കോണ്‍ഗ്രസ് രാജമാതാ സോണിയ ഗാന്ധിയുടെ മാതൃഹൃദയം എത്ര ലോലമാണ്! ഏതൊരു സ്ത്രീയുടെ പാരവശ്യം കണ്ടാലും അതങ്ങ് തുളുമ്പിപ്പോവും. ആ തുളുമ്പുന്ന മാതൃഹൃദയം തിരിച്ചറിയാന്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ. പിക്കാര്‍ക്കും ചില പത്രക്കാര്‍ക്കും കഴിയാത്തതിന് സോണിയയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. രാഷ്ട്രപതി ദ്രൗപതി മുര്‍മു കേന്ദ്ര സര്‍ക്കാരിന്റെ നീണ്ട നയപ്രഖ്യാപന പ്രസംഗം വായിക്കുമ്പോള്‍ ക്ഷീണിച്ചു പോയല്ലോ എന്ന് സങ്കടപ്പെട്ടതും പാവം സ്ത്രീ എന്ന് പരസ്യമായി ആത്മഗതം ചെയ്തതും ആ വനിതയോട് സോണിയക്ക് തോന്നിയ വാത്സല്യവും കാരുണ്യവും കൊണ്ടാണ്. അവരുടെ ക്ഷീണം കണ്ടിട്ട് ഒന്ന് വീശിക്കൊടുക്കണമന്നും ഒരു ഗ്ലാസ് ഹോര്‍ലിക്‌സ് കുടിക്കാന്‍ കൊടുക്കണമെന്നും സോണിയയുടെ വത്സലഹൃദയം മോഹിച്ചതാണ്. അതൊന്നും നടന്നില്ലെങ്കിലും നയ പ്രഖ്യാപന പ്രസംഗത്തിന്മേലുളള പ്രതികരണ സമയത്ത് തന്റെ വേദനയും സഹാനുഭൂതിയും ഹൃദയം തുറന്നുകാട്ടിപ്പോയി. അതല്ലേ ജനാധിപത്യ മര്യാദ. കൂട്ടത്തില്‍ മുര്‍മു വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി എന്ന രാഷ്ട്രീയ വിരോധവും പറഞ്ഞു പോയി. അപ്പോഴേക്കും അതാ ഉയരുന്നു സോണിയ രാഷ്ട്രപതിയെ അപമാനിച്ചുവെന്ന ബഹളം.
പുതിയ എ.ഐ.സി.സി. ഓഫീസിലേക്ക് കോണ്‍ഗ്രസ്സിന്റെ കേന്ദ്ര കാര്യാലയം മാറ്റിയതോടെ നേതാക്കളുടെ നാവില്‍ നിന്നു വീഴുന്നതൊക്കെ വിവാദമാകുന്നു. എന്തോ ഒരു കുഴപ്പം പറ്റിയിരിക്കുന്നു. വാസ്തു ദോഷമാണോ അതോ ഓഫീസിന്റെ മുഖം മാറ്റിയതുകൊണ്ടാണോ എന്നൊന്നും നിശ്ചയമില്ല. കഴിഞ്ഞ ദിവസം നാക്കു പിഴച്ചത് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കാണ്. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും മഹാകുംഭമേള സമയത്ത് ത്രിവേണി സംഗമ സ്ഥലത്ത് ഗംഗയില്‍ സ്‌നാനം ചെയ്ത വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോള്‍ ഖാര്‍ഗെക്ക് അരിശം വന്നു. എത്ര ജന്മം ജനിച്ചാലും ഗംഗയില്‍ മുങ്ങിയതുകൊണ്ടൊന്നും അവരുടെ പാപം പോകില്ല എന്ന് കടുപ്പിച്ചു പറഞ്ഞു. അതോടെ ഹിന്ദുവിശ്വാസത്തെ അപമാനിച്ചു എന്ന പരാതി ഉയര്‍ന്നു. അതോടെ അദ്ദേഹം തിരുത്തിപ്പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിപദം നെഹ്രു കുടുംബത്തില്‍ ജനിച്ചവരുടെ കുത്തകയായിരുന്നില്ലേ? അത് നശിപ്പിച്ചുകളഞ്ഞു എന്ന പാപം ചെയ്ത അമിത്ഷാ എത്ര ജന്മം ഗംഗയില്‍ മുങ്ങിയാലും കാര്യമില്ല. സോണിയയുടെ മക്കള്‍ക്ക് അത് തിരിച്ചുകിട്ടില്ലല്ലോ? എന്നിട്ടും ഖാര്‍ഗെക്ക് തിരുത്തേണ്ടി വന്നു. ഇപ്പോഴിതാ ഗുളികന്‍ കയറിയിരിക്കുന്നത് സോണിയയുടെയും രാഹുലിന്റെയും നാവിലാണ്. വനവാസി വനിതയായ പ്രഥമരാഷ്ട്ര വനിതയെ അപമാനിച്ചു എന്ന ആരോപണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഞാണിന്മേല്‍കളി നടത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വം.