ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം!
സര്‍വ്വമംഗള മംഗല്യേ
ശിവേ സര്‍വ്വാര്‍ത്ഥ സാധികേ
ത്രയംബകേ മൂകാംബികേ ഗൗരി
നാരായണി നമോസ്തുതേ!
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി…
യാത്ര തുടങ്ങുന്നതിനു തൊട്ടുമുമ്പ്, എല്ലാദിവസവും പ്രാര്‍ത്ഥനയുണ്ടാകും. ശ്രീദേവി തുടങ്ങിത്തരികയും, നാരായണന്‍ തിരുമേനി അതു തുടരുകയും ചെയ്യും. ശ്ലോകങ്ങള്‍ അറിയാവുന്നവര്‍ ഒപ്പം ചൊല്ലും.
രണ്ട് ടെംമ്പോട്രാവലര്‍ വാനുകളിലായി ഞങ്ങള്‍ കൊഹീമയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഖൊനോമ എന്ന ഗ്രാമത്തിലേക്കു പുറപ്പെട്ടു. ‘അംഗാമി’ എന്ന ആദിവാസി സമൂഹത്തിന്റെ ഊരാണത്. മലയാറ്റൂരിന്റെ ‘പൊന്നി’യും അട്ടപ്പാടിയും ഇരുളരും മുഡുഗരും പീക്കിയും ദവിലും മനസ്സിലേക്ക് ഓടിയെത്തി. ‘ഓ ജക്കമ്മാ, ശൂ മന്തിരക്കാളീ’ എന്ന് അലറുന്ന മന്ത്രവാദികള്‍ ഖൊനോമയിലും ഉണ്ടാകുമോ?
ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഇന്ത്യയിലെ ആദ്യത്തെ ഹരിതഗ്രാമം അഥവാ ‘ഗ്രീന്‍ വില്ലേജ്’ ആണ്. 20 കി.മീ സ്‌ക്വയര്‍ ആണ് ഇതിന്റെ വിസ്തീര്‍ണ്ണം. ഈ ഗ്രാമം സ്ഥിതിചെയ്യുന്ന ഭൂവിഭാഗത്തെ ”ഖൊനോമ നേച്ചര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് ട്രാഗോപ്പാന്‍ സാന്‍ക്ച്വറി” ആയി പ്രഖ്യാപിക്കുകയായിരുന്നു ആദ്യപടി. (1998) 1990ല്‍ നടന്ന ഒരു സംഭവമാണ് സംരക്ഷിതമേഖലയുടെ പിറവിക്കു കാരണം. നാഗാലാന്റിന്റെ സംസ്ഥാനപക്ഷിയായ ‘ബ്ലിത്ത് ട്രാഗോപ്പാന്‍’ (ഒരു തരം കാട്ടുകോഴി) സന്തോഷത്തോടെ ചിക്കിച്ചിനക്കി നടന്നിരുന്ന കാലം. അംഗാമികള്‍ക്ക് ഒരാശയം തോന്നി. ഏറ്റവുമധികം ട്രാഗോപ്പാന്‍ പക്ഷികളെ എയ്തുവീഴ്ത്തുന്നവന് സമ്മാനം! പ്രായഭേദമെന്യേ പലരും മത്സരിച്ചു. 300 പക്ഷികളാണ് ആ മത്സരത്തിനിടയ്ക്ക് പിടഞ്ഞുവീണ് ചത്തത്. അപ്പോഴേക്കും പ്രകൃതിസ്‌നേഹികള്‍ ‘മാ നിഷാദാ’ന്നും പറഞ്ഞ് പാഞ്ഞുവന്നു. ഇനിയും ഈ പക്ഷികളെ കൊന്നൊടുക്കിയാല്‍ അവ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകുമെന്നും, നിങ്ങളുടെ പേരക്കുട്ടികള്‍ക്ക് ഈ പക്ഷികളെ കാണാന്‍ ഭാഗ്യമുണ്ടാവുകയില്ലെന്നും കാര്‍ ന്നോമ്മാരെയും ഊരുമൂപ്പനേയും പറഞ്ഞു മനസ്സിലാക്കി. നാഗാലാന്റിലെ വനങ്ങളില്‍ മാത്രമേ ഈ പക്ഷികളെ കാണാറുള്ളൂ എന്ന് പ്രാചു പറഞ്ഞു. അവ വംശനാശത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
കൊഹീമയില്‍ നിന്നും ഖൊനോമയിലേക്കു പോ കുന്ന പാതയുടെ ഓരത്തായി ഞങ്ങള്‍ക്ക് സ്വാഗതമോതിക്കൊണ്ട് ചെറി ബ്ലോസ്സംസ്!! ഇളം കാറ്റില്‍ ഇതളുകള്‍ പറന്നു കളിക്കുന്നതുകണ്ടാല്‍ ”ഈ വല്ലിയില്‍ നിന്നു ചെമ്മേ, പൂക്കള്‍ പോകുന്നിതാ പറന്നമ്മേ” എന്ന് അറിയാതെ പാടിപ്പോകും.
മലയടിവാരങ്ങളില്‍ അവിടവിടെയായി ധാരാളം പള്ളികള്‍ കണ്ടു. ശവപ്പെട്ടികള്‍ വില്‍ക്കുന്ന കടകള്‍, മൃതദേഹത്തില്‍ ചാര്‍ത്താനുള്ള റീത്തുകള്‍ എന്നിവയും സുലഭം. ”നിര്‍മ്മിക്കുന്നവനും, വാങ്ങുന്നവനും ആവശ്യമില്ല; ഉപയോഗിക്കുന്നവന്‍ അത് അറിയുന്നുമില്ല” എന്ന് ശവപ്പെട്ടിയെപ്പറ്റി ഒരു കടംകഥ കേട്ടത് ഇത്തരുണത്തില്‍ ഓര്‍ത്തുപോയി.
ടാറിടാത്ത, പൊടിപറക്കുന്ന റോഡിലൂടെ ”അരിയാട്ടുന്നതുപോലെ” ആടിയാടി, ഞങ്ങള്‍ ഖൊനോമയിലെത്തി. മലഞ്ചെരിവുകളില്‍, പല തട്ടുകളിലായിട്ടാണ് ഗ്രാമീണര്‍ താമസിക്കുന്നത്. ഞങ്ങളുടെ വാനുകള്‍ വലിയൊരു പള്ളിയുടെ അങ്കണത്തില്‍ നിര്‍ത്തി.
തൊട്ടടുത്തുള്ള ഇരുമ്പുഷീറ്റുമേഞ്ഞ ചെറിയൊരു കെട്ടിടത്തിനുമുകളില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. Office of the ECO Tourism Management Committee (E.T.M.C) Khonoma, Nagaland എന്ന് – ഒരാള്‍ക്ക് 50 രൂപയാണ് പ്രവേശനഫീസ്. ആ തുക അടച്ചുകഴിഞ്ഞാല്‍ ഓഫീസില്‍ നിന്നും ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന ഒരു ഗൈഡ് നമ്മുടെ കൂടെ വരും.
വഴിവക്കില്‍ പ്രധാനമന്ത്രി മോദിജിയുടെ താല്‍പര്യപ്രകാരം ഗ്രാമീണര്‍ക്ക് വേണ്ടി ശുദ്ധജലടാങ്ക് നിര്‍മ്മിച്ചിട്ടുണ്ട്. ”ഇവിടെ വാഹനങ്ങള്‍ കഴുകുന്നത് നിരോധിച്ചിരിക്കുന്നു” എന്ന് ഇംഗ്ലീഷില്‍ എഴുതിവച്ച ബോര്‍ഡുണ്ട്. ”എന്റെ വാഹനം ഞാന്‍ കഴുകും, താന്‍പോയി കേസുകൊട്” എന്നു വെല്ലുവിളിക്കുന്നതുപോലെ ഒരുത്തന്‍ ബക്കറ്റുകണക്കിന് വെള്ളം അയാളുടെ കാറിലേക്ക് കോരിയൊഴിക്കുകയാണ്. ബാംഗ്ലൂര്‍ ക്കാരികള്‍ ””See what is written on this board”എന്ന് അയാളോട് പറഞ്ഞപ്പോള്‍ “”I know; don’t teach me” എന്ന് കോപിഷ്ഠനായി അയാള്‍ മറുപടി പറഞ്ഞു. ഉഷയും കൂട്ടരും ‘വായമൂടി’!
മൂന്ന് കോടി രൂപ ചിലവിട്ടാണ് ഖൊനോമ ഗ്രാമം ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കിയതെന്ന് കേന്ദ്ര ടൂറിസം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
മലഞ്ചെരുവില്‍ പണിതിരിക്കുന്ന അന്‍പതോളം പടികള്‍ കയറിവേണം ഗ്രാമത്തിലേക്കുള്ള പ്രവേശനകവാടത്തിലെത്താന്‍. സ്വാമി ഉറക്കെ ശരണം വിളിച്ച് ചുറുചുറുക്കോടെ പടികള്‍കയറി. അടിയോടി മാഷിനും നല്ല ഹരം. ഗ്രാമത്തിലേക്ക് ഏഴു പ്രവേശനകവാടങ്ങള്‍ ഉള്ളതില്‍ ഏറ്റവും വലുതും തന്ത്രപ്രധാനവുമായ കവാടത്തിലേക്കാണ് ഈ പടിക്കെട്ടുകള്‍ നമ്മളെ നയിക്കുന്നത്. പടിക്കെട്ടുകളുടെ ഇരുവശങ്ങളിലുമായി ചെട്ടിപ്പൂക്കളും തക്കാളിയും മുളകുചെമ്പരത്തിയും പൂത്തും (കായ്ച്ചും) നില്‍ക്കുന്നതു കാണാനെന്തുഭംഗി! ലോഹത്തകിടുമേഞ്ഞ ചെറിയ വീടുകള്‍. തകിടിനുമുകളിലായി ‘വൈല്‍ഡ് ആപ്പിള്‍’, ആപ്രിക്കോട്ട് എന്നിവ ഉണക്കാനിട്ടിരിക്കുന്നു.
എല്ലാവരും പ്രവേശനകവാടത്തിനരികിലെത്തിയപ്പോള്‍ ഗൈഡ് അതിന്റെ പ്രാധാന്യത്തെപ്പറ്റി വര്‍ണിച്ചു. കരിങ്കല്ലുകൊണ്ടാണ് കവാടത്തിന്റെ ഇരുവശങ്ങളും ബലപ്പെടുത്തിയിരിക്കുന്നത്. മുകളില്‍ സ്ലാബുകള്‍ പോലെ കരിങ്കല്‍ പാത്തികള്‍. കരിങ്കല്ലില്‍ നാഗാലാന്റിന്റെ എംബ്ലം കൊത്തിവച്ചിരിക്കുന്നു. ‘മിഥുന്‍’ എന്ന പോത്തിന്റെ കൊമ്പുകളും വേഴാമ്പലിന്റെ തൂവലുകളും പോരാളിയുടെ അരക്കെട്ടിനോടു ചേര്‍ത്തുകെട്ടുന്ന ആവനാഴിപോലത്തെ ആയുധം ‘ഹോള്‍ഡറും.’
ആരാണീ മിഥുന്‍? ഞങ്ങള്‍ ദിമാപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തു കടക്കുന്നതിനു തൊട്ടുമുന്‍പ് മുളയും വൈക്കോലുമുപയോഗിച്ചുപണിത ‘തൊഴുത്ത്’ കണ്ടിരുന്നു. അതിനകത്ത് ചെറിയൊരു പോത്തിന്റെ പ്രതിമയും ‘മിഥുന്‍’ എന്ന ബോര്‍ഡും കണ്ടു. നാഗാലാന്റിന്റേയും അരുണാചല്‍ പ്രദേശിന്റേയും സംസ്ഥാന മൃഗമാണ് മിഥുന്‍. കാട്ടുപോത്തിനേയും നാടന്‍ പശുവിനേയും ഇണചേര്‍ത്ത് ജന്മം നല്‍കിയ, അടക്കവും ഒതുക്കവുമുള്ള ജന്തുവാണ് മിഥുന്‍. പ്രധാനമായും മാംസത്തിനുവേണ്ടിയാണ് ഇവയെ വളര്‍ത്തുന്നത്. പണവും പ്രതാപവുമുള്ള വീടുകളില്‍ ഇവയെ തീറ്റിപ്പോറ്റുന്നു. നമ്മുടെ നാട്ടില്‍ ആനയെ വളര്‍ത്തുന്നതുപോലെ. കല്യാണമുറപ്പിക്കാന്‍ വധുവിന്റെ വീട്ടിലേക്ക് കുറഞ്ഞത് ഒരു മിഥുനെയെങ്കിലും നല്‍കണമെന്നാണ് അരുണാചലിലെ ആചാരം.
വേഴാമ്പല്‍ നാഗാലാന്റിന്റെ (കേരളത്തിന്റേയും) സംസ്ഥാന പക്ഷിയാണ്. കിരീടം പോലെ തലയില്‍ ധരിക്കുന്ന ഹെഡ്ബാന്റില്‍ വേഴാമ്പലിന്റെ തൂവലുകള്‍ കുത്തിനിര്‍ത്തുന്നത് ആദിവാസികളുടെ ഫാഷനാണ്.
ഖൊനോമയുടെ ‘ഖ്യാതി’ എന്താണെന്നോ? നാലു പതിറ്റാണ്ടുകാലം ബ്രിട്ടീഷുകാര്‍ ഈ ഗ്രാമം കയ്യടക്കാന്‍ ശ്രമിച്ചെങ്കിലും ഇവരുടെ ബലിഷ്ഠമായ കരിങ്കല്‍ കവാടങ്ങള്‍ തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലത്രെ. 1879ല്‍ നാഗാസൈനികര്‍ മറഞ്ഞിരുന്ന് ബ്രിട്ടീഷ് സൈന്യത്തെ ആക്രമിക്കുകയും, 27 ബ്രിട്ടീഷ് സൈനികര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.
1880ല്‍ ബ്രിട്ടീഷ് സൈന്യവും, ഖൊനോമ തലവനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു. ഗ്രാമീണര്‍ യുദ്ധം നിര്‍ത്തി, കൃഷിയിലേക്കു തിരിഞ്ഞു. മലഞ്ചെരിവുകളില്‍ തട്ടുതട്ടായുള്ള ‘ടെറസ് ഫാമിംഗ്’ കാണാനെന്തൊരു ഐശ്വര്യം, നെല്ല്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവ അവിടെ കാലാവസ്ഥയനുസരിച്ച് കൃഷി ചെയ്തുവരുന്നു.
ക്രിസ്തുമത പ്രചാരകര്‍ എത്തിച്ചേര്‍ന്നതോടെ നാഗാലാന്റിലെ ജനങ്ങളെ മതപരിവര്‍ത്തനം നടത്തി. ഖൊനോമയിലെ 1943 ഓളം വരുന്ന ഗ്രാമീണര്‍ എല്ലാവരും ക്രിസ്തുമത വിശ്വാസികളാണ്.
ചെമ്പരത്തി, നാരങ്ങ, പേരയ്ക്ക എന്നിവയൊക്കെ സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്നതു കാണാനെന്തു രസം!
നടന്നു നടന്ന് ഞങ്ങള്‍ നാഗാ എംബ്ലം പതിച്ച വലിയ കവാടങ്ങളോടുകൂടിയ വിശാലമായ ഒരു മുറിയ്ക്കരികിലെത്തി. മുറിയുടെ തറയും വശങ്ങളുമൊക്കെ കരിങ്കല്‍ പാളികള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്. പുരുഷന്മാര്‍ യുദ്ധം ചെയ്യാന്‍ പോകുമ്പോള്‍ സ്ത്രീകളേയും കുട്ടികളേയും വൃദ്ധരേയും ഇതുപോലുള്ള മൂന്നു കോട്ടകള്‍ക്കകത്ത് സുരക്ഷിതരാക്കിയിട്ടാണ് പോകാറ്.
നിരപ്പായ ഒരിടത്തെത്തിയപ്പോള്‍ മുംബൈയില്‍ നിന്നുവന്ന സ്ത്രീകളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വിദേശീയരുമടങ്ങുന്ന ഒരു ടീം- ഞങ്ങള്‍ കേരളത്തില്‍ നിന്നും വന്നവരാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് – പ്രത്യേകിച്ച് വിദേശികള്‍ക്ക് വളരെ സന്തോഷം. മലയാളത്തിലൊരു പാട്ടുപാടാമോ എന്നായി അവരുടെ മുംബൈവാലാ ഗൈഡ്. ഞങ്ങള്‍ ‘കുട്ടനാടന്‍ പുഞ്ചയിലെ’ എട്ടുവരി പാടി കയ്യടി നേടി. ഒരു പാട്ടുകൂടി പാടാന്‍ അഭ്യര്‍ത്ഥന വന്നപ്പോള്‍ ”വന്ദേമാതരം” ആലപിച്ചു. മുംബൈ വിദ്യാര്‍ത്ഥികളും ഭക്ത്യാദരപൂര്‍വ്വം എഴുന്നേറ്റു നിന്ന് ഞങ്ങളോടൊപ്പം കൂടി.
മോറുംഗ്
ആണ്‍കുട്ടികളുടെ ഡോര്‍മിറ്ററി എന്ന് ലഘുവായി നിര്‍വ്വചിക്കാം. നാഗാലാന്റിലെ ആദിവാസികള്‍ക്കിടയില്‍ കണ്ടുവരുന്ന ഒരേര്‍പ്പാടാണ്. പ്രായപൂര്‍ത്തിയാകുന്നതുവരെ പെണ്‍കുട്ടികള്‍ക്കും ഇവിടെ പ്രവേശനമുണ്ട്. ആണ്‍കുട്ടികള്‍ മുതിര്‍ന്ന പുരുഷന്മാരില്‍ നിന്നും ആയുധനിര്‍മ്മാണം, മുള, ചൂരല്‍ എന്നിവ ഉപയോഗിച്ച് കരകൗശലവസ്തുക്കള്‍, വീട്ടാവശ്യത്തിനുള്ള കുട്ട, വട്ടി, മുറം എന്നിവയുടെ നിര്‍മ്മാണം തുടങ്ങി പലതും സ്വായത്തമാക്കുന്ന, ഒരുതരം ഗുരുകുല വിദ്യാഭ്യാസം നടത്തുന്ന, സ്ഥലങ്ങളാണിവ. പരമ്പരാഗതമായി അവരുടെ സംസ്‌കാരവും ആചാരവും കൈമോശം വരാതെ സംരക്ഷിക്കുന്നതില്‍ മോറുംഗുകള്‍ക്കുള്ള പങ്ക് ചെറുതല്ല. വിവാഹിതരാകുന്നതുവരെ യുവാക്കള്‍ക്ക് ഇവിടെ കഴിയാം.
വെയിലുകാഞ്ഞുകൊണ്ട് വൃദ്ധനായ ഒരാള്‍ മുള ഉപയോഗിച്ച് വട്ടി നെയ്യുന്നതുകണ്ടു. വേറൊരാള്‍ ഉലയില്‍ മഴുവിന്റെ വായ്ത്തല അടിച്ചുപരത്താനുള്ള ശ്രമത്തിലാണ്.
ചായത്തോട്ടത്തില്‍ കൊളുന്തുനുള്ളുന്ന സ്ത്രീകള്‍ അവരുടെ പുറകില്‍ തൂക്കിയിടുന്ന തരം കൂട കണ്ടിട്ടില്ലേ? ഏതാണ്ട് അതേ തരത്തിലുള്ള ചൂരല്‍ കൂട ഇവിടത്തുകാരും ഉപയോഗിക്കുന്നുണ്ട്. വിറക്, ഇഷ്ടിക എന്നിവയൊക്കെ ഇതിനകത്താക്കി ചുമന്നുകൊണ്ടുപോകുന്നവരെ കണ്ടു. മുഖത്ത് നൂറായിരം ചുളിവുകള്‍ വീണ, പല്ലുകൊഴിഞ്ഞ വൃദ്ധനും വടികുത്തിപ്പിടിച്ച് കൂടയും ചുമന്ന് പോകുന്നതുകണ്ടു.
വലുതും ചെറുതുമായ മരവീടുകള്‍. എല്ലാത്തിനും ലോഹത്തകിടുകളാണ് മേഞ്ഞിരിക്കുന്നത്. മിഠായി-ബിസ്‌ക്കറ്റ്, പേന, പെന്‍സില്‍ എന്നിവ വില്‍ക്കുന്ന ചെറിയൊരു കടയില്‍ നാലഞ്ചുകുട്ടികളെ കണ്ടു. അവര്‍ക്ക് ഞങ്ങളെക്കണ്ട് നാണവും ചിരിയും വന്നു! അവിടത്തെ ചായപ്പീട്യയില്‍ നിന്നും എല്ലാവരും ചായകുടിച്ചു.
സമയം ഉച്ചയ്ക്ക് ഒന്നരമണി. തിരിച്ചുപോരാന്‍ നേരം അത്രയും നേരം ഗൈഡായി കൂടെയുണ്ടായിരുന്നയാള്‍, ഞങ്ങളുടെ പച്ച-വെള്ള-ഓറഞ്ച്, നിറമുള്ള തൊപ്പി ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദിക്കുകയാണ് “”Are you BJP? Is your trip sponsored by BJP?” എന്ന്. ഉടനെ ഞാന്‍ പറഞ്ഞു – “”We are Indians. These are the colours of our National Flag” എന്ന്. അതോടെ അയാള്‍ നിശ്ശബ്ദനായി.
ഞങ്ങള്‍ കൊഹീമയില്‍ തിരിച്ചെത്തി. YAOTSU’S (യോട്ട്ഷു) റസ്റ്റോറന്റില്‍ നിന്നും ശുദ്ധവെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു. ഊത്തപ്പം, പൂരി, വെജിറ്റബിള്‍ കറി എന്നിവയ്ക്ക് നല്ല ചൂടും നല്ല രുചിയും.
(തുടരും)