മയക്കുമരുന്നിന്റെ വ്യാപനത്തിനെതിരായി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണനേതൃത്വവും ഒരു വിഭാഗം മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും വൈകിയാണെങ്കിലും ശബ്ദമുയര്‍ത്തിയത് സ്വാഗതാര്‍ഹം തന്നെയാണ്. വൈകിവന്ന വിവേകം കേരളത്തെ രക്ഷിക്കുമോ എന്നതാണ് ചര്‍ച്ച ചെയ്യേണ്ടത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി രാഷ്ട്രീയനേതൃത്വത്തിന്റെയും സാംസ്കാരിനായകന്മാരുടെയും ആശീര്‍വാദത്തോടെ മുതിര്‍ന്നവരില്‍ തുടങ്ങി, യുവാക്കളിലും കൗമാരപ്രായക്കാരുടെ ഇടയിലും വ്യാപിക്കുകയും പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നു മാഫിയ നിയന്ത്രിക്കുന്ന സാഹചര്യവും ഉണ്ടാവുന്നതുവരെ കുറ്റകരമായ മൗനം പാലിച്ചവരുടെ മുതലക്കണ്ണീര് കേരളത്തെ രക്ഷിക്കുമോ എന്നതാണ് പ്രശ്നം. മയക്കുമരുന്നിന് അടിമപ്പെട്ട് കൗമാരക്കാര്‍ വരെ കൊലയാളികളാകുന്ന സാഹചര്യം വിമര്‍ശനപരമായും, വസ്തുതാപരമായും കണ്ടെത്തി പ്രതിവിധി തേടുകയാണ് വേണ്ടത്. മയക്കുമരുന്നിനും മദ്യത്തിനും എതിരായ ബോധവല്‍ക്കരണം എന്ന തമാശ നാടകത്തില്‍ ഒതുങ്ങാതെ കര്‍ശനമായ നിയമവ്യവസ്ഥയിലൂടെ മയക്കുമരുന്ന് മാഫിയയെ തകര്‍ക്കാനുള്ള ഇച്ഛാശക്തി ഭരണകൂടം കാണിക്കുമോ എന്നതിലാണ് സംശയം.
പുരോഗമന-ഇടതു-റാഡിക്കല്‍ ഇസ്ലാമിസ്റ്റ് ഇക്കോസിസ്റ്റം
2021, സപ്തംബര്‍ 8 ന് പാലാ ബിഷപ്പ് സ്വന്തം സമൂഹത്തോട് ‘നാര്‍ക്കോട്ടിക് ജിഹാദ്’ (Narcotic Jihad) നെതിരെ കരുതിയിരിക്കാന്‍ ആഹ്വാനം ചെയ്തു. സാംസ്കാരിക കേരളം വന്‍പ്രതിഷേധം രേഖപ്പെടുത്തി, പാലാ ബിഷപ്പിനെതിരെ സമരപരിപാടികള്‍ നടന്നു. 2021, നവംബര്‍ 2 ന് കുറവിലങ്ങാട് പോലീസിന് സ്റ്റേഷനില്‍ ബിഷപ്പിനെതിരായ കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ മയക്കുമരുന്ന് കേരളത്തില്‍ ഒരു പ്രശ്നമേ അല്ല എന്ന് ഭരണകൂടവും, സാംസ്കാരിക നായകന്മാരും, മുഖ്യധാര മാധ്യമങ്ങളും വിധി എഴുതി. കേരളത്തില്‍ ശക്തമായ തീവ്രവാദവും മയക്കുമരുന്ന് വ്യാപനവും മൂടിവയ്ക്കാന്‍ കഴിഞ്ഞത് കേരളത്തില്‍ നിലനില്‍ക്കുന്ന ഇടതു-പുരോഗമന-റാഡിക്കല്‍ ഇസ്ലാമിസ്റ്റ് ഇക്കോസിസ്റ്റവും, അത് നിയന്ത്രിക്കുന്ന മാധ്യമങ്ങളും കൂടെ ചേര്‍ന്നതുകൊണ്ടാണ്.
സാമൂഹിക നവോത്ഥാനത്തിലൂടെ വലിയൊരു സാമൂഹിക വിപ്ലവം നടന്ന കേരളത്തിന്റെ വളര്‍ച്ചയെ അട്ടിമറിച്ചത് കമ്മ്യൂണിസ്റ്റ് – ഇടതുപ്രസ്ഥാനങ്ങളാണ്. എല്ലാ മൂല്യങ്ങളെയും നിരാകരിച്ച്, നിഷേധത്തിന്റ തത്വശാസ്ത്രം യുവമനസ്സുകളില്‍, വിശേഷിച്ച് ഹിന്ദുസമൂഹത്തില്‍ പ്രതിഷ്ഠിച്ച് കേരളത്തില്‍ സൃഷ്ടിച്ച സാംസ്കാരിക ശൂന്യതയിലാണ് മദ്യവും, മയക്കുമരുന്നും, ജനകീയമായത്. ‘ചുംബനസമരവും’, ‘ആര്പ്പോആര്ത്തവവു’, ലിവിംഗ് ടുഗെതര്‍ (Living Together), മയക്കുമരുന്നു പാര്‍ട്ടികള്‍, ബാന്‍ഡുകള്‍, മദ്യത്തിനും-മയക്കുമരുന്നിനും മാന്യത നല്കുന്ന സിനിമകള്‍, കവിത തുടങ്ങിയവയൊക്കെ കേരളത്തിലെ രാഷ്ട്രീയവത്കരിച്ച കലാലയങ്ങളിലും, പൊതുവിദ്യാലയങ്ങളിലും പുരോഗമന ആശയത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. കേരളത്തിലെ കോളേജ് മാഗസിനുകളുടെ ഇതിവൃത്തം ഇവയൊക്കെ പ്രോത്സാഹിപ്പിക്കുന്നതും ദേവീ -ദേവന്മാരെപോലും നഗ്നരാക്കി അവതരിപ്പിക്കുന്നതുമായി മാറി. ഈ പശ്ചാത്തലത്തിലാണ് ഇടതിനു സമാന്തരമായി ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രസ്ഥാനങ്ങളും മുന്നില്‍ വരുന്നത്. ലോകം തീവ്രവാദികളായി മുദ്രകുത്തിയവരും, ഹമാസും ഒക്കെ കേരളത്തിലെ കാമ്പസുകളില്‍ ആദരിക്കപ്പെടുന്ന സാഹചര്യം ഒരുങ്ങി. മയക്കുമരുന്നു വ്യാപനം കൗമാരക്കാരുടെ ഇടയില്‍ പോലും വ്യാപകമായിട്ടും, അത് വിതരണം ചെയ്യുന്ന ഏജന്‍സികളും, ഏജന്‍സികള്‍ക്ക് രാഷ്ട്രീയക്കാരില്‍ നിന്ന് ലഭിക്കുന്ന പിന്തുണയുമാണ് പാലാ ബിഷപ്പിനെ മയക്കുമരുന്ന് മാഫിയക്കെതിരെ ശബ്ദമുയര്‍ത്താന്‍ പ്രേരിപ്പിച്ചത്. ഏതാണ്ട് നാലരവര്‍ഷം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മയക്കുമരുന്നിനെതിരെ ശബ്ദം ഉയര്‍ത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മയക്കുമരുന്ന് ശൃംഖലയെ തകര്‍ക്കാന്‍ അ തിന് മാന്യതയുടെ പരിസരം ഒരുക്കിയ ഇടത് സാംസ്കാരിക നായകന്മാരും, പുരോഗമന-ഇസ്ലാമിസ്റ്റ് ശക്തികളും സംയുക്തമായി ശ്രമിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. മയക്കുമരുന്ന് തീവ്രവാദികളുടെ ഒരു ആയുധമാണ് എന്നത് എടുത്തു പറയേണ്ടതുണ്ട്.

കൊലപാതകരാഷ്ട്രീയം – പൊളിറ്റിക്കല്‍ ക്രിമിനലിസം – സിനിമ
കേരളത്തിലെ ഭരണകര്‍ത്താക്കളും, സാംസ്കാരികനായകന്മാരും, ചില ‘സര്‍ക്കാര്‍ വിദഗ്ദ്ധന്മാരും’എല്ലാ കുറ്റവും സിനിമയില്‍ ചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ‘മട്ടാഞ്ചേരി സിനിമകള്‍’ തീര്‍ച്ചയായും മയക്കുമരുന്നിന് മാന്യത നല്കി എന്ന് പറയാം. സിനിമാ നിര്‍മ്മാതാക്കള്‍ തന്നെ ഈ വിഷയം ഉയര്‍ത്തിയിട്ടും കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ സാംസ്കാരിക അധഃപതനം സാദ്ധ്യമാക്കിയത് കൊലപാതകരാഷ്ട്രീയവും പൊളിറ്റിക്കല്‍ ക്രിമിനലിസവും ചേര്‍ന്നാണ്. പാര്‍ട്ടി ഗ്രാമങ്ങളും, ഏകവിദ്യാര്‍ത്ഥി രാഷ്ട്രീയ കാമ്പസുകളും, അക്രമവുംകൊണ്ട് സമൂഹത്തെ ഭയപ്പെടുത്തി പ്രതികരിക്കാത്തവരും, അനുസരണയുള്ളവരുമാക്കിമാറ്റി. വയനാട്ടിലെ വെറ്റിനറി കോളേജില്‍ നൂറില്‍ അധികം വരുന്ന വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ചാണ് സിദ്ധാര്ത്ഥന് എന്ന മിടുക്കനായ വിദ്യാര്‍ത്ഥിയെ ഇഞ്ചിഞ്ചായി കൊന്നത്. ഒരു വിദ്യാര്‍ത്ഥിയും പ്രതികരിച്ചില്ല. ഈ മൗനമാണ് പുരോഗമന രാഷ്ട്രീയത്തിന്റെ കരുത്ത്.
”ഊരിപ്പിടിച്ചവാളിന്റെ ഇടിലൂടെ നടന്ന് വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കി രാഷ്ട്രീയനേതൃത്വത്തിലും, മുഖ്യമന്ത്രികസേരയിലും വന്നവര്‍ നമ്മുടെ ഇടയിലുണ്ട്. യഥാര്‍ത്ഥത്തില്‍ സിനിമയില്‍ നടക്കുന്നതിലും നൂറുമടങ്ങ് അക്രമവും കൊലപാതകങ്ങളും, ക്രൂരതയും നടക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിലാണ്. രാഷ്ട്രീയ ക്രിമിനലുകളാണ് സഖാവ് എം.വി.രാഘവന് ഉള്‍പ്പെടെയുള്ള നേതാക്കളുടെ വീടുകള്‍ അഗ്നിക്കിരയാക്കിയത്. മനുഷ്യനെ മാത്രമല്ല പാമ്പു വളര്‍ത്തല്‍ കേന്ദ്രത്തിലെ പാമ്പുകളെയും, മറ്റും ജീവജാലകങ്ങളെയും തീവച്ച് നശിപ്പിച്ചത് കേരളത്തിലാണ്. അദ്ധ്യാപകനെ ക്ലാസ് മുറിയില്‍ വച്ച് വെട്ടിനുറുക്കി കൊന്നതും അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ മൂന്നു വിദ്യാര്‍ത്ഥികളെ കരയില്‍ കയറ്റാതെ കല്ലെറിഞ്ഞുകൊന്നതും, അമ്മമാരുടെ മുന്നില്‍ വച്ച് മക്കളെ കൊന്നതും, ഭാര്യയുടെയും പിഞ്ചുകുഞ്ഞിന്റെയും മുന്നില്‍ വച്ച് അച്ഛനെ ആദ്യം കൊല്ലുകയും പതിറ്റാണ്ടുകഴിഞ്ഞ് ആ അമ്മ പോറ്റി വളര്‍ത്തിയ മകനെ അതേ അമ്മയുടെ മുന്നില്‍ വച്ച് കൊന്നതും രാഷ്ട്രീയക്രിമിനലുകളാണ്. കയ്യും കാലും വെട്ടിമാറ്റിയിട്ട് ശരീരത്തില്‍ മണല്‍ വാരിയിട്ടതും, ബോംബെറിഞ്ഞു കൊന്നതും, പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയതിന് 51 വെട്ടില്‍ കൊന്നതും, മുന്‍ നയതന്ത്രവിദഗ്ദ്ധനെ നടുറോഡില്‍ വച്ച് മുഖത്തടിച്ച് വീഴ്ത്തിയതും രാഷ്ട്രീയ ക്രിമിനലുകളാണ്. കേരളത്തിലെ വിദ്യാലയങ്ങളില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ രക്തസാക്ഷികളാക്കി മാറ്റിയതും ഇവിടെ എടുത്തു പറയണം. കേരളത്തിലെ കലാലയങ്ങളിലെ വനിതകളായ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ, വിശേഷിച്ച് മഹാരാജാസ്, കാസര്‍കോട്, നെഹ്റുകോളേജ്, വിക്ടോറിയകോളേജ് തുടങ്ങി വൈസ്ചാന്‍സിലര്‍മാര്‍ വരെ ആക്രമിക്കപ്പെട്ടത് ഈയിടെയാണ്. അദ്ധ്യാപകന്റെ കൈവെട്ടിമാറ്റിയതും പ്രധാന അദ്ധ്യാപകരെ തടഞ്ഞു വയ്ക്കുന്നതും, അദ്ധ്യാപകരെ തെറിവിളിക്കുന്നതും എല്ലാം കേരളത്തിലെ ‘സാംസ്കാരിക’ പ്രവര്‍ത്തനമാണ്.
നമ്മുടെ കുട്ടികള്‍ അക്രമം സിനിമയില്‍ നിന്നാണ് പഠിക്കുന്നത് എന്ന് രാഷ്ട്രീയ നേതൃത്വം, വിശേഷിച്ച് ഭരണ നേതൃത്വം പറയുമ്പോള്‍ കേരളത്തിന്റെ പുരോഗമന രാഷ്ട്രീയക്കാരും അവരെ പിന്തുണയ്ക്കുന്ന സാംസ്കാരിക പ്രതിഭകളും ഈ രംഗത്ത് നടത്തിയ സംഭാവനകളും നാം ഒന്നിച്ചു വായിക്കണം. അക്രമവും കൊലപാതകവും മദ്യത്തിന്റെ പേരിലായാലും മയക്കുമരുന്നിന്റെ ബലത്തില്‍ നടന്നാലും, രാഷ്ട്രീയക്രിമിനലുകള്‍ നടത്തിയാലും ഒരുപോലെ അപലപിക്കണം. രാഷ്ട്രീയ ക്രിമിനലുകള്‍ക്ക് മാന്യത നല്‍കുന്നത് ശരിയല്ല. സിനിമയുടെ പേരു പറഞ്ഞ് സാംസ്കാരിക കേരളത്തെ തകര്‍ത്തവര്‍ സ്വയം മേനിനടിക്കുന്നത് അംഗീകരിക്കാനാവില്ല.
ലഹരിവ്യാപാരം: പെട്ടിക്കടയില്‍ നിന്ന് കലാലയത്തിന് ഉള്ളിലേയ്ക്ക്
ഒരു കാലഘട്ടത്തില്‍ നഗരപ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്കു സമീപമുള്ള പെട്ടിക്കടകളില്‍ നിന്നാണ് മയക്കുമരുന്ന് വ്യാപാരം നടന്നിരുന്നത്. എന്നാല്‍ ഇന്ന് മയക്കുമരുന്നിന്റെ വിതരണം കാമ്പസിനുള്ളിലാണ് നടക്കുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ലഹരിയുടെ മാര്‍ക്കറ്റ് വ്യാപിക്കുകയും വിദ്യാര്‍ത്ഥികള്‍ തന്നെ ലഹരിയുടെ വില്പനക്കാരായും മാറുകയും ചെയ്തു. പെണ്‍കുട്ടികളെ ഉള്‍പ്പെടെ കാരിയര്‍മാരായി ഉപയോഗിക്കുകയാണ്. ഉപഭോക്താവിനെ തന്നെ വ്യാപാരിയാക്കുന്ന സാഹചര്യമാണുള്ളത്. ലഹരി മാഫിയ ആദ്യം സൗജന്യമായി ലഹരി നല്‍കും. തുടര്‍ന്നാണ് അവരെ കാമ്പസിനുള്ളിലെ വിതരണക്കാരാക്കുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരാണ് പലപ്പോഴും ഇതിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നത്. ലഹരി വിതരണത്തിലൂടെ സാമ്പത്തിക ലാഭം ലഭിക്കുന്നതുകൊണ്ടാണ് വിതരണ ശൃംഖലയിലേക്ക് വിദ്യാര്‍ത്ഥികള്‍ ആകര്‍ഷിക്കപ്പെടുന്നത്. ഏകകക്ഷി വിദ്യാര്‍ത്ഥി രാഷ്ട്രീയം മാത്രമുള്ള കാമ്പസുകളില്‍ ലഹരി വിതരണം സുഗമമായി നടത്താന്‍ കഴിയും. കാമ്പസുകള്‍ ജനാധിപത്യ വിരുദ്ധമാകുകയും സ്വാതന്ത്ര്യം കേവലം ആഘോഷങ്ങള്ക്കുമാത്രമാകുകയും ചെയ്തതോടെ ലഹരി കാമ്പസിന്റെ മുഖമുദ്രയാകുന്നു.
അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ലഹരി കച്ചവടവും, വിതരണവും നടത്തുന്നവരെ അറിയാമെങ്കിലും നടപടി എടുക്കാന്‍ സാധിക്കില്ല. രാഷ്ട്രീയത്തിന്റെ പിന്തുണയുള്ള ലഹരിമാഫിയ, മയക്കുമരുന്നിനെതിരായി ശബ്ദം ഉയര്‍ത്തുന്നവരെ ഒറ്റപ്പെടുത്താനും ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിക്കാനും ആവശ്യമെങ്കില്‍ ശാരീരികമായി ആക്രമിക്കാനും തയ്യാറാകും. ഏറ്റവും എടുത്തു പറയേണ്ട വസ്തുത കേരളത്തിലെ നൂറുകണക്കിന് വിദ്യാലയങ്ങളില്‍ കയ്യില്‍ രാഖി കെട്ടാനോ, തിലകം, ചാര്‍ത്താനോ കഴിയില്ല എന്നതാണ്. ഏക വിദ്യാര്‍ത്ഥി രാഷ്ട്രീയ കാമ്പസുകളില്‍ അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യദിവസം തന്നെ മുന്നറിയിപ്പ് നല്‍കും. അത്രയധികം വിജിലന്റാണ് കാമ്പസ് രാഷ്ട്രീയ ക്രിമിനലുകള്‍. എന്നാല്‍ ഇവരുടെ ഒത്താശയിലാണ് ലഹരിവിതരണക്കാര്‍ കാമ്പസുകളില്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നത്. കേരളത്തിലെ സാങ്കേതിക വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുവിദ്യാലയങ്ങളിലെ ഹോസ്റ്റലുകള്‍ ലഹരി കച്ചവടത്തിന്റെയും ലഹരിപാര്ട്ടികളുടെയും താവളങ്ങളാണ്. വയനാട് വെറ്റിനറി കോളേജില്‍ ലഹരിമാഫിയയും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന് കൊലപ്പെടുത്തിയ സിദ്ധാര്‍ത്ഥന്റെ ചിത്രം നമ്മുടെ മുന്നില്‍ ഉണ്ട്. ഒരാഴ്ചത്തെ മാധ്യമ ശ്രദ്ധയ്ക്കപ്പുറം കേരള സമൂഹം സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ നിന്നും ഒന്നും പഠിച്ചില്ല. ഇപ്പോള്‍ വ്യാപകമായി കൗമാരക്കാര്‍ മയക്കുമരുന്നിന്റെ ബലത്തില്‍ തെരുവു നായ്ക്കളെപ്പോലെ തമ്മിലടിക്കുകയും, കൊലയാളികളാവുകയും ചെയ്തപ്പോഴാണ് ഭരണകൂടവും പൊതുസമൂഹവും ചെറുതായി ഒന്ന് പ്രതികരിച്ചത്. മറ്റൊരു വിഷയം വരുന്നതുവരെ മാത്രമേ തല്ക്കാലം കാണുന്ന മാധ്യമ ജാഗ്രത ലഹരി വിഷയത്തില്‍ ഉണ്ടാവുകയുള്ളൂ.
നഗര-ഗ്രാമവ്യത്യാസം കൂടാതെ 24ഃ7 ലഹരിയുടെ ലഭ്യത
കേരളത്തില്‍ ക്ലാസ് മുറികളില്‍ മാത്രമല്ല വീട്ടിനുള്ളിലും ലഹരി ലഭ്യമാണ്. ലഹരിയുടെ ശൃംഖല അത്രയധികം വികേന്ദ്രീകൃതവും വ്യാപ്തിയുള്ളതുമാണ്. ലൈസന്‍സ് ഇല്ലാതെ പതിനായിരക്കണക്കിന് കൗമാരക്കാര്‍ ടൂവീലര്‍ ഉപയോഗിക്കുന്നു. ഗതാഗതവകുപ്പ് സഹായിക്കുന്നതു കൊണ്ടാണ് ഹൈ സ്കൂളുകളിലും പ്ലസ് ടു സ്കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലൈസന്‍സ് ഇല്ലാതെ ടൂവീലര്‍ ഉപയോഗിക്കാന്‍ കഴിയുന്നത്. ലഹരി മാഫിയ റിക്രൂട്ട് ചെയ്യുന്നത് കൂടുതലും ടൂവീലര്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്. മറ്റൊരു സംസ്ഥാനത്തും കൗമാരക്കാരുടെ ഇടയില്‍ ലഹരിമാഫിയ ഈ തരത്തില്‍ പിടിമുറുക്കിയിട്ടില്ല. കോളേജുകളും സാങ്കേതികസ്ഥാപനങ്ങളുമാണ് മറ്റ് സംസ്ഥാനങ്ങളിലെ ലഹരി മാഫിയ കേന്ദ്രീകരിക്കുന്നത്. മാത്രമല്ല ലഹരി നഗരങ്ങളില്‍ മാത്രമാണ് കാണുന്നത്. കേരളത്തില്‍ ലഹരിയുടെ വിതരണ ശൃംഖല അത്രയധികം വ്യാപിച്ചിരിക്കുന്നു. ഗ്രാമീണ കേരളം ഇന്ന് ലഹരിക്കടിപ്പെട്ട കൗമാരപ്രായക്കാരെ കൊണ്ട് നിറയുകയാണ്. കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ഗര്‍ഭനിരോധന ഉറകളും ലഹരിയും ആവശ്യക്കാര്‍ക്കെല്ലാം ലഭിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ കൂടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന അന്തര്‍ സംസ്ഥാനവാഹനങ്ങളിലെ യുവതീ-യുവാക്കളായ യാത്രക്കാരെയാണ് കാരിയറുകളായി ലഹരിമാഫിയ ഉപയോഗിക്കുന്നത്. നിരന്തരം യാത്രചെയ്ത് ലഹരികടത്തി നല്ല വരുമാനമുണ്ടാക്കുന്നവരും ഉണ്ട്. പെണ്‍കുട്ടികളുടെ ബാഗ് പരിശോധിക്കില്ല എന്ന ഉറപ്പാണ് സ്ത്രീകളെ കാരിയറുകളാക്കാന് ലഹരിമാഫിയയെ പ്രേരിപ്പിക്കുന്നത്.
കേരളത്തിലെ നിയമപാലകര്‍ക്ക് ലഹരിയുടെ ഉറവിടവും, വ്യാപനവും അറിയാം. രാഷ്ട്രീയനേതൃത്വത്തിന്റെ ചങ്ങലയില്‍ നിന്ന് അവര്‍ വിമുക്തമാകണം. എന്നാലല്ലേ ലഹരിയെ വിമുക്തമാക്കാന്‍ അവര്‍ക്ക് കഴിയൂ. വ്യക്തിപരമായി വിവരങ്ങള്‍ കൈമാറിയാലും അത് ചോരുകയും വിവരം നല്കുന്ന വ്യക്തി ആക്രമിക്കപ്പെടുകയും ചെയ്യും എന്നതിനാല്‍ പലപ്പോഴും, അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും കാഴ്ചക്കാരായി നില്‍ക്കാനേ കഴിയൂ. ഗ്രാമീണ കേരളത്തില്‍ ലഹരിക്കെതിരെ പോരാടാന്‍ ആര്‍ക്കും കഴിയില്ല. അത്തരം വ്യക്തികളെ വ്യാജപീഡനകേസിലും, ആക്സിഡന്റ് കേസിലും ഉള്‍പ്പെടുത്തി ഒറ്റപ്പെടുത്തും. കേരളത്തിലെ പല കലാലയങ്ങളും രാത്രി വളരെ സജീവമാണ്. എന്‍ജിനീയറിംഗ്, മെഡിക്കല്‍ കോളേജുകളും സര്‍വ്വകലാശാലകളിലും ഒക്കെ അര്‍ദ്ധരാത്രികളില്‍ നടക്കുന്ന പിറന്നാള്‍ പാര്‍ട്ടികള്‍, ആഘോഷങ്ങള്‍, കലോത്സവങ്ങള്‍ എല്ലാം ലഹരിമയമാണ്. ഇത്രയും വ്യാപകമായ ലഹരിയുടെ വ്യാപനത്തെയും ലഭ്യതയെയും എങ്ങനെ തടയും എന്നതാണ് ചര്‍ച്ച ചെയ്യേണ്ടത്.
മദ്യത്തില്‍ നിന്ന് മയക്കുമരുന്നിലേയ്ക്ക്
കേരളത്തിലെ വലിയൊരു ശതമാനം മുതിര്‍ന്നവര്‍ മദ്യപാനത്തിന് അടിമപ്പെട്ടു എങ്കില്‍ യുവാക്കളും, കൗമാരക്കാരും ഇപ്പോള്‍ ആകര്‍ഷിക്കപ്പെടുന്നത് ലഹരിയിലേയ്ക്കാണ്. കുപ്പിയും, ഗ്ലാസും, സോഡയും വെള്ളവും ടച്ചിംഗ്സും കൂടാതെ എളുപ്പത്തില്‍ ലഹരിപിടിക്കുന്ന മയക്കുമരുന്നാണ് കൗമാരക്കാര്‍ക്ക് പ്രിയമാകുന്നത്. ലഹരിയുടെ ലഭ്യതയും കൂട്ടുകാരില്‍ നിന്നുള്ള പ്രഷറും, കാമ്പസില്‍ ലഭിക്കുന്ന സ്വാതന്ത്ര്യവും, വിദ്യാര്‍ത്ഥി രാഷ്ട്രീയം ഒരുക്കുന്ന സുരക്ഷയും, വിദ്യാഭ്യാസ പദ്ധതിയില്‍ കാര്യമായ അദ്ധ്വാനം കൂടാതെ ജയിക്കാന്‍ കഴിയും എന്ന ധാരണയും പ്രധാന അദ്ധ്യാപകനോ, അദ്ധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികളെ ശാസിക്കാന്‍ കഴിയാത്തതും, ലഹരിമാഫിയ സൃഷ്ടിക്കുന്ന ഭയവും കൗമാരക്കാര്‍ക്ക് നിര്‍ഭയമായി ലഹരി ഉപയോഗിക്കാന്‍ സാഹചര്യമൊരുക്കുന്നു. എടുത്തുപറയേണ്ട വസ്തുത കൗമാരക്കാര്‍ സ്വന്തം താല്പര്യപ്രകാരം ലഹരി സ്വീകരിക്കുന്നതല്ല, മറിച്ച് ലഹരിമാഫിയയുടെ ഭാഗമായ മുതിര്‍ന്നവരാണ് ഇത്തരം സാഹചര്യം ഒരുക്കുന്നത്. ലഹരിയുടെ കാരിയര്‍മാരും, ഉപകാരിയര്മാരും പ്രവര്‍ത്തിക്കുന്നത് ലഹരിമാഫിയയുടെ നിയന്ത്രണത്തിലും നിര്‍ദ്ദേശത്തിലുമാണ്.
‘വിദ്യയെ’ അവഗണിച്ച് ‘അഭ്യാസവും’ ‘ആഘോഷ’വും മാത്രമുള്ള കലാലയങ്ങള്‍
ഡി.പി.ഇ.പിയുടെ കാലഘട്ടം മുതല്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ഘടനയും, ശൈലിയും, ലക്ഷ്യവും ഒക്കെ മാറി. പഠിച്ചാലും ഇല്ലെങ്കിലും നമ്മുടെ വിദ്യാലയങ്ങള്‍ വിജയത്തില്‍ നൂറുമേനിയാണ്. കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഇന്ന് തോല്ക്കാന് കഴിയില്ല. അദ്ധ്യാപകന് യാതൊരു ഡിസിപ്ലിനറി നടപടിയും വിദ്യാര്‍ത്ഥിയ്ക്കുമേല്‍ എടുക്കാനുമാവില്ല. വിവിധ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു ചെറു ന്യൂനപക്ഷം ഒഴിച്ച് വലിയൊരുശതമാനം വിദ്യാര്‍ത്ഥികള്‍ പൊതു വിദ്യാലയങ്ങളിലെ അദ്ധ്യയനത്തെ ഇന്ന് സീരിയസായി കാണുന്നില്ല.’പഠിക്കാതെ ജയിക്കാം’എന്ന വിശ്വാസം കൗമാരക്കാരുടെ മത്സരക്ഷമതയെ നശിപ്പിച്ചു. ബഹുഭൂരിപക്ഷം മലയാളി വിദ്യാര്‍ത്ഥികള്‍ക്കും സംഘം ചേരുമ്പോള്‍ ബഹളം വയ്ക്കാനല്ലാതെ ഒറ്റയ്ക്ക് ആത്മവിശ്വാസത്തോടെ ഏതെങ്കിലും ഒരു വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും അറിയില്ല. സ്വന്തം പേര് പോലും എഴുതാന്‍ അറിയാത്തവര്‍ക്ക് ഇന്ന് കേരളത്തില്‍ പത്താം ക്ലാസ് പാസ്സാകാം. ആത്മവിശ്വാസമില്ലാത്ത കൗമാരക്കാരാണ് ലഹരിയ്ക്ക് പെട്ടെന്ന് അടിമപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് അടിസ്ഥാനവര്ഗ്ഗത്തില്പ്പെടുന്ന വിദ്യാര്‍ത്ഥികളാണ് ബലിയാടാകുന്നത്. പിന്നാക്കക്കാരെ കൂടുതല്‍ പിന്നാക്കമാക്കുന്ന പ്രക്രിയയാണ് ഇന്ന് പൊതുവിദ്യാലയങ്ങളില്‍ നടക്കുന്നത്. ഇടത്തരക്കാരും, സമ്പന്നരും ഇന്ന് സ്വാശ്രയസ്കൂളുകളില് അഭയം തേടാന്‍ നിര്‍ബ്ബന്ധിതമാകുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചകൊണ്ടാണ്. മാത്രമല്ല കലോത്സവങ്ങള്‍ക്കും, ഉത്സവങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കും നല്കുന്ന പ്രാധാന്യം വിദ്യാഭ്യാസത്തിന് ലഭിക്കുന്നുമില്ല. അദ്ധ്യാപകന് വഴികാട്ടിയാവാന്‍ കഴിയില്ല നോക്കുകുത്തിയാകാനേ കഴിയൂ. പൊതു വിദ്യാലയങ്ങളെ കേന്ദ്രീകരിച്ചു നടക്കുന്ന കൗമാരക്കാരുടെ ‘ലഹരിലഹളയും’ കൊലപാതകങ്ങളും പൊതുവിദ്യാലയങ്ങളുടെ തകര്‍ച്ചയ്ക്ക് വഴിതെളിക്കും എന്നതില്‍ സംശയമില്ല. ഇത്തരം വിഷയങ്ങള്‍ ഒന്നും വിദ്യാഭ്യാസ മന്ത്രിയുടെ പരിഗണനയിലെ വിഷയങ്ങള്‍ അല്ല എന്നതാണ് ദുഃഖകരം.
പൊതുവിദ്യാലയങ്ങളെ ലഹരിമുക്തമാക്കാന്‍ കഴിയുമോ?
കൗമാരക്കാരിലെ ലഹരി വ്യാപനത്തിനെതിരായ പ്രതിരോധം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണ നേതൃത്വം തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. വൈകി വന്ന വിവേകത്തിന് ലക്ഷ്യം നേടാന്‍ ഏറെ കഠിനാദ്ധ്വാനം വേണ്ടിവരും.
1. കേരളത്തില്‍ വരുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി തകര്‍ക്കുക. മയക്കുമരുന്നു മാഫിയ-രാഷ്ട്രീയബന്ധം തടയണം.
2. താഴെ തട്ടിലുള്ള ചില്ലറവിതരണക്കാരെ മാത്രം നിയമത്തിനു മുന്നില്‍കൊണ്ടുവരുന്ന തരത്തില്‍ ലഹരിക്കെതിരായ പ്രതിരോധം ഒതുങ്ങാന്‍ പാടില്ല.
3. യാതൊരു കഠിനാദ്ധ്വാനവും കൂടാതെ പരീക്ഷകള്‍ വിജയിക്കാം എന്ന അവസ്ഥ മാറണം. വിദ്യാഭ്യാസം കഠിനാദ്ധ്വാനത്തിലൂടെ നേടേണ്ടതും കൗമാരക്കാരില്‍ മത്സരക്ഷമത സൃഷ്ടിക്കുന്നതുമാവണം.
4. കുട്ടികള്‍ എന്ന പരിഗണന പതിനാറുവയസ്സിനു മുകളിലുള്ളവര്‍ക്ക് നല്കാന് പാടില്ല. അതിനാവശ്യമായ നിയമം പരിഷ്ക്കരിക്കണം.
5. കലോത്സവങ്ങളിലും, മറ്റു ആഘോഷങ്ങളിലും ലഹരി കടന്നുവരുന്നില്ല എന്ന് ഉറപ്പാക്കണം.
6. വിദ്യാലയങ്ങളില്‍ ക്രമസമാധാനം സാദ്ധ്യമാക്കാന്‍ പോലീസിന് കടന്നുവരാന്‍ കഴിയണം. അദ്ധ്യാപകരെ ശാക്തീകരിക്കണം.
7. എല്ലാ പൊതുവിദ്യാലയങ്ങളിലും ലഹരിക്കെതിരായ ജാഗ്രതാ സമിതികള്‍ ഉണ്ടാവണം. പഞ്ചായത്തുതലത്തിലും നഗരസഭകളില്‍ വാര്‍ഡുതലത്തിലും ലഹരിക്കെതിരായ ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം.
8. മയക്കുമരുന്നുമാഫിയയും – രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധവും, വിദ്യാര്ത്ഥിരാഷ്ട്രീയക്കാര് അവരുടെ ഏജന്റുമാരായി മാറുന്നതും പൂര്‍ണ്ണമായും അവസാനിപ്പിക്കണം.
9. പതിനെട്ടു വയസ്സുതികയാത്ത കൗമാരക്കാര്‍ ലൈസന്‍സ് ഇല്ലാതെ ടൂവീലറുകളില്‍ സ്കൂളുകളില്‍ പ്രവേശിക്കുന്നത് തടയണം. അതിന് അവരെ പ്രേരിപ്പിക്കുന്ന രക്ഷകര്‍ത്താക്കളില്‍ നിന്ന് വലിയ പിഴ ഈടാക്കണം.
10. ലഹരിക്കെതിരായ നിയമങ്ങളും, വിവിധ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാവിധികളും പാഠ്യക്രമത്തിന്റെ ഭാഗമാക്കണം.
11. ഗ്രൗണ്ട് ഉള്‍പ്പെടെ പൊതുവിദ്യാലയങ്ങള്‍ എല്ലാം സിസിടിവി ക്യാമറാ പരിധിയില്‍ കൊണ്ടുവരണം.
12. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുട്ടികള്‍ എന്ന ആനുകൂല്യം നല്കി രക്ഷപ്പെടാന്‍ അവസരം ഉണ്ടാകരുത്.
13. സ്കൂള്‍ തിരഞ്ഞെടപ്പുകള്‍ എല്ലാം അവസാന പരീക്ഷയിലെ മികവിന്റെയും ഹാജറിന്റെയും അടിസ്ഥാനത്തില്‍ ആകണം. രാഷ്ട്രീയ ഇടപെടലുകളും പുറത്തുനിന്നുള്ള നിയന്ത്രണങ്ങളും ഒഴിവാക്കണം.
14. ഹാജര്‍ നിര്‍ബ്ബന്ധിതമാക്കുകയും പ്രധാന അദ്ധ്യാപകന് ഡിസിപ്ലിനറി നടപടി സ്വീകരിക്കാനും കഴിയണം.
15. വിദ്യാലയങ്ങള്‍ക്കു ചുറ്റുമുള്ള കടകളില്‍ നിരന്തരമായ പരിശോധനയുണ്ടാവണം. ലഹരി ഉല്പന്നങ്ങള് ലഭ്യമാക്കുന്നില്ല എന്ന് ഉറപ്പാക്കണം.
16. എല്ലാവിദ്യാലയങ്ങളിലും പോലീസിന്റെയും അധികൃതരുടെയും പരാതിപ്പെട്ടികള്‍ സ്ഥാപിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പേരുവെളിപ്പെടുത്താതെ തന്നെ പരാതികള്‍ നല്കാന് കഴിയണം.
17. ലഹരിയെ മഹത്വവല്‍ക്കരിക്കുന്ന തരത്തിലുള്ള ഒരു സീനും സിനിമകളില്‍ ഉണ്ടാകില്ല എന്ന് സെന്‍സര്‍ബോര്‍ഡ് തീരുമാനം എടുക്കണം. ‘സ്റ്റാറ്റിയൂട്ടറി വാര്‍ണിംഗ്’ നല്കി മദ്യപാനവും, ലഹരിയുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന നിലവിലുള്ള പ്രവണത പൂര്‍ണ്ണമായും സെന്‍സര്‍ ബോര്‍ഡ് തടയണം.
18. ലഹരിമാഫിയ – തീവ്രവാദി അച്ചുതണ്ട് കേരളത്തില്‍ രൂപപ്പെടുന്നില്ല എന്ന് ഉറപ്പാക്കണം. കൂടാതെ കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കണം.
(കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഗ്ലോബല്‍ സ്റ്റഡീസ് പ്രൊഫസര്‍&ഡീനും മുന്‍ പ്രോ-വൈസ്ചാന്‍സലറുമാണ് ലേഖകന്‍)