വൈക്കം എന്നത് കേവലം ഒരു സ്ഥലപ്പേരല്ല. ഭാരതത്തിനാകെ മാതൃക സൃഷ്ടിച്ച സാമൂഹ്യവിപ്ലവം നടന്ന മണ്ണാണത്. വരേണ്യജാതി ബോധത്തിനുമേല്‍ ജാത്യതീതമായ മാനവികബോധം വിജയം വരിച്ച വൈക്കം സത്യഗ്രഹത്തിന്റെ സ്മരണകളിരമ്പുന്നമണ്ണ്. വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുനിരത്തിലൂടെ അവര്‍ണ്ണരെന്ന് കല്‍പ്പിച്ച് അകറ്റി നിര്‍ത്തിയിരുന്ന സനാതനധര്‍മ്മ സന്താനങ്ങള്‍ക്ക് വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടി നടന്ന പോരാട്ടത്തെയാണ് വൈക്കം സത്യഗ്രഹമെന്ന് നാം വിളിക്കുന്നത്. 1924 മാര്‍ച്ച് 30ന് തുടങ്ങിയ സത്യഗ്രഹം 603 ദിവസങ്ങള്‍ നീണ്ടു നിന്നെങ്കിലും ക്ഷേത്ര നിരത്തില്‍ സഞ്ചാരസ്വാതന്ത്രൃം നേടി വിജയകരമായി പരിസമാപിച്ചു. അവര്‍ണ്ണന്റെ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണ്ണ ജാഥ ആരംഭിച്ചതും വൈക്കത്തുനിന്നായിരുന്നു. പിന്നീട് ക്ഷേത്രപ്രവേശന വിളംബരത്തോളമെത്തിയ നിരവധി പരിവര്‍ത്തനങ്ങള്‍ക്ക് വൈക്കം സത്യഗ്രഹം കാരണമായി. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരുദേവന്‍, മന്നത്തു പത്മനാഭന്‍ തുടങ്ങി നിരവധി സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കള്‍ ഇടപെട്ട സാമൂഹ്യനവോത്ഥാനത്തിന്റെ ഉജ്ജ്വല മാതൃകയായിരുന്ന വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി കാലത്ത് മറ്റൊരു വിപ്ലവകരമായ തീരുമാനത്തിന് വൈക്കം സാക്ഷിയാവുകയാണ്. വൈക്കം മഹാദേവക്ഷേത്രത്തില്‍ പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്തിവരാറുള്ള വടക്കു പുറത്ത് പാട്ട് ഈ വര്‍ഷം ഏപ്രില്‍ 2 ന് ആരംഭിച്ച് 13ന് സമാപിക്കുകയാണ്. മഹാകുംഭമേള പോലെ പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ വരുന്ന ഈ മഹോത്സവത്തോടനുബന്ധിച്ച് നിലനിന്നിരുന്ന ഒരു ദുരാചാരം അവസാനിപ്പിക്കുവാന്‍ ഇത്തവണ അതിന്റെ ആഘോഷസമിതി എടുത്ത തീരുമാനം ഏറെ ശ്രദ്ധേയമായിരിക്കുന്നു. ക്ഷേത്രത്തിന്റെ വിശാലമായ വടക്കെമുറ്റത്ത് പന്തലിട്ട് പഞ്ചവര്‍ണ്ണപ്പൊടികള്‍ കൊണ്ട് തീര്‍ക്കുന്ന ഭദ്രകാളി കളം കണ്ട് തൊഴുത് അനുഗ്രഹം നേടാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് എത്തിച്ചേരുന്നത്. പഴയ കാലത്ത് നാട്ടിലാകെ വസൂരി പടര്‍ന്നു പിടിച്ചപ്പോള്‍ മാരിയമ്മയായ കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിച്ച് കളംപാട്ട് നടത്തി പ്രീതിപ്പെടുത്തുവാനായി ആരംഭിച്ച അനുഷ്ഠാനമാണ് പിന്നീട് വടക്കുപുറത്ത്പാട്ട് എന്ന് പ്രഖ്യാതമായി തീര്‍ന്നത്. പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന കളംപാട്ട് അനുഷ്ഠാനത്തിന്റെ അവസാന ദിവസം അറുപത്തിനാല് കൈകളുള്ള ഉഗ്ര ഭദ്രകാളീരൂപമാണ് വരയ്ക്കുന്നത്. ഇത് കേരളത്തിലെ ഭഗവതി കാവുകളില്‍ വരയ്ക്കുന്നവയില്‍വച്ച് ഏറ്റവും വലിയ ഭദ്രകാളി കളമായാണ് അറിയപ്പെടുന്നത്. കളംപാട്ട് കാലത്ത് എല്ലാ ദിവസവും ദേവീപ്രീതിക്കായി നടത്തുന്ന താലപ്പൊലിയില്‍ വ്രത വിശുദ്ധിയോടെ 64 വനിതകള്‍ കുത്തുവിളക്കെടുത്ത് ഭഗവതിയെ എതിരേറ്റ് ആനയിക്കുന്ന ആചാരമുണ്ട്. ഓരോ ദിവസവും വിഭിന്ന ജാതിക്കാരുടെ എതിരേല്‍പ്പ് താലപ്പൊലികളാണ് ഇക്കാലമത്രയും നടന്നു വന്നിരുന്നത്. നിലവില്‍ 12 ദിവസങ്ങളില്‍ 6 ദിവസവും ഒരു സമുദായ സംഘടനയില്‍ പെട്ട സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന താലപ്പൊലികളാണ് നടന്നിരുന്നത്. ബാക്കി ആറു ദിവസങ്ങളിലെ എതിരേല്‍പ്പ് താലപ്പൊലി മറ്റ് ചില ജാതി സംഘടനകള്‍ക്ക്, അപേക്ഷ നല്‍കുന്ന മുറയ്ക്ക് വീതിച്ച് നല്‍കിയിരുന്നു. ബഹുഭൂരിപക്ഷം ജാതി സമുദായങ്ങള്‍ക്കും ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെ അവകാശം കിട്ടിയിരുന്നില്ല. വൈക്കം സത്യഗ്രഹത്തിന്റെ മണ്ണില്‍ ജാതീയമായ ഒരു വേര്‍തിരിവും മേലില്‍ വേണ്ട എന്ന് തീ രുമാനിച്ച ഈ വര്‍ഷത്തെ ആഘോഷസമിതി ജാതി താലപ്പൊലികള്‍ക്ക് പകരം ദേശതാല പ്പൊലികള്‍ മതിയെന്ന ധീരമായ തീരുമാനം കൈക്കൊണ്ടു. എല്ലാ സമുദായ വിഭാഗങ്ങളുമാ യും ചര്‍ച്ച ചെയ്ത് യുഗാനുകൂലമായ ആചാരപരിവര്‍ത്തനം വരുത്താന്‍ വൈ ക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ട് ആഘോഷസമിതി എടുത്ത തീരുമാനം അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്. ജാതി വേര്‍തിരിവുകള്‍ക്കെതിരെ നടന്ന വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വര്‍ഷം സമൂഹത്തിനു നല്‍കിയ ആരോഗ്യകരമായ സന്ദേശമാണ് ഇത്. ഹിന്ദു മതാനുഷ്ഠാനങ്ങള്‍ കാലാകാലങ്ങളില്‍ ഇതുപോലെ പരിഷ്‌ക്കരണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ് അത് സനാതനമായി തുടരുന്നത്. സ്വയം നവീകരണ ക്ഷമത എപ്പോള്‍ നശിക്കുന്നുവോ അപ്പോള്‍ മതം ജീര്‍ണ്ണിച്ച് നശിക്കും. നവോത്ഥാനാചാര്യന്മാരുടെ ആത്മാവുകള്‍ ഇത്തരം പരിഷ്‌ക്കരണ തീരുമാനങ്ങളില്‍ പുളകം കൊള്ളുന്നുണ്ടാവണം.
ഇനിയും മാറേണ്ട പലതും ഹിന്ദു മതാചാരങ്ങളുടെയും ഉത്സവങ്ങളുടെയും ഭാഗമായി ഇപ്പോഴും കൊണ്ടു നടക്കുന്നവരുണ്ട്. വടക്കു പുറത്ത് പാട്ടിന്റെ ആഘോഷസമിതി ചെയ്തതുപോലെ പ്രാദേശിക ഉത്സവാഘോഷസമിതികള്‍ ആചാര്യന്മാരുമായും ഭക്തജനങ്ങളുമായും ചര്‍ച്ച ചെയ്തും ജനങ്ങളെ ബോധവല്‍ക്കരിച്ചും അനിവാര്യമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തേണ്ടതാണ്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ധനനഷ്ടവും ജീവഹാനിയുമുണ്ടാക്കിക്കൊണ്ടിരിക്കുന്ന കരിയും കരിമരുന്നും നമുക്കാവശ്യമില്ലെന്ന് ശ്രീനാരായണ ഗുരുദേവനും ഭാരതകേസരി മന്നത്തു പത്മനാഭനുമടക്കം നിരവധി സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ കേരളത്തിലെ പൊതു ഹിന്ദുസമൂഹം അതിന് പാകപ്പെട്ടിട്ടില്ല എന്ന ദുഃഖസത്യം അവശേഷിക്കുകയാണ്. ഉത്സവപ്പറമ്പുകളെ ചോരക്കളമാക്കുന്ന ആന ദുരന്ത വാര്‍ത്തകള്‍ പ്രതിദിനം വന്നുകൊണ്ടിരിക്കുകയാണ്. മിക്ക ക്ഷേത്രങ്ങളും രാജാക്കന്മാരുടെയോ, നാടുവാഴികളുടെയോ അധീനതയിലായിരുന്നതുകൊണ്ട് ദേവതമാര്‍ക്ക് രാജോപചാരം നല്‍കുക എന്ന വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ആനപ്പുറത്ത് എഴുന്നള്ളത്ത് ആരംഭിച്ചത്. ജനപങ്കാളിത്തത്തോടെ തയ്യാറാക്കുന്ന രഥങ്ങളിലോ, കെട്ടുകാഴ്ചകളിലോ, ജീവതകളിലോ മൂര്‍ത്തികള്‍ എഴുന്നള്ളുന്നതില്‍ ഒരു തരക്കേടുമില്ലെന്നു മാത്രമല്ല ഉത്സവങ്ങള്‍ കൂട്ടായ്മയുടെ ആഘോഷങ്ങള്‍ ആകുകയും ചെയ്യും. ചെട്ടികുളങ്ങര കെട്ടുകാഴ്ചയും മച്ചാട് മാമാങ്കവുമൊക്കെ എത്ര ആവേശത്തോടെയാണ് ജനങ്ങള്‍ നടത്തുന്നത്.
വിശ്വാസ വികാരങ്ങളെ വേദനിപ്പിക്കാതെ കാലക്രമേണ നടത്തേണ്ട പരിഷ്‌ക്കരണങ്ങളില്‍ മറ്റൊന്നാണ് നാലമ്പലത്തിനുള്ളില്‍ കടക്കാന്‍ പുരുഷന്മാര്‍ മേല്‍വസ്ത്രം അഴിച്ചു മാറ്റണമെന്ന ആചാരം. സ്ത്രീകളും പുരുഷന്മാരും വൃത്തിയും വെടിപ്പുമുള്ള വസ്ത്രം ധരിച്ച് ക്ഷേത്രാരാധനയ്‌ക്കെത്താന്‍ അനുവദിക്കേണ്ടതാണ്. ആനപ്പൂരങ്ങള്‍ പുതിയതായി ആരംഭിക്കാതിരിക്കാനും നിലവില്‍ നടക്കുന്നവയിലെ ആനകളുടെ എണ്ണം കുറച്ചു കൊണ്ടുവരുവാനും ഭക്തജനങ്ങള്‍ക്ക് പ്രാദേശികമായി തീരുമാനിക്കാവുന്നതേ ഉള്ളു. തൃശ്ശൂര്‍ പൂരം പോലെയുള്ള ലോക പ്രസിദ്ധമായ ചില ആനപ്പൂരങ്ങള്‍ ജനങ്ങളുടെ സുരക്ഷയും മൃഗക്ഷേമവും ഉറപ്പു വരുത്തി എ ങ്ങിനെ നടത്താമെന്ന് ഭക്തജനങ്ങള്‍ കൂടിയാലോചനകളിലൂടെ തീരുമാനിക്കട്ടെ. ക്ഷേത്രങ്ങളും മൂര്‍ത്തികളുമൊക്കെ മനുഷ്യമനസ്സില്‍ ശാന്തിയും സമാധാനവും സന്തോഷവും ഉണ്ടാക്കാനുള്ള കേന്ദ്രങ്ങളാണ്. വേര്‍തിരിവും പൊങ്ങച്ചവും ധൂര്‍ത്തും കാട്ടാനുള്ള കേന്ദ്രങ്ങളല്ല ആരാധനാലയങ്ങള്‍. വെടിക്കെട്ട് ദുരന്തവും ആനക്കലിയും ജാതി വേര്‍തിരിവും കൊണ്ട് മലിനമാക്കേണ്ട സ്ഥലങ്ങളല്ല ക്ഷേത്രസങ്കേതങ്ങള്‍. വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കു പുറത്ത് പാട്ട് ആഘോഷസമിതിക്കുണ്ടായതുപോലുള്ള വീണ്ടുവിചാരങ്ങള്‍ ഓരോ ക്ഷേത്ര ഭരണ സമിതിക്കും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ധീരമായ തീരുമാനമെടുത്ത് ഹിന്ദു സമൂഹത്തെ ജാതിക്കതീതമാക്കുവാന്‍ ശ്രമിച്ച വടക്കുപുറത്തു പാട്ട് സമിതിക്ക് കേസരിയുടെ അഭിനന്ദനങ്ങള്‍.