ധനമന്ത്രി ബാലഗോപാലന്‍ സഖാവ് നാട്ടുവൈദ്യത്തിന് ബജറ്റില്‍ ഫണ്ട് വാഗ്ദാനം ചെയ്യുന്നുവെന്ന കാര്യം ഭാവനയില്‍ കണ്ടെത്തിയാണോ അതോ സാഹിത്യത്തിന്റെ ഉറവ മുട്ടിയതു കൊണ്ടാണോ എന്നറിയില്ല, കെ.ആര്‍. മീര കഥയെഴുതുന്നതു നിര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ കഷായക്കുറിപ്പടി എഴുതുകയാണ്. കോഴിക്കോട്ടെ ഒരു സാഹിത്യോത്സവ വേദിയിലായിരുന്നു. കഷായക്കുറിപ്പടി തയ്യാറാക്കാന്‍ മീര തുടങ്ങിയത് പ്രണയത്തിന്റെ ഋതുഭേദങ്ങള്‍ എന്ന വിഷയത്തിലുള്ള ചര്‍ച്ചയിലാണ് തന്റെ കഷായക്കുറിപ്പടി ആദ്യം പുറത്തുവിട്ടത്. അതോടെ ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ തയ്യാറാക്കിയ കഷായം വീണ്ടും ഹീറോയായി എന്നതാണ് സത്യം. സ്ത്രീകള്‍ സ്വയംരക്ഷക്ക് സേഫ്റ്റിപിന്‍ യാത്രയില്‍ കരുതണം എന്ന് ഉപദേശിക്കുന്ന കാലം മാറിയതുകൊണ്ടാണോ എന്നറിയില്ല കഷായം ബാഗില്‍ കരുതിക്കൊള്ളാനാണ് നോവലിസ്റ്റിന്റെ ഉപദേശം. കോഴിക്കോട്ടെ കഷായക്കുറിപ്പടി കണ്ടതോടെ പലരുടെയും അസുഖം വര്‍ദ്ധിച്ചവെന്നതാണ് അതിന്റെ ലക്ഷണമായി വൈദ്യര്‍ കണ്ടത്. കൂട്ടത്തില്‍ രാഹുല്‍ ഈശ്വറിന്റെ അസുഖം അസാരം ടോക്‌സിക് ആയി എന്ന് മീര വൈദ്യര്‍ തിരിച്ചറിഞ്ഞു. ‘ക്രൂരമായ വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ വെള്ളപൂശാന്‍’ ‘ക്വട്ടേഷന്‍ എടുക്കല്‍’ എന്ന ഗുരുതരമായ രോഗമാണത്രേ രാഹുലിന്. വൈകിയില്ല രാഹുലിനുവേണ്ടി മീരവൈദ്യരുടെ അടുത്ത കുറിപ്പടി പിറന്നു. മാനസമിത്രം ഗുളിക ദ്രാക്ഷാദി കഷായം, ബ്രഹ്മിദ്രാക്ഷാദി കഷായം എന്നിവയില്‍ ചേര്‍ത്ത് കഴിക്കാനാണ് വൈദ്യര്‍ വിധിച്ചത്.
രാഹുല്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ മീരക്കെതിരെ പരാതി നല്കിയ ശേഷം വൈദ്യരുടെ കുറിപ്പടി പത്തു തവണ വായിച്ചുകാണാനിടയുണ്ട്. അതോടെ തന്നെ അസുഖം കുറയാന്‍ തുടങ്ങിയതിന്റെ ലക്ഷണമാണ് വൈദ്യര്‍ കാണുന്നത്. രോഗി വൈദ്യരെ അഭിനന്ദിക്കുന്നത് രോഗം മാറുന്നതിന്റെ നല്ല ലക്ഷണമാണല്ലോ. എന്നാല്‍ മീര പിന്നോട്ടു പോയി എന്നും തീവ്ര ഫെമിനിസത്തിനെതിരായ പുരുഷന്മാരുടെ വിജയമാണ് മീരയുടെ കുറിപ്പടിയില്‍ ഉള്ളതെന്നുമാണ് ഒരു വീഡിയോ പോസ്റ്റില്‍ രാഹുല്‍ പറയുന്നത്. കേസ് വരുമെന്ന ഭയം മീരക്കുണ്ട് എന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ ആര്‍ക്കാണ് ചികിത്സ വേണ്ടത് എന്ന കണ്‍ഫ്യൂഷനിലാണ് ജനം. ഇവര്‍ രണ്ടുപേരും ഇടതുപക്ഷത്തും വലതുപക്ഷത്തും നിന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അന്യോന്യം ചീത്ത പറയുകയും ഉള്ളിലെ വിഷം പുറത്തേക്ക് വമിപ്പിക്കുകയും ചെയ്യുമ്പോള്‍ രണ്ടുപേരെയും ചികിത്സിക്കാന്‍ വഴിതേടേണ്ട അവസ്ഥയിലാണ് മലയാളി സമൂഹം.