ഭാരതത്തിലെ ആഭ്യന്തരസുരക്ഷയെയും സാമൂഹിക സമത്വത്തെയും മതപരമായ സന്തുലനത്തെയും അപകടപ്പെടുത്തുന്ന നിലവിലുള്ള വഖഫ് നിയമത്തെ ഭേദഗതി ചെയ്യുന്ന ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരിക്കുകയാണ്. ഇതോടെ മതപരമായ ദാനത്തിന്റെ മറവില്‍ മതാധിനിവേശത്തിന് വഴിയൊരുക്കുന്ന ഒരു ഭീകരനിയമത്തിന് വിരാമമാവുകയാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ കൂടി ആവശ്യപ്രകാരം ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഈ സമിതി വിവിധ സംസ്ഥാന സര്‍ക്കാരുകളുമായും വഖഫ് ബോര്‍ഡുമായും അതോടൊപ്പം പ്രധാന വ്യക്തികളുമായും നിയമവിദഗ്ധരുമായുമെല്ലാം ചര്‍ച്ച ചെയ്ത് നല്കിയ നിര്‍ദ്ദേശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത ബില്ലാണ് പാര്‍ലമെന്റ് ഇപ്പോള്‍ പാസാക്കിയിരിക്കുന്നത്.
ഇസ്ലാമിക മതവിശ്വാസികള്‍ മതപരമായ ആവശ്യങ്ങള്‍ക്കായി സ്വത്ത് ദാനം ചെയ്യുകയെന്ന സങ്കല്പമാണ് വഖഫ് തത്വത്തില്‍ അടങ്ങിയിരിക്കുന്നത്. 1995 ല്‍ നരസിംഹറാവുവിന്റെ ഭരണകാലത്തും 2013 ല്‍ ഡോ. മന്മോഹന് സിംഗിന്റെ കാലത്തും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന നിയമഭേദഗതികളിലൂടെ വഖഫ് ബോര്‍ഡിന് അനിയന്ത്രിതവും അപകടകരവുമായ അധികാരങ്ങള്‍ കൈവന്നു. 1995ലെ വഖഫ് നിയമത്തിന്റെ 40-ാം വകുപ്പനുസരിച്ച് ഏതൊരു ഭൂമിയും വഖഫാണെന്ന് സ്ഥിരീകരിക്കാനുള്ള അവകാശം വഖഫ് ബോര്‍ഡുകള്‍ക്ക് കല്പിച്ചുകൊടുക്കുകയായിരുന്നു. 2013 ലെ ഭേദഗതിയിലൂടെ രാജ്യത്തെ ഏതു ഭൂമിയും വഖഫിന് അവകാശവാദമുന്നയിച്ച് പിടിച്ചെടുക്കാമെന്ന സ്ഥിതി സംജാതമായി. ഇതിനെ നീതിന്യായ കോടതികളില്‍ നിയമപരമായി ചോദ്യം ചെയ്യാനാവില്ലെന്ന അവസ്ഥയും വന്നു. അങ്ങനെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്വത്തുക്കളില്‍ പോലും വഖഫിന്റെ കഴുകന് കണ്ണുകള്‍ വട്ടമിട്ടു പറന്നു.
പല ഇസ്ലാമിക രാജ്യങ്ങളില്‍ പോലും നിലവിലില്ലാത്ത വഖഫ് ബോര്‍ഡ് എന്ന സംവിധാനം ഭാരതത്തില്‍ വിപല്‍ക്കരവും വിവേചനപരവുമായ രീതിയാലാണ് പ്രവര്ത്തിച്ചുപൊന്നിരുന്നത്. മുസ്ലിം സമുദായത്തിലെ പല അവാന്തര വിഭാഗങ്ങള്‍ക്കും ഇതില്‍ പരിഗണനയോ പരിരക്ഷയോ ലഭിച്ചിരുന്നില്ല. പഴയ നിയമപ്രകാരം വഖഫ് ഭൂമികള്‍ നിര്‍ണ്ണയിക്കാനുള്ള അധികാരം വഖഫ് ബോര്‍ഡില്‍ നിക്ഷിപ്തമായിരുന്നു. എന്നാല്‍ പുതിയ നിയമത്തില്‍ ഈ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. രാജ്യത്ത് അഴിമതിയുടെയും അധീശത്വത്തിന്റെയും കൂത്തരങ്ങായി ഈ സംവിധാനം അധ:പതിക്കുകയായിരുന്നു. മുനമ്പത്തെ ഭൂമി പോലും വഖഫ് ആണെന്ന് പ്രഖ്യാപിച്ചത് വഖഫ് ബോര്‍ഡായിരുന്നു. മുനമ്പത്ത് സ്വത്ത് അന്യാധീനപ്പെടുന്ന അറുനൂറിലേറെ കുടുംബങ്ങള്‍ക്ക് ഇനി നീതിക്കായി കോടതിയെ സമീപിക്കാന്‍ കഴിയും. പുതിയ ഭേദഗതിലൂടെ മുനമ്പം പോലുള്ള അധിനിവേശത്തിന്റെ അപകടമുനമ്പുകള്ക്ക് രാജ്യത്ത് അറുതിയാവുകയാണ്. പുതിയ നിയമം നിലവില്‍ വരുന്നതോടെ അനീതികള്‍ അവസാനിക്കുകയും വഖഫ് ബോര്‍ഡിന്റെ അനിയന്ത്രിതമായ അധികാരങ്ങള്‍ റദ്ദാക്കപ്പെടുകയുമാണ്. പഴയ വഖഫ് നിയമത്തിലെ സെക്ഷന്‍ 40 പുതിയ ബില്ലില്‍ നീക്കം ചെയ്തിട്ടുണ്ട്. നേരത്തെ വഖഫ് ആയി കണക്കാക്കിയിരുന്ന സര്‍ക്കാര്‍ സ്വത്തുക്കള്‍ പുതിയ നിയമത്തിലൂടെ വഖഫില്‍ നിന്ന് മുക്തമാകും. വഖഫ് സര്‍വ്വേ നടത്താനുള്ള അധികാരം സംസ്ഥാനത്തെ റവന്യൂ നിയമപ്രകാരം ജില്ലാ കളക്ടര്‍ക്കായിരിക്കും. ഇതിലൂടെ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കപ്പെടും.
വഖഫ് നിയമഭേദഗതിയെ രാഷ്ട്രീയ ഉപകരണമാക്കുകയും അതിനെ വര്‍ഗീയ പ്രചാരണങ്ങള്‍ക്കുള്ള ഉപാധിയാക്കുകയും ചെയ്യുന്നതിലൂടെ മുസ്ലിം വോട്ടുബാങ്കിനെ തങ്ങളിലേക്ക് ആകര്‍ഷിക്കാമെന്നാണ് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കരുതുന്നത്. വഖഫ് ഭേദഗതി ബില്‍ എന്‍ഡിഎയില്‍ ആശങ്കയും അഭിപ്രായഭിന്നതയും സൃഷ്ടിക്കുമെന്നായിരുന്നു പ്രതിപക്ഷ കക്ഷികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രാജ്യസഭയില്‍ ഭരണപക്ഷം പ്രതീക്ഷിച്ചതിലുമേറെ വോട്ടുകളാണ് ബില്ലിന് അനുകൂലമായി ലഭിച്ചത്. ന്യൂനപക്ഷ സംരക്ഷണത്തിന്റെ വായ്ത്താരികള്‍ മുഴക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭ ഒറ്റക്കെട്ടായി വഖഫ് നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയിരുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ അഭിപ്രായമോ വികാരമോ പരിഗണിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായതുമില്ല. മുനമ്പത്തെ ആയിരക്കണക്കിനു സാധാരണക്കാരുടെ കണ്ണീരും വേദനയും ഉള്‍ക്കൊണ്ടുകൊണ്ട് അവര്‍ക്കു നീതി ലഭിക്കാന്‍ എത്രയും പെട്ടെന്ന് വഖഫ് നിയമ ഭേദഗതി നടപ്പാക്കാനും അതിനായി കേരളത്തിലെ പ്രതിപക്ഷ എംപിമാര്‍ ഒറ്റക്കെട്ടായി ഭേദഗതിയെ അനുകൂലിക്കാനും കെസിബിസി ആവശ്യപ്പെട്ടിരുന്നു. നേരത്തെ പാര്‍ലമെന്റിനു പുറത്ത് ഈ നിയമ ഭേദഗതി ബില്ലിനെ നഖശിഖാന്തം എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് നേതാവും ലോകസഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ സഭാ ചര്‍ച്ചകളില്‍ പങ്കെടുക്കാതിരുന്നതും പ്രിയങ്ക പാര്‍ലമെന്റില്‍ തന്നെ വരാതിരുന്നതും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അവസരം കിട്ടുമ്പോഴെല്ലാം വിദേശ വേദികളില്‍ചെന്ന് ഭാരതത്തെയും അതിന്റെ ജനാധിപത്യ പ്രക്രിയകളെയും നിരന്തരം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന രാഹുല്‍ പാര്‍ലമെന്റിലെ സുപ്രധാനമായ ഒരു ബില്ലവതരണ ചര്‍ച്ചയില്‍ നിന്ന് തന്ത്രപരമായി ഒഴിഞ്ഞുനിന്നത് അവസരവാദപരമായ ഇരട്ടത്താപ്പാണ്.
വഖഫ് ഭേദഗതി ബില്‍ പാസായത് നിര്‍ണായക നിമിഷമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടത്. അവസരങ്ങള്‍ നിഷേധിക്കപ്പെട്ട് ദീര്‍ഘകാലമായി പാര്ശ്വവത്കരിക്കപ്പെട്ടിരുന്നവര്ക്ക് ബില്‍ സഹായമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 മുതല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ സ്വീകരിച്ചുപോന്ന ശക്തമായ നടപടികളുടെ തുടര്‍ച്ചയാണ് വഖഫ് ഭേദഗതി ബില്ലിലും ഉണ്ടായിരിക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയും പൗരാവകാശങ്ങളും സംരക്ഷിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന അഭിനന്ദനാര്‍ഹമായ ഈ നിയമഭേദഗതിയെ ജാതിമത രാഷ്ട്രീയ ഭേദമന്യേ ജനാധിപത്യവിശ്വാസികളെല്ലാം സര്‍വ്വാത്മനാ പിന്തുണയ്ക്കുകയാണ് വേണ്ടത്.