കേരളത്തിന്റെ സംഘപഥത്തിലെ സഫലസഞ്ചാരികളിലൊരാളാണ് പി. നാരായണന്‍ എന്ന നാരായണ്‍ജി. പ്രചാരകന്‍, പത്രാധിപര്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, സംഘാടകന്‍ തുടങ്ങി സമാജ ജീവിതത്തിന്റെ വ്യത്യസ്തവും വിസ്തൃതവുമായ രംഗങ്ങളില്‍ വ്യാപരിക്കുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തയാളാണ് അദ്ദേഹം. രാഷ്ട്രീയ മേഖലയിലും പത്രപ്രവര്‍ത്തന മേഖലയിലും പ്രതിഭാവിലാസം കൊണ്ട് സ്വാധീനം സൃഷ്ടിച്ചയാള്‍. ഭാരതീയ ജനസംഘത്തിന്റെ സംഘടനാകാര്യദര്‍ശി, ജന്മഭൂമിയുടെ മുഖ്യപത്രാധിപര്‍ തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ച അദ്ദേഹം ഇപ്പോള്‍ നവതിയില്‍ എത്തിനില്‍ക്കുകയാണ്. ഏഴു പതിറ്റാണ്ടുകളായി മഷിയുണങ്ങാത്ത തൂലിക കൊണ്ട് സംഘചരിത്രത്തില്‍ ഇതിഹാസം രചിച്ച അക്ഷരതപസ്വിയായ പി.നാരായണ്‍ജിയുമായി കേസരി സഹപത്രാധിപര്‍ സായന്ത് അമ്പലത്തില്‍ നടത്തിയ ദീര്‍ഘ സംഭാഷണം.
അങ്ങയുടെ കുട്ടിക്കാലവും കുടുംബപശ്ചാത്തലവും ഒന്ന് ഓര്‍ത്തെടുക്കാമോ?
♠എന്റെ തറവാട് എന്നുപറയാവുന്നത് തൊടുപുഴയ്ക്കടുത്ത് മണക്കാട് എന്ന സ്ഥലത്താണ്. ഒറ്റപ്ലാക്കല്‍ എന്നാണ് വീട്ടുപേര്. അവിടെ ഞങ്ങളുടെ തറവാടു വീടുണ്ട്. ചെറുവടിക്കുളത്ത് എന്നാണ് പേര്. അവിടെയാണ് ഞാന്‍ വളര്‍ന്നത്. ചെറുവടിക്കുളത്ത് ദേവകിയമ്മയാണ് അമ്മ. അച്ഛന്റെ പേര് പത്മനാഭന്‍ നായര്‍. മണക്കാട്ടെ എന്‍എസ്എസ് മലയാളം മിഡില്‍ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ ആയിരുന്നു അച്ഛന്‍. വീട്ടില്‍ അച്ഛനും അമ്മയ്ക്കും ചേച്ചിയോടും ഒപ്പം താമസിക്കുന്നതാണ് എന്റെ ബാല്യകാല ഓര്‍മ്മ. മുത്തച്ഛന്‍ തൊടുപുഴ താലൂക്കിലെ എന്‍എസ്എസ് കരയോഗം യൂണിയന്‍ പ്രസിഡന്റായിരുന്നു. അങ്ങനെ എന്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളുമായി അച്ഛന്റെ കുടുംബത്തിന് പഴയകാല ബന്ധമുണ്ട്. എന്‍എസ്എസിന്റെ ഒരു സ്‌കൂള്‍ മണക്കാട് തുടങ്ങിയ സമയത്ത് അതിലെ ഹെഡ് മാസ്റ്റര്‍ ആയിട്ടാണ് അച്ഛന്‍ അവിടേയ്ക്ക് പോയത്. അന്ന് തിരുവിതാംകൂറില്‍ മലയാളം സ്‌കൂളുകളും, ഇംഗ്ലീഷ് സ്‌കൂളുകളും വെവ്വേറെയായിരുന്നു. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായമായിരുന്നില്ല അന്നത്തേത്. രാജഭരണകാലമായിരുന്നു. സി.പി.രാമസ്വാമി അയ്യര്‍ ദിവാനായിരുന്നു. ഞാന്‍ മണക്കാട് എന്‍എസ്എസ് മലയാളം മിഡില്‍ സ്‌കൂളില്‍ നാലാം ക്ലാസ്സ് വരെ പഠിച്ചു. അന്ന് നാലാം ക്ലാസ്സ് കഴിഞ്ഞാല്‍ പ്രൈമറി വിദ്യാഭ്യാസം അവസാനിക്കും. അതുകഴിഞ്ഞ്, അന്നത്തെ ആളുകളുടെ പൊതുവെയുള്ള ആഗ്രഹം പോലെ അച്ഛന് എന്നെ ഇംഗ്ലീഷ് പഠിപ്പിക്കണമെന്നായിരുന്നു മോഹം. അതുകൊണ്ട് എന്നെ തൊടുപുഴയിലെ ഗവണ്‍മെന്റ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ചേര്‍ത്തു. അവിടുത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങുന്നതിനു മുന്‍പ് മലയാളം ക്ലാസ്സുകളില്‍ നിന്ന് വരുന്നവര്‍ക്ക് പഠിക്കാനായി പ്രിപ്പറേറ്ററി ക്ലാസ്സ് ഉണ്ട്. ഇംഗ്ലീഷ് സ്‌കൂളില്‍ ചേരാനായിട്ടുള്ള തയ്യാറെടുപ്പാണ് അത്. ആ പ്രിപ്പറേറ്ററി ക്ലാസ്സിലാണ് ഞാന്‍ ചേര്‍ന്നത്.
ഏതാണ്ട് നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ വിദ്യാഭ്യാസ പരിഷ്‌കരണം വന്നു. അപ്പോഴേയ്ക്കും ഭാരതത്തിന് സ്വാതന്ത്ര്യവും ലഭിച്ചു. അതോടെ വിദ്യാഭ്യാസത്തില്‍ ഇംഗ്ലീഷിനുള്ള പ്രാധാന്യവും കുറഞ്ഞു. സി.പി.രാമസ്വാമി അയ്യര്‍ പോയി, പിന്നീട് ജനകീയ ഭരണം വന്നപ്പോള്‍ വിദ്യാഭ്യാസം മലയാളത്തില്‍ ആകണമെന്നുള്ള ഒരു ആശയം പൊങ്ങിവന്നു. അങ്ങനെ ഇംഗ്ലീഷ് സ്‌കൂളുകളിലും പൊതുവെ വിഷയങ്ങളെല്ലാം മലയാളത്തില്‍ പഠിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ അഞ്ചാം ക്ലാസ്സുമുതല്‍ മലയാളത്തിലാണ് പഠനം മുന്നോട്ടു പോയത്. മിഡില്‍ ക്ലാസ്സ് കഴിഞ്ഞിട്ട് പിന്നെ ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ വന്നു. ഇന്നത്തെ പോലെ സെക്കന്ററി സ്‌കൂളുകളല്ല അന്ന്. പ്രൈമറി, മിഡില്‍, ഹൈസ്‌കൂള്‍ എന്നിങ്ങനെയാണ്. അങ്ങനെയുള്ള ഒരു സമ്പ്രദായത്തിലാണ് പഠിച്ചു വന്നത്.
മലയാളത്തിലുള്ള പഠനം ആരംഭിച്ച് ഒരു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ഹിന്ദി ദേശീയ ഭാഷയായി പ്രഖ്യാപിച്ചു. ഇംഗ്ലീഷിന് ആ സെന്‍ട്രല്‍ ഭാഷ എന്നുള്ള സ്ഥാനം നഷ്ടപ്പെട്ടു. അതോടെ സ്‌കൂളില്‍ ഹിന്ദിയും പഠിക്കണമെന്ന് വന്നു. അതുപോലെ തന്നെ അന്നത്തെ ഒന്നാം ഭാഷ മലയാളം ആയിരുന്നു. മലയാളം പഠിക്കാത്തവര്‍ക്ക് സംസ്‌കൃതം ഒന്നാം ഭാഷയായിട്ടുണ്ടായിരുന്നു. ഞാന്‍ ആദ്യം സംസ്‌കൃതം ഒന്നാം ഭാഷയായി എടുത്തിരുന്നെങ്കിലും രണ്ടാം ലോകമഹായുദ്ധം കഴിയുന്ന സമയത്ത് നാട്ടില്‍ മുഴുവന്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചിരുന്നു. അതുമൂലം പലപ്പോഴും ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതുകൊണ്ട് സംസ്‌കൃത പഠനം തുടരാന്‍ സാധിച്ചില്ല. പകരം മലയാളം തന്നെ എടുത്തു. പിന്നീട് ഒരിക്കലും സംസ്‌കൃത പഠനം തുടരാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് സംസ്‌കൃതത്തില്‍ എനിക്ക് അനഭിജ്ഞനായി തുടരേണ്ടി വന്നു. അങ്ങനെ സിക്‌സ്ത്ത് ഫോം കഴിഞ്ഞു. അന്നത്തെ രീതിയില്‍ മെട്രിക്കുലേഷന്‍ കഴിഞ്ഞു എന്നര്‍ത്ഥം. അതിനു മലയാളത്തില്‍ ഒരു നാടന്‍ ഭാഷയുണ്ട്. മറ്റിഗ്ലീഷ് എന്നാണ് പറയുക. അതുകഴിഞ്ഞാല്‍ അഭ്യസ്തവിദ്യനായി എന്നര്‍ത്ഥം. അന്ന് അതൊരു വലിയനേട്ടമായി നാട്ടിന്‍പുറങ്ങളില്‍ കണക്കാക്കിയിരുന്നു.

കോളേജ് വിദ്യാഭ്യാസം എവിടെയായിരുന്നു?
♠മറ്റിഗ്ലീഷ് പാസ്സായി കഴിഞ്ഞപ്പോള്‍ അച്ഛന്‍ കോളേജില്‍ ചേരണം എന്നു പറഞ്ഞു. പല സ്ഥലങ്ങളിലേക്കും അപേക്ഷ അയച്ചു. ആദ്യം അപേക്ഷയ്ക്ക് മറുപടി വന്നത് തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളേജില്‍ നിന്നാണ്. അവിടുന്ന് അഡ്മിഷന്‍ ലെറ്റര്‍ കിട്ടിയതിനുശേഷം എറണാകുളത്തെ മഹാരാജാസ് കോളേജില്‍ നിന്നും മറുപടി വന്നു. ആദ്യം കിട്ടിയിടത്ത് എന്ന നിലയില്‍ തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളേജില്‍ ചേര്‍ന്നു. അച്ഛന്‍ ടീച്ചേഴ്‌സ് ട്രെയിനിംഗിന് പഠിക്കുന്ന കാലത്ത് കൂടെയുണ്ടായിരുന്ന ഒരു രാഘവന്‍പിള്ള സാറായിരുന്നു കോളേജിന്റെ ഓഫീസ് മാനേജര്‍. ഇവനെ ഇവിടേയ്ക്ക് വിട്ടേര്. ഞാന്‍ നോക്കിക്കൊളളാം എന്ന് അദ്ദേഹം അച്ഛനോട് പറഞ്ഞു. കോളേജ് തുറക്കുന്ന സമയത്ത് ഞാന്‍ തനിച്ചാണ് പോയത്. ആദ്യമായി ഞാന്‍ തനിച്ച് നടത്തിയ യാത്രയാണത്. അതിന് മുന്‍പ് മൂവാറ്റുപുഴ വരെ പോലും ഒറ്റയ്ക്ക് പോയിട്ടില്ല. പുറംലോകം കണ്ടിട്ടില്ല എന്ന് പറയാം. അങ്ങനെ രാഘവന്‍പിള്ള സാറിന്റെ അവിടുത്തെ ക്വാര്‍ട്ടേഴ്സ്റ്റില്‍ താമസമാക്കി.
മഹാത്മാഗാന്ധി കോളേജിന് ഒരു ചരിത്രം ഉണ്ട്. അത് നമ്മള്‍ അറിഞ്ഞിരിക്കണം. കോളേജ് ഇരിക്കുന്ന സ്ഥലം മുന്‍പ് കറ്റച്ചകോണം എന്ന സ്ഥലത്തെ വലിയ ഒരു കുന്നായിരുന്നു. അമ്പത് ഏക്കര്‍ സ്ഥലമുണ്ട്. മാര്‍ ഇവാനിയോസ് എന്ന ബിഷപ്പ് ആ സ്ഥലം വാങ്ങി അവിടെ സിയോണ്‍ ഹില്‍ എന്ന പേരില്‍ ഒരു ക്രിസ്ത്യന്‍ കോളനി സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയായിരുന്നു. അവരുടെ ആളുകള്‍ക്ക് താമസിക്കാനായിട്ട് അവിടെ ഒരു പത്തുമുപ്പതു ചെറിയ വീടുകള്‍ പണിതിരുന്നു. ആ വീടുകള്‍ക്ക് അവര്‍ ഓരോ പേരിട്ടു. അത് മുഴുവനും ക്രിസ്ത്യന്‍ ശൈലികളിലുള്ള പേരുകളാണ്. പക്ഷെ, മഹാത്മാഗാന്ധി കോളേജിന് വേണ്ടി ആ സ്ഥലമേറ്റെടുത്ത് കഴിഞ്ഞപ്പോള്‍ എന്‍എസ്എസ് അതിനെല്ലാം ദേശീയമായ പേരുകള്‍ ഇട്ടു. അങ്ങനെ ഒരു പേര് സബര്‍മതി എന്നായിരുന്നു. വേറൊരു വീട് ഉണ്ടായിരുന്നു. അവിടെ നിന്ന് നോക്കിയാല്‍ കവടിയാര്‍ പാലസ് കാണാമായിരുന്നു. അതിന് പാലസ് വ്യൂ എന്ന് പേരിട്ടു. മൂന്ന് റോഡുകള്‍ ചേരുന്ന സ്ഥലത്ത് ഒരു വീട് ഉണ്ടായിരുന്നു. അതിന് ത്രിവേണി എന്നു പേരിട്ടു. അങ്ങനെ നമ്മുടെ പാരമ്പര്യത്തിനനുസരിച്ചുള്ള പേരുകളാണ് ഇട്ടത്. അങ്ങനെ പത്തിരുപത്തഞ്ചു വീടുകള്‍ ഉണ്ടായിരുന്നു. ആ വീട്ടിലൊന്നിലാണ് രാഘവന്‍ പിള്ള സാര്‍ താമസിച്ചിരുന്നത്. അദ്ദേഹം, അദ്ദേഹത്തിന്റെ അമ്മ, ഭാര്യ, മൂന്ന് കുട്ടികള്‍ എന്നിവരാണ് അവിടെ ഉണ്ടായിരുന്നത്.
സംഘത്തിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?
♠കോളേജില്‍ ചെന്ന് കഴിഞ്ഞപ്പോള്‍ എന്തോ പ്രശ്‌നത്തിന്റെ പേരില്‍ ക്ലാസ് തുടങ്ങുന്നത് ഒരാഴ്ചത്തേക്ക് നീട്ടിവെച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമായിരുന്നു അത്. അങ്ങനെ ഒരാഴ്ച വെറുതെ ഇരിക്കുന്ന സമയത്ത് ആ വീട്ടിലേയ്ക്ക് ഒരാള്‍ കയറിവന്നു. അദ്ദേഹത്തിന്റെ പേര് കെ.ഇ. കൃഷ്ണന്‍ എന്നാണ്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ഡിപ്ലോമ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. കോതമംഗലത്തിനടുത്ത് ചെറുവട്ടൂരാണ് അദ്ദേഹത്തിന്റെ വീട്. അദ്ദേഹം അവിടുത്തെ സംഘത്തിന്റെ ശാഖാ മുഖ്യശിക്ഷകനായിരുന്നു. അന്ന് കേശവദാസപുരത്തിനടുത്തുള്ള പട്ടത്ത് ശാഖ നടന്നിരുന്നു. പുതിയ ശാഖയാണ്. ശാഖകളുടെ ചിട്ടവട്ടം ഒന്നും ആയിട്ടുണ്ടായിരുന്നില്ല. ആ ശാഖയിലേയ്ക്ക് ആ പരിസരങ്ങളിലുള്ള ആളുകളെയൊക്കെ എത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം. രാഘവന്‍ പിള്ള സാറിന്റെ മക്കള്‍ നേരത്തെ അദ്ദേഹം ചങ്ങനാശ്ശേരിയില്‍ ജോലിയിലായിരുന്നപ്പോള്‍ തന്നെ ശാഖയില്‍ പങ്കെടുത്തിട്ടുണ്ട്. അങ്ങനെ ആ നിലയില്‍ അവരും കൃഷ്ണനും കൂടി എന്നെ ശാഖയിലേയ്ക്ക് വിളിച്ചു. അങ്ങനെ ശാഖയിലേയ്ക്ക് പോയി. പട്ടം ഇംഗ്ലീഷ് മിഡില്‍ സ്‌കൂളിലായിരുന്നു അത്. ആദ്യമായി ശാഖയില്‍ പോയത് അവിടെയാണ്. പിന്നീട് ശാഖയില്‍ ഇവരുടെ കൂടെ പതിവായി പോകാന്‍ തുടങ്ങി. അങ്ങനെയാണ് സംഘവുമായിട്ടുള്ള ബന്ധം ആരംഭിച്ചത്.
ശാഖാപ്രവര്‍ത്തനത്തിന്റെ ഓര്‍മ്മകള്‍ എന്തൊക്കെയാണ്?
♠ശാഖയില്‍ ഒരിക്കല്‍ മുതിര്‍ന്ന ഒരാള്‍ വന്നു. അദ്ദേഹത്തിന്റെ പേര് ഭാസ്‌കര്‍ ദാംലെ എന്നായിരുന്നു. ആ സമയത്ത് തിരുവനന്തപുരത്ത് പ്രചാരകനായിട്ടുണ്ടായിരുന്നത് അദ്ദേഹമാണ്. അതിനു മുന്‍പ് മനോഹര്‍ദേവ് എന്നൊരു പ്രചാരക് ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് വന്ന ആദ്യകാല പ്രചാരകന്മാരില്‍ ഒരാളാണ് മനോഹര്‍ ദേവ്. ഇദ്ദേഹമാണ് പരമേശ്വര്‍ജിയെ ഒക്കെ ശാഖയിലേക്ക് കൊണ്ടുവന്നത്. പിന്നീട് മനോഹര്‍ ദേവ് തിരുവനന്തപുരത്തു നിന്നും സ്വന്തം നാട്ടിലേയ്ക്ക് പോയി. നാഗപൂരിനടുത്താണ് അദ്ദേഹത്തിന്റെ വീട്. ഇപ്പോഴത്തെ പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവതിന്റെ നാടിന്റെ അടുത്താണ് അദ്ദേഹം. പകരം വന്ന ഭാസ്‌കര്‍ ദാംലെയും നാഗപ്പൂര്‍കാരനായിരുന്നു. അദ്ദേഹം അതിന് മുന്‍പ് പൂനയിലോ മറ്റോ ആയിരുന്നു. ആജാനുബാഹുവായ ഒരാള്‍. അദ്ദേഹത്തെ കണ്ടാല്‍ തന്നെ നമുക്ക് ഒരു ബഹുമാനം തോന്നും. ഭാസ്‌കര്‍ ദാംലെ വന്നു ശാഖകളുടെ ചുമതലയൊക്കെ ഏറ്റെടുത്തതോടുകൂടി തിരുവനന്തപുരത്ത് ശാഖകള്‍ക്ക് ഒരു പുതുജീവന്‍ ഉണ്ടായി. വളരെ നല്ല നിലയിലാണ് തിരുവനന്തപുരത്തെ ശാഖകള്‍ നടന്നിരുന്നത്. പ്രസിദ്ധരായ വളരെയേറെ ആളുകള്‍ അവിടുത്തെ സ്വയംസേവകരായി ഉണ്ടായിരുന്നു. പിന്നീടും അവര്‍ പ്രസിദ്ധന്മാരായിത്തീര്‍ന്നു. അതില്‍ പ്രധാനപ്പെട്ടയാള്‍ പരമേശ്വര്‍ജി തന്നെയാണ്. രാമചന്ദ്രന്‍ കര്‍ത്താ ആയിരുന്നു മറ്റൊരാള്‍. അദ്ദേഹം പാലയ്ക്കടുത്തുള്ള പൂവരണിക്കാരനാണ്. അദ്ദേഹവും പരമേശ്വര്‍ജിയും, കൂടാതെ എം.എ.സാര്‍ (എം.എ.കൃഷ്ണന്‍). അദ്ദേഹം സംസ്‌കൃത കോളേജില്‍ പഠിക്കാന്‍ തിരുവനന്തപുരത്ത് പോയതാണ്. അദ്ദേഹവും ആ ശാഖയില്‍ ഉണ്ടായിരുന്നു. ഗോപാലകൃഷ്ണന്‍ എന്ന ഒരാള്‍ ഉണ്ടായിരുന്നു. അദ്ദേഹവും സംസ്‌കൃത കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. സംസ്‌കൃതത്തിലും, ഇംഗ്ലീഷിലും റിക്കാര്‍ഡ് മാര്‍ക്ക് വാങ്ങിയ ആളാണ് ഈ ഗോപാലകൃഷ്ണന്‍. ഗോപാലകൃഷ്ണന്‍ തിരുവനന്തപുരത്തെ ഒരു ശാഖയിലെ ശിക്ഷക് ആയിരുന്നു. പിന്നീട് സംസ്‌കൃതകോളേജില്‍ അധ്യാപകനായി. അതിനുശേഷം തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിലെ പ്രിന്‍സിപ്പാളായി വളരെക്കാലം ഉണ്ടായിരുന്നു. അവിടെ പോയി ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.
അതുപോലെ തന്നെ എം.എ സാര്‍. അദ്ദേഹത്തിന്റെ വീട് അടൂരിനടുത്ത് ഐവര്‍കാല എന്ന സ്ഥലത്താണ്. പഞ്ചപാണ്ഡവന്മാര്‍ വന്നു താമസിച്ചിരുന്ന സ്ഥലമാണ് അത് എന്നാണ് പറയുന്നത്. ഐവര്‍മഠം, ഐവര്‍കാല തുടങ്ങി ഐവര്‍ ചേര്‍ത്ത് പറയുന്ന സ്ഥലങ്ങളെല്ലാം പഞ്ചപാണ്ഡവരുമായി ബന്ധമുള്ള സ്ഥലമെന്നാണ് കരുതപ്പെടുന്നത്. ഐവര്‍കളി എന്ന് പറഞ്ഞൊരു കളിയുണ്ട്. അതും പഞ്ചപാണ്ഡവരുമായി ബന്ധപ്പെട്ടതാണ്. അങ്ങനെ തിരുവനന്തപുരത്ത് വെച്ച് ഇങ്ങനെയുള്ള ഒരുപാട് ആളുകളുമായി ബന്ധം വളരാന്‍ ഇടയായി.
അന്ന് സംഘത്തിന്റെ അഖിലഭാരതീയ അധികാരിമാരെയൊന്നും അറിയില്ല. സംഘത്തെപ്പറ്റി തന്നെ പുറത്ത് കേട്ടിരുന്നത് ഗാന്ധിയെക്കൊന്ന കൂട്ടര്‍ എന്നാണ്. ആ സമയത്ത് സംഘത്തില്‍ തമിഴ്‌നാടും, തിരുവിതാംകൂറും ചേര്‍ന്ന് ഒറ്റ പ്രാന്തമായിരുന്നു. മലബാര്‍ ഒക്കെ അതിലായിരുന്നു. അതിന്റെ പ്രാന്തകാര്യവാഹായിരുന്നു അണ്ണാജി. അഡ്വ. എ. ദക്ഷിണാമൂര്‍ത്തി എന്നാണ് മുഴുവന്‍ പേര്. അദ്ദേഹം ഒരിക്കല്‍ ശാഖയില്‍ വന്നിരുന്നു. അന്ന് അദ്ദേഹവുമായി പരിചയപ്പെട്ടു.

♠ആദ്യമായി സംഘത്തിന്റെ പരിശീലന ശിബിരത്തില്‍ പങ്കെടുത്തത് എന്നാണ്?
അക്കാലത്ത് കൊല്ലത്ത് സംഘത്തിന്റെ ഒരു ഹേമന്ത ശിബിരം നടത്തുവാന്‍ തീരുമാനിച്ചിരുന്നു. അന്നത്തെ തിരുവിതാംകൂര്‍, കൊച്ചി, മധുരൈ, തിരുനെല്‍വേലി തുടങ്ങിയ ജില്ലകള്‍ അതില്‍ വരും. കുറെ തമിഴ് വിദ്യാര്‍ത്ഥികളും, ബാക്കി മലയാളികളും അതില്‍ ഉണ്ടായിരുന്നു. കൊല്ലം എസ്.എന്‍. കോളേജിലാണ് ആ ക്യാമ്പ് നടന്നത്. ആ ക്യാമ്പിന് പോകണമെന്ന് തീരുമാനിച്ചു. ഡിസംബര്‍ മാസത്തെ കോളേജ് അവധി കഴിഞ്ഞു തിരിച്ചു പോകുന്ന സമയത്ത് ഒരു ദിവസം നേരത്തെ പോയി. അതാണ് ഞാന്‍ ആദ്യമായി പങ്കെടുത്ത സംഘശിബിരം. ആ ശിബിരത്തില്‍ മുഖ്യഅധികാരിയായി വന്നത് ഭയ്യാജി ദാണിയായിരുന്നു. അദ്ദേഹം പിന്നീട് സര്‍കാര്യവാഹായിത്തീര്‍ന്നു. മാത്രമല്ല, പൂജനീയ ഡോക്ടര്‍ജി ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലേയ്ക്ക് പഠിക്കാനായി പ്രത്യേകം അയച്ച ആളാണ് അദ്ദേഹം. ബനാറസില്‍ ശാഖ തുടങ്ങിയതും ഗുരുജിയെ സംഘത്തിലേക്ക് കൊണ്ടുവന്നതും ഇദ്ദേഹമാണ്. അങ്ങനെ എല്ലാ കാര്യത്തിലും വളരെ പ്രയോഗമതിയായിരുന്ന ഭയ്യാജി ദാണിയാണ് ആ ക്യാമ്പില്‍ വന്നത്. അദ്ദേഹത്തെപ്പറ്റി വളരെ കഥകളുണ്ട്. അദ്ദേഹത്തിന്റെ ആത്മവിശ്വാസം, ദൂരക്കാഴ്ച എന്നിവ അതുല്യമായിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരു സംഭവം പറയാം. വിഭജനകാലത്ത് സംഘം നടത്തിയിട്ടുള്ള സേവനങ്ങളെക്കുറിച്ചൊക്കെ ഭയ്യാജി ദാണി ഒരിക്കല്‍ ഞങ്ങളോട് പറഞ്ഞു. അക്കാലത്ത് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ വളരെ പ്രസിദ്ധരായ അധ്യാപകരൊക്കെ സിന്ധിലെ ആളുകളാണ്. ആചാര്യ കൃപലാനിയെപ്പോലെ നിരവധി പേര്‍. അവരൊക്കെ സിന്ധി പ്രൊഫസര്‍മാരായിരുന്നു. അന്ന് സിന്ധിനെ ബോംബെ പ്രസിഡന്‍സിയില്‍ നിന്നും വേര്‍പെടുത്താനുള്ള പ്രക്ഷോഭം നടക്കുന്നുണ്ടായിരുന്നു. ബോംബെ പ്രസിഡന്‍സി വളരെ വലുതാണ്. കര്‍ണ്ണാടകം മുതല്‍ സിന്ധ് വരെയുള്ള പ്രദേശങ്ങള്‍ അതിലായിരുന്നു. അതുകൊണ്ട് സിന്ധിനെ വേറെ പ്രൊവിന്‍സ് ആക്കണമെന്ന് പറഞ്ഞു പ്രക്ഷോഭം കൂട്ടി. ആ പ്രക്ഷോഭം ബനാറസ്സിലേക്കും വന്നു. അന്ന് സിന്ധ് മാത്രമെടുത്തു കഴിഞ്ഞാല്‍ അത് മുസ്ലിം ഭൂരിപക്ഷപ്രദേശമായിരുന്നു. പക്ഷെ, സംയുക്ത ബോംബെ സംസ്ഥാനത്തില്‍ ഹിന്ദുക്കളായിരുന്നു ഭൂരിപക്ഷം. അന്ന് സംഘത്തിന്റെ സ്വയംസേവകരായിരുന്ന പ്രൊഫസര്‍മാര്‍, ഭയ്യാജി ദാണിയെപോലുള്ള വിദ്യാര്‍ത്ഥികള്‍, നാനാജി ദേശ്മുഖ് അടക്കമുള്ളവരെല്ലാം കൂടി പ്രൊഫസര്‍മാരെ കണ്ടിട്ട് പറഞ്ഞു. ഇത് ചെയ്യരുത്. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ നാളെ മുസ്ലിങ്ങളുടെ അടിമകളായിപ്പോകും. അന്നൊന്നും പാകിസ്ഥാനെക്കുറിച്ച് ചിന്തയേയില്ലായിരുന്നു. അന്ന് ആചാര്യ കൃപലാനിയെപ്പോലുള്ള പ്രൊഫസര്‍മാര്‍ ആ വിദ്യാര്‍ത്ഥികളോട് പറഞ്ഞു”What do you know of history? You are only students of history and we are professors of history”.. അതുകൊണ്ട് ഞങ്ങളെ പഠിപ്പിക്കാന്‍ വരണ്ട എന്ന് പറഞ്ഞു. പക്ഷെ, ഇതെല്ലാം കഴിഞ്ഞ് ഭാരതം വിഭജിച്ചതിനുശേഷം കണ്ണീരും ദുരിതവുമായി ഈ പ്രൊഫസര്‍മാര്‍ക്കെല്ലാം, സിന്ധില്‍ നിന്ന് ഓടിപ്പോരേണ്ടിവന്നു. അങ്ങനെ ഓടിപ്പോരേണ്ടിവന്ന സമയത്ത് അവര്‍ സംഘം ഏര്‍പ്പാട് ചെയ്ത ഒരു സംവിധാനത്തിലാണ് സുരക്ഷിതമായി താമസിച്ചിരുന്നത് എന്ന് ഭയ്യാജി ദാണി പറഞ്ഞു. അന്ന് ഭയ്യാജി ദാണിയോട് ഈ പ്രൊഫസര്‍മാര്‍ പറഞ്ഞു നിങ്ങള്‍ അന്ന് പറഞ്ഞതാണ് ശരി.”We are only teachers and readers of history, but you are makers of history”- ഞങ്ങള്‍ ചരിത്രം പഠിക്കുകയും വായിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്. നിങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നത് ഞങ്ങള്‍ കണ്ണുകൊണ്ട് കണ്ടു. ഈ അനുഭവം ഭയ്യാജി ദാണി ബൗദ്ധിക്കില്‍ പറയുകയുണ്ടായി.
കൊല്ലത്തെ ആ ക്യാമ്പ് കഴിഞ്ഞപ്പോള്‍ സംഘത്തെക്കുറിച്ചുള്ള വീക്ഷണത്തിന് എന്റെ മനസ്സില്‍ ഒരു വലുപ്പമുണ്ടായി. കാരണം, കന്യാകുമാരി മുതല്‍ തൃശൂര്‍ വരെയും തിരുനല്‍വേലി, കന്യാകുമാരി, മധുരൈ എന്നിവിടങ്ങളിലെയും പ്രധാനപ്പെട്ട സ്വയംസേവകരെ എല്ലാം കാണാനും, പരിചയപ്പെടാനുമുള്ള അവസരം അതിലുണ്ടായി. അങ്ങനെ സംഘത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനു വലുപ്പം വന്നു.


കൊല്ലത്തെ ശിബിരത്തെ സംബന്ധിച്ചുള്ള മറ്റ് ഓര്‍മ്മകള്‍ എന്തൊക്കെയാണ്?
♠ആ ക്യാമ്പില്‍ ഗോപാല്‍ജി എന്ന് വിളിക്കുന്ന തമിഴ്‌നാട്ടുകാരനായ ഒരു പ്രചാരക് ഉണ്ടായിരുന്നു. അദ്ദേഹം അന്ന് മധുരയില്‍ പ്രചാരകനായിരുന്നു. അദ്ദേഹം കുറച്ചു കാലം തിരുവനന്തപുരത്തും പ്രചാരകനായിട്ടുണ്ട്. ഗോപാല്‍ജി നല്ല പാട്ടുകാരനാണ്. അന്നത്തെ മറ്റൊരു പാട്ടുകാരന്‍ ദിനകര്‍ ബുച്ചേ ആയിരുന്നു. നന്നായി പാടുന്ന ആള്‍. അദ്ദേഹം അന്ന് അവിടെ ഒരു ഗീതം പാടി
‘സാഗരവസന പാവന ദേവീ
സരസ സുഭാവന ഭാരത് മാ
ഹിമഗിരി പീനപയോധര വത്സല
ജനഹിത് ഭൂഷിത ഭാരത് മാ….’
എന്ന വളരെ മനോഹരമായിട്ടുള്ള പാട്ടായിരുന്നു അത്. ശിബിരം കഴിയുന്നതിനുമുമ്പു തന്നെ എല്ലാവരും അത് മനപ്പാഠമാക്കി. നേരത്തെ പറഞ്ഞ ഗോപാല്‍ജി അത് തമിഴിലേക്ക് വിവര്‍ത്തനം പോലെ ഉണ്ടാക്കി അവിടെ പാടി. കുറേ കഴിഞ്ഞപ്പോള്‍ അതിനൊരു മലയാളവും വന്നു. ‘പാവന ചരിതേ, ഭാരതമാതേ, മഹിത മനസ്വിനി മമ ജനനീ’ ആ പാട്ടാണ് ഞാന്‍ ആദ്യമായി കാണാതെ പഠിച്ച ഗീതം. അതുപോലെ കൂടുതല്‍ കാലം ഓര്‍മ്മയില്‍ വെച്ചതും ഈ പാട്ടാണ്. ആ ശിബിരത്തില്‍ പങ്കെടുത്തതുകൊണ്ടാണത്. പുറത്തുനിന്നു വന്ന പ്രചാരകന്മാരെയും, പി. മാധവ്ജിയെയും രാ. വേണുഗോപാല്‍ എന്ന വേണുവേട്ടനെയും ഒക്കെ പരിചയപ്പെട്ടത് അവിടെ വെച്ചാണ്. പിന്നീട് പ്രചാരകനായ പി.രാമചന്ദ്രനും അദ്ദേഹത്തിന്റെ ജ്യേഷ്ഠനും ആ ശിബിരത്തില്‍ ഉണ്ടായിരുന്നു. രാമചന്ദ്രന്‍ അന്നുതന്നെ കടുകുവറുക്കുന്നതുപോലെ നടക്കുന്ന ഒരാളായിരുന്നു. ബൈഠക്കില്‍ ഭയ്യാജി ദാണി എന്തെങ്കിലും ചോദിച്ചാല്‍ ഉടനെ ഇയാള്‍ ചാടി എഴുന്നേറ്റ് ഉത്തരം പറയും. ബാക്കിയുള്ളവര്‍ക്ക് കൂടി എന്തെങ്കിലും പറയാനുണ്ടോ എന്നറിയേണ്ടേ എന്നൊക്കെ മുഖ്യശിക്ഷക് പറഞ്ഞു എങ്കിലും വീണ്ടും ചോദ്യം കേള്‍ക്കുന്ന ഉടനെ രാമചന്ദ്രന്‍ ചാടി എഴുന്നേക്കും. ആ ശിബിരമാണ് എന്റെ ആദ്യത്തെ സംഘത്തിന്റെ ശിബിരജീവിതം.
തിരുവനന്തപുരത്തെ സംഘപ്രവര്‍ത്തനത്തിനിടയിലെ അവിസ്മരണീയമായ മറ്റ് അനുഭവങ്ങള്‍ എന്തൊക്കെയാണ്?
ആദ്യമായി ഞാന്‍ പരംപൂജനീയ ഗുരുജിയെ കാണുന്നത് തിരുവനന്തപുരത്തുവെച്ചാണ്. ഞാന്‍ അവിടെ പഠിക്കുന്ന സമയത്ത് ശ്രീഗുരുജിയുടെ ഒരു പരിപാടി അവിടെ ഉണ്ടായിരുന്നു. സ്വയംസേവകര്‍ക്കായി പ്രത്യേകിച്ച് പരിപാടി ഉണ്ടായിരുന്നില്ല. സംഘനിരോധവും ജയില്‍വാസവുമെല്ലാം കഴിഞ്ഞു പുറത്തിറങ്ങിയതിന് ശേഷം, ഭാരതം മുഴുവനും അദ്ദേഹത്തിന് സ്വീകരണങ്ങളുണ്ടായിരുന്നു. ദക്ഷിണ ഭാരതത്തില്‍ മധുരയിലായിരുന്നു പരിപാടി. അന്ന് അദ്ദേഹം തിരുവനന്തപുരത്ത് വന്നിട്ടില്ല. എന്നാല്‍ തിരുവനന്തപുരത്തെ ശ്രീഗുരുജിയുടെ മറ്റൊരു സന്ദര്‍ശനം വളരെ ചരിത്രപ്രസിദ്ധമാണ്. അത് 1948 ജനുവരി അവസാനമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ആ പരിപാടി ആക്രമിക്കുകയും, അവിടെ സ്വയംസേവകര്‍ തിരിച്ചടിക്കുകയും ചെയ്ത സംഭവമുണ്ട്. വലിയ സംഘട്ടനമായിരുന്നു അത്. അതിനുശേഷം ആ സംഘട്ടനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളായി വന്ന പലരും പിന്നീട് വലിയ ഉദ്യോഗസ്ഥന്മാരായിത്തീര്‍ന്നു. ഒരു വെങ്കിട്ട രമണന്‍, അദ്ദേഹം പിന്നീട് ഫിനാന്‍സ് സെക്രട്ടറിയും ക്യാബിനറ്റ് സെക്രട്ടറിയുമായിരുന്നു. അത് കഴിഞ്ഞ് ഐക്യരാഷ്ട്ര സഭയുടെ ഫിനാന്‍സ് ഓഫീസര്‍ കൂടിയായി. സി.വി.സുബ്രഹ്മണ്യന്‍ എന്നൊരാള്‍ ഉണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ പ്രിന്‍സിപ്പാളിന്റെ മകനായിരുന്നു. അദ്ദേഹവും ക്യാമ്പിനറ്റ് സെക്രട്ടറിയായിട്ടാണ് പിരിഞ്ഞത്. അങ്ങനെ മഹാന്മാരായ പലരും. മലയാറ്റൂര്‍ രാമകൃഷ്ണനും അക്കൂട്ടത്തിലുണ്ട്. അദ്ദേഹത്തിന്റെ കഥ അതിലും വലിയ രസമാണ്. അദ്ദേഹം ആലപ്പുഴ കലക്ടറായി വന്ന സമയത്ത് അവിടെ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ തീരുമാനിച്ചു. അതിനുവേണ്ടി അവിടുത്ത ഗൗഢസാരസ്വത സമുദായത്തിന്റെ ടി.ഡി. ദേവസ്വത്തിന്റെ വകയാണ് അത് തുടങ്ങിയത്. കളക്ടര്‍ എന്ന നിലയ്ക്ക് ആ കമ്മിറ്റിയുടെ അധ്യക്ഷന്‍ അദ്ദേഹമായിരുന്നു. അന്ന് ആ കമ്മിറ്റിയുടെ ഉപാധ്യക്ഷനായിരുന്നത് സംഘത്തിന്റെ പിന്നീട് പ്രാന്തകാര്യവാഹായ അഡ്വ. നാരായണപൈ ആയിരുന്നു. മെഡിക്കല്‍ കോളേജ് വിഷയങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ നാരായണപൈയെ പരിചയപ്പെടുത്തുമ്പോള്‍ ആര്‍എസ്എസിന്റെ സ്റ്റേറ്റ് സെക്രട്ടറി എന്ന് പരിചയപ്പെടുത്തി. അപ്പോള്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ക വമറ മഹീ െമി ലഃുലൃശലിരല ംശവേ ഞടട എന്ന് പറഞ്ഞ് അടികൊണ്ട പാട് കാണിച്ചു കൊടുത്തു. അദ്ദേഹം വളരെ തമാശയോടുകൂടി ഇക്കാര്യം പറയുകയുണ്ടായി. പിന്നീട് അദ്ദേഹം ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായി ഉണ്ടായിരുന്നു.
അക്കാലത്ത് ആലപ്പുഴയിലും, ശ്രീഗുരുജിയുടെ പരിപാടിയില്‍ സംഘട്ടനമുണ്ടായി. ഞാന്‍ തിരുവനന്തപുരത്ത് പഠിക്കുന്ന കാലത്ത് ഗുരുജി അവിടെ വന്നിരുന്നു. അന്ന് അദ്ദേഹത്തിന് സ്വീകരണമായിരുന്നു. അവിടെ അന്ന് ഏതാനും ശാഖകള്‍ മാത്രം. ഗുരുജിക്ക് അവിടെ ഹിന്ദുമത ഗ്രന്ഥശാലയില്‍വെച്ച് പൊതു സ്വീകരണം നല്‍കി. അതിനുമുന്‍പ് സ്വയംസേവകരുടെ ഒരു ബൈഠക്കും ഉണ്ടായിരുന്നു. എല്ലാവരുംകൂടി പത്തുമുപ്പതു പേര്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്തെയും, നാഗര്‍കോവിലിലെയും സ്വയംസേവകര്‍. നാഗര്‍കോവില്‍ അന്ന് തിരുക്കൊച്ചിയുടെ ഭാഗമാണ്. അവിടെ വെച്ച് ഗുരുജിയുമായി പരിചയപ്പെട്ടു. അത് ഒരു അസുലഭ ഓര്‍മ്മയായി നില്‍ക്കുന്നു. അവിടെ അദ്ദേഹത്തിന്റെ പ്രസംഗം ഉണ്ടായിരുന്നു. ആ പരിപാടിയിലാണ് ആദ്യമായി ഗുരുജിയുടെ പ്രഭാഷണം കേട്ടത്. ആദ്യം കേള്‍ക്കുന്നത് ഇംഗ്ലീഷ് പ്രസംഗമാണ്. എനിക്ക് അതിലെ ഒന്നും മനസ്സിലായില്ല എന്ന് തന്നെ പറയാം. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഓര്‍മ്മപോലുമില്ല. അങ്ങനെ ഗുരുജിയുടെ പരിപാടി കഴിഞ്ഞു.

ആ സമയത്ത് സംഘം മുന്‍കൈയെടുത്ത് ഗോവധനിരോധന പ്രസ്ഥാനം ആരംഭിച്ചിരുന്നു. ശരിക്കും ഇതല്ല അതിന്റെ പേര്. അഖില ഭാരതീയ ഗോരക്ഷാ അഭിയാന്‍ എന്നാണ്. ഗോവധ നിരോധന പ്രസ്ഥാനം എന്നുള്ളത് മനഃപൂര്‍വ്വമായി സംഘത്തിന്റെ എതിരാളികള്‍ പ്രചരിപ്പിച്ച ഒരു പേരാണ്. അതിന്റെ വിവിധങ്ങളായ പരിപാടികള്‍ ഉണ്ടായിരുന്നു. അതിലൊരു ഭാഗമാണ് ഗോവധം നിരോധിക്കണമെന്നുള്ളത്. അതിനുവേണ്ടിയുള്ള ഒപ്പ് ശേഖരണം ഉണ്ടായിരുന്നു. ഒപ്പ് ശേഖരണം കോളേജിലും ശാഖകള്‍ വഴിയും നടത്താനായിട്ടുള്ള ഏര്‍പ്പാട് ഉണ്ടായിരുന്നു. ഞങ്ങള്‍ മഹാത്മാഗാന്ധി കോളേജില്‍ രണ്ടുമൂന്നുപേര്‍ മാത്രമേ ഉള്ളൂ. ഞങ്ങളെല്ലാവരും കൂടി ഫോറം വാങ്ങി പ്രൊഫസര്‍മാരേയും, വിദ്യാര്‍ത്ഥികളെയും കണ്ട് ഒപ്പ് ശേഖരിച്ചു. 18 വയസ്സ് കഴിഞ്ഞവര്‍ക്കേ ഒപ്പിടാന്‍ സാധിക്കുകയുള്ളൂ എന്നുള്ളതുകൊണ്ട് എനിക്ക്‌പോലും ഒപ്പിടാന്‍ കഴിഞ്ഞില്ല. അങ്ങനെ അവരെക്കൊണ്ടെല്ലാം ഒപ്പിടീച്ചു. അന്ന് തിരുവനന്തപുരത്ത് നേരത്തെ പറഞ്ഞ, ഹിന്ദുമത ഗ്രന്ഥശാലയുടെ അടുത്ത് ശൈവ പ്രകാശം ഹാള്‍ ഉണ്ട്. ആ ഹാളില്‍ ഗോ രക്ഷാ പ്രദര്‍ശനം സംഘടിപ്പിച്ചു. അന്ന് പ്രചാരകനായിരുന്നത് ദത്താജി ഡിഡോല്‍ക്കറാണ്. അദ്ദേഹം നേരത്തെ കുറേക്കാലം തൃശ്ശൂരില്‍ വിസ്താരകായി പ്രവര്‍ത്തിച്ചിരുന്നു. പിന്നെ കോഴിക്കോട് പ്രചാരകനായി. അത് കഴിഞ്ഞു പോയി. പിന്നെ തിരിച്ച് തിരുവനന്തപുരത്ത് പ്രചാരകനായി വന്നു. ഫിസിക്‌സ് എംഎസ്‌സിക്കാരനായിരുന്നു അദ്ദേഹം. അന്ന് എം.ജി കോളേജില്‍ ഫിസിക്‌സ് എംഎസ്‌സിക്കാരെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ദത്താജി എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയെ കണ്ടസമയത്ത് ഫിസിക്‌സ് എംഎസ്സ്സിക്കാരന്‍ എന്ന് പരിചയപ്പെട്ടപ്പോള്‍ അദ്ദേഹത്തെ കോളേജ് ലക്ചററായി ക്ലാസെടുക്കാന്‍ ക്ഷണിച്ചു. ഞാന്‍ ഇവിടെ സംഘപ്രചാരകനാണ്. എനിക്ക് അത് മതി. ജോലി ചെയ്യാന്‍ ആഗ്രഹമില്ല എന്നു ദത്താജി പറഞ്ഞു. നിങ്ങള്‍ സംഘപ്രവര്‍ത്തനം നടത്തിക്കോളൂ, ആഴ്ചയില്‍ ഏഴോ, എട്ടോ മണിക്കൂര്‍ ക്ലാസ് എടുക്കേണ്ട പ്രശ്‌നമേ ഉള്ളൂ എന്നെല്ലാം പറഞ്ഞു നോക്കിയെങ്കിലും അത് നടന്നില്ല. അന്ന് മക്കപ്പുഴ വാസുദേവന്‍പിള്ളയായിരുന്നു എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറി. അദ്ദേഹത്തിനും, മന്നത്ത് പദ്മനാഭനും എല്ലാം സംഘത്തോട് വലിയ മതിപ്പുണ്ടായിരുന്നു.
അക്കാലത്ത് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലും ഹിന്ദുമത കണ്‍വന്‍ഷനുകള്‍ നടത്താറുണ്ടായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ കന്യാകുമാരിയ്ക്കടുത്ത് മണ്ടക്കാട് എന്ന സ്ഥലത്ത് ഒരു ദേവീ ക്ഷേത്രമുണ്ട്. അവിടുത്തെ പ്രധാനപ്പെട്ട ഉത്സവം ‘അമ്മന്‍ കൊട’ എന്ന് പറയും. ഇപ്പോള്‍ ആറ്റുകാലില്‍ നടക്കുന്ന പൊങ്കാലയ്ക്ക് അമ്മന്‍ കൊട എന്നാണ് പറയുക. മണ്ടക്കാട് ക്ഷേത്രത്തിലെ അമ്മന്‍ കൊട സമയത്ത് അവിടെ ഒരു ഹിന്ദുമത കണ്‍വന്‍ഷന്‍ കൂടാറുണ്ട്. അതുപോലെ കോട്ടയത്തും, വൈക്കത്തും, ഏറ്റുമാനൂരും ആറന്മുളയിലും എല്ലാം ഇങ്ങനെ കണ്‍വന്‍ഷന്‍ കൂടാറുണ്ട്. ഈ ഹിന്ദുമത കണ്‍വന്‍ഷന്‍ സമയത്ത് ഉത്തരേന്ത്യയില്‍ നിന്ന് ആരെയെങ്കിലും പ്രഭാഷണത്തിന് കിട്ടണം. അതിനു സാധിക്കുമോ എന്ന് ദത്താജിയുടെ അടുക്കല്‍ മക്കപുഴ വാസുദേവന്‍ പിള്ള ചോദിച്ചു. മക്കപ്പുഴ വാസുദേവന്‍ സംഘത്തിന്റെ അധികാരിമാര്‍ക്ക് കത്തെഴുതി. ശ്രീഗുരുജി ദീനദയാല്‍ജിയെ അയച്ചു. അങ്ങനെ ദീനദയാല്‍ജി തിരുവനന്തപുരത്ത് വരാന്‍ തീരുമാനിച്ചു.
(തുടരും)