ഹിന്ദുക്കളുടെ ഉന്നമനത്തിനുവേണ്ടി തന്റെ ആയുഷ്കാലം മുഴുവന്‍ പ്രവര്‍ത്തിച്ച പണ്ഡിറ്റ് മദന്മോഹന് മാളവ്യ ഹിന്ദുക്കളുടെ ഉത്ഥാനം ലക്ഷ്യമാക്കി രചിച്ച എട്ട് ശ്ലോകങ്ങളില്‍ ഒന്ന് ഇതാണ്:
ഗ്രാമേഗ്രാമേസഭാകാര്യ ഗ്രാമേഗ്രാമേകഥാശുഭാ
പാഠശാലാ മല്ലശാലാ പ്രതിപര്വമഹോത്സവഃ
(ഗ്രാമംതോറും സഭകള്‍ നിര്‍മ്മിക്കുക, ഗ്രാമംതോറും ശുഭകഥകള് പറയാന്‍ വ്യവസ്ഥ ചെയ്യുക, അവിടങ്ങളില്‍ ശാരീരികവും മാനസികവുമായ പരിശീലനം നല്കുന്ന ശാലകള്‍ ഏര്‍പ്പെടുത്തുക, മാസത്തില്‍ രണ്ടു പ്രാവശ്യം സാംഘികമായി കൂടുക). വാസ്തവത്തില്‍ അദ്ദേഹത്തിന്റെ സങ്കല്പം പ്രായോഗികമാക്കുന്ന ‘ഗുരുകുലങ്ങ’ളല്ലേ സംഘത്തിന്റെ ശാഖകള്‍. ”ഏതൊരു രാഷ്ട്രത്തിന്റെയും മഹത്വം അവിടത്തെ നേതാക്കന്മാരുടെ മഹത്വത്തെയോ, ബുദ്ധിവൈഭവത്തെയോ ആശ്രയിച്ചല്ല, മറിച്ച് ആ രാഷ്ട്രത്തിലെ സാധാരണ ജനങ്ങളുടെ മഹത്വം, ദേശസ്നേഹം, ധൈര്യം, കരുത്ത് എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്.” പരംപൂജനീയ ബാളാസാഹബ്ജിയുടെ വാക്കുകളാണിവ. അതുകൊണ്ടാണ് സംഘം വ്യക്തിനിര്‍മ്മാണത്തിന് പ്രാധാന്യം കല്പിക്കുന്നത്.
ശാരദാശങ്കര് വ്യാസ് മധ്യപ്രദേശിലെ പിവല്രവാം ഗ്രാമത്തിലെ പ്രചാരകനായിരുന്നു. അവിടത്തെ യുവാവായ നരപാല്സിംഹ് അനാശാസ്യമായ കൂട്ടുകെട്ടുകളില്‍ ചെന്ന് പെട്ടത്കാരണം കൊള്ളക്കാരനായി മാറിയിരുന്നു. വ്യാസ്ജി ഒരിക്കല്‍ അദ്ദേഹത്തെ പരിചയപ്പെട്ടു. അത് ക്രമേണ സുഹൃദ്ബന്ധമായി വളര്‍ന്നു. ആ ബദ്ധം ഗാഢമായി തീര്‍ന്നപ്പോള്‍ അദ്ദേഹം നരപാല് സിംഹനെ സംഘശാഖയില്‍ വരാന്‍ പ്രേരിപ്പിച്ചു. സ്വയംസേവകരുമായുള്ള സമ്പര്‍ക്കം, ശാഖയില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സംസ്കാരം എന്നിവ കാരണം അയാള്‍ കൊള്ളയടി മാത്രമല്ല, മോശമായ കൂട്ടുകെട്ട് കാരണം തന്നില്‍ വളര്‍ന്നുവന്ന ദുശ്ശീലങ്ങളും ഉപേക്ഷിച്ചു ഉത്തരവാദിത്തബോധമുള്ള ഒരു പൗരനായി മാറി. തന്നെ മാറ്റിയെടുത്ത് നല്ലൊരു വ്യക്തിയായി വളര്‍ത്തിയത് സംഘമാണെന്ന് അയാള്‍ ഇപ്പോഴും കൃതജ്ഞതയോടെ ഓര്‍ക്കുന്നു.