”നിങ്ങളെനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിത്തരാം” എന്ന് ഉദ്ഘോഷിച്ച സുഭാഷ് ചന്ദ്രബോസിനെ ഓര്‍മ്മയില്ലേ? ഒറീസയില്‍ ജനിച്ച ബംഗാളിപ്പയ്യന്; പഠിത്തത്തില്‍ ബഹു കേമന്‍; ബാരിസ്റ്ററായ അച്ഛന്റെ ആഗ്രഹപ്രകാരം സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കു വേണ്ടി പഠിക്കാന്‍ ഇംഗ്ലണ്ടിലേക്കുപോയി. ആദ്യഘട്ടം ഉയര്‍ന്ന റാങ്കോടെ പാസ്സായി. അപ്പോഴാണ് ഇന്ത്യയില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം നടക്കുന്ന കാര്യം അറിയുന്നത്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇന്ത്യയിലേക്കു പോന്നു.
ഗാന്ധിജിയുടേയും നെഹ്റുവിന്റേയും ലക്ഷ്യം നല്ലതാണെങ്കിലും, മാര്‍ഗ്ഗം സുഭാഷിന് ഇഷ്ടപ്പെട്ടില്ല. ഒരു പക്ഷെ പ്രായത്തിന്റെ ചോരത്തിളപ്പില്‍ അദ്ദേഹത്തിന് അങ്ങനെ തോന്നിയതാവാം.
ഇംപീരിയല്‍ ജപ്പാന്, ജര്‍മ്മനി എന്നിവരോടൊപ്പം കൂടി ബര്‍മ്മ വഴി ഇന്ത്യയിലേക്ക് കടന്ന് ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും തുരത്താമെന്ന് അദ്ദേഹം കണക്കുകൂട്ടി. സിംഗപ്പൂരിലും മലയയിലും ജോലി ചെയ്തിരുന്ന തോട്ടം തൊഴിലാളികള്‍ക്ക് യുദ്ധമുറകളില്‍ പരിശീലനം നല്കി ഒപ്പം കൂട്ടി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വച്ച് ഇരുസൈന്യങ്ങളും ഏറ്റുമുട്ടി. രണ്ടുഭാഗത്തും രക്തച്ചൊരിച്ചിലും ആള്നഷ്ടവുമുണ്ടായി. പക്ഷെ ജാപ്പനീസ് ആര്‍മി തോറ്റു തുന്നംപാടി. നേതാജി അവിടെ നിന്നും അന്തര്‍വാഹിനിയില്‍ കയറി രക്ഷപ്പെട്ടെന്നും, പിന്നീട് വിമാനയാത്രയ്ക്കിടെ അപകടത്തില്‍പെട്ട് മരിച്ചെന്നുമാണ് ഔദ്യോഗിക വിവരം.
പക്ഷെ അദ്ദേഹം കുറേവര്‍ഷം സന്ന്യാസിയുടെ വേഷത്തില്‍ അടങ്ങിയൊതുങ്ങി ജീവിച്ചിരുന്നു എന്നു കരുതുന്നവരുമുണ്ട്.
ഭാരതമാതാവിന്റെ വീരപുത്രനായ നേതാജിയോടുള്ള ബഹുമാനസൂചകമായിട്ടാണ് ഈ മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. ഐഎന്‍എ എന്ന സേനയിലെ രക്തസാക്ഷികളേയും സ്മരിക്കുന്നുണ്ട്. മ്യൂസിയം, ലൈബ്രറി, ഓഡിറ്റോറിയം എന്നിവയെല്ലാം ചേര്‍ന്ന കെട്ടിടസമുച്ചയത്തില്‍ കയറുമ്പോള്‍ തന്നെ നേതാജിയുടെ പ്രതിമ കാണാം. ഐ.എന്‍.എയുടെ പട്ടാളവേഷത്തില്‍, അക്ഷോഭ്യനായി, അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ചാണ് നില്‍പ്പ്.
മ്യൂസിയത്തിനകത്ത് ഫോട്ടോയും വീഡിയോയും എടുക്കാന്‍ അനുവാദമില്ല. നേതാജിയുടെ നൂറുകണക്കിന് അപൂര്‍വ്വ ഫോട്ടോകളും പലതരം യുദ്ധോപകരണങ്ങളും, പലതരം രേഖകളും, ആസാദ് ഹിന്ദ് ബാങ്കിന്റെ ഒന്ന്, പത്ത്, നൂറ്, ആയിരം, ഒരു ലക്ഷം എന്നീ കറന്‍സി നോട്ടുകളും ആ ശേഖരത്തിലുണ്ട്.
യുദ്ധത്തടവുകാരേയും, സിംഗപ്പൂര്‍ – മലയ തോട്ടം തൊഴിലാളികളേയും യുദ്ധമുറകള്‍ പഠിപ്പിക്കുന്ന ചിത്രങ്ങളും (പലതും അവ്യക്തം) കൂട്ടത്തിലുണ്ട്.
ദില്ലി ചലോ, ജയ്ഹിന്ദ് എന്നിവ നേതാജി എപ്പോഴും ഉപയോഗിച്ചിരുന്ന മുദ്രാവാക്യങ്ങളാണ്. ഉറുദുപദങ്ങളായ ”ഇത്തിഫാക്ക്, എത്തിമാദ്, ഖുര്‍ബാനി” (ഒരുമ, തീരുമാനം/എഗ്രിമെന്റ്, സമര്‍പ്പണം) എന്നിവയും നേതാജിക്കു പ്രിയപ്പെട്ടവയായിരുന്നു.
മണിപ്പൂരിലെ മൊയ്റാങ്ങിലാണ് ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക ആദ്യമായി ഉയര്‍ത്തിയത്.
നേതാജിയുടെ ഓര്‍മ്മ നിലനിര്‍ത്താനായി കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് അദ്ദേഹത്തിന്റെ പേരു നല്കി. ഇന്ത്യയുടെ നാണയങ്ങളിലും തപാല്‍ സ്റ്റാമ്പുകളിലും അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.
ധീര വീര നേതാജീ, പ്രണാമം!
കെയ്ബുള്‍ ലാംജൗ നാഷണല്‍ പാര്‍ക്ക്
”ദാ അങ്ങു ദൂരെ, മൂന്നാലു മാനുകളെ കാണുന്നില്ലേ?”
”ഇല്ലല്ലോ”
”ഒന്നുകൂടി സൂക്ഷിച്ചു നോക്ക്. അവ അനങ്ങുമ്പോള്‍ കാണാന്‍ പറ്റും”
”ഓ! ഇപ്പൊ കണ്ടു.”
ലോക്ത്തക്ക് തടാകം കണ്ടതിനുശേഷം ഞങ്ങള്‍ വളരെ പ്രശസ്തവും പ്രത്യേകതയുമുള്ള ഒരു നാഷണല്‍ പാര്‍ക്കില്‍ എത്തിയിരിക്കുകയാണ്. വാസ്തവത്തില്‍ ഈ പാര്‍ക്ക് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വലിയൊരു ‘ഫുംടി’യാണ്. അതിലാണ് ‘സാന്‍ഗായ്’ എന്നയിനം മാനുകളുടെ ആവാസകേന്ദ്രം. ഈ മാനുകള്‍ ചവിട്ടുന്ന ഭാഗം ചിലപ്പോള്‍ താണുപോയേക്കാം. ഉടനെ അവ ബാലന്‍സ് വീണ്ടെടുക്കാന്‍ പുല്ക്കട്ടയുടെ വേറെ ഭാഗത്ത് കാലുറപ്പിക്കും. ദൂരെ നിന്നും നോക്കുമ്പോള്‍ മാനുകള്‍ നൃത്തം ചെയ്യുകയാണെന്നു തോന്നും. അതുകൊണ്ട് സാന്‍ഗായ് മാനുകളെ ‘ഡാന്‍സിംഗ് ഡിയര്‍’ എന്നു കൂടി വിളിക്കാറുണ്ട്.
വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന, ശിഖരങ്ങളോടു കൂടിയ കൊമ്പുകളുള്ള മാനുകളാണിവ. മണിപ്പൂരിന്റെ സംസ്ഥാനമൃഗമാണ് സാന്‍ഗായ്. അവരുടെ വാര്‍ഷിക ഉത്സവത്തിന്റെ പേര് സാന്‍ഗായ് ഫെസ്റ്റിവല്‍ എന്നാണ്.
1966ലാണ് ഈ സംരക്ഷണകേന്ദ്രം നിലവില്‍ വന്നത്. 1975ല്‍ ഈ മാനുകളുടെ എണ്ണം ആകെ 14! ലോകത്തില്‍ വേറെ സാന്‍ഗായ് മാനുകളില്ല. സംരക്ഷണ സമിതിയുടെ ഊര്‍ജ്ജിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ക്രമേണ അവയുടെ എണ്ണം കൂടിത്തുടങ്ങി. 1995ല്‍ 155; 2016ല്‍ 260 ഇങ്ങനെ ആശാവഹമായി ഗ്രാഫ് മുകളിലേക്ക് പോകുന്നു.
മാനുകള്‍ വിഹരിക്കുന്ന സ്ഥലത്ത് നമുക്ക് കടന്നുചെല്ലാന്‍ പറ്റുകയില്ല. ചതുപ്പിലും വെള്ളത്തിലും പുതഞ്ഞുപോകും. അതുകൊണ്ട് രണ്ട് നിരീക്ഷണകേന്ദ്രങ്ങള്‍ നിര്‍മ്മിച്ചു വച്ചിട്ടുണ്ട്. ദൂരദര്‍ശിനിയിലൂടെ നോക്കെത്താ ദൂരത്തോളം (42 ചതുരശ്രകീലോമീറ്റര്‍) പരന്നുകിടക്കുന്ന ചതുപ്പുനിലം സ്കാന്‍ ചെയ്താല്‍ മാനിനെ കാണാന്‍ പറ്റിയേക്കും. ഒരു പ്ലാറ്റ്ഫോമില്‍ രണ്ട് ദൂരദര്‍ശിനികള്‍ സ്ഥാപിച്ചിരിക്കുന്നു. രണ്ടാമത്തേതില്‍ സാന്ഗായ്യുടെ കോണ്‍ക്രീറ്റ് പ്രതിമ. അതിനടുത്തുനിന്ന് ഫോട്ടോയെടുക്കാം. പക്ഷെ അവിടത്തെ ഗാര്‍ഡ് ആരെയും അങ്ങോട്ടു കടത്തിവിട്ടില്ല. തേനീച്ചകള്‍ കൂട്ടത്തോടെ അവിടെ കറങ്ങിക്കൊണ്ടിരിക്കുന്നു. അയാള്‍ പറഞ്ഞു – കുറച്ചുനേരം ക്ഷമയോടെ കാത്തു നില്ക്കൂ. അവ കൂട്ടത്തോടെ വേറെ ദിശയിലേക്കുപോകും എന്ന്. ഞങ്ങള്‍ ദൂരദര്‍ശിനിയിലൂടെ മാറിമാറി നോക്കി. എവിടെയെങ്കിലും മാനുകളെ കാണുന്നുണ്ടോ? പച്ചയും മഞ്ഞയും ഇടകലര്‍ന്ന അരയാള്‍ പൊക്കമുള്ള പുല്ലും, പക്ഷികളും കണ്ടു. ദൂരദര്‍ശിനിയിലൂടെ ഗൈഡ് ഇടയ്ക്കിടെ നോക്കി മാനുകളുണ്ടോയെന്നു കണ്ടുപിടിക്കും. ആ ദിശയിലേക്കു നോക്കാന്‍ സന്ദര്‍ശകരോട് പറയും.
അല്പസമയത്തിനകം രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നും തേനീച്ചകള്‍ കൂട്ടത്തോടെ സ്ഥലം വിട്ടു. ഞങ്ങള്‍ സാന്‍ഗായ് പ്രതിമയുടെ ഒപ്പം നിന്ന് ഫോട്ടോയെടുത്തു.
നാഷണല്‍ പാര്‍ക്കിന്റെ അതിര്‍ത്തിയില്‍ മൂന്നു മലകള്‍ കാണാം. പാബട്ട്, ടോയ, ചിംഗ്ജൗ. മഴക്കാലത്ത് ചതുപ്പുനിലം മുങ്ങിപ്പോകുമ്പോള്‍ ജന്തുക്കളെല്ലാം മലമുകളില്‍ അഭയം തേടും. സാന്‍ഗായ് മാനുകള്‍ക്കു പുറമെ കാട്ടുപന്നി, മരപ്പട്ടി, നീര്‍നായ, കുറുനരി, കാട്ടുപൂച്ച, സാംഭാര്മാന് എന്നീ സസ്തനികളും, മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, ചേര എന്നീ പാമ്പുകളും ധാരാളം മത്സ്യങ്ങളും ഇവിടെ സസുഖം വാഴുന്നു. ആരും അതിക്രമിച്ചു കടക്കാതിരിക്കാന്‍ ചുറ്റും വേലി കെട്ടിയിട്ടുണ്ട്. ആര്‍മിയുടെ ഹെലികോപ്റ്ററിലാണ് മാനുകളുടെ സെന്‍സസ് എടുക്കാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പോകാറ്.
ഇംഫാലില്‍ നിന്ന് 53 കിലോ ദൂരെയാണ് ഈ നാഷണല്‍ പാര്‍ക്ക്. രാവിലെ 6.30 മുതല്‍ 10 മണിവരെയും, വൈകിട്ട് 3.30 -5 വരെയും മാനുകള്‍ കൂട്ടത്തോടെ മേയാനിറങ്ങുമെന്നും, അപ്പോള്‍ അവയെ കാണാനുള്ള സാധ്യത കുറച്ചുകൂടി മെച്ചപ്പെടുമെന്നും ഗാര്‍ഡ് പറഞ്ഞു.
“– Return of Sangai-‘- എന്ന ഡോക്യുമെന്ററി മണിപ്പൂര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍മ്മിച്ചിട്ടുണ്ട്.
ഇംഫാലിലേക്ക് തിരിച്ചുപോകുന്ന വഴി ഞങ്ങള്‍ ഇസ്ക്കോണ് ക്ഷേത്രവും സന്ദര്‍ശിച്ചു.- (Iskcon International Society for Krishna consciousness) ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഇവരുടെ ക്ഷേത്രങ്ങള്‍ കമനീയമായ രീതിയില്‍ പണിതിട്ടുണ്ട്. ദല്‍ഹി, ഹൈദരാബാദ്, ബാംഗ്ലൂര്‍, ലണ്ടന്‍ എന്നീ ഇസ്ക്കോണ് ക്ഷേത്രങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. മാര്‍ബിള്‍-ഗ്രാനൈറ്റ് ഉപയോഗിച്ചുള്ള നിര്‍മ്മാണം, രാധാകൃഷ്ണ വിഗ്രഹങ്ങള്‍, ജഗന്നാഥന്-സുഭദ്ര-ബലരാമന് ടീം എന്നിവരുടെ പുരി സ്റ്റൈലിലുള്ള വിഗ്രഹങ്ങള്‍ എന്നിവ കണ്ടു. ക്ഷേത്രത്തിനു താഴെ ബേസ്മെന്റില്‍ നിന്നും പാട്ടും കൊട്ടും കേള്‍ക്കുന്നു. അവിടെ എന്താണു നടക്കുന്നതെന്നറിയാന്‍ ഞങ്ങള്‍ അങ്ങോട്ടു നടന്നു.
ഹോമകുണ്ഡത്തിനടുത്തിരിക്കുന്ന പൂജാരിമാര്‍; നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍; അണിഞ്ഞൊരുങ്ങി വന്നിരിക്കുന്ന സ്ത്രീ-പുരുഷന്മാര്; എന്തോ ചടങ്ങ് നടക്കുകയാണ്.
ചെറിയ കുഞ്ഞിനെയും കളിപ്പിച്ചുകൊണ്ട് ഒരു യുവതി ഹാളിന് പുറത്ത് നടക്കുന്നുണ്ടായിരുന്നു. അവരാണ് പറഞ്ഞത്, കല്യാണത്തിന്റെ ചടങ്ങുകളാണ് നടക്കുന്നതെന്ന്. വരന് നേപ്പാളി; വധു മണിപ്പൂരി.
സമയം അഞ്ചുമണിയോടടുക്കുന്നു. ഇരുട്ടായി. സാന്‍ഗായ് ഉത്സവത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് മഴവില്‍ നിറങ്ങളില്‍ വൈദ്യുത വിളക്കുകള്‍ പ്രകാശിച്ചു തുടങ്ങി. വലിയൊരു ജംഗ്ഷനിലെത്തിയപ്പോള് തലപ്പാവു ധരിച്ച, വാളൂരിപ്പിടിച്ച ഒരു യോദ്ധാവിന്റെ പ്രതിമ കണ്ടു. ജനറല്‍ തങ്ങള്‍ (Thangal) ആണ് അതെന്ന് ശിലാഫലകത്തില്‍ എഴുതിവച്ചിട്ടുണ്ട്.
ലംഗ്തൗബു തങ്ങള്‍, നാഗാലാന്റിലെ തങ്ങള്‍ ഗോത്രവംശജനാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ധീര യോദ്ധാവ്, ആ കുറ്റത്തിന് ബ്രിട്ടീഷുകാര്‍ 13-8-1891ന് അദ്ദേഹത്തെ തൂക്കിലേറ്റി. ഇങ്ങനെ എത്രയെത്ര തങ്ങള്‍മാരെ ബ്രിട്ടീഷുകാരും മുഗളന്മാരും ദ്രോഹിച്ചിട്ടുണ്ട്!
ഇംഫാലിലെത്തിയപ്പോള്‍ കുറച്ചുപേര്‍ക്ക് സാന്‍ഗായ് ഫെസ്റ്റിവല്‍ ഗ്രൗണ്ടിലേക്ക് പോകണമെന്ന് വേണുജിയെ അറിയിച്ചു. ഞങ്ങളുടെ വാനിലുള്ളവരെല്ലാം ഹോട്ടലിലേക്കു പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഉച്ചയ്ക്ക് ഹോട്ടല്‍ ‘എലഗന്‍സി’ല്‍ നിന്നും കഴിച്ച ഭക്ഷണം ദഹിച്ചുകഴിഞ്ഞു. നല്ല വിശപ്പ്.
ഹോട്ടലിലെത്തി, ഫ്രെഷായി; ഡൈനിംഗ് റൂമില്‍ വിഭവസമൃദ്ധമായ ഡിന്നര്‍. തൃപ്തിയോടെ, സന്തോഷത്തോടെ ഭക്ഷണം കഴിച്ചു.
നീണ്ട ഒരു ദിവസത്തിന് തിരശ്ശീല വീഴുകയായി.
ഗോവിന്ദ്ജി – മ്യാന്മര് -അംഗാളപരമേശ്വരി
(22/11/22)
”ആത്മാരാമ ആനന്ദരമണാ
അച്യുതകേശവ ഹരിനാരായണ
ഭവഭയഹരണാ വന്ദിത ചരണാ
രഘുകുലഭൂഷണ രാജീവലോചനാ
ആദിനാരായണ അനന്തശയനാ
സച്ചിതാനന്ദ സത്യനാരായണ!”
ബട്ടൂറ, ചോലെ, ശീറാ, തണ്ണിമത്തന്, പഴം എന്നിവയൊക്കെ ആസ്വദിച്ചു കഴിക്കുന്നതിനിടയ്ക്ക് പ്രാചു സുസ്മേരവദനനായി ഡൈനിംഗ് റൂമിലേക്കു കടന്നുവന്നു. ”ഇന്ന് നമ്മള് ഗോവിന്ദ്ജി ക്ഷേത്രം സന്ദര്‍ശിക്കും; പിന്നെ ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയിലേക്കു പോകും”, എന്നു പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും ”അയ്യോ, എന്റെ പൈസപോയി; പ്രാചു എന്നെ പറ്റിച്ചു” എന്നു പറഞ്ഞു നമ്മ്ടെ സ്വാമി. എന്തുപറ്റി, എന്തുപറ്റി? എന്നു ചോദിച്ചുകൊണ്ട് മിക്കവരും സ്വാമിയുടെ അടുത്തേക്കു പോയി. സ്വാമിയുടെ ഉത്തരം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
ഞങ്ങള്‍ മണിപ്പൂരിലെത്തിയതിന്റെ പിറ്റേ ദിവസം അതിരാവിലെ ഉണര്‍ന്ന് സ്വാമിയും സരസ്വതിയും ഓട്ടോ പിടിച്ച് ഗോവിന്ദ്ജി ക്ഷേത്രത്തില്‍ പോയെന്നും, നമ്മളുടെ ടൂര്‍ ഓപ്പറേറ്റര്‍ നമ്മളെ അങ്ങോട്ടുകൊണ്ടുപോകുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഓട്ടോറിക്ഷയുടെ കൂലിയും ചായക്കടയില്‍ നിന്നും ചായ വാങ്ങിക്കുടിച്ചതിന്റെ കാശും ലാഭിക്കാമായിരുന്നുവെന്നും സ്വാമി!
”സാരമില്ല സ്വാമീ, സ്വാമിക്ക് രണ്ടു തവണ ദര്‍ശനം കിട്ടുന്നത് ഭാഗ്യമല്ലേ എന്നു വിചാരിച്ച് സന്തോഷിയ്ക്ക്” എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സ്വാമിക്ക് ആശ്വാസമായി.
ഭക്ഷണത്തിനുശേഷം ഞങ്ങള്‍ രണ്ടുവാനുകളിലായി യാത്ര തുടങ്ങി. ഇംഫാലിലെ ലോക്കല്‍ മാര്‍ക്കറ്റ് സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങി. റോഡരികില്‍ കണ്ട കൂറ്റന്‍ കെട്ടിടങ്ങളില്‍ ‘ഇമാ മാര്‍ക്കറ്റ്’ അഥവാ ലോകത്തിലെ ഏറ്റവും വലിയ, വനിതകളാല്‍ നടത്തപ്പെടുന്ന ചന്ത, വാനിലിരുന്ന് കണ്ടു. ഇന്ന് വൈകിട്ട് മടങ്ങുന്ന വഴി നമുക്കവിടെ പോകാം എന്ന് പ്രാചു പറഞ്ഞു.
ഗോവിന്ദ്ജി ക്ഷേത്രം
ബിഷ്ണുപ്പൂരിലെ ക്ഷേത്രം പോലെയായിരിക്കുമോ ഇതും എന്ന് വേവലാതി പൂണ്ടതു വെറുതെയായി!! ഇതൊരു ബ്രഹ്മാണ്ഡ ദേവാലയം!! വിശാലമായ പ്രവേശനകവാടം കടന്നപ്പോള്‍ തൂവെള്ള നിറത്തിലുളള തൂണുകളാല്‍ ചുറ്റപ്പെട്ട വിശാലമായ ക്ഷേത്രം. മദ്ദളം, ഇലത്താളം, ശംഖ്, ചേങ്ങില എന്നിവയുടെ അകമ്പടിയോടെ ആരോ ഉറക്കെ പാടുന്നു: മണിനാദം… ഞങ്ങള്‍ക്കു മനസ്സിലായി ഭഗവാന് ആരതി ഉഴിയുന്ന സമയമാണെന്ന്. ഞങ്ങള്‍ ഓടി നടയിലെത്തി. എല്ലാവരോടും രണ്ടുവശത്തും നിരനിരയായി നില്ക്കാന് പൂജാരിമാരില്‍ ഒരാള്‍ ആവശ്യപ്പെട്ടു. മൂന്ന് ഗര്ഭഗൃഹങ്ങളിലായിട്ടാണ് പ്രതിഷ്ഠകള്‍. നടുവിലത്തെ ഗര്ഭഗൃഹത്തില് ഗോവിന്ദ്ജിയും (കൃഷ്ണ) രാധയും ഇടതുവശത്തെ മുറിയില്‍ കൃഷ്ണനും ജ്യേഷ്ഠന് ബലരാമനും. വലതുവശത്തെ മുറിയില്‍ ഒഡീഷയിലെ പുരിയിലുള്ളതുപോലെ ജഗന്നാഥനും, ബലരാമനും പുന്നാര അനിയത്തി സുഭദ്രയും. ഓരോ ക്ഷേത്രത്തിലും ആരതി ഉഴിഞ്ഞു കഴിഞ്ഞ് ഞങ്ങളുടെയെല്ലാം തലയില്‍ തീര്‍ത്ഥം തളിച്ച് അനുഗ്രഹിച്ചു. ആ സന്ദര്‍ഭത്തില്‍ അവിടെ എത്തിച്ചേരാന്‍ കഴിഞ്ഞതില്‍ എല്ലാവരും സന്തോഷിച്ചു.
മംഗളാരതി കഴിഞ്ഞ് ഞങ്ങള്‍ ക്ഷേത്രപരിസരത്തുള്ള ഉപദേവതകളെയും തൊഴുതു. ശിവക്ഷേത്രം, രാധാകൃഷ്ണ ക്ഷേത്രം, രണ്ട് തീര്‍ത്ഥക്കുളങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. ശിവക്ഷേത്രത്തിനു മുന്‍പിലുള്ള നന്ദിക്കാളയുടെ ചെവിയില്‍ നമ്മള്‍ക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ പറയാം എന്ന് പൂജാരി അറിയിച്ചു.
ക്ഷേത്ര പരിസരത്ത് വൃദ്ധരായ അഞ്ച് സ്ത്രീകള്‍ ഭക്ത്യാദരപൂര്‍വ്വം ഭഗവല്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്താനുള്ള മാലകള്‍ കെട്ടിക്കൊണ്ടിരിക്കുന്നതുകണ്ടു. സാരിയുടെ വലിപ്പമുള്ള തൂവെള്ളത്തുണി തറയില്‍ വിരിച്ചിരിക്കുന്നു. നനഞ്ഞ തുണിയിലാണ് പൂക്കള്‍ വച്ചിരിക്കുന്നത് (പൂക്കള്‍ വാടാതിരിക്കാനായിരിക്കും). നീല ആമ്പല്‍, ജമന്തി, ഇലഞ്ഞിപ്പൂക്കള്‍ എന്നിവ ഉപയോഗിച്ച് അവര്‍ കൊരുത്ത മാലകള്‍ നിരനിരയായി വച്ചിരിക്കുന്നു. ചൂരല്‍, മുള എന്നിവകൊണ്ട് മെടഞ്ഞ വട്ടികളിലാണ് പൂക്കള്‍ കൊണ്ടുവരുന്നതെന്നു മനസ്സിലായി.
വിശാലമായ ഒരു ഹാള്‍ കടന്ന് ഞങ്ങള്‍ മുറ്റത്തെത്തി. കൃഷ്ണന്റെയും രാധയുടെയും മുഖാമുഖമായി സ്ഥാപിച്ച മണ്ഡപത്തിന്റെ അത്യധികം കൗതുകമാര്‍ന്ന കാഴ്ചകള്‍, നന്ദിനിക്കുട്ടിക്ക് പാല്‍ചുരത്തുന്ന കാമധേനു! തൂവെള്ളനിറമുള്ള കാമധേനു (സുരഭി) സര്‍വ്വാലങ്കാര വിഭൂഷിതയാണ്. വാലുംപൊക്കി, അമ്മയുടെ അകിട്ടില്‍ നിന്നും പാല്കുടിക്കുന്ന കിടാവിനെ വാത്സല്യത്തോടെ നക്കിത്തുടയ്ക്കുകയാണ് അമ്മ!
ഇന്നത്തെ ക്ഷേത്രദര്‍ശനം കേമമായി എന്ന് വേണുജിയോട് ഞാന്‍ പറഞ്ഞപ്പോള്‍ ”നിങ്ങളുടെയെല്ലാം ആത്മീയ പ്രഭാവം കൊണ്ടും, ഭഗവല്‍പ്രസാദം കൊണ്ടുമാണ് ആശമ്മേ അങ്ങനെ സംഭവിച്ചത്” എന്നു പറഞ്ഞു.
മുറ്റത്തിന്റെ അരികുചേര്‍ന്ന് അധികം ഉയരമില്ലാത്ത ഇലഞ്ഞിമരങ്ങള്‍. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ കുട്ടികളെല്ലാവരും കൂടി ഇലഞ്ഞിപ്പൂക്കള്‍ പെറുക്കി ഓല നേര്‍മ്മയായി ചീന്തി നൂല്വണ്ണത്തിലാക്കി മാലകെട്ടാറുണ്ടായിരുന്നതും ഓര്‍ത്തുപോയി.
”ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു” എന്ന വരികളും ഓര്‍ത്തു.
പ്രവേശനകവാടത്തിനടുത്തായി പൂവില്പ്പനക്കാരികള് ഇരിക്കുന്നത് ഇപ്പോഴാണ് ശ്രദ്ധിച്ചത്. നീല ആമ്പലുകള്‍ കെട്ടുകെട്ടായി വച്ചിരിക്കുന്നതു കാണാന്‍ എന്തു ചന്തം! അവയിലെ തേന്‍ നുകരാന്‍ തേനീച്ചകള്‍ പൂവിലിരിക്കുന്നുണ്ടായിരുന്നു. യഥാര്‍ത്ഥ പൂക്കളേയും കൃത്രിമപ്പൂക്കളേയും തിരിച്ചറിയാന്‍ കിംഗ് സോളമന് ജാലകങ്ങള്‍ തുറന്നിട്ടതും മലര്വണ്ടുകള് പറന്നുവന്ന് യഥാര്ത്ഥപൂക്കളിലിരുന്നതുമായ കഥ സ്കൂളില്‍ പഠിച്ചത് ഓര്‍മ്മവന്നു.
ഇംഫാലിലെ ഏറ്റവും വലിയ വിഷ്ണുക്ഷേത്രമാണ് നിങ്ങളിപ്പോള്‍ കണ്ടത് എന്ന് പ്രാചു പറഞ്ഞപ്പോള്‍ അത്ഭുതം തോന്നിയില്ല. 1846ല്‍ മണിപ്പൂര്‍ രാജാവ് നരസിംഗ് ആണ് ഇതിന്റെ നിര്‍മ്മാണം തുടങ്ങിവച്ചത്. 1876ല്‍ മഹാരാജ് ചന്ദ്രാകൃതി അത് ഒന്നും കൂടി വിപുലീകരിച്ചു (1866ല്‍ ഭൂകമ്പത്തില്‍ ക്ഷേത്രത്തിന് കേടുപാടുകള്‍ പറ്റിയിരുന്നു). ഹോളി, വസന്തപൂര്‍ണ്ണിമ, കാര്‍ത്തിക പൗര്‍ണ്ണമി, ജന്മാഷ്ടമി എന്നീ അവസരങ്ങളില്‍ ഇവിടെ വന്‍ ആഘോഷങ്ങള്‍ നടക്കുമെന്നും പ്രാചു അറിയിച്ചു.
ദുര്‍ഘടമായ റോഡിലൂടെ സഞ്ചരിച്ച് ഞങ്ങള്‍ മണിപ്പൂര്‍-മ്യാന്മര് ബോര്‍ഡര്‍ ലക്ഷ്യമാക്കി സഞ്ചരിക്കുകയാണ്. ക്ഷേത്രത്തില്‍ നല്ല ദര്‍ശനം കിടച്ചപ്പോള്‍ സ്വാമി ഹാപ്പിയാച്ച്. സ്വാമി ഉറക്കെ രണ്ടുവരി പാട്ടും പാടി.
”മനസേ അന്താല വൃന്ദാവനം
വേണുമാധവ നൂവേ ശരണം” (തെലുങ്ക്)
മരംകൊണ്ടുനിര്മ്മിച്ച, പെട്ടിക്കട പോലത്തെ ഫെലീന ഹോട്ടലിനടുത്ത് വാന്‍ നിര്‍ത്തി. എല്ലാവരും ചൂടുചായ കുടിച്ചു. ജയകുമാര്‍ എല്ലാവര്ക്കും കപ്പലണ്ടി വിതരണം ചെയ്തു.
മ്യാന്മര് ബോര്ഡറിനടുത്തെത്തിയപ്പോള് ചെക്കിംഗ് ഉണ്ടായിരുന്നു. എല്ലാവരും ഇറങ്ങി. ആധാര്‍ പരിശോധിച്ചു. ഒരു വനിതാ ഓഫീസര്‍ വാനിനകത്തു കയറി പരിശോധന നടത്തി.
വീണ്ടും യാത്ര തുടര്‍ന്ന ഞങ്ങള്‍ ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയിലെ Friendship Bridgeന് അടുത്തെത്തി. ഈ പാലത്തിനടിയിലൂടെ മിനാല്‍ (Menal) നദി ഒഴുകുന്നു. ഈ പാലം കടന്ന് മ്യാന്മറിലെ ഗ്രാമത്തിലെത്താമെന്നും, അവിടെ നിന്നും ‘ടുക്ക് ടുക്ക്’ എന്നു പേരുള്ള ഓട്ടോയില്‍ ഗ്രാമത്തിലെ നാടന്‍ ചന്തയും ക്ഷേത്രവും കാണാന്‍ പോകാമെന്നും ടൂര്‍ ഓപ്പറേറ്റര്‍ ആദ്യം തന്ന ബ്രോഷറില്‍ എഴുതിയിരുന്നു. അവിടെയെത്തിയപ്പോഴോ? പാലത്തിന്റെ രണ്ടറ്റവും ഇരുമ്പുഗേറ്റുകള്‍ ഉപയോഗിച്ച് അടച്ചിരിക്കുന്നു. ബാംഗ്ലൂര്‍ക്കാര്‍ വേണുജിയോട് കയര്‍ത്തു. മോശം റോഡിലൂടെ ഇത്രയും ദൂരം ഞങ്ങളെ കൊണ്ടുവന്നത് ഇതിനായിരുന്നോ എന്നാണ് അവരുടെ ചോദ്യം.
ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജിനു സമീപം BRO ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. BRO (Border Roads Organization) Welcome To India Myanmar Friendship Road. KM Zero.
ഉച്ചയ്ക്ക് കൃത്യം ഒരു മണിക്കാണ് ഞങ്ങളവിടെ എത്തിയത്. ഉടനെ ജയകുമാറിന്റെ സ്മാര്‍ട്ട് വാച്ചില്‍ ചെറിയൊരു മണിനാദത്തിന്റെ അകമ്പടിയോടെ സമയം രണ്ടു മണി എന്നു കാണിച്ചു. അത് മ്യാന്മര് സയമായിരുന്നു. മടക്കയാത്രയ്ക്കിടയില്‍ വീണ്ടും ഇന്ത്യന്‍ സമയത്തിലേക്കു മടങ്ങിവന്നു.
രണ്ടുമണിയായപ്പോള്‍ ഞങ്ങള്‍ മണിപ്പൂര്‍-മ്യാന്മര് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ”അംഗാളപരമേശ്വരി-മുനീശ്വരര്‍ ക്ഷേത്രപരിസരത്തെത്തി. ങേ! തമിഴ്നാട്ടിലെത്തിയോ? എന്ന് എല്ലാവര്ക്കും തോന്നി!
(അടുത്തലക്കത്തില്‍ അവസാനിക്കും).