സര്‍വ്വമംഗള മാംഗല്യേ
ശിവേ സര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ
ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്
സര്‍വ്വ വിഘ്‌നോപശാന്തയേ…
ഇന്ന് മണിപ്പൂരിലെ ഏറ്റവും പുരാതനമായ വിഷ്ണുക്ഷേത്രവും, ലോക്ത്താക്ക് തടാകവും കെയ്ബുള്‍ ലാംജൗ നാഷണല്‍ പാര്‍ക്കുമാണ് സന്ദര്‍ശിക്കാന്‍ പോകുന്നതെന്ന് പ്രാചു പറഞ്ഞു. എല്ലാവരും വാനുകളില്‍ കയറി.
രാവിലെ ആറരയ്ക്ക് ഡൈനിംഗ് റൂമില്‍ നിന്നും ചൂടുചായ കുടിച്ച് ഞാനും ജയകുമാറും നടക്കാനിറങ്ങിയിരുന്നു. 30-35 വര്‍ഷം മുന്‍പത്തെ മദ്രാസ് സിറ്റിയെ ഓര്‍മ്മിപ്പിക്കുമാറ് പൊടിയും, ചപ്പുംചവറും, ചീറിപ്പായുന്ന ഓട്ടോറിക്ഷകളും, തിരക്കുപിടിച്ച പച്ചക്കറിച്ചന്തയും, കരിമ്പുവില്‍പ്പനക്കാരികളും, മീന്‍-ഇറച്ചി മാര്‍ക്കറ്റും, ലോകത്തെ ഏറ്റവും കൂടുതല്‍ എരിവുള്ള ‘നാഗാമിര്‍ച്ചി’ എന്ന മുളകിന്റെ കൂമ്പാരമുമൊക്കെ കണ്ടു. കുളിച്ച്, പൊട്ടുതൊട്ട് വൃത്തിയായി വസ്ത്രധാരണം ചെയ്ത ഒരു വനിത പാലും പാലുല്‍പന്നങ്ങളുമാണ് വില്‍ക്കുന്നത്. തൈര്, മോര്, വെണ്ണ, പനീറിന്റെ കഷണങ്ങള്‍ എന്നിവയൊക്കെ വൃത്തിയായി പാക്ക് ചെയ്തുകൊണ്ടുവന്നിട്ടുണ്ട്, അല്പസമയം അതൊക്കെ കണ്ടതിനുശേഷം ഞങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തി.
ആലുപറാത്ത, പോഹ, കറുത്ത അരിയുടെ പായസം, ബ്രെഡ്, മുട്ട, ചായ, പഴം എന്നിവയടങ്ങുന്ന വിഭവസമൃദ്ധമായ ബുഫെ ബ്രേക്ക് ഫാസ്റ്റും പ്രാര്‍ത്ഥനയും കഴിഞ്ഞ് മണി (ഡയമണ്ട്) അണിഞ്ഞ പുരം (നഗരം) കാണാന്‍ ഞങ്ങള്‍ പുറപ്പെട്ടു.
മണിപ്പൂര്‍, ഇംഫാല്‍
കാംഗ്ലീപാക്ക് എന്നും പേരുള്ള മണിപ്പൂര്‍ വാണിജ്യപരമായും സാംസ്‌കാരികപരമായും ഏഷ്യയിലെ ബാക്കിരാജ്യങ്ങളെ കൂട്ടിയിണക്കുന്നതില്‍ കഴിഞ്ഞ 2500 വര്‍ഷങ്ങളായി മുന്‍പന്തിയില്‍ നില്‍ക്കുന്ന സമ്പല്‍സമൃദ്ധമായ പ്രദേശമായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെ അതൊരു നാട്ടുരാജ്യമായി തുടര്‍ന്നുവന്നു. ബ്രിട്ടീഷുകാരും മണിപ്പൂരിന്റെ ഭരണത്തില്‍ കൈ കടത്തിയില്ല. 1949 ഒക്ടോബര്‍ 15-ാം തീയതി മണിപ്പൂര്‍ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി മാറി.
പൂര്‍ബ്ബശ്രീകളിലെ ഒരു സുന്ദരിയായ മണിപ്പൂരിനെ ചുറ്റി നാഗാലാന്റ്, മിസോറാം, അസം എന്നീ സംസ്ഥാനങ്ങളും മ്യാന്‍മര്‍ എന്ന രാജ്യവും സ്ഥിതിചെയ്യുന്നു. ഹിന്ദുമത വിശ്വാസികളാണ് അധികവും. മെയ്തി എന്ന ഗോത്രവംശജരാണ് പകുതിയിലധികവും. നാഗ, സോമി എന്നീ ഗോത്രക്കാരുമുണ്ട്.
കാംഗ്ലാ ഷാ എന്ന സിംഹമാണ് മണിപ്പൂരിന്റെ മുദ്ര. നോംഗ്ഷാബ എന്നും പേരുള്ള സിംഹരൂപത്തിലുള്ള ദൈവമാണിത്; എല്ലാദൈവങ്ങളുടേയും രാജാവ്; സൂര്യനെപ്പോലും നിര്‍മ്മിച്ചവന്‍. തലയില്‍ രണ്ടുകൊമ്പുകളോടുകൂടിയ, വാപിളര്‍ത്തിനില്‍ക്കുന്ന ഈ സിംഹത്തെ മണിപ്പൂരില്‍ എവിടെപ്പോയാലും കാണാം. ഇംഫാലാണ് മണിപ്പൂരിന്റെ തലസ്ഥാനം. ഇന്ത്യയുടെ കിഴക്കേ അറ്റത്ത് മ്യാന്‍മര്‍ അതിര്‍ത്തിയോടു ചേര്‍ന്നാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
കൃഷിയാണ് മണിപ്പൂരിലെ മുഖ്യവരുമാനമാര്‍ഗ്ഗം. നദികള്‍ ഈ സംസ്ഥാനത്തെ കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. ജലവൈദ്യുത പദ്ധതികളില്‍ നിന്നും ആവശ്യത്തിനുള്ള വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കുന്നു. 16 ജില്ലകളാണ് ഈ സംസ്ഥാനത്തുള്ളത്. മണിപ്പൂരിനൃത്തം വളരെ മനോഹരമായ കലാരൂപമാണ്. ‘പോളോ’ എന്ന കളിക്ക് ഈ സംസ്ഥാനത്ത് നല്ല പ്രചാരമുണ്ട്. മണിപ്പൂരുകാരാണത്രെ ബ്രിട്ടീഷുകാരെ ‘പോളോ’ പഠിപ്പിച്ചത്!
നാഗാലാന്റില്‍ നിന്നും മണിപ്പൂരിലെത്തിയപ്പോള്‍ മലകളുടെ ഉയരവും എണ്ണവും കുറഞ്ഞു. ചെറി മരങ്ങള്‍ കാണാനേയില്ല. കോണ്‍ക്രീറ്റ് വീടുകളും വാഹനങ്ങളും, ടാര്‍ ചെയ്ത റോഡുകളും സുലഭം. കൊയ്ത്തു കഴിഞ്ഞ പാടങ്ങളും, കന്നുകാലികളും ബ്രഹ്മപുത്രയുടെ കൈവഴിയായ ബറാക്ക് നദിയുമൊക്കെ കണ്ടുകൊണ്ട് ഞങ്ങള്‍ ബിഷ്ണുപ്പൂര്‍ എന്ന സ്ഥലത്തെത്തി. ഇവിടെയാണ് മണിപ്പൂരിലെ ഏറ്റവും പുരാതനമായ വിഷ്ണുക്ഷേത്രം. വാനില്‍ നിന്നിറങ്ങിയ ഞങ്ങള്‍ വിഷ്ണുക്ഷേത്രം എവിടെ എന്നന്വേഷിച്ച് ചുറ്റിനും നോക്കി. അവിടെയെങ്ങും അങ്ങനെയൊരു കെട്ടിടം കാണാന്‍ കഴിഞ്ഞില്ല.
പ്രാചുവിന്റെ പിറകെ നഴ്‌സറി ക്ലാസ്സിലെ കുട്ടികളെപ്പോലെ ഒരിടവഴിയിലേക്ക്, ഞങ്ങള്‍ തിരിഞ്ഞു. ചെമ്പരത്തിയും മാവും പുളിയുമൊക്കെ തഴച്ചുവളരുന്ന പറമ്പുകള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ബോര്‍ഡ് ഞങ്ങളെ എതിരേറ്റു-ഇവിടെ നിങ്ങള്‍ കാണുന്നത് പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ക്ഷേത്രമാണ്.
മണിപ്പൂരിലെ ക്യാംബ രാജാവും പോംഗ് എന്ന രാജ്യത്തെ ഖേ ഖൊംബരാജാവും കൂടി ഷാന്‍ രാജ്യത്തെ രാജാവിനെ യുദ്ധത്തില്‍ തോല്‍പ്പിച്ചു. അതിന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ പോംഗ് രാജാവ് ക്യാംബരാജാവിന് വിഷ്ണുവിന്റെ വിഗ്രഹം സമ്മാനമായി നല്‍കി. അദ്ദേഹം ഉചിതമായ രീതിയില്‍ ക്ഷേത്രം നിര്‍മ്മിച്ച് വിഷ്ണുവിനെ അവിടെ പ്രതിഷ്ഠിച്ചു. സംഭവം നടന്നത് 15-ാം നൂറ്റാണ്ടില്‍.
വിഗ്രഹമില്ലാത്ത ദേവാലയം…
”ഹൃദയം ദേവാലയം,
മാനവഹൃദയം
ദേവാലയം
ബംഗാളി കുടിലിന്റെ ആകൃതിയില്‍, കല്ലുകൊണ്ട് നിര്‍മ്മിച്ച 25 അടിയോളം ഉയരമുള്ള ക്ഷേത്രം, ഇഷ്ടികയുടെ നിറമാണ് ക്ഷേത്രത്തിന്. 2ഃ2 മീറ്ററാണ് ഗര്‍ഭഗൃഹത്തിന്റെ വലിപ്പം. പുറത്ത് 2.1 ഃ1.1 മീറ്റര്‍ വലിപ്പത്തിലുള്ള പോര്‍ച്ച് ക്ഷേത്രത്തിനകത്തേക്ക് കയറാന്‍ രണ്ടു ചവിട്ടുപടികള്‍. ”കോര്‍ബെല്‍ഡ് ആര്‍ച്ച്” എന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ ഉത്തരം (roof) നിര്‍മ്മിച്ചിരിക്കുന്നത്. മുറ്റത്ത് ടൈല്‍സ് പാകിയിട്ടുണ്ട്. ചുറ്റും കാടുപിടിച്ചുകിടക്കുന്നു. ക്ഷേത്രപാലകനായി ഒരു കെയര്‍ടേക്കറുണ്ട്. ചെരുപ്പ് അഴിച്ചുവച്ചിട്ടുവേണം അകത്തേക്കു പ്രവേശിക്കാന്‍ എന്ന് വാതിലിന്റെ താഴും ഓടാമ്പലും നീക്കുമ്പോള്‍ അയാള്‍ അപേക്ഷിച്ചു. അമ്പലത്തിനകത്ത് വിഗ്രഹമോ പൂജാസാമഗ്രികളോ ഒന്നും തന്നെയില്ല. വിഗ്രഹം ഏതെങ്കിലും മ്യൂസിയത്തില്‍ സുരക്ഷിതമായി വച്ചിട്ടുണ്ടായിരിക്കുമെന്ന് എനിക്കു തോന്നു ന്നു. ക്ഷേത്രത്തിനു ചുറ്റും രാത്രി പ്രകാശം പരത്താന്‍ സോളാര്‍ വിളക്കുകള്‍ നാട്ടിയിട്ടുണ്ട്.
ഒന്നാലോചിച്ചുനോക്കൂ – പട്ടുവസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ് രാജാവും റാണിയും മക്കളും, അംഗരക്ഷകരോടൊപ്പം ക്ഷേത്രദര്‍ശനത്തിനു വരുന്ന കാഴ്ച. നെയ്‌വിളക്കുകളില്‍ നിന്നും ഉതിരുന്ന ഹൃദ്യമായ പരിമളം. വിളക്കുകളുടെ വെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്ന വിഗ്രഹം, ആരതിയുഴിയുന്ന പൂജാരിമാര്‍. പൂജയുടെ സമയത്ത് ഉയരുന്ന മണിനാദം, ഉത്സവസമയത്ത് കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും പാദസരക്കിലുക്കം, പൊട്ടിച്ചിരികള്‍; പടഹധ്വനി. ഇപ്പോള്‍ ശൂന്യത മാത്രം…..
ക്ഷേത്രദര്‍ശനം നടത്തിക്കഴിഞ്ഞാല്‍ കിട്ടുന്ന സന്തോഷമോ മനശ്ശാന്തിയോ അവിടെ നിന്നും കിട്ടിയില്ല എന്നു മാത്രമല്ല മനസ്സ് മൂകമായതുപോലെ തോന്നുകയും ചെയ്തു.
ലോക്ത്തക്ക് തടാകം (Loktak Lake)
തെക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണിത്. വിഷ്ണുക്ഷേത്രം സന്ദര്‍ശിച്ചതിനുശേഷം യാത്ര തുടര്‍ന്ന ഞങ്ങള്‍ വിശാലമായ ജലാശയത്തിനടുത്തെത്തി. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയ വാനില്‍ നിന്നും പുറത്തിറങ്ങിയ ഞങ്ങളെ രൂക്ഷമായ മത്സ്യഗന്ധമാണ് എതിരേറ്റത്. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതിന് തൊട്ടടുത്തായി സ്ത്രീകള്‍ നടത്തുന്ന തുറസ്സായ മാര്‍ക്കറ്റ്. നിലത്ത് പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് അതിനുമുകളില്‍ വട്ടത്തിലുള്ള സ്റ്റീല്‍ പ്ലേറ്റുകളില്‍ പല നിറത്തിലും വലിപ്പത്തിലുമുള്ള മത്സ്യങ്ങള്‍ വറുത്ത് വില്‍ക്കാന്‍ വച്ചിരിക്കുന്നു.
പച്ചക്കറികളുടെ കൂടെ രണ്ടടിയോളം നീളത്തില്‍ മുറിച്ചുവച്ച വാഴപ്പിണ്ടിയും വില്‍ക്കാന്‍ വച്ചിരുന്നു. വാഴയുടെ പുറത്തെ പോളകള്‍ നീക്കം ചെയ്തിട്ടില്ല. വാഴപ്പിണ്ടി ഉണങ്ങിപ്പോകാതെയും, കറുത്തുപോകാതെയും സൂക്ഷിക്കാനായിരിക്കാം ഇങ്ങനെ ചെയ്യുന്നത്.
റോഡിന്റെ മറുവശത്താണ് ”ലോക്ത്തക്ക് ലേയ്ക്ക് ടൂറിസം ഡെവലപ്പ്‌മെന്റിന്റെ” ഓഫീസ്. അതിനുസമീപത്തായി സുന്ദരമായി അലങ്കരിച്ച സ്റ്റേജ്. താലമേന്തിയ തരുണീമണികള്‍. ഞങ്ങളെ എതിരേല്‍ക്കാനാണോ എന്ന് സംശയിച്ചുനില്‍ക്കുമ്പോള്‍ ചീറിപ്പാഞ്ഞുവരുന്നു പോലീസ് അകമ്പടിയോടെ മണിപ്പൂര്‍ മുഖ്യമന്ത്രി നോങ്ങ് തോംബം ബിരേന്‍സിംഗ്! ഞങ്ങളെ പോലീസ് ഒരുവശത്തേക്ക് മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതുകണ്ട അദ്ദേഹം പോലീസുകാരെ വിലക്കി. അതുകൊണ്ട് ഞങ്ങള്‍ക്കും മുഖ്യമന്ത്രിയെ അടുത്തുനിന്ന് കാണാന്‍ സാധിച്ചു. ഹൈഡ്രോളിക് എസ്‌കവേറ്ററുകള്‍ നാടിന് സമര്‍പ്പിക്കാനാണ് അദ്ദേഹം അവിടെയെത്തിയിരിക്കുന്നത്.
ഞങ്ങള്‍ ബോട്ട് ജെട്ടിയിലേക്കു നടന്നു. ലോക്ത്തക്ക് തടാകം കണ്ടിട്ട് ”അയ്യേ” എന്ന് ഞങ്ങളെല്ലാവരും പറഞ്ഞു. തെളിഞ്ഞ ശുദ്ധജലതടാകമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. ഈ തടാകത്തില്‍ പായലും പുല്ലും പലതരം ജലസസ്യങ്ങളും കൂടിച്ചേര്‍ന്ന് ചെറുതും വലുതുമായ അനേകം തുരുത്തുകളാണ് കാണാന്‍ കഴിഞ്ഞത്. 250-500 ചതുരശ്ര കിലോമീറ്ററാണ് ഈ തടാകത്തിന്റെ വിസ്തീര്‍ണ്ണം! (ഈ തടാകത്തിന്റെയത്രയും തന്നെ വലിപ്പമുണ്ട് പാകിസ്ഥാനിലെ മന്‍ചാര്‍ തടാകത്തിനും)
ശ്രീശ്രീ രവിശങ്കര്‍ പറയാറുളളതുപോലെ ”Expectation reduces joy” എന്ന അവസ്ഥയിലായിരുന്നു ഞങ്ങള്‍. പിന്നീടാണ് മനസ്സിലായത്, ഈ തടാകത്തില്‍ പ്രത്യേകതരം ആവാസവ്യവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന്. പായല്‍, പുല്ല്, മണ്ണ്, ചീഞ്ഞുകൊണ്ടിരിക്കുന്ന സസ്യങ്ങള്‍, ചളി എന്നിവയെല്ലാം ചേര്‍ന്ന് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ‘ഫുംടി’ രൂപപ്പെടുന്നു. ഇവയില്‍ ഏറ്റവും വലിയ ഫുംടി (Phumdi) യുടെ വലിപ്പം 40 സാ2! അതായത് ചെറിയൊരു ദ്വീപിന്റെ വലിപ്പം. ഓരോ ഫുംടിയിലും ചെറിയ ജീവികളും പക്ഷികളും ഒക്കെ താമസമാക്കുന്നു. ചിലയിടങ്ങളില്‍ മനുഷ്യരും! (മീന്‍പിടിത്തക്കാര്‍)
പ്രാചു ഞങ്ങള്‍ക്കുവേണ്ടി രണ്ടുബോട്ടുകള്‍ വാടകയ്‌ക്കെടുത്തു. ഒരു ബോട്ടില്‍ 13 പേര്‍ വീതം. മേല്‍ക്കൂരയുള്ള ബോട്ടില്‍, ലൈഫ്ജാക്കറ്റ് അണിഞ്ഞതിനുശേഷമാണ് ഞങ്ങളെ കയറ്റിയത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തുരുത്തുകള്‍ക്കിടയിലൂടെ ഞങ്ങളുടെ മോട്ടോര്‍ ബോട്ട് പതുക്കെ മുന്‍പോട്ടു നീങ്ങി. വെള്ളത്തിന് അധികം ആഴമില്ലാത്ത സ്ഥലത്ത് ഗ്രീന്‍ ആല്‍ഗകള്‍ വളരുന്നതു കണ്ടു.
നാഗാലാന്റില്‍ നിന്നും മണിപ്പൂരിലെത്തിയപ്പോള്‍ തണുപ്പിന്റെ കാഠിന്യം കുറഞ്ഞു; എങ്കിലും ബോട്ട് മുമ്പോട്ട് നീങ്ങിയപ്പോള്‍, സാമാന്യം നല്ല തണുപ്പ് അനുഭവപ്പെട്ടു. കൊക്കുകള്‍, നീലപ്പൊന്മാന്‍ എന്നീ പക്ഷികളേയും കുളക്കോഴികളേയും കണ്ടു. ഒരൊറ്റ കാക്കയെപ്പോലും കണ്ടില്ലല്ലോ എന്നോര്‍ത്തു. ബോട്ട് ഉയര്‍ത്തിവിട്ട അലകളില്‍ ആറ്റുവഞ്ചികള്‍ ഉലഞ്ഞു. അവയിലിരുന്നു വിശ്രമിക്കുകയായിരുന്ന തുമ്പികളും ചെറുപ്രാണികളും പറന്നുപൊങ്ങി. പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള മേഘങ്ങളും നീലാകാശവും വെള്ളത്തില്‍ പ്രതിഫലിച്ചു.
ഒരു മണിക്കൂറോളം നീണ്ടുനിന്ന യാത്ര അവസാനിക്കാറായപ്പോള്‍ വേണുജി പറഞ്ഞു: ”ആശമ്മേ, ഒരു വഞ്ചിപ്പാട്ട് പാടിക്കോ” എന്ന്. ”കുട്ടനാടന്‍ പുഞ്ചയിലെ” നാലുവരി ഞാന്‍ പാടുകയും കൂടെയുണ്ടായിരുന്നവര്‍ ഏറ്റുപാടുകയും ചെയ്തു.
മുഖ്യമന്ത്രിയെ പൂത്താലമേന്തി വരവേല്‍ക്കാന്‍ വന്ന സുന്ദരിക്കുട്ടികള്‍ ബോട്ട് ജെട്ടിയില്‍ പലപോസുകളില്‍ ഫോട്ടോയെടുക്കുകയായിരുന്നു. അവരുടെ സമ്മതത്തോടെ ഞാനും അവരുടെ കൂടെ നിന്ന് ഫോട്ടോയെടുത്തു. മലയാളിമങ്കകള്‍ സെറ്റ് മുണ്ട് ഉടുക്കുന്നതുപോലെയാണ് അവരുടെ പരമ്പരാഗത ശൈലിയില്‍ വസ്ത്രം ധരിച്ചിരിക്കുന്നത്.
ഞങ്ങളുടെ അടുത്ത ലക്ഷ്യം INA Memorial complex and INA War Musieum ആയിരുന്നു. മണിപ്പൂരിലെ മൊയാറാങ്ങ് എന്ന സ്ഥലത്താണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്.
(തുടരും)