യോട്ട്ഷൂവില്‍ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോള്‍ ശ്രീദേവി ഗ്രൂപ്പിലെ ആളുകളുടെ ‘തലയെണ്ണി.’ ഒരു തല കുറവുള്ളതായി കണ്ടെത്തി. അത് മ്മ്‌ടെ എക്‌സൈസ് ചങ്ങായിയാണെന്നും മനസ്സിലായി. (ചങ്ങായിയുടെ പേര് ഞാന്‍ വെളിപ്പെടുത്തുകയില്ല.) അദ്ദേഹത്തിന്റെ നമ്പര്‍ ശ്രീദേവിയ്ക്ക് അറിയാമായിരുന്നു. പല പ്രാവശ്യം വിളിച്ചു നോക്കി. ‘സ്വിച്ച്ഡ് ഓഫ്’ എന്നാണ് അറിയാന്‍ കഴിഞ്ഞത്. അയാള്‍ ചെറിയ കുട്ടിയൊന്നുമല്ലല്ലോ, നമ്മള്‍ താമസിക്കുന്ന ഹോട്ടല്‍ ഈഡനില്‍ അയാള്‍ എത്തിക്കോളും എന്ന് പൊതുവേ അഭിപ്രായമുണ്ടായി. ഞങ്ങളെല്ലാവരും വാനുകളില്‍ കയറി കോമണ്‍വെല്‍ത്ത് വാര്‍ സെമിത്തേരി കാണാന്‍ പുറപ്പെട്ടു.
ഇനി ഒരു ഫ്‌ളാഷ് ബാക്ക് – ബ്‌ളാക്ക് ആന്റ് വൈറ്റ്!
വര്‍ഷം 1944 ഏപ്രില്‍ മാസം. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. കൊഹീമയിലെ ഗാരിസണ്‍ മലയില്‍ സ്ഥിതിചെയ്യുന്ന ഡെപ്യൂട്ടി കമ്മീഷണറുടെ ബംഗ്ലാവും ടെന്നിസ് കോര്‍ട്ടും പെട്ടെന്ന് യുദ്ധക്കളമായി മാറുകയായിരുന്നു. ബ്രിട്ടീഷുകാരും സഖ്യകക്ഷികളും ഒരുവശത്ത്; മറുവശത്ത് ജപ്പാന്‍ നയിക്കുന്ന പടയാളികള്‍. രണ്ടുകൂട്ടരും നേര്‍ക്കുനേര്‍ നിന്നു പൊരുതുകയാണ്. രണ്ടുവശത്തും കനത്ത ആള്‍നഷ്ടമുണ്ടായി. രക്തപ്പുഴ ഒഴുകി. കമ്മീഷണറുടെ ബംഗ്ലാവ് തകര്‍ന്നുടഞ്ഞു. എണ്ണത്തില്‍ അധികമുള്ള ബ്രിട്ടീഷ് സൈന്യത്തിനു മുന്‍പില്‍ ബര്‍മ്മവഴി ഇന്ത്യയിലെത്തിയ ജപ്പാന്‍ സൈന്യത്തിന് പിടിച്ചു നില്‍ക്കാനായില്ല. അവര്‍ തോറ്റു പിന്മാറി.
യുദ്ധത്തില്‍ 2300 ബ്രിട്ടീഷ് /സഖ്യകക്ഷി പട്ടാളക്കാര്‍ മരിച്ചു. 917 ഹിന്ദു-സിഖ് ഭടന്മാരും (ബ്രിട്ടീഷ് സൈന്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ചവര്‍) വീരമൃത്യു വരിച്ചു. ഇവര്‍ക്കെല്ലാവര്‍ക്കും വേണ്ടി കോമണ്‍വെല്‍ത്ത് വാര്‍ ഗ്രേവ്‌സ് കമ്മിഷന്‍ പ്രശാന്ത സുന്ദരമായ ഒരു ശാന്തിവനം നിര്‍മ്മിച്ചു. യുദ്ധം നടന്ന സ്ഥലത്ത്, പട്ടാളക്കാര്‍ വീരമൃത്യുവരിച്ച സ്ഥലത്തു തന്നെയാണ് ഈ സെമിത്തേരി കലാപരമായി നിര്‍മ്മിച്ചു വച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ഫീല്‍ഡ് മാര്‍ഷല്‍ സര്‍ വില്യം സ്ലിം.
തട്ടുതട്ടായി പണിത പുല്‍ത്തകിടികള്‍ക്കിടയില്‍ പിച്ചളകൊണ്ടു നിര്‍മ്മിച്ച ഫലകങ്ങള്‍ പുല്ലിലും മണ്ണിലുമായി ഉറപ്പിച്ചിരിക്കുന്നു. ഭടന്റെ പേര്, വയസ്സ്, രാജ്യം എന്നിവ അതില്‍ എഴുതിവച്ചിരിക്കുന്നു. ശരാശരി പ്രായം 20-30 വയസ്സാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാം. ജീവിതം ആസ്വദിച്ചു തുടങ്ങേണ്ട പ്രായം!
ഹിന്ദു-സിഖ് ഭടന്മാരുടെ ശരീരം അവരുടെ മതാചാരപ്രകാരം സംസ്‌കരിക്കുകയുണ്ടായി. എങ്കിലും അവരെ ഓര്‍മ്മിക്കാനായി അവരുടെ പേരെഴുതിയ ഫലകങ്ങളും നാട്ടിയിട്ടുണ്ട്. ഗാരിസണ്‍ മലയുടെ ഒരു വശത്തായിട്ടാണ് സെമിത്തേരി. ഏറ്റവും ഉയരമുള്ള ഭാഗത്തും ഏറ്റവും താഴെയുള്ള ഭാഗത്തും രണ്ടുകോണ്‍ക്രീറ്റ് ചുവരുകളുണ്ട്. അവയില്‍ കുരിശുകള്‍ കൊത്തിവച്ചിരിക്കുന്നു.
പുല്‍ത്തകിടികള്‍ക്കിടയില്‍ ധാരാളം കൊച്ചു പൂച്ചെടികളും റോസച്ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. അവയില്‍ നിന്നും അടരുന്ന ദളങ്ങള്‍ ഭടന്മാര്‍ക്ക് പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടേയിരിക്കുന്നു.
സെമിത്തേരിയുടെ ഏറ്റവും ഉയരമുള്ള ഭാഗത്ത് പണിതിരിക്കുന്ന കോണ്‍ക്രീറ്റ് ചുവരിന്റെ ഒരുവശത്തായി ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യന്‍ പട്ടാളക്കാരുടെ പേരുകളുമുണ്ട്. കൊച്ചി, ട്രാവന്‍കൂര്‍ എന്ന് പ്രത്യേകം എടുത്തെഴുതിയ ഭാഗം ഞങ്ങള്‍ വായിച്ചുനോക്കി. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാണ് പേരുകള്‍ എഴുതിവച്ചിരിക്കുന്നത്. അച്യുതന്‍, ആനന്ദന്‍, അയ്യപ്പന്‍, ഗോപാലന്‍, ഗോവിന്ദന്‍, കറുപ്പന്‍, കൊച്ചാപ്പു, കൊര്‍ച്ചുരാമന്‍, കൃഷ്ണന്‍, കുമാരന്‍, കുഞ്ഞന്‍, മണി ആദിച്ചന്‍, ചെല്ലപ്പന്‍, നാഗു, പേങ്ങന്‍, രാമകൃഷ്ണന്‍, രാമന്‍, ശങ്കരന്‍നായര്‍, വറീത്, വേലു, വേലായുധന്‍, വേലുകൊച്ചപ്പന്‍, എന്‍.കുട്ടി, മാധവന്‍… ഇവരൊക്കെ യുദ്ധത്തിനു പോയി… അച്ഛനും അമ്മയും ഭാര്യയും മക്കളും കാത്തിരുന്നിട്ടുണ്ടാവും കുറേക്കാലം. ചിലപ്പോള്‍ ഉന്നതാധികാരികളില്‍ നിന്നും അറിയിപ്പ് കിട്ടിക്കാണും. എത്ര കുടുംബങ്ങള്‍ അനാഥമായിട്ടുണ്ടാകും! ഞങ്ങള്‍ നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഈ ഭടന്മാര്‍ക്കുവേണ്ടി മൗനപ്രാര്‍ത്ഥന നടത്തി.
വേറൊരു ശിലാഫലകത്തില്‍ ജോണ്‍ മാക്‌സ് വെല്‍ എഡ്മണ്ട്‌സ് എഴുതിയ വരികള്‍ കണ്ടു.
“When you go home, Tell them of us, and say…
For your Tomorrow, we gave our Today”
അതു വായിച്ച് കണ്ണുകള്‍ ഈറനണിഞ്ഞു.
സമയം നാലരകഴിഞ്ഞു. സൂര്യന്‍ ചരമഗിരിപൂകി. ആകാശത്ത് മഞ്ഞ, ഓറഞ്ച്, ചുവപ്പ് രാശി പടര്‍ന്നു. അതോടെ തണുപ്പിന്റെ കാഠിന്യവുമേറി. ഞങ്ങള്‍ വേഗം വാനിലേക്കു നടന്നു. മലഞ്ചെരുവുകളിലെ വീടുകളില്‍ വൈദ്യുത വിളക്കുകള്‍ കണ്‍തുറന്നു. ഏതോ പള്ളിയില്‍ നിന്നും ഉയരുന്ന മണിനാദം…
”സ്വഗൃഹത്തിലെത്തുമ്പോള്‍ ചൊല്ലീടുക നിങ്ങള്‍ കൂട്ടരോടൊക്കെയും….
നിങ്ങള്‍ടെ നാളേയ്ക്കുവേണ്ടി ഞങ്ങള്‍ ത്യജിച്ചിതാ ഞങ്ങള്‍ടെ ഇന്നിനെ….!”
സെമിത്തേരി കണ്ടുകഴിഞ്ഞ് ഹോട്ടലിലെ മുറിയിലെത്തി. ചൂടുചായ കുടിച്ചപ്പോള്‍ ആശ്വാസം തോന്നി. ബാല്‍ക്കണിയില്‍ നിന്നും ആകാശത്ത് പ്രകൃതി നടത്തുന്ന വര്‍ണക്കാഴ്ചകള്‍ കൊതിതീരെ കണ്ടു.
ഞാനും ജയകുമാറും സ്വെറ്ററും ജാക്കറ്റും ധരിച്ച് നടക്കാനിറങ്ങി. സ്ട്രീറ്റ് ലൈറ്റ് എന്ന ‘സംഭവ’മേ ഇല്ലാത്ത സ്ഥലം. വൈദ്യുതിയുടെ ദൗര്‍ലഭ്യമാണ് കാരണം.
കുറെ വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങളൊരു അത്ഭുതക്കാഴ്ച കണ്ടു. നൂറുകണക്കിനു മിന്നാമിനുങ്ങുകള്‍! മലഞ്ചെരിവില്‍ തഴച്ചുവളരുന്ന വൃക്ഷലതാദികള്‍ക്കിടയില്‍ ഒളിച്ചു കളിക്കുകയാണ്, കലാഭവന്‍ മണി പാടി അനശ്വരമാക്കിയ ”മിന്നാമിനുങ്ങേ, മിന്നും മിനുങ്ങേ, എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം” എന്ന പാട്ട് ഓര്‍ത്തുപോയി. തണുപ്പിന്റേയും ഇരുട്ടിന്റേയും കാഠിന്യമേറിയതോടെ ഞങ്ങള്‍ ഹോട്ടലിലേക്കു മടങ്ങി.
രാത്രി. 7.30ന് ഡൈനിംഗ് ഹാളില്‍ സത്സംഗ് ഉണ്ടായിരുന്നു. ബാംഗ്ലൂര്‍ സുന്ദരികളുടെ അപേക്ഷ മാനിച്ച് മന്നാഡേ പാടിയ ”മാനസമൈനേ വരൂ” എനിക്കറിയാവുന്നതുപോലെ പാടി. അവര്‍ക്ക് വളരെ സന്തോഷമായി.
നാളെ നമ്മള്‍ റോഡ് മാര്‍ഗ്ഗം ഇംഫാലിലേക്ക് മണിപ്പൂരിന്റെ തലസ്ഥാനത്തേക്ക് 135 കി.മീറ്റര്‍ യാത്ര ചെയ്യും വഴിയില്‍ ഹോട്ടലുകളൊന്നുമുണ്ടാവില്ല. ഇവിടെ നിന്നും ഉച്ചഭക്ഷണം പൊതിഞ്ഞുതരാമെന്നു പറഞ്ഞിട്ടുണ്ട്. എല്ലാവരും ലഗ്ഗേജ് പാക്ക് ചെയ്ത് നാളെ വെളുപ്പിന് മുറിയ്ക്ക് പുറത്തു വയ്ക്കണം… പ്രാചു ഞങ്ങള്‍ക്ക് ഇപ്രകാരം ‘ഇന്‍സ്ട്രക്ഷന്‍സ്’ തന്നു. രുചികരമായ ഭക്ഷണം കഴിച്ച് മുറിയിലേക്കു പോയി.
(സത്സംഗിനിടയില്‍ എക്‌സൈസ് ചേട്ടന്‍ ദേഷ്യപ്പെട്ട് ബഹളമുണ്ടാക്കി. ”ഉച്ചയ്ക്ക് നിങ്ങള്‍ എന്നെക്കൂട്ടാതെ പോയില്ലേ? ഞാന്‍ ഫോണിന്റെ ചാര്‍ജര്‍ വില്‍ക്കുന്ന കട അന്വേഷിച്ചു പോയതായിരുന്നു. നാട്ടീന്ന് അതുകൊണ്ടുവരാന്‍ മറന്നു. ഫോണ്‍ ‘ഡെഡ് ആയി’ എന്നൊക്കെ പറഞ്ഞു. ”ഇനി എങ്ങോട്ടെങ്കിലും പോകുമ്പോള്‍ എന്നോടു പറഞ്ഞിട്ടുവേണം പോകാന്‍” എന്നു വേണുജി പറഞ്ഞു. ഞങ്ങള്‍ വേഗം സ്ഥലം കാലിയാക്കി! (വെട്ടാന്‍ പോകുന്ന പോത്തിന്റെ ചെവിയില്‍ വേദമോതിയിട്ടെന്തുകാര്യം?)
ദുരൂഹത നിറഞ്ഞ സ്യൂട്ട് കേസ്!
ഹോട്ടല്‍ ഈഡനില്‍ ഞങ്ങളുടെ മുറിക്ക് പുറത്ത്, വാതിലിനടുത്തായി ഒരു സ്യൂട്ട്‌കേസ്! ഇന്‍ഡിഗോയുടെ സ്റ്റിക്കര്‍ ഉണ്ട്. ”ഇതാരുടേതാണ്?” സഹയാത്രികരോട് ചോദിച്ചപ്പോള്‍ മധു പറഞ്ഞു, ”ഇത് ഡോക്ടറുടേതായിരിക്കുമെന്നു വിചാരിച്ചിട്ടാണ് ഞങ്ങള്‍ അവിടെ വച്ചത്.”
ഉടമസ്ഥനില്ലാത്ത ബാഗ് അപകടം പിടിച്ചതായിരിക്കാം എന്നാണ് റെയില്‍വേയുടെ ആപ്തവാക്യം. ”അതിനകത്ത് ബോംബ്, മയക്കുമരുന്ന് എന്നിവ കണ്ടേക്കാം” എന്നു പറഞ്ഞു ജയകുമാര്‍. സ്വാമി ഞെട്ടി, ”ആണ്ടവാ” എന്നു വിളിച്ച് നാലടി പുറകോട്ടു മാറി. ”നമ്മള്‍ടെ വാനിന്റെ ഡ്രൈവര്‍മാര്‍ ലഗ്ഗേജുകള്‍ വാനിന്റെ ഡിക്കിയിലെടുത്തു വച്ചപ്പോള്‍ വേറെ ഏതോ യാത്രക്കാരന്റെ ബാഗും അബദ്ധത്തില്‍ എടുത്തുകാണും” എന്ന് ഞാനും ഒരഭിപ്രായം പറഞ്ഞു.
ഖൊനോമഗ്രാമം സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ഞങ്ങളുടെ തൊപ്പികണ്ട് ഒരാള്‍ ഓടിവന്നു, എന്റെയൊരു ചുവന്ന വീലര്‍ സ്യൂട്ട്‌കേസ് നിങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയിട്ടുണ്ടോ? ഞാനും നിങ്ങള്‍ യാത്ര ചെയ്ത ഫ്‌ളൈറ്റിലാണ് ദിമാപ്പൂരിലെത്തിയത്.” ദുരൂഹത നീങ്ങി. ഞങ്ങള്‍ റിസപ്ഷനില്‍ ഏല്‍പ്പിച്ച പെട്ടി വൈകിട്ട് അയാള്‍ വന്ന് വാങ്ങിക്കൊണ്ടുപോയി. ശുഭം!
വേഴാമ്പല്‍ വാഴുംവേനല്‍കുടീരങ്ങള്‍
(20-11-2022)
ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍മുക്ഷീയ മാമൃതാത്
കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുലധര്‍മ്മം ച
മാം ച പാലയ പാലയ
ചാറ്റുകുളം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ യാത്ര പുറപ്പെടും മുന്‍പുള്ള പ്രാര്‍ത്ഥന നടക്കുകയാണ്. എല്ലാവരും എഴുന്നേറ്റുനിന്ന്, അറിയാവുന്ന ശ്ലോകങ്ങള്‍ കൂടെച്ചൊല്ലി. ഹോട്ടലിന്റെ ഉടമസ്ഥ ഞങ്ങള്‍ക്ക് ശുഭയാത്ര നേര്‍ന്നു.
ഞങ്ങള്‍ ഇന്ന് മണിപ്പൂരിലേക്ക് – പൂര്‍ബ്ബശ്രീ സഹോദരിമാരില്‍ ഒരു സുന്ദരിയെ സന്ദര്‍ശിക്കാന്‍ പോവുകയാണ്. എന്റെ എം.ഡി.വിദ്യാര്‍ത്ഥിനിയായിരുന്ന ഡോ.റോഹിത ഈ നാട്ടുകാരിയാണല്ലോ എന്നോര്‍ത്തു. ഇപ്പോള്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായ റോഹിതയ്ക്ക് ഞാന്‍ വാട്ട്‌സ് ആപ്പ് സന്ദേശം അയച്ചു ”റോഹിതാ, ഞങ്ങള്‍ ഇന്ന് മണിപ്പൂരിലെത്തും” എന്ന്. ആ കുട്ടിക്ക് അത്ഭുതവും സന്തോഷവും!
പോകുന്ന വഴിക്ക് നാഗാലാന്റിലെ പ്രശസ്തമായ Hornbill Festival Ground സന്ദര്‍ശിക്കുന്നതായിരിക്കും എന്ന് വേണുജി പറഞ്ഞു.
മലകളിലെല്ലാം പൂത്തുലഞ്ഞു നില്‍ക്കുന്ന ചെറിമരങ്ങള്‍. നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍ ഈ മരങ്ങള്‍ കാണാനെന്തൊരു ചന്തമായിരുന്നെന്നോ! പൈന്‍ മരക്കാടുകള്‍, നെല്ലി, മുള, വാഴ, ചെമ്പരത്തി, സമൃദ്ധമായി വിളഞ്ഞുകിടക്കുന്ന ചൗചൗ വള്ളികള്‍ എന്നിവയൊക്കെ കണ്ട് ഞങ്ങള്‍ ആടിയാടി, കുലുങ്ങിക്കുലുങ്ങി മുന്നേറുകയാണ്. അല്പസമയത്തിനകം ഞങ്ങള്‍ ”വേഴാമ്പല്‍ ഉത്സവപ്പറമ്പി”ലെത്തി.
നാഗാലാന്റിന്റെ സംസ്ഥാനപ്പക്ഷിയാണ് വേഴാമ്പല്‍. നാഗാലാന്റിലെ ഉത്സവങ്ങളുടെ ഉത്സവമാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍. ഡിസംബര്‍ 2000ലാണ് ആദ്യത്തെ ഉത്സവം നടന്നത്. നാഗാലാന്റിലെ കിസാമ എന്ന ഗ്രാമത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ പത്തുവരെയാണ് ഒരുപാട് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഈ മേള അരങ്ങേറുക.
“”Window To Nagaland” എന്ന ബോര്‍ഡ് പതിച്ച കമാനമാണ് ഞങ്ങളെ ഉത്സവപ്പറമ്പിലേക്ക് നയിച്ചത്. അവിടെ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. കമാനത്തിനടുത്തായി 2014ല്‍ നാഗാലാന്റ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്വാഗതമോതിക്കൊണ്ടുള്ള ഫലകം, കമാനം കടന്നാലുടനെ വിശാലമായ ഗ്രൗണ്ട് എന്നിവ കാണാം. ഗ്രൗണ്ടിനു ചുറ്റും ഗാലറിയുമുണ്ട്. ഗാലറിയിലിരുന്ന് നൃത്തവും വാദ്യമേളങ്ങളുമൊക്കെ ആസ്വദിക്കാം.
എന്തിനാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നത്? നാഗാലാന്റിലെ 16 ആദിവാസി സമൂഹങ്ങള്‍ക്ക് അവരുടെ തനതായ ജീവിതശൈലികളും ആചാരങ്ങളും വേഷവിധാനങ്ങളും ഭക്ഷണരീതികളും കരകൗശല വസ്തുനിര്‍മ്മാണ രീതികളുമുണ്ട്. അവയെല്ലാം ഇന്ത്യയിലേയും വിദേശങ്ങളിലെ പൗരന്മാരെയും കാണിക്കാനും, പതിനാറ് സമൂഹങ്ങളിലെ ആളുകള്‍ക്ക് തമ്മില്‍ത്തമ്മില്‍ പരിചയപ്പെടാനും, കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കാനുമൊക്കെ ഈ മേളകള്‍ ഉതകുന്നു. പലതരം ഭക്ഷണപാനീയങ്ങളും, അരിയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന നാടന്‍ മദ്യവും അവിടെ ലഭ്യമായിരിക്കും. നാഗാസുന്ദരിയെ തിരഞ്ഞെടുക്കാനുള്ള മത്സരവും ഉണ്ടായിരിക്കും.
അമേരിക്കയിലെ ലോസാഞ്ചലസില്‍ പോയപ്പോള്‍ HOLLY WOOD ഉ എന്ന അക്ഷരങ്ങള്‍ വലിയൊരു മലമുകളില്‍ നാട്ടിയിരിക്കുന്നതു കണ്ടിരുന്നു. ഏതാണ്ടതുപോലെ അത്രയും വലിപ്പമില്ലെങ്കിലും ഇവിടത്തെ മലമുകളിലും എഴുതിവച്ചിരിക്കുന്നു NAGA HERITAGE VILLAGE എന്ന്.
ഗാലറിയ്ക്കു പിന്നിലായി സിമന്റ് ഉപയോഗിച്ച് നിര്‍മ്മിച്ച മരവും, മരക്കൊമ്പുകളില്‍ വേഴാമ്പലുകളും. മരം, മുള എന്നിവ ഉപയോഗിച്ചു നിര്‍മ്മിച്ച സ്റ്റേജുകളും കണ്ടു. മലകളുടെ പല തട്ടുകളിലായി നടപ്പാതകളും ഓരോ ഗോത്രത്തിന്റേയും കുടിലുകളും കണ്ടു. മുളയും മരവുമാണ് പ്രധാനമായും നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നത്. കുടിലുകള്‍ക്കിടയില്‍ പൂത്തുനില്‍ക്കുന്ന ചെറിമരങ്ങളും മുളങ്കാടുകളും. കുടിലുകള്‍ക്ക് മോറുംഗ് എന്നാണ് പേര്. റെംഗ്മ മോറുംഗ്, ഛാക്കേസാംഗ് മോറുംഗ്, ലോത്താ മോറുംഗ്, സുമി മോറുംഗ്… ഇങ്ങനെ പോകുന്നു അവയുടെ പേരുകള്‍. കെട്ടിലും മട്ടിലും ഓരോന്നും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. ചിലവയുടെ പ്രവേശനകവാടങ്ങളില്‍ പുലി, പല്ലി, ആന, മിഥുന്‍, വേഴാമ്പല്‍ എന്നിവയുടെ രൂപം ത്രീഡിയായി കൊത്തിവെച്ചിട്ടുണ്ട്.
20 അടിയോളം നീളമുള്ള വലിയ മരത്തടി തുരന്ന് ഒരുതരം വാദ്യോപകരണം നിര്‍മ്മിച്ചിരിക്കുന്നതു കണ്ടു. തടിക്കഷ്ണം കൊണ്ട് പലതരത്തില്‍ കൊട്ടി ഊരുകാര്‍ക്ക് സന്ദേശങ്ങള്‍ കൈമാറാനാണ് ഇതുപയോഗിക്കുന്നത്. അഗ്നിബാധ, ശത്രുവിന്റെ ആഗമനം, ജനനം, മരണം, ഉത്സവത്തിന്റെ തുടക്കം എന്നിവയ്‌ക്കെല്ലാം ഓരോതരം കോഡ് ഉണ്ട്. പ്രാചു രണ്ടു വടിക്കഷ്ണങ്ങള്‍ ഉപയോഗിച്ച് പ്രത്യേക തരത്തില്‍ കൊട്ടി. മരച്ചെണ്ടയുടെ മുന്നറ്റം കണ്ടാല്‍ ആന തുമ്പിക്കൈ നീട്ടി നില്‍ക്കുന്നതുപോലെ തോന്നു.
ലോകത്തില്‍ ഏറ്റവും ഉയരമുള്ള റോഡോഡെന്‍ഡ്രോണ്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് (108 അടി ഉയരം) നേടിയ മരം കണ്ടുപിടിച്ചത് ഡൊണീപ, വിയേല്‍ എന്നിവരാണെന്നും, അത് നാഗാലാന്റിലെ കാട്ടിലാണ് സ്ഥിതിചെയ്യുന്നതെന്നും, അതിന്റെ തൈ ആണ് ഈ കാണുന്നതെന്നും ബോര്‍ഡെഴുതി വച്ചിട്ടുണ്ട്. രണ്ടു മണിക്കൂറോളം അവിടെ ചിലവഴിച്ചതിനു ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. നാട്ടില്‍ നിന്നുകൊണ്ടുവന്ന മുറുക്ക്, എള്ളുണ്ട, പൊരി, കപ്പലണ്ടി എന്നിവ ഇടയ്ക്കിടയ്ക്ക് സേവിക്കുന്നുണ്ടായിരുന്നു. സ്വാമിയുടെ നിഷ്‌ക്കളങ്കമായ തമാശകള്‍ ഞങ്ങളെ പൊട്ടിച്ചിരിപ്പിച്ചു.
MAO Police Inner Line Permit എന്നെഴുതിയ സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തി. എല്ലാവരും ആധാര്‍ കാര്‍ഡുമായി കമ്പ്യൂട്ടറിനു മുന്‍പിലിരിക്കുന്ന ഓഫീസര്‍മാരുടെയടുത്ത് ചെല്ലണം. ആധാര്‍ വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ മാത്രമേ മണിപ്പൂരിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു. (‘മാവോ’ ആ ഗ്രാമത്തിന്റെ പേരാണ്).
സ്ത്രീകള്‍ക്കുവേണ്ടി ഒരു തോടിന്റെ വക്കില്‍ രണ്ടുമൂന്ന് ശുചിമുറികള്‍ നിര്‍മ്മിച്ചുവച്ചിട്ടുണ്ട്. ഇനിയും അഞ്ചാറുമണിക്കൂര്‍ യാത്ര ചെയ്യണം ഇംഫാലിലെത്താന്‍. ഈ സൗകര്യം എല്ലാ സ്ത്രീകളും പ്രയോജനപ്പെടുത്തണം എന്ന് പ്രാചു പറഞ്ഞു. വെള്ളംനിറച്ച ഒരു ടാങ്കും പ്ലാസ്റ്റിക് മഗ്ഗുകളും അവിടെയുണ്ടായിരുന്നു. അടുത്തുള്ള മലമുകളില്‍ തോക്കേന്തിയ ജാഗരൂകരായ പട്ടാളക്കാരെകണ്ടു. നമസ്‌തെ, സഹോദരന്മാരെ! നന്ദി! നിങ്ങള്‍ സദാസമയവും ഉണര്‍ന്നിരിക്കുന്നതു കൊണ്ടു മാത്രമാണ് ഞങ്ങള്‍ സുഖമായി ഉറങ്ങുന്നത്.
2,5 അസം റൈഫിള്‍സിലെ ഭടന്മാരാണ് വടക്കു കിഴക്കേ ഇന്ത്യയിലെ കാവലാളുകള്‍. സെന്‍ട്രല്‍ പാരാമിലിട്ടറി ഫോഴ്‌സിനു കീഴിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയും ഇവരാണ് നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. 1835ല്‍ നിലവില്‍ വന്ന ഈ സേന ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ വിഭാഗമാണ്. 46 ബറ്റാലിയനുകളാണ് അസം റൈഫിള്‍സിനുള്ളത്.
യാത്രയിലുടനീളം, തോക്കേന്തിയ ഭടന്മാര്‍ പലയിടത്തായി നില്‍ക്കുന്നതു കണ്ടു. ഗോത്ര വര്‍ഗ്ഗക്കാരുടെ ഉറ്റതോഴന്മാര്‍ കൂടിയാണ് ഈ ഭടന്മാര്‍.
എല്ലായിടത്തും റോഡുകളുടെ വീതികൂട്ടലും ടാറിടലും തകൃതിയായി നടക്കുന്നു. ഇനിയൊരു നാലുകൊല്ലാം കഴിഞ്ഞാല്‍ യാത്ര വളരെ സുഗമമായി നടത്താന്‍ പറ്റും എന്നുറപ്പാണ്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ ചുമതലയാണ് ഇവിടത്തെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കിത്തീര്‍ക്കുക എന്നത്. കൊടും വളവുകള്‍, അഗാധഗര്‍ത്തങ്ങള്‍, മണ്ണിടിച്ചിലിനു സാധ്യതയുള്ള സ്ഥലങ്ങള്‍ ഇവയൊക്കെയുള്ള പാതയിലൂടെയാണ് ഞങ്ങളുടെ സഞ്ചാരം. ബിആര്‍ഓ സ്ഥാപിച്ച രസകരവും ചിന്തോദ്ദീപകവുമായ മുന്നറിയിപ്പുകള്‍ പലയിടത്തും കണ്ടു – ഇതാ നാലഞ്ചു സാംപിളുകള്‍
• After whisky; driving risky
• Marry safety rules; Divorce death
• Smart cuts, cuts young life
• Speed thrills, but kills/Impatient on road; patient in hospitalമേഹ
വഴിയരികില്‍ വിശാലമായ വയലേലകള്‍. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നു. നൂറുകണക്കിന് പശുക്കളും കിടാങ്ങളും പുല്ലുമേയുന്നു. 50 വര്‍ഷം മുന്‍പ് നമ്മളുടെ കേരളത്തിലും ഇങ്ങനത്തെ കാഴ്ചകള്‍ സര്‍വ്വസാധാരണമായിരുന്നു. ഇപ്പോള്‍ വയലുകള്‍ നികത്തി ഫ്‌ളാറ്റുകളും മാളുകളും പണിയുന്ന തിരക്കിലായിപ്പോയി കേരളീയര്‍.
ഉച്ചയ്ക്ക് രണ്ടുമണിക്ക് സൗകര്യപ്രദമായ സ്ഥലത്ത് വാനുകള്‍ നിര്‍ത്തി. അലുമിനിയം കാര്‍ട്ടണുകളില്‍ പൊതിഞ്ഞ രോട്ടിയും ആലുഗോബിയും അച്ചാറും എല്ലാവര്‍ക്കും വിതരണം ചെയ്യപ്പെട്ടു. ഫ്രൂട്ട് ജ്യൂസും പഴവും വിതരണം ചെയ്തപ്പോള്‍ പലര്‍ക്കും കിട്ടാതിരുന്നത് മുറുമുറുപ്പിനും അസംതൃപ്തിക്കും ഇടവരുത്തി.
ഭക്ഷണത്തിനുശേഷം ബറാക്ക് എന്ന നദിക്കു സമാന്തരമായി യാത്ര ചെയ്തു. ഇംഫാല്‍ നഗരത്തോട് അടുക്കും തോറും ജനസാന്ദ്രതകൂടി. കൂടുതല്‍ സൗകര്യങ്ങളുള്ള വീടുകള്‍, കൂടുതല്‍ വാഹനങ്ങള്‍ എന്നിവ കണ്ടുതുടങ്ങി. ആറുവരിയുള്ള റോഡിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ നടക്കുന്നു.
നാലരയോടെ ഇരുട്ടായി. വഴിനീളെ ബഹുവര്‍ണ്ണങ്ങളിലുള്ള വൈദ്യുതവിളക്കുകള്‍ പ്രഭചൊരിയുന്നു. ‘സാന്‍ഗായ്’ ഫെസ്റ്റിവല്‍ പ്രമാണിച്ചാണ് വൈദ്യുതാലങ്കാരം. ഞാന്‍ വിചാരിച്ചു തെക്കേ ഇന്ത്യയുടെ തെക്കേയറ്റത്തു നിന്നും വന്നവരെ എതിരേല്‍ക്കാനായിരിക്കുമെന്ന്! ഫൂള്‍!
വൈകിട്ട് 5.30ന് ഞങ്ങള്‍ ഇംഫാലിലെ ‘സാന്‍ഗായ്’ ഹോട്ടലില്‍ എത്തിച്ചേര്‍ന്നു. ലിഫ്റ്റ് ഉള്ളതുകൊണ്ട് ബാഗുകളുമായി മൂന്നാം നിലയിലെത്താന്‍ പ്രയാസമുണ്ടായില്ല. ചൂടു ചായയും, ചൂടുവെള്ളത്തിലൊരു കുളിയും കഴിഞ്ഞപ്പോള്‍ വീണ്ടും ഉഷാറായി. രാത്രി 8 മണിക്ക് ഡിന്നര്‍. രോട്ടി, ചോറ്, പനീര്‍ മസാല, വെജിറ്റബിള്‍ കറി, സലാഡ്, തൈര്, ഗുലാബ് ജാമുന്‍ എന്നിവ സൂപ്പര്‍. ശുഭരാത്രി, ശുഭനിദ്ര.
(തുടരും)