വിശ്വഹിന്ദു പരിഷത്തിന്റെ പ്രഥമ ദേശീയ സമ്മേളനം 1966ല്‍ നടന്നത് ‘ത്രിവേണി’ തീര്‍ത്ഥസ്ഥാനമായ പ്രയാഗയില്‍ വെച്ചായിരുന്നു. നൂറുകണക്കിന് ധര്‍മ്മാചാര്യന്മാര്‍, ജഗദ്ഗുരുക്കന്മാര്‍, മഹാമണ്ഡലേശ്വരന്മാര്‍ ഉള്‍പ്പെടെ ഭാരതത്തിന്റെ എല്ലാ ഭാഗത്തുനിന്നുമെത്തിയ അമ്പതിനായിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. മതം മാറി അന്യമതങ്ങള്‍ സ്വീകരിച്ച ഹിന്ദുക്കളെക്കുറിച്ചും അവരെ പരാവര്‍ത്തനത്തിലൂടെ തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ചും ആലോചിക്കാന്‍ ഏറ്റവും പറ്റിയ അവസരമാണിതെന്ന് കണ്ട ശ്രീഗുരുജി വിഷയം ചര്‍ച്ചക്കെടുത്തു. ഈ വിഷയത്തെക്കുറിച്ച് ചില ആളുകള്‍ അവരുടെ അഭിപ്രായം വ്യക്തമാക്കിയതിനെ തുടര്‍ന്ന്, മതം മാറി ക്രിസ്ത്യാനികളും മുസ്ലീങ്ങളുമായ ഹിന്ദുക്കളെ വീണ്ടും സ്വധര്‍മ്മത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഒരു വ്യവസ്ഥ ആവശ്യമാണെന്നും ഹിന്ദുസമൂഹം ഇരുകരങ്ങളും നീട്ടി അവരെ തിരിച്ചെടുക്കാന്‍ സന്നദ്ധമാകണമെന്നും വ്യക്തമാക്കുന്ന ഒരു പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിനിധികളെല്ലാം പ്രമേയത്തെ സഹര്‍ഷം സ്വാഗതം ചെയ്തു. പക്ഷെ, പുരിയിലെ ഗോവര്‍ദ്ധന്‍ പീഠത്തിലെ ശങ്കരാചാര്യ സ്വാമികള്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തു. സ്വധര്‍മ്മം ഉപേക്ഷിച്ചവര്‍ ഭ്രഷ്ടരാണെന്നും അവരെ തിരിച്ചുകൊണ്ടുവരാന്‍ ശാസ്ത്രങ്ങളില്‍ വിധിയില്ല എന്നതുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത് സമ്മേളനത്തില്‍ നിരാശയുടെ നിഴല്‍ പരത്തി.
ശ്രീഗുരുജി ശങ്കരാചാര്യസ്വാമികളെ വ്യക്തിപരമായി കണ്ട്, ഇതേ നിലപാടാണ് ഹിന്ദുസമൂഹത്തെ വിപത്തിലേക്ക് നയിച്ചതും, ഭാരതവിഭജനത്തില്‍ കൊണ്ടെത്തിച്ചതും, കാശ്മീര്‍ പ്രശ്‌നത്തിന് കാരണമായതും, ഹിന്ദുസമൂഹത്തിന്റെ ജനസംഖ്യ കുറഞ്ഞാല്‍ വിഘടനവാദശക്തികളും ദേശത്തിന്റെ ശത്രുക്കളും മതംമാറിയ, എളുപ്പം കബളിപ്പിക്കാവുന്ന ഈ ആളുകളെ തങ്ങളുടെ ഉപകരണമാക്കി മാറ്റി അവരുടെ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമം നടത്തുമെന്നുമുള്ള കാര്യങ്ങളെല്ലാം പറഞ്ഞ് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. എന്നാല്‍ താന്‍ പ്രമേയത്തെ എതിര്‍ക്കാന്‍ നിരത്തിയ ശാസ്ത്രവിധിയടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞത് എങ്ങനെ പിന്‍വലിക്കുമെന്നതായി ആചാര്യ സ്വാമികളുടെ പ്രശ്‌നം.
”ദാരിദ്ര്യദുരിതമനുഭവിക്കുകയും വിവേചനത്തിന് ഇരയാവുകയും ചെയ്ത ഈ ആളുകള്‍ പ്രലോഭനങ്ങളിലൂടെയും ഭീഷണിയിലൂടെയും ചൂഷണം ചെയ്യപ്പെടുകയാണെന്നും ഭാവിയില്‍ അത് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ശ്രീഗുരുജി വീണ്ടും ഒരു വളച്ചു കെട്ടുമില്ലാതെ അദ്ദേഹത്തോട് പറഞ്ഞു. മാത്രമല്ല, ജഗദ്ഗുരുതന്നെ ഈ കാര്യം സമ്മേളനത്തില്‍ വ്യക്തമാക്കണമെന്നുമുള്ള ഒരു ധാരണയുമുണ്ടാക്കി.
അങ്ങനെ, അടുത്തദിവസം, മതപരിവര്‍ത്തനം നടക്കുന്നത് കപടമായ രീതിയിലാണെന്നും, ഇതിലൂടെ പാവങ്ങളും അറിവില്ലാത്തവരും ചൂഷണം ചെയ്യപ്പെടുകയാണെന്നും, അവരെ നിര്‍ബന്ധപൂര്‍വ്വം അപഹരിച്ചുകൊണ്ടുപോവുകയാണെന്നും, അങ്ങനെ പോയവരെയെല്ലാം ഹിന്ദുക്കള്‍ തന്നെയാണെന്നും അവരെ തിരിച്ചുകൊണ്ടുവരണമെന്നും, സഹര്‍ഷം സ്വാഗതം ചെയ്യണമെന്നും ജഗദ്ഗുരു പ്രഖ്യാപിച്ചു. അങ്ങനെ, ആ പ്രമേയം ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെടുകയും ചെയ്തു.