സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രീയഭേദമെന്യേ ദേശീയബോധമുള്ള എല്ലാ ജനവിഭാഗങ്ങളും അണിനിരന്ന നിന്ന കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ഇന്ന് അപചയം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഏതുവിധേനയും അധികാരം നേടുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്ന് ആ പാര്‍ട്ടിയുടെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തന ചരിത്രത്തില്‍ നിന്നും കൃത്യമായി വായിച്ചെടുക്കാവുന്നതാണ്. സമഗ്രവും രാഷ്ട്ര തത്പരതയുമുള്ള ഒരു ഭരണകൂടവും സമാനചിന്താഗതിയുള്ള ഒരു പ്രതിപക്ഷവും ഒരു രാഷ്ട്രത്തിന്റെ വികസനത്തിന് തികച്ചും അനിവാര്യമായ ഘടകങ്ങളായിരിക്കേ, മൂന്നാം മോദി മന്ത്രിസഭ ഭാരതത്തെ ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിയാക്കി മാറ്റി മുന്നോട്ടു കുതിക്കുന്ന സമയത്ത് അതിനു കടകവിരുദ്ധമായി രാഷ്ട്രത്തിന്റെ ഐക്യവും സുരക്ഷയും വികസനവും തകര്‍ക്കുന്ന രീതിയില്‍ പ്രതിപക്ഷ നിരയും നേതൃത്വവും പ്രവര്‍ത്തിക്കുന്നത് അത്യന്തം അപകടകരമായ സാഹചര്യങ്ങളിലേക്ക് ഭാരതത്തെ കൊണ്ടു ചെന്നെത്തിക്കുകയാണ് ചെയ്യുന്നത്. നെഹ്‌റുവില്‍ തുടങ്ങി രാഹുലില്‍ എത്തിനില്‍ക്കുന്ന ഒരു കുടുംബ വാഴ്ച സ്വാതന്ത്ര്യാനന്തര ഭാരതത്തിന് ഏറെ അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കശ്മീര്‍ പ്രശ്‌നവും ചൈനാ-പാക് യുദ്ധ പ്രതിസന്ധികളും അടിയന്തരാവസ്ഥയും വടക്കു കിഴക്കന്‍ മേഖലകളിലെ വിഘടനവാദവുമെല്ലാം സ്വാതന്ത്ര്യലബ്ധിയുടെ ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും അവസാനിക്കാതെ ഇന്നും നിലനില്‍ക്കുന്നത് ആ പാര്‍ട്ടിയുടെ ദിശാബോധമില്ലാത്ത നയസമീപനങ്ങള്‍ കാരണമാണെന്ന് നിഷ്പക്ഷ പഠനങ്ങളിലൂടെ വ്യക്തമാകുന്നതാണ്.
ഇന്നത്തെ പ്രതിപക്ഷനേതാവ് പലപ്പോഴായി നടത്തിയ പ്രസ്താവനകളും നിലപാടുകളും രാഷ്ട്രത്തെ വിഘടിപ്പിക്കാന്‍ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണെന്നത് കേവലം ആരോപണമല്ല. രാജ്യം പ്രതിസന്ധി നേരിടുന്ന സമയത്തൊക്കെ വിഷലിപ്തമായ പ്രസംഗങ്ങളിലൂടെ അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. കര്‍ഷക-ഗുസ്തി സമരകോലാഹലങ്ങള്‍ നടക്കുന്ന സമയത്തും എരിതീയില്‍ എണ്ണ ഒഴിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങള്‍ രാജ്യം കേട്ടതാണ്.
ഇപ്പോള്‍ രാഹുലിന്റെ പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ലോകചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ ഒരു കാഴ്ചയാണത്. അദ്ദേഹത്തിന്റെ പൗരത്വ വിഷയമുയര്‍ത്തി അടുത്തകാലത്ത് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജി പരിഗണിക്കവേ അലഹബാദ് ഹൈക്കോടതി പറഞ്ഞത് ”ഈ കേസ് സിബിഐയുടെ അന്വേഷണത്തിലാണ്” എന്നായിരുന്നു. പ്രഥമദൃഷ്ട്യാ തള്ളിക്കളയുമെന്ന് എല്ലാവരും കരുതിയ ഈ ഹര്‍ജിയിലാണ് കോടതിയുടെ ഈ നിലപാട് എന്നത് ശ്രദ്ധേയമാണ്. യുകെ ആസ്ഥാനമായുള്ള ‘ബാക് ഓപ്‌സ്’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് രാഹുലെന്നും കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അദ്ദേഹം ബ്രിട്ടീഷ് പൗരനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് സുബ്രഹ്മണ്യം സ്വാമി കേസ് ഫയല്‍ ചെയ്തത് (മ. മനോരമ 7-11-2024).
തിരഞ്ഞെടുപ്പ് വരുമ്പോള്‍ പ്രത്യേകിച്ചും ശിശുസഹജ ഭാവത്തോടെ പൊതുവേദികളില്‍ സഹോദരിയെ ആശ്ലേഷിക്കുകയും ഉമ്മവെക്കുകയും ചെയ്യുന്ന ‘നിഷ്‌കളങ്കത’, പലഹാരക്കടകളില്‍ നിന്ന് ഭക്ഷണമെടുത്തുകഴിക്കുകയും തൊഴിലാളികള്‍ക്കിടയില്‍ ചെന്ന് അവര്‍ക്കൊപ്പം ജോലി ചെയ്യുകയും ചെയ്യുന്ന ‘ജനകീയത’യിലേക്കും എത്തിനില്‍ക്കാറുണ്ട്. എന്നാല്‍ ആധുനിക കാലത്തെ ജനങ്ങള്‍ക്കിടയില്‍ അത് ഏശാറില്ലെന്നതാണ് വസ്തുത. സ്വന്തം പൈതൃകത്തെ കുറിച്ചുള്ള പുനര്‍വിചിന്തനം ഒരിക്കലും ഇദ്ദേഹത്തില്‍ നിന്നും ആ കുടുംബത്തിലെ വരുംതലമുറയില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കേണ്ടതില്ലെന്നാണിതു തെളിയിക്കുന്നത്.
പുറമെകാട്ടുന്ന ഈ ‘മാനവികഭാവം’ അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും കാണാറുമില്ല. ”ലഷ്‌കറെ തൊയ്‌ബെയേക്കാള്‍ അപകടകാരികളാണ് ആര്‍.എസ്.എസ്. എന്ന് മുന്‍ അമേരിക്കന്‍ സ്ഥാനപതി തിമോത്തി മോറേയോട് വര്‍ഷങ്ങള്‍ക്കു മുമ്പേ രാഹുല്‍ പറഞ്ഞതാണ്. വാസ്തവത്തില്‍ 1963ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു നടന്ന പരേഡില്‍ സൈന്യത്തിനൊപ്പം മാര്‍ച്ചു ചെയ്യാന്‍ ആര്‍.എസ്.എസ്സിനെ ക്ഷണിച്ച തന്റെ മുത്തച്ഛനെയും പാക് യുദ്ധസമയത്ത് സൈനികര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസ്സിനെ അനുവദിച്ച ഇന്ദിരയേയുമാണ് അദ്ദേഹം തള്ളിപ്പറഞ്ഞത്. ഗുരുജി ഗോള്‍വല്‍ക്കറേയും വീരസാവര്‍ക്കറേയും പ്രകീര്‍ത്തിച്ച തന്റെ മുത്തശ്ശിയെ തള്ളിപ്പറയാന്‍ ഒരു മടിയുമില്ലാത്ത വികലമായ ചരിത്രപാഠാവലികളിലൂടെയാണ് അദ്ദേഹം സഞ്ചരിക്കുന്നതെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ആര്‍എസ്എസ്സിനെതിരായ പ്രസ്താവനകള്‍. രാഷ്ട്രം അപകടകരമായ ഓരോ സാഹചര്യങ്ങള്‍ വരുമ്പോഴും ആദ്യമെത്തുന്ന ഗവണ്‍മെന്റിതര സന്നദ്ധ സംഘടനയായ ആര്‍എസ്എസ്സിനെ ഇകഴ്ത്തുന്നതും നുണ പ്രചരിപ്പിക്കുന്നതും രാഷ്ട്രത്തിന്റെ ശത്രുക്കളെ പ്രീതിപ്പെടുത്താനാണെന്നതും ആര്‍.എസ്.എസ്സിനെ കുറിച്ചുള്ള പ്രാഥമിക പഠനങ്ങള്‍ പോലും ഇദ്ദേഹത്തിന് ഇല്ലെന്നതുമാണ് ഇതില്‍ നിന്നൊക്കെ വായിച്ചെടുക്കേണ്ടത്.
ആര്‍.എസ്.എസ്സിനെതിരെ എന്ന നിലയില്‍ നടത്തുന്ന പ്രസംഗങ്ങള്‍ പലപ്പോഴും ഹിന്ദുസമൂഹത്തെ തന്നെ ലക്ഷ്യം വെക്കുന്ന രീതിയിലേക്ക് പരിണമിക്കപ്പെടാറുണ്ട്. ”നമ്മള്‍ പോരാടുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരായല്ല. നരേന്ദ്രമോദിക്കും ഒരു വ്യക്തിക്കുമെതിരേയുമല്ല. മുമ്പില്‍ നില്‍ക്കുന്ന ഒരു മുഖത്തിനെതിരെയാണ്. ഹിന്ദുധര്‍മ്മത്തില്‍ ശക്തി എന്നൊരുവാക്കുണ്ട്. ആ ശക്തിക്കെതിരെയാണ് നാം പോരാടുന്നത്.”ജോഡോയാത്രക്കിടയില്‍ രാഹുല്‍ പറഞ്ഞതാണിത് (19-3-2024). തികച്ചും ഹിന്ദുവിരുദ്ധമായ ഈ പരാമര്‍ശങ്ങള്‍ വെളുപ്പിച്ചെടുക്കാന്‍ മലയാളത്തിലെ ഭൂരിഭാഗം മാധ്യമങ്ങളും ശ്രമിച്ചെങ്കിലും ”ഹിന്ദുധര്‍മ്മത്തിലെ ശക്തിക്കെതിരെ പോരാടണം” എന്ന ഒറ്റ പ്രയോഗം മതി ഈ നാട്ടിലെ ഒരു മഹാജനതയോടുള്ള അദ്ദേഹത്തിന്റെ നിലപാട് എന്തെന്ന് തിരിച്ചറിയാന്‍.
ഇന്ത്യന്‍ സൈനികരെ പ്രതിക്കൂട്ടിലാക്കാനും തെറ്റിദ്ധരിപ്പിക്കാനും ഉള്ള ബോധപൂര്‍വ്വമായ പല ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. അഗ്നിവീര്‍ പദ്ധതി നടപ്പിലാക്കപ്പെട്ടപ്പോള്‍ അതില്‍ വീരമൃത്യുവരിച്ച ഒരു സൈനികന്റെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട ധനസഹായം ലഭിച്ചില്ലെന്ന വാക്കുകള്‍ സൈനിക്കര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയായിരുന്നു. വിവാദമായപ്പോള്‍ സൈനികനേതൃത്വത്തിനു തന്നെ ഈ വിഷയത്തില്‍ ഇടപെടേണ്ടിവന്നു. സൈനികന്റെ കുടുംബത്തിന് നഷ്ടപരിഹാര തുക നല്‍കിയതിന്റെ കൃത്യമായ കണക്കുകള്‍ അവര്‍ നല്‍കുകയും ചെയ്തു. പൊതുവെ രാഷ്ട്രീയക്കാരുടെ വിഷയങ്ങളില്‍ ഇടപെടാതെ മാറി നിന്ന സൈന്യത്തെ ഇതില്‍ അനാവശ്യമായി വലിച്ചിഴച്ചു എന്നതാണ് ഗൗരവകരമായ മറ്റൊരുകാര്യം. പ്രതിപക്ഷനേതാവിന്റെ വിതണ്ഢവാദങ്ങള്‍ക്കു മറുപടി പറയേണ്ട അവസ്ഥയിലേക്ക് നമ്മുടെ സൈന്യത്തെ എത്തിച്ച രാഹുല്‍; തെറ്റു മനസ്സിലായപ്പോള്‍ ഒരു ഖേദപ്രകടനം പോലും നടത്തിയതുമില്ല.
ജോഡോയാത്ര ശ്രീനഗറിലെത്തിയപ്പോള്‍ കശ്മീരിലെ സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടുന്നുണ്ട്” എന്ന ഹീനമായ ഒരു ആരോപണം കൂടി ഉയര്‍ത്തിവിട്ടു (മ. മനോരമ 20-03-2023). തൊണ്ണൂറുകളില്‍ കലുഷിതമായ കശ്മീരില്‍ അവിടെയുള്ള ഹിന്ദുസമൂഹത്തിനുനേരെ നടത്തിയ ക്രൂരമായ വംശഹത്യക്കെതിരെ ഒടുവില്‍ പട്ടാളം പ്രതികരിച്ചപ്പോള്‍ തീവ്രവാദികളാണ് ആദ്യം ”കശ്മീരില്‍ ഹിന്ദുസൈന്യം മുസ്ലീംസ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു” എന്ന നുണ പ്രചാരണം നടത്തിയത്. അതേ വാദത്തെ തെല്ലൊന്നു മയപ്പെടുത്തിപ്പറയുകയാണിപ്പോള്‍ ഉണ്ടായത്. ആരു ബലാത്സംഗം ചെയ്തു എന്നോ ആരാണിതിനു പിന്നില്‍ എന്നോ ഒരു കാര്യവും രാഹുല്‍ ഗാന്ധി തുറന്നു പറഞ്ഞിട്ടില്ല. വെറുതെ പുകമറ സൃഷ്ടിച്ച് മുതലെടുക്കാനാണ് ജോഡോ യാത്രയെ ഉപയോഗിച്ചത്. ജനങ്ങളുടെ മനസ്സറിയാനാണ് ഈ യാത്രയെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുമ്പോഴും വെറുപ്പിന്റെ പദാവലികള്‍ നിരന്തരം ഉപയോഗിക്കാന്‍ അതിനു നേതൃത്വം കൊടുത്തവര്‍ ബദ്ധശ്രദ്ധരായിരുന്നു എന്നതാണ് വസ്തുത.
മണിപ്പൂരില്‍ ഒരു സ്ത്രീയെ നഗ്നയാക്കി നടത്തിച്ചു എന്ന അതീവ ദുഃഖകരമായ വാര്‍ത്തകേട്ട് മനസ്സാക്ഷിയുള്ള ഓരോ വ്യക്തിയും രാഷ്ട്രീയ ഭേദമെന്യേ പ്രതിഷേധമുയര്‍ത്തി ആ വനിതയോട് ഐക്യപ്പെട്ടപ്പോള്‍ ‘ഭാരതമാതാവ് കൊല്ലപ്പെട്ടു’ എന്ന അത്യന്തം ഹീനമായ വാക്കുകളുമായി രാഹുല്‍ രംഗത്തെത്തി. കുക്കി-മെയ്‌തേയ് സംഘര്‍ഷം ഹിന്ദു-ക്രിസ്ത്യന്‍ സംഘട്ടനമാക്കി മാറ്റുന്ന കാഴ്ചയാണ് പിന്നീടു നാം കണ്ടത്. ഓരോ വിഭാഗത്തിനും ഇന്ത്യന്‍ സൈനികരുടെ മാതൃകയില്‍ സ്വകാര്യസൈന്യത്തിനും സമാന്തര ഭരണത്തിനും സാഹചര്യമൊരുക്കിയ നെഹ്‌റുവിന്റെ കാലം മുതല്‍ തുടങ്ങിയ തലതിരിഞ്ഞ നയങ്ങളാണ് സെവന്‍സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഈ ഭൂപ്രദേശത്തിന്റെ ഇന്നത്തെ ദുരിതങ്ങള്‍ക്കു കാരണമെന്ന വസ്തുതയെ വിദഗ്ദ്ധമായി മറച്ചു വെക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. ഭാരതമാതാവ് കൊല്ലപ്പെട്ടു എന്നു പറയുന്നതിലൂടെ ഭാരതത്തിന്റെ പ്രാക്തനമായ രാഷ്ട്രസങ്കല്‍പ്പത്തെതന്നെ നിരാകരിക്കുകയും അവഹേളിക്കുകയുമായിരുന്നു.
രാഹുലിന്റെ ശകുനീതന്ത്രം ഇവിടം കൊണ്ടും അവസാനിച്ചില്ല. യു.എസ്സിലെ ടെക്‌സാസില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കവേ ഇങ്ങനെ പറയുകയുണ്ടായി. ”ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്നതുപോലെ ഭാരതം ഒരു രാഷ്ട്രമല്ല. വിവിധ മേഖലകളുടെ കൂടിച്ചേരലാണ്. ഉന്നത വിദ്യാഭ്യാസം തേടിയെത്തുന്നവരുടെ അവസ്ഥ ഏകലവ്യന്റേതാണ്. മഹാഭാരതത്തില്‍ ഗോത്രവര്‍ഗ്ഗക്കാരനായ ഏകലവ്യന്‍ അസ്ത്രവിദ്യ പഠിച്ചതിന് പെരുവിരലാണ് ഗുരുദക്ഷിണയായി ചോദിച്ചത്’ (ജന്മഭൂമി 10-9-2024). ഹിന്ദുക്കള്‍ക്കിടയില്‍ ജാതിവിവേചനവും സംഘര്‍ഷവും ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തവണത്തെ വാക്കുകള്‍ക്ക് തിരഞ്ഞെടുത്തത് ഒരു വിദേശരാഷ്ട്രമായിരുന്നു. വിദേശരാജ്യത്തുവെച്ച് നമ്മുടെ നാടിനെ അപമാനിക്കുക എന്നതിനൊപ്പം അമേരിക്കയിലടക്കമുള്ള ജോര്‍ജ് സോറോസ് ഉള്‍പ്പെടുന്ന പ്രഖ്യാപിത ഭാരതവിരുദ്ധരെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യവും മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം ഇത്. ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടായിരിക്കാം ”കോണ്‍ഗ്രസില്‍ ദളിതുകള്‍ക്കു സ്ഥാനമില്ലെന്നും ദളിതുകള്‍ കോണ്‍ഗ്രസില്‍ ചേരേണ്ടതില്ലെന്നും” ഡോ.അംബേദ്കര്‍ പ്രഖ്യാപിച്ചത്.
രാഷ്ട്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും അറിയില്ലെന്നു മാത്രമല്ല വര്‍ത്തമാനകാല സംഭവ വികാസങ്ങള്‍പോലും പഠിക്കാത്തയാളാണ് താനെന്ന് പലവട്ടം രാഹുല്‍ തെളിയിച്ചിട്ടുണ്ട്. ആരൊക്കെയോ ചേര്‍ന്ന് നിയന്ത്രിക്കുന്നുണ്ടെന്നും ഉള്ള മറുപക്ഷ ആരോപണങ്ങളെ ശരിവെക്കുന്ന രീതിയില്‍ പരസ്പരവിരുദ്ധമായി സംസാരിക്കുന്ന അദ്ദേഹം പാര്‍ലമെന്റില്‍ പോലും അബദ്ധപഞ്ചാംഗങ്ങള്‍ നിരത്തുന്നത് പുതുമയുള്ള കാഴ്ചയല്ല. സ്‌കൂള്‍ കുട്ടികളുടെ നിലവാരത്തോടെ പാര്‍ലമെന്റില്‍ കയ്യാങ്കളിയുണ്ടാക്കിയതിനുശേഷമുള്ള അദ്ദേഹത്തിന്റെ ശരീരഭാഷതന്നെ അപക്വതയുടെ പ്രഖ്യാപനമായിരുന്നു.
പാര്‍ലമെന്റിനകത്തും പുറത്തും നടത്തുന്ന ഓരോ പ്രസംഗവും കൃത്യമായി പഠിപ്പിച്ചുവിട്ടതുപോലെ ആവര്‍ത്തിക്കുന്നു എന്നതും എന്നാല്‍ അതിലെല്ലാം രാജ്യത്തെ ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കാന്‍ കൃത്യമായ വഴിമരുന്നിടുന്നതില്‍ ഏറെ ശ്രദ്ധാലു ആകുന്നു എന്നതുമാണ് അദ്ദേഹത്തെ മുന്‍കാല പ്രതിപക്ഷ നേതാക്കളില്‍ നിന്നും വ്യതിരിക്തനാക്കുന്ന മറ്റൊരു കാര്യം. സ്വന്തം ഭാഷയോട് ഏറെ ആദരവ് വെച്ച് പുലര്‍ത്തുന്നതും അതിലപ്പുറം സ്വന്തം ഭാഷയോട് അപ്രമാദിത്വം വെച്ചു പുലര്‍ത്തുകയും ചെയ്യുന്ന തമിഴ്ജനതയോട് സംസാരിക്കുമ്പോള്‍ അദ്ദേഹം ഭാഷാപരമായ അതിവൈകാരികതയെ സമര്‍ത്ഥമായി ഉപയോഗിക്കുന്നതായി കാണാം. 2024 ഏപ്രില്‍ 12ന് കോയമ്പത്തൂരില്‍ വെച്ചു നടത്തിയ പ്രസംഗത്തില്‍ ”ബിജെപി തമിഴ്ഭാഷയേയും സംസ്‌കാരത്തേയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുകയുണ്ടായി. ഭാഷാപരവും സംസ്‌കാരികവുമായി ഒരു മഹാജനതയെ ഭിന്നിപ്പിക്കുക എന്ന കുടില തന്ത്രമാണിവിടെ പ്രയോഗിക്കപ്പെട്ടത്. അതു കഴിഞ്ഞയുടനെ ഏപ്രില്‍ 18ന് കോട്ടയത്തുവെച്ചു നടത്തിയ പ്രസംഗത്തില്‍ ”ബിജെപി ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം എന്നീ നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു” എന്നും പറയുകയുണ്ടായി. ഇവ്വിധം നുണയിലധിഷ്ഠിതമായ വിഭജനതന്ത്രങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നത് യാദൃച്ഛികമെന്ന് കരുതുക വയ്യ.
ഇന്ത്യയിലെ പ്രതിപക്ഷത്തുള്ള പലര്‍ക്കും ജോര്‍ജ് സോറോസിന്റെ സമ്പൂര്‍ണ പിന്തുണ ലഭിക്കുന്നതായി പ്രമുഖ ഫ്രഞ്ച് മാധ്യമമായ ‘മീഡിയാപാര്‍ട്ട്’ എഴുതിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയേയും അദാനിയേയും കൂട്ടിച്ചേര്‍ത്തുകൊണ്ട് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പിന്നിലുള്ള ലക്ഷ്യം നാടിന്റെ വ്യാവസായിക മുന്നേറ്റത്തിനു തടയിടുകയെന്നതാണ്. റാഫേല്‍ വിമാന കൈമാറ്റ അഴിമതി ആരോപണവുമായി രംഗത്തുവന്ന രാഹുലിന് ഫ്രഞ്ച് ഭരണകൂടത്തിന്റെ വിശദീകരണം കിട്ടിയിട്ടും ഇപ്പോഴും ആ വാദങ്ങള്‍ ഉന്നയിക്കുന്നതിന്റെ ലക്ഷ്യവും ഇത് തന്നെയാണ്. സി.സി.ആര്‍.പി (ഓര്‍ഗനൈസിഡ് ക്രൈം ആന്‍ഡ് കറക്ഷന്‍ റിപ്പോര്‍ട്ടിങ്ങ് പ്രോജക്ടിങ്ങ്) ഉദ്ധരിച്ച് മീഡിയാപാര്‍ട്ടിന്റെ ലേഖനം ബിജെപി എംപി നിഷികാന്ത് ദുബൈ പാര്‍ലമെന്റില്‍ കൃത്യമായി അവതരിപ്പിച്ചപ്പോള്‍ മറുപടിയില്ലാത്ത പ്രതിപക്ഷം ബഹളം വെച്ചു കൂകിവിളിച്ച് ഈ വിഷയം മുക്കാന്‍ ശ്രമിച്ചതും ലോകം കണ്ടതാണ്. രാഹുല്‍ഗാന്ധിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്തുത മാധ്യമ റിപ്പോര്‍ട്ടിന്റെ ആധികാരികത ഇതോടെ ബലപ്പെടുകയാണുണ്ടായത്.
കടുത്ത ജാതിവെറിയാണ് രാഹുലിന്റെ ആവനാഴിയിലെ വജ്രായുധമെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. ജാതി സെന്‍സസ് വാദം ഇതിന്റെ ഒരു ഭാഗം മാത്രമാണ്. രാജ്യത്തു നിലനില്‍ക്കുന്ന ദേശീയ ഐക്യത്തിനു കൂച്ചുവിലങ്ങിടുക എന്ന തന്ത്രമാണിവിടെ പ്രയോഗിക്കപ്പെടുന്നത്. ജാതിസെന്‍സസ് ദേശീയ താത്പര്യത്തിനുവേണ്ടിയാണെന്നു പറയുന്നവര്‍ ഭാരതത്തില്‍ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങളെ പുറത്താക്കാന്‍ എന്തേ പറയുന്നില്ല എന്നതാണ് ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം. കൊടും ഭീകരവാദികളായ ബംഗ്ലാദേശികള്‍ കേരളത്തിലടക്കം പിടിക്കപ്പെട്ടു എന്നിരിക്കെ രാജ്യത്തിനുവേണ്ടി വാചാലരാകുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ദുരൂഹമായ മൗനം പൊതുചര്‍ച്ചക്ക് വെക്കേണ്ടതുണ്ട്.
ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുന്ന പാര്‍ലമെന്റില്‍ കണ്ണിറുക്കി കാട്ടിയും ഗോഷ്ഠികാണിച്ചും നടക്കുന്ന പ്രതിപക്ഷനേതാവ് സ്വയം അപഹാസ്യനാകുന്ന കാഴ്ചയും വിരളമല്ല. ”ആറു വയസ്സുള്ള യുവാവ്” എന്നും ‘തപസ്സിരിക്കുമ്പോള്‍ ശരീരത്തില്‍ ചൂട് വര്‍ദ്ധിക്കുമെന്നും’ പറഞ്ഞത് തമാശയായി തള്ളിപ്പറയാമെങ്കിലും കുറച്ച് മുമ്പ് പ്രയാഗ് രാജില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ”മിസ് ഇന്ത്യാമത്സരത്തില്‍ ദളിത് – ആദിവാസികളില്ലെന്നും രാജ്യം സൂപ്പര്‍ പവര്‍ ആണെന്നുപറയുന്ന മോദി ഭരണത്തില്‍ 90% ജനങ്ങളും സിസ്റ്റത്തിനു പുറത്താണെന്നും അതിനു തെളിവാണ് മിസ് ഇന്ത്യാ മത്സരത്തിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക” (ജന്മഭൂമി 20-8-2024) എന്നും പറഞ്ഞത് അസംബന്ധമാണെങ്കിലും ഭിന്നിപ്പിക്കുക എന്ന തന്റെ സ്ഥിരം ശൈലിയുടെ പുനരാവര്‍ത്തനമായി തന്നെ ഇതിനെയും കാണണം. സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്നതാണ് പിന്നാക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിന്റെ ലക്ഷണമെന്ന രാഹുലിന്റെ വാദത്തില്‍ നിന്ന് സ്ത്രീമുന്നേറ്റമെന്നത് സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തേണ്ടത് എന്നാണ് വ്യക്തമാകുന്നത്. ഏറ്റവും കൂടുതല്‍ ദളിത് ആദിവാസി വിഭാഗങ്ങളില്‍ ഉള്ള ബിജെപി എംപിമാര്‍ നിറഞ്ഞുനില്‍ക്കുന്ന പാര്‍ലമെന്റിലും ഇതുപോലുള്ള ജാതിവെറികള്‍ ബിജെപിക്കുനേരെ ഉയര്‍ത്തുന്നതായി കാണാം. പ്രഥമ പൗരയായിട്ട് ഒരു ആദിവാസി വനിതയാണ് ഭാരതത്തില്‍ ഉള്ളതെന്ന വസ്തുതയും ഇത്തരം ആരോപണമുന്നയിക്കുന്നവര്‍ മറന്നുപോകുന്നു.
പറഞ്ഞതു മുഴുവന്‍ മാറ്റിപറയാനും വിഴുങ്ങാനുമുള്ള പ്രതിപക്ഷ നേതാവിന്റെ വൈദഗ്ദ്ധ്യം രാജ്യം പല തവണ കണ്ടിട്ടുണ്ട്. 2015 മാര്‍ച്ചില്‍ മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ ഗാന്ധിവധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നു പറഞ്ഞത് കേസായപ്പോള്‍ സുപ്രീം കോടതിയില്‍ 2016 ആഗസ്റ്റ് 24ന് ”ഗാന്ധിവധത്തിനു പിന്നില്‍ ആര്‍എസ്എസ് ബന്ധമുള്ളവരാണെന്നു” പറഞ്ഞ് കൈകഴുകി. എന്നാല്‍ പിറ്റേ ദിവസം ”ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു” എന്ന് വീണ്ടും മാറ്റി പറയുകയുണ്ടായി. ഇതുവഴി മറ്റാരോ നിയന്ത്രിക്കുന്ന വ്യക്തിയാണ് താനെന്ന് ലോകത്തോട് സ്വയം വിളിച്ചുപറയുകയായിരുന്നു അദ്ദേഹം.
യഥാര്‍ത്ഥത്തില്‍ വെറുപ്പിന്റെ കടയുടമകള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉള്ളവരാണെന്ന് അനുദിനം വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റില്‍ വയോധികരായ രണ്ടു ബിജെപി എംപിമാരെ ചവിട്ടി വീഴ്ത്തിയ പുതിയ കേസുകള്‍ മാത്രമല്ല, മുന്‍പ് ആര്‍എസ്എസ്സിനെതിരേയും സാവര്‍ക്കര്‍ക്കെതിരേയും തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ കേസുകളും നിലവിലുണ്ട്. മോദിയെ ‘ചോരയുടെ ദല്ലാള്‍’ എന്നാക്ഷേപിച്ചപ്പോള്‍ ”ഇന്ദിരാവധത്തിനുശേഷം ദല്‍ഹിയിലും മറ്റും സിക്കുകാരെ കൂട്ടക്കൊല ചെയ്തതിനെ നിര്‍ലജ്ജം ന്യായീകരിച്ച രാജീവ് ഗാന്ധിയെ ഏതു പേരിലാണ് വിളിക്കേണ്ടത് എന്നും അടിയന്തരാവസ്ഥയില്‍ ആര്‍എസ്എസ് ജനസംഘം പ്രവര്‍ത്തകരെയടക്കം ക്രൂരമായി വേട്ടയാടിയ ഇന്ദിരാഗാന്ധിയെ ഏതുവിളിപ്പേരിനാല്‍ അഭിസംബോധന ചെയ്യണമെന്നതും ന്യായമായും ഉയരുന്ന ചോദ്യമാണ്. മോദിയെ അപമാനിച്ചതിന് ദല്‍ഹി മജിസ്‌ട്രേറ്റ് കോടതിയിലും ഉറി ഭീകരാക്രമണത്തിനു തിരിച്ചടി നല്‍കിയ മോദി ഭരണകൂടത്തെ ”രാജ്യത്തിനുവേണ്ടി മരിച്ചവരെ മോദി ചൂഷണം ചെയ്യുന്നു” എന്നു പറഞ്ഞതിനു യുപിയിലെ ചന്ദോലി എന്ന സ്ഥലത്തും രാഹുലിനെതിരെ കേസുകള്‍ നിലവിലുണ്ട്.
രാഹുല്‍ ഗാന്ധിയെ ചുറ്റിപ്പറ്റി നില്‍ക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതാരാണെന്നതിനെ കുറിച്ച് സമഗ്രമായ ഒരു അന്വേഷണം നടത്തേണ്ടതുണ്ട്. കര്‍ഷക സമരകാലത്ത് അതിന്റെ പിന്നില്‍ ഖലിസ്ഥാന്‍ ഭീകരവാദികളാണെന്നതും അതിനുമുമ്പ് സിഎഎ വിരുദ്ധ സമരകാലത്ത് അത് ജിഹാദി മാവോവാദികളുടെ കാര്‍മ്മികത്വത്തില്‍ രൂപപ്പെട്ടതാണെന്നും മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. അമേരിക്കയില്‍ എത്തിയാല്‍ ജോര്‍ജ് സോറോസുമായി ബന്ധമുള്ളവരുമായുള്ള കൂടിക്കാഴ്ചകളും, ബംഗ്ലാദേശിലെ ഇപ്പോഴത്തെ ഹിന്ദുവിരുദ്ധ ഭരണകൂടത്തിന്റെ നേതാവ് മുഹമ്മദ് യൂനിസുമായുളള ബന്ധവുമൊക്കെ സംശയാസ്പദമാണ്. ചൈനീസ് നയതന്ത്ര പ്രതിനിധികളുമായി രാഹുല്‍ഗാന്ധി രഹസ്യകൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ തുറന്നുപറഞ്ഞതും (ജന്മഭൂമി 23-5-2024) മാവോവാദി ബന്ധമുള്ളവര്‍ ജോഡോയാത്രയില്‍ പങ്കെടുത്തതായുള്ള ആരോപണവും സലില്‍ഷെട്ടി, സാം പിത്രോദേ തുടങ്ങിയ വ്യക്തികളുമായുള്ള രാഹുലിന്റെ ബന്ധങ്ങളും കൃത്യമായ അന്വേഷണങ്ങള്‍ക്കു വിധേയമാക്കേണ്ടതുണ്ട്.