Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഋഷിതുല്യനായ മഹാപുരുഷന്‍ (ധര്‍മ്മപഥത്തിലെ കാവ്യസഞ്ചാരം തുടര്‍ച്ച)

ഡോ. എസ്.നാരായണൻഡോ. എസ്.നാരായണൻ
4 April 2025

1991ല്‍ അക്കിത്തത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 10 മുതല്‍ 12 ദിവസം തപസ്യ നടത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്ര കേരളത്തിലെ സാംസ്‌കാരിക രംഗത്തെ തൊട്ടുണര്‍ത്തിയ സംഭവമായിരുന്നു. സാംസ്‌കാരിക തീര്‍ത്ഥയാത്ര എന്ന ആശയം അവതരിപ്പിച്ചതും അക്കിത്തമായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

യൗവ്വനാരംഭത്തിലെ ചോരത്തിളപ്പില്‍ ‘പ്രതികാരദേവത’ പോലുള്ള തീവ്രവിപ്ലവഗാനങ്ങള്‍ അക്കിത്തം രചിച്ചിട്ടുണ്ട്. ‘താലിച്ചരടിന്നറുക്കണം അല്ലെങ്കില്‍ മേലിലുമാത്തോലടിമതന്നെ’, ‘ദേവനാമങ്ങളായ്ത്തീരൊലാ മേലിലെന്‍ നാവുരുവിട്ടീടുമക്ഷരങ്ങള്‍’,
‘നമ്പൂതിരിസ്ത്രീകള്‍ സാളഗ്രാമത്തെ കഴുകി സമയം കളയാതെ പാടത്തേയ്ക്കിറങ്ങണം’ എന്നൊക്കെ കവിതയില്‍ അന്തര്‍ജ്ജനങ്ങളെക്കൊണ്ടു പറയിക്കുന്നുണ്ട്. അന്തര്‍ജ്ജനങ്ങളുടെ ദയനീയാവസ്ഥ കണ്ട് വേദനിക്കുന്ന കവി മനസ്സ് പുതിയൊരു സാമൂഹിക വ്യവസ്ഥയുണ്ടാവുമെന്നു സ്വപ്‌നം കണ്ടു നടന്ന കാലത്ത് കുറിച്ചിട്ട വരികളാണ്. പക്ഷേ, ‘അന്തമില്ലായ്മകൊണ്ട് എന്തൊക്കെയോ എഴുതി, കാവ്യാത്മകതയില്ലാത്ത വെറും മുദ്രാവാക്യങ്ങള്‍ പോലെയുള്ളവ’ എന്ന് അതേപ്പറ്റി പില്‍ക്കാലത്ത് കവി തന്നെ പറഞ്ഞിട്ടുണ്ട്. കല്‍ക്കത്താ തീസിസ് എന്ന ഉന്മൂലന പ്രത്യയശാസ്ത്ര ഭീഷണി ഉറക്കം കെടുത്തിത്തുടങ്ങിയപ്പോള്‍ താന്‍ അതുവരെ വിശ്വസിച്ചുപോന്ന പ്രത്യയശാസ്ത്രങ്ങളെ പുനര്‍വിചിന്തനം ചെയ്തുതുടങ്ങിയ കവി തിരിച്ചറിയുന്നു,

”കട്ടിയായിട്ടീ പ്രപഞ്ചത്തില്‍
കിട്ടിയിട്ടില്ലെനിക്കൊരു വസ്തുവും,
ഒന്നുമെല്ലെപ്പിടിച്ചു കുലുക്കിയാല്‍
മണ്ണില്‍ വീണടിയുന്നു സകലതും.”

ADVERTISEMENT

മനുഷ്യന്റെ ഉന്നമനത്തിനായി പരീക്ഷിച്ചുനോക്കിയ പ്രത്യയശാസ്ത്രങ്ങളും തത്ത്വശാസ്ത്രങ്ങളും പൊള്ളയാണെന്ന് മുപ്പതു വയസ്സിനുള്ളില്‍ തിരിച്ചറിഞ്ഞ കവി, എട്ടു വയസ്സുമുതല്‍ താന്‍ ഉരുവിട്ടു പഠിച്ച വേദമന്ത്രങ്ങളിലൂടെ മനസ്സിലൂറിക്കൂടിയ ഭാരതീയ സംസ്‌കൃതിയുടെ അമൃത ചൈതന്യത്തിലേയ്ക്കു തിരിച്ചു നടക്കുവാന്‍ തുടങ്ങുകയായിരുന്നുവെന്ന് ഹര്‍ഷന്‍ നിരീക്ഷിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും തുടര്‍ന്നുവരുന്ന രചനകളും ഇതിനു നിദര്‍ശനങ്ങളാണല്ലോ. നാവുരുവിടുന്ന അക്ഷരങ്ങള്‍ ദേവനാമങ്ങളായിത്തീരരുതേ എന്ന പ്രാര്‍ത്ഥന ഇതോടെ
‘നാവേ നിറയ്ക്കുക നാരായണാക്ഷര
നാമങ്ങളാകാശവീഥിയിങ്കല്‍’ എന്നാവുന്നു; ‘കട്ടിയാം പൊരുള്‍ വാര്‍ദ്ധക്യമില്ലാത്ത കുട്ടിയാം ഭവാന്‍ മാത്രം’ എന്ന് ഗുരുപവനപുരേശനാണ് ശാശ്വത സത്യം എന്നു ദര്‍ശിക്കുകയും ചെയ്യുന്നു.

‘എനിക്കുമുണ്ടല്ലോ ഒരു ധര്‍മ്മം’, ‘സാംസ്‌കാരികബിന്ദുക്കള്‍ തേടിയുള്ള യാത്ര’ എന്നീ രണ്ടുലേഖനങ്ങളിലായി തപസ്യയിലെ അക്കിത്തത്തിന്റെ സേവനങ്ങളെപ്പറ്റിയും നേരിടേണ്ടിവന്ന എതിര്‍പ്പുകളെപ്പറ്റിയും വിശദമായി വിവരിക്കുന്നു. ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചശേഷമാണ് അക്കിത്തം തപസ്യയുമായി അടുക്കുന്നത്. വൈകാതെ അദ്ധ്യക്ഷസ്ഥാനവും സ്വീകരിക്കേണ്ടിവന്നു. തന്റെ മൂല്യസങ്കല്പങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനമണ്ഡലമാണതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തപസ്വികളുടെ, സാധകരുടെ, കൂട്ടായ്മയായതുകൊണ്ട് ‘തപസ്യ’ എന്നു പേര്‍ വന്നതും താന്‍ അതുമായി ബന്ധപ്പെടുന്നതും ഒരു നിയോഗമായി കവി കരുതി. സൂര്യബിംബം പോലും ഒരുനാള്‍ കത്തിച്ചാമ്പലായേയ്ക്കാം. എന്നാല്‍ ‘അക്കരിയൂതിപ്പിടിപ്പിച്ചു മറ്റൊരു തീക്കട്ടയുണ്ടാക്കും സര്‍ഗ്ഗശക്തി’ എന്ന് മഹാകവി ‘ജി’ എഴുതിയിട്ടുണ്ടെന്നും ആ ശക്തിയാണ് തപസ്യ എന്നും ആത്മവിശ്വാസത്തോടെ അക്കിത്തം പ്രസ്താവിച്ചു. താനുള്‍ക്കൊണ്ട ധാര്‍മ്മികതയാവണം താന്‍ നയിക്കുന്ന സംഘടനയ്ക്കും എന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ”കാലില്‍ കടിച്ച കട്ടുറുമ്പിനെ ചവിട്ടിയരയ്ക്കാതെ കുടഞ്ഞു നിലത്തിട്ടശേഷം നോക്കിനിന്നു സഹതപിക്കാനുള്ള പ്രസന്നത സമൂഹത്തില്‍ വ്യാപിപ്പിക്കാനുള്ള കരുത്ത് തപസ്യ പകരണം; സ്‌നേഹമെന്ന അനുഭൂതിയുടെ ഗൗരീശങ്കരത്തിലേയ്ക്കുള്ള വഴിവെട്ടുകയാണ് കലാകാരന്റെ ധര്‍മ്മം, തപസ്യയുടെയും” എന്ന് തിരുവനന്തപുരത്തു നടന്ന തപസ്യയുടെ വാര്‍ഷികത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

അക്കിത്തം എന്ന പേരിന്റെ ഔന്നത്യം തപസ്യയ്ക്കു നല്‍കിയ ആഭിജാത്യം വലുതാണ്. പതിനാലുവര്‍ഷം അക്കിത്തം ഈ സാഹിത്യ-സാംസ്‌കാരിക സംഘടനയുടെ അധ്യക്ഷനായിരുന്നു. വി.എം.കൊറാത്ത്, പി.പരമേശ്വരന്‍, എം.എ.കൃഷ്ണന്‍, പ്രൊഫ.സി.കെ.മൂസ്സത്, ടി.എം.ബി. നെടുങ്ങാടി, പി.നാരായണക്കുറുപ്പ്, പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍, പ്രൊഫ.മേലത്ത് ചന്ദ്രശേഖരന്‍, ആര്‍.സഞ്ജയന്‍, പി.ബാലകൃഷ്ണന്‍, കെ.പി.ശശിധരന്‍, ശ്രീഹര്‍ഷന്‍ എന്നിവരടങ്ങുന്ന കൂട്ടായ്മ നേതൃത്വം നല്‍കിയ ആ കാലഘട്ടം തപസ്യയുടെ സുവര്‍ണ്ണകാലമായിരുന്നു. അക്കാലത്തെ അനുഭവങ്ങള്‍ പലതും ഹര്‍ഷന്‍ ഈ ഗ്രന്ഥത്തില്‍ അനുവാചകരുമായി പങ്കുവെയ്ക്കുന്നുണ്ട്. അക്കിത്തം പ്രസിഡന്റായിരുന്ന കാലത്ത് കേരളത്തിലെ പ്രമുഖ സാഹിത്യ-സംസ്‌കാരികനായകന്മാര്‍ മിക്കവരും തപസ്യയുമായി ബന്ധപ്പെട്ടിരുന്നു. ഇതരഭാഷകളിലെ ജ്ഞാനപീഠജേതാക്കളും പ്രസിദ്ധ സാഹിത്യകാരന്മാരും തപസ്യയുടെ വാര്‍ഷികസമ്മേളനങ്ങളില്‍ സംബന്ധിച്ചിരുന്നു. ”തപസ്യയുടെ വാര്‍ഷികസമ്മേളനങ്ങളില്‍ സംബന്ധിക്കുക എന്നത് തന്റെ ഒരു നേര്‍ച്ചയാണ്” എന്ന് പ്രൊഫ. സുകുമാര്‍ അഴീക്കോട് 1986ല്‍ കോട്ടയത്തു നടന്ന വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്ത് പറഞ്ഞിട്ടുണ്ട്. ഇതിന്റെ പേരില്‍ അഴീക്കോടിന് ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടിവന്നു. മറുപടി പറഞ്ഞത് അക്കിത്തമായിരുന്നു. ഈ പ്രസ്ഥാനം എന്താണെന്നും ഇതു മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാട് എന്താണെന്നും താനിതില്‍ ഭാഗഭാക്കായത് എന്തുകൊണ്ടാണെന്നും അക്കിത്തം അതില്‍ വ്യക്തമാക്കി.

തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരവേളയില്‍ അക്കിത്തവും മാടമ്പ് കുഞ്ഞുകുട്ടനും

1991ല്‍ അക്കിത്തത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 10 മുതല്‍ 12 ദിവസം തപസ്യ നടത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്ര കേരളത്തിലെ സാംസ്‌കാരിക രംഗത്തെ തൊട്ടുണര്‍ത്തിയ സംഭവമായിരുന്നു. സാംസ്‌കാരിക തീര്‍ത്ഥയാത്ര എന്ന ആശയം അവതരിപ്പിച്ചതും അക്കിത്തമായിരുന്നു. യാത്രയെപ്പറ്റി അതില്‍ ആദ്യന്തം പങ്കെടുത്ത ശ്രീഹര്‍ഷന്‍ സാംസ്‌കാരിക തീര്‍ത്ഥയാത്രയെക്കുറിച്ചുള്ള ലേഖനത്തില്‍ ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തെ ആത്മീയമായും സാംസ്‌കാരികമായും ഉണര്‍ത്തിയ സങ്കേതങ്ങള്‍ കണ്ടു വണങ്ങിയും സാംസ്‌കാരിക പരിവര്‍ത്തനങ്ങള്‍ക്ക് നായകത്വം വഹിച്ച പുണ്യാത്മാക്കളുടെ ജന്മസ്ഥലം സന്ദര്‍ശിച്ചു പുഷ്പാഞ്ജലിയര്‍പ്പിച്ചും, ജീവിച്ചിരിക്കുന്ന മഹദ്‌വ്യക്തികളെ ചെന്നുകണ്ട് ആദരിച്ചും കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ നീണ്ട ആ യാത്ര കേരളമാകെ ഏറ്റുവാങ്ങി. മറവിയാലാണ്ടുപോയ സാംസ്‌കാരിക കേന്ദ്രങ്ങളെയും പൂര്‍വ്വസൂരികളെയും ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഈ യാത്രയ്ക്ക് കഴിഞ്ഞു. വി.എം. കൊറാത്ത്, പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍, കവി പി. നാരായണക്കുറുപ്പ്, രാജന്‍ നമ്പി, യു.വിനോദ്, ആര്‍.സഞ്ജയന്‍, ശ്രീഹര്‍ഷന്‍ തുടങ്ങി പതിനഞ്ചോളം പേര്‍ യാത്രയില്‍ സ്ഥിരാംഗങ്ങളായിരുന്നു. അക്കിത്തവും പ്രൊഫ. മേലത്ത് ചന്ദ്രശേഖരനും രചിച്ച ഹരിപ്പാട് കെ.പി.എന്‍.പിള്ള സംഗീതം നല്‍കിയ ഗാനങ്ങളുടെ അകമ്പടിയോടെയായിരുന്നു യാത്ര.

കന്യാകുമാരിയില്‍ പ്രശസ്ത തമിഴ് നോവലിസ്റ്റ് സുന്ദരരാമസ്വാമി ഉദ്ഘാടനം ചെയ്ത യാത്ര കന്യാകുമാരിദേവിയെ തൊഴുത് വിവേകാനന്ദപ്രതിമയ്ക്കു മുന്നില്‍ പ്രണമിച്ച് പ്രയാണമാരംഭിച്ചു. യാത്രയിലെ അവിസ്മരണീയമായ പല അനുഭവങ്ങളും ഹര്‍ഷന്‍ ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അവയില്‍ ചിലതു നോക്കാം.

ഇതിഹാസങ്ങള്‍ പൂര്‍ണ രൂപത്തില്‍ ആദ്യമായി മലയാളത്തില്‍ രചിച്ച അയ്യപ്പിള്ളി ആശാന്റെയും അയ്യിനപ്പിള്ളി ആശാന്റെയും സ്മരണയുണര്‍ത്തുന്ന കോവളത്ത്, ആ കാവ്യപ്പെരുമയുടെ സ്മാരകമെന്നോണം ഹവ്വാബീച്ചിന്റെ പകിട്ടില്‍ പെട്ടുപോയ അനാഥമായ അയ്യപ്പക്ഷേത്രത്തിനും അവിടെ സൂക്ഷിച്ചുപോരുന്ന ചന്ദ്രവളയം എന്ന വാദ്യോപകരണത്തിനും ഏകാകിയായ കാവല്‍ക്കാരിയെപ്പോലെ കഴിയുന്ന, കവികളുടെ പിന്‍മുറക്കാരിയും വയോവൃദ്ധയുമായ ഗോമതിയമ്മ നിറക്കണ്ണുകളോടെയാണത്രെ സംഘത്തെ സ്വീകരിച്ചത്.

ധീരദേശാഭിമാനി വേലുത്തമ്പി ദളവ ആത്മാഹുതി ചെയ്ത മണ്ണടിയിലെ കളരിക്കുമുന്നില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ കുണ്ടറവിളംബരം വായിച്ചതുകേട്ട് വികാരവിവശനായ മഹാകവി അക്കിത്തം പറഞ്ഞു, വീരസ്മരണയുണര്‍ത്തുന്ന ഈ മണ്ണില്‍ നിന്ന് ഇതു വായിച്ചു കേട്ടപ്പോള്‍ എന്റെ സിരകള്‍ ഉരുക്കായിത്തീരുന്നതുപോലെ അനുഭവപ്പെടുന്നു. ദീനാനുകമ്പയ്ക്ക് തേനിന്റെ മാധുര്യം മാത്രമല്ല ഇരുമ്പിന്റെ ദാര്‍ഢ്യവുമുണ്ടെന്നു തെളിയിച്ച ആ മഹാപുരുഷന്റെ സ്മരണയ്ക്കുമുന്നിലാണ് നാം നില്‍ക്കുന്നത്.”

എസ്.രമേശന്‍നായരും അക്കിത്തവും

കൊല്ലം ജില്ലയിലെ പരവൂരില്‍ കെ.സി. കേശവപ്പിള്ളയുടെ ഭവനത്തിലേയ്ക്കുള്ള യാത്രയില്‍ ആ ഗ്രാമം മുഴുവന്‍ അക്കിത്തത്തെയും സംഘത്തെയും സ്വീകരിക്കാനെത്തിയിരുന്നു. വഴിക്കിരുവശത്തുമുളള വീടുകള്‍ക്കു മുന്നില്‍ നിറപറയും നിലവിളക്കും വെച്ച് ആബാലവൃദ്ധം ജനങ്ങള്‍ കാത്തുനിന്നു. യാത്ര കടന്നുവന്ന വഴിക്കിരുവശത്തും നിന്ന് ജനങ്ങള്‍ പൂക്കള്‍ വര്‍ഷിച്ച് യാത്രാസംഘത്തെ എതിരേറ്റു. കെ.സിയുടെ സ്മരണ നിലനില്‍ക്കുന്ന കോതേത്തുവീട്ടില്‍ എത്തിയപ്പോള്‍ അവിടത്തെ പ്രായമായ മുത്തശ്ശിയുടെ കാല്ക്കല്‍ പ്രണമിച്ചുകൊണ്ടാണ് അക്കിത്തം കെ.സി.കേശവപ്പിള്ളയെ അനുസ്മരിച്ചത്.
നിരണം കവികളുടെ സ്മരണ നിലനിര്‍ത്തുന്ന കണ്ണശ്ശന്‍ പറമ്പില്‍ നാട്ടുകാര്‍ സംഘത്തെ എതിരേറ്റത് ആ കവീശ്വരന്മാരുടെ കാലടിപതിഞ്ഞ മണ്ണ് കലശത്തിലാക്കി നല്‍കിക്കൊണ്ടാണ്. വൈക്കം ക്ഷേത്രപരിസരത്ത് വേദപണ്ഡിതന്മാര്‍ പൂര്‍ണ്ണകുംഭത്തോടെയാണ് അക്കിത്തത്തെ എതിരേറ്റത്. പാച്ചുമൂത്തതിന്റെയും വടക്കുംകൂറിന്റെയും ഭവനങ്ങള്‍ സംഘം സന്ദര്‍ശിച്ചു. വൈക്കം സത്യഗ്രഹ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങിയ ജനക്കൂട്ടമാണ് സംഘത്തിന് ആതിഥ്യമരുളിയത്.

അമ്പലപ്പുഴ ക്ഷേത്രമുറ്റത്ത് കൊറാത്ത്, പ്രൊഫ.വിശ്വംഭരന്‍ എന്നീ രണ്ടുമഹാരഥന്മാര്‍ക്കു നടുവിലിരുന്ന്, അക്കിത്തം താന്‍ വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന ഭാഗവതത്തിലെ വിവര്‍ത്തനം ചെയ്ത ഭാഗങ്ങള്‍ വായിച്ചു കേള്‍പ്പിച്ച രംഗം ഒരു പുണ്യസ്മരണയായി ഈ ഗ്രന്ഥകാരന്റെ മനസ്സില്‍ നില്‍ക്കുന്നുണ്ടത്രെ.

വൈക്കം മുഹമ്മദ് ബഷീറിനെ സന്ദര്‍ശിച്ച അക്കിത്തം അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചതും ബഷീര്‍ മഹാകവിയുടെ തലയില്‍ കൈവെച്ചനുഗ്രഹിച്ചതും കണ്ടുനിന്നവരെ വികാരഭരിതരാക്കിയത്രെ.

തുഞ്ചത്താചാര്യന്‍, ചെറുശ്ശേരി, വൈലോപ്പിള്ളി, ജി.ശങ്കരക്കുറുപ്പ്, പി.കുഞ്ഞിരാമന്‍നായര്‍, മലയാളഭാഷയ്ക്ക് മറക്കാനാവാത്ത അര്‍ണോസ്പാതിരി, ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തുടങ്ങിയവരുടെ സ്മാരകങ്ങളില്‍ എത്തി അവരുടെ സ്മരണയ്ക്കു മുന്നില്‍ പ്രണാമമര്‍പ്പിച്ച്, ദേവാലയങ്ങള്‍, മുസ്ലീം പള്ളികള്‍, കലാകേന്ദ്രങ്ങള്‍, സാംസ്‌കാരികസ്ഥാപനങ്ങള്‍, ആശ്രമങ്ങള്‍ എന്നിവ സന്ദര്‍ശിച്ച്, പ്രശസ്ത കലാകാരന്മാര്‍, ആധ്യാത്മികാചാര്യന്മാര്‍, സാഹിത്യനായകന്മാര്‍ എന്നിവരെ അവരുടെ ഭവനങ്ങളിലെത്തി ആദരിച്ച് യാത്ര തുടര്‍ന്നു. നൂറ്റിനാല്പതോളം സാംസ്‌കാരിക കേന്ദ്രങ്ങളിലൂടെ കടന്നുപോയ ആ തീര്‍ത്ഥയാത്രക്കിടയില്‍ ഒട്ടേറെ പ്രമുഖവ്യക്തികളെ ആദരിക്കുകയും വളര്‍ന്നുവരുന്ന യുവപ്രതിഭകളെ അനുമോദിക്കുകയുമുണ്ടായി. തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലുമടക്കം എല്ലായിടത്തും ഉജ്ജ്വലസ്വീകരണമാണത്രെ അക്കിത്തത്തിനും സംഘത്തിനും ലഭിച്ചത്. സഹൃദയലോകത്തിനുമാത്രമല്ല സാമാന്യ ജനങ്ങള്‍ക്കും കവിയെ അടുത്തറിയാനും സംഘടനയെ മനസ്സിലാക്കാനും ഈ യാത്ര ഏറെ പ്രയോജനപ്പെട്ടു.

അക്കിത്തത്തിന്റെ ഗദ്യലേഖനങ്ങളെപ്പറ്റിയും ‘വാര്‍ത്തികം’ മാസികയില്‍ ദീര്‍ഘകാലം അദ്ദേഹം കൈകാര്യം ചെയ്ത ‘സഞ്ചാരി ഭാവം’ എന്ന പംക്തിയിലെഴുതിയ ലേഖനങ്ങളെപ്പറ്റിയും ‘സഞ്ചാരിഭാവം’ എന്ന ലേഖനത്തില്‍ ശ്രീഹര്‍ഷന്‍ പരാമര്‍ശിക്കുന്നു. പ്രസംഗിക്കാന്‍ പോവുമ്പോള്‍ പലപ്പോഴായി തയ്യാറെടുപ്പെന്ന നിലയില്‍ എഴുതിയ കുറിപ്പുകള്‍ കെട്ടാക്കിവെച്ചിരുന്നത് എടുത്തു നല്‍കി ‘എഡിറ്റു ചെയ്ത് തലക്കെട്ടുകള്‍ നല്‍കി പ്രസിദ്ധീകരിക്കാം’ എന്നു പറഞ്ഞ് പിന്നീടൊരിക്കല്‍ അക്കിത്തം ഹര്‍ഷനു നല്‍കിയത്രെ. അലക്ഷ്യമായി കുറിച്ചവയാണെങ്കിലും ആശയപൂര്‍ണ്ണതയും തെളിഞ്ഞ ഭാഷയുമുള്ള അവ എഡിറ്റു ചെയ്ത് ലേഖനങ്ങളാക്കി ശീര്‍ഷകങ്ങള്‍ നല്‍കി വാര്‍ത്തികത്തില്‍ ‘സഞ്ചാരിഭാവ’ത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാഗവതതര്‍ജ്ജമയുടെ പശ്ചാത്തലത്തെപ്പറ്റിയും രചനാവേളയില്‍ കവിക്കു നേരിടേണ്ടിവന്ന ക്ലേശങ്ങളെപ്പറ്റിയും ഭാഗവതസപ്താഹത്തെപ്പറ്റിയുമൊക്കെ അക്കിത്തം ‘ഭാഗവതപുണ്യം’ എന്ന ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. തപസ്യയുമായി ബന്ധപ്പെട്ട് അക്കിത്തവുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചകാലത്തെ അവിസ്മരണീയമായ അനുഭവങ്ങള്‍ പലതും ‘സ്മൃതി ചിത്രങ്ങള്‍’ എന്ന ഭാഗത്ത് ചേര്‍ത്തിരിക്കുന്നു.

2008 ഒക്ടോബര്‍ 14ന് ആദ്യത്തെ വി.എം.കൊറാത്ത് പുരസ്‌കാരം പ്രശസ്ത പത്രപ്രവര്‍ത്തകനായ എം.വി.കാമത്തിനു നല്‍കുന്ന ചടങ്ങില്‍ പുരസ്‌കാരദാനം നിര്‍വ്വഹിക്കാന്‍ ലാല്‍കൃഷ്ണ അദ്വാനി എത്തിയപ്പോള്‍ തപസ്യയെ ഭാരതമാസകലം വളര്‍ത്തുക എന്ന തന്റെ സ്വപ്‌നം സഫലമായിരിക്കുന്നു എന്നാണ് ഉദ്ഘാടന പ്രസംഗത്തില്‍ അക്കിത്തം പറഞ്ഞത്. ‘പ്രധാനമന്ത്രിമാര്‍ ഭഗവദ്ഗീത പഠിച്ചവരാവണം…. കര്‍മ്മണ്യേവാധികാരസ്‌തേ മാ ഫലേഷു കദാചന’ എന്ന മന്ത്രച്ചരടിനാല്‍ നിയന്ത്രിക്കപ്പെടേണ്ടവര്‍’ എന്ന് താന്‍ ഒരു കവിതയില്‍ എഴുതിയകാര്യം സൂചിപ്പിച്ചുകൊണ്ടാണ് ഉദ്ഘാടനപ്രസംഗം ആരംഭിച്ചതുതന്നെ. ഇന്നു മലയാളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ആദരണീയനായ മഹാകവിക്കൊപ്പം അല്പസമയം ചെലവഴിക്കാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ടെന്നും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെപ്പറ്റി പരമേശ്വര്‍ജി പറഞ്ഞ് തനിക്കറിയാമെന്നും പറഞ്ഞുകൊണ്ടാണ് പുരസ്‌കാരദാനം നിര്‍വ്വഹിച്ച് അദ്വാനി പ്രസംഗം തുടങ്ങിയത്. പരിപാടി കഴിഞ്ഞശേഷം അദ്ദേഹം അക്കിത്തത്തിന്റെ അടുത്തെത്തി കൈ പിടിച്ചു; തൊഴുതു.

2009 മെയ് മാസത്തില്‍ എടപ്പാളില്‍ തപസ്യയുടെ 32-ാം സംസ്ഥാന വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയത് ആ വര്‍ഷം ചലച്ചിത്ര ശബ്ദലേഖനത്തിന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ച റസൂല്‍ പൂക്കുട്ടിയായിരുന്നു. എസ്.രമേശന്‍ നായര്‍, പി. നാരായണക്കുറുപ്പ്, എം.എ.കൃഷ്ണന്‍, അക്കിത്തം എന്നിവരൊക്കെയുണ്ട് വേദിയില്‍. നിലവിളക്കു കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്ത് മഹാകവിയുടെ കാല്‍തൊട്ടു വണങ്ങി പ്രസംഗമാരംഭിച്ച പൂക്കുട്ടി തന്റെ ജീവിതത്തിലെ ഒരസുലഭനിമിഷമാണിതെന്നും അക്കിത്തത്തില്‍ നിന്നു ലഭിച്ച സ്‌നേഹ വാത്സല്യങ്ങളും അനുഗ്രഹവും ഓസ്‌കാര്‍ പുരസ്‌കാരലബ്ധിയേക്കാള്‍ മഹത്തരമായാണ് തനിക്കനുഭവപ്പെടുന്നതെന്നും പറഞ്ഞുകൊണ്ടാണ് പ്രസംഗമാരംഭിച്ചത്. ഓസ്‌കാര്‍ വേദിയില്‍ റസൂല്‍ പൂക്കുട്ടി മുഴക്കിയത് ഭാരതീയതയുടെ പ്രഖ്യാപനമാണെന്നും, ഓങ്കാരത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ അദ്ദേഹം സത്യം തുറന്നു പറയാനുള്ള കലാകാരന്റെ ആര്‍ജ്ജവമാണ് പ്രകടിപ്പിച്ചതെന്നും ആശംസയര്‍പ്പിച്ചുകൊണ്ട് അക്കിത്തം പറഞ്ഞു.

മഹാകവി നമ്മെ വിട്ടുപോയിട്ട് രണ്ടുവര്‍ഷത്തിലേറെയായി. ഋഷിതുല്യമായ നിര്‍മമതയോടെ ഇങ്ങിനെയൊരു മഹാപുരുഷന്‍ നമുക്കിടയില്‍ ജീവിച്ചിരുന്നുവെന്ന് ഭാവിതലമുറകള്‍ മനസ്സിലാക്കേണ്ടതുണ്ട്. മലയാളിയുടെ ധാര്‍മ്മികജീവിതം നിലനില്‍ക്കാന്‍ അതാവശ്യമാണ് എന്ന ലക്ഷ്യബോധത്തോടെ ശ്രീഹര്‍ഷന്‍ രചിച്ച ഈ ഗ്രന്ഥം കോഴിക്കോട്ടെ വേദാബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. മഹാകവിയെപ്പറ്റി നമ്മള്‍ അറിയാത്ത പല കാര്യങ്ങളും ഈ ഗ്രന്ഥത്തിലൂടെ നാമറിയുന്നു. മഹാകവിയുടെ ഔന്നത്യം തിരിച്ചറിയാനും അദ്ദേഹം കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും കാണിച്ചുതന്ന ധര്‍മ്മമാര്‍ഗ്ഗത്തിലൂടെ ചരിക്കാനും വരുംതലമുറയെ അതിലൂടെ നയിക്കാനും ഇതു നമുക്കു പ്രേരണയായിത്തീരട്ടെ!

(അവസാനിച്ചു)

Tags: അക്കിത്തംധര്‍മ്മപഥത്തിലെ കാവ്യസഞ്ചാരം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies