അമ്പലവും വിഗ്രഹവും തിരിച്ചറിയാത്ത ഒരു പ്രസ്ഥാനമാണ് ഗുരു വായൂര്‍ ദേവസ്വം ആറ് വര്‍ഷമായി ഭരിച്ചു കൊണ്ടിരിക്കുന്നത്. സിപിഎം നേതൃത്തിലുള്ള ഒരു ഭരണസമിതി ക്ഷേത്രം ഭരിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള എല്ലാവിധ താന്തോന്നിത്തരവും അച്ചടക്ക-ആചാര ലംഘനവും ഇവിടെ സംഭവിച്ചു കൊണ്ടേയിരിക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തെ ആന്തരികമായി തകര്‍ത്തുകൊണ്ടിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍. ക്ഷേത്രം എന്താണ്, വിളക്ക് എന്താണ് എന്ന് പോലും തിരിച്ചറിയാനാകാത്ത, ആ തിരി തെളിയുന്നിടത്തല്ലേ കൃഷ്ണന്‍ എന്ന് ചോദിച്ച മുഖ്യമന്ത്രി പിണറായിയുടെ പിന്മുറക്കാരാണവര്‍. കക്കാനും ജനങ്ങളെ കൊള്ളയടിക്കുവാനും മാത്രം പഠിച്ചു ശീലിച്ചവരുടെ കയ്യില്‍ നിന്നും ഭക്തജനങ്ങല്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. പുരാവൃത്തങ്ങള്‍ കൊണ്ടും വിശേഷാല്‍ പൂജകള്‍ കൊണ്ടും വിഗ്രഹത്തിന്റെ പ്രസിദ്ധി കൊണ്ടും കേള്‍വി കേട്ടതാണ് ഗുരുവായൂരിന്റെ മേന്മ. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ദിനംപ്രതി വന്ന് ദര്‍ശനം നടത്തി മടങ്ങുന്ന ഈ പുരാതന ക്ഷേത്രത്തെക്കുറിച്ച് സമീപകാലങ്ങളായി കേള്‍ക്കുന്നത് അത്ര സുഖകരമായ കാര്യങ്ങളല്ല. ഗുരുവായൂര്‍ ക്ഷേത്രം ഭക്തജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒരു ക്ഷേത്രം എന്നതില്‍ നിന്ന് ഭക്തര്‍ക്ക് മാനസിക പീഡനം ഉള്‍പ്പെടെ നേരിടേണ്ടി വരുന്ന ആരാധനാലയം എന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു എന്നത് ഹൈന്ദവ വിശ്വാസത്തിന് നേര്‍ക്കുള്ള വലിയ അധിനിവേശമാണ്. ഹൈന്ദവ ക്ഷേത്രത്തിനും അവിടുത്തെ ഭരണ സമിതിക്കും ഹൈന്ദവ ഭക്തര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ ക്ഷേത്ര ഭരണസമിതിക്ക് കാര്യമായി എന്തോ തകരാര്‍ സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.
ഹൈന്ദവ ഭക്തര്‍ ഇത്രമേല്‍ അവഗണനയും അപമാനവും അനുഭവിക്കുകയും തെമ്മാടിത്തങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്ന കെടുകാര്യസ്ഥയുടെ ഈറ്റില്ലമാണ് ഇന്ന് ഗുരുവായൂര്‍ ക്ഷേത്രം. എന്നിട്ടും എന്തുകൊണ്ട് മാദ്ധ്യമങ്ങള്‍ ഇതൊന്നും പുറംലോകത്തേക്ക് എത്തിക്കുന്നില്ല എന്നൊരു സംശയം ഏതൊരു വായനക്കാരനും ഉണ്ടായേക്കാം. മാദ്ധ്യമങ്ങള്‍ അതായത് പ്രിന്റ്-ഓണ്‍ലൈന്‍-വിഷ്വല്‍ മീഡിയയുടെ ഒരു സിന്‍ഡിക്കേറ്റ് തന്നെ ഇതൊന്നും പുറത്ത് എത്താതിരിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് സത്യം. അതായത് ഗുരുവായൂരില്‍ നടക്കുന്ന കലാപ്രകടനങ്ങളുടെയും ഭണ്ഡാര വരവിന്റെയും ഉത്സവങ്ങളുടെയും മാത്രം വാര്‍ത്തകളാണ് സാധാരണ പൊതുജനങ്ങള്‍ അറിയുന്നത്. സോഷ്യല്‍ മീഡിയ സജീവമായതിന് ശേഷമാണ് അല്‍പ്പമെങ്കിലും അവിടുത്തെ പ്രശ്‌നങ്ങള്‍ പുറത്ത് എത്തിത്തുടങ്ങിയത്. അതായത് മുഖ്യധാരാ മാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ മുക്കുന്നു എന്ന് സാരം.
ഇക്കഴിഞ്ഞ വര്‍ഷം 2024 ഏകാദശി സമയത്ത് ഉദയാസ്തമന പൂജ മാറ്റിവെച്ചു കൊണ്ടാണ് ഗുരുവായൂര്‍ ക്ഷേത്രം ഭരണസമിതി അവരുടെ കെടുകാര്യസ്ഥത തെളിയിച്ചത്. അതിന് തന്ത്രിയും കൂടി കൂട്ടുനിന്നപ്പോള്‍, ദൈവമില്ല, ദൈവവിശ്വാസവുമില്ല എന്ന് ഓതിനടക്കുന്ന കമ്മ്യൂണിസ്റ്റ് നിര്‍ഗുണന്‍മാര്‍ക്ക് അത് വലിയ ആശ്വാസമായി. കാരണം ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ പറയാമല്ലോ തന്ത്രിയുമുണ്ട് ഞങ്ങളുടെ കൂടെയെന്ന്. അപ്പോള്‍ തന്ത്രിക്ക് എന്താണ് ലാഭം..? ലാഭമെന്താണെന്ന് തന്ത്രി തന്നെ പറയണം. പക്ഷെ ഒന്നാലോചിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ക്ഷേത്രം ഭരിക്കുന്നത് ആരാണോ അവരോട് ചേര്‍ന്ന് നിന്ന് അവരുടെ കാല്‍ക്കല്‍ വീണ് സാഷ്ടാംഗം അവരെ നമസ്‌ക്കരിച്ച് മുന്നോട്ട് പോവുക. അതുതന്നെയാണ് ചേന്നാസ് തന്ത്രിയും ചെയ്തത്. ഭരണസമിതി മുഴുവന്‍ കുറ്റാരോപിതരാകുമ്പോള്‍ ഒറ്റയ്ക്ക് നിന്ന് പോരാടാനുള്ള മനസ്സും ശക്തിയും തന്ത്രിക്കും ഇല്ല.
ഉദയാസ്തമന പൂജ മാറ്റി വെക്കാന്‍ കണ്ണുമടച്ച് കൂട്ടു നിന്ന ഗുരുവായൂര്‍ തന്ത്രി കണ്ണടച്ചുതുറക്കും മുമ്പേ അടുത്ത അന്യായം പ്രവര്‍ത്തിച്ച് ഭക്തരെ ഞെട്ടിച്ചു. തന്ത്രി തന്നെ എല്ലാം തുടങ്ങിവെക്കുമ്പോഴാണ് ഞെട്ടലിന് ആഴം കൂടുക. സ്വന്തം ചെറിയമ്മ മരിച്ച് പുല വാലായ്മയുള്ള തന്ത്രി ക്ഷേത്രം ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തിന് പുറത്ത് സാമൂഹികമായി നടന്ന പരിപാടിയില്‍ വിളക്കും തെളിയിച്ച് മറ്റുള്ളവരുടെ കൂടെനിന്ന് കാര്യങ്ങള്‍ നിര്‍വ്വഹിച്ച തന്ത്രി ചെയ്ത ആചാരലംഘനത്തിന് ഭക്തരോട് ആര് മറുപടി പറയും? ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ചെറിയ കുഞ്ഞുങ്ങളുടെ മൂത്രം പോയാല്‍ പോലും പുണ്യാഹത്തിന് നടയടക്കും എന്നിരിക്കെ തന്ത്രിക്ക് അത് ബാധകമല്ലേ..? ചെറിയ അശുദ്ധി സംഭവിച്ചാല്‍ പോലും പൂജകള്‍ ആവര്‍ത്തിക്കുന്ന ക്ഷേത്രമായ ഗുരുവായൂരില്‍ തന്ത്രിയുടെ ആചാരലംഘനം ആര്‍ക്കും ഒരു വിഷയമായി തോന്നിയില്ല. ക്ഷേത്രത്തിലെ ഒരു ചടങ്ങും ആചാരലംഘനത്തിന്റെ പേരില്‍ മാറ്റിവെക്കപ്പെടുകയുണ്ടായില്ല. കാരണവര്‍ക്ക് എന്ത് തോന്ന്യാസവും ആവാം എന്ന നിലയില്‍ കാര്യങ്ങള്‍ പോകുമ്പോള്‍ മറ്റ് ഉദ്യോഗസ്ഥരും അനുചരന്മാരും അതൊന്നും ആവര്‍ത്തിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
എന്തായാലും തന്ത്രിയുടെ പാത പിന്തുടര്‍ന്ന് ഇപ്പോള്‍ കുറച്ച് കാലമായി ഗുരുവായൂരില്‍ നിറയെ ആഭാസങ്ങള്‍ അരങ്ങേ റുകയാണ്. ഭക്തജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിലും പ്രസാദ ഊട്ട് നല്‍കുന്നതിലും മുന്‍പന്തിയില്‍ ആണെന്ന് അവകാശപ്പെടുന്ന ദേവസ്വം ഭരണസമിതി ഒരു കാര്യം മനസ്സിലാക്കണം. ഗുരുവായൂരില്‍ എന്തെങ്കിലും തരത്തിലുള്ള സൗകര്യങ്ങള്‍ വന്നു തുടങ്ങിയത് കേന്ദ്രസര്‍ക്കാര്‍ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിനുള്ള ഫണ്ട് വകയിരുത്തിയ ശേഷമാണ്. പ്രസാദ് പദ്ധതി പോലുള്ള വലിയ പദ്ധതികള്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഗുരുവായൂരിന് ആശ്വാസമായിട്ടുള്ളത്. 100 കോടി രൂപ പ്രസാദ് പദ്ധതി പ്രകാരം ഗുരുവായൂരിന് നല്‍കിയപ്പോഴും അതിനെ വേണ്ട രീതിയില്‍ ഉപയോഗിക്കുവാന്‍ ദേവസ്വത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതിനാലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കേന്ദ്രം നല്‍കിയത് എന്തൊക്കെയാണെന്ന കാര്യങ്ങള്‍ പൊതുജനങ്ങളോട് വിളിച്ചുപറയേണ്ടി വന്നത്. അപ്പോള്‍ അത്രയും കോടിക്കണക്കിന് തുക ഒരു ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തിനായി മാറ്റിവെക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ അംഗങ്ങളുടെ പോക്കറ്റിലേക്ക് മാറ്റിയില്ലെങ്കില്‍ പിന്നെന്ത് ഭരണസമിതി? എന്നാപ്പിന്നെ പോരട്ടെ, ഇനി സ്ഥിരം തൊഴിലായ കക്കല്‍ ആരംഭിക്കാം എന്നായി!!
അങ്ങനെയാണ് സിപിഎം ബന്ധത്തിലുളള ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍സ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. ടെന്‍ഡര്‍ അവരിലേക്ക് എത്തിക്കാന്‍ നിലവിലുള്ള ഭരണസമിതി കൈ-മെയ്യ് മറന്ന് പോരാടി. അങ്ങനെ ടെന്‍ഡറായി. ഊരാളുങ്കലിന് ഗുരുവായൂര്‍ ദേവസ്വവുമായി കരാറായി. കൈ നിറയെ ജോലികളായി. കയ്യിട്ട് വാരാന്‍ കേന്ദ്രം അനുവദിച്ച ഫണ്ടായി. പതിയെ പതിയെ കക്കലായി. ഫണ്ട് വകമാറ്റലായി. പ്രവൃത്തികളില്‍ കള്ളപ്പണികളായി. പ്രസാദ് പദ്ധിയില്‍ വെള്ളം ചേര്‍ത്ത് വെള്ളം ചേര്‍ത്ത് അവസാനം മള്‍ട്ടി പാര്‍ക്കിംഗ് കോംപ്ലക്‌സിലെ സെപ്റ്റിക് ടാങ്ക് വരെ പൊട്ടി ചീഞ്ഞ് നാറി പുറത്തേക്ക് ഒഴുകിത്തുടങ്ങി. നിര്‍മ്മാണം പൂര്‍ത്തിയായി അധികം വൈകും മുമ്പ് തന്നെ സെപ്റ്റിക് ടാങ്കുകള്‍ പൊട്ടിപ്പൊളിഞ്ഞു എങ്കില്‍ എത്രമാത്രം സുതാര്യമാണ് ഭരിക്കുന്നവരുടെ ഉത്തരവാദിത്തം എന്ന് മനസ്സിലാകുമല്ലോ.
ക്യു കോംപ്ലക്‌സ്, മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, 100 മീറ്റര്‍ ഏറ്റെടുക്കല്‍ തുടങ്ങി കടലാസില്‍ ഒതുങ്ങിക്കൊണ്ടിരിക്കുന്ന നിരവധി പദ്ധതികളാണ് ഗുരുവായൂര്‍ ദേവസ്വം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. അതായത് കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന മേല്‍പ്പറഞ്ഞ പ്രൊജക്റ്റുകള്‍ ഇന്നും അനങ്ങാപ്പാറകളായി കിടക്കുമ്പോള്‍ ദേവസ്വം മുന്നോട്ട് വെക്കുന്നത് എന്താണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസ്സിലാകണം. വമ്പന്‍ പദ്ധതികളുടെ പേരുപറഞ്ഞ് അതിന്റെ മറവില്‍ പുറംനാടുകളിലേക്കും അതായത് കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന തുടങ്ങി വിദേശത്തേക്ക് വരെ ഗുരുവായൂരിന്റെ പേരും പ്രശസ്തിയും പരമാവധി ഉപയോഗിക്കുക. അതുവഴി ക്ഷേത്രത്തിലേക്ക് വരുന്ന വരുമാനം കോടികളില്‍ നിന്ന് ശത കോടികളാക്കി മാറ്റുക. അതിലൂടെ ഭണ്ഡാരത്തിലേക്ക് കാണിക്ക വഴിയും വഴിപാട് വഴിയും വരുന്ന നിലക്കാത്ത വരുമാനം, ഒപ്പം സ്‌പോണ്‍സര്‍ ഷിപ്പുകളിലൂടെ വരുന്ന വലിയ തുകകളും ദേവസ്വം ലക്ഷ്യം വെക്കുന്നു. അല്ലെങ്കില്‍ എന്തുകൊണ്ട് ഭക്തര്‍ക്ക് അനുകൂലമായ ഒരു പദ്ധതിപോലും ഇവിടെ നടപ്പിലാകുന്നില്ല. ദര്‍ശന സമയത്ത് ചുക്കുവെള്ളം കൊടുക്കുന്നതും നടപ്പന്തല്‍ മുകളില്‍ കെട്ടി മറച്ചതും 25 മീറ്റര്‍ ഏറ്റെടുത്തതും പറഞ്ഞ് ഗീര്‍വാണം അടിക്കുന്ന ദേവസ്വം ഭരണസമിതി പക്ഷെ യഥാര്‍ത്ഥത്തില്‍ ഭക്തന് വേണ്ട അടിയന്തിര ആവശ്യങ്ങളിലേക്ക് ഇനിയുമെത്തിയിട്ടില്ല.
തെക്കെ നടയില്‍ പുതിയതായി വന്ന ഓഡിറ്റോറിയം കാണാത്ത ഭക്തര്‍ ഉണ്ടാകില്ല. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിന് പുറമെയാണ് ഈ ഓഡിറ്റോറിയം നിര്‍മ്മിച്ചിട്ടുള്ളത്. സ്‌പോണ്‍സര്‍ഷിപ്പ് വഴി പണി കഴിപ്പിച്ചെടുത്ത ആ മണ്ഡപത്തിന്റെ ആവശ്യമുണ്ടോ എന്നത് വലിയൊരു ചോദ്യമാണ്. കാരണം ദേവസ്വം തന്നെ ക്യു-കോംപ്ലക്‌സ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നീ രണ്ട് വമ്പന്‍ പദ്ധതികള്‍ക്കായി കണ്ടുവെച്ചിരിക്കുന്നത് തെക്കെ നടയിലെ ഭൂമിയാണ്. ഗുരുവായൂര്‍ കേശവന്റെ പ്രതിമ ഇവിടെയാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അതിനോടൊപ്പം പാഞ്ചജന്യം-ശ്രീവത്സം ഗസ്റ്റ് ഹൗസുകളും ഇവിടെയാണ്. പൊതുവേ കിഴക്കെ നട കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള നടയാണ് തെക്കെ നട. അതിനുകാരണം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ തന്നെ. അതിനൊപ്പമാണ് ഇനി ആശുപത്രിയും ക്യുകോംപ്ലക്‌സും കൂടി ഇവിടെ നിര്‍മ്മിക്കാന്‍ പോകുന്നത്. ഇടയ്ക്ക് പറഞ്ഞത് ആശുപത്രി തുരുത്തിക്കാട്ട് പറമ്പില്‍ ആണെന്നായിരുന്നു. പിന്നീട് അത് തെക്കെ നടയിലേക്ക് മാറി. ഇനി എവിടേയ്‌ക്കെങ്കിലും മാറുമോ എന്നും അറിയില്ല. എന്തിനെയും രാഷ്ട്രീയമായി കാണുന്ന ഒരു ഭരണസമിതിയാണ് ഇപ്പോള്‍ ഗുരുവായൂര്‍ ഭരിക്കുന്നത് എന്നത് അത്യന്തം ദു:ഖകരം തന്നെയാണ്. കാരണം സങ്കുചിത കക്ഷിരാഷ്ട്രീയമായി എന്തിനെയും കാണുന്ന ഒരു ക്ഷേത്രത്തില്‍ എങ്ങനെയാണ് ജനാധിപത്യം നടപ്പിലാകുക..? അവിടെ എങ്ങനെയാണ് ഉദ്യോഗസ്ഥര്‍ക്ക് സുതാര്യമായി ജോലി ചെയ്യാന്‍ കഴിയുക..? അങ്ങനെ ചെയ്താല്‍ത്തന്നെ ഉടന്‍ ട്രാന്‍സ്ഫര്‍ അല്ലെങ്കില്‍ തരംതാഴ്ത്തല്‍. എല്ലാം പാര്‍ട്ടി നയം പോലെയാണ്. പാര്‍ട്ടി സമ്മേളനം നടത്തുന്ന ലാഘവത്തോടെയാണ് ഇവിടെ കാര്യങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്. ആ ശൈലിയിലാണ് തീരുമാനങ്ങള്‍. അതുതന്നെയാണ് ഗുരുവായൂരിന്റെ ഏറ്റവും വലിയ ശാപവും.
ഇന്നും ഗുരുവായൂരില്‍ തൊഴാനെത്തുന്ന ഭക്തജനങ്ങള്‍ക്ക് മര്യാദയ്ക്ക് ഒന്ന് കുളിക്കുവാനും വസ്ത്രം മാറുവാനും ഉള്ളത് കിഴക്കെ നടയിലെ വൃത്തിഹീനമായ ക്ലോക്ക് റൂം ആണ്. ദക്ഷിണ ഭാരതത്തിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ള ഈ മഹാക്ഷേത്രത്തിന്റെ കുളിമുറിയും കക്കൂസും പൊട്ടിയൊലിക്കുന്ന പൈപ്പുകളും കാണുമ്പോള്‍ ഈ ക്ഷേത്രത്തിലേക്ക് വരുന്ന കോടിക്കണക്കിന് നടവരവും കാണിക്കയും എവിടെപ്പോകുന്നു എന്ന വലിയ ചോദ്യമാണ് ഓരോ ഹൈന്ദവ ഭക്തനും ചോദിക്കേണ്ടത്. എന്നാല്‍ ഹിന്ദുവിന് അതിനുള്ള ആര്‍ജ്ജവം ഇനിയും വന്നിട്ടില്ല. ഭഗവദ് ദര്‍ശനത്തിന് എത്തുന്ന ഓരോ ഹിന്ദുവിനും അത് ചോദിക്കാനും അറിയാനുമുള്ള അവകാശമുണ്ട്. അവരെ പരിഹസിച്ച് ആട്ടിപ്പായിക്കാനുള്ള ദേവസ്വം ഭരണസമിതിയുടെയും ഗാര്‍ഡുമാരുടെയും ജീവനക്കാരുടെയും പ്രവൃത്തികളെ അത്യന്തം ദു:ഖകരമായ കാര്യമായി മാത്രമേ കാണാന്‍ കഴിയൂ. എന്തുകൊണ്ടാണ് ഇവിടെയെത്തുന്ന ഭക്തന് ഇത്രയും ജീര്‍ണ്ണിച്ച സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരുന്നത്..? മര്യാദയ്ക്ക് ഒന്ന് ക്യു നില്‍ക്കുവാനുള്ള സൗകര്യം ഇന്നും ക്ഷേത്രത്തില്‍ ഇല്ല. ആയിരക്കണക്കിന് പേര്‍ ദിവസവും വരുന്ന ക്ഷേത്രത്തില്‍ നൂറോ ഇരുന്നൂറോ പേര്‍ക്ക് നില്‍ക്കാന്‍ കെട്ടിമറച്ച് ഫാന്‍ ഇട്ട ഹാള്‍ മാറ്റിവെച്ചിട്ട് എന്ത് കാര്യം. അതാണോ മഹാക്ഷേത്രത്തിന്റെ വികസനം..? ബാക്കി ബഹുഭൂരിപക്ഷം വരുന്ന ഭക്തരും നില്‍ക്കുന്നത് ക്ഷേത്രത്തിന്റെ വഴികളില്‍ അരികുവശം ചേര്‍ന്നാണ്. മണിക്കൂറുകള്‍ നീളുന്ന ഇത്തരം നില്‍പ്പുകള്‍ ഭക്തജനങ്ങള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന ഒന്നാണ്. ഒന്നാമത് മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിന് സമീപത്തു കൂടിയാണ് ക്യുവിന്റെ പ്രധാന ഭാഗം കടന്നുപോകുന്നത്. ഇതേ ഭാഗത്തു തന്നെയാണ് ഭക്തജനങ്ങള്‍ മുഴുവന്‍ കടന്നുപോകുന്നതും പരിപാടി കാണുവാന്‍ നില്‍ക്കുന്നതും കല്ല്യാണം നടക്കുന്നതും. മാത്രമല്ല ഇത്തരത്തില്‍ ക്ഷേത്രമുറ്റത്തു കൂടി കടന്നുപോകുന്ന ക്യൂ മറ്റ് സാധാരണ ഭക്തര്‍ക്ക് അതായത് ക്ഷേത്രത്തിന് പുറത്തുനിന്ന് തൊഴുന്നവര്‍ അല്ലാതെ ക്ഷേത്രത്തിന് മുന്നിലൂടെ കടന്നുപോകുന്ന ഭക്തര്‍, കല്ല്യാണത്തിനും മറ്റുമായി എത്തുന്നവര്‍, നാലമ്പലത്തിന് ഉള്ളില്‍ അല്ലാതെ കൊടിമരച്ചുവട്ടില്‍ നിന്ന് തൊഴുത് മടങ്ങുന്നവര്‍ അത്തരത്തില്‍ നിരവധി കാര്യങ്ങളുമായി വരുന്ന ഭക്തര്‍ക്ക് വലിയ അസ്വസ്ഥത തന്നെയാണ്. അങ്ങനെയാണ് ഇവിടെ വലിയ തിരക്കുണ്ടാകുന്നത്. ക്യു നില്‍ക്കുന്ന ഭക്തരുടെ തിരക്കും ബഹളവും, പുറത്തു കൂടി നടന്നു പോകുന്നവരുടെ തിരക്കും കല്ല്യാണങ്ങളും കൂടിയാകുമ്പോള്‍ കിഴക്കെ നടയില്‍ ഒരു തരി മണ്ണ് വീഴാന്‍ പോലും സ്ഥലമില്ല. ഇത് വീര്‍പ്പുമുട്ടിക്കുന്ന അവസ്ഥ തന്നെയാണ്. അതിനാല്‍ ക്യു കോംപ്ലക്‌സ് എന്നത് ഗുരുവായൂരിനെ സംബന്ധിച്ച് എന്നോ നടപ്പിലാകേണ്ട ഒരു കാര്യമാണ്. എന്നാല്‍ ഇന്നും കോംപ്ലക്‌സ് എന്ന് വരുമെന്ന് ചോദിച്ചാല്‍ ദേവസ്വത്തിന് ഉത്തരമില്ല.
ദേവസ്വം ഗസ്റ്റ് ഹൗസായ പാഞ്ചജന്യം പുതുക്കിപ്പണിയല്‍ സംബന്ധിച്ച് ഗുരുവായുര്‍ ദേവസ്വത്തിന് വന്ന അതിഭീമമായ ചിലവ് എത്രയെന്ന് ഊഹിക്കാമോ..? മൊത്തത്തില്‍ 15 കോടി. ഒരു പുതിയ ഗസ്റ്റ് ഹൗസ് തന്നെ പണിയാന്‍ എടുക്കുന്ന 15 കോടി രൂപ വെറും പുനര്‍നിര്‍മ്മാണത്തിന് മാത്രം ചിലവഴിച്ച ഗുരുവായൂര്‍ ദേവസ്വത്തെയും ഭരണസമിതിയെയും പുകഴ്ത്താതെ തരമുണ്ടോ..? അത്ര കൃത്യമായ മാസ്റ്റര്‍ പ്ലാനുകളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പതിനഞ്ച്‌കോടി ചിലവഴിച്ചതിന് കണക്കും രേഖകളുമൊക്കെ ഇല്ലേ യെന്ന് ചിലര്‍ ചോദിച്ചേക്കാം. എന്നാല്‍ ഒരു കാര്യംശ്രദ്ധിക്കുക. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള എന്ത് തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആവട്ടെ, അത് ഏറ്റെടുത്ത് നടത്തുന്നത് ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന പാര്‍ട്ടിക്കാര്‍ക്ക് നേരിട്ട് പങ്കുള്ള നിര്‍മ്മാണ കമ്പനിയാണ്. അതിനു പുറമെ ഊരാളുങ്കലിന് നേരിട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം കൊടുക്കുക എന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ് ക്ഷേത്രത്തിലെ കാര്യങ്ങള്‍. അതായത് ടെന്‍ഡര്‍ വിളിക്കുക എന്നത് വെറുമൊരു ചടങ്ങ് മാത്രമായി മാറിയിരിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്ത് അവസാനം ഊരാളുങ്കല്‍ തന്നെ ഗുരുവായൂരിനെ വിഴുങ്ങുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കിഴക്കെ നടയിലെ കൗസ്തുഭം ഗസ്റ്റ് ഹൗസ് അറിയാത്തവര്‍ ഉണ്ടാകില്ല. അവിടുത്തെ പുനര്‍നിര്‍മ്മാണ പ്രവൃത്തികളും ഊരാളുങ്കല്‍ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ദേവസ്വം ഇവിടെ ആദ്യം ചെയ്യേണ്ടത് ഭക്തജനങ്ങള്‍ക്ക് ഏറ്റവും അനിവാര്യമായ കാര്യങ്ങള്‍ ഗുരുവായൂരില്‍ നടപ്പിലാക്കുക എന്നതാണ്. അത് ഫാനും ചുക്കുവെള്ളവും മാത്രമല്ല. ഒരു ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ അതിനനുസരിച്ചുള്ള വന്‍ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യാന്‍ സാധിക്കണം. അപ്പോഴാണ് ഒരു ഭക്തന്‍ പൂര്‍ണ മനസ്സോടെ ഇവിടെ ദര്‍ശനം നടത്തി തിരിച്ചു പോവുക. അത്തരത്തില്‍ ഭക്തന് വേണ്ടത് നല്‍കുന്നതില്‍ ഗുരുവായൂര്‍ ദേവസ്വം പരാജയമാണ് എന്ന് ഭക്തര്‍ തന്നെ വിലയിരുത്തിക്കഴിഞ്ഞു. ക്ലോക്ക് റൂമുകളിലെ ജീവനക്കാരുടെ പെരുമാറ്റം പല തവണയായി ഭക്തര്‍ തന്നെ അനുഭവിച്ചറിഞ്ഞതായിരിക്കും. നാലമ്പലത്തിന് അകത്തെ ദേവസ്വം ജീവനക്കാരുടെയും പുറത്തുള്ള സെക്യൂരിറ്റിയുടെയും പെരുമാറ്റവുമെല്ലാം ഭക്തര്‍ക്ക് നേരെയുള്ള അവഗണനയുടെ മൂര്‍ദ്ധന്യത്തിലാണ് ഇന്ന് എത്തിനില്‍ക്കുന്നത്. ക്ലോക്ക് റൂമുകളില്‍ മണിക്കൂറുകള്‍ നിന്നാണ് ഓരോ ഭക്തരും എത്തുക. എന്നാല്‍ കൗണ്ടറില്‍ എത്തിയാല്‍ ചില്ലറ തന്നെ കൊടുക്കണം എന്നത് ജീവനക്കാര്‍ക്ക് നിര്‍ബന്ധമാണ്. അത് കൊടുത്തില്ലെങ്കില്‍ വളരെ പരുഷമായി സംസാരിക്കുന്നത് സ്ഥിരം സംഗതിയായി മാറിക്കഴിഞ്ഞു. ആയിരക്കണക്കിന് ഭക്തര്‍ വന്നു പോകുന്ന ഇവിടെ മണിക്കൂറുകള്‍ ബാഗ് വെക്കാന്‍ നില്‍ക്കുന്ന സാഹചര്യം തന്നെ ആദ്യം ഒഴിവാക്കേണ്ടതാണ്. ചില ക്ഷേത്രങ്ങള്‍ ഉദാഹരണമായി നമ്മുടെ മുന്നില്‍ത്തന്നെയുണ്ട്. പതിനായിരക്കണക്കിന് ഭക്തര്‍ തീര്‍ത്ഥാടന കാലത്ത് വന്ന് പോകുമ്പോള്‍ കുടയും വടിയും മൊബൈല്‍ ഫോണും ബാഗും എല്ലാം കയ്യില്‍പ്പിടിച്ചാണ് ശബരിമലയില്‍ ദര്‍ശനം നടത്തുന്നത്.
നാലമ്പലത്തിന് മുന്നിലെത്തുന്ന ഭക്തരെ, അത് സ്ത്രീയാകട്ടെ… പുരുഷന്‍ ആകട്ടെ അവരെ വെറുതെയൊന്ന് കൈകൊണ്ട് തള്ളിവിട്ടില്ല എങ്കില്‍ ഗാര്‍ഡ് എന്ന് പറയുന്ന വിഭാഗത്തിന് ഒരു സമാധാനമില്ല എന്നതാണ് സ്ഥിതി. എത്രയോ മണിക്കൂറുകള്‍ കാത്തു നിന്ന് അവസാനം ഭഗവാന്റെ മുന്നിലെത്തുന്ന ഭക്തനെ ഒറ്റത്തള്ള്. എന്നിട്ട് നടക്കൂ നടക്കൂ എന്നൊരു ആജ്ഞയും. ഇന്നും മാറ്റമില്ലാതെ തുടരുന്ന പ്രക്രിയയാണിത്.
നിലവില്‍ ഗുരുവായൂരിലെ ഗതാഗത സംവിധാനം വലിയ പാളിച്ചയാണ്. നൂറ് കല്ല്യാണം വരുമ്പോള്‍ പോലും ജനങ്ങളുടെ വലിയ കൂട്ടങ്ങളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധത്തില്‍ ഗുരുവായൂര്‍ വീര്‍പ്പു മുട്ടുകയാണ്. വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കുറച്ചെങ്കിലും കഴിയുന്നത് കിഴക്ക് – തെക്കെ നടകളില്‍ കേന്ദ്ര പദ്ധതി പ്രകാരം സ്ഥാപിച്ച മള്‍ട്ടി പാര്‍ക്കിംഗ് ഗ്രൗണ്ട് വന്നതിന് ശേഷമാണ്. എന്നാല്‍പ്പോലും ക്ഷേത്രത്തിന് ചുറ്റും കൂടുതല്‍ സ്ഥലം ഏറ്റെടുക്കാത്തതിനാല്‍ ജനങ്ങളുടെ കൂട്ടം ക്ഷേത്രത്തിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കുന്നു. ചുരുക്കത്തില്‍ ഗുരുവായൂരില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു ദുരന്തമുണ്ടാകുന്ന കാലം വിദൂരമല്ല. അത്രമാത്രം ജനങ്ങളാണ് ക്ഷേത്രത്തിലേക്ക് ദിനംപ്രതി വന്നു കൊണ്ടിരിക്കുന്നത്. ക്ഷേത്രത്തിന് ചുറ്റുമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന പുതിയ കെട്ടിടങ്ങള്‍, വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത പാര്‍ക്കിംഗ്, തൊട്ടടുത്തുള്ള മമ്മിയൂര്‍ ക്ഷേത്രത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് അങ്ങനെ നിരവധി കാര്യങ്ങളാണ് ക്ഷേത്രപരിസരത്തെ തിരക്കിലേക്ക് എത്തിക്കുന്നത്.
ഗുരുവായൂരിലേക്ക് എത്തുന്ന റോഡുകള്‍ മുഴുവന്‍ മിക്ക ദിവസങ്ങളിലും ബ്ലോക്ക് ആണെന്നതും വികസനം എങ്ങുമെത്തിയിട്ടില്ല എന്നതിന്റെ നേര്‍സാക്ഷ്യമാണ്. കോഴിക്കോട് ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങള്‍ക്ക് മൂന്ന് കിലോമീറ്റര്‍ മുമ്പ് കോട്ടപ്പടി കഴിയുമ്പോള്‍ മുതല്‍ വലിയ ബ്ലോക്ക് അഭിമുഖീക രിക്കേണ്ടി വരുന്ന സ്ഥിതിയാണ്. മണിക്കൂറുകള്‍ റോഡില്‍ ബ്ലോക്കില്‍ പെട്ട് കിടന്നശേഷം മാത്രമെ ഇപ്പോള്‍ ക്ഷേത്രത്തിന് സമീപത്ത് എത്താന്‍ കഴിയുന്നുള്ളൂ എന്നത് വസ്തുതയാണ്. ഒട്ടും വീതിയില്ലാത്ത റോഡുകളും വഴിയോര കച്ചവടങ്ങളുടെയും നോണ്‍ വെജിറ്റേറിയന്‍ വിളമ്പുന്ന ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയുടെ കുത്തൊഴുക്കും എല്ലാംകൂടി ആകെ അവിയല്‍ പരുവമാണ് ഇവിടെ. മാത്രമല്ല ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഭക്ഷണം കഴിക്കുവാനായി ഇവിടേക്ക് വാഹനമെടുത്ത് വരുന്നവരും നിരവധിയാണ്. ക്ഷേത്രത്തിന് ചുറ്റുമായി അഞ്ച് ബാറുകളാണ് സ്ഥിതി ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ രാത്രിയായിക്കഴിഞ്ഞാല്‍ ഇതൊരു വ്യഭിചാര കേന്ദ്രമാകുന്ന സാഹചര്യമാണ്. മദ്യപാനികളുടെ കൂത്താട്ടം ഒപ്പം. സ്ത്രീകള്‍ക്ക് വഴി നടക്കാന്‍ ഭയക്കേണ്ട അവസ്ഥ. പുതിയ മേല്‍പ്പാലത്തിന് താഴെ തമ്പടിച്ചിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍, അവരുടെ ലഹരി ഉപയോഗം എന്നിവയെല്ലാം വല്ലാത്തൊരു സാഹചര്യം സൃഷ്ടിക്കുന്നു. ഇവിടെയെല്ലാം ഭക്തരുടെ സുരക്ഷയ്ക്കായി മുന്‍സിപ്പാലിറ്റിയും ദേവസ്വവും ഒരുമിച്ച് നടപ്പിലാക്കേണ്ട പല പ്രവൃത്തികളും നടപ്പിലാകുന്നില്ല. ഇതുവഴി ഒരു സമയം കഴിഞ്ഞാല്‍ നടന്നുപോകാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. പുതിയ മേല്‍പ്പാലത്തിന് താഴെയുള്ള ഈ പ്രദേശം എന്തുകൊണ്ടോ പോലീസിനും മുന്‍സിപ്പാലിറ്റിക്കു പോലും നിയന്ത്രിക്കാന്‍ പറ്റാത്ത ഇടമായി മാറിയിരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഗുരുവായൂരിനെ ഇന്നു കാണുന്ന ദുരവസ്ഥയിലേക്ക് മാറ്റിയെടുക്കാനുള്ള സിപിഎമ്മിന്റെ കൃത്യമായ പ്ലാനിങ്ങാണ് ഇപ്പോള്‍ നടപ്പിലായിക്കൊണ്ടിരിക്കുന്നത് എന്ന് ഇവിടെ കാലങ്ങളായി വന്നുപോകുന്ന ഏതൊരു ഭക്തനും മനസ്സിലാകും. ലഹരിക്കച്ചവടവും ഉപയോഗവും വ്യഭിചാരവും ഇന്ന് ഗുരുവായൂരില്‍ അതിന്റെ ഉച്ചസ്ഥായിയിലാണ്. ഇടപെട്ട് പരിഹരിക്കുവാന്‍ പോലീസോ നിയമമോ തയ്യാറാകുന്നില്ല. മേല്‍പ്പറഞ്ഞ സാഹചര്യത്തിലേക്ക് എത്തുന്നതോടെ ക്ഷേത്രത്തിന്റെ ആത്മീയമായ പ്രസക്തി നഷ്ടപ്പെടുകയും കുപ്രസിദ്ധി കൈവരുകയും ചെയ്യും എന്നതാണ് സത്യം. ഒരു ദേശീയ തീര്‍ത്ഥാടന കേന്ദ്രം എന്ന പേരില്‍ നിന്ന് ഗുരുവായൂരിന്റെ പ്രസക്തി നഷ്ടപ്പെടുത്തുക എന്നത് തന്നെയാണ് ഭരണസമിതിയുടെ ഹിഡന്‍ അജണ്ട എന്നുവേണം കരുതാന്‍. നാല് ടേമുകളിലായി എല്‍ഡിഎഫ് ഭരിക്കുന്ന മണ്ഡലമാണ് ഗുരുവായൂര്‍. ഇത്ര വര്‍ഷം എല്‍ഡിഎഫ് ഭരിച്ചിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തിന് എന്തെങ്കിലും തരത്തിലുള്ള വികസനം കൈവന്നത് കേന്ദ്രത്തില്‍ എന്‍ഡിഎ ഭരണത്തില്‍ കയറിയതിനുശേഷമാണ്.
സെക്യൂരിറ്റികള്‍ ഭക്തനോട് പെരുമാറുന്നത് മാത്രം നോക്കിയാല്‍ മതി ഇവിടെ നടക്കുന്നത് എന്ത് കാടത്തമാണെന്ന് മനസ്സിലാക്കാന്‍. കന്നുകാലികളോട് പെരുമാറുന്നത് പോലെയുള്ള സമീപനം എന്നും വലിയ വിമര്‍ശനം ഉണ്ടാക്കിയിട്ടുണ്ട്. എന്തെങ്കിലും സംശയം ചോദിച്ചാല്‍ പോലും മര്യാദയ്ക്ക് അതിന് മറുപടി പറഞ്ഞുകൊടുക്കുന്നതില്‍ സെക്യൂരിറ്റി സംവിധാനം പരാജയപ്പെടുന്നു. പ്രായമായ ഭക്തരോട് വളരെ മോശമായ പെരുമാറ്റമാണ് സെക്യൂരിറ്റിമാരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഗുരുവായൂര്‍ ദേവസ്വം ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ നടത്തിയ ക്രമക്കേട് ഇന്നും പുറത്തുവരാത്ത രഹസ്യമായി കിടക്കുകയാണ്. അതൊന്നും ദേവസ്വത്തിന് ഒരു ക്രമക്കേടായി തോന്നിയിട്ടില്ല. ദേവസ്വം ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ആ ഉദ്യോഗസ്ഥന്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് ദേവസ്വത്തിന് മുന്നില്‍ ഉള്ളപ്പോഴും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും അധികാര സ്ഥാനത്തുള്ളവര്‍ തയ്യാറല്ല. അമ്മയുടെ പേരിലുള്ള വീട് വാങ്ങിക്കുവാന്‍ എന്ന വ്യാജേന അയാള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത് അത്രയും പിടിപാട് ദേവസ്വത്തില്‍ ഉള്ളതു കൊണ്ടാണ്. വ്യാജ കരാര്‍ ഉണ്ടാക്കിയ ശേഷം അതിന്റെ കോപ്പി ദേവസ്വത്തില്‍ വെച്ച് 10 ലക്ഷം രൂപയാണ് ഇയാള്‍ ഹൗസിംഗ് ലോണ്‍ ആയി എടുത്തത്. സാധാരണ ഗതിയില്‍ ഇങ്ങനെ ലോണ്‍ എടുക്കുമ്പോള്‍ സ്ഥലം ദേവസ്വത്തിന് രജിസ്റ്റര്‍ ചെയ്ത് കൊടുക്കണം എന്നാണ്. എന്നാല്‍ ഇയാളുടെ ഉന്നതബന്ധം കാരണം അതൊന്നും വേണ്ടിവന്നില്ല. ഈ നിമിഷം വരെ തിരിച്ചടവുകള്‍ ഉണ്ടായിട്ടുമില്ല. ദേവസ്വത്തിന് അത് ഒരു വിഷയവുമല്ല. ഇത്രയും കുത്തഴിഞ്ഞ ഒരു ദേവസ്വം എങ്ങനെയാണ് ആറ് വര്‍ഷം ഭരിച്ചത് എന്നതാണ് ആലോചിക്കേണ്ടത്. അത് പാര്‍ട്ടിയുടെ പവര്‍. അമ്പലം ഏതാണ്, വിഗ്രഹം ഏതാണ് എന്നറിയാത്ത പാര്‍ട്ടിക്കാര്‍ക്ക് പക്ഷെ അമ്പലത്തിലെ സമ്പത്തും വേണം അമ്പലത്തിലെ സൗകര്യങ്ങളും വേണം.
ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള ചില വിഷയങ്ങള്‍ കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ഉത്സമ സമയത്തും ശ്രീകൃഷ്ണ ജയന്തി പോലുള്ള ആഘോഷങ്ങള്‍ നടക്കുമ്പോഴും നിരവധി ഭക്തരാണ് ഭക്ഷണം മര്യാദയ്ക്ക് കിട്ടാതെ തിരിച്ചു പോകുന്നത്. അതേസമയം പാര്‍ട്ടിക്കാര്‍ക്ക് ഇവിടെ പ്രത്യേക കാര്‍ഡ് സംവിധാനമാണ്. അവര്‍ക്ക് ആ കാര്‍ഡ് കാണിച്ച് നേരെ പോയി ഭക്ഷണം കഴിക്കാം. ക്ഷേത്രവുമായി ഒരു ബന്ധവുമില്ലാത്ത സകല പാര്‍ട്ടി കമ്മിറ്റിക്കാരും കഴിക്കാന്‍ വരും. ദൈവത്തിന്റെ അടുക്കളയില്‍ വന്ന് കഴിക്കുവാന്‍ വിശ്വാസപരമായ കുഴപ്പമില്ല. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് കൂടി അതേ സംവിധാനം ഒരുക്കുകയല്ലേ സോഷ്യലിസം പറഞ്ഞു നടക്കുന്നവര്‍ ചെയ്യേണ്ടത്. പക്ഷെ അത് ഇവിടെ നടപ്പില്ല. 2024 ലെ ശ്രീകൃഷ്ണ ജയന്തിക്ക് പോലും നിരവധി ഭക്തരാണ് ഭക്ഷണം ലഭിക്കാതെ തിരികെ പോയത്.
ഗുരുവായൂര്‍ ആനക്കോട്ടയും അവിടുത്തെ സാഹചര്യവും ഒട്ടും വ്യത്യസ്തമല്ല. ആനകളുടെ എണ്ണം പൊതുവെ കുറവാണെങ്കിലും ഇത്ര ആന പാപ്പാന്മാര്‍ക്ക് ഒരു സൂപ്പര്‍വൈസര്‍ എന്നതാണ് കണക്ക്. യഥാര്‍ത്ഥത്തില്‍ സൂപ്പര്‍വൈസര്‍ക്ക് പ്രത്യേകിച്ച് യാതൊരു പണിയുമില്ല. പാപ്പാന്മാരെ നിയമിക്കുന്നിടത്തും യാതൊരു മാനദണ്ഡവും ഇന്ന് നിലനില്‍ക്കുന്നില്ല. ആനകളുടെ ശാസ്ത്രം അത്യാവശ്യം അറിയുന്നവരെയാണ് മുമ്പ് പാപ്പാന്‍ ആയി നിയമിച്ചിരുന്നത് എങ്കില്‍ ഇന്ന് അവര്‍ കാര്യങ്ങള്‍ പഠിക്കുന്നത് നിയമനത്തിന് ശേഷമാണ്. പൂരങ്ങള്‍ക്ക് എഴുന്നള്ളിക്കേണ്ട ആനകള്‍ ആനക്കോട്ടയില്‍ നിരവധിയുണ്ടെങ്കിലും ഇവര്‍ എല്ലാവരും സീസണുകളില്‍ പുറത്തേക്ക് എഴുന്നള്ളിപ്പിന് പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ട്രാക്റ്റ് കൊടുക്കുന്നതിനാല്‍ അത് ഏറ്റെടുക്കുന്നവര്‍ അവര്‍ക്ക് പുറത്ത് അറിയുന്ന മറ്റ് ആനകളെയാണ് പൂരത്തിന് എത്തിക്കുന്നത്. ഏക്കത്തുക കൂടുതല്‍ വാങ്ങി മറ്റ് ആനകളെ ഇവര്‍ പൂരത്തിന് കരാര്‍ എടുക്കുമ്പോള്‍ ദേവസ്വത്തിലെ ആനകള്‍ ഇവിടെത്തന്നെ കിടക്കാന്‍ വിധിക്കപ്പെട്ടവരായി മാറുകയാണ്. ദേവസ്വം ഭരണസമിതിക്ക് ഇതൊക്കെ അന്വേഷിക്കുവാനും നോക്കി നടത്തുവാനും സമയമില്ല, അവര്‍ സ്‌പോണ്‍സര്‍മാരെ തപ്പി പുതിയ ഫണ്ടുകള്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
അഴിമതിയുടെ കൂത്തരങ്ങായി മാറിയ ഗുരുവായൂരിന്റെ പ്രസിദ്ധി കുപ്രസിദ്ധിയിലേക്ക് പോകുവാന്‍ അധികസമയം വേണ്ടിവരില്ല. വഴിപാട് വില വര്‍ദ്ധന, പായസ ഡപ്പ ഉരുകിപ്പോകുന്നത് അങ്ങനെ നിരവധി വിഷയങ്ങള്‍ ഇവിടെ സാധാരണ ഭക്തനെ ബാധിക്കുന്നുണ്ട്. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരിന്റെ വളര്‍ച്ചയില്‍ ഇനിയെങ്കിലും ഭരണസമിതി വേണ്ടവിധത്തിലുള്ള മേല്‍നോട്ടം വഹിച്ചില്ലെങ്കില്‍ ഹൈന്ദവ ഭക്തരുടെ ഒരു വലിയ മുന്നേറ്റം വരുംനാളുകളില്‍ ഇവിടെ സംഭവിച്ചേക്കും. അത്തരത്തിലൊരു മുന്നേറ്റത്തിന് ഹിന്ദുക്കള്‍ തയ്യാറാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.