മനുഷ്യനിര്‍മ്മിതമായതൊന്നിനും സൗന്ദര്യത്തില്‍ പ്രകൃതിയുടെ നിര്‍മ്മിതികളെ മറികടക്കാനാവില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നേച്ചര്‍ ക്യാമ്പിനായി കേരളത്തിലെ ഒരു പ്രധാന പ്രകൃതി പഠനകേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിലെത്തിയപ്പോള്‍ ആ തോന്നല്‍ ഒന്നു കൂടി ഉറപ്പിച്ചുകൊണ്ട് മനസ്സിനെയും ശരീരത്തെയും കുരുക്കിയിടാന്‍ പാകത്തില്‍ വനം തന്റെ മായികത പ്രദര്‍ശിപ്പിക്കുന്നത് തിരിച്ചറിയാന്‍ കഴിഞ്ഞു. പച്ചപ്പിന്റെയും പ്രശാന്തിയുടെയും നനുത്ത പ്രസരണം കാഴ്ചകള്‍ നുകരുന്ന മിഴികളിലൂടെ, സുഗന്ധികളായ ഓഷധികളുടെ സമ്മിശ്രഗന്ധം നുകരുന്ന നാസികയിലൂടെ, ഏകാഗ്രതയോടെ ഓരോ ചെറുശബ്ദവും പിടിച്ചെടുക്കുന്ന ചെവികളിലൂടെ ~ഒക്കെ മസ്തിഷ്ക്കത്തിലേക്ക് കടക്കുകയും മെല്ലെമെല്ലെ ഒരു ശാന്തമായ അലയായി സാവധാനം ഹൃദയത്തിലേക്കു കിനിഞ്ഞിറങ്ങുകയും ചെയ്തുകൊണ്ടിരുന്നു.
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറേ ചരിവില്‍ സ്ഥിതിചെയ്യുന്നതും കേരളത്തിന്റെ ഏറ്റവും വടക്കുഭാഗത്തുള്ളതുമായ വന്യജീവിസങ്കേതമാണ് ആറളം. ഏകദേശം 55 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഇത് ആറളം, കേളകം, കൊട്ടിയൂര്‍ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നു കര്‍ണ്ണാടകത്തിലെ കുടകുജില്ല ഇതിനോടടുത്താണ്. ഓടന്തോട് മലവാരം, കൊട്ടിയൂര്‍ റിസര്‍വ്വ് വനം എന്നിവിടങ്ങളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി 1984ലാണ് ഈ വന്യജീവി സങ്കേതം നിലവില്‍ വന്നത്. 30/06/1998 വരെ ഇത് വയനാട് വൈല്‍ഡ്ലൈഫ് ഡിവിഷന്റെ ഭാഗമായിരുന്നു. എന്നാല്‍ 1/7/1998 ല്‍ അത് ആറളം വൈല്‍ഡ് ലൈഫ് ഡിവിഷന് എന്നപേരില്‍ ഒരു സ്വതന്ത്ര വന്യജീവി ഡിവിഷനായി. ശാന്തമായ അന്തരീക്ഷം കൊണ്ട് മാനസികപിരിമുറുക്കം കുറച്ച് മനസ്സിനെ ശാന്തമാക്കികൊണ്ടും, പുതുമനിറഞ്ഞ ഓക്സിജന്‍പ്രവാഹം കൊണ്ട് ശ്വാസകോശങ്ങളെ നിറച്ചുകൊണ്ടും, സൗന്ദര്യപ്രദര്ശനത്തിലൂടെ മനസ്സുകളിലുറങ്ങുന്ന സര്‍ഗ്ഗവാസനകളെ തൊട്ടുണര്ത്തികൊണ്ടും കാടകം പൂകുന്ന അതിഥികളെ ആഹ്ലാദത്തിന്റെ പരമോന്നതിയിലേക്ക് ഉയര്‍ത്തി വിടുന്ന പ്രകൃതി ആറളത്തിന്റെ പ്രത്യേകതയാണ്.
വളയംചാല്‍ എന്ന സ്ഥലത്താണ് ഈ വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. കര്‍ണ്ണാടകയിലെ ബ്രഹ്മഗിരി വന്യജീവിസങ്കേതം, കുടക് വനമേഖലകള്‍, വയനാടന്‍ കാടുകള്‍ എന്നിവയുമായി ചേര്‍ന്നുകിടക്കുന്ന ഈ വനപ്രദേശമാണ് ചീങ്കണ്ണിപ്പുഴയുടെ വൃഷ്ടി പ്രദേശം. വര്‍ഷത്തില്‍ 4000 മില്ലി മീറ്റര്‍മുതല്‍ 6000 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാറുണ്ട.് ഈ വനത്തില്‍ നിന്നാണ് കക്കുവപ്പുഴ, ഉരുട്ടിപ്പുഴ, ചീങ്കണ്ണിപ്പുഴ എന്നീ പുഴകളെ ജലസമൃദ്ധമാക്കുന്ന നീരുറവകളുടെ ഉദ്ഭവം. ആറുകളാല്‍ ചുറ്റപ്പെട്ട അളം (ഇടം)എന്ന അര്‍ത്ഥത്തിലാണ് ഈ സ്ഥലത്തിന് ആറളം എന്ന പേരു തന്നെ ഉണ്ടായതെന്ന് പറയപ്പെടുന്നു. കിഴക്കു നിന്ന് പടിഞ്ഞാറേക്ക് ചരിഞ്ഞു കിടക്കുന്ന ഈ വനപ്രദേശത്തില്‍ 200 അടിമുതല്‍ 1589 മീറ്റര്‍ വരെയുള്ള പ്രദേശത്ത് കുത്തനെയുള്ള ചരിവുകള്‍ കാണാം.
പശ്ചിമഘട്ടത്തിന്റെ ഭാഗമായി അതിന്റെ പടിഞ്ഞാറേ ചരുവില്‍ സ്ഥിതിചെയ്യുന്ന ആറളം വന്യജീവിസങ്കേതത്തിലേക്ക് മുമ്പുണ്ടായിരുന്ന പ്രവേശനം ഒരു തൂക്കുപാലത്തിലൂടെയായിരുന്നു. ശക്തമായ ഓരോ വെള്ളപ്പൊക്കവും തകര്ത്തെറിയുന്നതും വീണ്ടും മനുഷ്യര്‍ പുനര്‍നിര്‍മ്മിക്കുന്നതുമായ ആ തൂക്കുപാലത്തിന്റെ സ്ഥാനത്ത് ഇന്ന് ഒരു കോണ്‍ക്രീറ്റ് പാലം വന്നുകഴിഞ്ഞു. ചീങ്കണ്ണിപ്പുഴ, നരിക്കടവ് തോട്, കുറുക്കത്തോട്, മീന്മുട്ടിത്തോട് എന്നിവയാണ് ഈ വന്യമൃഗസംരക്ഷണകേന്ദ്രത്തിന്റെ പ്രധാന ജലവാഹിനികള്‍. ചീങ്കണ്ണിപ്പുഴയുടെ തീരത്താണ് ഈ സാങ്ച്വറി. ഇവിടെയെത്തുന്നവരെ ആദ്യം സ്വാഗതം ചെയ്യുന്നതും പാറകളും ഉരുളന്‍ കല്ലുകളും നിറഞ്ഞ് കണ്ണാടി പോലെ തെളിമയുള്ള ജലസമൃദ്ധിപേറുന്ന ചീങ്കണ്ണിപ്പുഴതന്നെയാണ്. ഒരിത്തിരി നേരം ആ നദിയുടെ മനോഹാരിത കണ്ടു നില്‍ക്കാതെ മുന്നോട്ടുപോകാനാര്ക്കും തോന്നില്ല. ഞാനുള്‍പ്പെട്ട പ്രകൃതി സ്നേഹികളുടെ ഒരു സംഘം ഇവിടെയെത്തിയപ്പോള്‍, വഴിയുടെ ഇടതുവശത്തുള്ള വനവിഭവവിപണനകേന്ദ്രത്തിനു സമീപത്തായി കാണപ്പെട്ട വൃത്താകൃതിയിലുള്ളതും, ഈറയും മറ്റു പ്രകൃതിദത്ത അസംസ്കൃത വസ്തുക്കളുമുപയോഗിച്ച് ഒരു വന്യജീവിസങ്കേതത്തിനു ചേര്‍ന്ന വിധത്തില്‍ നിര്‍മ്മിച്ചതുമായ ഒരു വെയിറ്റിംഗ് ഷെഡ് ഞങ്ങള്‍ അടുത്തറിയാന്‍ പോകുന്ന പ്രകൃതിപര്വ്വത്തിന്റെ ആമുഖമെന്നു തോന്നിപ്പിച്ചു. അതു കടന്നു ചെന്നപ്പോള്‍ ആറളം വൈല്‍ഡ് ലൈഫ് സാങ്ച്വറി എന്നു പേരെഴുതി, പാണ്ടന്വേഴാമ്പലിന്റെ ചിത്രം രേഖപ്പെടുത്തിയ, പച്ച നിറമുള്ള വലിയ ആര്‍ച്ച് ഒരു ഹരിതസാമ്രാജ്യത്തിലേക്കുള്ള പ്രവേശനകവാടമെന്ന പോലെ ഞങ്ങളെ സ്വാഗതം ചെയ്തു. അവിടെയ്ക്കു നീങ്ങിയപ്പോള്‍ ഇടതുവശത്തായി മനുഷ്യ നിര്‍മ്മിതമായ തടയണയില്‍ നിന്നു ചീങ്കണ്ണിപ്പുഴയിലേക്കു ചെന്നുലയിക്കാന് ഒരുമ്പെട്ട് വെള്ളിച്ചില്ലുകള്‍ ചിതറിച്ചുകൊണ്ടു കുതിച്ചു താഴേക്കു പതിക്കുന്ന ഒരരുവി. അതിനടുത്തേക്ക് നീങ്ങിയപ്പോള്‍ ഇളംകാറ്റില്‍ കുളിരിനോടൊപ്പം അതീവഹൃദ്യമായ ഒരു സുഗന്ധം അനുഭവപ്പെട്ടു. കാട്ടിനുള്ളിലെ ഏതോ ഔഷധിയുടെ ഗന്ധമാകണം. ആര്‍ച്ച് കടന്ന് ഉള്ളിലേക്കുകടക്കുമ്പോള് ടൈല്‍സ് പാകിയ വൃത്തിയുള്ള വിശാലമായ വഴിക്കിരുപുറവും മുളപോലെ തോന്നിക്കത്തക്കവിധത്തില്‍ നിര്‍മ്മിച്ച ഇരുമ്പു വേലിയും അതിനപ്പുറം തഴച്ച കാടും കാണാന്‍ കഴിഞ്ഞു. നദിക്കരയിലായി ചിതറിക്കിടക്കുന്ന കൂര്‍ത്ത ഘനമുള്ള കമ്പിക്കഷ്ണങ്ങള്‍ പതിപ്പിച്ച ഇരുമ്പു തൂണുകള്‍ ആനയെ പ്രതിരോധിക്കാനുള്ള അസഫലമായ ഒരു ഉദ്യമ ത്തിന്റെ ബാക്കി പത്രമായി തോന്നിച്ചു.
സാങ്ച്വറിക്കുള്ളിലേക്കുള്ള പാതയ്ക്കിടതുവശത്തായാണ് പര്‍ണ്ണം എന്നു പേരുള്ള ഡോര്‍മിറ്ററിയും അടുക്കളയും ഡൈനിംഗ് റൂമുമെല്ലാം. പര്ണ്ണത്തില് നിന്നു നോക്കിയാല്‍ എതിര്‍വശത്ത് തഴച്ച കാടും ഇടയ്ക്ക് കൂടി ഒളിച്ചു നോക്കുന്ന ചീങ്കണ്ണിപ്പുഴയും കാണാം. അനുസ്യൂതം കര്‍ണ്ണങ്ങളിലേക്ക് പതിക്കുന്ന പുഴയുടെ കളകളനാദം ആസ്വദിക്കാം. പര്ണ്ണത്തിലേക്കുള്ള വഴിക്കിരുപുറവും സിമന്റു കെട്ടുകള്‍ക്കുള്ളില്‍ സുരക്ഷിതരായ വനവൃക്ഷങ്ങള്‍. വഴിയുടെ ഇടതുവശത്ത് ആറളത്തെ ശലഭങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും രേഖപ്പെടുത്തിയ ബോര്‍ഡുകള്‍, ‘പര്‍ണ്ണ’ത്തിന്റെ മുറ്റത്തിനരികില് വഴിക്ക് ഇരുപുറവുമായി കാവല്‍ നില്ക്കുന്ന രണ്ടു കൂറ്റന്‍ വൃക്ഷങ്ങള്‍, മോസുകളും മറ്റു പായലുകളും കൊണ്ട് പച്ച വില്ലീസുപുതച്ച അവയുടെ പുറംതൊലിക്കു പോറലേല്‍പ്പിച്ചുകൊണ്ട് പാഞ്ഞുകയറുകയും അവയുടെ ചില്ലത്തുമ്പുകളില് തൂങ്ങിക്കിടന്നു ഞങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്ന വാനരസംഘം തുടക്കത്തിലേ ഒരു കൗതുകകാഴ്ച്ചയായി.
ഉച്ചനേരത്തു ചെന്നുകയറിയ ഞങ്ങള്‍ക്ക് വിളമ്പിയ രുചികരമായ സസ്യഭക്ഷണത്തില്‍ കൊതിപൂണ്ട് മേല്‍ക്കൂരയുടെ അരികില്‍ നിന്ന് അകത്തേക്ക് ഒളിഞ്ഞു നോക്കുകയും തക്കം നോക്കി അകത്തേക്കു കടക്കാനുദ്യമിക്കുകയും ചെയ്യുന്ന ചെറുതും വലുതുമായ കുരങ്ങുകളെ ഇടയ്ക്കിടെ വലിയ വടികൊണ്ട് തുരത്തി അവിടത്തെ കുക്ക് സുനില്‍ ഞങ്ങളുടെ ഭക്ഷണം കഴിക്കലിനെ സ്വസ്ഥമാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും സൗകര്യത്തിന് നിലത്തേക്കു ചാടി രക്ഷപ്പെട്ടവ സമീപത്തെ മരങ്ങളിലേക്കു പാഞ്ഞുകയറുകയും മരച്ചില്ലയില്‍ തൂങ്ങിയാടി മരങ്ങളില്‍ നിന്നു ഭക്ഷണശാലയുടെ മുകളിലേക്ക് ചാടുകയും ചെയ്യുന്നത് കാണാമായിരുന്നു.
ഭക്ഷണത്തിനു ശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥന് സുശാന്ത് സാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സിജേഷ് എന്നിവര്‍ ആറളത്തെ ചില സവിശേഷതകളെക്കുറിച്ചും പാലിക്കേണ്ട മര്യാദകളെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ നല്കി. നിരന്തരം ആനകളുടെ സാന്നിധ്യം അനുഭവപ്പെടുന്ന സ്ഥലമാകയാല്‍ സാങ്ച്വറിക്കുള്ളില്‍ സ്വതന്ത്രമായി സഞ്ചരിക്കുകയോ, രാത്രി പുറത്തിറങ്ങുകയോ ചെയ്യരുതെന്ന് അവര്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അനന്തരം സുശാന്ത് സാര്‍ ഞങ്ങളെ ഫോറസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഉള്ളിലേക്കു കടക്കുമ്പോള്‍ ഉരുണ്ട പാറക്കല്ലുകള്‍ ആസൂത്രിതമായി വിന്യസിച്ച് കാടിനകത്തെ പ്രതീതി ജനിപ്പിക്കുന്ന ഒരു കെട്ടിടമായിരുന്നു അത്. ആറളത്തെ വിശേഷങ്ങള്‍ അവിടെ ചിത്രങ്ങളായും മാപ്പുകളായുമെല്ലാം പ്രദര്‍ശിപ്പിച്ചിരുന്നു. അവിടെ വച്ച് വന്യജീവിസങ്കേതങ്ങളെക്കുറിച്ച് പൊതുവെയും ആറളത്തെക്കുറിച്ച് പ്രത്യേകിച്ചും ഏറെ വിശേഷങ്ങള്‍ പങ്കുവച്ച് സുശാന്ത്സാര്‍ ഞങ്ങളിലെ പ്രകൃതി സ്നേഹികളെ ഉത്തേജിപ്പിച്ചു. പ്രകൃതിയെക്കുറിച്ച് വളരെ അറിവുള്ള സാറിന്റെ വാചാലതയില്‍ പ്രകൃതി സംരക്ഷണത്തില്‍ മനുഷ്യന് കാട്ടുന്ന അലംഭാവത്തെക്കുറിച്ചുള്ള രോഷം പ്രകടമായിരുന്നു. ആറളത്ത് 178ലധികം അരുവികളുള്ളതില്‍, മുന്‍വര്‍ഷങ്ങളില്‍ വറ്റാത്തതുപോലും ഈ വര്‍ഷം വറ്റിപ്പോയതിനെക്കുറിച്ചും ജലസമൃദ്ധമായിരുന്ന ചീങ്കണ്ണിപ്പുഴ വറ്റിവരളുന്ന അവസ്ഥ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നേരത്തേയാകുന്നതിനെക്കുറിച്ചും പ്രകൃതി സൗജന്യമായി നല്കുന്ന വിഭവങ്ങളുടെ വില മനസ്സിലാക്കാതെ അവയെ ദുരുപയോഗം ചെയ്യുന്ന മനുഷ്യന്റെ വിവേകമില്ലായ്മയെക്കുറിച്ചും അദ്ദേഹം അതീവ ഖേദത്തോടെ വാചാലനായി.
മറക്കാനാവാത്ത ഒരനുഭവമാണ് ചീങ്കണ്ണിപ്പുഴയിലെ സ്ഫടികജലത്തിലുള്ള നീരാട്ട്. ഡോര്മിറ്ററിക്കുമുന്നിലെ പാതയില്‍ നിന്ന് വളഞ്ഞുപുളഞ്ഞ് പോകുന്ന, സിമന്റുകൊണ്ട് അരികുകള്‍ കെട്ടി, തറയോടുകള്‍ പാകിയ വീതികുറഞ്ഞ വഴി, മണ്ണൊലിപ്പു കൊണ്ട് വേരെഴുന്നിട്ടും പുഴയുടെ തലോടല്‍ കൊണ്ട് നിര്‍വൃതിപൂണ്ടു നില്ക്കുന്ന മരക്കൂട്ടങ്ങള്‍ക്കിടയില്‍ ചെന്നവസാനിച്ചു. ഉരുളന്‍കല്ലുകള്‍ ചവിട്ടിയിറങ്ങി, ശാന്തമായൊഴുകുന്ന നദിയിലെ നിര്മ്മലജലത്തിലേക്ക് പാദമൂന്നുമ്പോള്‍ ശക്തമായ കുളിരനുഭവപ്പെട്ടുവെങ്കിലും മെല്ലെമെല്ലെ വെള്ളത്തിലേക്കാഴ്ന്നിറങ്ങിയപ്പോള് തണുപ്പും മറ്റൊരു ആസ്വാദ്യതയായി. കാല്പ്പാദങ്ങള്ക്കു കീഴില്‍ കണ്ണാടിയിലൂടെയെന്ന പോലെ കാണുന്ന വിവിധ നിറങ്ങളിലെ ഉരുളന്‍കല്ലുകള്‍ നദി തീര്‍ത്തു വച്ച മനോഹരമായ ഒരു പ്രകൃതിചിത്രം പോലെ തോന്നിച്ചു. കുളികഴിഞ്ഞു കയറിപ്പോകാന്‍ തോന്നാത്തവിധം കാടുചുരത്തിത്തന്ന ആ ശുദ്ധജലത്തിലെ സ്നാനം ഞങ്ങളെ ആകര്ഷിക്കയാലാകാം ആ സ്നാനമുഹൂര്ത്തം രണ്ടുമണിക്കൂര്‍ വരെ നീണ്ടു.
24 വര്‍ഷമായി എല്ലാ വര്‍ഷവും ജനുവരി രണ്ടാം വാരത്തില്‍ നടത്തിവരുന്ന ചിത്രശലഭങ്ങളുടെ സര്‍വ്വേയും, 20 വര്‍ഷമായി മാര്‍ച്ച് രണ്ടാം വാരം നടത്തുന്ന പക്ഷി സര്‍വ്വേയും ആറളത്തിന്റെ പ്രത്യേകതയാണ്. 246 ഇനം പക്ഷികളെയും 266 ഇനം ചിത്രശലഭങ്ങളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ആന, കടുവ, പുള്ളിപ്പുലി, കൂരമാന്‍, മ്ലാവ് തുടങ്ങി 54 ഇനം സസ്തനികളും ഇരുപതിലേറെ ഇനം ഉരഗങ്ങളും, പതിനാറോളം ഇനം ഉഭയജീവികളും നാല്പതോളം മത്സ്യഇനങ്ങളും ഇവിടത്തെ ജന്തുലോകത്തെ സമൃദ്ധമാക്കുന്നു. ഓര്‍ക്കിഡുകള്‍, വള്ളിച്ചെടികള്‍, മാമരങ്ങള്‍ എന്നിവയുള്‍പ്പെടെ 1009 തരം സപുഷ്പികളും അനേകം ഇനം പന്നല്‍ച്ചെടികളും പുല്ലിനങ്ങളും അപൂര്‍വ്വ ഇനം ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് പലതരം സസ്യങ്ങളും ഈ വനത്തിനുള്ളില്‍ കാണപ്പെടുന്നു. കാരാഞ്ഞിലി, വയനാവ്, പാലി എന്നീ വൃക്ഷങ്ങളുടെ കൂട്ടായ്മ നിലനില്‍ക്കുന്ന അപൂര്‍വ്വ വനമേഖലയാണ് ആറളം.
നിത്യഹരിതവനങ്ങളും ആര്‍ദ്ര ഇലപൊഴിയും കാടുകളും ചോലവനങ്ങളും ഉള്‍പ്പെടുന്ന വനപ്രദേശമാണിത്. 1589 മീറ്റര്‍ ഉയരമുള്ളതും ആറളത്തെ ഏറ്റവും ഉയരം കൂടിയ ഭാഗമായതുമായ അമ്പലപ്പാറയിലാണ് ചോലവനങ്ങള്‍ ഏറെയും കാണപ്പെടുന്നത്. ഈ പ്രദേശങ്ങളെല്ലാം തന്നെ സസ്യസമ്പത്തിന്റെ പ്രഭവകേന്ദ്രങ്ങളാണ്. ഇപ്പോള്‍ സംരക്ഷിത വനപ്രദേശമായി കിടക്കുന്ന പ്രദേശത്തിന്റെ ചില ഭാഗങ്ങള്‍ മുമ്പ് സ്വകാര്യവനഭൂമിയായിരുന്നു. ഈ ഭാഗത്തുനിന്ന് വന്മരങ്ങള് മുറിച്ചു മാറ്റപ്പെട്ടിട്ടുണ്ട് എങ്കിലും ഇടതൂര്‍ന്നു വളരുന്ന സസ്യനിബിഡത ആറളത്തെ അനുഗ്രഹിച്ചിട്ടുണ്ടെന്നു പറയാതെ വയ്യ. കണ്ണൂരിന്റെ ശുദ്ധജലസ്രോതസ്സായ വളപട്ടണം പുഴയിലേക്ക് ബാവലിയോടൊത്തു ചെന്നുചേര്ന്നുലയിക്കുന്ന ചീങ്കണ്ണിപ്പുഴ പോറ്റിവളര്‍ത്തുന്ന വനമാണെങ്കിലും വനത്തിനുള്ളില്‍ ജന്തുക്കള്‍ക്ക് ജീവിക്കാനാവശ്യമായ സാഹചര്യങ്ങള്‍ കൂടുതലായി ഒരുക്കുന്നതിന് കുളങ്ങളും ചെക്ക് ഡാമുകളും നിര്‍മ്മിച്ചിട്ടുണ്ട്.
രണ്ടാംദിവസം രാവിലെ 6 മണിക്കു തന്നെ ഞങ്ങള്‍ പക്ഷി നിരീക്ഷണത്തിനു പോകാന്‍ തയ്യാറായി. കാടിനും ആറളം ഫാമിനും ഇടയിലുള്ള റോഡിലൂടെ ഞങ്ങള്‍ പ്രകൃതിയിലേക്കു മനസ്സര്‍പ്പിച്ചു നീങ്ങി. കാടിനെ പാതയില്‍ നിന്നു വേര്‍തിരിക്കാന്‍ വേണ്ടി നിര്‍മ്മിച്ച മതിലില്‍ ഇടയ്ക്ക് ആനകള്‍ക്ക് കടക്കാന്‍ വേണ്ടി ഗേറ്റ് വയ്ക്കാന്‍ വിടവിട്ടിരിക്കുന്നു. ഈ വിടവിലൂടെ വന്യജീവിസങ്കേതത്തില്‍ നിന്ന് ആനകള്‍ തൊട്ടടുത്ത ട്രൈബല്‍ സെറ്റില്‍മെന്റിലേക്കു കടക്കുകയും ആറളം ഫാമിന്റെ ഭാഗങ്ങളില്‍ പ്രജനനം നടത്തുകയും ചെയ്യാറുണ്ടെന്നും ആനകളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പലപ്പോഴും മനുഷ്യക്കുരുതിയില്‍ കലാശിച്ചിട്ടുണ്ടെന്നും സുശാന്ത്സാര്‍ പറഞ്ഞു. ആനയുടെ ആക്രമണത്തെ ഒഴിവാക്കാന്‍ പടക്കം പൊട്ടിക്കുകയും ബഹളംകൂട്ടുകയും മറ്റും ചെയ്യുമ്പോള്‍ അവ പിന്തിരിഞ്ഞു കാട്ടിലേക്കു കയറുന്നതും ഇതേ വിടവിലൂടെയാണ്. മാര്‍ഗ്ഗതടസ്സമുണ്ടാക്കുന്ന എന്തിനെയും തകര്‍ക്കുന്ന ശീലമുള്ള ആനകള്‍, കാടിനരികില് മുമ്പ് നിര്‍മ്മിച്ച മതില് ഒരിടത്ത് തകര്‍ത്ത സംഭവം നല്കിയ വീണ്ടുവിചാരമാകണം കൂടുതല്‍ ബലവത്താക്കിയും ആനയ്ക്ക് കടക്കാന്‍ മാര്ഗ്ഗമുണ്ടാക്കിയും ഇത്തവണ മതില് നിര്‍മ്മിക്കുവാന്‍ പ്രേരകമായിട്ടുള്ളത്. കാട്ടിനുള്ളില്‍ നിന്ന് മധുരമായ ശബ്ദം കൊണ്ടു മോഹിപ്പിച്ച വിവിധ പക്ഷികളില്‍ മിക്കതും ദര്‍ശനം തരാതെ കബളിപ്പിച്ചു. എങ്കിലും വേലിത്തത്ത, പനങ്കാക്ക, നാകമോഹന്‍ പരുന്തുകള്‍, കുരുവികള്‍ തുടങ്ങി ചിലയിനം പക്ഷികളെ ഒരു വിദൂരദര്ശനമായി കാണാന്‍ കഴിഞ്ഞു. പാതയ്ക്കിരുപുറവും വളര്‍ന്നു തഴച്ച കടയ്ക്കാട് സസ്യങ്ങളില്‍ നിന്ന് ഒരില മുറിച്ചെടുത്ത് ഞാന്‍ മറ്റുള്ളവര്‍ക്ക് മണക്കാന്‍ നല്കി. പുല്‍ത്തൈലം ഉണ്ടാക്കുന്നത് അതില്‍ നിന്നാണെന്നു മനസ്സിലായപ്പോള്‍ പലരുടെയും മുഖത്ത് കൗതുകം കണ്ടു.
പ്രാതലിനു ശേഷം ഞങ്ങള്‍ ട്രെക്കിങ്ങിനു പോകാന്‍ തയ്യാറായി. യാത്ര തുടങ്ങും മുമ്പ് തന്നെ മരച്ചില്ലയില്‍ പ്രത്യക്ഷപ്പെട്ട ഒരു മലയണ്ണാന് തായ്ത്തടിയിലേക്കിറങ്ങിവന്ന,് ക്യാമറയുമായി തന്റെ ചിത്രമെടുക്കാന്‍ നില്‍ക്കുന്നവര്‍ക്കു മുന്നില്‍ പല രീതിയില്‍ പോസുചെയ്ത്് സ്വയം സ്റ്റാറായി. ഞങ്ങള്‍ക്ക് വഴികാട്ടാന്‍ വന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുകു എന്ന യുവാവ് ആറളത്തെ അപകടസാധ്യതയെക്കുറിച്ച് ഞങ്ങളെ ബോധ്യപ്പെടുത്തി. നിരന്തരം ആനയുടെ സാന്നിധ്യമുണ്ടാകാറുള്ള ഇടത്തുകൂടിയാണ് ഞങ്ങള്‍ക്ക് കടന്നു പോകേണ്ടത്. മൂന്നു പേരെ കാലപുരിക്കയച്ച ചുള്ളിക്കൊമ്പന് ചരിഞ്ഞുവെങ്കിലും എട്ടുപേരെ കൊന്ന കൂടുതല്‍ അപകടകാരിയായ ഒരു മോഴ ആ ഭാഗത്തുണ്ടത്രെ. മനുഷ്യരെ ഓടിച്ചിട്ടു പിടിച്ചു കൊല്ലുകയും ശരീരം മുറുക്കിപ്പിഴിയുകയും ചെയ്യുക അവന്റെ ശീലമാണത്രെ. അതിനാല്‍ നിശ്ശബ്ദത പാലിക്കണമെന്നും മോഴ ആക്രമിക്കാന്‍ വരുന്ന പക്ഷം ഓടി പുഴയില്‍ ചാടുകയോ ഒന്നിച്ചു നിന്ന് ഉച്ചത്തില്‍ ഒച്ചവയ്ക്കുകയോ വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പാതയ്ക്കിരുപുറവും പത്തുമീറ്ററോളം അകലത്തില്‍ അടിക്കാടു വെട്ടിയിരുന്നത് കാട്ടിനകം കാണാനും മൃഗങ്ങള്‍ മനുഷ്യരെ മറഞ്ഞു നിന്ന് ആക്രമിക്കുന്നത് ഒഴിവാക്കുന്നതിനുമാവുമെന്ന് ഊഹിച്ചു. അതിനപ്പുറം വള്ളികളും മരങ്ങളും കുറ്റിച്ചെടികളും എല്ലാം നിറഞ്ഞ സസ്യനിബിഡത. ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു. ചരല്‍ക്കല്ലുകളില്‍ ഞങ്ങളുടെ ചെരുപ്പുകളുടെ ചര്‍പ്പ് ചര്‍പ്പ് ശബ്ദത്തെക്കാളുച്ചത്തില്‍ കാട്ടിനുള്ളില്‍ നിന്ന് പക്ഷികളുടെ പാട്ടുമുഴങ്ങിക്കേട്ടു. വീണുകിടക്കുന്ന മരങ്ങളുടെ അവശിഷ്ടങ്ങളില്‍ ജീര്‍ണ്ണതയുടെ മുദ്രകള്‍ പോലെ വളര്‍ന്നു നില്ക്കുന്ന വിവിധയിനം കുമിളുകളും, നിലത്തു വീണ ഇലകളുടെ മൃതാവശിഷ്ടങ്ങള്‍ ഫലപുഷ്ഠമാക്കിയ ഇളം തവിട്ടു മണ്ണില്‍ വളര്‍ന്നുയരുന്ന ചെറുസസ്യങ്ങളും പുനരുജ്ജീവനത്തിന് കാടിനുള്ള കഴിവിനെ സൂചിപ്പിച്ചു.
നദിയുടെ കരയില്‍ ഈറ്റ കൊണ്ടു നിര്‍മ്മിച്ച വളഞ്ഞ ഇരിപ്പിടത്തില്‍ അല്പനേരം ഒന്നിളവേല്ക്കുവാനിരിക്കുമ്പോള് അതിനടുത്തായി ഒരു മരത്തിനു മുകളില്‍ ഒരു ജീര്‍ണ്ണിച്ച ഏറുമാടം കണ്ടു. ഉപയോഗശൂന്യമെന്ന് സുകു മുന്നറിയിപ്പു നല്‍കിയെങ്കിലും തമാശയ്ക്ക് അതിന്റെ പടികളിലേക്ക് കയറുവാന്‍ ചിലര്‍ കാണിച്ച സാഹസികത പടികള്‍ ഒടിഞ്ഞുപോകാനിടയാക്കുന്നത് കണ്ടു. നദിയില്‍ മനുഷ്യര്‍ പെറുക്കിയടുക്കിയ ഉരുളന്‍ കല്ലുകള്‍ നദിയുടെ ഗതിയെ അല്പമൊന്ന് തടഞ്ഞ് തിരിച്ചുവിട്ടിരുന്നു. നദിയുടെ ഒരു ഭാഗത്ത് ധാരാളമായി കൂടിക്കിടക്കുന്ന വെള്ള നിറമുള്ള മനോഹരങ്ങളായ ഉരുളന്‍ കല്ലുകള്‍! ഏതോ വെള്ളപ്പൊക്ക സമയത്ത് പുഴ തന്നെ ഒഴുക്കിക്കൊണ്ടു വന്നു കൂട്ടിയതാവാം. കാടിന്റെ നൈസര്‍ഗ്ഗികതയ്ക്ക് അവ ചാരുതയേറ്റുന്നു. നദിയില്‍ നിന്നുള്ള നനുത്ത കാറ്റില്‍ ഇളം മഞ്ഞ നിറമുള്ള ആല്‍ബട്രോസ് ചിത്രശലഭങ്ങള്‍ കൂട്ടമായി ഒരേ ദിശയില്‍ ഉത്സാഹത്തോടെ പറന്നു പോകുന്നതു കണ്ടു. കുറച്ചു ദിവസങ്ങള്‍ കൂടിക്കഴിഞ്ഞാല്‍ കാട് കയ്യേറുവാന്‍ പോകുന്ന ആറളത്തെ ശലഭക്കൂട്ടം പ്രസിദ്ധമാണ്. ലക്ഷക്കണക്കിന് ചിത്രശലഭങ്ങള്‍ കൂട്ടത്തോടെ എത്തി ആറളത്തെ സസ്യങ്ങളുടെ മേല്‍ വര്‍ണ്ണങ്ങളുടെ മേളനമൊരുക്കുന്നു. ആല്‍ബട്രോസ് ചിത്രശലഭങ്ങള്‍ കൂട്ടമായി നനഞ്ഞ മണ്ണില്‍ പറന്നിരുന്നു പോഷകജലം വലിച്ചെടുക്കുന്ന മഡ് പഡ്ലിംഗ് എന്നറിയപ്പെടുന്ന അതിശയകരമായ കാഴ്ച ആറളത്തെ സവിശേഷതയാണ്.
ട്രെക്കിംഗിനു ശേഷം തിരിച്ചുവന്ന് ഞങ്ങള്‍ തലേന്ന് മതിവരാതെ നിര്‍ത്തിപ്പോന്ന പുഴയിലെ കുളി ഒരിക്കല്‍ കൂടി ആസ്വദിച്ചു. തിടുക്കത്തില്‍ ഉച്ചഭക്ഷണം കഴിച്ച് മടക്കയാത്രയ്ക്കൊരുങ്ങുമ്പോള്‍ ആ വനപ്രദേശത്തോട് വിട്ടുപോരാനാകാത്ത വിധം ഒരു ഇഷ്ടം മനസ്സില്‍ ശേഷിച്ചിരുന്നു. തിരികെ യാത്രയാരംഭിക്കുമ്പോഴും ഇനിയും മതിയാകാത്ത ഏതോ പ്രിയതരത്വം ഞങ്ങളുടെ ആത്മാവിലേക്ക് സന്നിവേശിപ്പിച്ച് ആറളം ഞങ്ങളെ മടക്കി വിളിക്കുന്നുണ്ടായിരുന്നു. തനിമ ചോരാതെ ഇനിയും കാത്തുവയ്ക്കാമീ സൗന്ദര്യമെന്ന വാഗ്ദാനത്തോടെ.