സംഘ സ്വയംസേവകരുടെ അചഞ്ചലമായ ദേശഭക്തി, അച്ചടക്കം, സത്യസന്ധത, ത്യാഗമനോഭാവം എന്നിവ പലപ്പോഴും സംഘവിരോധികള്‍ പോലും അംഗീകരിക്കുന്ന കാര്യങ്ങളാണ്.
1937ല്‍ സംഘത്തിന്റെ ശിബിരം നടന്നത് നാഗ്പ്പൂരിലെ അംബാരിയില്‍ വെച്ചായിരുന്നു. ശിബിരം നടന്ന സ്ഥലത്തിന് തൊട്ടടുത്തായിരുന്നു ദിലാവര്‍ഖാന്‍ എന്ന ആളുടെ നാരങ്ങാതോട്ടം. അതിനകത്ത് ഒരു കുളമുണ്ടായിരുന്നു. ആ കുളത്തില്‍ ശിബിരാര്‍ത്ഥികള്‍ക്ക് കുളിക്കാനുളള അനുവാദം സംഘകാര്യകര്‍ത്താക്കന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച് ദിലാവര്‍ഖാന്‍ നല്‍കിയെങ്കിലും, ശിബിരം അവസാനിക്കുമ്പോഴേക്ക് നാരങ്ങാതോട്ടത്തില്‍ ഒരൊറ്റ നാരങ്ങപോലും അവശേഷിക്കില്ലെന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍, 2000 ത്തോളം ശിബിരാര്‍ത്ഥികളായ സ്വയംസേവകര്‍ ശിബിരം അവസാനിക്കുന്നതുവരെ ദിവസവും ആ കുളത്തില്‍ കുളിച്ചിരുന്നുവെങ്കിലും തോട്ടത്തില്‍ വിളഞ്ഞു നിന്നിരുന്ന ഒരൊറ്റ നാരങ്ങപോലും ആരും പറിച്ചില്ലെന്നത് ദിലാവര്‍ഖാന് അതിശയകരമായിത്തോന്നി! അദ്ദേഹം പരംപൂജനീയ ഡോക്ടര്‍ജിയെ നേരില്‍ കണ്ട് സ്വയംസേവകരുടെ അച്ചടക്കത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചതോടൊപ്പം കുറെ കുട്ടകള്‍ നിറയെ നാരങ്ങ സ്വയംസേവകര്‍ക്ക് നല്‍കുകയും ചെയ്തു.
ഇപ്പോള്‍ ഞാന്‍ ഓര്‍ത്തുപോകുന്നത്, 1984ല്‍ എന്‍.എസ്.യു (ഐ) വിന്റെ നാഗ്പ്പൂരില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ട്രെയിനില്‍ യാത്ര ചെയ്ത സംഘടനയുടെ വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ വഴിനീളെ സ്റ്റേഷനുകളിലെ വില്പനശാലകള്‍ കൊള്ളയടിച്ചതായി വന്ന പത്രവാര്‍ത്തകളാണ്. പിന്നീട് ആ വണ്ടി അറിയപ്പെട്ടിരുന്നത് ‘ലൂട്ട്മാര്‍ എക്‌സ്പ്രസ്സ്’ എന്ന പേരിലാണ്.