- വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
- വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
- കാമധേനു ( വിശ്വാമിത്രന്‍ 3)
- കാടിന്റെ സൗന്ദര്യം ആസ്വദിച്ച് (വിശ്വാമിത്രന്‍ 25)
- ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
- വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
- കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)
നാലഞ്ചു ശിഷ്യന്മാര്‍ വഞ്ചിയില്‍നിന്ന് ചില സാധന സാമഗ്രികള്‍ എടുത്ത് തോളത്തേറ്റു ന്നത് അകലെയാണെങ്കിലും നന്നായി കാണാമായിരുന്നു. കാനനത്തിലൂടെ കാല്‍നടയാത്രയ്ക്ക് വിശ്വാമിത്രനെ അനുഗമിക്കാന്‍ അവര്‍ തയ്യാറെടുക്കുകയാണ്. അവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്തശേഷം അപ്പോള്‍ത്തന്നെ അവരില്‍ ചിലരെ ഒപ്പംകൂട്ടി രാമന്റെയും ലക്ഷ്മണന്റെയും അടുത്തേയ്ക്ക് മഹര്‍ഷി വന്നു.
”ഇനിയും കാനനത്തിലൂടെയാണ് നമുക്ക് സഞ്ചരിക്കാനുള്ളത്. കുത്തനെ ഒഴുകുന്ന നദിയിലൂടെ, മുകളിലേയ്ക്കുള്ള യാത്ര ദുഷ്‌ക്കരമാണ്. ഈ കാനനഭൂവിന് അതിന്റേതായ ചില പൂര്‍വ്വിക സംസ്‌കൃതിയുണ്ട്.” രാമന്റെ സമീപത്തെത്തിയപ്പോള്‍ വിശ്വാമിത്രന്‍ പറഞ്ഞു.
”കാനനത്തിനു മാത്രമല്ല, നഗര ങ്ങള്‍ക്കായാലും ഒരു പൂര്‍വ്വ ചരിത്രം ഉണ്ടാകില്ലേ?”രാമന്‍ ചോദിച്ചു.
”ശരിയാണ്. ഓരോ പ്രദേശ ത്തിനും അതിന്റേതായ പൂര്‍വ്വ ചരിത്രമുണ്ട്.”
”ഈ കാനനത്തിനും പൂര്‍വ്വികമായ ചരിത്രമുണ്ടെന്നാണോ അങ്ങ് പറയുന്നത്” ലക്ഷ്മണന്‍ ആകാംക്ഷയോടെ ചോദിച്ചു.
”അതെ. പല സംഭവങ്ങള്‍ക്കും ഈ പ്രദേശം സാക്ഷ്യം വഹിച്ചി ട്ടുണ്ട്. തപസ്സിനാല്‍ നേടിയെടുത്ത വരങ്ങള്‍കൊണ്ട് ആയുസ്സ് നീട്ടിക്കിട്ടിയ മഹര്‍ഷിമാര്‍ക്കുമാത്രം അറിയാവുന്ന സംഭവങ്ങള്‍ ഇവിടെയും അരങ്ങേറിയിട്ടുണ്ട്. അതേക്കുറിച്ച് മനസ്സിലാക്കിയ കാര്യം ഞാന്‍ പറയാം” വിശ്വാമിത്രന്‍ പറഞ്ഞു.
തങ്ങള്‍ കടന്നുപോകുന്ന വനപ്രദേശം ഒരുകാലത്ത് ഏതെങ്കിലും പട്ടണമായിരിക്കുമോ എന്ന് ലക്ഷ്മണന്‍ സംശയിച്ചു. എങ്കിലും ഒന്നും ചോദിച്ചില്ല.
”ഇനിയും നമുക്ക് കടന്നു പോകണ്ട കാനനയാത്ര അത്ര സുഖകരമാവില്ല. നമ്മളെ സഹായിക്കാന്‍ യാത്രയില്‍ ഉടനീളം ഇവരുണ്ടാവും” മുനിയുടെ പിന്നില്‍ നിന്ന ശിഷ്യന്മാരെ നോക്കി വിശ്വാമിത്രന്‍ പറഞ്ഞു. വേഷവിധാനത്തില്‍നിന്ന് അവര്‍ മുനികുമാരന്മാരാണെന്നു തോന്നിയെങ്കിലും അവരുടെ ഉറച്ച പേശികള്‍ മുനിമാരില്‍നിന്നും അവരെ വ്യത്യസ്തരാക്കി. രാമനേയും ലക്ഷ്മണനേയും അവര്‍ തലകുനിച്ച്, കൈകൂപ്പി വന്ദിച്ചു. രാമനും ലക്ഷ്മണനും പുഞ്ചിരിച്ചുകൊണ്ട് അവരെ വണങ്ങി.
”കാനനയാത്രയില്‍ ഏറ്റവും പിന്നില്‍ നടക്കുന്നവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. മുന്നില്‍ നടക്കുന്നവരുടെ നേരെ വന്യമൃഗങ്ങളോ, ശത്രുക്കളോ ചാടിവീണാല്‍ പിന്നില്‍ നടക്കുന്ന ആള്‍ക്ക് അതിനെ നേരിടാന്‍ കഴിയും. പിന്നില്‍ നടക്കുന്നവര്‍ക്ക് ഒരു പിന്‍കണ്ണുകൂടി ആവശ്യമാണ്.” നദിയുടെ തീരത്തുനിന്ന് നടന്ന് കാട്ടിലേയ്ക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് കയറുമ്പോള്‍ വിശ്വാമിത്രന്‍ പറഞ്ഞു.
വര്‍ഷകാലത്ത് മഴവെള്ളം നദിയിലേയ്ക്ക് കുത്തി ഒലിച്ചുവരുമ്പോള്‍ രൂപപ്പെട്ട ആഴമുള്ള ചാലിലൂടെയാണ് അവര്‍ വനത്തിനുള്ളിലേയ്ക്ക് നടന്നു കയറിയത്. രണ്ടുപേര്‍ മുന്നേ നടന്ന് കയ്യിലുള്ള ആയുധംകൊണ്ട് ചെടികളും വള്ളിപ്പടര്‍പ്പുകളും വകഞ്ഞുമാറ്റി നടക്കാനുള്ള വഴി സുഗമമാക്കി. പിന്നാലെ വരുന്ന ശിഷ്യന്മാരുടെ കൈകളിലും ആയുധങ്ങളുണ്ട്.
നദീതീരത്തുനിന്ന് കാടിനുള്ളി ലേയ്ക്കു കടന്നപ്പോള്‍ കൂടുതല്‍ ഉന്മേഷം അനുഭവപ്പെട്ടു. വിശ്വാമിത്രന്‍ ഓരോ അടി വയ്ക്കുന്നതും വളരെ ശ്രദ്ധയോടെ ആണ്. മുമ്പും പിന്‍പും ഇടവും വലവും ദീര്‍ഘമായി ദൃഷ്ടി പായിച്ച് കാനനത്തിന്റെ ഭംഗി നുകര്‍ന്നു കൊണ്ട് നടക്കുമ്പോഴും വല്ല അപകട സാധ്യതയും ഉണ്ടോ എന്നു രാമന്റെ സൂക്ഷ്മ നയനങ്ങള്‍ പരിശോധി ക്കുന്നുണ്ടായിരുന്നു. മുന്നിലും പിന്നിലും യോദ്ധാക്കള്‍ക്ക് സമാനരായ ശിഷ്യര്‍ ഉണ്ടെങ്കിലും മുനിയുടെ സംരക്ഷണച്ചുമതല തന്റെ കയ്യിലാണെന്ന് രാമനറിയാം. അകലെ ആകാശത്തോളം ഉയരത്തില്‍ നില്‍ക്കുന്ന ഒരു വന്‍മരം കണ്ടപ്പോള്‍ രാമന്‍ പെട്ടെന്നു ആ മരത്തെ നോക്കി നിന്നു.
”ലക്ഷ്മണാ, അതാ ആ വന്‍മരം നോക്കൂ” രാമന്‍ പറഞ്ഞു.
”നമ്മള്‍ അതിന്റെ അടു ത്തേയ്ക്കാണ് നടക്കുന്നത്” വിശ്വാമിത്രന്‍ പറഞ്ഞു.
അകലെ ആകാശത്തോളം ഉയന്നുനില്‍ക്കുന്ന ആ മഹാ വൃക്ഷത്തേ കണ്ണെടുക്കാതെ ലക്ഷ്മണന്‍ നോക്കി. അടിയില്‍ നില്‍ക്കുന്ന ചെറുവൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കുമെല്ലാം കുടപിടിച്ച മട്ടില്‍ നില്‍ക്കുന്ന ആ മഹാവൃക്ഷത്തെ രാമനും കൗതുകത്തോടെ നോക്കി. ”ജ്യേഷ്ഠാ, ആ മരത്തിനു ചുവട്ടിലെത്താന്‍ കുറെ ക്ലേശിക്കേണ്ടിവരും” ലക്ഷ്മണന്‍ ജ്യേഷ്ഠന്റെ കാതില്‍ പതുക്കെ പറഞ്ഞു.
കാനനത്തിലൂടെയുള്ള യാത്രകളില്‍ വിശ്രമത്തിനുള്ള ഇടം കണ്ടെത്തുന്നത് മഹാവൃക്ഷങ്ങളുടെ ചുവട്ടിലോ, നദീതീരത്തോ ആണ്. അതിഥികളെ സ്വീകരിക്കാനുള്ള സ്വാഗതഗാനംപോലെ മരക്കൊമ്പിലിരുന്ന പക്ഷികളുടെ മനോഹരമായ പാട്ട് അവര്‍ കേട്ടു. അപരിചിതരെ കണ്ട അത്ഭുതത്തോടെ മരക്കൊമ്പിലിരുന്ന വാനരന്മാര്‍, കണ്ണുതുറിച്ച് അവരെ നോക്കി, മരങ്ങളില്‍നിന്ന് മരങ്ങളിലേയ്ക്ക് ചാടി കടന്നുപോകുന്നുണ്ട്.
ലക്ഷ്മണന്‍ വാനരന്മാരുടെ വികൃതികള്‍ കാണാന്‍ ഒരു നിമിഷം നിന്നു. മരക്കൊമ്പില്‍നിന്ന് ഏതോ ഫലം കൈക്കലാക്കി അത് തൊലി കളഞ്ഞ് കടിച്ചുതിന്നുന്നത് കണ്ടപ്പോള്‍ ഇതുവരെ വിശപ്പ് അനുഭവപ്പെടാത്ത ലക്ഷ്മണനു വിശപ്പ് അനുഭവപ്പെട്ടു. വിശപ്പടക്കാനായി വല്ല വിശേഷ ഫലങ്ങളുമുണ്ടോ എന്ന് ചുറ്റുപാടും നോക്കിക്കൊണ്ടാണ് ലക്ഷ്മണന്‍ നടന്നത്.
മുന്നേ നടക്കുന്നവര്‍, വള്ളിപ്പടര്‍പ്പുകളെ വകഞ്ഞുമാറ്റി യാതൊരു പ്രയാസവുമില്ലാതെയാണ് നടക്കുന്നത്. തങ്ങള്‍ക്ക് നടന്നുവരാന്‍ പ്രയാസമുണ്ടോ എന്ന് അവര്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി ഉറപ്പു വരുത്തുന്നുണ്ട്. അവര്‍ വാനര ഗോത്രത്തില്‍പ്പെട്ടവരാവുമെന്ന് രാമന്‍ ഊഹിച്ചു. വാനരന്മാരെപ്പോലെ കാട്ടിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കാനുള്ള കഴിവ് ഉള്ളതുകൊണ്ടാണ് അവരുടെ ഗോത്രത്തിന് ആ പേരു ലഭിച്ചതെന്ന് കേട്ടിട്ടുണ്ട്.
ഇരു വശങ്ങളിലേയ്ക്ക് നോക്കി നടന്നപ്പോള്‍ രാമന്‍ പെട്ടെന്ന് കാല്‍ വഴുതി വീഴാന്‍ തുടങ്ങി. പിന്നില്‍ നിന്ന ലക്ഷ്മണന്‍ വീഴാതെ ജേഷ്ഠനെ പിടിച്ചപ്പോള്‍ ഇരുവരും ചിരിച്ചു. കുമാരന്മാര്‍ കാടിന്റെ സൗന്ദര്യം ആസ്വദിച്ചു നടക്കുന്നതുകൊണ്ട് വിശ്വാമിത്രന്‍ ഒന്നും സംസാരിച്ചില്ല. മുമ്പേ നടക്കുന്നവര്‍ അകലെക്കണ്ട വന്‍മരത്തെ ലക്ഷ്യമാക്കിയാണ് നടന്നത്.
ഏറെദൂരം നടന്നിട്ടും അവര്‍ക്ക് തെല്ലും ക്ഷീണം അനുഭവപ്പെട്ടില്ല. വന്‍മരത്തിന്റെ ചുവട്ടിലെത്തിയപ്പോള്‍ ശിഷ്യന്മാര്‍ വൃക്ഷച്ചുവട്ടില്‍ തങ്ങളുടെ ഭാണ്ഡം ഇറക്കിവച്ചു. അകലെനിന്നുകണ്ട വൃക്ഷത്തിന്റെ തടിയുടെ വലിപ്പം എത്രയെന്ന് അടുത്തുവന്നപ്പോഴാണ് ലക്ഷ്മണന് ബോധ്യപ്പെട്ടത്.
തോളത്തുനിന്ന് ആയുധങ്ങളടങ്ങിയ ഭാണ്ഡം നിലത്തുവച്ചശേഷം വൃക്ഷത്തിന്റെ ചുവട്ടില്‍നിന്ന് മുകളിലേയ്ക്കു ലക്ഷ്മണന്‍ നോക്കി. ഒരു ആന മറഞ്ഞുനിന്നാലും കാണാന്‍ കഴിയാത്ത, അത്രയും വലിപ്പം ആ വൃക്ഷത്തിനുണ്ട്. അതിശയംകലര്‍ന്ന ഒരു പുഞ്ചിരി ലക്ഷ്മണന്റെ മുഖത്തു വിരിഞ്ഞത് രാമന്‍ ശ്രദ്ധിച്ചു. വൃക്ഷത്തിന്റെ ചുറ്റുവട്ടവും കുറ്റിച്ചെടികളൊക്കെ വെട്ടി വെടിപ്പാക്കി പുല്ലുമെത്ത വിരിച്ച മൈതാനംപോലെ വിശാലമായിട്ടാണ് കിടക്കുന്നത്. അയുധ പരിശീലനവും അവിടെ നടക്കാറുണ്ടെന്ന് ഒറ്റനോട്ടത്തില്‍ ബോധ്യപ്പെട്ടു. മഹാവൃക്ഷത്തെ താങ്ങിനിര്‍ത്താനെന്നവിധം നാലുദിക്കിലേയ്ക്കും ആഴ്ന്നിറങ്ങിയ അതിന്റെ വലിയ വേരുകളുടെ ഉപരിതലം നിലത്തുനിന്നും ഉയര്‍ന്നു നില്‍ക്കുന്ന പാറയുടെ പുറംപേലെ തോന്നി. ആ വേരുകളില്‍ ചാരുകസേരയില്‍ കിടക്കുന്നതുപോലെ നിവര്‍ന്നു കിടക്കാനും ഇരിക്കാനുമുള്ള സൗകര്യമുണ്ട്.
എല്ലാവരും വിശ്രമിക്കാനായി മരച്ചുവട്ടില്‍ ഇരുന്നപ്പോഴും ലക്ഷ്മണന്‍ മരത്തിനുചുറ്റും വെറുതെ നടന്നു. വിശ്വാമിത്രന് അടുത്തായി രാമനും ഇരുന്നു. മറുവശത്തുള്ള വേരുകളില്‍ ശിഷ്യഗണങ്ങളും ഇരുന്നു. അവര്‍ കയ്യില്‍ കരുതിയ ഉണങ്ങിയ ഫലങ്ങള്‍ പുറത്തെടുത്ത് എല്ലാവര്‍ക്കും പങ്കുവച്ചു.
”രാജകുമാരന്മാര്‍ വിദ്യ അഭ്യസിക്കാന്‍ ആശ്രമങ്ങളിലോ, ഗുരുകുലങ്ങളിലോ പോകുന്നത് എന്തിനാണെന്ന് കുമാരന്‍ ആലോചിച്ചിട്ടുണ്ടോ…” ഫലങ്ങള്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വിശ്വാമിത്രന്‍ രാമനോടു ചോദിച്ചു.
മുനി എന്തോ ഗൗരവമായ കാര്യം പറയാന്‍ തുടങ്ങുകയാണെന്ന് മനസ്സിലാക്കി രാമന്‍ ഒന്നും പറയാതെ മുനിയെ നോക്കി.
”അത് ക്ഷത്രിയ പാരമ്പര്യമല്ലേ ഗുരോ…” ജ്യേഷ്ഠന്‍ മൗനമായതു കണ്ട് ലക്ഷ്മണന്‍ പറഞ്ഞു.
”എല്ലാവരുടെയും ലാളനയേറ്റ് എല്ലാ ഇഷ്ടങ്ങളും നേടിയെടുത്ത് സുഖമായി കഴിയേണ്ട രാജകുമാരന്മാര്‍ കാനനത്തിലെ ആശ്രമങ്ങളില്‍ മിതമായി ഭക്ഷണം കഴിച്ച് പ്രകൃതിയോട് ഇണങ്ങി പുല്ലിലും പുല്‍ക്കുടിലിലും വിദ്യ അഭ്യസിക്കാന്‍ നിയോഗിക്കുന്ന രാജനീതിയുടെ പിന്നിലുള്ള ലക്ഷ്യം എന്താണ്?” ചോദ്യം വിശദീകരിച്ചുകൊണ്ട് വിശ്വാമിത്രന്‍ ലക്ഷ്മണനെ നോക്കി.
”അറിയാം ഗുരോ. ആശ്രമത്തിലെ ഗുരു, ജ്ഞാനം നല്‍കുന്ന ആചാര്യന്‍ മാത്രമല്ലല്ലോ? പിതാവും, ആശ്രയ ദാതാവും, അന്നദാതാവും, ആയി ഗുരു മാറുന്നില്ലേ? ” രാമന്‍ പറഞ്ഞു.
”അതുകൊണ്ട്..?”
”അതുകൊണ്ട്, അവരുടെ ജീവിതരീതിക്ക് ഉദാത്തത കൈവരും. വിവേകവും ഗുരുവിനോടുള്ള ആദരവും അവരില്‍നിന്ന് ഒരിക്കലും നഷ്ടപ്പെടില്ല” രാമന്‍ പറഞ്ഞു.
”വസിഷ്ഠാശ്രമത്തില്‍ സ്ഥിരതാമസമാക്കിയാണോ കുമാരന്മാര്‍ വിദ്യ അഭ്യസിച്ചത്?” വിശ്വാമിത്രന്‍ ചോദിച്ചു.
അല്ലെന്നും ആണെന്നും രാമന്‍ പറഞ്ഞില്ല. കാരണം കൊട്ടാരത്തിനോട് ചേര്‍ന്നുള്ള വസിഷ്ഠന്റെ ആശ്രമം കാനനത്തിലെ ആശ്രമത്തിന് തുല്യമാണെങ്കിലും അത് കാനനത്തിലെ ആശ്രമത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. കാനനാശ്രമത്തെപ്പോലെ എല്ലാകാര്യങ്ങളും സ്വയം നിര്‍വ്വഹിച്ച് ഗുരുവിനും ഗുരുകുലത്തിനുംവേണ്ടി അധ്വാനിച്ചും മറ്റുള്ളവരെ സഹായിച്ചും രാത്രിയും പകലും ഗുരുകുലത്തില്‍ താമസിച്ചല്ല തങ്ങള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്ന് രാമനറിയാം. അതൊരു കുറവായിട്ടാണ് രാമന് തോന്നിയത്.
”കൊട്ടാരത്തില്‍ എത്തി ഗുരു വിദ്യ നല്‍കുമ്പോള്‍ കുട്ടിയെ സംബന്ധിച്ച് ഗുരു അവനു വിദ്യാഭ്യാസം നല്‍കുന്ന രാജകീയ ഉദ്യോഗസ്ഥന്‍ മാത്രമാണ്. താന്‍ ഭാവിയിലെ രാജാവാണ് എന്ന മട്ടില്‍ അവന്‍ ഗുരുവിനോടു അഹങ്കാരത്തോടെ പെരുമാറാനും ഇടയുണ്ട്. അക്കാരണത്താല്‍ രാജഗുരുക്കന്മാര്‍ അവരുടെ ധര്‍മ്മത്തില്‍നിന്നു ഒളിച്ചോടാനും സാധ്യതയുണ്ട്. ജ്ഞാനം സാത്വികതയോടൊപ്പം വളരേണ്ടതാണ്. ബുദ്ധിയും ശക്തിയും വിവേകത്തോടൊപ്പമാണ് വളരേണ്ടത്. അങ്ങനെ വളര്‍ന്നില്ലെങ്കില്‍, സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ പെടുമ്പോള്‍ അവിവേകം പ്രവര്‍ത്തിക്കാന്‍ ഇടയാകും” വിശ്വാമിത്രന്‍ പറഞ്ഞു.
ഗുരു ഇപ്പോള്‍ എന്തിനാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്ന് ലക്ഷ്മണന് മനസ്സിലായില്ല. എന്നാല്‍ വിശ്വാമിത്രന്‍ പറഞ്ഞതിന്റെ പൊരുള്‍ രാമന് മനസ്സിലായി. രാമന്‍ ഒന്നും പറയാതെ ഗുരു പറയുന്നതു ശ്രദ്ധയോടെ കേട്ടിരുന്നു. ചില സന്ദര്‍ഭങ്ങളില്‍, വസിഷ്ഠനെക്കുറിച്ചു പറയുമ്പോള്‍ വിശ്വാമിത്രന്‍ ബഹുമാനമില്ലാതെ സംസാരിക്കുന്നത് ലക്ഷ്മണന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതിനോട് ലക്ഷ്മണന് യോജിക്കാന്‍ കഴിഞ്ഞില്ല.
”രാമാ, മനുഷ്യനെ ദേവനാക്കി ഉയര്‍ത്താനാണ് ഋഷിമാര്‍ ശസ്ത്രവും ശാസ്ത്രവും, കലയും കൗശലവും, വിദ്യയോടും ജ്ഞാനത്തോടും ഇണക്കിച്ചേര്‍ത്തിരിക്കുന്നത്. ഇല്ലെങ്കില്‍ നികൃഷ്ടമായ വികാരത്തോടെ വളരുന്ന മനുഷ്യരില്‍ ഉദാത്തത വളര്‍ത്തിയെടുക്കാന്‍ ആവില്ല. ഉദാത്തത അസ്തമിക്കുമ്പോഴാണ് മനുഷ്യന്‍ രാക്ഷസനാകുന്നത്.”
മുനിയുടെ വാക്കുകളുടെ പൊരുള്‍തേടി രാമന്‍ ശിരസ്സ് കുനിച്ച് മൗനമായിരുന്നു. ഗൗരവമായ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ രാമന്‍ കണ്ണടച്ച് ശിരസ്സ് ഉയര്‍ത്തി ആകാശത്തിലേയ്ക്കുനോക്കും. അല്ലെങ്കില്‍ തല കുനിച്ച് ഭൂമിയിലേയ്ക്കു നോക്കും.
”രാജകൊട്ടാരത്തില്‍ ഗുരു ഒരു ദാസനെപ്പോലെ ആകാന്‍ ഇടയുണ്ട്. രാജാവ് ഒരുക്കുന്ന എല്ലാവിധ സുഖസൗകര്യങ്ങളോടെയുമാണ് ഗുരു കൊട്ടാരത്തില്‍ കഴിയുന്നത്. എന്നാല്‍ ഗുരുവിന്റെ മനസ്സില്‍ ഒരു കച്ചവടക്കാരന്റെ മനോഭാവം വളരാനും ഇടയുണ്ട്. ഗുരു തന്റെ ജ്ഞാനത്തെ പ്രതിഫലം വാങ്ങി വെറും കച്ചവട ചരക്കാക്കി മാറ്റുമ്പോള്‍ ഉദാത്തത നഷ്ടമാവുന്നു. ശിഷ്യന്മാരെയെല്ലാം തുല്യരായിക്കണ്ട് അവരെ ആകാശത്തോളം വളരാന്‍ സഹായിക്കുന്ന ആശ്രമത്തിലെ ഗുരുവും കൊട്ടാരത്തിലെ ഗുരുവും എങ്ങനെ ഒരുപോലാകും രാമാ…?”
രാജാക്കന്മാര്‍ക്കു മുകളിലാണ് എന്നും ഗുരുക്കന്മാരുടെ സ്ഥാനമെന്ന് രാമനറിയാം. രാജാക്കന്മാര്‍ക്ക് ഋഷിജ്ഞാനമുണ്ടാകുന്നത് കുട്ടിക്കാലത്തു കിട്ടിയ വിദ്യാഭ്യാസത്തിലൂടെയാണ്. ഗുരു പറയുന്നത് ശ്രദ്ധയോടെ രാമന്‍ കേട്ടിരുന്നെങ്കിലും ലക്ഷ്മണന്റെ മനസ്സ് മറ്റു പലതിലേയ്ക്കും വഴുതിപ്പോയി. വിശ്വാമിത്രന്‍ രാമനോടാണ് ന്യായവാദം നടത്തുന്നതെങ്കിലും വൃക്ഷച്ചുവട്ടിലിരിക്കുന്ന എല്ലാവര്‍ക്കും അത് കേള്‍ക്കാമായിരുന്നു. ചര്‍ച്ചചെയ്യുന്ന വിഷയത്തോട് താല്പര്യമില്ലാത്ത മട്ടില്‍ ലക്ഷ്മണന്‍ എഴുന്നേറ്റ് ചുറ്റും നോക്കി. ”ഈ പ്രദേശത്തിന് എന്ത് പ്രത്യേകതയാണ് ഉള്ളതു ഗുരോ?” മറ്റൊരു വിഷയത്തിലേയ്ക്കു ശ്രദ്ധ ക്ഷണിക്കാനാണ് ലക്ഷ്മണന്‍ ശ്രമിച്ചത്.
ലക്ഷ്മണന്റെ അസ്ഥാനത്തുള്ള ചോദ്യം ഇഷ്ടമാകാത്ത മട്ടില്‍ രാമന്‍ ലക്ഷ്മണനെ നോക്കി. ജ്യേഷ്ഠന്റെ മുഖത്തു രൂപപ്പെടുന്ന ചെറിയമാറ്റംപോലും ലക്ഷ്മണന് തിരിച്ചറിയാന്‍ കഴിയും. ലക്ഷ്മണന്‍ കുറ്റബോധത്തോടെ മിണ്ടാതെ നിന്നു.
”കുമാരാ, പരിപാവനമായ ഒരു സംഭവത്തിന് ഒരിക്കല്‍ ഈ പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കാര്‍ത്തവീര്യാര്‍ജ്ജുനനുമായുള്ള യുദ്ധത്തിന് പുറപ്പെടുംമുന്‍പ് ഭഗവാന്‍ പരശുരാമന്‍, വാമനനെ പ്രാര്‍ത്ഥിച്ചത് ഇവിടെ വച്ചായിരുന്നു. രാജഗുരുവില്‍നിന്ന് അത് നിങ്ങള്‍ കേട്ടിട്ടുണ്ടാവും.”
തന്റെ സംശയത്തിന് വിശ്വാമിത്രന്‍ മറുപടി പറഞ്ഞപ്പോള്‍ ലക്ഷ്മണന് സന്തോഷമായി. ആ സംഭവം എന്തെന്നറിയാന്‍ കൗതുകത്തോടെ മുനിയെ നോക്കി. എന്നാല്‍ മുനി യാത്ര തുടരാന്‍ എഴുന്നേറ്റപ്പോള്‍ ലക്ഷ്മണന്‍ നിരാശനായി.
”ക്ഷീണം അകന്നെങ്കില്‍ യാത്ര തുടരാം. ഇവിടെനിന്നും നാലഞ്ചുനാഴിക നടന്നാല്‍ ഒരു നദീതീരത്തെത്തും. ഇന്നു രാത്രി നമുക്ക് ആ നദിയുടെ തീരത്തുതന്നെ തങ്ങാം.” വിശ്വാമിത്രന്‍ പറഞ്ഞു.
”രാത്രിയില്‍ ഈ വൃക്ഷച്ചുവട്ടിലാകും തങ്ങുക എന്നാണ് ഞാന്‍ കരുതിയത്.” ലക്ഷ്മണന്‍ ജ്യേഷ്ഠന്റെ ചെവിയില്‍ പതുക്കെ പറഞ്ഞു.
”രാത്രിയിലെ വിശ്രമത്തിന് നിബിഡവനങ്ങള്‍ അനുയോജ്യമല്ല.” രാമന്‍ പറഞ്ഞു.
രാത്രിയില്‍ വൃക്ഷച്ചുവട്ടില്‍ വിശ്രമം അരുതെന്ന് ആചാര്യന്‍ പണ്ടു പറഞ്ഞത് ലക്ഷ്മണന്‍ ഓര്‍ത്തു. എല്ലാവരും പോകാനായി എഴുന്നേറ്റു. ശിഷ്യന്മാര്‍ നിലത്തുനിന്നും ഭാണ്ഡക്കെട്ടുകള്‍ തോളത്തേറ്റുന്നതു കണ്ടമ്പോള്‍ അവയ്ക്ക് വല്ലാത്ത ഭാരമുണ്ടെന്ന് തോന്നി. ഏറ്റവും മുന്നിലായി വിശ്വാമിത്രനാണ് നടന്നത്. മുന്നിലായി എപ്പോഴും നടക്കുന്ന ശിഷ്യന്മാര്‍ അപ്പോള്‍ എല്ലാവരുടെയും പിന്നാലെയ്ക്കുമാറി.
നദീതീരം ലക്ഷ്യമാക്കി നടക്കുമ്പോള്‍ വിശ്വാമിത്രന്‍ മൗനം പാലിച്ചു. അവരുടെ കാലടി ഒച്ച അല്ലാതെ മറ്റൊന്നും കേട്ടില്ല. പക്ഷികളുടെ കൂജനംപോലും കേള്‍ക്കാന്‍ കഴിഞ്ഞില്ല. പ്രകൃതിപോലും ബഹുമാനത്തോടെ നിശ്ശബ്ദത പുലര്‍ത്തുന്നു. കുറെ ദൂരം നടന്നപ്പോള്‍ വെള്ളമൊഴുകുന്ന ശബ്ദം ആ നിശ്ശബ്ദതയില്‍ അവരുടെ കാതുകളില്‍ വന്നലച്ചു. എങ്കിലും കുറെദൂരം നടന്നാണ് നദിയുടെ തീരത്തെത്തിയത്.
ഒഴുകുന്ന ജലത്തിന്റെ അളവുനോക്കിയാല്‍ ചെറിയ നദിയാണ്. എന്നാല്‍ ഒരു മഹാനദിക്ക് ചേര്‍ന്ന മട്ടിലുള്ള വിശാലമായ മണല്‍ത്തിട്ടയാണ് മുന്നില്‍ കണ്ടത്. ഭാണ്ഡക്കെട്ടുകള്‍ ഇറക്കിവച്ച് രാത്രി വിശ്രമിക്കാനുള്ള സ്ഥലം ഒരുക്കുന്നതില്‍ വിശ്വാമിത്രശിഷ്യന്മാര്‍ പെട്ടെന്ന് വ്യാപൃതരായി. മുന്‍കൂട്ടി ഉറപ്പിച്ച മട്ടിലാണ് അവര്‍ ഓരോ പ്രവൃത്തിയും ചെയ്യുന്നത്.
രാത്രിയില്‍ ഹിംസ്രമൃഗങ്ങളുടെ ഉപദ്രവം അവിചാരിതമായി ഉണ്ടായാലും അതിനെ നേരിടാന്‍ പുഴയുടെ തീരമാണ് ഉചിതം. പുഴയോരത്തെ പുല്‍പ്പരപ്പില്‍ താല്ക്കാലികമായി ഉണ്ടാക്കുന്ന കുടിലുകളില്‍ രാത്രിയില്‍ ഉറങ്ങുന്നത് കൊട്ടാരത്തിലെ പട്ടുമെത്തയില്‍ കിടക്കുന്നതിനെക്കാള്‍ സുഖകരമായിരിക്കുമെന്നോര്‍ത്ത് രാമന്‍ സന്തോഷിച്ചു.
”അല്പസമയം ഈ പുഴയുടെ തീരത്തുനിന്ന് എനിക്ക് ഗുരുപൂജ ചെയ്യേണ്ടതുണ്ട്. അതിനുശേഷം ഈ പ്രദേശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാം” വിശ്വാമിത്രന്‍ പറഞ്ഞു.
ഭാണ്ഡം ശിഷ്യന്മാരെ ഏല്‍പിച്ചശേഷം വിശ്വാമിത്രന്‍ നദിയില്‍ ഇറങ്ങി മുന്നോട്ടു നടന്ന് കൈക്കുമ്പിളില്‍ ജലമെടുത്തു. ഒരു കാലില്‍ സൂര്യന് അഭിമുഖമായി നിന്നുകൊണ്ട് ധ്യാനത്തില്‍ മുഴുകി.
ലക്ഷ്മണന്‍ കുടിലുണ്ടാക്കുന്ന ശിഷ്യന്മാരെ സഹായിക്കാനായി അവരോടൊപ്പം ചേര്‍ന്നു. എല്ലാവരില്‍നിന്നും അകന്നുമാറി രാമന്‍ മണല്‍ത്തട്ടിലൂടെ നടന്നു. പരശുരാമന്‍ കാര്‍ത്ത വീര്യാര്‍ജ്ജുനനെ വധിക്കാനുണ്ടായ സംഭവങ്ങള്‍ മനസ്സിലേയ്ക്ക് കടന്നുവന്നപ്പോള്‍ രാമന്‍ പൂഴി മണ്ണില്‍ ചമ്രംപടിഞ്ഞിരുന്നു.