“For thirty years, her reign of peace,
The land in blessing did increase,
And she was blessed by every tongue,
By stern and gentle, old and young
Yea, even the children at their mother’s feet,
Are taught such homely rhyming to repeat.
In latter days from Brahma came,
To rule our land, a noble Dame,
Kind was heart and bright her fame,
And Ahilya was her honored name”
ജോഅന്നാ ബെയ്ല്ലി (Joanna Baillie) (1762 സെപ്റ്റംബര്‍ 11 – 1851 ഫെബ്രുവരി 23) എന്ന സ്കോട്ടിഷ് കവി 1849 ല്‍ എഴുതിയ ഇംഗ്ലീഷ് കവിതയാണ് മുകളില്‍ ഉദ്ധരിച്ചിട്ടുള്ളത്. ആ രചനയില്‍ മുപ്പതുവര്‍ഷങ്ങള്‍ നീണ്ട റാണി അഹല്ല്യാബായി ഹോള്‍ക്കറുടെ ഭരണകാലത്തെ ശാന്തമായ ചരിത്രഘട്ടമായിട്ടാണ് കവി എടുത്തുകാട്ടുന്നത്. ദേവിയുടെ സാന്നിദ്ധ്യത്താല്‍ അനുഗ്രഹിക്കപ്പെട്ട രാജ്യത്തിന്റെ അതിര്‍ത്തി വര്‍ദ്ധിച്ചതായും കവിതയില്‍ കുറിച്ചു കാണിച്ചിരിക്കുന്നു. ശക്തരും സൗമ്യരും വൃദ്ധരും യുവാക്കളും എല്ലാം അവരുടെ മേല്‍ അനുഗ്രഹം ചൊരിഞ്ഞതായും കവി സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ പാദങ്ങള്‍ക്കരികെ അണയുന്ന കുഞ്ഞുങ്ങള്‍ക്ക് താളത്തില്‍ പാടിനടക്കുവാന്‍, അഹല്ല്യാ ദേവിയെ പുകഴ്ത്തിക്കൊണ്ട് അമ്മമാര്‍ പഠിപ്പിച്ച അര്‍ത്ഥപൂര്‍ണ്ണങ്ങളായ വരികളെ കവി ഓര്‍മ്മപ്പെടുത്തുന്നു: ”ബ്രഹ്മലോകത്തു നിന്ന് നമ്മുടെ നാടുവാഴുവാന്‍ ഒരു കാലത്ത്, കുലീനയായ ഒരു മഹതി ഇറങ്ങി വന്നു; കരുണാര്‍ദ്രമായിരുന്നു അവളുടെ ഹൃദയം; ദീപ്തമായിരുന്നു അവളുടെ രൂപം; അഹല്ല്യയെന്നായിരുന്നു, അവളുടെ പുണ്യനാമം.”
റാണി ഇംഗ്ലീഷ് ചരിത്രകാരന്റെ ദൃഷ്ടിയില്
ജോണ്‍ കേ (John Keay; ജനനം:1941 സെപ്റ്റംബര്‍ 18) എന്ന ബ്രിട്ടീഷ് ചരിത്രകാരന്, റാണി അഹല്ല്യാ ബായിയെ ചരിത്രത്തില്‍ എങ്ങനെയാണ് രേഖപ്പെടുത്തിയെന്നത് നോക്കുക. അദ്ദേഹം റാണിയ്ക്ക് ‘ദാര്‍ശനികയായ റാണി’യെന്ന (‘The Philosopher Queen’) എന്ന പദവിയാണ് നല്‍കിയത്. റാണിയെ വിലയിരുത്തിക്കൊണ്ട് ആ ബ്രിട്ടീഷ് ചരിത്രകാരന് ഇങ്ങനെ എഴുതി: ”അഹല്ല്യാ ബായി ഹോള്‍ക്കര്‍, വിശാലമായ രാഷ്ട്രീയാന്തരീക്ഷത്തെ കൃത്യമായി നിരീക്ഷണം ചെയ്തതായി തെളിവുകളുള്ള, മാല്‍വയുടെ ദാര്‍ശനികയായ റാണിയായിരുന്നു”.(“Ahilyabai Holkar, the philosopher-queen of Malwa, had evidently been an acute observer of the wider political scene.”)
ആനിബെസന്റിന്റെ നിരീക്ഷണങ്ങള്‍
ബ്രിട്ടനില്‍ നിന്ന് ഇവിടെയെത്തി, പല ഘട്ടങ്ങളിലും ഭാരതീയ ദേശീയ പ്രസ്ഥാനങ്ങളുടെ ചാലകശക്തിയായിത്തന്നെ മാറിയ, 1917ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് പദവിയിലെത്തിയ, ആനിബെസന്റ്, റാണി അഹല്ല്യാബായി ഹോള്‍ക്കറുടെ ഭരണകാലത്തെ കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ നോക്കുക: Far and wide the roads were planted with shady trees, and wells were made, and rest-houses for travellers. The poor, the homeless, the orphaned were all helped according to their needs. The Bhils, who had long been the torment of all caravans, were routed from their mountain fastnesses and persuaded to settle down as honest farmers. Hindus and Musalman alike revered the famous Queen and prayed for her long life,”.(”രാജ്യത്തുടനീളം പൊതുനിരത്തുകളില്‍ തണല്‍ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി; കിണറുകള്‍ കുഴിച്ചു; യാത്രക്കാര്‍ക്കുവേണ്ടി വഴിയമ്പലങ്ങള്‍ പണിതു. പാവപ്പെട്ടവരെയും വീടില്ലാത്തവരെയും അനാഥരെയും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സഹായിച്ചു. വഴിയാത്രക്കാരെ പിടിച്ചുപറിച്ചിരുന്ന ഭില്ലാ വിഭാഗക്കാര്‍ക്ക് അവര്‍ കഴിഞ്ഞിരുന്ന മലയിടുക്കുകളിലെ ഒളിയിടങ്ങളില്‍ നിന്ന് പുറത്തു വന്ന് സത്യസന്ധരായ കൃഷിക്കാരായി ജീവിതം മാറ്റിയെടുക്കുവാന്‍ പ്രചോദനം നല്കി. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ അവരുടെ പ്രശസ്തയായ റാണിയെ ബഹുമാനിച്ചു; അവരുടെ ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ത്ഥിച്ചു.”)
റാണി അഹല്ല്യയെ തമസ്കരിച്ചത് എന്തിന്്?
ഭാരതത്തിനു പുറത്തു നിന്നുള്ളവര്‍ പോലും റാണിയില്‍ കണ്ട തിളക്കം പ്രകടമാക്കുന്ന സൂചനകള്‍ വ്യക്തമാണ്. റാണി അഹല്ല്യാബായി ഹോള്‍ക്കര്‍ ലോകം കണ്ട ഭരണാധികാരികളുടെ ഇടയില്‍ പലതുകൊണ്ടും തികച്ചും വേറിട്ട വഴികളിലൂടെ ചരിത്രത്തിലേക്ക് നടന്നു കയറിയ ധീര വനിതയായിരുന്നു. മൂന്നു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭാരതം ലോകത്തിന് ഉയര്‍ത്തിക്കാട്ടിയ വനിതാ ശാക്തീകരണത്തിന്റെ ഭരണ മാതൃക! ആ പശ്ചാത്തലത്തില്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയരാം. സ്വതന്ത്രഭാരതത്തില്‍ രാഷ്ട്രമീമാംസയും ചരിത്രവും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങളില്‍ അഹല്ല്യാ ബായി ഹോള്ക്കറെന്ന റാണിയും അവരുടെ ഭരണക്രമവും വിപ്ലവകരമായ ധാര്‍മ്മിക-സാമൂഹിക ഇടപെടലുകളുമൊന്നും ഇതുവരെ ഇടം പിടിക്കാഞ്ഞതെന്തുകൊണ്ട്?
നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ഇസ്ലാമിക അധിനിവേശ ശക്തികളുടെ മതപരവും സാമ്രാജ്യത്വപരവുമായ കടന്നാക്രമങ്ങള്‍ക്ക് അറുതിവരുത്തിക്കൊണ്ട് ഹിന്ദു ധര്‍മ്മത്തിന്റെയും രാഷ്ട്ര സങ്കല്പങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഹിന്ദുസാമ്രാജ്യത്തിന്റെ (‘ഹിന്ദു പദപാദഷാഹി’) പുനര്‍ജ്ജനിയുടെ ആധാരശിലയൊരുക്കിയ ഛത്രപതി ശിവജി (1630-1680) സ്ഥാപിച്ച മറാത്താ ശക്തിയുടെ ദീപശിഖ മുന്നോട്ടു നയിച്ചവരില്‍ പ്രമുഖരില്‍ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു അഹല്ല്യാ ദേവിയുടേതെന്നതാണ് ഒന്നാമത് കാരണം.
റാണി അഹല്ല്യയുടെ കാലം കഴിയും മുമ്പേ ഭാരതത്തില്‍ കടന്നുകയറിത്തുടങ്ങിയ യൂറോ-ക്രിസ്ത്യന്‍ സാമ്രാജ്യത്വ അധിനിവേശ ശക്തികളെ പ്രതിരോധിക്കുന്നതിനുള്ള രണതന്ത്രങ്ങള്ക്ക് വേണ്ട ഉള്‍ക്കാഴ്ച പ്രദാനം ചെയ്ത വേറിട്ട ഭരണാധികാരിയായിരുന്നു റാണി എന്നതാണ് മറ്റൊരു കാരണം (റാണിയുടെ മുന്നറിയിപ്പുകള്‍ക്ക് അക്കാലത്തെ മറ്റ് ഭാരതീയ ഭരണാധികാരികള്‍ വേണ്ട ഗൗരവമോ പരിഗണനയോ നല്‍കിയില്ലെന്നത് പില്ക്കാല ദുരന്തങ്ങള്‍ക്ക് ഇടവരുത്തിയെന്നത് ചരിത്ര സത്യം).
ഇംഗ്ലീഷ് അധിനിവേശശക്തികളില്‍ നിന്ന് വിമോചനം നേടിയ ഭാരതത്തെ, തുടക്കം മുതല്‍ തന്നെ തങ്ങളുടെ കമ്യൂണിസ്റ്റ് ലേബലിലുള്ള ഫാസിസ്റ്റ് ഏകാധിപത്യ ഭരണകൂടങ്ങളുടെ സാമ്രാജ്യത്വ വികസന മോഹങ്ങള്‍ക്കിരയാക്കുവാന്‍ ശ്രമം നടത്തുകയായിരുന്നു അക്കാലത്തെ സോവിയറ്റ് യൂണിയനും പിന്നീട് ചൈനയും. അവരുടെ കടന്നാക്രമണങ്ങളുടെ വഴി മുടക്കുവാനുള്ള കരുത്ത് ഈ രാജ്യത്തെ ഹിന്ദുധര്‍മ്മാധിഷ്ഠിത ദേശീയ ശക്തികള്‍ക്ക് ലഭ്യമാകരുതെന്ന കമ്യൂണിസ്റ്റ് പക്ഷത്തിന്റെ ഗൂഢോദ്ദേശ്യമാണ് മറ്റൊരു കാരണം (ഛത്രപതി ശിവജിയുടെയും റാണിയുടെയും സ്മരണകളിരമ്പുന്ന ചരിത്രപരമായ ഓര്‍മ്മപ്പെടുത്തലുകള്‍ ഭാരതീയ ദേശീയ പക്ഷത്തിന്റെ കരുത്തു കൂട്ടുമെന്നും ശത്രുപക്ഷത്തിന്റെ വഴിമുടക്കും എന്ന ഭയം കമ്യൂണിസ്റ്റുകള്‍ക്ക് സ്വാഭാവികം!).
അത്തരത്തിലുള്ള കാരണങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോളാണ് സ്വാതന്ത്യാനന്തര ഭാരതത്തിലെ അക്കാദമിക അന്തരീക്ഷത്തെയും ബൗദ്ധിക മേഖലയെയും നെഹ്രുവിയന്‍, ഹിന്ദുവിരുദ്ധ ഭരണകൂടങ്ങളുടെ സ്വാധീനത്തോടെ കയ്യടക്കിയ, ശക്തികളേതൊക്കെയെന്ന് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമായി വരുന്നത്. നഷ്ടപ്പെട്ട ഇസ്ലാമിക അധിനിവേശശക്തികളുടെ വര്‍ത്തമാനകാല പിന്‍ഗാമികളായ ആഗോള മതഭീകരവാദികളുടെ ബൗദ്ധിക മുഖങ്ങളാണ് ഒരുകൂട്ടര്‍. ആംഗ്ലോ-ക്രിസ്ത്യന്‍ അധിനിവേശത്തോടെ ഈ രാജ്യത്തിന്റെ ബൗദ്ധിക മേഖലയില്‍ വളര്‍ന്നു പന്തലിച്ച കൊളോണിയല്‍ വിധേയത്വത്തില്‍ നിന്ന് ഇന്നും വിമോചനം നേടിയിട്ടില്ലാത്തവരാണ് രണ്ടാമത്തെ കൂട്ടര്. ഒന്നും രണ്ടും കൂട്ടരുമായി അവസരവാദപരമായി കൂട്ടുചേര്‍ന്ന് ഭാരതത്തിന്റെ ആധാരശിലയായ ധാര്‍മ്മികവും സാംസ്കാരികവുമായ ദേശീയതയെ തകര്‍ത്ത് കമ്യൂണിസ്റ്റ് ലേബല്‍ അധിനിവേശശക്തികളുടെ സാമ്രാജ്യത്വ മോഹങ്ങള്‍ക്കുവേണ്ടി പഴയ സോവിയറ്റ് യൂണിയനിലെയും ഇന്നത്തെ ചൈനയിലെയും ഭരണാധിപതികളുടെ കൂലി എഴുത്തുകാരായി മാറിയ ഇടതുപക്ഷ കുബുദ്ധിജീവികളാണ് മൂന്നാമത്തെ കൂട്ടര്. ആ മൂന്നു കൂട്ടരും എഴുതി തയ്യാറാക്കുന്ന അക്കാദമിക സിലബസ്സുകളിലും ചരിത്രരേഖകളിലുമൊക്കെ ഛത്രപതി ശിവജിയുടെ ജീവിതം വളച്ചൊടിക്കുകയോ റാണി അഹല്ല്യയുടെ ജീവിതം തമസ്കരിക്കുകയോ ചെയ്തില്ലെങ്കിലല്ലേ അതിശയിക്കേണ്ടതുള്ളു?
ഛത്രപതി ശിവജിയുടെ പാത പിന്തുര്‍ന്ന് റാണി
ഒരു സഹസ്രാബ്ദത്തിലധികം ഭാരതം അടക്കി വാണിരുന്ന- ഇസ്ലാമിക അധിനിവേശ ശക്തികളില്‍ നിന്നുള്ള മോചനത്തിന്റെ വഴിയില്‍ വിജയരഥം നയിച്ചത് ഛത്രപതി ശിവജിയുടെ (1630-1680) മറാത്താ ഹൈന്ദവശക്തിയായിരുന്നു. അങ്ങനെ സ്ഥാപിക്കപ്പെട്ട മറാത്താ സാമ്രാജ്യം സ്വീകരിച്ച ഭരണക്രമത്തില്‍ രാജാവിന്റെ കീഴില്‍ നിയോഗിക്കപ്പെട്ടിരുന്ന പേഷ്വാ (പ്രധാനമന്ത്രി) ആയിരുന്നു യഥാര്‍ത്ഥ കേന്ദ്രബിന്ദുവും ചാലകശക്തിയും. ഛത്രപതി ശിവജി മഹാരാജിനുശേഷം മറാത്താ സാമ്രാജ്യത്തിന്റെ ഭരണം നയിച്ച ഭരണകര്‍ത്താക്കളില്‍ ഏറ്റവും കരുത്തും പോരാട്ടവീര്യവും ഭരണമികവും പ്രകടിപ്പിച്ച ഭരണാധികാരിയായിരുന്നു പേഷ്വാ ബാജിറാവു ഒന്നാമന്. 1700 ആഗസ്റ്റ് 18ന് ജനിച്ച് 1740 ഏപ്രില്‍ വരെ നാല്‍പ്പതു വര്‍ഷങ്ങള്‍ മാത്രം ജീവിച്ചിരുന്ന, അദ്ദേഹത്തിന്റെ ഭരണകാലഘട്ടം 1720 മുതല്‍ 1740 വരെയായിരുന്നു. നയിച്ച 41 യുദ്ധങ്ങളിലും വിജയതിലകമണിഞ്ഞ, ഒരു യുദ്ധത്തിലും പരാജയപ്പെട്ടിട്ടില്ലാത്ത വീരപുരുഷനായിരുന്നു ഏഴാമത് മറാത്താ പേഷ്വാ ബാജിറാവു ഒന്നാമന്. മാല്‍വാ, രാജസ്ഥാന് തുടങ്ങിയവ പിടിച്ചെടുത്ത് അദ്ദേഹം മറാത്താ സാമ്രാജ്യത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിച്ചു. അതില്‍ പല രാജ്യങ്ങളിലും സുബേദാര്‍മാരെ (ഒരര്‍ത്ഥത്തില്‍ നാട്ടുരാജാക്കാന്മാരെ) നിയോഗിച്ചു. അത്തരത്തില്‍, ബാജിറാവു ഒന്നാമന്, മറാത്താ സാമ്രാജ്യത്തിലെ മല്‍വാ മേഖലയില്‍ ഇന്‍ഡോര്‍ രാജ്യത്തിന്റെ ഭരണമേല്‍പ്പിച്ച കരുത്തനായ സുബേദാറായിരുന്നു മല്‍ഹര്‍ റാവു. അങ്ങനെ, 1730ല്‍ ഭരണം ലഭിച്ച സുബേദാര്‍ മല്‍ഹര്‍ റാവു ഇന്‍ഡോറിനെ രാജധാനിയാക്കി ഹോള്‍ക്കര്‍ രാജവംശം സ്ഥാപിച്ചു. വീരപരാക്രമികളായിരുന്ന അവരിരുവരും തമ്മില്‍ ഊഷ്മളമായ സൗഹൃദബന്ധവും നിലനിന്നിരുന്നു.
പേഷ്വാബാജിറാവു ഒന്നാമന്റെ കണ്ടെത്തലായിരുന്നു വീരവനിതയായി കാലത്തിന്റെ കണക്കുപുസ്തകത്തില്‍ ഇടം പിടിച്ച റാണി അഹല്ല്യാദേവി ഹോള്‍ക്കര്‍. എട്ടു വയസ്സുകാരി ബാലിക അഹല്ല്യാബായി തന്റെ കൊച്ചുഗ്രാമമായ ചോണ്ഡിയിലെ മഹാദേവസന്നിധിയില്‍ വെച്ച് ബാജിറാവുവിന്റെ കണ്ണുകള്‍ക്ക് വിസ്മയമായി മാറിയതും അദ്ദേഹം ആ ബാലികയ്ക്ക് തന്റെ ഏറ്റവും അടുത്ത സുഹൃത്തും ഇന്‍ഡോര്‍ ഭരണാധികാരിയുമായ മല്‍ഹര്‍ റാവു ഹോല്‍ക്കറുടെ കൊട്ടാരത്തിലേക്ക് പുത്രവധുവാകുവാന് അവസരമൊരുക്കിയതും വിധിനിശ്ചയമാണ്. അങ്ങനെയാണ് ശിവാജി മഹാരാജ് പുന:സൃഷ്ടിച്ച ഹിന്ദുസാമ്രാജ്യത്തിലെ ഒരു തിളങ്ങുന്ന റാണിയായി അഹല്ല്യാബായി വളര്‍ന്നത്.
റാണി അഹല്ല്യാ ബായിയുടെ ജീവിതയാത്ര
ഇസ്ലാമിക അധിനിവേശ ശക്തികളെ വിവിധ പോര്‍മുഖങ്ങളില്‍ പരാജയപ്പെടുത്തി ഹൈന്ദവ ദേശീയതയുടെ പ്രഭാവം ഭാരതമാകെ വ്യാപകമാകുന്നതിന് മുമ്പ് കടന്നുകയറിയെത്തിയ യൂറോ-ക്രിസ്ത്യന്‍ അധിനിവേശശക്തികളുടെ കാലത്തിന് തൊട്ടുമുമ്പാണ് അഹല്ല്യാ ദേവിയുടെ (1725-1795) ചരിത്രകാലഘട്ടം. 1725 മേയ് 31ന് സാധാരണ കുടുംബത്തില്‍ ഗ്രാമമുഖ്യന് മങ്കോജി റാവ് ഷിന്‍ഡെയുടെ പുത്രിയായിട്ടായിരുന്നു അഹല്ല്യാദേവിയുടെ ജനനം. 1733 ല്‍ എട്ടാമത്തെ വയസ്സിലാണ് ഇന്‍ഡോര്‍ ഭരണത്തലവന് മല്‍ഹര്‍ റാവ് ഹോള്‍ക്കറുടെ പുത്രനും അനന്തരാവകാശിയുമായിരുന്ന ഖണ്ഡേറാവ് ഹോള്ക്കറുമായുള്ള അഹല്ല്യാ ബായിയുടെ വിവാഹം നടന്നത്. അവര്‍ക്ക് മാലേറാവു എന്നൊരു പുത്രനും മുക്താബായ് എന്നൊരു പുത്രിയും ജനിച്ചു. പക്ഷേ, പിന്നീട് അവരുടെ ജീവിതത്തില്‍ ദൗര്‍ഭാഗ്യങ്ങളുടെ ഒരു പരമ്പര തുടങ്ങുകയായിരുന്നു. ഇരുപത്തൊമ്പതാം വയസ്സില്‍ (1754) ഭര്‍ത്താവ്, ഖണ്ഡേറാവ് ഹോള്‍ക്കര്‍ കുംഭേര്‍ പോരാട്ടത്തിനിടയില്‍ മരിച്ചു വീണു. അക്കാലത്തെ അവരുടെ കുലാചാരത്തിന്റെ ഭാഗമായി, സതിയനുഷ്ഠിക്കാനുള്ള വേഷം ധരിച്ച്, ചിതയില്‍ കയറിയിരുന്ന്, മരണമടഞ്ഞ ഭര്‍ത്താവിന്റെ തലയും തന്റെ മടിയില്‍ വെച്ച്, ചിതാഗ്നിക്ക് സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായ അഹല്ല്യാബായിയെ, ഭര്‍തൃപിതാവ് മല്‍ഹര്‍റാവു ഹോള്‍ക്കറും ഭര്‍തൃമാതാവ് ഗൗതമബായിയുമാണ് നിര്‍ബന്ധപൂര്‍വ്വം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സതി അനുഷ്ഠിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ച ദേവിയില്‍ മല്‍ഹാര്‍ റാവു അനന്തരാവകാശിയായ തന്റെ മരണമടഞ്ഞ പുത്രനെ തന്നെ കാണുകയും വംശത്തെയും രാജ്യത്തെയും സംരക്ഷിക്കാന്‍ കരുത്തുള്ള കൈകളെ മരണമുഖത്തു നിന്നും പിടിച്ചെടുക്കുകയുമായിരുന്നു. അതേ സുബേദാര്‍ മല്‍ഹര്‍ റാവ് ഹോള്‍ക്കര്‍ 1766 മേയ് 26ന് മരണമടഞ്ഞതായിരുന്നു അഹല്ല്യാബായിക്ക് നേരിടേണ്ടിവന്ന അടുത്ത ദുരന്തം. അത് അവര്‍ക്ക് താങ്ങാവുന്നതിലധികമായിരുന്നു. അതേതുടര്ന്ന് അവരുടെ മകന് യുവാവായ മാലേ റാവ് ഹോള്‍ക്കറെ സുബേദാര്‍ ആയിവാഴിച്ചു. തൊട്ടടുത്തു തന്നെ മകന് മാലേ റാവുവും ഇരുപത്തിരണ്ടാം വയസ്സില്‍, 1768ല്‍ രോഗഗ്രസ്ഥനായി മരണമടഞ്ഞു. തീര്‍ത്താല്‍ തീരാത്ത വ്യക്തിപരമായ ദു:ഖം ബാക്കിവെച്ച ദുരന്തങ്ങളുടെ പരമ്പര! ഒപ്പം തന്നെ ഹോള്‍ക്കര്‍ രാജവംശത്തിന്റെ നിലനില്‍പ്പും ആടിയുലയാന്‍ തുടങ്ങി.
ധീരയായി ഭരണസിംഹാസനത്തിലേക്ക്
വ്യക്തിപരമായി തനിക്കും ഹോള്‍ക്കര്‍ വംശത്തിനും നേരെ ഉയര്‍ന്ന വെല്ലുവിളികളെ ധീരമായി നേരിടുവാന്‍ അരയും തലയും മുറുക്കി അരങ്ങത്തേക്ക് ഇറങ്ങുന്ന റാണി അഹല്ല്യാബായി ഹോള്‍ക്കറെയാണ് ചരിത്രം പിന്നീട് കാണുന്നത്. ഭരണകൂടത്തിന്റെയും ജനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കി പ്രതിസന്ധികളെ നേരിടുന്നതിനുള്ള നിശ്ചയദാര്‍ഢ്യവും ധീരതയുമാണ് അവിടെ പ്രകടമായത്. മകന്റെ അകാല വിയോഗത്തിനുശേഷം പേഷ്വയോട് ആവശ്യപ്പെട്ട് ഉത്തരവ് നേടി അഹല്ല്യാ ദേവി ഹോള്‍ക്കര്‍ 1767 ഡിസംബര്‍ പതിനൊന്നാം തീയതി ഇന്‍ഡോറിന്റെ സുബേദാറായി ഭരണസാരഥ്യം ഏറ്റെടുത്തു. 1733ല്‍ ഹോള്‍ക്കര്‍ രാജകുടുംബത്തിലെ പുത്രവധുവായി എത്തിയതുമുതല്‍ ഭര്‍തൃപിതാവ് സുബേദാര്‍ മല്‍ഹര്‍ റാവുവിന്റെ കീഴില്‍, കൊട്ടാരം കാര്യാലയ ഭരണം, പ്രതിരോധം, സാമ്പത്തികകാര്യനിര്വ്വഹണം, നീതിന്യായവ്യവസ്ഥ തുടങ്ങിയവ ഉള്‍പ്പടെ പതിനെട്ടോളം വരുന്ന വിഭാഗങ്ങള്‍ കൈകാര്യം ചെയ്ത് ലഭിച്ച സമഗ്രമായ പരിശീലനം റാണി അഹല്ല്യാ ബായി ഹോള്‍ക്കറുടെ ഭരണനിലവാരത്തിന് ഉന്നതമായ തലം പ്രദാനം ചെയ്തു. ആ പരിശീലന കാലത്തെ രണ്ടു സംഭവങ്ങളുടെ മേല്‍ ചരിത്രാന്വേഷകരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.
അഹല്ല്യാബായിയുടെ രാഷ്ട്രതന്ത്രജ്ഞത
ശത്രുരാജ്യങ്ങളുടെ നീക്കങ്ങളും രണതന്ത്രങ്ങളും ഫലപ്രദമായ രഹസ്യവിവരശേഖരണ സംവിധാനത്തെ ഉപയോഗിച്ചുകൊണ്ട് അന്വേഷിച്ചറിയുവാനും അതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധത്തിനുളള പദ്ധതി തയ്യാറാക്കുവാനും, ഭരണാധികാരിയാകുന്നതിനും മുമ്പ് തന്നെ, അഹല്ല്യാബായി ഹോള്‍ക്കര്‍ക്ക് സാധിച്ചിരുന്നു. മുന്നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അത്തരത്തിലൊരു രഹസ്യാന്വേഷണ സംവിധാനം വളര്ത്തിയെടുത്തതെന്നത് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. ഒപ്പം തന്നെ അന്നത്തെ അധികാരകേന്ദ്രങ്ങള്‍ അവരുടെ മുന്നറിയിപ്പുകളെ മുഖവിലയ്ക്ക് എടുക്കുന്നതില്‍ കാട്ടിയ ശ്രദ്ധക്കുറവ് മൂലം സംഭവിച്ച അപകടം വളരെ വലുതായിരുന്നു.
ഭാരതത്തിന്റെ ഉത്തരദേശങ്ങളില്‍ നിന്നും ലഭിച്ചിരുന്ന ചില അശുഭസൂചനകള കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പേ ഷ്വാ രഘുനാഥറാവുവും സുബേദാര്‍ മല്‍ഹര്‍ റാവുവും ഇന്‍ഡോര്‍ കൊട്ടാരത്തില്‍ ഒന്നിച്ചു ചേര്‍ന്നതായിരുന്നു സന്ദര്‍ഭം. ആ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ചുകൊണ്ട്, അഹല്ല്യാ ദേവി, താന്‍ ശേഖരിച്ച ചില വിവരങ്ങള്‍ അവതരിപ്പിച്ചു.
അഫ്ഗാന് ഭരണാധികാരി അഹമ്മദ് ഷാ അബ്ദലി, ഷുജാ-ഉദ്-ദൗളാ, ബിജയ് സിംഗ്, രാജ്പുത്തുകള്‍ തുടങ്ങിയവരെ ഉപയോഗിച്ചുകൊണ്ട് ദില്ലി ആക്രമിച്ച് മറാത്തകളെ അവിടെ നിന്ന് തുരത്താന്‍ പദ്ധതിയിടുന്നു എന്നതായിരുന്നു അതില്‍ പ്രധാനം. അബ്ദലിയുടെ രാഷ്ട്രീയ ശൈലിയെ കുറിച്ചും അഹല്ല്യാ ബായി അവരോട് വിശദീകരിച്ചു. ഉടനടി ശക്തമായ നടപടി എടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി വലിയ ഒരു അട്ടിമറിക്ക് അരങ്ങൊരുങ്ങിയേക്കാമെന്ന സൂചനയും നല്കി. രഘുനാഥറാവുവും മല്‍ഹര്‍ റാവുവും ഉടന്‍തന്നെ ദില്ലിയിലേക്ക് നീങ്ങി പ്രതിരോധമൊരുക്കണമെന്ന നിര്‍ദ്ദേശവും സമര്‍പ്പിച്ചു. കാര്യങ്ങളെല്ലാം പഠിച്ചറിഞ്ഞ, അഹല്ല്യാ ദേവി നല്കിയ വിശദീകരണം കേട്ട് പേഷ്വാ രഘുനാഥറാവു വിസ്മയപ്പെട്ടു. അവര്‍ രണ്ടു പേരും അടുത്ത ദിവസം തന്നെ ദില്ലിക്കു യാത്രതിരിക്കുകയും ചെയ്തു. പക്ഷേ, മാര്‍ഗമദ്ധ്യേ സുബേദാര്‍ നീക്കങ്ങളില്‍ ഒരു മാറ്റം വരുത്തി. രാജ്പുട്ടാണയിലേക്ക് മറ്റൊരു പദ്ധതിയുമായി നീങ്ങി. ആ പ്രവൃത്തി കാരണം അഹല്ല്യാദേവി ഭയപ്പെട്ടതു തന്നെ സംഭവിച്ചു. അങ്ങനെ നഷ്ടപ്പെട്ട മൂന്നു മാസങ്ങള്‍ക്കുള്ളില്‍ അബ്ദലി ദില്ലിയെ തകര്‍ത്തു. അയാള്‍ ഹിന്ദുക്കള്‍ക്ക് ഏറ്റവും പരിപാവനങ്ങളായ മഥുരയിലെയും വൃന്ദാവനിലെയും ക്ഷേത്രങ്ങളെല്ലാം നശിപ്പിച്ചു. അയാളുടെ പടയാണെങ്കില്‍, അവര്‍ കണ്ട എല്ലാ ഹിന്ദുക്കളെയും കൊന്നൊടുക്കി. യമുനയില്‍ ലക്ഷക്കണക്കിന് നിഷ്ക്കളങ്കരായ ഹിന്ദുക്കളുടെ രക്തമൊഴുകി. അയാള്‍ ദില്ലി മുതല്‍ പഞ്ചാബ് വരെയുള്ള മൊത്തം പ്രദേശങ്ങളും പിടിച്ചെടുത്തു.
മല്‍ഹര്‍ റാവുവും രഘുനാഥറാവുവും ദില്ലിയിലെത്തിയപ്പോള്‍ അവര്‍ക്ക് കാണാന്‍ കഴിഞ്ഞത് നാലുദിക്കിലും സര്‍വ്വനാശം സംഭവിച്ചതായിട്ടാണ്. നിയന്ത്രിക്കാനാകാത്ത ദേഷ്യത്തോടെ തിരിച്ചടിച്ചുകൊണ്ട് അവര്‍ അബ്ദലി കവര്‍ന്നെടുത്ത ഇടങ്ങളെല്ലാം തിരിച്ചു പിടിച്ചു. അവര്‍ സൈന്യത്തോടൊപ്പം, അബ്ദലി ഭരണം നടത്തിയിരുന്ന ഇടങ്ങളും പിടിച്ചെടുത്തുകൊണ്ട് മുന്നോട്ടു നീങ്ങി. അവര്‍ തങ്ങളുടെ പടനീക്കം പഞ്ചാബില്‍ അവസാനിപ്പിച്ചില്ല. അവര്‍ മുന്നോട്ടു നീങ്ങി സിന്ധുനദിയുടെയും അപ്പുറത്തുള്ള അട്ടോക്ക് പ്രദേശം വരെ മറാത്താ സാമ്രാജ്യത്തിന്റെ അതിര്‍ത്തി വര്‍ദ്ധിപ്പിച്ചു. അങ്ങനെ ആ പോര് മുഖത്ത്, ആ ഘട്ടത്തില്‍, അവസാന വിജയം മറാത്താശക്തികള് സ്വന്തമാക്കി. പക്ഷേ അഹല്ല്യാദേവി സമര്‍പ്പിച്ച കാര്യപദ്ധതിയില്‍ വരുത്തിയ മാറ്റം മൂലം സംഭവിക്കാനിടയായ ദുരന്തം ചരിത്രത്തില്‍ രേഖപ്പെടുത്തിയ ചോരപ്പാടുകള്‍ മായുകയില്ല. ആ സംഭവം അഹല്ല്യാ ബായിയുടെ പദ്ധതിയില്‍ നിന്ന് പേഷ്വാ രഘുനാഥറാവുവും സുബേദാര്‍ മല്‍ഹര്‍ റാവുവും വ്യതിചലിച്ചതുകൊണ്ട് സംഭവിച്ച ചരിത്രപരമായ അബദ്ധമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
മല്‍ഹര്‍ റാവ് ഹോള്‍ക്കര്‍ക്ക് അഹല്ല്യാബായിയിലുള്ള വിശ്വാസം
മറാത്താ സാമ്രാജ്യത്തിലെ മല്‍വാ രാജ്യത്തെ ഹോല്‍ക്കര്‍ വംശത്തിലെ സുബേദാറായി സ്ഥാനം ഏല്ക്കുന്നതിനു മുമ്പു ലഭിച്ച പരിശീലനവേളയില്‍ തന്നെ അഹല്ല്യാബായി ഹോള്‍ക്കര്‍ ചരിത്രത്തില്‍ അവശേഷിപ്പിച്ചത് അനിതരസാധാരണമായ ഭരണമികവായിരുന്നു. അതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് മല്‍ഹര്‍ റാവ് ഹോള്‍ക്കര്‍ക്ക് അഹല്ല്യാ ബായിയില്‍ ഉണ്ടായിരുന്ന വിശ്വാസം പ്രകടമാക്കുന്ന ഒരു കത്ത്. 1765ലാണ് അദ്ദേഹം അഹല്ല്യാ ബായിക്ക് ആ കത്തെഴുതിയത്. അന്ന് അദ്ദേഹം ചക്രവര്‍ത്തി അഹമ്മദ് ഷാ ദുറാണിയുടെ നേതൃത്വത്തില്‍ റോഹില്ലാ വംശം പഞ്ചാബില്‍ നടത്തിയ കടന്നാക്രമണത്തെ പ്രതിരോധിക്കുന്നതിനായി യുദ്ധമുഖത്തായിരുന്നു. അവിടെ നിന്നുകൊണ്ട് അദ്ദേഹം അഹല്ല്യാബായിയോട് ഗ്വാളിയോറിലെ ഗോഹഡ് കോട്ട പിടിച്ചടക്കുവാന്‍ പീരങ്കിപ്പടയുമായി മുന്നേറുവാന്‍ ഉത്തരവു നല്കി. ആ ഉത്തരവിന്റെ ഉള്ളടക്കം നോക്കുക: ”ചമ്പല്‍ കടന്ന് ഗ്വാളിയോറിലോട്ട് മുന്നേറുക. അവിടെ നാലോ അഞ്ചോ ദിവസം തങ്ങാം. നിങ്ങള്‍ നിങ്ങളുടെ വലിയ പീരങ്കിപ്പടയെ സജ്ജമാക്കണം; കഴിയുന്നത്ര വെടിക്കോപ്പുകളും കരുതിക്കൊള്ളണം. വലിയ പീരങ്കിപ്പടയെ ഗ്വാളിയറില്‍ സജ്ജമാക്കിയിട്ട് അതിന്റെ ഒരു മാസത്തെ ചിലവിനാവശ്യമായ പണത്തിനു വേണ്ട കരുതല്‍ നടത്തിയിട്ടുവേണം കൂടുതല്‍ മുന്നോട്ട് പോകേണ്ടത്. മുന്നോട്ട് പട നയിക്കുമ്പോള്‍ സഞ്ചാരപഥം സുരക്ഷിതമാക്കാന്‍ വേണ്ട സൈനിക കാവല്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ ചെയ്യണം”(“…proceed to Gwalior after crossing the Chambal. You may halt there for four or five days. You should keep your big artillery and arrange for its ammunition as much as possible… The big artillery should be kept at Gwalior and you should proceed further after making proper arrangements for it’s expenses for a month. On the march you should arrange for military posts to be located for protection of the road”). ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി അഹല്ല്യാ ബായി നയിച്ച സൈന്യം ഗോഹദ് കോട്ട പിടിച്ചടക്കി.

ബ്രിട്ടീഷ് അധിനിവേശം മുന്‍കൂട്ടി കണ്ടു
ഭരണാധികാരിയായി സുബേദാര്‍ പദവിയിലെത്തിയ ശേഷം കൂടുതല്‍ ഉജ്ജ്വലമായി തിളങ്ങുന്ന മികവാണ് റാണി അഹല്ല്യാബായി ഹോള്‍ക്കര്‍ പ്രകടമാക്കിയത്. അക്കാലത്തെ മറ്റു പല ഭാരതീയ ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തയായി അവര്‍ ഒരു മികച്ച ഭരണാധികാരിയെന്നതിലപ്പുറം രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് പൊതുവെ നിലനില്ക്കുന്നതും സംഭവിക്കാനിടയുള്ളതുമായ അധിനിവേശ സാദ്ധ്യതകളെ കുറിച്ച് കൃത്യമായ ധാരണകള്‍ വെച്ചുപുലര്‍ത്തിയിരുന്നതായും കാണാം. ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളുടെ കടന്നാക്രമണ പദ്ധതികളെ കുറിച്ച് മറാത്താ പേഷ്വയേക്കാള്‍ ബോധവതിയായിരുന്നു റാണി. 1772ല്‍ റാണി പേഷ്വയ്ക്ക് അയച്ച കത്തിലൂടെ നല്കിയ സന്ദേശം അതിന്റെ സാക്ഷ്യപത്രമാണ്. ”കടുവയെ പോലുള്ള മറ്റു വന്യമൃഗങ്ങളെ ശക്തികൊണ്ടോ തന്ത്രങ്ങള്‍ കൊണ്ടോ കൊന്നൊടുക്കാം. പക്ഷേ ഒരു കരടിയെ കൊല്ലുവാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനെ മുഖത്തോട് നേരിട്ടുള്ള പോരാട്ടത്തിലേ കൊല്ലുവാനാകൂ. അതല്ലാ, അതിന്റെ ശക്തമായ പിടിയില്‍ പെട്ടുപോയെങ്കില്‍ കരടി അതിന്റെ ഇരയെ ഞെരിച്ചു കൊല്ലും അതാണ് ഇംഗ്ലീഷുകാരുടെ വഴി. അങ്ങനെയിരിക്കെ അവരുടെ മുകളില്‍ വിജയം വരിക്കുന്നത് കഠിനമായിരിക്കും’”Other beasts, like tigers, can be killed by might or contrivance, but to kill a bear it is very difficult. It will die only if you kill it straight in the face, or else, once caught in its powerful hold; the bear will kill its prey by tickling. Such is the way of the English. And given this, it is difficult to triumph over them.’) പേഷ്വയോട് അത്തരത്തിലുള്ള ഇംഗ്ലീഷ് കടന്നാക്രമങ്ങളെ പ്രതിരോധിക്കുവാനുള്ള സൈനികശക്തിയും പ്രഹരശേഷിയും സമാഹരിക്കാനാണ് റാണി ആവശ്യപ്പെട്ടത്. അഹല്ല്യാബായിയുടെ ആ മുന്നറിയിപ്പ് പേഷ്വാ ഉള്‍പ്പടെയുള്ളവര്‍ അവഗണിച്ചതും പരസ്പര കണക്കു തീര്‍ക്കലുകള്‍ക്ക് മുന്‍ഗണന നല്‍കിയതുമാണ് ഭാരതത്തിലെ കൊളോണിയല്‍ അധിനിവേശത്തിന്റെ വഴി എളുപ്പമാക്കിയത്.
‘വിരാസത്ത് ഔര്‍ വികാസ്’ എന്ന വികസന സങ്കല്പം
ഹിന്ദു സാമ്രാജ്യം (ഹിന്ദു പദപാദ്ഷാഹി) സ്ഥാപിച്ച ഛത്രപതി ശിവജിയുടെ ഭരണം പൗരാണിക ഹൈന്ദവ പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും പുനരുജ്ജീവിപ്പിച്ചു; കാര്യക്ഷമവും പുരോഗമനപരവും ഘടനാപരമായി സുശക്തവുമായ ഭരണക്രമത്തിന്റെ രൂപപ്പെടുത്തലിലൂടെ നീതിന്യായ വ്യവസ്ഥയില്‍ സകാരാത്മക തിരുത്തലുകള്‍ക്ക് വഴിയൊരുക്കി; സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യതയും ആദരവും പരിഗണനയും നല്കുന്ന സാഹചര്യം ഉറപ്പാക്കി; മതത്തിനും ജാതിക്കുമൊക്കെ അതീതമായി തന്റെ സൈന്യത്തിലും ഭരണകൂടത്തിലുമൊക്കെ കഴിവിന്റെയും കാര്യക്ഷമതയുടെയും അടിസ്ഥാനത്തില്‍ ആളുകളെ നിയോഗിച്ചു; പ്രതിരോധവും വ്യവസായവും ഉള്‍പ്പടെ സമഗ്രവികസനത്തിന്റെ വഴികള്‍ തുറന്നു. ഭാരതീയ സംസ്കൃതിയുടെ സംരക്ഷണവും ഭൗതിക മേഖലയിലെ പുതിയ വികസനപാതകള്‍ വെട്ടിത്തുറക്കുന്നതുമായ ‘വിരാസത്ത് ഔര്‍ വികാസ്’ ശിവജിയുടെ ഭരണകാലത്തിന്റെ സവിശേഷതയായി ചരിത്രം രേഖപ്പെടുത്തുന്നു.
റാണി അഹല്ല്യാബായി ഹോള്‍ക്കര്‍ തന്റെ അധികാര മേഖലയില്‍ ശിവജി മഹാരാജിന്റെ പാത കൃത്യമായി പിന്തുടര്ന്നു. ഹിന്ദു ധര്‍മ്മവും സംസ്കൃതിയും സംരക്ഷിക്കുന്ന കാര്യത്തില്‍ അവരുടെ ശ്രദ്ധ തന്റെ രാജ്യാതിര്‍ത്തിക്കപ്പുറം ഭാരതവര്‍ഷമാകെ പടര്‍ന്നു പന്തലിച്ചുവെന്നതാണ് പ്രധാനം. ഇസ്ലാമിക അധിനിവേശ ശക്തികള്‍ തച്ചുതകര്‍ത്ത കാശിവിശ്വനാഥക്ഷേത്രവും സോമനാഥ ക്ഷേത്രവുമൊക്കെ റാണി പുനര്‍നിര്‍മ്മിച്ചത് ആവേശകരമായ ചരിത്രസംഭവങ്ങളാണ്. ഭാരതീയ സംസ്കൃതികോശ്, റാണി അഹല്ല്യാബായി ഹോള്‍ക്കറുടെ സംഭാവനകള്‍ ലഭിച്ച ഇടങ്ങളുടെ വിവരണത്തില്‍ കാശിയും ഗയയും സോമനാഥവും അയോദ്ധ്യയും മഥുരയും ഹരിദ്വാറും കാഞ്ചിയും അവന്തിയും ദ്വാരകയും ബദരിനാരായണവും രാമേശ്വരവും ജഗന്നാഥപുരിയുമെല്ലാം രേഖപ്പെടുത്തിക്കാണുന്നു. ദേവി അഹല്ല്യയുടെ ഭരണം ഭാരതീയ ധര്‍മ്മത്തിനും സംസ്കൃതിക്കും നല്കിയ സംഭാവനകളുടെ വൈപുല്യം ഏതൊരു ചരിത്രാന്വേഷകനെയും വിസ്മയഭരിതനാക്കും. കൃഷിയിലും വ്യവസായത്തിലും വിദ്യാഭ്യാസത്തിലും നീതിന്യായ വ്യവസ്ഥയിലും പൊതുആരോഗ്യപരിരക്ഷയിലും കലാ സാംസ്കാരിക മേഖലകളുടെ വളര്‍ച്ചയിലും നഗര/ഗ്രാമ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ധനവിനിയോഗത്തിലും എല്ലാം മുന്നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന റാണി അഹല്ല്യാ ബായിയുടെ ഭരണം നല്കിയ മാതൃക ചരിത്രപരമാണ്. ‘വിരാസത്ത് ഔര്‍ വികാസ്’ എന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണത്.
അതേ ‘വിരാസത്ത് ഔര്‍ വികാസ്’ എന്ന കാഴ്ചപ്പാടാണ് ഭാരതം കുടുംബാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് കാലെടുത്തു കുത്തിയ അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണ കാലത്ത് (1998-2004) സ്വീകരിച്ച രാഷ്ട്രീയ സമീപനം. അത് ഭാരതത്തെ തിളങ്ങുന്ന അവസ്ഥയിലേക്ക് ഉണര്‍ത്തി വളര്‍ത്തിയെങ്കിലും 2004 മുതല്‍ 2014 വരെ കുടുംബാധിപത്യം തിരിച്ചുവരുന്നതും രാഷ്ട്രതാത്പര്യങ്ങള്‍ ബലികഴിക്കപ്പെടുന്നതുമാണ് കണ്ടത്. ജനാധിപത്യഭാരതം നടത്തിയ ചരിത്രപരമായ തിരുത്തല്‍ പ്രക്രിയയിലൂടെ വീണ്ടും ഭാരതീയ ദേശീയതയുടെ ഭരണകാലം നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തുടങ്ങിയതോടെ ‘വികസനവും വിരാസത്തും’ വീണ്ടും ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്തി. മുന്നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് റാണി അഹല്ല്യാബായി ധാര്‍മ്മികതയ്ക്കും വികസനത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്തുള്ള ഭരണക്രമം നടപ്പിലാക്കിയതിന്റെ പാരമ്പര്യമാണ് വീണ്ടും ഉണര്ന്നുവളരുന്നത്. ‘എല്ലാവരോടുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസസംഹിതകള്‍, എല്ലാവരുടെയും പ്രയത്നം (സബ്കേ സാഥ് സബ്കേ വികാസ് സബ്കേ വിശ്വാസ്, സബ്കേ പ്രയാസ്), അതുപോലെ തന്നെ ആത്മനിര്‍ഭര ഭാരതം തുടങ്ങിയ സങ്കല്പങ്ങള്ക്കൊക്കെ മുന്നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരണം നടത്തിയ റാണി അഹല്ല്യാ ഹോള്‍ക്കര്‍ മാതൃക സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വര്‍ത്തമാനകാല ഭാരതഭരണകൂടം അയോദ്ധ്യയില്‍ രാമജന്മസ്ഥാനത്ത് ക്ഷേത്ര പുനര്‍നിര്‍മ്മാണത്തോടൊപ്പം തന്നെ അഞ്ച് ട്രില്ല്യന്‍ യു.എസ്. ഡോളര്‍ വികസനം ഉറപ്പാക്കുവാന്‍ കര്‍മ്മനിരതമാകുമ്പോള്‍ ശിവജിമഹാരാജും റാണി അഹല്ല്യാ ബായിയും തെളിച്ചു തന്ന വഴിയിലൂടെയാണ് ഇന്നത്തെ ഭാരതത്തിന്റെ മുന്നോട്ടുള്ള യാത്രയെന്ന ബോദ്ധ്യം ഉണരുന്നു.
ആ പിന്തുടര്ച്ചയുടെ മറ്റൊരു രജതലക്ഷണമാണ് ”ന ഖാഊംഗാ ന ഖാനേദൂംഗാ” (‘അഴിമതി നടത്തില്ല; നടത്താനനുവദിക്കില്ലാ’) എന്ന ദേശീയപക്ഷ രാഷ്ടീയനേതൃത്വത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനം. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരണസാരഥ്യം ലഭിക്കുന്നതിന് മുമ്പ് പോലും ഭര്‍തൃപിതാവും ഭരണത്തലവനുമായ മല്‍ഹര്‍ റാവ് ഹോള്ക്കറെയെയും അനന്തരാവകാശിയും തന്റെ ഭര്‍ത്താവുമായ ഖണ്ഡേറാവ് ഹോള്ക്കറെയെയും പിന്നീട് അനന്തരാവകാശിയും തന്റെ മകനുമായ മാലേറാവു ഹോള്ക്കറെയെയുമൊക്കെ സര്‍ക്കാര്‍ പണം ചിലവാക്കുന്നതിന് ഭരണസംവിധാനം അനുശാസിക്കുന്ന പരിധിക്ക് പുറത്തു കടക്കാന്‍ അനുവദിക്കാതിരുന്ന കര്‍ക്കശക്കാരിയായിരുന്നു അഹല്ല്യാ ബായി. കാലം അവരെയൊക്കെ കവര്‍ന്നെടുത്തശേഷം തന്നിലേക്ക് വന്നു ചേര്‍ന്ന 16 കോടിയുടെ സ്വകാര്യ സമ്പത്തും 75ലക്ഷത്തോളം പ്രതിവര്‍ഷ നികുതി ലഭിക്കുന്നതിന് സാദ്ധ്യതയുള്ള ഭൂപ്രദേശത്തിന്റെ ഭരണാധികാരവും തന്റേതല്ലെന്നും പരമേശ്വരന് തന്നെ കൈകാര്യം ചെയ്യാന്‍ ഏര്‍പ്പെടുത്തിയതു മാത്രമാണെന്നും, അവസാനം ഭഗവാനോട് കണക്കേല്പിക്കുവാന് താന്‍ ബാദ്ധ്യസ്ഥയാണെന്നും കരുതി ജീവിച്ച ആ റാണിയുടെ ജീവിതം പുതിയ കാലഭരണാധികാരികള്ക്ക് മാതൃകയാണ്; മാതൃകയാകണം.
വനിതാ ശാക്തീകരണം
പുതിയ ഭാരതം ദേശീയശക്തികളുടെ സ്വാധീനത്തിലേക്ക് തിരിച്ചെത്തിയതിന്റെ പശ്ചാത്തലത്തില്‍ 2029ല്‍ പൊതു തിരഞ്ഞെടുപ്പോടെ വനിതാ സംവരണം നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ്. ചരിത്രപരമായ ആ ചുവടുവെപ്പിന് തയാറെടുക്കുന്ന ഭാരതം വനിതാവിമോചനത്തിന്റെ പടിഞ്ഞാറന്‍ മുറവിളികളില്‍ നിന്നും സ്ത്രീയെ പൊതുഉപഭോഗവസ്തുവായി കരുതി ചവിട്ടിത്തള്ളുന്ന കമ്യൂണിസ്റ്റ് – ഇസ്ലാമിക മതമൗലികവാദ കൂട്ടുകെട്ടിന്റെയും നടപ്പുരീതികളില്‍ നിന്നും വ്യത്യസ്തമായി പുരുഷന് മാതൃകയാകാനുള്ള കരുത്തും കാര്യശേഷിയും കുലമഹിമയും പ്രകടിപ്പിച്ച അമ്മമാതൃകകളെ ഭാരത ചരിത്രത്തില്‍ നിന്ന് ഉയര്‍ത്തിക്കാട്ടേണ്ട സന്ദര്‍ഭമാണിത്. ഭാരത ചരിത്രത്തിലേക്ക് ഗവേഷണങ്ങളുടെ ദിശ തിരിച്ച് വനിതാശാക്തീകരണത്തിന് ഉതകുന്ന ഉദാത്ത മാതൃകകളെ പുതിയ സമൂഹത്തിലേക്ക് അവതരിപ്പിക്കണം. 29 വയസ്സുള്ളപ്പോള്‍ സതിസമ്പ്രദായം പിന്തുടര്ന്ന് ഭര്‍ത്താവിന്റെ ചിതയിലെ അഗ്നിഗോളങ്ങളില്‍ സ്വയം എരിഞ്ഞടങ്ങാന്‍ തുനിഞ്ഞിറങ്ങിയ അഹല്ല്യാദേവിയെ ഭര്‍തൃപിതാവ് സുബേദാര്‍ മല്‍ഹര്‍ റാവ് ഹോള്‍ക്കര്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ശാക്തീകരിക്കപ്പെട്ട സ്ത്രീയുടെ സമാജത്തിനുവേണ്ടിയുള്ള ഉദാത്തമായ ജീവിതസമര്പ്പണത്തിലേക്കാണ് വഴി തെളിച്ചതെന്ന ചരിത്രപരമായ ഓര്മ്മപ്പെടുത്തലുണ്ടാകണം. അത്, എതുകാലത്തായാലും സ്ത്രീവിരുദ്ധമായ, മതപരമോ സാമൂഹികമായോ രാഷ്ട്രീയമായോ ഉള്ള ഓരോ കെട്ടുകളെയും പൊട്ടിക്കുമ്പോള്‍ നേട്ടം ഉണ്ടാകുന്നത് മാനവികതയ്ക്കാണെന്ന യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നു.
Lokmata Ahilyabai Holkar: Queen of Indomitable Spirit എന്ന പുസ്തകം രചിച്ച ശ്രീമതി ചിന്മയീ മൂല്ല്യേ, പുസ്തകത്തിന്റെ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: ‘ലോക്മാതാ ഒരിക്കലും ഒരു സര്‍വകലാശാലയിലും പഠിച്ചിട്ടില്ല; പക്ഷേ അവര്‍തന്നെ ഒരു സര്‍വകലാശാലയായിരുന്നു. രാഷ്ട്രമീമാംസയില്‍ ഒരു ഡിഗ്രിയുമില്ലായിരുന്നു; പക്ഷേ ഏറ്റവും നല്ല രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു. ഒരു ഐഐഎമ്മിലും പോയിട്ടില്ല: പക്ഷേ അതിശയിപ്പിക്കുന്ന മാനേജ്മെന്റ് വിദഗ്ധയായിരുന്നു. ഒരിക്കലും ഐഎഎസ് ആയിരുന്നില്ല; പക്ഷേ മികവുറ്റ ഭരണതന്ത്രജ്ഞയായിരുന്നു. ഒരു മെഡിക്കല്‍ കോളേജിലും പഠിച്ചിട്ടില്ല; പക്ഷേ ചികിത്സയെ കുറിച്ചും മരുന്നുകളെ കുറിച്ചും അടിസ്ഥാന ധാരണ വേണ്ടത്ര ഉണ്ടായിരുന്നു. ഒരിക്കലും ഡിആര്‍ഡിഒയുടെ ഭാഗമായിരുന്നില്ല; പക്ഷേ ഒന്നുമില്ലായ്മയില്‍ നിന്ന് സ്വന്തം രാജ്യത്തിനാവശ്യയമായ വെടിക്കോപ്പ് നിര്‍മ്മാണവും ആര്‍ട്ടിലറി വികസനവും അവര്‍ക്കു സാധിച്ചു.”
ഇന്‍ഡോര്‍ എന്ന നാട്ടു രാജ്യം മാത്രം തന്റെ അധികാരപരിധിയിലുണ്ടായിരുന്ന റാണി അഹല്ല്യാബായി ഹോള്‍ക്കര്‍, വിശാലമായ ഭാരതത്തിന്റെ ധാര്‍മ്മിക പാരമ്പര്യത്തിന്റെയും സമഗ്രവികസനത്തിന്റെയും (വിരാസത്ത് ഔര്‍ വികാസ്) കേന്ദ്ര ബിന്ദുവായത് ചരിത്രമാണ്. ആ ഉദാത്തമായ മാതൃക പിന്തുടര്ന്നുകൊണ്ട് വര്‍ത്തമാനകാലത്തും ഭാവിയിലും ഹൈന്ദവദേശീയതയുടെ ആധാരശിലയിലുള്ള ഭാരതീയ രാഷ്ട്രീയ നേതൃത്വത്തിന് ഭൂമിശാസ്ത്രപരമായ അധികാരപരിധിയ്ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ വിശ്വമാനവികതയുടെ ശ്രേഷ്ഠ പാരമ്പര്യങ്ങളുടെ സംരക്ഷണത്തിനും ആഗോള സമഗ്ര വികസനത്തിനും നേതൃത്വം കൊടുക്കാന്‍ കഴിയണം.
(കൂടുതല്‍ പഠനങ്ങള്‍ക്ക് ശ്രീമതി ചിന്മയീ മൂല്യേ ജോഷി രചിച്ച Lokmata Ahilyabai Holkar: Queen of Indomitable Spirit എന്ന പുസ്തകം ഉപകരിക്കും. അതിന്റെ മലയാള പരിഭാഷ ‘ലോക്മാതാ അഹല്ല്യാബായി ഹോള്‍ക്കര്‍: കാലത്തിനു മുന്‍പേ നടന്ന മഹാറാണി’ എന്ന ശീര്‍ഷകത്തില്‍ (പരിഭാഷകന്: കെ.വി. രാജശേഖരന്) കുരുക്ഷേത്ര പ്രകാശനില്‍ ലഭ്യമാണ്.)