കാശ്മീരിനെയും കേരളത്തെയും ഭാരതത്തിന്റെ ദേശീയ മുഖ്യധാരയില്‍ നിന്നു രാഷ്ട്രീയമായും സാംസ്‌കാരികമായും അടര്‍ത്തിമാറ്റി തങ്ങളുടെ ആഗോള സാമ്രാജ്യത്വത്തോട് സഖ്യം ചേര്‍ക്കുകയെന്നത് ഇസ്ലാമിസ്റ്റുകളുടെ പ്രഖ്യാപിതലക്ഷ്യമാണ്. രാഷ്ട്രീയ മാധ്യമ മേഖലകളില്‍ സ്വാധീനമുറപ്പിച്ചുകൊണ്ട് ഇതിനനുസൃതമായ വിധത്തില്‍ കേരളത്തിന്റെ പൊതുബോധത്തെ രൂപപ്പെടുത്താനുള്ള കൃത്യമായ പദ്ധതികളും പരിപാടികളും അവര്‍ വളരെക്കാലമായി ആസൂത്രണം ചെയ്തുവരികയാണ്. സിഎഎ വിരുദ്ധ സമരത്തിന്റെയും പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെയുമൊക്കെ മറവില്‍ കേരളത്തില്‍ ഇസ്ലാമിസ്റ്റുകള്‍ മതരാജ്യസ്ഥാപനത്തിന്റെ പെരുമ്പറ മുഴക്കമാണ് നടത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തൃത്താല പള്ളി വാര്‍ഷിക ഉറൂസിന്റെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനു പിന്നിലും മതഭീകരവാദികളുടെ ഒളിയജണ്ടകളാണ് തെളിഞ്ഞുകാണുന്നത്.
ഹമാസ് നേതാക്കളായ യഹ്യ സിന്‍വാറിന്റെയും ഇസ്മായില്‍ ഹനിയെയുടെയും ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെയും ചിത്രങ്ങളാണ് ഒരു കൂട്ടം യുവാക്കള്‍ ‘തറവാടികള്‍, തെക്കേഭാഗം’ എന്ന കൂട്ടായ്മയുടെ ബാനറില്‍ ആനപ്പുറത്ത് പ്രദര്‍ശിപ്പിച്ചത്. ഭരണപ്രതിപക്ഷത്തെ ചില പ്രമുഖ നേതാക്കളും ഈ പരിപാടിയില്‍ അതിഥികളായി എത്തിയിരുന്നു. മതഭീകരവാദത്തിന്റെ പ്രയോക്താക്കളായ ഹമാസിനെ മഹത്വവല്‍ക്കരിക്കാനുള്ള പരിശ്രമം കേരളത്തില്‍ ആദ്യത്തേതല്ല. ഏറെക്കാലത്തെ സമാധാനത്തിനുശേഷം 2023 ഒക്ടോബര്‍ 7 ന് അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെ തുടര്‍ന്നാണ് ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം പുനരാരംഭിക്കപ്പെട്ടത്. എന്നാല്‍ ഈ വസ്തുത മറച്ചുപിടിച്ചുകൊണ്ട് മതഭീകരവാദികളെ പ്രീണിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളം പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം മത്സരിക്കുകയായിരുന്നു. ഐഎസ്സിനെയും അല്‍ ഖ്വയ്ദയെയും പോലെ പലസ്തീന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന, ഇസ്ലാമിക ഭീകര സംഘടനയായ ഹമാസിനെ വെള്ളപൂശാന്‍ കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളും മാധ്യമങ്ങളും വല്ലാതെ അധ്വാനിക്കുകയാണ്. നേരത്തെ കോണ്‍ഗ്രസും സിപിഎമ്മും ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഒക്കെ ഇവിടെ സ്വന്തം ബാനറില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ നടത്തിയിരുന്നു. ദേശീയതലത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തയ്യാറാവാതിരുന്ന കോണ്‍ഗ്രസ്, കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ കെപിസിസിക്ക് അനുവാദം നല്‍കി. കോഴിക്കോട് വെച്ച് നടന്ന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തവേ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണമാണ് യഥാര്‍ത്ഥ സംഘര്‍ഷ കാരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ ശശി തരൂര്‍ തുറന്നു പറഞ്ഞിരുന്നു. അതോടെ ശശി തരൂരിനെ പിന്നീട് നടന്ന യോഗങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കുകയായിരുന്നു. 2023 ഒക്ടോബര്‍ 27 ന് മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പൊതുയോഗത്തെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തുകൊണ്ട് ഹമാസിന്റെ മുന്‍ തലവനായ ഖാലിദ് മഷാല്‍ പ്രസംഗിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കേരള സര്‍വകലാശാല കലോത്സവത്തിന് ഹമാസ് പോലുള്ള സായുധ സംഘങ്ങളുമായി ചരിത്രപരമായി ചേര്‍ന്നുനില്‍ക്കുന്ന ‘ഇന്‍തിഫാദ’ പേരും ഇസ്രായേലിന് മേല്‍ പാലസ്തീന്റെ സ്‌കാര്‍ഫ് വീണു കിടക്കുന്ന ലോഗോയും നല്‍കിയിരുന്നു. സംഭവം വിവാദമായപ്പോള്‍ വൈസ് ചാന്‍സലര്‍ തന്നെ ഇടപെട്ട് ഇത് നീക്കം ചെയ്യുകയായിരുന്നു.
ലോകം മുഴുവന്‍ ഹമാസിനെതിരെ നിലപാടെടുക്കുമ്പോള്‍ പാകിസ്ഥാനോടൊപ്പം കേരളത്തിലും അവര്‍ക്ക് അനുകൂലമായ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടക്കുകയാണ്. പാകിസ്ഥാന്‍ എന്തുകൊണ്ടാണ് ഹമാസിനെ പിന്തുണയ്ക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 5 ന് ഹമാസും പാക് അധീന കശ്മീരിലെ ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെഎം), ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) എന്നീ ഭീകര സംഘടനകളുമായി കൈകോര്‍ത്തു. റാവലക്കോട്ടിലെ ഷഹീദ് സാബിര്‍ സ്റ്റേഡിയത്തില്‍ നടന്ന ‘കശ്മീര്‍ സോളിഡാരിറ്റി ആന്‍ഡ് ഹമാസ് ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ലഡ് കോണ്‍ഫറന്‍സ്’ എന്ന പരിപാടിയിലാണ് ജെയ്‌ഷെ-ഇഎമ്മിലെ ഒരു ഭീകരന്‍ വേദിയില്‍ നിന്ന് ഹമാസും പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകളും ഒന്നിച്ചതായി പ്രഖ്യാപിച്ചത്. ഈ സമ്മേളനത്തില്‍ ഭാരത പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും തങ്ങളുടെ മുഖ്യശത്രുക്കളായി ഭീകരര്‍ പ്രഖ്യാപിച്ചിരുന്നു എന്നുകൂടി ഓര്‍ക്കണം. നേരത്തെ പാകിസ്ഥാനിലെ ജമിയ്യത്ത് ഉലമ ഇ ഇമാം തലവന്‍ മൗലാന സലൂര്‍ റഹ്മാനും സംഘവും ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയുമായും മുന്‍ മേധാവി ഖാലിദ് മിഷേലുമായും ഖത്തറില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 2023-ല്‍ ഇസ്മായില്‍ ഹനിയെ, പാലസ്തീനെയും കശ്മീരിനെയും പിന്തുണച്ച് എല്ലാ ഇസ്ലാമിസ്റ്റുകളും ഒന്നിക്കണമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ വസ്തുതകളെല്ലാം നിലനില്‍ക്കുമ്പോഴാണ് ഹമാസിന് പിന്തുണ നല്‍കിക്കൊണ്ട് തൃത്താലയില്‍ നടന്ന മതപരമായ ആഘോഷത്തിനിടെ ഒരു കൂട്ടര്‍ രംഗത്ത് വന്നത്.
കേരളത്തിലെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മതഭീകരവാദത്തിന് നല്‍കിവരുന്ന നിര്‍ലോഭമായ പിന്തുണയാണ് ഹമാസിനെ പരസ്യമായി അനുകൂലിക്കാന്‍ ജിഹാദികള്‍ക്ക് ധൈര്യം പകരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാശ്മീരില്‍ ഭാരത സൈന്യത്തെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയത് മലയാളികളായിരുന്നു. ഇറാഖിന്റെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ചേര്‍ന്ന് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. കേരളത്തിലെ ഒരു സര്‍വകലാശാലയുടെ സിലബസില്‍ അല്‍-ഖ്വയ്ദ ഭീകരന്‍ അല്‍ റുബായിഷിന്റെ കവിത ഇടംപിടിക്കുകയുണ്ടായി. കേരളത്തില്‍ മതഭീകരവാദത്തിന് മാന്യത കല്‍പ്പിക്കുന്ന സാമൂഹ്യ അന്തരീക്ഷം രൂപപ്പെടുത്തിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മതപ്രീണനം മറയാക്കിയ രാഷ്ട്രീയ മുന്നണികള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. താലിബാനെ വിസ്മയമെന്നു വാഴ്ത്താന്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് മടിയില്ല. അടുത്തിടെ ബംഗ്ലാദേശില്‍ അരങ്ങേറിയ ഹിന്ദു വംശഹത്യയെ ‘ജനാധിപത്യത്തിന്റെ വസന്തവിപ്ലവം’ എന്നാണ് ഒരു മുഖ്യധാരാ ദിനപത്രം വിശേഷിപ്പിച്ചത്. ഇസ്രായേലില്‍ കടന്ന് യഹൂദ സ്ത്രീകളെ മാനഭംഗം ചെയ്ത ഹമാസിന്റെ നടപടിയെ ഇക്കൂട്ടര്‍ മഹത്തായ മനുഷ്യാവകാശ പ്രവര്‍ത്തനമായി ചിത്രീകരിക്കുകയും ഇസ്രായേലിന്റെ തിരിച്ചടിയില്‍ ഹമാസ് തീവ്രവാദികള്‍ മരിച്ചു തുടങ്ങിയപ്പോള്‍ വിലാപകാവ്യങ്ങള്‍ രചിക്കുകയും ചെയ്തു. ഇസ്ലാമിക ഭീകരവാദികള്‍ പെട്രോ ഡോളറുകള്‍ നല്‍കി വിലക്കെടുത്ത മാധ്യമങ്ങള്‍ ഹമാസിനെ സ്വാതന്ത്ര്യ പോരാളികളെന്ന് വാഴ്ത്തുകയാണ്. ഇടതുപക്ഷവും വലതുപക്ഷവും മാധ്യമപക്ഷവുമെല്ലാം ചേര്‍ന്ന് ഹമാസിന്റെ ഹൃദയപക്ഷമായി മാറുന്ന കാഴ്ച കേരളത്തിന്റെ ശോഭനമായ ഭാവിക്ക് ഭീഷണി തന്നെയാണ്.