഉയരം ശരിയായി കാട്ടിത്തരുന്നുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

എറണാകുളം വടക്കന്‍ പറവൂരിനടുത്ത് ഏഴിക്കരയില്‍ ഉളനാട്ട് ബാലകൃഷ്ണപ്പണിക്കരുടെയും തറമേല്‍ മീനാക്ഷി കുഞ്ഞമ്മയുടെയും പുത്രനായി 1945 ഓഗസ്റ്റ് 2 നാണ് വേണു ഗോപാലപ്പണിക്കര്‍സാര്‍ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദവും (1966), മലയാളത്തില്‍ എം.എ. ബിരുദവും (1968) കരസ്ഥമാക്കിയ ശേഷം അണ്ണാമലൈ സര്‍വ്വകലാശാലയില്‍നിന്ന് ഭാഷാശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം പൂര്‍ത്തീകരിച്ചു. ഡോ. സുകുമാര്‍ അഴീക്കോടിന്റെ മാര്‍ഗദര്‍ശിത്വത്തില്‍ കീഴിലായിരുന്നു വേണുമാഷ്, പിഎച്ച്ഡി പൂര്‍ത്തീകരിച്ചത്. കേരളപാണിനീയത്തിന്റെ പീഠിക-ഒരു വിമര്‍ശനാത്മകപഠനം (A critical study of Peedika of Keralapanineeyam) എന്ന ഈ ഗവേഷണപ്രബന്ധത്തിന് 1981-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്.

1971-ല്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, 1973 ജനുവരി 4-നാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ മലയാളവിഭാഗം അദ്ധ്യാപകനായത്. 2003-2005 കാലത്ത് കോഴിക്കോട് സര്‍വ്വകലാശാല മലയാളവിഭാഗം അദ്ധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല, മലയാളസര്‍വ്വകലാശാല എന്നിവിടങ്ങളിലെ ഭാഷാ ശാസ്ത്രവിഭാഗങ്ങളുടെ ഡീനായും വേണുമാഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ADVERTISEMENT

ജര്‍മ്മനിയിലെ കോളന്‍ സര്‍വ്വകലാശാല സ്റ്റട്ഗര്‍ടില്‍ നടത്തിയ ഒന്നാമത് അന്താരാഷ്ട്ര ദ്രവീഡിയന്‍ സെമിനാര്‍ (2003) അടക്കം 150 ലേറെ ദേശീയ- അന്തര്‍ദേശീയ സെമിനാറുകളില്‍ കനപ്പെട്ട പ്രബന്ധങ്ങളവതരിപ്പിച്ച മാഷിനെ, ഭാരതീയരും വിദേശീയരുമായ പണ്ഡിതന്മാര്‍ ഏറെ ആദരവോടെയാണ് വീക്ഷിച്ചിരുന്നത്.ഈ പ്രബന്ധങ്ങള്‍ പൂര്‍ണമായും സമാഹരിച്ച് വിവിധ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞെങ്കില്‍ അത് നമ്മുടെ ഭാഷാശാസ്ത്ര പഠനമേഖലക്ക് വിലപ്പെട്ട സമ്പത്തായിത്തീരുമെന്ന് ഉറപ്പാണ്. സാറിന്റെ ശിഷ്യന്മാരില്‍ പ്രമുഖരായ ഡോ.സി.ജെ ജോര്‍ജും ഡോ.മഹേഷ് മംഗലാട്ടും മുന്‍കയ്യെടുത്ത് ഈ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. വേണുമാഷിന്റെ കിട്ടാവുന്നത്ര പ്രബന്ധങ്ങള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കി എണ്‍പതാം പിറന്നാള്‍ദിനത്തില്‍ സമര്‍പ്പിക്കുവാന്‍ ശിഷ്യര്‍ കഠിനമായി യത്‌നിച്ചുവരവേയാണ് അതൊന്നും കാണാന്‍ കാത്തുനില്‍ക്കാതെ മാഷ് ഝടിതിയില്‍ യാത്രയായത്.
ലക്ഷദ്വീപ് സോഷ്യോ റിസര്‍ച്ച് കമ്മീഷനംഗമെന്ന നിലയിലും മദ്രാസ്, അലിഗഢ്, കേരള, എം ജി, കണ്ണൂര്‍, കോഴിക്കോട് സര്‍വ്വകലാശാലകള്‍, യുപിഎസ്‌സി, യു.ജി.സി, സിബിഎസ്ഇ, സിവില്‍ സര്‍വീസ് എന്നിവയുടെ പരീക്ഷാബോര്‍ഡുകളിലെ വിദഗ്ദ്ധാംഗം എന്നീ നിലകളിലും മാഷ്, കര്‍മ്മകുശലതയോടെ തന്റെ ദൗത്യം പിഴവുകളേതുമില്ലാതെ നിര്‍വ്വഹിച്ചിരുന്നു. തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ ലാംഗ്വേജ് ഫാക്കല്‍റ്റിയിലും വേണു സാര്‍ അംഗമായിരുന്നു. ലോക പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ നോം ചോംസ്‌കി ഭാരതത്തില്‍ വന്നപ്പോള്‍ മാഷ് അദ്ദേഹവുമായി നടത്തിയ അഭിമുഖം, വിലപ്പെട്ട ഭാഷാശാസ്ത്ര സംവാദമായിട്ടാണ് അഭിജ്ഞലോകം ഗണിച്ചിട്ടുള്ളത്.

സ്വനമണ്ഡലം, ഭാഷാര്‍ത്ഥം, നോം ചോംസ്‌കി, വാക്കിന്റെ വഴികള്‍, ചിതറിപ്പോയ സിംഹനാദവും ചില ഭാഷാ വിചാരങ്ങളും, ഭാഷാലോകം studies on Malayalam Language എന്നിവ കൂടാതെ, ലീലാതിലകം സാമൂഹ്യഭാഷാ ശാസ്ത്രദൃഷ്ടിയില്‍ (എസ്.വി. ഷണ്മുഖം എഴുതിയ തമിഴ് കൃതിയുടെ വിവര്‍ത്തനം) പ്രൊഫ.എല്‍.വി.രാമസ്വാമി അയ്യരുടെ എ പ്രീമിയര്‍ ഓഫ് മലയാളം ഫോണോളജി’ (എഡിറ്റര്‍) വ്യാകരണപഠനങ്ങള്‍, മലയാളവിമര്‍ശം (എഡിറ്റര്‍) എന്നിങ്ങനെ ഒട്ടേറെ കതിര്‍ക്കനമുള്ള ജ്ഞാനനിധികള്‍ മാഷില്‍ നിന്ന് നമുക്ക് ലഭിച്ചിട്ടുണ്ട്. സമാഹരിക്കാത്ത ലേഖനങ്ങള്‍ അനവധി പ്രസിദ്ധീകരണങ്ങളിലായി ചിതറിക്കിടപ്പുണ്ട്.

ഭാഷാര്‍ത്ഥം എന്ന കൃതിക്ക് കേരള സാഹിത്യഅക്കാദമിയുടെ ഐ.സി.ചാക്കോ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം (2000), തോപ്പില്‍ മുഹമ്മദ് മീരാന്റെ തമിഴ് നോവലായ കൂനന്‍തോപ്പിന്റെ മലയാളവിവര്‍ത്തനത്തിന് 2006 ല്‍ കേന്ദ്ര സാഹിത്യഅക്കാദമിയുടെ പുരസ്‌കാരം എന്നിവ മാഷിനെ തേടിയെത്തിയിരുന്നു. ഇത്തരം അംഗീകാരങ്ങള്‍ക്ക് പിന്നാലെ നടക്കുന്ന പ്രകൃതക്കാരനായിരുന്നില്ല മാഷ്.

മാഷും സഹപ്രവര്‍ത്തകരും

വിനയത്തിന്റെയും ഭാഷാജ്ഞാനത്തിന്റെയും കൈലാസമായ മാഷ്, വ്യത്യസ്ത പഠന മേഖലകളോട് പുലര്‍ത്തിയ ജാഗ്രതാപൂര്‍ണമായ സമീപനം നമ്മുടെ അക്കാദമിക ലോകത്തിനുതന്നെ മാതൃകയായിരുന്നു.ഗണിത യുക്തിഭാഷയെ കുറിച്ചും മറ്റുമുള്ള പഠനങ്ങള്‍ മാഷിന്റെ അപാരമായ ജ്ഞാനാന്വേഷണത്തിന്റെ ഭാഗമായിരുന്നു. അനേകം പുതിയ ചിന്തകളെ പ്രസവിക്കുവാന്‍ പര്യാപ്തമായിരുന്നു മാഷിന്റെ ഓരോ പഠനങ്ങളും. ഭാഷാശാസ്ത്രത്തിലെ വിവിധ സങ്കല്‍പ്പനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതാ യിരുന്നു അവയെല്ലാം തന്നെ. തന്റെ ഗുരുനാഥനായ പ്രൊഫ.സി എല്‍ ആന്റണിയുടെ ഭാഷാശാസ്ത്ര നിലപാടുകളില്‍ ചിലതിനോട് മാന്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് വേണുഗോപാലപ്പണിക്കര്‍ സാര്‍. വ്യക്തികളല്ല, ആശയങ്ങളാണ് മാഷിന് പ്രധാനം. അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം ജീനിയസായിരുന്നു. വിദ്യാര്‍ത്ഥികളില്‍ തന്റെ അധികാരം അടിച്ചേല്‍പ്പിക്കുന്ന രീതി മാഷ് ഒരിക്കലും കൈക്കൊണ്ടിരുന്നില്ല. ഡോ.മഹേഷ് മംഗലാട്ട്, ഡോ.സി.ജെ.ജോര്‍ജ്, ഡോ.പി.എം.ഗിരീഷ്, തുടങ്ങിയ നിരവധി പ്രഗത്ഭ ശിഷ്യരുടെ ഭാഷാശാസ്ത്ര സംഭാവനകള്‍ക്ക് പിന്നിലെ പ്രചോദനവും വാസ്തവത്തില്‍ വേണു ഗോപാലപ്പണിക്കര്‍ സാറിന്റെ ഉജ്ജ്വലമായ ക്ലാസ്സുകളും ആലോചനാമൃതമായ ലേഖനങ്ങളുമായിരുന്നു.

സുഗന്ധം മാത്രം പൊഴിച്ച ഒരു പൂവ് ഞെട്ടറ്റു വീഴുന്ന അനായാസതയോടെ വേണുസാര്‍ അടര്‍ന്നു പോയതറിഞ്ഞപ്പോള്‍ ആ ദുഃഖവാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിലകൊള്ളുകയായിരുന്നു ശിഷ്യരും സഹപ്രവര്‍ത്തകരും. ഇന്നോളം ഇടപെട്ട ആര്‍ക്കും നല്ലതല്ലാത്ത ഒന്നും പറയാനില്ലാത്ത നിലാവുപോലൊരു മനുഷ്യന്‍ എന്ന് ഡോ.ആര്‍ വി.എം.ദിവാകരന്‍ എഴുതിയത് പരമാര്‍ത്ഥമാണ്. മഹാപണ്ഡിതനും മനുഷ്യസ്‌നേഹിയും ജനാധിപത്യവാദിയുമായ ഈ അധ്യാപകന്‍, വ്യാകരണത്തിലും ഭാഷാശാസ്ത്രത്തിലും നമ്മുടെ കാലഘട്ടത്തിലെ അന്തിമ വാക്കായിരുന്നു. തനിക്ക് അറിയാവുന്നതിന്റെ പത്തിലൊന്നുമാത്രം എഴുതുകയും പറയുകയും ചെയ്ത അറിവിന്റെ ഈ മഹാസാഗരം ഞൊടിയിടയില്‍ അപ്രത്യക്ഷമായപ്പോള്‍ വല്ലാത്ത ഒരു ശൂന്യതയാണ് അവശേഷിക്കുന്നത്. വിരസവും യാന്ത്രികവും സങ്കീര്‍ണവും ദുരൂഹവും എന്ന് പലരാലും പഴിക്കപ്പെട്ട ഭാഷാശാസ്ത്രത്തെയും വ്യാകരണത്തെയും ലാവണ്യാത്മകമായി, സഹൃദയബോധ്യത്തോടെ ഉന്മിഷത്താക്കിയെന്നതാണ് മാഷിന്റെ മുഖ്യസംഭാവന. ഉച്ചാരണ ശീലം നിലവാരപ്പെടുത്തലും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ലിപ്യന്തരണവുമായി ബന്ധപ്പെട്ടും മാഷ് നടത്തിയ പഠനങ്ങള്‍ സമാനതകളില്ലാത്ത വിധം മികച്ചതായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഒരേ മികവോടെ എഴുതുവാനും സംസാരിക്കുവാനും മാഷിന് കഴിവുണ്ടായിരുന്നു. ശിഷ്യര്‍ ഉന്നയിക്കുന്ന എതിര്‍വാദങ്ങളില്‍ യുക്തിയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അതംഗീകരിച്ച് അവരെ അഭിനന്ദിക്കുന്ന അപൂര്‍വമായ മനോ വിസ്തൃതിയും സത്യസന്ധതയും ജനാധിപത്യബോധവും മാഷിനുണ്ടായിരുന്നു. ഇത് അക്കാദമികലോകത്ത് അപൂര്‍വമാണല്ലോ. ഭാഷയുടെ വേരുകള്‍ തേടാന്‍ ഓത്സുക്യം കാട്ടുന്ന ആരോടും മാഷ് സ്‌നേഹപൂര്‍വം ഇടപെട്ടിരുന്നു. പഠനത്തിന് ഉപകരിക്കുന്ന സഹായകഗ്രന്ഥങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാലേക്കൂട്ടിപറഞ്ഞുകൊടുക്കുകയും അതിനനുസൃതമായ വിധത്തില്‍ അറിവിന്റെ പുതിയ തലങ്ങളെ വ്യാപിപ്പിക്കുവാനും പോഷിപ്പിക്കുവാനും പ്രേരിപ്പിക്കുകയും ചെയ്തിരുന്നു ജീവിതാന്ത്യം വരെ മാഷ്. ആരെങ്കിലും തയ്യാറാക്കിയ ഗൈഡിനെ ആധാരമാക്കി പഠിപ്പിക്കുന്നവരില്‍ നിന്ന് അങ്ങനെയാണ് മാഷ് വ്യത്യസ്തനായത്. ഒരു ലിംഗ്വിസ്റ്റിക് ഡിപ്പാര്‍ട്ട്‌മെന്റായി ഒരു ഗുരുനാഥന്‍ സ്വയം മാറിത്തീരുന്ന വിസ്മയമാണ് മാഷിന്റെ ക്ലാസ്സില്‍ ഇരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായത്. ഗവേഷക വിദ്യാര്‍ഥികളുടെ സിനോപ്‌സിസ് വേണ്ടവിധം പരിശോധിക്കുവാനും അവശ്യം വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനും മാഷ് എന്നും താല്പര്യമെടുത്തിരുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ ഭാഷാ ശാസ്ത്രവിചാരങ്ങള്‍ നന്നായി ഗ്രഹിച്ച ശേഷം തന്റേതായ ഉപദര്‍ശനങ്ങള്‍ കൂടി ചേര്‍ത്താണ് മാഷ് ക്ലാസ് എടുത്തിരുന്നത്. ഖണ്ഡന വിമര്‍ശനത്തിന്റെ സൂക്ഷ്മചാരുത ആ ക്ലാസിനെ എപ്പോഴും അനുഗ്രഹിച്ചു. സ്വനവിജ്ഞാനവും സ്വനപ്രക്രിയാ വിജ്ഞാനവും രൂപിമവിജ്ഞാനീയവും ലക്‌സിക്കോ സെമാന്റിക്‌സും അരച്ചു കലക്കി കുടിച്ച ഈ ഗുരുനാഥന്‍, ജീവിതകാലം മുഴുവന്‍ ജ്ഞാനാര്‍ജനത്തിനും ജ്ഞാനപ്രസരണത്തിനും തന്നെ സ്വയം സമര്‍പ്പിച്ചു. കെഎം പ്രഭാകരവാരിയരുടെ മലയാളവ്യാകരണ സമീക്ഷയ്ക്ക് എഴുതിയ പഠനം ഇത്തരം സിദ്ധികളുടെ ആകമാനമുള്ള പ്രകാശനം കൂടിയായിരുന്നു. കേരളത്തിന്റെ പ്രാദേശിക ചരിത്രത്തെക്കുറിച്ചും വനവാസികളടക്കമുള്ള കീഴാളസമൂഹത്തിന്റെ ഭാഷയെക്കുറിച്ചും മാഷിനുണ്ടായിരുന്ന ആഴത്തിലുള്ള അറിവും മറക്കാനാവുന്നതല്ല. അക്കാദമികമായ വിട്ടുവീഴ്ച്ചകള്‍ക്ക് ഒരിക്കലും തയ്യാറായിട്ടില്ല ഈ ആചാര്യന്‍. കാര്‍ക്കശ്യവും സൗമ്യതയും വിശേഷമായ പാകത്തില്‍ മാഷില്‍ ചേര്‍ന്നു നിന്നിരുന്നു.

ഇനി ആരോട് സംശയം ചോദിച്ചാല്‍ കൃത്യമായ ഉത്തരം കിട്ടുമെന്നും, സ്ഥിരമായി ഉപയോഗിക്കുന്ന നഷ്ടമെന്ന വാക്കിന് ഇത്രയ്ക്കാഴമുണ്ടെന്നും ശിഷ്യസമൂഹമറിഞ്ഞത് മാഷിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോഴാവണം.
ഏ.ആര്‍. രാജരാജവര്‍മയുടെ അകാലനിര്യാണത്തില്‍ അനുശോചിച്ച് കുമാരനാശാന്‍ രചിച്ച പ്രരോദനം എന്ന ഖണ്ഡകാവ്യത്തിലെ വരികളാണ് ഇപ്പോളെന്റെ മനസ്സിലെത്തുന്നത്.

‘ഊഹാഭ്യാസനിശാതചാരുധിഷണേ!
യുന്മേഷസമ്മൃഷ്ടസം-
മോഹാന്ധ്യപ്രതിഭേ! മുഹൂര്‍ദ്ധൃതകലാ-
പ്രസ്താരയാം ധാരണേ!
ആഹാ വെന്തെരിയുന്നു! നിങ്ങളഭയം
കൈക്കൊണ്ടു ചേക്കാര്‍ന്നൊരാ
സ്‌നേഹാര്‍ദ്രം, സരളദ്രുമം; നിലവിളി-
ച്ചാരാല്‍ പറന്നീടുവിന്‍!’. പര്‍വതശിരസ്‌കരായ അധ്യാപകരുടെ ജനുസ്സില്‍ പെട്ട ഇത്തരം ഗുരുനാഥന്മാരുടെ വംശം കുറ്റിയറ്റുപോകുന്ന കെട്ടകാലത്താണല്ലോ നമ്മള്‍ പുലരുന്നത്. എന്തൊരു സൗന്ദര്യവും ആഭിജാത്യവുമായിരുന്നു മാഷിന്. മാഷിന്റെ ആലോചനകള്‍ക്കും എഴുത്തിനും ഇതേ ഗുണങ്ങളുണ്ടായിരുന്നു. അന്തസ്സുള്ള തെളിഞ്ഞ മനുഷ്യന്‍.

നര്‍മത്തില്‍ ചാലിച്ചുള്ള ആ സംസാരം ഇനി നമുക്ക് കേള്‍ക്കാനാവില്ലല്ലോ. മലയാളത്തിന്റെ നോം ചോംസ്‌കി എന്നു വിളിക്കാമോ മാഷിനെ, അറിയില്ല. എന്തായാലും ജ്ഞാനത്തിന്റെ ഒരു കുളിര്‍നിലാവാണ് നമ്മെ വിട്ടകന്നത്. ജ്ഞാനാകാശത്തില്‍ അറിവില്ലായ്മയുടെ കാര്‍മേഘങ്ങള്‍ പടര്‍ന്നുകയറുന്ന വര്‍ത്തമാനകാലത്ത് മാഷ് വിട പറയുമ്പോള്‍ നികത്തപ്പെടാനാവാത്ത ഒരു വിടവാണ് അക്കാദമികലോകത്ത് രൂപപ്പെട്ടിട്ടുള്ളത്.

വേണുഗോപാലപ്പണിക്കര്‍ സാറിനെക്കുറിച്ച് പറഞ്ഞുകേട്ട രണ്ടനുഭവങ്ങള്‍ സൂചിപ്പിക്കട്ടേ. ആദ്യത്തെ സംഭവം കഥാകൃത്ത് സുധീഷ് മാഷ് എന്നോട് പറഞ്ഞതാണ്.

സുധീഷ്മാഷ് ഒരു പ്രസംഗമധ്യേ Home Sickness എന്ന വാക്കിന് ഗൃഹാതുരത്വം എന്ന കനമുള്ള വാക്ക് ഒക്കെ ഉപയോഗിക്കുന്നത് വല്ലാത്ത തൊന്തരവാണെന്ന് പറഞ്ഞിട്ട് മറ്റേതെങ്കിലും വാക്ക് ഈ Home Sickness നു മലയാളത്തില്‍ പറയാനുണ്ടോ എന്നു ചോദിച്ചത്രേ. സഭസ്സിലുണ്ടായിരുന്ന ഡോ.ടി.ബി വേണുഗോപാലപ്പണിക്കര്‍ സാര്‍ എഴുന്നേറ്റ് വീട്ടുനോവ് എന്നു പറഞ്ഞത്രേ. എത്ര കിറുകൃത്യമാണ് ആ വാക്ക്. മറ്റൊരു ഓര്‍മ സുഹൃത്തായ ഡോ.ബാബുരാജന്‍ നല്ലൂരങ്ങാടി പറഞ്ഞതാണ്.

കോഴിക്കോട് സര്‍വ്വകലാശാലയില്‍ അദ്ദേഹം പഠിക്കുന്ന കാലം. ഒരു ദിവസം പഠിപ്പു മുടക്കായിരുന്നു. ഗ്രൗണ്ട് വഴി വീട്ടിലേക്ക് മടങ്ങിപ്പോകവേ, അതാ എതിരേ വരുന്നു വേണുഗോപാല പണിക്കര്‍സാര്‍. എന്താ ഇന്ന് ക്ലാസ്സില്ലേ എന്നു സാര്‍ ആരാഞ്ഞപ്പോള്‍ സമരമാ സാറേ, ലാത്തിച്ചാര്‍ജും കല്ലേറുമൊക്കെ നടന്നുവെന്ന് ശിഷ്യന്റെ മറുപടി. ചിരിച്ചു കൊണ്ട് മാഷ് പറഞ്ഞത്രേ. കല്ലേറും ലാത്തിച്ചാര്‍ജും എന്നാണ് പറയേണ്ടത്. ആദ്യമുണ്ടാവുക കല്ലേറാണല്ലോ, പിന്നെയല്ലേ ലാത്തിച്ചാര്‍ജ് നടക്കുന്നത്?

ഭാഷയില്‍ പുലര്‍ന്ന ഒരു മഹാമനുഷ്യന്‍. അതായിരുന്നു വേണു മാഷ്. ക്ലീബേ വേണ്ട ബഹുക്കുറി എന്ന വ്യാകരണപ്രമാണമനുസരിച്ച് ഏഴുസുന്ദരരാത്രികള്‍ എന്നാരംഭിക്കുന്ന സിനിമാപാട്ടിലെ പ്രയോഗത്തില്‍ പിഴവുണ്ടെന്ന് മാഷ് ക്ലാസ്സില്‍ പറഞ്ഞത് ഡോ.അനില്‍ വള്ളത്തോള്‍ സൂചിപ്പിച്ചതും ഓര്‍മ്മ വരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ ഭാഷയുടെ നാഡിമിടിപ്പ് നിലച്ചതായി തോന്നിപ്പോവുന്നു.

കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ തെളിഞ്ഞ അഗ്‌നിജ്വാലകള്‍ മാഷിന്റെ ഭൗതിക ശരീരത്തെ ഭസ്മമാക്കിയെങ്കിലും അനേകം ശിഷ്യരുടെ ഹൃദയങ്ങളില്‍ മാഷ് കൊളുത്തിയ വെളിച്ചത്തെ കെടുത്തുവാന്‍ ആര്‍ക്കുമാവില്ല.ഏ. ആര്‍. രാജരാജവര്‍മയുടെയും എസ്.വി.ഷണ്മുഖത്തിന്റെയും സി.എല്‍. ആന്റണിയുടെയും വംശത്തില്‍ പിറന്ന ഈ ഗുരുനാഥന്‍ രചിച്ച വരിഷ്ടകൃതികള്‍ക്കും ഇത് ബാധകമത്രേ. വേണു സാറിന് എന്റെ ആദരാഞ്ജലി.

(കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോേളജ് മലയാള ഗവേഷണവിഭാഗം മേധാവിയും തപസ്യ കലാസാഹിത്യവേദി സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ലേഖകന്‍)

Tags: ഡോ.ടി.ബി. വേണുഗോപാലപ്പണിക്കര്‍മലയാളം
Share18TweetSendShare

Related Posts

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ആത്മീയശോഭയുടെ മുനിപ്രസാദം

ആത്മീയശോഭയുടെ മുനിപ്രസാദം

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

സംഗീത തീരത്തെ അഗ്‌നിശലഭം

സംഗീത തീരത്തെ അഗ്‌നിശലഭം

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies