പി.ജയചന്ദ്രന്റെ പാട്ടു കേട്ടു വളര്‍ന്ന തലമുറയില്‍പ്പെട്ട ഒരാളെന്ന നിലയില്‍, പാട്ടുകാരനായി അറിയപ്പെട്ടു തുടങ്ങിയപ്പോഴും എനിക്ക് അദ്ദേഹത്തോട് അടുക്കാന്‍ പേടിയുണ്ടായിരുന്നു. അദ്ദേഹം ക്ഷിപ്ര കോപിയാണെന്ന കേട്ടറിവും അതിനൊരു കാരണമായിരുന്നു.
1995-ല്‍ തൃശ്ശൂരില്‍ കലാഭവന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗാനമേളയും ഉണ്ടായിരുന്നു, ജയേട്ടനും ചിത്രയും ഉള്‍പ്പെടെ പ്രമുഖര്‍ക്കൊപ്പം പാടാന്‍ എനിക്കും അവസരം കിട്ടി. അദ്ദേഹത്തെ കണ്ടെങ്കിലും സംസാരിക്കാനൊന്നും ശ്രമിച്ചില്ല. ഭയം കൊണ്ടായിരുന്നു അടുക്കാതിരുന്നത്. എന്നാല്‍ ഞാന്‍ ഒരു വലിയ അഹങ്കാരിയായ ഗായകനാണെന്ന ധാരണ ജയേട്ടനില്‍ ഉണ്ടാകാന്‍ അതു കാരണമായി. ‘ഗോപന്‍ നല്ലപോലെ പാടും. പക്ഷേ അഹങ്കാരിയാണ്’ എന്ന് അദ്ദേഹം പലരോടും പറഞ്ഞതായി ഞാന്‍ പിന്നീട് അറിയുകയും ചെയ്തു.
1997-ല്‍ മസ്‌ക്കറ്റില്‍ ദേവരാജന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സംഗീത പരിപാടി നടക്കുന്നു. പി. ജയചന്ദ്രന്‍, പി.മാധുരി, പി.സുശീല എന്നിവര്‍ക്കൊപ്പം എന്നെയും ദേവരാജന്‍ മാസ്റ്റര്‍ കൂടെ കൂട്ടി. അവിടെ വെച്ചാണ് ജയേട്ടനെ അടുത്തുകാണുന്നതും പാദനമസ്‌കാരം ചെയ്തു പരിചയപ്പെടുന്നതും. അതോടെ അദ്ദേഹത്തിന് എന്നെക്കുറിച്ചുണ്ടായിരുന്ന തെറ്റിധാരണ മാറി. പരിചയപ്പെടുത്തിയത് ദേവരാജന്‍ മാസ്റ്റര്‍ ആയതിനാല്‍ ആ പ്രധാന്യം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായി. ‘എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഗായകനായിരുന്നു ഒരിക്കല്‍ കല്ലറ ഗോപന്‍; പക്ഷേ ഇപ്പോള്‍ എനിക്ക് തിരുവന്തപുരത്ത് ഏറ്റവും ഇഷ്ടപ്പെട്ട ഗായകനും മനുഷ്യനും ഗോപനാണ്’ എന്ന് പിന്നീട് എന്നെ സാക്ഷിനിര്‍ത്തി പലതവണ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ദേവരാജന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ ഉണ്ടായ ആ സൗഹൃദം പിന്നീട് ഉജ്ജ്വലമായി വളര്‍ന്നു. ഒന്നിച്ച് ധാരാളം പാട്ടുകള്‍ പാടി. ഞാന്‍ സംഗീത സംവിധാനം ചെയ്ത പാട്ടുകളില്‍ തൊണ്ണൂറ് ശതമാനവും പാടിയത് ജയേട്ടനാണ്. ഞാന്‍ സിനിമയ്ക്ക് വേണ്ടി ആദ്യം സംഗീതം നല്‍കിയത് ‘കഥകളി’ എന്ന ചിത്രത്തിനാണ്. ഭരണിക്കാവ് ശിവകുമാര്‍ രചിച്ച അതിലെ പാട്ട് ജയേട്ടനാണ് പാടിയത്. അതിനു മുമ്പു തന്നെ ജയേട്ടനെക്കൊണ്ട് സിനിമാ പാട്ട് പാടിപ്പിക്കാനുള്ള അവസരം എനിക്ക് കിട്ടിയിട്ടുണ്ട്. അര്‍ജ്ജുനന്‍ മാഷിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചപ്പോഴാണത്. ജയേട്ടനെക്കൊണ്ട് പാടിപ്പിക്കുക പ്രയാസമുള്ള കാര്യമാണ്. അദ്ദേഹത്തെ മെരുക്കാന്‍ ആനക്കാരന്‍ എന്നതുപോലെ ഒരാള്‍ വേണം. എനിക്കായിരുന്നു ആ ജോലി. ജയേട്ടനെക്കൊണ്ട് പാടിപ്പിക്കാനുള്ള ചില ട്രിക്കുകള്‍ എനിക്കറിയാമായിരുന്നു. അങ്ങനെ അര്‍ജ്ജുനന്‍ മാഷിനുവേണ്ടി നിരവധി നാടകഗാനങ്ങളും ആല്‍ബങ്ങളും ജയേട്ടനെക്കൊണ്ട് പാടിച്ചു. പൊതുവേ മുന്‍കോപിയാണ് പി.ജയചന്ദ്രന്‍ എന്ന് എല്ലാവരും അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ അടുത്തറിയുന്നവര്‍ക്ക് പി.ജയചന്ദ്രന്‍ സ്നേഹനിധിയാണ്.
ഏതു പാട്ടുപാടിയാലും ഗായകന്‍ അതിനു നല്‍കുന്ന ഭാവം ആ ഗാനത്തെ മികവുറ്റതാക്കും. വാക്കുകള്‍ക്ക് ഭാവം നല്‍കാന്‍ ജയചന്ദ്രനോളം കഴിവ് മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല. ചില പാട്ടുകള്‍ എഴുത്തുകാരനും സംഗീതസംവിധായകനുമപ്പുറം ജയചന്ദ്രന്റേതുമാത്രമായി മാറിയത് അങ്ങനെയാണ്. മലയാളികളുടെ ഭാവഗായകനായി അദ്ദേഹം മാറിയതും അതുകൊണ്ടുതന്നെ. ഗായകനെന്ന നിലയില്‍ എനിക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയില്ല എന്ന് പലരും പറയാറുണ്ട്്. മറിച്ചാണ് എനിക്ക് പറയാനുള്ളത്. തനി ഗ്രാമപ്രദേശമായ കല്ലറയിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച എനിക്ക് അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടി എന്നതിനു തെളിവാണ് ജയേട്ടനെ പോലുള്ളവരുടെ മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞു എന്നത്.
ഇത്രയും എളിമയുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. വലുപ്പച്ചെറുപ്പമൊന്നുമില്ലാതെ അദ്ദേഹം എല്ലാവരോടും ഇടപെട്ടു. ആദ്യ കാലത്തൊക്കെ അദ്ദേഹം പ്രതിഫലം പറഞ്ഞ് മേടിക്കുമായിരുന്നു. എന്നാല്‍ പിന്നീട് പ്രതിഫലം അദ്ദേഹത്തിന് ഒരു പ്രശ്നമായിരുന്നില്ല. സൗജന്യമായി പാടിയ നിരവധി പാട്ടുകളുണ്ട്. തനിക്കുകിട്ടാത്ത പാട്ടുകളെ ഓര്‍ത്ത് ജയചന്ദ്രന്‍ ഒരിക്കലും വ്യാകുലപ്പെട്ടില്ല. എന്നാല്‍ മറ്റുള്ളവരുടെ, അത് പുതിയ തലമുറയിലെ ചെറുബാല്യക്കാരായാല്‍പ്പോലും, നല്ല പാട്ടുകളെ പ്രശംസിക്കാന്‍ അദ്ദേഹം ഒട്ടും പിശുക്കുകാട്ടിയതുമില്ല.
പാട്ടുകാരന്‍ എന്നതിനെക്കാള്‍ പാട്ടിന്റെ ഏറ്റവും വലിയ ആരാധകനായിരുന്നു പി.ജയചന്ദ്രന്‍. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമുള്ള എല്ലാ പാട്ടുകളും അദ്ദേഹത്തിന് കാണാപ്പാഠമാണ്. എന്റെ പാട്ടുപോലും അദ്ദേഹത്തിന് കാണാതറിയം. പാട്ട് ആസ്വദിക്കുക മാത്രമല്ല, നല്ലതാണെന്നു പറയാനും മടിച്ചിരുന്നില്ല. സാധാരണ, മറ്റുള്ളവരെ അംഗീകരിക്കാന്‍ കലാകാരന്മാര്‍ തയ്യാറാകില്ല. അതിനൊരപവാദമായിരുന്നു പി.ജയചന്ദ്രന്‍.
മുഹമ്മദ് റാഫി, പി.സുശീല, എം.എസ്.വിശ്വനാഥന്‍ എന്നിവരെ പി.ജയചന്ദ്രന്‍ ആരാധനയോടെയും അതിലേറെ ഭക്തിയോടെയുമാണ് കണ്ടിരുന്നത്. ചെ ന്നൈയില്‍ താമസിക്കുമ്പോള്‍ ഓരോരുത്തരേയും പോയി കാണും. ഇവരോടൊക്ക വലിയ ഗുരുത്വമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
ദേവരാജന്‍ മാഷിനെയും ബാബുക്കയെയും, ദക്ഷിണാമൂര്‍ത്തി സ്വാമികളെയും അര്‍ജ്ജുനന്‍ മാസ്റ്ററെയും ദൈവതുല്യരായാണ് പി.ജയചന്ദ്രന്‍ കണ്ടിരുന്നത്. അവര്‍ക്ക് മേലെ മലയാളത്തിലെ എന്നല്ല ലോകത്തിലെ തന്നെ ഒരു സംഗീതജ്ഞരെയും പ്രതിഷ്ഠിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. സുശീലാമ്മയുടെ പാട്ടുകളോട് എക്കാലവും ആവേശം നിറഞ്ഞ ആഭിമുഖ്യമായിരുന്നു. സുശീലാമ്മയ്ക്ക് മുകളില്‍ മറ്റൊരു ഗായികയെ പി.ജയചന്ദ്രന്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിട്ടില്ല. സംഗീതത്തിന്റെ നിലനില്പ് സംസ്‌കാരവുമായി ബന്ധപ്പെട്ടാണെന്ന വിശ്വസക്കാരനായിരുന്നു ജയേട്ടന്‍.
എം.എസ്. വിശ്വനാഥന്‍ എന്ന പേരു പറഞ്ഞാല്‍ അദ്ദേഹം കൂടുതല്‍ വാചാലനാകും. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംഗീതമേഖലയക്ക് ഏറ്റവും വലിയ സംഭാവന നല്‍കിയത് എം.എസ്.വിയാണ്. ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍കള്‍ക്കു സംഗീതം നല്‍കിയിട്ടുള്ള ആളാണ് എം.എസ്.വി. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ അറിയുന്നത് ജയേട്ടനില്‍ നിന്നാണ്. മഹാസംഗീത വിദ്വാന്‍ എന്നായിരുന്നു എം.എസ്. വിശ്വനാഥന് ജയേട്ടന്‍ നല്‍കിയ വിശേഷണം. എം.എസ്.വി എന്നാല്‍ ‘കണ്ണുനീര്‍തുള്ളിയെ സ്ത്രീയോട് ഉപമിച്ച’ പാട്ടുപാടിയ ആള്‍, കുറച്ചു സിനിമാ ഗാനങ്ങള്‍ക്കു സംഗീതം നല്‍കിയ ആള്‍ എന്നൊക്കെയേ മലയാളികള്‍ക്കറിയാവൂ. മലയാളിയായ അദ്ദേഹത്തിന്റെ ഔന്നത്യം ആരറിയുന്നു. എം.എസ്.എവിക്ക് പാലക്കാട് പ്രതിമ നിര്‍മ്മിക്കണമെന്നത് ജയേട്ടന്റെ വലിയ ആഗ്രഹമായിരുന്നു. ജെ.സി.ഡാനിയേല്‍ പുരസ്‌ക്കാരം വാങ്ങിക്കൊണ്ട് അദ്ദേഹം അതു പറയുകയും ചെയ്തു. എം. എസ്. വിശ്വനാഥന്റെ സ്മരണയ്ക്കായി രൂപീകരിച്ച സമിതിയുടെ അധ്യക്ഷനും അദ്ദേഹമായിരുന്നു. സ്മാരകം നിര്‍മിക്കുന്നതിനായി പല മന്ത്രിമാരെയും അദ്ദേഹം സമീപിച്ചിരുന്നു. സ്മാരകം നിര്‍മിക്കുന്നതിനായി ബജറ്റില്‍ തുക അനുവദിക്കുകയും ചെയ്തു. എന്നാല്‍ സ്മാരക നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ടം പോലും ആരംഭിച്ചില്ല. കുറച്ചു പ്രവര്‍ത്തനങ്ങളൊക്കെ അതിനായി നടന്നു. പക്ഷേ പ്രതിമ പൂര്‍ത്തിയായില്ല. അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റുക എന്നത് ജയേട്ടനെ ഇഷ്ടപ്പെടുന്നവരുടെ മുഴുവന്‍ ചുമതലയാണ്. അതിന് സംഗീത സംഘടനകള്‍ മുന്‍കൈ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു ദിവസംപോലും മുടങ്ങാതെ മുഹമ്മദ് റാഫിയുടെ പാട്ടുകളില്‍ മുഴുകുന്നയാളായിരുന്നു ജയേട്ടന്‍. റാഫിയുടെ ആരാധകനും ആസ്വാദകനുമാണെന്നു പറയുന്നതില്‍ അദ്ദേഹം അഭിമാനിച്ചിരുന്നു. ശബ്ദത്തില്‍ ഭാവങ്ങള്‍ ആവിഷ്‌ക്കരിക്കാനുള്ള റഫിയുടെ കഴിവാണ് ജയേട്ടനെ അദ്ദേഹത്തിലേയ്ക്ക് അടുപ്പിച്ചത്. റഫി ഉപയോഗിച്ചിരുന്ന ഒരു ‘ടൈ’ ജയേട്ടന്‍ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. റഫി ‘പത്മ’ പുരസ്‌ക്കാരം വാങ്ങാന്‍ പോയപ്പോള്‍ ധരിച്ചിരുന്ന ‘ടൈ’ ജയേട്ടന് സമ്മാനമായി ലഭിക്കുകയായിരുന്നു. ലാമിനേറ്റ് ചെയ്ത ഒരു ഫലകത്തില്‍ റഫിയുടെ ടൈയും താഴെ അദ്ദേഹം ഒപ്പിട്ട അദ്ദേഹത്തിന്റെതന്നെ ഒരു പടവുമുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ നിധിയായിട്ടാണ് ജയേട്ടന്‍ അത് സൂക്ഷിച്ചത്. ഭൂമിയില്‍ പകരംവെക്കാനില്ലാത്ത പാട്ടുകാരന്‍ എന്നാണ് റഫിയെ ജയേട്ടന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത്.


നമ്മള്‍ പേഴ്‌സില്‍ ശ്രീകൃഷ്ണന്റേയും മറ്റും ചിത്രം വെക്കുന്നതുപോലെ, ജയേട്ടന്‍ പേഴ്‌സില്‍ റഫിയുടേയും സുശീലാമ്മയുടേയും എം.എസ്.വിയുടേയും ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്നു.
സംഗീതമയമായിരുന്നു പി.ജയചന്ദ്രന്റെ ജീവിതം. ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത ജയചന്ദ്രന്‍ സംഗീതത്തെ ഏറെ സ്‌നേഹിച്ചു. പാട്ടു കേള്‍ക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഹോബി. രാത്രിയിലൊക്കെ വിളിക്കും. ഏതെങ്കിലും പാട്ടുകളെക്കുറിച്ചായിരിക്കും സംസാരം. ഓരോ പാട്ടുകളെക്കുറിച്ചും വിശദമായി പറയും. ഫോണില്‍ വിളിച്ച് മൂന്നു മണിക്കൂര്‍ വരെ പാട്ടിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സാഗരം ക്രിയേഷന്‍സിന്റെ മധുസൂദനന്‍ ജയേട്ടന്റെ കടുത്ത ആരാധനാണ്. അദ്ദേഹത്തിന് ജയേട്ടനെക്കൊണ്ട് ഒരു പാട്ട് പാടിപ്പിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പറഞ്ഞപ്പോള്‍ സമ്മതിച്ചു. ജയേട്ടന് ഇഷ്ടമുള്ളവരെക്കൊണ്ട് എഴുതിച്ച് സംഗീതം നല്‍കിക്കൊള്ളാന്‍ മധുസൂദനന്‍ പറഞ്ഞു. ജയേട്ടന്‍ നിര്‍ദ്ദേശിച്ചത് എന്റേയും ബി.കെ.ഹരിനാരായണന്റേയും പേരുകളാണ്. നിരവധി ലളിത ഗാനങ്ങളും നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളും ചെയ്തിട്ടുള്ള എന്റെ സൂപ്പര്‍ ഹിറ്റ് എന്നു പറയാവുന്ന പാട്ടായി അതു മാറി.
നീയെന്ന ഗാനത്തെ പാടുവാ
നുള്ളൊരു
പാഴ്മുളം തണ്ടല്ലയോ ഞാന്‍.
നീയെന്ന നാമത്തെ മര്‍മ്മരം
ചെയ്യുന്നൊരാലില തുണ്ടല്ല
യോ
എന്ന പാട്ട് ലക്ഷക്കണക്കിനാളുകളാണ് യുട്യൂബില്‍ കേട്ടത്.
കുടുംബാംഗത്തെപോലെയായിരുന്നു എനിക്ക് ജയേട്ടന്‍. എത്രയോ തവണ വീട്ടില്‍ വന്ന് അദ്ദേഹം ഭക്ഷണം കഴിച്ചിട്ടുണ്ട്. വീട്ടിലെ ചെറിയ വിശേഷങ്ങള്‍ പോലും ചോദിച്ചറിയും. സംഗീതം പഠിച്ചിരുന്ന എന്റെ മകള്‍ നാരായണിയുടെ മാര്‍ഗ്ഗദര്‍ശിയായിരുന്നു. എതൊക്കെ പാട്ടുകള്‍ കേള്‍ക്കണം പാടിനോക്കണം എന്നൊക്കെ അവളെ സ്‌നേഹത്തോടെ ഉപദേശിക്കുമായിരുന്നു. ‘മിന്നല്‍ മുരളി’യിലെ ‘ഉയിരേ’ എന്ന ഗാനം നാരായണിയാണ് പാടിയത്. പാട്ടു കേട്ട ജയേട്ടന്‍ വിളിച്ച് അഭിനന്ദിച്ചതായിരുന്നു അവള്‍ക്ക്് കിട്ടിയ വലിയ സമ്മാനം.


ഗായകര്‍ പൊതുവേ തണുത്ത ഭക്ഷണം കഴിക്കരുതെന്ന് ഒരു ചൊല്ലുണ്ട്. ജയചന്ദ്രനാവട്ടെ തൈരില്ലാതെ ഒരു വറ്റ് വായിലേക്ക് ഇറങ്ങില്ല. മുറുക്ക് അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. ഒരു സമയത്ത് തളിര്‍ വെറ്റിലയിട്ട് മുറുക്കാതെ നല്ല പാട്ട് പോലും നാവില്‍ വഴങ്ങില്ലായിരുന്നു. തന്റെ ശീലങ്ങളും ദുശ്ശീലങ്ങളും ഒന്നും തുറന്നു പറയാന്‍ പി.ജയചന്ദ്രന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
എത്ര പറഞ്ഞാലും തീരാത്ത വിശേഷണങ്ങള്‍ അദ്ദേഹം ആലപിച്ച ഓരോ പാട്ടിനെക്കുറിച്ചും പറയാനുണ്ട്. മലയാളിയെ അത്രയധികം ജയചന്ദ്ര സംഗീതം സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പാട്ടിലെ വരികള്‍പോലെ, അനുരാഗഗാനം പോലെയായിരുന്നു ആ ജീവിതവും. എല്ലാ കാലത്തും സംഗീതത്തിന്റെ ഭക്തനായിരുന്ന അദ്ദേഹത്തിന്റെ പാട്ടുകള്‍ മലയാളികളുടെ മനസ്സില്‍ എന്നെന്നും നിലനില്‍ക്കും.