അസ്തമിയ്ക്കാത്ത
നിലാവിലൂടൊറ്റയ്ക്ക്
മുറ്റത്തിറങ്ങി
നടക്കുന്നൊരോര്‍മ്മ നീ.
യാത്ര പറഞ്ഞു
നടന്നതാണെങ്കിലും
വിട്ടൊഴിയാതെ
നടക്കും നിഴലുനീ.
കണ്ണുനീര്‍ മഞ്ഞു
ചൊരിഞ്ഞ പുലരിയില്‍
സൂര്യരേണുക്കള്‍
കൊളുത്തിയ വെണ്മ നീ,
മാസ്മരമായ
വികാരപ്രപഞ്ചത്തില്‍
മാറോടുചേര്‍ന്നു
മയങ്ങും കിനാവു നീ…
മാമ്പൂമണക്കുന്ന
ചില്ലയില്‍ പൂങ്കുയില്‍-
പാട്ടിന്നു താളം
പിടിയ്ക്കുന്ന തേങ്ങല്‍ നീ,
ചുറ്റുവിളക്കു-
തെളിച്ച നാലമ്പലം
നൂറുവലംവച്ച
നൃത്തച്ചുവടു നീ…