കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ ഗോവിന്ദന്‍ സഖാവ് ദ്വന്ദ്വാത്മക ഭൗതികവാദത്തിന്റെ മതനിരപേക്ഷ കുട്ടി സ്രാങ്ക് ഗവേഷണം ചെയ്യുന്നതിന്റെ ഭാഗമായി ഏ.കെ.ജി. സെന്ററില്‍ ശീര്‍ഷാസനത്തിലിരിക്കെ മെല്ലെ കണ്ണു തുറന്നു നോക്കിയപ്പോള്‍ മുമ്പില്‍ രണ്ടു ദ്വന്ദ്വങ്ങള്‍! കാലിന്റെ ഉപ്പുകുറ്റിക്കു മുകളില്‍ തൊട്ടുരുമ്മി നില്ക്കുന്ന അറബിക്കുപ്പായത്തില്‍ നിന്നും മതനിരപേക്ഷതയുടെ അത്തറിന്റെ സുഗന്ധം. ആ കാലുകള്‍ ഇ.കെ.സുന്നികളുടെ മൗലാന ജിഫ്രി തങ്ങളുടെതും എ.പി. സുന്നികളുടെ ഉസ്താദ് എ.പി അബൂബക്കര്‍ മുസ്ല്യാരുടെതുമാണെന്ന് ഗോവിന്ദന്‍ സഖാവ് തിരിച്ചറിഞ്ഞു. ജനുവരി 24 ലെ പാര്‍ട്ടി പത്രത്തില്‍ കാന്തപുരത്തിന്റെതും സമസ്തയുടെതും തികഞ്ഞ മത നിരപേക്ഷ നിലപാടാണ് എന്ന പാര്‍ട്ടി സെക്രട്ടറിയുടെ കണ്ടെത്തല്‍ അച്ചടിച്ചു വരികയും ചെയ്തു. മെക്‌സവന്‍ എന്ന പേരില്‍ ഏറെക്കുറെ മുസ്ലിം കേന്ദ്രങ്ങളില്‍ നടക്കുന്ന ആണും പെണ്ണും ഒന്നിച്ചു നിന്നുകൊണ്ട് ചെയ്യുന്ന വ്യായാമരീതി അനിസ്ലാമികമാണെന്ന് ഫത്വയിറക്കിയ ആളാണ് കാന്തപുരം ഉസ്താദ്. ഒരു പെണ്‍കുട്ടിയെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സ്റ്റേജിലേക്ക് വിളിച്ചതിന് ശാസന നല്കിയത് സമസ്ത ഇ.കെ.ഗ്രൂപ്പുകാരായ മൗലാനമാരാണ്. മത ആചാരങ്ങളുടെ കാര്യത്തില്‍ തമ്മില്‍ പോര്‍വിളിനടത്തുന്ന ഈ രണ്ടു വിഭാഗക്കാരും സ്ത്രീകളോടുള്ള സമീപനത്തില്‍ ഒരേ നുകത്തില്‍ കെട്ടാവുന്ന കാളകളാണ്.
സി.പി.എം. വര്‍ഗ്ഗീയ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ആള്‍ക്കാരില്‍ ഒന്നാം നിരയിലുളളവരാണ് ആര്‍.എസ്.എസ്സും വിശ്വഹിന്ദുപരിഷത്തും. കാന്തപുരത്തിനും സമസ്തയ്ക്കും സി.പി.എം നേതാക്കള്‍ മതനിരപേക്ഷ സര്‍ട്ടിഫിക്കറ്റ് ദേശാഭിമാനിയിലൂടെ പ്രഖ്യാപിച്ച അതേ ദിവസം മുസ്ലിം ലീഗിന്റെ ചന്ദ്രിക പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുണ്ട്. പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ വെച്ച് വിശ്വഹിന്ദു പരിഷത്ത് സന്യാസിമാരുടെ ഒരു യോഗം വിളിച്ച് 300 പേജുള്ള ഹിന്ദു പെരുമാറ്റച്ചട്ടം പുറത്തിറക്കാന്‍ പോകുന്നു എന്നതാണ് ആ വാര്‍ത്ത. വിവാഹം പകല്‍ നടത്തണം, പെണ്‍ഭ്രൂണഹത്യ പാടില്ല, സ്ത്രീയും പുരുഷനും തുല്യരാണ്, സ്ത്രീകള്‍ക്ക് യാഗം നടത്താം, ജാതിയുടെ പേരില്‍ തൊട്ടുകൂടായ്മ പാടില്ല എന്നിങ്ങനെയുള്ള പിന്തിരിപ്പന്‍ കാര്യങ്ങളാണ് പെരുമാറ്റച്ചട്ടത്തിലെ നിര്‍ദ്ദേശങ്ങള്‍. ഈ പെരുമാറ്റച്ചട്ടം ഹിന്ദുസമൂഹത്തില്‍ നടപ്പാക്കണമെന്നു പറയുന്ന സംഘപരിവാറുകാര്‍ വര്‍ഗ്ഗീയവാദികളാണെങ്കില്‍ കാന്തപുരവും സമസ്തയും മതനിരപേക്ഷകര്‍ ആയേ പറ്റൂ. ഗോവിന്ദന്‍ സഖാവ് നടത്തിയ ദ്വന്ദ്വാത്മക ഭൗതികവാദത്തിന്റെ കുട്ടി സ്രാങ്ക് ഗവേഷണത്തില്‍ ഈ സുന്നി വിഭാഗക്കാരുടെ അറബിക്കുപ്പായത്തിലെ മതനിരപേക്ഷതയുടെ അത്തര്‍ മണം ആസ്വദിച്ചപ്പോള്‍ അദ്ദേഹത്തിന് പാര്‍ട്ടിനയത്തില്‍ നിന്ന് ഒരു തരത്തിലുള്ള വ്യതിയാനവും ഉണ്ടായതായി പാര്‍ട്ടിനേതാക്കള്‍ക്ക് തോന്നാത്തതും അതുകൊണ്ടു തന്നെ.