Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സ്വാതന്ത്ര്യസമരത്തിന് അടിത്തറയിട്ട നാവിക കലാപം

റിട്ട. കേണല്‍ പി.എന്‍.ആയില്യത്ത്റിട്ട. കേണല്‍ പി.എന്‍.ആയില്യത്ത്
24 January 2025

കേസരിയില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ലേഖകന്‍ അന്തരിക്കുന്നതിനുമുമ്പ് കേസരിക്കു നല്‍കാനായി എഴുതിവെച്ച ലേഖനമാണിത്.

Google NewsAdd Kesari Weekly as a preferred source on Google

ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ മുഖ്യധാരയില്‍ പെടാതെ ഒരിക്കല്‍ അമര്‍ന്നു പോയ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയെല്ലാം തന്നെ സ്വാതന്ത്ര്യസമരത്തെ ത്വരിതപ്പെടുത്തുന്നതിന് സഹായകമായിരുന്നു എന്ന യാഥാര്‍ത്ഥ്യം പുതിയ തലമുറകള്‍ക്ക് അജ്ഞാതമാണ്. അതുപോലെയുള്ള ഒരു സംഭവമാണ് 1946 ഫെബ്രുവരി മാസം പൊട്ടിപ്പുറപ്പെട്ട ഭാരത നാവിക കലാപം. ഈ കലാപത്തിന് കാരണമായി മറ്റു പല കാര്യങ്ങളും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അവയ്‌ക്കെല്ലാം ഉപരിയായിരുന്നത് നാവികരുടെ ദേശസ്‌നേഹവും ബ്രിട്ടീഷ് മേല്‍കോയ്മയെ തള്ളി മാറ്റുക എന്ന അത്യന്താപേക്ഷിത കാര്യസാധ്യത്തിനുള്ള മനോദാര്‍ഢ്യവുമായിരുന്നു. ബ്രിട്ടീഷ് അധികാരികള്‍ തന്നെ ഈ കലാപത്തിന്റെ അടിവേര് അയര്‍ലണ്ടിലെ ‘ഉള്‍സ്റ്റാര്‍’ ജനതയുടെയും ഫ്രാന്‍സിലെ ‘മാക്കി’യുടെയും പോലെതന്നെ അതിശക്തമായ ദേശഭക്തി മാത്രമാണെന്നാണ് എടുത്തു പറഞ്ഞിട്ടുള്ളത്.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് ‘അച്ചുതണ്ട് ശക്തി’കളെ പൂര്‍ണ്ണമായും പരാജയപ്പെടുത്തി അമേരിക്കയും ബ്രിട്ടനും ലോകശക്തികളായി മാറിക്കഴിഞ്ഞ ഒരു കാലമായിരുന്നു അത്. ജപ്പാന്റെ സഹായത്തോടെ സുഭാഷ്ചന്ദ്രബോസ് വിപുലീകരിച്ച ഇന്ത്യന്‍ ദേശീയ സൈന്യത്തെ കീഴടക്കി, അതില്‍ പലരെയും യുദ്ധക്കുറ്റവാളികള്‍ എന്ന കുറ്റം ചുമത്തി വിചാരണ ചെയ്യുന്നുണ്ടായിരുന്നു. ജപ്പാനോടുള്ള സ്‌നേഹാധിക്യം കൊണ്ടല്ല, മറിച്ച് ഇന്ത്യയില്‍ നിന്നു ബ്രിട്ടീഷ് ഭരണം തുടച്ചു കളയണമെന്ന ദേശസ്‌നേഹം മൂലം മാത്രമുയര്‍ന്ന, മനോഗതി കൊണ്ടാണ് ഐ.എന്‍.എ വളര്‍ന്നതെന്ന സത്യം കൂടി അന്നത്തെ ബ്രിട്ടീഷ് ഇന്ത്യന്‍ നാവികരെ സ്വാധീനിച്ചിരുന്നു. അക്കാലത്ത് ഭാരതത്തിലാകമാനം ദേശീയത ഒരു കൊടുങ്കാറ്റ് സൃഷ്ടിക്കുക മാത്രമല്ല ഹിമാലയം മുതല്‍ കന്യാകുമാരിവരെ അന്തരീക്ഷത്തില്‍ അന്യദൃശ്യമായ പിരിമുറുക്കവും ചൂടും അനുഭവപ്പെടുത്തിയിരുന്നു. സ്ഥിതിഗതികള്‍ ഇങ്ങനെയിരിക്കെ തൊട്ടുമുമ്പു കഴിഞ്ഞ യുദ്ധത്തില്‍ സഖ്യകക്ഷികളെ ആത്മാര്‍ത്ഥമായി നിര്‍ലോപം സഹായിച്ച ഇന്ത്യന്‍ സായുധ സേനയിലും രാജ്യസ്‌നേഹം തിളച്ച് മറിഞ്ഞിട്ടുണ്ടെങ്കില്‍ അതിലത്ഭുതപ്പെടാനില്ല. തങ്ങളുടെ പരാക്രമശേഷിയും യുദ്ധവൈദഗ്ദ്ധ്യവും ബ്രിട്ടനുനേരെ തന്നെ പ്രയോഗിച്ചു കാണിക്കാമെന്നും നാവികര്‍ ധരിച്ചു കാണും.

ADVERTISEMENT

പൊതുവില്‍ ഇന്ത്യന്‍ സൈനികരെയും പ്രത്യേകിച്ച് നാവികരേയും അസംതൃപ്തരാക്കിയത് ബ്രിട്ടീഷ് മേലുദ്യോഗസ്ഥന്മാരുടെ വിവേചനപരമായ പെരുമാറ്റമായിരുന്നു. യുദ്ധരംഗങ്ങളില്‍ ഒരേ രീതിയില്‍ സേവനമനുഷ്ഠിച്ച ഇംഗ്ലീഷ് നാവികര്‍ക്ക് ജീവിത സൗകര്യവും വേതനവും വ്യക്തിത്വം മാനിച്ചുകൊണ്ടുള്ള ബന്ധങ്ങളും ലഭിച്ചപ്പോള്‍ ഇന്ത്യന്‍ നാവികര്‍ക്ക് വേതനവും മറ്റു സൗകര്യങ്ങളും നല്‍കിയത് അവരെ വെറും അടിമകളായി കണ്ടുകൊണ്ടായിരുന്നു. ”പട്ടികളുടെയും കൂലികളുടെയും മക്കളെ”(sons of coolies and bitches) എന്നു ഇന്ത്യന്‍ നാവികരെ നോക്കി വിളിക്കാനുള്ള അധികാരഗര്‍വ്വും ധിക്കാരവും ബ്രിട്ടീഷ് ഓഫീസര്‍മാര്‍ കാണിച്ചു. നാവിക ഓഫീസര്‍മാര്‍ സാമാന്യമായി പ്രഭു കുടുംബത്തിലും രാജകുടുംബത്തിലും ഉള്‍പ്പെട്ടവരാണെന്ന ദുരഭിമാനവും അവരെ ബാധിച്ചു കാണും.

യുദ്ധസമാപനത്തോടെ സൈനിക വൃത്തിയോട് വിടപറഞ്ഞ്, സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താന്‍ വെമ്പല്‍ കൊള്ളുന്നവരായിരുന്നു ഇന്ത്യന്‍ നാവികരില്‍ ഭൂരിഭാഗവും. എന്നാല്‍ പിരിച്ചയക്കുന്നതിനാവശ്യമായ വിളംബം വരുത്തിവരികയായിരുന്നു നാവിക മേധാവികള്‍. ദുസ്സഹമായ ഈ അന്തരീക്ഷത്തില്‍ നിന്നും എത്രയും വേഗം രക്ഷപ്പെടാന്‍ ആഗ്രഹിച്ചു കഴിയുന്ന ഇന്ത്യന്‍ നാവികരെ ഈ അനാസ്ഥ കുപിതരാക്കിയിരുന്നു. ഇതിനെല്ലാം പുറമേ ഒരു ഇന്ത്യന്‍ നാവികന്റെയും (Rating) തത്തുല്യ പദവിയിലുള്ള ഇംഗ്ലീഷുകാരന്റെയും മാസവരുമാനത്തിലുള്ള അന്തരം ആരെയും അമ്പരിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു. ഒരുപക്ഷേ ഇത്തരം കാര്യങ്ങള്‍ കൂടി ബ്രിട്ടീഷ് മേലുദ്യോഗസ്ഥന്മാരോട് അനാദരവും അനുസരണക്കേടും കാണിക്കുന്നതിന് വീര്യം കൂട്ടിയിട്ടുണ്ടാവണം.

നാവിക കലാപത്തിനു ഒരു പ്രത്യേകതയുണ്ടായിരുന്നു. മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തിന്റെ സ്വാധീനം കൊണ്ട് ആരംഭത്തില്‍ നാവികര്‍ ആയുധങ്ങളൊന്നും കൈകാര്യം ചെയ്തിരുന്നില്ല. ബോംബെ കടല്‍ത്തീരത്ത് റോയല്‍ ഇന്ത്യന്‍ നേവിയുടെ സുപ്രധാന കാര്യാലയമായിരുന്ന ‘കാസില്‍ ബറാക്‌സ്’ എന്ന കെട്ടിട സമുച്ചയത്തിനടുത്ത് അസാധാരണമായ നിലയില്‍ ഒരു നാവിക സൈനികനെ ഒരു ഓഫീസര്‍ കണ്ടുമുട്ടി. നാവികന്‍ മുഖക്ഷൗരം ചെയ്തിരുന്നില്ല. അലക്കിതേച്ച വസ്ത്രങ്ങളായിരുന്നില്ല ധരിച്ചിരുന്നത്. തൊപ്പി തലപാതി മറയ്ക്കുന്ന വിധത്തിലാണ് ധരിച്ചിരുന്നത്. കൈ രണ്ടും ട്രൗസറിന്റെ ഓരോ കീശയിലുമിട്ട് അലസമായി നടന്നു വരികയായിരുന്നു. സാധാരണയുള്ള ചടുലതയും അച്ചടക്കവും അയാളുടെ ഉടുപ്പിലും നടപ്പിലുമുണ്ടായിരുന്നില്ല. തന്റെ ജോലി സ്ഥാനത്ത് എന്തുകൊണ്ടിരുന്നില്ല എന്ന ചോദ്യത്തിന് കോപാകുലനായ സൈനികന്‍ പറഞ്ഞത് ”പണിമുടക്കിലാണ് സാര്‍” എന്നാണ്. സായുധസേനയില്‍ പണിമുടക്ക് എന്നൊന്നില്ല, ഇതിന്റെ പേര്‍ കലാപം (Mutiny എന്നാണെന്ന് ഓഫീസര്‍ പറഞ്ഞു.

നാവിക സേനയില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത ഈ സംഭവം എല്ലാവരേയും പരിഭ്രാന്തരാക്കി. ഏകദേശം ആയിരത്തിലധികം നാവികര്‍, പെറ്റി ഓഫീസര്‍മാരൊഴികെ കൊലാബയിലെ സന്ദേശ വിനിമയ സ്‌കൂള്‍ ആയ (school of signals) HMIS- ” ‘തല്‍വാറില്‍’ ജോലിക്ക് പോകാതെ നില്‍ക്കുകയായിരുന്നു. നാവികരില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ളവരായിരുന്നു ‘തല്‍വാറി’ലുണ്ടായിരുന്നത്. ഇവര്‍ ‘ക്വിറ്റ് ഇന്ത്യ’, ‘ബ്രിട്ടീഷ് രാജ് തുലയട്ടെ’, ‘മഹാത്മാഗാന്ധി സിന്ദാബാദ്’ എന്നീ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ചുമരുകളില്‍ കോറിയിട്ടു. അതിനിടയില്‍ ‘തല്‍വാറിലെ’ സീനിയര്‍ സിഗ്നല്‍മാന്‍ ആയ പുന്നഖാന്‍ ഒരു പണിമുടക്കു കമ്മറ്റി രൂപീകരിക്കുകയും വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ കൈയടക്കുകയും ഇന്ത്യയിലെ എല്ലാ നാവികകേന്ദ്രങ്ങള്‍ക്കും കപ്പലുകള്‍ക്കും പണിമുടക്കാന്‍ റേഡിയോ സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. നാവികരെ ക്ഷോഭിപ്പിച്ച മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു. അടുത്ത ഭാവിയില്‍ റോയല്‍ ഇന്ത്യന്‍ നേവിയില്‍ നാന്നൂറു ബ്രിട്ടീഷ് ഓഫീസര്‍മാരെ നിയമിക്കുമെന്ന ഒരു അഭ്യൂഹം രാജ്യമാകെ പരക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ട് ഇന്ത്യന്‍ ഓഫീസര്‍മാരെ നിയമിച്ചുകൂടാ എന്നായിരുന്നു അപ്പോള്‍ ഇന്ത്യയിലെ ദേശീയബോധമുള്ളവര്‍ ചോദിച്ചുകൊണ്ടിരുന്നത്. അന്നു രാത്രി ഡ്യൂട്ടിക്ക് നിയമിതനായ ഓഫീസര്‍ (Officer on Watchoow) നാവിക പ്രദേശങ്ങള്‍ പരിശോധിക്കാനിറങ്ങിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് പതിവു ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പലരും മറുപടി പറഞ്ഞില്ല. പറഞ്ഞവരുടെ ഭാഷ തികച്ചും പരുഷമായിരുന്നു.

ഈ സമയം കൊണ്ട് അടുത്ത ദിവസം നാവിക കലാപത്തിന്റെ വാര്‍ത്ത ഇന്ത്യാരാജ്യം മുഴുക്കെ പടര്‍ന്നു പിടിച്ചിരുന്നു. ബോംബെ നഗരത്തില്‍ അതിന്റെ ശക്തമായ തിരതല്ലലുകളുണ്ടായി. ബോംബെ കടലിലുണ്ടായിരുന്ന എല്ലാ കപ്പലുകളും സ്‌ട്രൈക്ക് കമ്മറ്റിയുടെ നിയന്ത്രണത്തിലായിത്തീര്‍ന്നു. അടുത്ത ദിവസം ബോംബെ തീരത്തുണ്ടായിരുന്ന ഒരു വലിയ കപ്പലില്‍ (Frigate) കമ്മറ്റി അംഗങ്ങളെല്ലാം കൂടി കമ്മാന്റിങ്ങ് ഓഫീസറുടെ (CO) അടുത്തെത്തി എല്ലാ ഓഫീസര്‍മാരും ഭക്ഷണമുറിയില്‍ ഒത്തുകൂടുവാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ചു പ്രവര്‍ത്തിക്കാനല്ലാതെ എതിര്‍ത്തു നില്‍ക്കുവാനുള്ള കഴിവ് ആര്‍ക്കും ഉണ്ടായിരുന്നില്ല. കപ്പലുകളിലും കരയിലുമുണ്ടായിരുന്ന ഇന്ത്യന്‍ ഓഫീസര്‍മാര്‍ അവരുടെ കൂറ് ബ്രിട്ടീഷ് ചക്രവര്‍ത്തിയോടാണെങ്കിലും പണിമുടക്കുകാരോട് അനുഭാവമുള്ളവരായിരുന്നു. കമ്മറ്റിയുടെയും സ്ഥാപനങ്ങളുടെയും ബ്രിട്ടീഷ് അധികാരികളുടെയും ഇടയില്‍ ഇന്ത്യന്‍ ഓഫീസര്‍മാര്‍ ഒരു വിധം മധ്യസ്ഥന്മാരാകേണ്ടി വന്നു. അന്നു വൈകുന്നേരം കാസില്‍ ബറാക്‌സിലെ നാവികര്‍ അവിടെ നിന്നു ‘താല്‍വാറി’ല്‍ നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍, നഗരത്തിലെ വഴിയില്‍ കൂടി വളരെ അച്ചടക്കത്തോടെ പുറപ്പെട്ടു. വിവിധതരം കപ്പലുകളില്‍ നിന്നുള്ള ആയിരക്കണക്കിന് നാവികരുടെ വികാരതീവ്രതയും ചില വഴിപോക്കരുടെ അഭിപ്രായ പ്രകടനവും നാവികരെ ക്ഷോഭാകുലരാക്കി. ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും അവരുടെ വിക്ഷോഭം മൂര്‍ദ്ധന്യത്തിലെത്തിച്ചു.

അച്ചടക്കവും സമാധാനവും കൈവിട്ടപ്പോള്‍ പിന്നെ അവിടെ കലാപത്തിനും നിയന്ത്രണാതീതമായ വിധ്വംസന കൃത്യങ്ങള്‍ക്കും തുടക്കം കുറിച്ചു. ഫ്‌ളോറാഫാണ്‍നില്‍ ഒരാള്‍ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ നഗരത്തിലെ പോലീസ് സംഘം സ്ഥലത്തെത്തി ലാത്തിച്ചാര്‍ജ്ജ് തുടങ്ങി. ജനക്കൂട്ടം പല ഭാഗത്തേക്കും ഓടി വീണ്ടും ഒത്തുകൂടി. നാവികര്‍ പോലീസിനുനേരെ കല്ലുകളും അടുത്ത കടകളില്‍ നിന്നെടുത്ത സോഡാക്കുപ്പികളുംഎറിഞ്ഞു. പോലീസ് സേന കഴിയുന്നത്ര നാവികരെ പിടിച്ചു വാനില്‍ കയറ്റി ജയിലില്‍ കൊണ്ടിട്ടു. അന്നു രാത്രി ബോംബെയിലെ എല്ലാ തടവറകളും തിങ്ങിനിറഞ്ഞിരുന്നു. എല്ലാ ജയിലുകളുടെയും മുന്നില്‍ കുറെ നാവികര്‍ ദേശീയ മുദ്രാവാക്യങ്ങള്‍ ഉരുവിട്ടു കൊണ്ട് നിലയുറപ്പിച്ചു. പണിമുടക്ക് ഒരു കലാപമായി വളരുന്നതുകണ്ട അധികാരികള്‍ നാവികരെ അടിച്ചമര്‍ത്താന്‍ പട്ടാളത്തെ രംഗത്തിറക്കി. അടുത്തദിവസം പുലരും മുമ്പ് നാവികരെ വളഞ്ഞുകൊണ്ട് കാസില്‍ ബറാക്‌സില്‍ ബ്രിട്ടീഷ് പട്ടാളവും ഇന്ത്യന്‍ പട്ടാളവും നിലയുറപ്പിച്ചിരുന്നു.

ബോംബെയില്‍ നിന്നും സിഗ്നല്‍ സന്ദേശം ലഭിച്ചപ്പോള്‍ തന്നെ കല്‍ക്കട്ടയിലെ നാവിക കേന്ദ്രമായ ഹുഗ്ലിയിലും പണിമുടക്ക് തുടങ്ങിയിരുന്നു. കറാച്ചിയിലെ HMIS ഹിന്ദുസ്ഥാനില്‍ അധികാരം കയ്യടക്കിയ നാവികര്‍ കപ്പലിലെ തോക്കില്‍ നിന്ന് അവരെ ഒതുക്കാനെത്തിയ പട്ടാളത്തിനുനേരെ നിറയൊഴിച്ചു. അതേപോലെ തന്നെ ദല്‍ഹിയിലെ നാവിക കേന്ദ്രത്തിലും കൊച്ചയിലും മറ്റും പണിമുടക്ക് ആരംഭിച്ചു കഴിഞ്ഞിരുന്നു.

ലഹളക്കാരെ നേരിടുവാന്‍ ഇന്ത്യന്‍ പട്ടാളത്തെ നിയോഗിച്ചത് അവരോട് നാവികരുടെ പ്രതികരണം മൃദുവായിരിക്കുമെന്ന ധാരണയിലായിരുന്നു. എന്നാല്‍ സംഭവിച്ചത് അങ്ങിനെയായിരുന്നില്ല. ‘കാസില്‍ ബറാക്‌സി’ലെ ആയുധപ്പുര കൈവശപ്പെടുത്തിയ നാവികര്‍, അവരെ തടുത്തു നിറുത്തിയിരുന്ന 18 മറാട്ടാസിലെ സൈനികരോട് ഏറ്റുമുട്ടാനായിരുന്നു തയ്യാറായത്. പട്ടാളം വളഞ്ഞിരിക്കെ അന്തരീക്ഷത്തിനു പിരിമുറക്കം കൂടി വരുകയായിരുന്നു. സ്ഥിതി വീണ്ടും വഷളാവുമെന്നു തീര്‍ച്ചയായി.

പൊടുന്നനവെയായിരുന്നു തല്‍വാറിലെ പണിമുടക്കു കേന്ദ്രസമിതി അംഗമായ പുന്നഖാന്റെ പ്രത്യക്ഷപ്പെടല്‍. കോപിച്ചു നില്‍ക്കുന്ന നാവിക സമൂഹത്തോട് ഒരധികാരസ്വരത്തില്‍ തന്നെ അദ്ദേഹം ബറാക്‌സിലേക്ക് തിരിച്ചു പോകാനാവശ്യപ്പെട്ടു. ഉയര്‍ന്ന ഓഫീസര്‍മാരോടും കോണ്‍ഗ്രസ് നേതാക്കളോടും നാവികരുടെ വിഷയം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ദാര്‍ പട്ടേലിനോട് സംസാരിച്ചുവെന്നും അദ്ദേഹം പൂര്‍ണ്ണസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ നമ്മള്‍ അച്ചടക്കത്തോടെ പെരുമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുന്നഖാന്‍ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് നിമിഷംകൊണ്ട് ഫലമുണ്ടായി. വികാരഭരിതരായ നാവികര്‍ തല്‍ക്കാലം പിരിഞ്ഞുപോയി. എങ്കിലും പിന്നെയും അന്തരീക്ഷത്തിലെ പിരിമുറക്കത്തിന് അയവു വന്നിട്ടില്ലായിരുന്നു. ‘കാസില്‍ ബറാക്‌സി’ന് പുറത്തു നിലയുറപ്പിച്ചിരുന്ന സൈന്യത്തിന് ആക്കം കൂട്ടാന്‍ നാലാംദിവസം ഉദിക്കുന്നതിനു മുമ്പെ തന്നെ കൂടുതല്‍ പട്ടാളത്തെ അധികൃതര്‍ അവിടെയെത്തിച്ചു. മറുവശത്ത് കൂടുതല്‍ റെയിറ്റിങ്ങ്‌സ് (നാവികര്‍) കലാപക്കാരുടെ കൂടെ ചേര്‍ന്നു. സംഖ്യാബലം വര്‍ദ്ധിപ്പിച്ചപ്പോള്‍ അവര്‍ ആയുധപ്പുരയില്‍ നിന്ന് റൈഫിളും ബയണറ്റും വെടിക്കോപ്പുകളും സ്റ്റെന്‍ഗണ്ണും എല്ലാം കൈക്കലാക്കി. ഒരു ഏറ്റുമുട്ടലിന് തയ്യാറായ തരത്തിലായിരുന്നു അവര്‍ പുറത്തുവന്നത്. അങ്ങിനെയിരിക്കെ ‘കാസില്‍ ബറാക്‌സി’ലെ സ്ഥിതിഗതി അതീവ ആപല്‍ക്കരമായി. എന്തിനധികം നാവികര്‍ പട്ടാളത്തിനു നേരെ വെടിയുതിര്‍ത്തു. അങ്ങിനെ പരസ്പരയുദ്ധം മദ്ധ്യാഹ്നം തീരും വരെ തുടര്‍ന്നു. അതിനിടയില്‍ ഒരു ഓഫീസര്‍ വെടിയേറ്റു മരിച്ചു. കുറേ നാവികര്‍ക്ക് മുറിവേറ്റു.

അപ്പോഴാണ് ഇരുഭാഗത്തുനിന്നും വെടി നിര്‍ത്താന്‍ ആവശ്യപ്പെടുംവിധം വെള്ളക്കൊടി ഉയര്‍ത്തി ലഹളക്കാരുമായി കാസില്‍ ബിറാക്‌സിലെ മുതിര്‍ന്ന ഓഫീസര്‍മാര്‍ ചര്‍ച്ച ചെയ്യണമെന്ന് കല്പിച്ചുകൊണ്ട് ദല്‍ഹിയിലെ നാവിക കേന്ദ്രത്തില്‍ നിന്നുള്ള സന്ദേശം എത്തിയത്. അങ്ങനെ ഓഫീസര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് നാവികര്‍ ഭൂരിഭാഗവും ബിറാക്‌സിലേക്ക് മടങ്ങിയെങ്കിലും കുറേപേര്‍ പല സ്ഥലങ്ങളിലും കുറച്ചുപേര്‍ കടലില്‍ നിലയുറപ്പിച്ച ചെറുകപ്പലുകളിലും അധികാരം പിടിച്ചെടുത്ത് വെടിവെപ്പ് നടത്തിക്കൊണ്ടിരുന്നു. കല്പന അനുസരിക്കാത്ത നാവികരില്‍ ഏകദേശം നാല്പതിലേറെപ്പേരെ ബോംബെ പോലീസും പട്ടാളവും ചേര്‍ന്ന് അറസ്റ്റു ചെയ്തു.


അതിനിടയില്‍ ഇന്ത്യന്‍ നാവികസേനാധിപനായ വൈസ് എഡ്മിറല്‍ സര്‍ ജോണ്‍ഗോഡ്‌ഫ്രെ ദല്‍ഹിയില്‍ നിന്ന് ബോംബെയിലെത്തിയിരുന്നു. പണിമുടക്കു കമ്മറ്റിയുമായി ചര്‍ച്ചക്ക് സന്നദ്ധമാണെന്നറിയിച്ചതിനാല്‍ സ്‌ട്രൈക്ക് കമ്മറ്റി കേന്ദ്രം അതിനു തയ്യാറായി. തല്‍വാര്‍ അടക്കമുള്ള കേന്ദ്രങ്ങളിലെ അംഗങ്ങളും തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന മുപ്പത്തി രണ്ടു കപ്പലുകളിലെ പ്രതിനിധികളും അടങ്ങുന്ന ഒരു സമ്മേളനം സിഗ്നല്‍ പരിശീലന കേന്ദ്രത്തില്‍ നടത്തി. തുടര്‍ന്ന് അഞ്ചംഗങ്ങള്‍ അടങ്ങുന്ന ഒരു ഉപസമിതിയെ അധികാരികളുമായുള്ള ചര്‍ച്ചയ്ക്ക് ഉത്തരവാദപ്പെടുത്തുകയുണ്ടായി. ഈ സമയത്തൊക്കെ ബോംബെ നഗരമാകമാനം അക്രമങ്ങളും നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇമ്പീരിയല്‍ ബാങ്ക് പോലുള്ള പല സ്ഥാപനങ്ങളും കത്തിനശിച്ചു. ജനസഞ്ചയം ഇളകി മറിഞ്ഞിരുന്നു.

ബ്രിട്ടീഷ് അധികാരികളുടെ ഉദ്ദേശം ലഹള അടിച്ചമര്‍ത്തുക തന്നെയാണ് എന്ന് തോന്നുംവിധം സര്‍വ്വസൈന്യാധിപനായ ജനറല്‍ സര്‍ ക്ലാഡ് ആക്കില്‍ലക്ക് ശക്തമായ സേനാവിഭാഗങ്ങളെ കറാച്ചി, ബോംബെ, കല്‍ക്കത്ത, ദല്‍ഹി എന്നിവിടങ്ങളിലെ പണിമുടക്കുകാരുടെ നേരെ ബലം പ്രയോഗിച്ച് ഒതുക്കുവാന്‍ നിയോഗിച്ചു. പണിമുടക്കുകാര്‍ ഭൂരിഭാഗവും തങ്ങളുടെ ബിറാക്‌സിലേക്ക് മടങ്ങി. കപ്പലുകളില്‍ ഉയര്‍ത്തപ്പെട്ട കോണ്‍ഗ്രസ്, മുസ്ലിംലീഗ്, കമ്മ്യൂണിസ്റ്റ് കൊടിക്കൂറകള്‍ താഴ്ത്തപ്പെട്ടു. പൂനെയില്‍ നിന്നും മറ്റുമെത്തിയ സേനാവിഭാഗങ്ങള്‍ ബിറാക്‌സില്‍ കയറി കുറേപ്പേരെ അറസ്റ്റ് ചെയ്തു. പോലീസും പട്ടാളവും ചേര്‍ന്ന് നഗരത്തില്‍ വെടിവെപ്പ് തുടര്‍ന്നതിന്റെ ഫലമായി നാവികരിലും പൊതുജനങ്ങളിലും ചിലര്‍ മരിക്കുകയും കുറെപേര്‍ക്ക് മുറിവേല്‍ക്കുകയുണ്ടായി.

കല്‍ക്കത്തയിലെ എച്ഛ്.ഐ.എം.എസ്, ഹുഗ്ലിയിലെ നാവികരും ബോംബെയില്‍ കുറെപ്പേരും പണിമുടക്ക് തുടരുകയായിരുന്നു. പണിമുടക്ക് കമ്മറ്റിയിലെ പ്രമുഖനായ ‘ദത്ത്’ എന്നയാളെ പിരിച്ചുവിട്ട കല്പന പിന്‍വലിക്കണമെന്നായിരുന്നു ഹുഗ്ലിയുടെ ആവശ്യം. ബോംബെയിലെ കപ്പലുകളിലെ തോക്കുകള്‍ കരയിലെ ഓഫീസര്‍മാരുടെ താമസസ്ഥലത്തേക്കും ക്ലബ്ബുകള്‍ക്കു നേര്‍ക്കും ഉന്നംവെച്ച് നിലകൊണ്ടു. കറാച്ചിയിലെയും ബോംബെയിലെയും പട്ടാളസുരക്ഷാസൈനികരെ ഉടനെപിന്‍വലിക്കണമെന്നും അറസ്റ്റ് ചെയ്യപ്പെട്ട നാവികരെ വിട്ടയക്കണമെന്നുമായിരുന്നു മറ്റ് ഉപാധികള്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതുവരെ സമരം തുടരണമെന്നാണ് അവര്‍ ഉദ്ദേശിച്ചത്.
അപ്പോഴേക്കും ബ്രിട്ടീഷ് അധികാരികള്‍ ഇന്ത്യന്‍ നാവികരുടെ മേല്‍ പിടിമുറുക്കിയിരുന്നു. രണ്ടു ഓഫീസര്‍മാരും രണ്ടു മിലിട്ടറി പോലീസും അടങ്ങുന്ന കുറേ സംഘങ്ങള്‍ നഗരമാകെ ചുറ്റി ബിറാക്‌സിലെത്താത്ത നാവികരെ തിരഞ്ഞു പിടിക്കാനാണ് ആദ്യത്തെ ശ്രമമുണ്ടായത്. കലാപകാരികളും കരയിലുള്ളവരും തമ്മിലുണ്ടായേക്കാവുന്ന സംവാദം ചോര്‍ത്തിയെടുക്കാനായിരുന്നു മറ്റൊരു ശ്രമം.

കോണ്‍ഗ്രസ് പണിമുടക്കിനോട് അനുകൂലമല്ലെന്നും എന്നാല്‍ കോണ്‍ഗ്രസ്സിലെ ഇടതുപക്ഷക്കാരിയായ അരുണ ആസഫ് ആലി വേണ്ട സഹായം ചെയ്യുമെന്നും അതുകൊണ്ട് പണിമുടക്ക് തുടരുമെന്നും, മൂന്ന് ഓഫീസര്‍മാരെ വീട്ടുതടവില്‍ ബന്ധിച്ചിട്ടുണ്ടെന്നും മറ്റുമുള്ള വിവരങ്ങളാണ് ചോര്‍ത്തിയ സംഭാഷണങ്ങളില്‍ നിന്ന് അധികൃതര്‍ക്ക് ലഭിച്ചത്. നിരാശപ്പെടുത്തുന്നതിനുപകരം നാവികര്‍ക്ക് പൂര്‍വ്വാധികം വീര്യവും ആത്മവിശ്വാസവും കൈവന്നിട്ടുണ്ടെന്ന് ഇത്തരം സംഭാഷണങ്ങളില്‍ നിന്ന് അധികൃതര്‍ക്ക് ബോധ്യമായി. എന്നാല്‍ പണിമുടക്ക് (Mutiny) നിരുപാധികം അവസാനിപ്പിച്ച് കീഴടങ്ങണമെന്നും നാവികരുടെ പരാതികള്‍ ഉടനെ പരിഗണിക്കുമെന്നായിരുന്നു നാലാം ദിവസം രാത്രിയിലുണ്ടായ സന്ധിസംഭാഷണത്തിന്റെ കാതല്‍. സര്‍ദാര്‍ വല്ലഭഭായി പട്ടേലിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങുവാന്‍ നാവികരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. പിറ്റെ ദിവസം തങ്ങളുടെ ജോലി സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് വമ്പിച്ച നാശനഷ്ടങ്ങളായിരുന്നു.

അഞ്ചാംദിവസം ഉച്ചക്ക് രണ്ടുമണിക്ക് നാവിക സൈന്യാധിപനായിരുന്ന എഡ്മിറല്‍ ഗോഡ്‌ഫ്രെ ആകാശവാണിയിലൂടെ പണിമുടക്കിയ നാവികരെ അഭിസംബോധന ചെയ്തു സംസാരിച്ചു. നാവിക കലാപത്തെ ബലംപ്രയോഗിച്ച് അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് കരുത്തുണ്ടെന്നും വേണ്ടിവന്നാല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ നാവിക സൈന്യത്തെ തന്നെ വേണ്ടെന്നു വെക്കാന്‍ കഴിയുമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ ഭാഷണത്തിന്റെ രത്‌നച്ചുരുക്കം. ഈ പ്രക്ഷേപണത്തിനുശേഷം കപ്പലിലും കരയിലുമുള്ളവര്‍ക്ക് എല്ലാം പണിമുടക്ക് വ്യര്‍ത്ഥമാണെന്നു മനസ്സിലായി തുടങ്ങിയിരുന്നു. എല്ലാവരും അങ്ങിനെ നാവിക അധികാരികള്‍ക്ക് കീഴടങ്ങി. അല്പം മുമ്പ് ‘തന്‍വാറി’ല്‍ നിന്ന് കേന്ദ്രകമ്മറ്റിയുടെ സന്ദേശവുമുണ്ടായിരുന്നു. ഇന്ത്യയിലെ എന്നല്ല, ഏഷ്യയിലെ തന്നെ തലമുതിര്‍ന്ന നേതാവായ സര്‍ദാര്‍ പട്ടേല്‍ തങ്ങളുടെ പരാതികള്‍ ചര്‍ച്ച ചെയ്ത് പ്രതിവിധി കാണുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ സമരം അവസാനിപ്പിച്ച് കീഴടങ്ങാന്‍ അദ്ദേഹം ഉപദേശിച്ചിട്ടുണ്ടെന്നുമാണ് ആ സന്ദേശത്തിലുണ്ടായിരുന്നത്. എന്നാല്‍ കറാച്ചി തുറമുഖത്തുണ്ടായിരുന്ന ‘ഹിന്ദുസ്ഥാന്‍’, ‘ട്രാവന്‍കൂര്‍’ എന്നി കപ്പലുകളിലെ നാവികരും കരയിലെ സൈനികരും അന്യോന്യം വെടിവെപ്പ് തുടര്‍ന്നുവെങ്കിലും അല്പസമയം കൊണ്ട് നാവികര്‍ പട്ടാളത്തിന് കീഴടങ്ങി. നാലു നാവികര്‍ മരണം വരിക്കുകയും ഇരുപത്തിയാറ് പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. അങ്ങനെ നാവിക ലഹളക്ക് അന്ത്യം കുറിച്ചു. അന്തരീക്ഷം ശാന്തമായി.

ഇന്ത്യന്‍ നാവികരുടെ കലാപം മിക്ക രാഷ്ട്രീയ നേതാക്കളെയും അമ്പരിപ്പിച്ചിരുന്നു. ന്യൂദല്‍ഹിയിലെ കേന്ദ്രനിയമസഭയെയും ബ്രിട്ടീഷ് പാര്‍ലമെന്റിനെയും കലാപം പിടിച്ചു കുലുക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തില്‍ അച്ചടക്കത്തോടെ സ്തുത്യര്‍ഹമായ സേവനം നടത്തിയ ഇന്ത്യന്‍ നേവിയില്‍ ഇത്തരം സംഭവമുണ്ടായതില്‍ സഭ അത്യന്തം വ്യസനിക്കുന്നുവെന്ന് പ്രധാനമന്ത്രി ആറ്റ്‌ലി സഭയില്‍ പ്രസ്താവിച്ചു. തീവ്രമായ ഈ പരിതഃസ്ഥിതി ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ തുറന്നു പറയാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചു. മാര്‍ച്ച് അവസാനം മൂന്ന് കാബിനറ്റ് മന്ത്രിമാര്‍ അടങ്ങിയ ഒരു സംഘത്തെ ഇന്ത്യയിലേക്ക് അയക്കാനും ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യാനും തീര്‍ച്ചപ്പെടുത്തിയ കാര്യം കൂടി പ്രധാനമന്ത്രി പാര്‍ലമെന്റിനെ (House of Commons) അറിയിച്ചു.

നാലാംദിവസം രാത്രിയിലുണ്ടായ ഒത്തുതീര്‍പ്പ് സംഭാഷണത്തിനുശേഷം ബറാക്‌സിനു ചുറ്റും ഓഫീസര്‍മാര്‍ക്ക് നടന്നു കാണുവാന്‍ സാധിച്ചു. എല്ലായിടവും വൃത്തിഹീനവും നാശനഷ്ടങ്ങള്‍ നിറഞ്ഞതുമായിരുന്നു. നാവികരിലും ഓഫീസര്‍മാരിലും നിരാശയും നിരുത്സാഹവും നിറഞ്ഞിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ഇടതുപക്ഷവും മാത്രമേ പണിമുടക്കിന് പിന്തുണ നല്‍കിയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ നാവികര്‍ നിരുപാധികം മേലധികാരികള്‍ക്ക് കീഴടങ്ങുകയാണുണ്ടായത്. കാലപമൊതുങ്ങിയപ്പോള്‍ സായുധ സേനയില്‍ പതിവുള്ള കോര്‍ട്ട് മാര്‍ഷ്യലും ശിക്ഷാവിധികളും തുടങ്ങി. പിരിച്ചുവിടല്‍ മുതല്‍ ജയില്‍ ശിക്ഷ വരെ കുറ്റാരോപണത്തിന്റെ ഗൗരവമനുസരിച്ചായിരുന്നു ശിക്ഷ. തെളിവെടുക്കുന്നതിനായി 396 നാവികരെ ബോംബെക്കടുത്ത ‘മുളുന്തി’ല്‍ നിര്‍മ്മിച്ച പ്രത്യേക ക്യാമ്പിലായിരുന്നു പാര്‍പ്പിച്ചത്. ക്യാമ്പിന് കര്‍ശനമായ സുരക്ഷാസംവിധാനങ്ങളുണ്ടായിരുന്നു. കൂടാതെ 1946ല്‍ തന്നെ ഇന്ത്യാഗവണ്‍മെന്റാണ് കലാപത്തിന്റെ കാരണവും വ്യാപ്തിയും പരിണത ഫലവും കണ്ടെത്താന്‍ ഒരു ഉന്നത തല അന്വേഷണ കമ്മീഷനെ നിയമിച്ചത്. കമ്മീഷനു മുമ്പാകെ തെളിവ് നല്‍കിയതില്‍ ഏറ്റവും പ്രധാനമായത് ബോംബെയിലെ ഫ്‌ളാഗ് ഓഫീസറായിരുന്ന റീയര്‍ അഡ്മിറല്‍ ‘രാ ട്രെ’ യുടെതായിരുന്നു. നാവികരുടെ പരാതികള്‍ക്കുമപ്പുറം കലാപത്തിന് കാരണം രാജ്യത്ത് ഉടനീളം അലതല്ലുന്ന രാഷ്ട്രീയ പിരിമുറുക്കമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഓഫീസര്‍മാര്‍ക്ക് ഇന്ത്യന്‍ സൈനികരോടുണ്ടായിരുന്ന അധമര്‍ണ്ണഭാവവും ഇതിന് കാരണമായി.

കമ്മീഷന്റെ റിപ്പോര്‍ട്ട് ഫ്‌ളാഗ് ഓഫീസര്‍ കമാണ്ടിങ്ങിനെയും (ROG) അദ്ദേഹത്തിന്റെ അനുചരരായ ഓഫീസര്‍മാരെയും കര്‍ശനമായി വിമര്‍ശിച്ചു. അവരുടെ വീഴ്ചയില്ലാതിരുന്നെങ്കില്‍ ഈ ദുരന്തം ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും വെളിപ്പെടുത്തി. ‘താല്‍വറിന്റെ കമ്മാന്റിങ്ങ് ഓഫീസര്‍ ആയിരുന്ന കമാന്റര്‍ കിങ്ങിനെ കമ്മീഷന്‍ കുറ്റക്കാരനായി കണ്ടു. ഇവരുടെ കൊള്ളരുതായ്മയുടെ ഫലമായാണ് പണിമുടക്ക് 74 കപ്പലുകളെ ബാധിച്ചതും, ഒരു ഓഫീസറും ഒമ്പതുനാവികരും കൊല്ലപ്പെട്ടതും, ഒരു ഓഫീസര്‍ക്കും 41 നാവികര്‍ക്കും പരിക്കേറ്റതുമെന്നും റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചു. ‘പട്ടികളുടെയും കൂലിക്കാരുടെയും മക്കളെ നമ്മള്‍ ഈ രാജ്യത്ത് വന്ന് പരിഷ്‌ക്കരിക്കുന്നതിന് മുമ്പ് ഇവര്‍ (ഇന്ത്യക്കാര്‍) മരക്കൊമ്പില്‍ ചാടികളിക്കുന്നവരായിരുന്നു (കുരങ്ങന്മാര്‍)’ എന്നും മറ്റുമുള്ള ബ്രിട്ടീഷ് ഓഫീസര്‍മാരുടെ മേല്‍ക്കോയ്മ സ്വഭാവവും അഹന്തയും, ഓഫീസര്‍മാരും നാവികരും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുകളുണ്ടാക്കി. അച്ചടക്കം ആവശ്യമായ ഒരു സ്ഥാപനത്തോടുള്ള ഏറ്റവും വിരുദ്ധമായതും ആത്മവീര്യം തകര്‍ക്കുന്നതുമായിരുന്നു അത്തരത്തിലുള്ള പെരുമാറ്റം. ഒഴിച്ചു കൂടാനാവാത്ത പരസ്പരബന്ധം സൃഷ്ടിക്കേണ്ടിടത്ത് അന്യോന്യ വൈരം സൃഷ്ടിച്ചു.

കാരണവും വ്യാപ്തിയും പരിണാമഗതിയും എന്തായാലും പില്‍ക്കാലത്ത് നാവികസമരം മറ്റെന്ത് സംഭവത്തിന് ഹേതുവായി എന്ന കാര്യമാണ് മുഖ്യമായും ചിന്താവിഷയമായി കാണേണ്ടത്. ഭക്ഷണം, ശമ്പളവിവേചനം, ഉദ്യോഗസ്ഥന്മാരുടെ സ്വഭാവവൈകല്യം, പിരിഞ്ഞുപോവാനാഗ്രഹിക്കുന്നവരോടുള്ള അനാസ്ഥ ഇവയെല്ലാം തന്നെ നാവികരെ അസംതൃപ്തരാക്കിയിരുന്നെങ്കിലും, ഇന്ത്യയെ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യവാഞ്ഛ തന്നെയായിരുന്നു നാവികരുടെ സമരത്തിന്റെ ലക്ഷ്യം. ബ്രിട്ടനെതിരെ രാജ്യമാസകലം ഇളകി മറിയുമ്പോള്‍, തങ്ങള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ വികാരഭരിതരായ നാവികര്‍ക്ക് കഴിഞ്ഞില്ല അതിനാല്‍ അവരുടെ അച്ചടക്ക ലംഘനത്തില്‍ അതിശയിക്കാനില്ല. സാമ്രാജ്യത്തിന്റെ അടിയുറച്ച തൂണുകള്‍ ഇന്ത്യയിലെ സായുധസേനകളാണെന്നായിരുന്നു ബ്രിട്ടന്‍ പരിപൂര്‍ണ്ണമായും വിശ്വസിച്ചിരുന്നത്. ആയുധബലം കൊണ്ട് കൊളോണിയല്‍ ശക്തികളെ ജയിക്കാമെന്ന് ആരും കരുതിയില്ല. എന്നാല്‍ സായുധ സൈന്യങ്ങളെ മാനസികമായി ജയിച്ച് വശംവദരാക്കാമെന്നായിരുന്നു സമരനേതാക്കളുടെ ധാരണ. അതു തികച്ചും ശരിയുമായിരുന്നു. ബര്‍മ്മയില്‍ നിന്ന് പിന്‍വാങ്ങി കൊണ്ടിരിക്കുന്ന ജപ്പാന്‍ സൈന്യത്തെ പിന്തുടര്‍ന്നു നശിപ്പിക്കാന്‍ ഐരാവതി നദി തരണം ചെയ്തു മുന്നോട്ടു പോകുന്ന ഇന്ത്യന്‍ സൈന്യം നദിയുടെ മധ്യത്തില്‍ നിന്ന് പിന്തിരിഞ്ഞത് ഇന്ത്യന്‍ സൈനികരുടെ മനം മാറ്റത്തിനുദാഹരണമാണ്. ഈ കാരണങ്ങള്‍കൊണ്ട് ബ്രിട്ടന്‍ മനസ്സിലാക്കിയ സത്യം ഇന്ത്യയില്‍ ഇനി ആധിപത്യം അസാധ്യമായിരിക്കുമെന്നാണ്. അതുകൊണ്ടു കൂടിയാണ് ബ്രിട്ടന്‍ താമസിയാതെ ഭാരതത്തില്‍ നിന്ന് ഒഴിഞ്ഞുപോയത്. ഈ മഹാസംഭവത്തിലും നാവിക കലാപത്തിനു ഒരു പങ്കുണ്ടെന്ന വസ്തുത, ഏഴു ദശാബ്ദത്തിലേറെക്കാലം കഴിഞ്ഞിട്ടാണെങ്കിലും ഇന്നും ഓര്‍മ്മിക്കേണ്ടതാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ 1973ല്‍ മാത്രമാണ് ഇതിനെ സ്വാതന്ത്ര്യസമരമായി അംഗീകരിച്ചത്.

Tags: സ്വാതന്ത്ര്യസമരംNaval Mutinyനാവിക കലാപം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies