വനാതിര്‍ത്തിവരെ രാജകുമാരന്മാരേയും വിശ്വാമിത്രനേയും അയോദ്ധ്യയിലെ സേനാവിഭാഗവും കൊട്ടാരനിവാസികളും അനുഗമിച്ചു. സരയൂനദിയുടെ തീരത്ത് എത്തിയപ്പോള്‍ അനുയാത്ര നടത്തിയവരെയെല്ലാം മടക്കി അയക്കാന്‍ വിശ്വാമിത്രന്‍ രാമന് നിര്‍ദ്ദേശം നല്‍കി.
മുനിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് അനുഗമിച്ചവരോടെല്ലാം രാമന്‍ സ്‌നേഹവാക്കുകള്‍ പറഞ്ഞ് മടക്കി അയച്ചു. എല്ലാവരും മടങ്ങിപ്പോയപ്പോഴാണ് ലക്ഷ്മണന്‍ തന്നോടൊപ്പം പുറപ്പെടാന്‍ തയ്യാറായത് എത്ര നന്നായി എന്ന് രാമന്‍ ആലോചിച്ചത്. യജ്ഞ സംരക്ഷണത്തിനാണ് സിദ്ധാശ്രമത്തിലേയ്ക്ക് പോകുന്നത്, എന്നുമാത്രമേ ലക്ഷ്മണന്‍ മനസ്സിലാക്കിയിട്ടുള്ളു. വിശ്വാമിത്രന്‍ ദശരഥനോടു പറഞ്ഞതും അതുമാത്രമാണ്. എന്നാല്‍ യഥാര്‍ത്ഥ ഉദ്ദേശ്യം അതുമാത്രമല്ലെന്ന് ലക്ഷ്മണനോടു പറയാനുള്ള സന്ദര്‍ഭം രാമന് ലഭിച്ചില്ല. മുനിമാരുമായി നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് സന്ദര്‍ഭം വരുമ്പോള്‍ അനുജനോടു പറയണമെന്ന് രാമന്‍ മനസ്സില്‍ ഉറച്ചു.
യാത്രക്കാരെ പ്രതീക്ഷിച്ചിട്ടെന്നപോലെ രണ്ടു തോണികള്‍ സരയൂ നദിയുടെ തീരത്ത് കിടക്കുന്നത് രാമന്‍ കണ്ടു. വിശ്വാമിത്രന്‍ അതില്‍ മുന്നില്‍ കിടക്കുന്ന തോണിയുടെ അടുത്തേയ്ക്കാണ് നടന്നത്. എല്ലാം മുന്‍കൂട്ടി സജ്ജമാക്കിയതാണെന്ന് വ്യക്തം.
”രാമാ, നമ്മളെ പ്രതീക്ഷിച്ച് കിടക്കുന്ന ആ തോണിയില്‍ കയറി കുറച്ചുദൂരം യാത്ര ചെയ്തശേഷം നമുക്ക് അക്കരെ കടക്കാം ” വിശ്വാമിത്രന്‍ പറഞ്ഞു.
രാമനും ലക്ഷ്മണനും ഒന്നും പറയാതെ വിശ്വാമിത്രന്റെ പിന്നാലെ വഞ്ചിയെ ലക്ഷ്യമാക്കി നടന്നു. തീരത്തോടു അടുപ്പിച്ചിട്ടിരുന്ന വഞ്ചിയില്‍ ഉത്സാഹത്തോടെ ലക്ഷ്മണനാണ് ആദ്യം കയറിയത്. മറ്റെ വഞ്ചി അവരില്‍നിന്നും അരകാതം പിറകിലാണ് കിടന്നത്. അതില്‍ കുറെ ആളുകളും ഉണ്ട്. രാമന്‍ നദിയില്‍നിന്ന് കൈക്കുമ്പിളില്‍ ജലമെടുത്ത് ജലദേവതയെ ധ്യാനിച്ചശേഷം വഞ്ചിയിലേയ്ക്കു കയറി. തോണിയില്‍ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടം കണ്ടപ്പോള്‍ ആ തോണി വിശ്വാമിത്രനുവേണ്ടി മാത്രം സജ്ജമാക്കിയിട്ടുള്ളതാണെന്ന് മനസ്സിലായി.
രാമന്‍ നദിയെ വന്ദിക്കുന്നതു കണ്ടപ്പോഴാണ് താന്‍ അതു മറന്നല്ലോ എന്ന് ലക്ഷ്മണന്‍ ഓര്‍ത്തത്. വഞ്ചിയില്‍ നിന്നിറങ്ങി ജലമെടുത്ത് പ്രണമിച്ചാലോ എന്ന് ആലോചിച്ചു. തിരികെ ഇറങ്ങുന്നത് അശുഭമാണെന്ന് മനസ്സിലാക്കി ലക്ഷ്മണന്‍ അതിന് മുതിര്‍ന്നില്ല.
നാലഞ്ചുതുഴക്കാര്‍ തുഴയും കയ്യിലേന്തി, വിശ്വാമിത്രന്റെ അനുവാദത്തിനായി കാത്തുനിന്നു. പുറപ്പെടാം എന്ന മട്ടില്‍ ആംഗ്യം കാട്ടിയപ്പോള്‍ തുഴക്കാരില്‍ ഒരാള്‍ പെട്ടെന്ന് കരയിലേയ്ക്കിറങ്ങി മണല്‍ത്തിട്ടില്‍ ഉറച്ചിരിക്കുന്ന തോണിയെ തന്റെ സര്‍വ്വശക്തിയും ഉപയോഗിച്ച് പുഴയിലേയ്ക്കു ഉന്തിയിറക്കാന്‍ ശ്രമിച്ചു. അയാളെ സഹായിക്കാന്‍ തോണിയില്‍നിന്ന് ഇറങ്ങിയാലോ എന്ന് രാമന്‍ ആലോചിച്ചു. എന്നാല്‍ നിമിഷനേരംകൊണ്ട് അയാള്‍ തോണി ഉന്തി ജലത്തിലിറക്കി പെട്ടെന്ന് തോണിയില്‍ കയറി തുഴയാന്‍ തുടങ്ങി.
വഞ്ചി പതുക്കെ നീങ്ങിയപ്പോള്‍ ഓളങ്ങള്‍ കരയിലേയ്ക്കു കയറി ചെറുശബ്ദമുണ്ടാക്കി. സാവകാശം നീങ്ങുന്ന വഞ്ചിയില്‍ എഴുന്നേറ്റുനിന്ന് രാമന്‍ ചുറ്റുപാടും വീക്ഷിച്ചു. ഒരേ താളത്തില്‍ തുഴക്കാര്‍ വഞ്ചി തുഴയുന്നതും നോക്കി ലക്ഷ്മണന്‍ മിണ്ടാതിരുന്നു. വഞ്ചി വേഗത്തില്‍ നീങ്ങിയപ്പോഴും വഞ്ചിയില്‍ ഇരിക്കാന്‍ കൂട്ടാക്കാതെ എഴുന്നേറ്റുനിന്ന് അകലേയ്ക്കു നോക്കി നദിയുടെ സൗന്ദര്യം സന്തോഷത്തോടെ ആസ്വദിക്കുന്ന രാമനെ നോക്കി വിശ്വാമിത്രന്‍ പുഞ്ചിരിച്ചു.
വിശ്വാമിത്രന്‍ വഞ്ചി തുഴയുന്നവരോട് സംസാരിച്ചത് കേട്ടപ്പോള്‍, അവരെല്ലാം വിശ്വാമിത്രന്റെ ശിഷ്യന്മാരാണെന്ന് വ്യക്തമായി. വേഷവിധാനത്തിലും ശരീര ഘടനയിലും അവര്‍ ആശ്രമവാസികളാണെന്ന് ഊഹിക്കാന്‍ കഴിഞ്ഞില്ല. ഒരു ചെറു തോണി തുഴയാന്‍ നാലഞ്ചു തുഴക്കാര്‍ എന്തിനാണെന്ന് സംശയം ഉദിച്ചുവെങ്കിലും അതേക്കുറിച്ച് ഒന്നും ചോദിച്ചില്ല. എല്ലാകാര്യങ്ങളും വളരെ കൃത്യതയോടെ ചിട്ടപ്പെടുത്തിയ സമയക്രമം അനുസരിച്ചാണ് മുനി നിര്‍വ്വഹിക്കുന്നതെന്ന് തുഴയുന്ന ശിഷ്യന്മാര്‍ക്ക് കൊടുക്കുന്ന നിര്‍ദ്ദേശത്തില്‍നിന്നും രാമന് മനസ്സിലായി.
വിശ്വാമിത്രന്‍ ഒന്നിലധികം ആശ്രമങ്ങളുടെ ആചാര്യനാണെന്നും എന്നാല്‍ അതില്‍ മുഖ്യമായിട്ടുള്ളതും കൂടുതല്‍ സമയം ചെലവഴിക്കുന്നതും സിദ്ധാശ്രമമാണെന്നും വസിഷ്ഠനില്‍നിന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു. അത്തരത്തിലുള്ള ഉപ ആശ്രമങ്ങള്‍വഴിയാണ് വനവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ളതെല്ലാം വിശ്വാമിത്രന്‍ ചെയ്യുന്നത്. വിദ്യാഭ്യാസവും ഒപ്പം ആയുധ പരിശീലനവും മാത്രമല്ല, കാര്‍ഷിക വൃത്തിയെ സംബന്ധിച്ചുള്ള പുതിയ അറിവുകളും നല്‍കാനാണ് സിദ്ധാശ്രമത്തിന് സമാനമായി ചെറിയ ചെറിയ ആശ്രമങ്ങള്‍ വിശ്വാമിത്രന്‍ നടത്തുന്നത്.
സരയൂ നദിയിലൂടെ തോണി പതുക്കെ നീങ്ങുമ്പോള്‍ ലക്ഷ്മണന്‍ നദിയുടെ ഇരു കരയിലുമുള്ള നിബിഢമായ കാനനത്തിലേയ്ക്ക് കണ്ണും നട്ട് അതുവരെ അനുഭവിക്കാത്ത ദിവ്യമായ കാഴ്ചകളില്‍ ലയിച്ചിരുന്നു. ആഴമുള്ള നദിയില്‍നിന്ന് ശുദ്ധമായ ജലം ലക്ഷ്മണന്‍ കൈക്കുമ്പിളില്‍ കോരിയെടുത്ത് ജ്യേഷ്ഠന്റെ മുഖത്തേയ്ക്കു നോക്കി. രാമന്‍ അപ്പോഴും മറ്റെതോ ചിന്തയിലായിരുന്നു.
കോസലാതിര്‍ത്തി പിന്നിട്ട് വനാന്തരത്തിലേയ്ക്കു കടന്നപ്പോള്‍ ഒഴുക്കിനെതിരെ പതുക്കെയാണ് വഞ്ചി നീങ്ങിയത്. ഒഴുക്കിനെ ഭേദിച്ചുകൊണ്ട് തുഴയുക ക്ലേശകരമാണെന്ന് വഞ്ചി തുഴയുന്നവരെ നോക്കിയപ്പോള്‍ ബോധ്യപ്പെട്ടു. നാലഞ്ചു തുഴക്കാരുടെ ആവശ്യം എന്തിനെന്ന് രാമന്‍ നേരത്തെ ചിന്തിച്ചിരുന്നു. തന്റെ സമീപത്ത് വന്നിരിക്കാന്‍ വിശ്വാമിത്രന്‍ രാമനെ ക്ഷണിച്ചു. തന്നോട് എന്തോ പറയാനാണ് മുനി വിളിച്ചതെന്ന് രാമന് മനസ്സിലായി.
”കുമാരാ, ഞാന്‍ പറയുന്നത് നീ ശ്രദ്ധയോടെ കേള്‍ക്കണം. ഞാന്‍ പറയുന്നതില്‍ എന്തെങ്കിലും അവ്യക്തത ഉണ്ടെന്നു തോന്നിയാല്‍ അതേക്കുറിച്ച് മടികൂടാതെ ചോദിക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്” വിശ്വാമിത്രന്‍ പുഞ്ചിരിച്ചുകൊണ്ട് രാമനോട് കൂടുതല്‍ ചേര്‍ന്നിരുന്നുകൊണ്ട് പറഞ്ഞു.
മറ്റൊരാളുടെ അഭിപ്രായത്തെ മാനിക്കാന്‍ താന്‍ ഒരുക്കമാണെന്നു വിശ്വാമിത്രന്‍ പറഞ്ഞപ്പോള്‍ പറയാന്‍വരുന്ന കാര്യം എന്തെന്ന് രാമന് ഊഹിക്കാന്‍ കഴിഞ്ഞില്ല.
”നഗരവാസികളില്‍ ബഹുഭൂരിപക്ഷവും മാനവീയ ദര്‍ശനങ്ങളെ കൈവിടുന്നതില്‍ മടി കാണിക്കാത്തവരാണ്. അത്തരം ദുരവസ്ഥ ഗ്രാമീണരിലേയ്ക്കും കാനനവാസികളിലേയ്ക്കും പടരുന്നുണ്ട്. ആര്യാവര്‍ത്തത്തിലെ രാജാക്കന്മാരും സുഖാന്വേഷകരായി മാറുന്നുണ്ട്. സാമ്രാട്ടാണെന്ന് അവകാശപ്പെടുന്നവരും സമുദ്രം കടന്ന് രാജ്യം വിസ്തൃതമാക്കാന്‍ ശേഷിയില്ലാത്തവരാണ്. വനവാസികളുടെ പ്രബല രാജ്യമായ കിഷ്‌കിന്ധയില്‍ എന്തു നടക്കുന്നു എന്നു പോലും അവര്‍ക്കറിയില്ല. പല രാജാക്കന്മാരുടെയും ജലസൈന്യം വളരെ ശുഷ്‌കമാണ്. ജലസൈന്യത്താല്‍ ശക്തനായ രാവണന്‍ ഒരു നീതിബോധവുമില്ലാതെ ആര്യാവര്‍ത്തത്തിലെ ചക്രവര്‍ത്തിമാരേക്കാള്‍ ശക്തനായിട്ടാണ് ലങ്കയില്‍ കഴിയുന്നത്” വിശാമിത്രന്‍ അത്രയും പറഞ്ഞ് ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.
തന്റെ പ്രതികരണം എന്തെന്ന് അറിയാനാണോ മുനി പെട്ടെന്ന് നിര്‍ത്തിയത് എന്ന് രാമന്‍ സംശയിച്ചു. പറയാന്‍ വന്നകാര്യം പൂര്‍ത്തിയാക്കാനെന്ന മട്ടില്‍ മുനി നിവര്‍ന്നിരുന്നു. രാവണനെക്കുറിച്ച് പലതും കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ രാവണനെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് ആഗ്രച്ചിട്ടുണ്ട്. മുനിയുടെ ദീര്‍ഘനിശ്വാസത്തില്‍ പലതും ഒളിഞ്ഞിരിക്കുന്നുണ്ട്. മുനി പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാന്‍ രാമന്‍ കാതു കൂര്‍പ്പിച്ചിരുന്നു.
”വനവാസികളുടെ അവസ്ഥ വളരെ ദയനീയമാണ്. വിശപ്പിന്റെയും രോഗത്തിന്റെയും പിടിയില്‍ അവര്‍ യാതന അനുഭവിക്കുകയാണ്. അവരുടെ ഇടയില്‍ അറിവും ഉണര്‍വ്വും സംസ്‌കാരവും എത്തിക്കാന്‍ മുനിമാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിക്കുന്ന മട്ടില്‍ വിജയം വരിക്കുന്നില്ല.”
ഇക്കാര്യം വിശ്വാമിത്രനില്‍നിന്ന് മുമ്പ് കേട്ടപ്പോള്‍ അതേക്കുറിച്ച് കൂടുതലായി എന്തെങ്കിലും ചോദിക്കാന്‍ തോന്നിയില്ല. എന്നാല്‍ ഇപ്പോള്‍ വിശദമായി അതെല്ലാം മനസ്സിലാക്കാന്‍ രാമന്‍ മനസ്സില്‍ ഉറച്ചിരുന്നു.
”മഹര്‍ഷേ, ഒരു സംശയം. ഒരാള്‍ സ്വന്തം ജീവിതം, കൂടുതല്‍ മികവുള്ളതാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനം ഏതാണ്?”
താന്‍ പറയാന്‍ ആഗ്രഹിച്ച വിഷയത്തില്‍നിന്ന് വേറിട്ട ചോദ്യം കേട്ട് ഇഷ്ടമാകാത്ത മട്ടിലുള്ള ഭാവം രാമന്‍ ശ്രദ്ധിച്ചു. തന്റെ ചോദ്യം താന്‍ ഉദ്ദേശിച്ച രീതിയിലല്ലേ ഗുരു മനസ്സിലാക്കിയതെന്ന് രാമന്‍ സംശയിച്ചു.
”മികച്ചത് എന്നതുകൊണ്ട് എന്താണ് കുമാരന്‍ അര്‍ഥമാക്കുന്നത്? ഓരോരുത്തരുടെ വീക്ഷണത്തിനു അനുസരിച്ചല്ലേ അത് നിലകൊള്ളുന്നത്?” താന്‍ ഗൗരവമായി പറയാന്‍ വന്ന കാര്യത്തില്‍നിന്നും രാമന്റെ ചിന്ത വേറിട്ട് സഞ്ചരിക്കുന്നതിലുള്ള അതൃപ്തി വിശ്വാമിത്രന്റെ ശബ്ദത്തിനുണ്ടായിരുന്നു.
അല്പനേരം രണ്ടാളും ഒന്നും പറഞ്ഞില്ല. വിശ്വാമിത്രന്‍ പുഴയില്‍നിന്ന് അല്പം ജലം കൈകൊണ്ടുകോരി വലതുകയ്യില്‍നിന്നും ഇടതുകയ്യിലേയ്ക്കു പകര്‍ന്നു. വീണ്ടും ഇടുതു കയ്യില്‍നിന്നും വലതുകയ്യിലേയ്ക്കും പകര്‍ന്നു. ഇത് പലവട്ടം ആവര്‍ത്തിച്ചപ്പോഴേയ്ക്കും പകരാന്‍ കയ്യില്‍ ജലം അവശേഷിച്ചില്ല. മുനി അപ്പോള്‍ അങ്ങനെ ചെയ്തത് ചില കാര്യങ്ങള്‍ തന്നെ ബോധ്യപ്പെടുത്താനാണെന്ന് രാമന് മനസ്സിലായി.
”കുമാരാ, ഈ ഭുമിയില്‍ പിറന്നുവീഴുന്ന ഓരോരുത്തര്‍ക്കും, ഏതെങ്കിലുമൊരു ദൈവനിയോഗം നിറവേറ്റാനുണ്ട്. പക്ഷേ, ആ നിയോഗം എന്തെന്ന് തിരിച്ചറിയാതെയാണ് അവര്‍ കര്‍മ്മങ്ങളില്‍ മുഴുകുന്നത്. ചിലര്‍ സ്വന്തം ജീവിതത്തെക്കുറിച്ച് ലവലേശം ആലോചിക്കാതെ മനുഷ്യ പരമ്പരകളെക്കുറിച്ചുള്ള ചിന്തയില്‍ മുഴുകി അസാധ്യമെന്നു സാധാരണക്കാര്‍ കരുതുന്നതും ചെയ്യാന്‍ തയ്യാറാവും. എന്നാല്‍ സ്വന്തം ജീവിതത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍ അത് വിഡ്ഢിത്തമാണെന്ന് വിധിയെഴുതും. ‘ഞാന്‍’ എന്ന ചിന്ത വെടിഞ്ഞ് ഏതൊരാളാണോ കര്‍മ്മങ്ങളില്‍ മുഴുകി ജീവിക്കുന്നത് അയാളെയാണ് ലോകം നാളെ അംഗീകരിക്കുന്നത്.”
”ജീവിതം സ്വയം ആസ്വദിക്കാതെ മറ്റുള്ളവര്‍ക്കുകൂടി ആസ്വാദ്യമാക്കണം എന്നാണോ അങ്ങ് പറയുന്നത്?”
”ഒരോരുത്തരും ജീവിതത്തെ ആസ്വദിക്കുന്നത് ഓരോ തരത്തിലാണ് കുമാരാ. മനുഷ്യ ജന്മമെടുത്ത് ഭൂമിയില്‍ പിറക്കുന്നവര്‍ക്കെല്ലാം ഓരോ ലക്ഷ്യമുണ്ട്. പക്ഷേ, ആ ലക്ഷ്യത്തെ അന്വേഷിച്ചു കണ്ടെത്തണം. അതിന് വിശേഷമായിട്ടുള്ള ജ്ഞാനം ആര്‍ജ്ജിക്കേണ്ടതുണ്ട്. അത്തരം ജ്ഞാനം വസിഷ്ഠ മഹര്‍ഷിയില്‍നിന്നും കുമാരന് ലഭിച്ചിട്ടുണ്ട്. മനുഷ്യ പരമ്പരകളുടെ നന്മ ലാക്കാക്കി പ്രവ്രര്‍ത്തിക്കുന്ന മനുഷ്യനിലാണ് ഈശ്വരന്‍ വസിക്കുന്നത്.”
രാമന്റെ സംശയ നിവാരണത്തിനാണ് വിശ്വാമിത്രന്‍ ആദ്യ പരിഗണന കൊടുത്തത്. താന്‍ പറഞ്ഞതു ശ്രദ്ധയോടെ കേട്ടിരുന്ന രാമന്റെ കണ്ണുകളിലെ തിളക്കം വിശ്വാമിത്രന്‍ ശ്രദ്ധിച്ചു. ലക്ഷ്മണന്‍ പുഴയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് തോണി തുഴയുന്നവരോട് സംസാരിച്ചിരുന്നതിനാല്‍ രാമന്‍ വിശ്വാമിത്രനുമായി സംവാദത്തില്‍ ഏര്‍പ്പെട്ടത് ശ്രദ്ധിച്ചില്ല.
”ന്യായത്തിന്റെ പക്ഷം എപ്പോഴാണോ ദുര്‍ബ്ബലവും ഭീതിപൂണ്ടതുമാകുന്നത്, ആ സന്ദര്‍ഭത്തില്‍ അന്യായത്തിന്റെ പക്ഷം ശക്തിപ്രാപിച്ച് അഹങ്കാരത്തിന്റെ രൂപം കൈക്കൊളളും.” വിശ്വാമിത്രന്‍ താന്‍ ആദ്യം പറഞ്ഞ വിഷയത്തിലേയ്ക്കു കടക്കാനാണ് ശ്രമിച്ചത്.
”വ്യക്തമായ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണവ്യവസ്ഥയും അത് നടപ്പാക്കാന്‍ ഉദ്യോഗസ്ഥവൃന്ദവും സേനയും അവരെ നിയന്ത്രിക്കാന്‍ രാജാവും ഉണ്ടായിട്ടും പ്രജകള്‍ നിയമം ലംഘിക്കുന്നുവെങ്കില്‍ നിയമം വേണ്ടവിധം നടപ്പാകുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്? എന്തുകൊണ്ട് നിയമം ശക്തമായി നടപ്പാക്കാന്‍ രാജാവിന് കഴിയുന്നില്ല?” കോസലത്തിലെ ചില നിയമലംഘനങ്ങളെക്കുറിച്ച് മനസ്സിലാക്കിയിട്ടാണ് രാമന്‍ ചോദിച്ചത്.
”ഇത്തരമൊരു ചോദ്യത്തിലൂടെ നിന്റെ മനസ്സിന്റെ സംഘര്‍ഷം എന്തെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഈ ചോദ്യം നീ, നിന്നോട് തന്നെയാണ് ആദ്യം ചോദിക്കേണ്ടത്. കാരണം നീ ഭരിക്കുന്നവരുടെ പ്രതിനിധിയാണ്. ഭരിക്കുന്നവരുടെ മക്കളും ബന്ധുക്കളും അന്യായം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ന്യായം ആവശ്യപ്പെട്ടുകൊണ്ട് സാധാരണ ജനങ്ങള്‍ ആരെയാണ് ആശ്രയിക്കുക? അപ്പോള്‍ അവരും അന്യായത്തിന്റെ വഴിതേടും. നീതി നടപ്പാക്കാന്‍ ചിലപ്പോള്‍ നിയമംലംഘനവും അവര്‍ നടത്തും. എന്നാല്‍ സമൂഹത്തില്‍നിന്നു ഉയര്‍ന്നുവരുന്ന അത്തരം ക്രോധം, നല്ല തീരുമാനം എടുപ്പിക്കാന്‍ രാജാവിന് പ്രേരണ ആയിക്കൂടെന്നില്ല.”
”ഭരണസിരാകേന്ദ്രമായ രാജനഗരങ്ങളുടെ അവസ്ഥ ഇങ്ങനെയാകുമ്പോള്‍ ആരാരും നിയന്ത്രിക്കാനില്ലാത്ത കാനനവാസികളുടെ ജീവിതം ദയനീയമാകുന്നതില്‍ തെല്ലും അത്ഭുതമില്ല” രാമന്‍ വിശ്വാമിത്രന്റെ ന്യായങ്ങളെ അംഗീകരിച്ചുകൊണ്ട് പറഞ്ഞു.
”വനവാസികളുടെ ജീവിതം ദയനീയമാകുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ പറഞ്ഞല്ലോ. ഒരു സമൂഹത്തിലെ എല്ലാവരും വിവേകമുള്ളവരോ, വിവേചന ബുദ്ധിയുള്ളവരോ ആയിരിക്കില്ല. എതുകാര്യത്തിനും വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. ചിലര്‍ അത് പരസ്യമായി പ്രകടിപ്പിക്കും. എന്നാല്‍ സമൂഹത്തില്‍ ക്രോധം ഏറിവരികയും അത് ആശയക്കുഴപ്പത്തിനും കലാപത്തിനും ഇടയാക്കുകയും ചെയ്യുന്നുവെങ്കില്‍ ഭരണകര്‍ത്താവ് അതിനെ സ്ഥിരതയിലേക്കും സമാധാനത്തിലേക്കും തന്ത്രപൂര്‍വ്വം നയിക്കണം. എല്ലാവര്‍ക്കും സ്വീകാര്യമായ സന്തുലിതമായ ധര്‍മ്മത്തിന്റെ വഴിയിലൂടെ ജനങ്ങളെ നയിക്കാന്‍ രാജാവിന് കഴിയണം.”
”രാജ്യത്തെ ജനങ്ങള്‍ പരാതികളൊന്നുമില്ലാതെ കഴിയുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം അവര്‍ സംതൃപ്തരാണെന്നാണോ?” രാമന്‍ ചോദിച്ചു.
”അങ്ങനെ ആകണമെന്നില്ല. സമൂഹം പല കാരണങ്ങളാല്‍ നിസ്സംഗമായിരിക്കും. അവര്‍ നിഷ്‌ക്രിയരാണെന്നു മനസ്സിലാക്കിയാല്‍ അവരെ കര്‍മ്മോത്സുകരാക്കാന്‍ ഒരു മികച്ച ഭരണാധികാരിക്ക് കഴിയണം. മനസ്സില്‍ രൂപപ്പെടുന്ന ഓരോ വികാരത്തിനും അതിന്റേതായ ലക്ഷ്യമുണ്ട്. പ്രപഞ്ചത്തില്‍ രൂപപ്പെടുന്ന എന്തിനും ഒരു ഉദ്ദേശ്യം ഉണ്ടാവും. ഒന്നും മോശവും അധികപ്പറ്റുമല്ല. വ്യക്തികളിലെന്നപോലെ സമൂഹത്തിലും അത്തരം വികാരങ്ങള്‍ നിലകൊള്ളുന്നുണ്ട്. കോപത്തിന് ശാന്തം എന്നതുപോലെയും, ഹാസ്യത്തിന് കരുണം എന്നതുപോലെയും ഓരോ വികാരങ്ങള്‍ക്കും ഒരു വിപരീത വികാരവും ഉണ്ട്. എന്നാല്‍ സമൂഹത്തിനു ആത്യന്തികമായി വേണ്ടത് സമതുലിതാവസ്ഥയാണ്.”
ജലപ്രവാഹത്തിനെതിരെ തുഴയുന്നതുകൊണ്ടുള്ള ശബ്ദത്താല്‍ താന്‍ പറയുന്നത് രാമന് കേള്‍ക്കാന്‍ കഴിയില്ലെന്നു കരുതി അതുവരെ പറഞ്ഞതിനേക്കാള്‍ ഉച്ചത്തിലാണ് വിശ്വാമിത്രന്‍ പറഞ്ഞത്. അയോദ്ധ്യയില്‍ നടക്കുന്ന ഓരോ കാര്യങ്ങളും വിശ്വാമിത്രന്‍ മനസ്സിലാക്കുന്നുവെന്നും വജ്രംപോലെ ഉറച്ച ഒരു മനസ്സാണ് വിശ്വാമിത്രന് ഉള്ളതെന്നും അതു കേട്ടപ്പോള്‍ രാമന് തോന്നി.
വിശ്വാമിത്രന്റെ ശബ്ദം ഉയര്‍ന്നപ്പോഴാണ് ലക്ഷ്മണന്റെ ശ്രദ്ധ അവരുടെ സംഭാഷണത്തില്‍ പതിഞ്ഞത്. മഹര്‍ഷിയുടെ വാക്കുകളില്‍ മുഴുകിയിരിക്കുന്ന ജ്യേഷ്ഠന്റെ അടുത്തേയ്ക്കു ലക്ഷ്മണനും വന്നിരുന്നു. അപ്പോഴേയ്ക്കും വഞ്ചിയുടെ വേഗത കുറഞ്ഞു. വഞ്ചി നദിയുടെ തെക്കേ കരയിലേയ്ക്ക് അടുക്കുകയായിരുന്നു. അതുകൊണ്ടാവും വിശ്വാമിത്രന്‍ പിന്നീടൊന്നും പറഞ്ഞില്ല.
വഞ്ചി കരയിലേയ്ക്ക് അടുത്തപ്പോള്‍ ഇറങ്ങാനായി വിശ്വാമിത്രന്‍ എഴുന്നേറ്റു. ലക്ഷ്മണന്‍ അപ്പോഴും ഇറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാതെ കരയിലേയ്ക്കു നോക്കിനിന്നു. അകലെനിന്നു കണ്ടപ്പോള്‍ ചെറിയ ചെടികളെപ്പോലെ തോന്നിയ മരങ്ങളുടെ വലിപ്പം എത്രയെന്ന് വഞ്ചി തീരത്തേയ്ക്ക് അടുത്തപ്പോഴാണ് ശരിക്കും ബോധ്യപ്പെട്ടത്. തുഴക്കാര്‍ പുഴയിലേയ്ക്കിറങ്ങി വള്ളം കരയിലേയ്ക്ക് കൂടുതല്‍ അടുപ്പിച്ചു.
ലക്ഷ്മണന്‍ തിടുക്കത്തില്‍ വഞ്ചിയില്‍നിന്നിറങ്ങി. വഞ്ചിയില്‍നിന്നും കരയിലേയ്ക്ക് ഇറങ്ങാന്‍ സഹായിക്കുന്നതിനായി ജ്യേഷ്ഠന്റെ നേരെ കൈകള്‍ നീട്ടിയെങ്കിലും വേണ്ട എന്ന അര്‍ത്ഥത്തില്‍ രാമന്‍ കൈ വീശിക്കൊണ്ട് പൂഴിപ്പരപ്പിലേയ്ക്ക് കാലെടുത്തുവച്ചു. ”രാമാ.. സരയൂവില്‍ ഇറങ്ങി ജലസ്പര്‍ശം നടത്തുക” വിശ്വാമിത്രന്‍ പറഞ്ഞു.
വിശ്വാമിത്രന്‍ കരയിലേയ്ക്ക് ഇറങ്ങിയശേഷം നദിയിലേയ്ക്കു നാലഞ്ചടി നടന്ന് കൈക്കുമ്പിളില്‍ വെള്ളമെടുത്ത് എതോ മന്ത്രം ഉരുവിട്ടുകൊണ്ട് അര്‍ദ്ധനിമീലിത നേത്രനായി അല്പസമയം നിന്നശേഷം മണല്‍തിട്ടയിലേയ്ക്ക് കയറി ഭൂമിയെ വന്ദിച്ചു.
രാമനും ലക്ഷ്മണനും നദിയിലിറങ്ങി ആചമനംചെയ്തശേഷം കൈക്കുമ്പിളില്‍ ജലമെടുത്ത് വരുണദേവനെ പ്രാര്‍ത്ഥിച്ചു. കുളിരേകുന്ന നദീതീരത്തെ ഏകാന്തതയില്‍ സന്തോഷത്തോടെ കുഞ്ഞോളങ്ങളുടെ സ്പര്‍ശനസുഖത്തില്‍ അവര്‍ ലയിച്ചുനിന്നു. വിശ്വാമിത്രന്‍ കരയിലേയ്ക്ക് നടന്നപ്പോള്‍ അവരും കരയിലേയ്ക്കു കയറി ഭുമിയെ വണങ്ങി. പാദം നദീതീരത്തെ മണല്‍പ്പരപ്പില്‍ പതിച്ചപ്പോള്‍ അനിര്‍വചനീയമായ ആനന്ദത്താല്‍ വിടര്‍ന്ന കണ്ണുകളോടെ രാമനും ലക്ഷ്മണനും ചുറ്റുപാടും നോക്കി.
അവര്‍ സഞ്ചരിച്ച വഞ്ചിയുടെ പിന്നാലെവന്ന വഞ്ചി അവര്‍ നിന്ന സ്ഥലത്തുനിന്ന് കാല്‍കാതം താഴെ ആയിട്ടാണ് കരയ്ക്ക് അടുപ്പിച്ചത്. ആ വഞ്ചി എന്തുകൊണ്ടാണ് അകലെ അടുപ്പിച്ചതെന്ന് രാമന്‍ സംശയിച്ചു. അതിലുള്ളവരും വിശ്വാമിത്രന്റെ ശിഷ്യഗണങ്ങളാണ്. കുമാരന്മാരോട് അവിടെത്തന്നെ നില്‍ക്കാന്‍ ആഗ്യം കാട്ടിയശേഷം വിശ്വാമിത്രന്‍ മണല്‍പ്പരപ്പിലൂടെ നടന്ന് പിന്നാലെവന്ന വഞ്ചിയുടെ അടുത്തേയ്ക്കുപോയി.