പൂക്കുംകൊന്നകള്‍, പാടി വന്നു കിളികള്‍,
പാടത്തു പച്ചപ്പുമായ്,
വേനല്‍പ്പെയ്ത്തുമണഞ്ഞിടുന്നു വിളകള്‍
പാകത്തിനായ്‌ക്കൊയ്യുവാന്‍;
മാവും പ്ലാവുമൊരുങ്ങി, കായ്ഫലവുമായ്-
ക്കേരങ്ങള്‍തിങ്ങുന്നൊരി-
ത്തീരം സ്വര്‍ഗ്ഗസമാനമായ് വിഷുവതിന്‍
പുണ്യങ്ങള്‍ മായുമ്പൊഴും!
പാരിന്നൊക്കെയുമംശ്ശുമാന്‍ കണി-
യൊരുക്കീടുന്നുതന്‍ രശ്മിയാല്‍;
നാനാവര്‍ണ്ണമിയന്ന നൂലിഴകളില്‍
ത്തുന്നുന്നപൊന്‍പട്ടിനാല്‍,
പാരാവാരതരംഗ രാഗലയമായ്-
ക്കാറ്റിന്റെ പുല്ലാങ്കുഴല്‍-
നാദംകേട്ടുണരുമ്പോള്‍ നീലനിറവില്‍-
ക്കാര്‍വര്‍ണ്ണനെന്‍ മുമ്പിലും!
അമ്മയ്‌ക്കൊപ്പമിരുന്നൊരോണ, വിഷുനാ-
ളുണ്ണാതെയായ്, മേലിലും!
കാണ്മാ; നൊന്നു വിളക്കുവച്ചു കണിനാള്‍
കൈനീട്ടവും വാങ്ങിടാന്‍;
കര്‍മ്മംപോല്‍ക്കണിയാര്‍ പറഞ്ഞഫലവും
വന്നെത്തിടും കാലമി-
ന്നോര്‍മ്മയ്ക്കുള്ളില്‍മറഞ്ഞവര്‍ക്കുമിഴിനീ-
രര്‍ച്ചിച്ചിനിക്കാത്തിടാം
കാണാനപ്പൂനിലാവും കുയിലുകള്‍രവവും
കൊന്നതന്‍ രത്‌നവായ്പ്പും
കാണിപ്പൊന്‍ കണിനാണയങ്ങള്‍നിറയും-
കായും ഫലപ്രാപ്തിയും;
വേണംനാള്‍ കര്‍ഷകര്‍ക്കും വിഷുവതുമല
യാളത്തി, ലാസ്സംസ്‌കൃതിക്കും
വാണീടാന്‍ശാന്തിയെങ്ങും തലമുറയറി-
യാന്‍ ഭൂമിമാതിന്‍പിറന്നാള്‍!
മഞ്ഞപ്പട്ടണിയിച്ചിടാം നെറുകയില്‍-
ച്ചൂടാന്‍ മയില്‍പ്പീലിയും
കുഞ്ഞിന്‍ നെറ്റിയില്‍ ഗോപിയും കരതലേ
പുല്ലാങ്കുഴല്‍ ചേര്‍ത്തിടാം;
മഞ്ഞക്കിങ്ങിണി കര്‍ണ്ണികാരമഴകില്‍
ച്ചാര്‍ത്തിത്തൊഴാം, കണ്ണന-
ക്കുഞ്ഞിക്കാലടിചേര്‍ത്തുമെന്‍ മനമ-
തില്‍സ്സാനന്ദമാടീടുവാന്‍!