- വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
- വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
- കാമധേനു ( വിശ്വാമിത്രന്‍ 3)
- രാജസദസ്സിലേക്ക് വിശ്വാമിത്രന്റെ ആഗമനം (വിശ്വാമിത്രന്‍ 22)
- ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
- വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
- കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)
ഓരോരുത്തരും ഭൂമിയില്‍ വന്നു പിറക്കുന്നതിന് ഓരോ ഉദ്ദേശ്യമുണ്ടെന്ന് വിദ്യാരംഭം കുറിച്ച സന്ദര്‍ഭത്തില്‍ വസിഷ്ഠന്‍ പറഞ്ഞ വാക്കുകള്‍ രാമന്റെ മനസ്സിലേയ്ക്ക് കടന്നുവന്നു. താന്‍ എന്തിനാണ് ഭൂമിയില്‍ വന്നു പിറന്നത് എന്ന് ആദ്യമായി രാമന്‍ ചിന്തിച്ചു.
എന്തു മറുപടിയാണ് രാമന്‍ പറയുന്നത് എന്നറിയാന്‍ വസിഷ്ഠനും വിശ്വാമിത്രനും ആകാംക്ഷയോടെ രാമനെ നോക്കി.
”ത്രികാലജ്ഞാനികളായ നിങ്ങള്‍ എന്നില്‍നിന്ന് ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്. ശക്തന്മാരായ രാക്ഷസന്മാരോട് പോരാടാനുള്ള ശക്തി എനിക്കുണ്ടോ എന്നറിയില്ല. എങ്കിലും അനീതിക്കെതിരെ പോരാടാന്‍ ഞാന്‍ തയ്യാറാണ്.” രാമന്‍ യാതൊരു സംശയവുമില്ലാതെ തന്റേടത്തേടെ പറഞ്ഞു.
”ആദ്യം പോരാടാനുള്ള മനസ്സാണ് വേണ്ടത്. ശക്തി താനേ എത്തിച്ചേരും.” വിശ്വാമിത്രന്‍ സന്തോഷത്തോടെ പറഞ്ഞു.
”ചെയ്യേണ്ടത് എന്തെന്ന് അരുളിച്ചെയ്താലും ഗുരോ. അങ്ങയോടൊപ്പം കാനനത്തിലെത്തി രാക്ഷസരെ നേരിടാനും എനിക്ക് മടിയില്ല.”
രാമന്റെ വാക്കുകള്‍ കേട്ട് അത്യധികമായ സന്തോഷത്തോടെ വിശ്വാമിത്രന്‍ ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റ് രാമന്റെ അടുത്തേയ്ക്കു ചെന്നു കരങ്ങള്‍ ഗ്രഹിച്ച് തന്റെ നെഞ്ചോടു ചേര്‍ത്തുവച്ചു.
”രാമാ, ആരാണോ ഇഷ്ടങ്ങളൈ വെടിഞ്ഞുകൊണ്ട് ദീനദയാലുക്കള്‍ക്കുവേണ്ടി സ്വന്തം ജീവിതത്തെ മാറ്റിവയ്ക്കുന്നത് അവന്‍ ഭൂമിയുള്ള കാലത്തോളം ജീവിക്കുന്നത് ജനഹൃദയങ്ങളിലാണ്” വസിഷ്ഠന്‍ പുത്രനെ എന്നപോലെ രാമനെ നെഞ്ചോടു ചേര്‍ത്തുകൊണ്ട് പറഞ്ഞു.
”കുമാരാ, രാജാവായി രാജ്യത്തെ പരിപാലിച്ചവനാണ് ഞാന്‍. പ്രജകള്‍ക്കുവേണ്ടി ഭരിച്ചു എന്നു പറയുമ്പോഴും എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കാണ് ഞാന്‍ പ്രാധാന്യം കൊടുത്തത്. എന്നാല്‍ അധികാരത്തില്‍നിന്ന് അകന്ന് ആചാര്യസ്ഥാനത്ത് എത്തിയപ്പോള്‍ ഒരു സത്യം ഞാന്‍ തിരിച്ചറിഞ്ഞു. രാജാവിനേക്കാള്‍ ആനന്ദം അനുഭവിക്കുന്നത് ആചാര്യനാണെന്ന മഹത്തായ സത്യം” വിശ്വാമിത്രന്‍ പറഞ്ഞു.
”ദുഷ്ടനിഗ്രഹത്തിനായി എന്റെ ശരീരത്തെ ഞാന്‍ സമര്‍പ്പിച്ചു കഴിഞ്ഞു. അങ്ങയുടെ ആജ്ഞ അനുസരിക്കാന്‍ എപ്പോഴാണ് അങ്ങയെ അനുഗമിക്കേണ്ടത് മഹാമുനേ..?” രാമന്‍ തൊഴുകയ്യോടെ വിശ്വാമിത്രനെ നമിച്ചുകൊണ്ട് ചോദിച്ചു.
”ഏതൊരു മഹത്തായ കര്‍മ്മത്തിനും യുക്തമായ സമയവും സന്ദര്‍ഭവും പ്രധാനമാണ്” വിശ്വാമിത്രന്‍ പറഞ്ഞു.
”കുമാരാ, മഹത്തായ ഏതുകാര്യത്തിന് പോകുമ്പോഴും മാതാപിതാക്കളുടെ അനുവാദം ആവശ്യമാണ്. അവരുടെ ആശീര്‍വ്വചനം ഉദ്ദിഷ്ടകാര്യലബ്ധിക്ക് ഊര്‍ജ്ജം പകരുന്നതാണ്.” വസിഷ്ഠന്‍ പറഞ്ഞു.
”ആദ്യം പരപ്രേരണയില്ലാത്ത കുമാരന്റെ സമ്മതമാണ് പ്രധാനം. ഇക്കാര്യത്തില്‍ പിതാവിന്റെ പൂര്‍ണ്ണസമ്മതം പെട്ടെന്ന് ലഭിക്കാന്‍ ഇടയില്ല. പിതാവിന്റെ അനുവാദത്തോടെ കുമാരനെ സ്വീകരിക്കണം എന്നാണ് എന്റെയും ആഗ്രഹം. അതിന് അങ്ങയുടെ സഹായവും ചിലപ്പോള്‍ ആവശ്യമായിവരും” വിശ്വാമിത്രന്‍ വസിഷ്ഠനെ നോക്കി പറഞ്ഞു.
”എങ്കില്‍ അധികം താമസിക്കാതെ ദശരഥരാജനെ അങ്ങ് നേരിട്ടുകണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുന്നതാണ് ഉത്തമം” വസിഷ്ഠന്‍ പറഞ്ഞു.
”ആ ദൗത്യം നാം വിജയകരമായി പൂര്‍ത്തിയാക്കുന്നതാണ്” വിശ്വാമിത്രന്‍ സന്തോഷത്തോടെ കൈകള്‍ ഉയര്‍ത്തി രാമനെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു.
ആദ്യ ദൗത്യം വിജയിച്ചു എന്ന് വിശ്വാമിത്രന്‍ സമാധാനിച്ചു. രാമനെ തന്നോടൊപ്പം കാനനത്തിലേയ്ക്ക് അയയ്ക്കാന്‍ അയോദ്ധ്യയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ദശരഥന്‍ അനുവാദം നല്‍കാന്‍ ഇടയില്ല. എങ്കിലും രാമനെ സിദ്ധാശ്രമത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ആചാര്യന്‍ അനുവാദം നല്‍കിയാല്‍ രാജാവിന് എതിര്‍ക്കാന്‍ കഴിയില്ലെന്ന് വിശ്വാമിത്രന്‍ ആശ്വസിച്ചു.
വസിഷ്ഠനോട് കൂടുതലൊന്നും സംസാരിക്കാതെ അപ്പോള്‍ത്തന്നെ ആശ്രമത്തിലേയ്ക്കു മടങ്ങാനായി അതിഥിഗേഹത്തില്‍നിന്ന് വിശ്വാമിത്രന്‍ പുറത്തേയ്ക്കിറങ്ങി. പഴയകാല വൈരം മറന്ന് ആചാര്യന്‍ ഒരു സുഹൃത്തിനെപ്പോലെ സ്‌നേഹത്തോടെ സ്വീകരിച്ച സന്തോഷത്താല്‍ വിശ്വാമിത്രന്‍ വസിഷ്ഠനെ നമസ്‌കരിച്ചു.
* * *
വിശ്വാമിത്രനെ യാത്രയാക്കിയശേഷം അയോദ്ധ്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് വസിഷ്ഠന്‍ രാമനുമായി ദീര്‍ഘനേരം സംസാരിച്ചു. അധികാരവുമായി ബന്ധപ്പെട്ട് കൊട്ടാരത്തില്‍ നടക്കുന്ന ഗൂഢമായ നീക്കങ്ങളാണ് അവരുടെ സംഭാഷണത്തിന് വിഷയമായത്. താന്‍ അറിഞ്ഞ അന്തപ്പുര രഹസ്യങ്ങളൊന്നും രാമന്‍ ആചാര്യനുമായി പങ്കുവച്ചില്ല. എങ്കിലും കോസലത്തില്‍ സംഭവിക്കാന്‍ ഇടയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയ മട്ടിലാണ് വസിഷ്ഠന്‍ സംസാരിച്ചത്. ഒന്നിനും മറുപടി പറയാതെ രാമന്‍ എല്ലാം കേട്ടിരുന്നു.
വസിഷ്ഠനെ വണങ്ങിയശേഷം കൊട്ടാരത്തിലേയ്ക്കു മടങ്ങാന്‍ രാമന്‍ ആശ്രമത്തിന് പുറത്തിറങ്ങി. പലവിധ ചിന്തകളാല്‍ രാമന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ആശ്രമത്തിനു പുറത്തിറങ്ങിയതും, രാമന്റെ മനസ്സ് അറിയുന്ന കുതിര, സന്തോഷം രേഖപ്പെടുത്തുന്ന മട്ടില്‍ ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കിക്കൊണ്ട് രാമന്റെ അടുത്തേയ്ക്കുവന്നു. കുതിരപ്പുറത്ത് കയറിശേഷം, കുതിരയെ ഒന്നു തലോടിയതും അത് അതിവേഗത്തില്‍ രാമനെയും വഹിച്ചുകൊണ്ട് പോകുന്നത് വസിഷ്ഠശിഷ്യന്മാര്‍ ആശ്ചര്യത്തോടെ നോക്കിനിന്നു.
ആചാര്യന്മാരുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ആരോടും പറയേണ്ടെന്ന് രാമന്‍ മനസ്സില്‍ ഉറച്ചു. തന്റെ നിഴലായി നടക്കുന്ന ലക്ഷ്മണനോടും ഇക്കാര്യം തല്‍ക്കാലം പറയുന്നത് ഉചിതമാവില്ലെന്നു തോന്നി. വിശ്വാമിത്രന്‍ പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. വസിഷ്ഠനില്‍ നിന്ന് പഠിച്ചതില്‍നിന്ന് വ്യത്യസ്തമായ പലവിധ ജ്ഞാനങ്ങളും വിശ്വാമിത്രനില്‍നിന്നും പഠിക്കാനുണ്ടെന്ന് ബോധ്യമായി. സിദ്ധാശ്രമത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പിതാശ്രീയുടെ അനുവാദം തേടി അധികം വൈകാതെ വിശ്വാമിത്രന്‍ വരും എന്നുറപ്പാണ്. ആരോടും പറയാന്‍ പാടില്ലാത്ത ദേവരഹസ്യമായി ആ കൂടിക്കാഴ്ചയെ രാമന്‍ മനസ്സിലൊതുക്കി.
അയോദ്ധ്യാഗമനം
ദശരഥന്‍, വസിഷ്ഠനുമായി പുത്രന്മാരുടെ വിവാഹത്തെക്കുറിച്ചുള്ള ആലോചകള്‍ നടത്തുന്ന സന്ദര്‍ഭത്തിലാണ് വിശ്വാമിത്രന്‍ കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നത്. വിശ്വാമിത്രമഹര്‍ഷി അയോദ്ധ്യയിലെത്തി എന്നറിഞ്ഞപ്പോള്‍ സുമന്ത്രര്‍ക്ക് അത്യധികമായ സന്തോഷമുണ്ടായി. രാജാവ് ശുഭകരമായ കാര്യം ബന്ധുക്കളോടും ഉപാധ്യായനോടും ആലോചിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു മുനിശ്രേഷ്ഠന്റെ വരവ് ശുഭലക്ഷണമായിട്ടാണ് സുമന്ത്രര്‍ കണ്ടത്.
വിശ്വാമിത്രമഹര്‍ഷി രാജകൊട്ടാരത്തിന്റെ പ്രധാന ഗോപുരം കടന്നപ്പോള്‍ ദ്വാരപാലകന്‍ തിടുക്കത്തില്‍ മന്ത്രഗേഹത്തിലെത്തി മഹര്‍ഷിയുടെ ആഗമന വൃത്താന്തം ദശരഥനെ അറിയിച്ചു.
ക്ഷത്രിയനായി ജനിച്ച് ബ്രഹ്മര്‍ഷിയായി മാറിയ മഹാമുനിയാണ് വിശ്വാമിത്രന്‍. ആഗ്രഹിച്ചത് നേടാനായി ഏത് പ്രതിബന്ധത്തെയും തരണംചെയ്യാന്‍ മടിക്കാത്ത മഹാമുനിയാണ് വിശ്വാമിത്രന്‍. അതിനായി ജീവിതം ഹോമിക്കാനും മടിക്കില്ലെന്നതിന് അദ്ദേഹത്തിന്റെ ജീവിതംതന്നെ തെളിവാണ്. അതുകൊണ്ട് വിശ്വാമിത്രന്റെ വരവ് എന്തിനുവേണ്ടിയാവും എന്ന ഉത്ക്കണ്ഠ ദശരഥനുണ്ടായി.
വിശ്വാമിത്രനെ എതിരേല്‍ക്കാന്‍, ഇന്ദ്രന്‍ ബ്രഹ്മാവിനെ സ്വീകരിക്കുന്നതു എപ്രകാരമാണോ അതുപോലെ ദശരഥന്‍ പുരോഹിതന്മാരോടൊപ്പം പ്രധാന ഗോപുരത്തില്‍ തിടുക്കത്തില്‍ എത്തി. ആചാര്യസ്ഥാനത്ത് ഉപവിഷ്ടനായിരുന്ന വസിഷ്ഠന്‍ വിശ്വാമിത്രന്റെ ആഗമനോദ്ദേശ്യം മനസ്സിലാക്കി ധ്യാനനിരതനായിരുന്നു.
അര്‍ഘ്യം സമര്‍പ്പിച്ചശേഷം മഹര്‍ഷിയെ സാദരം എതിരേറ്റ് രാജസഭയിലേയ്ക്ക് ദശരഥന്‍ ആനയിച്ചു. രാജസഭകൂടാന്‍ നേരത്തെതന്നെ തീരുമാനിച്ചിരുന്നതിനാല്‍ പൗരമുഖ്യന്മാരെല്ലാം രാജസഭയില്‍ സന്നിഹിതരായിരുന്നു. വിശ്വാമിത്രന്‍ എല്ലാവരെയും സ്വതസിദ്ധമായ ഗൗരവം കലര്‍ന്ന നോട്ടത്തിലൂടെ അഭിവാദ്യംചെയ്തു. വിശ്വാമിത്രനെ അതുവരെ കണ്ടിട്ടില്ലാത്ത കൊട്ടാരം നിവാസികള്‍ അദ്ദേഹത്തിന്റെ ആകാരം നോക്കി കൗതുകത്തോടെ നിന്നു.
വിശ്വാമിത്രന്‍ രാജസഭയിലേയ്ക്ക് വരുന്നുണ്ടെന്ന് അറിഞ്ഞ് രാമനും ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും സഭയിലേയ്ക്കു തിടുക്കത്തില്‍ എത്തിച്ചേര്‍ന്നു. വിശ്വാമിത്രന്റെ മഹത്വത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കീര്‍ത്തിയെക്കുറിച്ചും ആചാര്യനില്‍നിന്നും അറിഞ്ഞ കാര്യങ്ങള്‍ ലക്ഷ്മണന്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ ശത്രുഘ്‌നനോട് പറയുന്നത് രാമന്‍ കേട്ടു. അപ്പോഴേയ്ക്കും വിശ്വാമിത്ര മഹര്‍ഷിയെ സ്വീകരിച്ചുകൊണ്ട് ദശരഥന്‍ രാജസഭയിലേയ്ക്ക് കടന്നു വന്നു. ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും മുനിയെ അത്ഭുതത്തോടെ നോക്കി.
”ഒരു മുനിശ്രേഷ്ഠന്റെ ഒരു ലക്ഷണവും ഇദ്ദേഹത്തിനില്ലല്ലോ ജ്യേഷ്ഠാ” ലക്ഷ്മണന്‍ അടുത്തിരുന്ന രാമന്റെ ചെവിയില്‍ പതുക്കെ പറഞ്ഞു.
രാമന്‍ ലക്ഷ്മണനോട് മൗനമായിരിക്കാന്‍ കൈകൊണ്ട് ആഗ്യംകാട്ടി.
”രാജസദസ്സിനെ ധന്യമാക്കാന്‍ അങ്ങയെ രാജസദസ്സിലേയ്ക്ക് ഞാന്‍ ക്ഷണിക്കുന്നു” ദശരഥന്‍ വിനീതനായി പറഞ്ഞു. ഉപചാരവാക്കുകളാലും സ്തുതിവചനങ്ങളാലും സഭാതലം മുഖരിതമായി.
വസിഷ്ഠന്റെ ഇരിപ്പിടത്തിന് അടുത്താണ് വിശ്വാമിത്രനുള്ള പീഠം ഒരുക്കിയത്. രാജാവിന്റെ സിംഹാസനത്തിന് വലതുവശത്തായി ഉപവിഷ്ടനായിരിക്കുന്ന വസിഷ്ഠന്റെ അടുത്തേയ്ക്കുചെന്നു വിശ്വാമിത്രന്‍ നമിച്ചപ്പോള്‍ വസിഷ്ഠനും എഴുന്നേറ്റുനിന്ന് വിശ്വാമിത്രനെ ആചാരപൂര്‍വ്വം വന്ദിച്ചു. സഭയുടെ എല്ലാദിക്കിലേയ്ക്കും കണ്ണോടിച്ചുകൊണ്ട് സഭയിലുള്ളവരെ മുഴുവന്‍ നോക്കി കൈകൂപ്പിയശേഷം വിശ്വാമിത്രന്‍ പീഠത്തില്‍ ഇരുന്നു. അപ്പോഴും ഉപചാരവാക്കുകളും സ്തുതിഗീതങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു.
”മഹാരാജന്‍, അങ്ങ് ധനുര്‍വേദ വിദഗ്ദ്ധരായ പുത്രന്മാരാല്‍ സന്തുഷ്ടനാണെന്നു നാം അറിയുന്നു. പുരവാസികളെല്ലാം സന്തുഷ്ടരല്ലേ?, ബന്ധുജനങ്ങളും സുഹൃത്തുക്കള്‍ക്കും സുഖം തന്നെയല്ലേ.?” വിശ്വാമിത്രന്‍ പുഞ്ചിരിച്ചുകൊണ്ട് ദശരഥനോടു ചോദിച്ചു.
”ദൈവകൃപയാല്‍ എല്ലാം ഉത്തമമായ നിലയില്‍ത്തന്നെയാണ്” ദശരഥന്‍ പറഞ്ഞു.
”സാമന്തന്മാരെല്ലാം അങ്ങയെ അനുസരിക്കുന്നുണ്ടെന്നും ഭണ്ഡാരം സമൃദ്ധമാണെന്നും നാം വിശ്വസിക്കുന്നു. ദൈവ, മാനുഷ, കര്‍മ്മങ്ങളെല്ലാം യഥാവിധി അനുഷ്ഠിക്കുന്നുണ്ടെന്ന് നാം അറിയുന്നു” വിശ്വാമിത്രന്‍ പറഞ്ഞു.
”എല്ലാം പൂര്‍വ്വികാചാരത്തോടെ നിറവേറ്റുന്നുണ്ട് ഗുരോ. ഈ സന്ദര്‍ഭത്തില്‍ അങ്ങയുടെ ആഗമനത്തില്‍ നാം അതീവ സന്തുഷ്ടനാണ്. അയോദ്ധ്യയ്ക്ക് അമൃതം ലഭിച്ചതിനു തുല്യമായി ഈ സന്ദര്‍ശനത്തെ ഞങ്ങള്‍ സ്വീകരിക്കുന്നു. നഷ്ടദ്രവ്യം തിരിച്ചുകിട്ടിയതില്‍ ഒരുവന് എങ്ങനെയാണോ സന്തോഷം ഉണ്ടാകുന്നത് അതുപോലെയും മരുഭൂമിയില്‍ മഴപെയ്യുമ്പോള്‍ ജീവജാലങ്ങള്‍ എങ്ങനെയാണോ സന്തോഷിക്കുന്നത് അതുപോലെയും ഞാനും പ്രജകളും അങ്ങയുടെ വരവില്‍ ആനന്ദിക്കുന്നു” ദശരഥന്‍, വിശ്വാമിത്രനെ തൊഴുതുകൊണ്ട് എഴുന്നേറ്റുനിന്ന് സഭാവാസികള്‍ കേള്‍ക്കത്തക്കവിധം ഉച്ചത്തില്‍ പറഞ്ഞു.
”ഉത്തമനായ രാജാവിന് ചേര്‍ന്നതാണ് അങ്ങയുടെ വാക്കുകള്‍. അങ്ങേയ്ക്ക് എല്ലാവിധ അനുഗ്രഹവും ആശംസിക്കുന്നു” വിശ്വാമിത്രന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
”അങ്ങയുടെ അനുഗ്രഹത്താന്‍ ഞാന്‍ ധന്യനായി. അങ്ങ് എനിക്ക് ഈശ്വരനുതുല്യനാണ്. അങ്ങയുടെ ദര്‍ശനത്തിലൂടെ മഹത്തായ എന്തോ ലഭിച്ചതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. ആഗമനോദ്ദേശ്യം എന്തെന്ന് അരുളിച്ചെയ്താലും. സാധ്യമോ എന്ന് അങ്ങ് ചിന്തിക്കേണ്ടതില്ല. എന്തുതന്നെയായാലും നാം അത് സാധ്യമാക്കുന്നതാണ്. ” ദശരഥന്‍ കൈകൂപ്പി വിനീതനായി പറഞ്ഞു.
ദശരഥന്റെ വാക്കുകള്‍ കേട്ട് സന്തുഷ്ടനായ വിശ്വാമിത്രന്‍ കൈകള്‍ ഉയര്‍ത്തി ദശരഥനെ അനുഗ്രഹിച്ചു.
”വസിഷ്ഠശിഷ്യനായ അങ്ങയുടെ വാക്കുകള്‍ കുലത്തിന് യോജിച്ചതുന്നെ. എന്റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്താം. പ്രത്യേകമായ സിദ്ധികള്‍ക്കായി സിദ്ധാശ്രമത്തില്‍ കഠിനമായ വ്രതാനുഷ്ഠാനത്തോടെ ചില വിശേഷ കര്‍മ്മങ്ങള്‍ ഞാന്‍ നിര്‍വ്വഹിക്കുന്നുണ്ട്. എന്നാല്‍ എന്റെ ശ്രമങ്ങളൊക്കെ വിഫലമാകുകയാണ്. രാക്ഷസര്‍ എന്റെ ആശ്രമത്തിലും അവരുടെ അഴിഞ്ഞാട്ടം ആരംഭിച്ചിരിക്കുന്നു. കാനനത്തില്‍ അവര്‍ സൈ്വരവിഹാരം നടത്തുകയാണ്. എന്റെ തപസ്സിന് അവര്‍ നിരന്തരം ഭംഗം വരുത്തുന്നു. തടയാന്‍ ശ്രമിക്കുന്ന എന്റെ ശിഷ്യന്മാരെ ആക്രമിക്കുന്നു. യജ്ഞങ്ങള്‍ പരിസമാപ്തിയിലെത്തിക്കാന്‍ കഴിയാതെ പാതി വഴിയില്‍ മുടങ്ങുകയാണ്. യജ്ഞം പൂര്‍ത്തിയാകുന്ന സന്ദര്‍ങ്ങളിലെല്ലാം മാരീചന്‍, സുബാഹു തുടങ്ങിയ ശക്തരായ രാക്ഷസര്‍ ആശ്രമത്തില്‍ വന്ന് മാംസവും ചോരയും യാഗാഗ്നിയിലേയ്ക്ക് വലിച്ചെറിഞ്ഞ് യജ്ഞത്തിന് ഭംഗം വരുത്തുന്നു. മനസ്സിനെ ഏകാഗ്രമാക്കി ചെയ്യേണ്ട കൃത്യങ്ങള്‍, ചഞ്ചല മനസ്സോടെ ചെയ്യാന്‍ എങ്ങനെ കഴിയും. അവരെ നേരിടാന്‍ എനിക്ക് കഴിയുമെങ്കിലും ആ സമയം ഞാന്‍ ആയുധം കയ്യിലെടുക്കില്ലെന്ന് അവര്‍ക്കറിയാം. ”
വിശ്വാമിത്രന്റെ വാക്കുകള്‍ കേട്ട് സഭയാകെ സ്തംഭിച്ചിരുന്നു. രാക്ഷസരോടുള്ള രോഷം വിശ്വാമിത്രന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. താന്‍ രാജാവായിരിക്കുമ്പോള്‍ മുനിമാരുടെ ആശ്രമങ്ങള്‍ രാക്ഷസന്മാര്‍ കളങ്കംവരുത്തുന്നു എന്ന് ഒരു മഹാമുനി സഭയില്‍വന്നു പറയേണ്ട സാഹചര്യം രാജാവിനു മാത്രമല്ല രാജ്യത്തിനും അപമാനമാണെന്ന് ഓര്‍ത്തപ്പോള്‍ കോപത്താലും അപമാനഭാരത്താലും ദശരഥന്റെ ശിരസ്സ് കുനിഞ്ഞുപോയി. സഭാവാസികള്‍ തമ്മില്‍ പിറുപിറുക്കുന്നതു കണ്ടപ്പോള്‍ അവര്‍ തന്നെ പഴിക്കുകയാണോ എന്നു ദശരഥന്‍ സംശയിച്ചു. പെട്ടെന്ന് ചോര്‍ന്നുപോയ ധൈര്യം വീണ്ടെടുത്ത,് ദശരഥന്‍ സിംഹാസനത്തില്‍നിന്ന് എഴുന്നേറ്റ് സഭയുടെ മദ്ധ്യത്തേയ്ക്കുവന്നു. എന്താണ് മഹാരാജാവ് പറയുന്നത് എന്നു കേള്‍ക്കാന്‍ സഭ നിശ്ചലമായി.
”മഹാമുനേ, അങ്ങ് ആചരിക്കാന്‍ ഉദ്ദേശിക്കുന്ന യജ്ഞമെന്ന ഗവേഷണ പരീക്ഷണങ്ങള്‍ ധൈര്യമായി നടത്തിക്കൊള്ളൂ. അത് തടസ്സപ്പെടുത്താന്‍ ആരേയും നാം അനുവദിക്കുന്നതല്ല. തടസ്സം വരുത്തുന്നത് ശക്തരായ രാക്ഷസന്മാരാണെങ്കിലും അവരെയെല്ലാം നാം നിഗ്രഹിക്കുന്നതാണെന്ന് അങ്ങേയ്ക്ക് ഉറപ്പു തരുന്നു.” ദശരഥന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
”എനിക്ക് അങ്ങയോട് ഒരു അപേക്ഷയുണ്ട്.” വിശ്വാമിത്രന്‍ വസിഷ്ഠനെ ഒന്നു നോക്കിയശേഷം രാജാവിനോടു പറഞ്ഞു.
”അങ്ങ് എന്നോട് അപേക്ഷിക്കേണ്ടതില്ല, ആജ്ഞാപിച്ചാലും” ദശരഥന്‍ പറഞ്ഞു. ”അങ്ങയുടെ മൂത്തപുത്രനായ രാമനെ യജ്ഞസംരക്ഷണത്തിനായി എന്നോടൊപ്പം കാനനത്തിലേയ്ക്ക് അയയ്ക്കണം എന്നാണ് എന്റെ അപേക്ഷ. എന്റെ രക്ഷയില്‍ ആ ദുഷ്ടന്മാരെ രാമന് നിഷ്പ്രയാസം വധിക്കാന്‍ കഴിയും. അതിനുവേണ്ട ആയുധങ്ങള്‍ ഞാന്‍ രാമന് നല്‍കുന്നതാണ്. രാമനു മാത്രമേ അവരെ വഴിയാംവിധം നേരിടാന്‍ കഴിയൂ. രാമന്റെ കഴിവിനെക്കുറിച്ച് എന്നെപ്പോലെ വസിഷ്ഠാചാര്യനും രാജസദസ്സിലെ എല്ലാവര്‍ക്കും അറിവുള്ളതാണ്” വിശ്വാമിത്രന്‍ എല്ലാവരെയും നോക്കി പറഞ്ഞു.
വിശ്വാമിത്രന്റെ വാക്കുകള്‍ കേട്ട് ദശരഥന്റെ തൊണ്ടയിലെ വെള്ളം വറ്റിപ്പോയി. അധികാരത്തിന്റെ പരമോന്നത സ്ഥാനത്തിരുന്നിട്ടും വിശ്വാമിത്രനോടു എതിര്‍ത്തുപറയാന്‍ ദശരഥന്‍ ഭയന്നു. എന്താണ് പറയേണ്ടത് എന്നറിയാതെ ദശരഥന്‍ ചിന്താക്കുഴപ്പത്തിലായി. കൗമാര പ്രായമാണെങ്കിലും രാമന്‍ രാജ്യകാര്യങ്ങളില്‍ ഇടപെട്ട് എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കുന്നതുകൊണ്ട് രാമന്‍ തനിക്ക് പ്രിയപ്പെട്ടവനായി മാറിയിരുന്നു. കൊട്ടാരത്തിനുള്ളിലെ എതിര്‍പ്പുകളെ മറികടന്ന് എത്രയും പെട്ടെന്ന് രാമനെ രാജാവാക്കാനായി ആലോചിക്കുന്ന സന്ദര്‍ഭത്തില്‍ വിശ്വാമിത്രന്റെ അപേക്ഷ ഇടിത്തീ ആയിട്ടാണ് ദശരഥന് അനുഭവപ്പെട്ടത്.