പഴയ കോണ്‍ഗ്രസ് നേതാക്കളായ ഗാന്ധിജിയും നെഹ്‌റുവുമൊക്കെ ജനങ്ങളോട് ആഹ്വാനം ചെയ്തത് ബ്രിട്ടീഷുകാരോട് പോരാടാനായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാക്കളായ രാഹുലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമൊക്കെ ആഹ്വാനം ചെയ്യുന്നത് ഭാരതഭരണകൂടത്തോട് പോരാടാനാണ്. ദല്‍ഹിയില്‍ പുതിയ എ. ഐ. സി. സി. ഓഫീസ് ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള പ്രസംഗമായതിനാല്‍ കോണ്‍ഗ്രസ്സിന്റെ പുതിയ നയമായി അതിനെ കരുതണമല്ലോ. ഇന്തോറിലെ ഒരു ചടങ്ങില്‍ സംസാരിക്കവെ സ്വാതന്ത്ര്യത്തിലെ ‘സ്വ’ എന്നതിന്റെ അര്‍ത്ഥം സഫലമായത് രാമജന്മഭൂമി പ്രാണപ്രതിഷ്ഠ നടന്നപ്പോഴാണെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞത് രാഹുലിനും ഖാര്‍ഗെക്കും തീരെ പിടിച്ചില്ല. ഭാഗവതിനെ വെറുതെ വിടരുത് എന്ന് അവര്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം രാജ്യദ്രോഹമാണെന്ന് കോണ്‍ഗ്രസ് കോടതി വിധിച്ചു. ഭാഗവത് ഈ രാജ്യത്ത് വഴി നടക്കാന്‍ പാടില്ല എന്ന് എ.ഐ.സി.സി ചീഫ് ജസ്റ്റിസ് ഖാര്‍ഗെ വിധി പ്രഖ്യാപിച്ചു.
ശിക്ഷ അത്രയ്ക്ക് പോര എന്ന് സൂപ്പര്‍ ജഡ്ജി രാഹുലിന് തോന്നി. ഭാഗവതിനെ അറസ്റ്റു ചെയ്യണം. വിചാരണ ചെയ്യുകയും വേണം. ഇതൊന്നും കൂടാതെ ബി.ജെ.പിയോടും ആര്‍.എസ്.എസ്സിനോടും ഭാരതഭരണകൂടത്തോടും പോരാടുകയും വേണം. ആരാണ് പോരാടേണ്ടത്? കോണ്‍ഗ്രസ്സുകാര്‍. രാഹുലിനും അമ്മക്കും അനിയത്തിക്കും എം.പിമാര്‍ എന്ന നിലക്ക് സുഖമായി കഴിയാം. ഖാര്‍ഗെക്കും അങ്ങനെ തന്നെ. എന്നാല്‍ സാദാ കോണ്‍ഗ്രസ്സുകാരുടെ സ്ഥിതി അതാണോ? പത്തു കൊല്ലമായി അധികാരമില്ലാത്തതിനാല്‍ തേരാപാരാ നടക്കുകയാണവര്‍. പതിനഞ്ച് കൊല്ലം മുമ്പ് തറക്കല്ലിട്ട എ. ഐ.സി. സി മന്ദിരത്തിന്റെ പണി ഇപ്പോഴെങ്കിലും ഒരു വിധം പൂര്‍ത്തിയാക്കാനായതിന്റെ കഥ അവര്‍ക്കേ അറിയൂ. 2016-ല്‍ 172 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി 2018- ല്‍ പണി തീരേണ്ട കെട്ടിടമായിരുന്നു. അധികാരം പോയതോടെ എല്ലാം മുടങ്ങി. കെട്ടിടത്തിന്റെ വിലാസത്തില്‍ ദീനദയാല്‍ജി റോഡ് എന്ന് എഴുതുന്നതു നാണക്കേടായതിനാല്‍ അപ്രധാനമായ കോത് ലാ റോഡിലേക്ക് മുഖം തിരിക്കേണ്ടി വന്നത് മറ്റൊരപമാനം. പാര്‍ട്ടിയുടെ സുവര്‍ണകാലത്ത് നെഹ്‌റുവും ഇന്ദിരയും അധികാരത്തിന്റെ ഹുങ്കില്‍ ആര്‍എസ്എസ്സിനെ നിരോധിച്ചെങ്കിലും കടിച്ച പാമ്പിന് വിഷം തിരിച്ചെടുക്കേണ്ടി വന്നു എന്നതാണ് ചരിത്രം. പാര്‍ട്ടിക്ക് തലസ്ഥാനനഗരിയില്‍ ഒരു ഓഫീസ് പോലും സമയത്തിന് പണിയാനാവാത്തവരാണ് ആര്‍എസ്എസ്സിനോട് പോരാടാന്‍ വരുന്നത്.