മാര്‍ച്ച് 31 കടമ്മനിട്ടയുടെ ചരമവാര്‍ഷികമാണ്. കവി തന്റെ അവസാനകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അന്ധനായ വക്താവായതുമൂലം പൊതു സമൂഹത്തിന് അദ്ദേഹത്തോട് കുറച്ചുവിപ്രതിപത്തിയുണ്ടായി എന്നത് വാസ്തവമാണ്. പക്ഷേ അദ്ദേഹത്തിന്റെ കാവ്യ സംഭാവനകളെ വിലയിരുത്തുന്നതിന് അത് തടസ്സമായിട്ടില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തിനും മുകളിലാണ് ആ പ്രതിഭാവിലാസം. കുറച്ചുമാത്രം എഴുതിയ, വലിയ പാണ്ഡിത്യമൊന്നുമില്ലാതിരുന്ന കവി ഒരസാധാരണ പ്രതിഭാസം പോലെയാണ് നമ്മുടെ കാവ്യ നഭോമണ്ഡലത്തില്‍ അവതരിച്ചത്. കവിത ചൊല്ലുന്നതുകൊണ്ടും അതിന്റെ ഊര്‍ജ്ജം ചോര്‍ന്നു പോകാത്ത രീതിയില്‍ എഴുതാനാവും എന്ന് നമ്മളെ ബോധ്യപ്പെടുത്തിയ ഒരേയൊരു കവിയാണ് കടമ്മിട്ട. പില്‍ക്കാലത്തുണ്ടായ ചൊല്‍ കവികളെല്ലാം വെറും ചൊല്ലുകാരായി മാറിയപ്പോള്‍ അവരില്‍ നിന്നു കവിത ഇറങ്ങിപ്പോയി. എന്നാല്‍ അപൂര്‍വ്വമായ ആ ചൊല്‍വടിവ് കടമ്മനിട്ടയുടെ കവിതയുടെ തീവ്രത വര്‍ദ്ധിപ്പിച്ചതേയുള്ളൂ.
പദ്യകവനങ്ങള്‍ പോലെ തന്നെ ഗദ്യകവിതകളും അസാധാരണഭാവത്തോടെ കടമ്മനിട്ട അവതരിപ്പിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച കുറെ ഗദ്യ കവനങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പിറന്നു. ഇക്കാലത്തെ ഗദ്യകവികള്‍ പലരും ഈ കവിയുടെ കവിതകള്‍ വായിച്ചു പഠിക്കേണ്ടതായിട്ടുണ്ട്. കണ്ണൂര്‍ക്കോട്ട, മത്തങ്ങ, നഗരത്തില്‍ പറഞ്ഞ സുവിശേഷം, പശുക്കുട്ടിയുടെ മരണം, പുഴുങ്ങിയ മുട്ടകള്‍ തുടങ്ങിയവയും ഗദ്യപദ്യ മിശ്രമായ ആധുനിക ചമ്പുവായ ശാന്തയും എണ്ണം പറഞ്ഞ ഗദ്യ കവനങ്ങളാണ്. കടമ്മനിട്ടക്കവിതയെക്കുറിച്ചു പ്രത്യേകിച്ചു കാര്യമായ പഠനങ്ങളൊന്നും നടന്നതായി കാണുന്നില്ല. ഡോക്ടര്‍ കെ.എസ്. രവികുമാര്‍ കവിയുടെ പ്രതിഭയെ തിരിച്ചറിയാന്‍ ചില ശ്രമങ്ങളൊക്കെ നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും കവിയെ സമഗ്രമായി മനസ്സിലാക്കാന്‍ പര്യാപ്തമാണെന്നു പറയാനാവില്ല. സൂക്ഷ്മാന്വേഷണങ്ങള്‍ ആവശ്യപ്പെടുന്ന കവിതകളാണവ.
എല്ലാ കലാപ്രകടനങ്ങളിലും രണ്ടുരീതികളുണ്ട്. പരിശീലനം കൊണ്ട് പുഷ്ടിപ്പെടുത്തിയെടുത്ത പ്രതിഭയും നൈസര്‍ഗികമായ ഒരു പൊട്ടിയൊഴുകലും. രണ്ടാമത്തെ ഗണത്തിലാണ് കടമ്മനിട്ട ഉള്‍പ്പെടുക. ഒരു കവിയായിത്തീരുന്നതിന് രാമായണം, ഹരിനാമകീര്‍ത്തനം ഭാഗവതം തുടങ്ങിയ പാരമ്പര്യ കൃതികളില്‍ നിന്നുള്ള പദപരിചയവും പരിചയവുമല്ലാതെ വിദ്യാഭ്യാസം കൊണ്ടോ പാരായണം കൊണ്ടോ വിപുലമായ കാവ്യാനുശീലനങ്ങളൊന്നും കവിയ്ക്ക് ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ല. ജീവിതം തന്നെയായിരുന്നു മുഖ്യമായും കവിയുടെ പാഠശാല, വളരെ അവിചാരിതമായിരുന്നു അദ്ദേഹത്തിന്റെ കവനപ്രകാശനം എന്നു വേണമെങ്കില്‍ പറയാം. രചനാപരമായ താല്പര്യങ്ങള്‍ കുട്ടിക്കാലം മുതലേ ഉണ്ടായിരുന്നുവെങ്കിലും ജീവിതപ്രാരാബ്ധങ്ങളും തിക്തമായ ജീവിതാനുഭവങ്ങളും അദ്ദേഹത്തെ തന്റെ സിദ്ധികള്‍ പുറത്തെടുക്കാന്‍ അനുവദിച്ചില്ല എന്നു വേണമെങ്കില്‍ പറയാം. പിന്നെപ്പോഴോ ഒരു പ്രവാഹം പോലെ ആ കവിത പൊട്ടിയൊഴുകുകയായിരുന്നു. ചൊല്‍വടിവും കാവ്യതന്ത്രങ്ങളും ഒരുപോലെ സമ്മേളിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളം അന്ന് ഇളകിമറയുകയായിരുന്നു. കുറത്തി, കിരാതവൃത്തം, ശാന്തി, കാട്ടാളന്‍, ദേവീസ്തവം, പുരുഷസൂക്തം എന്നീ കവിതകള്‍ അരങ്ങിലും രചനയിലും അത്ഭുതം തന്നെ സൃഷ്ടിച്ചു.
അയ്യപ്പപ്പണിക്കര്‍, എം.ഗോവിന്ദന്‍ എന്നിവരില്‍ ആരംഭിച്ചു എന്നു പറയാവുന്ന മലയാള കവിതയിലെ ആധുനികത അതിനുവേണ്ടുന്ന പദാവലീവ്യതിയാനം പ്രകടമാക്കുന്നത് കടമ്മനിട്ടയിലാണ്. സമ്പൂര്‍ണ്ണമായ ആധുനികത എന്നുവേണമെങ്കില്‍ പറയാം. എല്ലാ കാവ്യപ്രസ്ഥാനങ്ങളും പുതിയ സമസ്തപദങ്ങള്‍ സൃഷ്ടിക്കുകയും ഭാഷയില്‍ നിന്നും ചില പദങ്ങളെ സവിശേഷമായി അവതരിപ്പിക്കുകയും ചെയ്യും. കാല്പനികത പിറവിയെടുത്തപ്പോള്‍ കുമാരനാശാനും എ.ആര്‍. തമ്പുരാനും വള്ളത്തോളുമൊക്കെ ഒരു കൂട്ടം സുവര്‍ണ്ണ ശബ്ദങ്ങളിലേയ്ക്ക് അനുവാചക ശ്രദ്ധ കൊണ്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ നിയോക്ലാസിക് കാലഘട്ടത്തിലുപയോഗിച്ചിരുന്ന പദസമൂഹം പൂര്‍ണ്ണമായും അവരെ വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. ആ കാലഘട്ടത്തിലെ രചനാതന്ത്രങ്ങളും ഒരു പരിധിവരെ തുടര്‍ന്നു. സംസ്‌കൃതവൃത്തങ്ങളും വൃത്തമൊപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന ബത, ഹന്ത തുടങ്ങിയ നിരര്‍ത്ഥകപദങ്ങളുമൊക്കെ അവരെ വിട്ടുപോകാതെ പിന്‍തുടര്‍ന്നു. എന്നാല്‍ ചങ്ങമ്പുഴയുടെ രംഗപ്രവേശത്തോടെ കവിത തന്നെ വലിയ അട്ടിമറിക്കു വിധേയമായി.
ചങ്ങമ്പുഴ കാല്പനികതയ്ക്ക് അനുയോജ്യമായ കുറെ സുന്ദരപദങ്ങളെ മുന്നോട്ടുകൊണ്ടുവന്നു. അതു കവിതയെ മുഴുവനായും കാല്പനിക ഭംഗിയുള്ളതാക്കി മാറ്റി. പുതുതായി പദങ്ങള്‍ സൃഷ്ടിക്കുകയായിരുന്നില്ല ചങ്ങമ്പുഴ ചെയ്തത് മറിച്ച് ജയദേവാഷ്ടപദി പോലുള്ള കൃതികളില്‍ നിന്ന് കോമള പദങ്ങള്‍ കണ്ടെത്തി കവിതയുടെ മുഖം കൂടുതല്‍ ഭംഗിയുളളതാക്കുകയാണദ്ദേഹം ചെയ്തത്. ജയദേവന്‍ തന്നെ പറഞ്ഞ ‘മധുര കോമള കാന്ത പദാവലി’യെ അദ്ദേഹം കവിതയുടെ മുഖമുദ്രയാക്കി. മലയാള കവിത പല നിരൂപകരും പറഞ്ഞതുപോലെ നൃത്തം ചെയ്യാന്‍ തുടങ്ങി.
ചങ്ങമ്പുഴ കാല്പനികതയില്‍ സൃഷ്ടിച്ച അതേ കാവ്യകലാപം തന്നെയാണ് ആധുനികതയില്‍ കടമ്മനിട്ട ചെയ്തതും. അദ്ദേഹം ഉപയോഗിച്ച വന്യവും പരുഷവുമായ പദസമൂഹം മലയാളം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും തികച്ചും നൂതനമായ ഒരനുഭവമായാണ് മലയാളിക്ക് തോന്നിയത്. പിന്നെ സംഭവിച്ചത് മലയാളകവിതയുടെ ചരിത്രത്തിലെ രണ്ടാമത്തെ മഹാസ്‌ഫോടനം എന്നുവേണമെങ്കില്‍ വിളിക്കാവുന്ന ഒന്നാണ്. രമണന്‍ കുടില്‍ തൊട്ടു കൊട്ടാരം വരെ കൊണ്ടാടിയതുപോലെ കര്‍ഷകരും തൊഴിലാളികളും സാധാരണക്കാരുമെല്ലാം കുറത്തി ഏറ്റുപാടി. രമണന്‍ കാല്പനികതയുടെ ശാലീനത പ്രദാനം ചെയ്തപ്പോള്‍ കുറത്തി ഇടിമിന്നലായാണ് അനുഭവപ്പെട്ടത്. ഇടതുതീവ്രവാദപ്രസ്ഥാനക്കാര്‍
മുടിപറിച്ചുനിലത്തടിച്ചീ കുലമടക്കും ഞാന്‍
മുലപറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍ എന്ന് ആര്‍ത്തട്ടഹസിച്ചു.
മരമൊക്കെയരിഞ്ഞവരെന്നുടെ കുലമൊക്കെ
മുടിച്ചവരവരുടെ കുടല്‍മാലകള്‍ കൊണ്ടു
ജഗത്തില്‍ നിറമാലകള്‍ തൂക്കും ഞാന്‍
കൂരലൂരിയെടുക്കും ഞാനാ കുഴലൂതിയുണര്‍ത്തും.
വീണ്ടും മഞ്ഞാടി മയങ്ങിയ ശക്തികളെത്തും ഞാന്‍ വില്ലുകുലയ്ക്കും
കുലവില്ലിനു പ്രാണഞരമ്പുകള്‍ പിരിയേറ്റിയ ഞാണേറ്റും ഞാന്‍
എന്നതും അവരുടെ വേദവചനം പോലെയായി.
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്
ഈ നാലുവരികള്‍ മുഴങ്ങാത്ത സമരപ്പന്തലുകള്‍ അക്കാലത്ത് വിരളമായിരുന്നു. അത്തരം വരികള്‍ പ്രസക്തമാക്കുന്ന സംഭവങ്ങള്‍ അക്കാലത്ത് കേരളത്തില്‍ വിരളമായിരുന്നെങ്കിലും തൊട്ടടുത്ത തമിഴ്‌നാട്ടില്‍ ദരിദ്രരായ കര്‍ഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമൊക്കെ വ്യാപകമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ പതിവായിരുന്നു. തമിഴ്‌നാട്ടിലെ കീഴ്‌വെണ്‍മണിയില്‍ 1968 ഡിസംബര്‍ 25ന് 44 പേരെ കൂലിക്കൂടുതല്‍ ചോദിച്ചതിന്റെ പേരില്‍ ജന്മിമാര്‍ ദാരുണമായി ചുട്ടുകൊന്ന സംഭവത്തിന്റെ അനുരണനം ഈ വരികളില്‍ ഉണ്ടായിരുന്നിരിക്കാം.
ഗദ്യ കവിത അരങ്ങില്‍ ഭാവഭംഗിയോടെ അവതരിപ്പിച്ച ഒരേയൊരു മലയാളകവി കടമ്മനിട്ടയാണെന്നു പറയാം. അദ്ദേഹത്തിനുശേഷം പിന്നാരും ഗദ്യകവിത ഇത്ര വൈകാരിക തീവ്രതയോടെ വേദികളില്‍ അവതരിപ്പിച്ചു കേട്ടിട്ടില്ല. കവിയരങ്ങ് കേള്‍ക്കാന്‍ ഇത്രമാത്രം ആളുകള്‍ തടിച്ചുകൂടുന്നതും പിന്നൊരിക്കലും കാണാനിട വന്നിട്ടില്ല. കുഗ്രാമങ്ങളില്‍ പോലും കടമ്മനിട്ടയുടെ അരങ്ങുകള്‍ക്ക് വലിയ ജനക്കൂട്ടമുണ്ടായിരുന്നു. പൊതുവെ സാംസ്‌കാരിക പരിപാടികളോടു, മുഖം തിരിച്ചു നിന്നിരുന്ന നഗരങ്ങളിലെ മധ്യവര്‍ഗ്ഗവും ഈ കവിയുടെ കവിത കേള്‍ക്കുന്ന കാര്യത്തില്‍ പിശുക്കുകാട്ടിയില്ല എന്നതാണു സത്യം. ഈ ലേഖകന്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തിരുവനന്തപുരം വിജെടി ഹാളില്‍ (ഇപ്പോഴത്തെ അയ്യങ്കാളി ഹാള്‍) ഒരു പന്തം മാത്രം കുത്തിവച്ച് അതിന്റെ വെളിച്ചത്തില്‍ നിന്നുകൊണ്ട് കവി കിരാതവൃത്തവും കുറത്തിയും നഗരത്തില്‍ പറഞ്ഞ സുവിശേഷവും ചൊല്ലിയത് ഇപ്പോഴും ഓര്‍മ്മ വരുന്നു. അതില്‍ മൂന്നാമത്തെ ഗദ്യകവനവും പദ്യത്തിന്റെ അതേ തീവ്രതയോടെ അനുഭവിപ്പിക്കാന്‍ കവിക്കു കഴിഞ്ഞു.
‘മക്കളുടെ മുമ്പില്‍ ഉടുതുണിയുരിഞ്ഞെറിഞ്ഞ് തെറിപ്പാട്ടുപാടി പൊട്ടിച്ചിരിക്കയും പൊട്ടിക്കരയുകയും തലയറഞ്ഞഴിഞ്ഞാടിത്തളരുകയും ചെയ്യുന്ന ഭ്രാന്തിത്തള്ളയാണീ നഗരം’ നഗരത്തെ അടയാളപ്പെടുത്തുന്ന, അതിന്റെ നൃശംസതകളെ ഇത്രമാത്രം തീവ്രമായി ആവിഷ്‌ക്കരിക്കുന്ന മറ്റൊരു കവിത ലോകസാഹിത്യത്തില്‍ത്തന്നെ വേറെയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
‘നഗര ദൈവങ്ങളുടെ നായാട്ടുകമ്പത്തിന് നായ്‌ക്കോലം കെട്ടിയാടുന്ന നപുംസകങ്ങളുടെ പടയണി ഭയപ്പാടുണ്ടാക്കുന്നു’ എന്ന വരി കവി ഉദ്ദേശിച്ച അര്‍ത്ഥത്തിലല്ലെങ്കിലും ഇന്നത്തെ കേരളത്തിന് പ്രസക്തമായതാണ്. അത്തരം നായ് കോലങ്ങളായി നമ്മുടെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഏതാണ്ടു പൂര്‍ണ്ണമായും മാറിക്കഴിഞ്ഞിരിക്കുന്നു.
”നാല്‍ക്കവലകളില്‍ പരീശന്മാര്‍ മയക്കുമരുന്നിന്റെ പൊതികള്‍ വില്പനനടത്തുന്നു” എന്നെഴുതിയത് ഇന്നത്തെ കേരളത്തിനാണല്ലോ കൂടുതല്‍ യോജിക്കുന്നത്.
‘പെരുന്തേനരുവിയുടെ സങ്കീര്‍ത്തനമോനാട്ടുമാവിന്റെ കാരുണ്യമോയില്ലാത്ത’ നഗരത്തെ നോക്കിക്കാണാന്‍ കടമ്മനിട്ടക്കാരനായ കവിയ്‌ക്കേ ഒരുപക്ഷേ കഴിയുകയുള്ളൂ. ”ഐസു കട്ടയില്‍ സൂക്ഷിക്കുന്ന മീന്‍കണ്ണിന്റെ കാഴ്ചയാണീ നഗരത്തിന് ശവക്കല്ലറകളുടെ നിറമാണീ നഗരത്തിന്” എന്നൊക്കെ നഗരത്തെ നോക്കിക്കാണാന്‍, നഗരം എന്ന മനുഷ്യവിരുദ്ധമായ ജനസഞ്ചയത്തെ തിരിച്ചറിയാന്‍ മലയാളത്തില്‍ മറ്റൊരു കവിക്കും കഴിഞ്ഞിട്ടില്ല.
‘വൈധവ്യം ബാധിച്ച വൃദ്ധയുടെ പ്രൗഢയൗവ്വനത്തിന്റെ അകാലസ്മൃതികള്‍ പോലെ’ കണ്ണൂര്‍ക്കോട്ടയിലെ പീരങ്കികളെ നോക്കിക്കാണാന്‍ ഒരു വലിയ കവിയ്‌ക്കേ കഴിയൂ. ഏതു കവിതയ്ക്കും വഴങ്ങുമെന്നും എന്നില്‍ നിന്നും ഉന്നതമായ കവിതയെ ഉരുത്തിരിച്ചെടുക്കാമെന്നും അദ്ദേഹത്തിന്റെ ‘കണ്ണൂര്‍ക്കോട്ട’ യെന്ന കവിത സാക്ഷ്യപ്പെടുത്തുന്നു. ഒരു സഞ്ചാരിയും കവിയും എത്ര വ്യത്യസ്തമായിട്ടായിരിക്കും ഒരു കാഴ്ചയെ സമീപിക്കുന്നത് അതിന്റെ ചരിത്രത്തെ ഉള്‍ക്കൊള്ളുന്നത് എന്നു തിരിച്ചറിയാന്‍ ഈ കവിത നമ്മെ സഹായിക്കും. വളരെ യാന്ത്രികമായ ഒരു യാത്രാവിവരണമെന്ന പോലെ ആയിരിക്കും ഇക്കാലത്തെ ഉത്തരാധുനിക ഗദ്യകവികള്‍ ഈ വിഷയത്തെ സമീപിക്കാനിടയുള്ളത്. എന്നാല്‍ കവിതയ്ക്ക് പദ്യത്തിന്റെയോ സംഗീതത്തിന്റെയോ പിന്തുണ ആവശ്യമില്ലെന്ന് ഇത്തരം ഗദ്യകാവ്യങ്ങളിലൂടെ കടമ്മന്‍ തെളിയിക്കുന്നു (കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ കടമ്മന്‍ എന്നാണ് വിളിച്ചിരുന്നത്).
‘അമ്മയെ വിളിച്ചു കേഴുന്നതിന്നിടയില്‍ ശ്വാസം നിലച്ചുപോയ കുട്ടിയുടെ പിളര്‍ന്ന വായ പെട്ടെന്ന് എന്റെ മുന്നില്‍ തുറക്കുന്നു’ (അവര്‍ പറയുന്നു) ‘ധരിത്രിയുടെ ഹൃദയം ഒരു നിലവിളിയായി അതിലൂടെ ഉരുകിയൊഴുകാന്‍ തുടങ്ങുന്നു!…. എന്റെ കണ്ണില്‍ തറയുന്ന അമ്പുകള്‍ എന്റെ കാഴ്ചയായി തെളിയാന്‍ തുടങ്ങുന്നു.’ ഇങ്ങനെ പോകുന്ന ‘അവര്‍ പറയുന്നു’ എന്ന കവിത ആത്യന്തികമായി മുന്നോട്ടുവയ്ക്കുന്നത് വിപ്ലവം എന്ന ഇടതുപക്ഷ കാല്പനികാശയമാണെങ്കിലും അത് അവതരിപ്പിക്കാന്‍ കവി ഉപയോഗിക്കുന്ന ബിംബങ്ങളും അവയുടെ അസാധാരണമായ സങ്കലനത്തിലൂടെ സൃഷ്ടിക്കുന്ന ഭാവപരിണാമവും അനന്യമാണ്. ഒരുപക്ഷേ കടമ്മനിട്ടയ്ക്കു മാത്രം സാധ്യമാകുന്നതുമാണ്. കവി ഇടതുപക്ഷാശയങ്ങളോടൊപ്പം നിന്നിരുന്നുവെങ്കിലും അമ്പലം നടത്തിപ്പുകാരനും ഉത്സവകമ്മറ്റിക്കാരനും സര്‍വ്വോപരി കടമ്മനിട്ടക്കാവിലെ ഭഗവതിയുടെ നിതാന്തഭക്തനുമായിരുന്നു. അതുകൊണ്ട് ഹൈന്ദവമായ ബിംബങ്ങളുടെ ധാരാളിത്തം കവിതയിലുടനീളം കാണാം. രാഷ്ട്രീയ നേതാവ് എന്ന കവിത മുഴുവനും ഇത്തരം ബിംബങ്ങളുടെ സന്നിവേശം കൊണ്ട് നിറഞ്ഞിരിക്കുന്നതുകാണാം. ‘പ്രകൃതികോപത്തില്‍ നിന്നും തന്നെയും തന്റെ ആരുഢത്തെയും കാത്തുകൊളളാന്‍ രാഷ്ട്രീയ നേതാവ് പരദേവതയേയും പരിദേശിദേവതയേയും ഉള്ളു (പൊള്ളയായി) നൊന്തു പ്രാര്‍ത്ഥിച്ചു’ എന്നു തുടങ്ങുന്ന കവിതയില്‍ രക്ഷായന്ത്രം, ഗണപതിഹോമം, ഭഗവതിസേവ, ശിവന്‍ പുറകില്‍ വിളക്ക് എന്നിവയെല്ലാമുണ്ട്.
കവിതയുടെ അക്ഷയഖനിയായ കടമ്മനിട്ടയുടെ രചനകള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്ഷപാതിത്വം മൂലം ശ്രദ്ധിക്കപ്പെടാതെ പോകുമോ എന്ന് ഒരു വായനക്കാരന്‍ എന്ന നിലയ്ക്ക് എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മാതൃഭൂമിയില്‍ (മാര്‍ച്ച് 30- ഏപ്രില്‍ 5) ബിപിന്‍ ചന്ദ്രന്‍ എഴുതിയിരിക്കുന്ന ലേഖനം ‘കടമ്മന്‍കോട്ട’ വായിച്ചപ്പോള്‍ അത്തരം ഉല്‍ക്കണ്ഠകള്‍ക്കു സ്ഥാനമില്ലെന്ന് മനസ്സിലായി. കണ്ണൂര്‍കോട്ട എന്ന കവിതയെ മുന്‍നിര്‍ത്തിയെഴുതിയ ആ ലേഖനം ശ്രദ്ധേയം തന്നെ. കവിയുടെ സ്മരണ എക്കാലത്തും നിലനില്‍ക്കുമെന്നതിന്റെ സൂചനയായി ഈ രചനയെ നമുക്കു കണക്കാക്കാം. പുതിയ തലമുറയും ആ കവിതകളുടെ മുന്നില്‍ വിസ്മയഭരിതരായിത്തന്നെയാണ് നില്‍ക്കുന്നതെന്ന് ലേഖനം സൂചിപ്പിക്കുന്നു. ബിപിന്‍ചന്ദ്രന് അഭിനന്ദനങ്ങള്‍.