- കാത്തിരിപ്പ്
- കൂട് (കാത്തിരിപ്പ് 2)
- അരക്കൊമ്പന്‍ (കാത്തിരിപ്പ് 3)
- പ്രതീക്ഷയുടെ കാത്തിരിപ്പ് ( കാത്തിരിപ്പ് 21)
- കഴുത്തിലെ കെട്ട് (കാത്തിരിപ്പ് 4)
- കുരങ്ങുകളി (കാത്തിരിപ്പ് 5)
- കഷണ്ടിക്കാരനും താടിക്കാരനും (കാത്തിരിപ്പ് 6)
അവര്‍ സാവധാനം നടന്നു. മാര്‍ക്കോയും തമാറയും അരക്കൊമ്പനും.
മാര്‍ക്കോ തിടുക്കം കൂട്ടി. കുറച്ചു കൂടി വേഗം നടക്കാം.
”എന്തിന്?” അരക്കൊമ്പന്‍ ചോദിച്ചു.
”നമുക്ക് എല്ലാവരില്‍ നിന്നും രക്ഷപ്പെടേണ്ടേ..?”
”ഞാന്‍ കാടുകയറിയതറിഞ്ഞാല്‍ അവര്‍ തീര്‍ച്ചയായും വരും. ചിലപ്പോള്‍ ഇപ്പോള്‍ തന്നെ അറിഞ്ഞിട്ടുണ്ടാകും… ഒരു നിമിഷവും കളയാതെ എന്നെ തേടി പുറപ്പെട്ടിട്ടുമുണ്ടാകും. നാളെ രാവിലെ ഞാന്‍ അവരുടെ പിടിയിലുമാകും..” അരക്കൊമ്പന്‍ പറഞ്ഞു.
”ഇല്ല…” മാര്‍ക്കോ പറഞ്ഞു ”നമുക്ക് ഒത്തിരി ദൂരേയ്ക്കു പോകണം..”
”എത്ര ദൂരത്തായാലും അവര്‍ തീര്‍ച്ചയായും വരും…” തമാറ പറഞ്ഞു.
അരക്കൊമ്പന്‍ പറഞ്ഞു ”നമുക്ക് അതുമിതും പറഞ്ഞ് വെറുതെ സമയം കളയണ്ട. ഒരുമിച്ചങ്ങനെ നടക്കാം. നടക്കാന്‍ പറ്റുന്നിടത്തോളം. നേരം പുലരുമ്പോള്‍ ഞാന്‍ തിരിച്ചു നടക്കും. അവര്‍ പുറപ്പെട്ട് അധികം കഴിയും മുമ്പ് എനിക്ക് അവരുടെ അടുത്തെത്തണം. അതിനിടയില്‍ കുറച്ചു നേരം ഇങ്ങനെ….. ഒരുമിച്ച്.. കൂട്ടുകൂടി.. ഒട്ടും സമയം കളയാതെ നമുക്ക് നടക്കാം…”
”എന്നാല്‍ അവര്‍ കണ്ടുപിടിക്കുമ്പോള്‍ തിരിച്ചു പോയാല്‍ പോരേ?…” മാര്‍ക്കോ ചോദിച്ചു.
അരക്കൊമ്പന്‍ പറഞ്ഞു. ”അത് അവസരങ്ങള്‍ നഷ്ടപ്പെടുത്തലായിരിക്കും.. കാടുകയറിയാലും തിരിച്ചെത്തുമെന്നൊരു തോന്നലുണ്ടായാല്‍ ഇടയ്ക്കിടെ ഇങ്ങനെയിങ്ങനെ ഇറങ്ങി നടക്കാം.” ഒന്നു നിര്‍ത്തി അരക്കൊമ്പന്‍ പറഞ്ഞു. ”ഇത്തവണ അവര്‍ കുറച്ചു താമസിച്ചേക്കും..”
”അതെന്താ..?” തമാറ തിരക്കി.
”ഇന്നലെ അവരെല്ലാം കൂടി ഒരു ചീങ്കണ്ണിയെ പിടിച്ചു. അത് ആരെയോ അന്വേഷിക്കുന്നതു പോലെ അവിടെ എത്തിയതാണ്.. അതിനിടയില്‍ തടിവെട്ടുകാരുടെ കണ്ണില്‍ പെട്ടു..”
”എന്നിട്ട്..?”
”അറിയില്ല.. വളരെ പണിപ്പെട്ടാണ് അവരതിനെ ഒതുക്കിയത്.. എനിക്കു വേണ്ടിയുള്ള എല്ലാ ആയുധങ്ങളും അതിന്റെ മേല്‍ പ്രയോഗിച്ചു.”
ആ നേരത്താണ് അരക്കൊമ്പന്‍ അവിടം വിട്ടത്.
തമാറ മെല്ലെ പറഞ്ഞു. ”ചിലപ്പോള്‍ അത് തന്റെ കൂട്ടുകാരിയെ തിരഞ്ഞിറങ്ങിയ ചീങ്കണ്ണിയാകാം. അല്ലെങ്കില്‍ തന്റെ കൂട്ടുകാരനെ തിരഞ്ഞിറങ്ങിയ ചീങ്കണ്ണിയാകും.. ഒരിക്കല്‍ അവര്‍ ഒരുമിച്ചു താമസിച്ചിരുന്നു.”
തന്റെ യാത്രയുടെ ആരംഭത്തില്‍ കണ്ടുമുട്ടിയ ചീങ്കണ്ണിയുടെ കഥ തമാറ പറഞ്ഞു.
അരക്കൊമ്പന്‍ പറഞ്ഞു. ”ഈ ഭൂമിയില്‍ മനുഷ്യനോളം വിചിത്രമായ ഒരു ജീവി ഇല്ല. അവനില്‍ കരുണ നിറയാന്‍ ഒരു ചെറിയ കാര്യം മതി. എന്നാല്‍ ക്രൂരത നിറയാന്‍ ഒരു കാരണവും വേണ്ട.”
നേരം വെളുത്തു. എന്നിട്ടും മൂന്നു പേരും നടപ്പു തുടര്‍ന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അരക്കൊമ്പന്‍ പറഞ്ഞു.
”ഇപ്പോള്‍ അവര്‍ എന്നെ തേടി ഇറങ്ങിയിട്ടുണ്ടാകും. ഞാന്‍ തിരിച്ചു നടക്കാന്‍ പോകുന്നു.”
അവര്‍ നിന്നു.
”ഇനിയും കാണാം…” അരക്കൊമ്പന്‍ തുമ്പി ഉയര്‍ത്തി.
ചങ്ങല കിലുക്കം അകന്നകന്നു പോയി.
അരക്കൊമ്പന്‍ നടന്നു മറയുന്നതുവരെ അവര്‍ നോക്കി നിന്നു.
വീണ്ടും തമാറയും മാര്‍ക്കോയും നടക്കാന്‍ തുടങ്ങി.
അകലെ ഒരു കൂട് ഇരിക്കുന്നതു കണ്ട് തമാറ ചിരിച്ചു. ”എനിക്കുള്ള കെണി ഒരുക്കിവെച്ചിരിക്കുന്നു. ഇനി ഞാന്‍ ഏതായാലും അതില്‍ പെടില്ല..”
തൊട്ടപ്പുറത്ത് രണ്ടു പേര്‍ മരം മറഞ്ഞ് നില്‍ക്കാന്‍ പാടുപെടുന്നതു കണ്ടു. മാര്‍ക്കോയുടെ ഒപ്പം കടുവയെ കണ്ട് അവരാകെ ഭയപ്പെട്ടിട്ടുണ്ട്.
മാര്‍ക്കോ പറഞ്ഞു. ”ആ മീശക്കാരന്‍ എന്റെ കുരങ്ങാട്ടിയാണ്.. കൂടെയുള്ള കഷണ്ടിക്കാരന്‍ ഒരിക്കല്‍ ക്യാമറയുമായി എന്നെ വേദനിപ്പിച്ചയാളാണ്. അയാള്‍ പുതിയ എന്തോ കാര്യവുമായി എത്തിയതാണെന്നു തോന്നുന്നു.”
തമാറ മെല്ലെ ഒന്നു ഗര്‍ജ്ജിച്ചു
കുരങ്ങാട്ടിയുടെ കൈയില്‍ നിന്നും വലയും വടിയും ഊര്‍ന്നു വീണു. ഒപ്പം അയാളുടെ കൊമ്പന്‍ മീശയും താഴേക്കു തളര്‍ന്നു വീണു.
അടുത്ത നിമിഷം കുരങ്ങാട്ടി കടുവാക്കൂട്ടിലേക്ക് പാഞ്ഞുകയറി അതിന്റെ വാതിലടച്ചു. കഷണ്ടിക്കാരന്‍ കൂട്ടില്‍ കയറാന്‍ ശ്രമിച്ചെങ്കിലും കുരങ്ങാട്ടി കൂടിന്റെ വാതില്‍ തുറക്കാന്‍ സമ്മതിച്ചില്ല.
കഷണ്ടിക്കാരന്‍ ഓടി മരത്തിനു മുകളിലേക്കു വലിഞ്ഞു കയറി.
മരത്തിന്റെ മുകളില്‍ നിന്നും കൂട്ടില്‍ നിന്നും ഇടവിട്ട് ദീനമായ നിലവിളി ഉയര്‍ന്നു.
കുരങ്ങാട്ടിയും കഷണ്ടിക്കാരനും ദൈവത്തേയും മാര്‍ക്കോയേയും മാറി മാറി വിളിച്ചു.
എല്ലാം ഒട്ടൊന്നു സമാധാനമായപ്പോള്‍ തമാറ മരത്തണലില്‍ ഇരുന്നു.
”നമുക്ക് പോകേണ്ടേ..?” മാര്‍ക്കോ ചോദിച്ചു.
”നീ ഇരിക്ക്.. കുറച്ച് വിശ്രമിക്കാം..”
തെല്ലു നേരം കഴിഞ്ഞ് തമാറ മാര്‍ക്കോയെ തൊട്ടു. മാര്‍ക്കോ അവനു നേരെ തിരിഞ്ഞു.
”നമുക്ക് കാത്തിരിക്കാം.. അല്ലേ..?” തമാറ ചോദിച്ചു.
”എന്തിന്? ആര്‍ക്കുവേണ്ടി? അരക്കൊമ്പനു വേണ്ടിയോ?..”
തമാറ വിലങ്ങനെ തലയാട്ടി.
തമാറ പറഞ്ഞു. ”മനുഷ്യന്‍ എന്നെങ്കിലും അവന്‍ കെട്ടിപ്പൊക്കിയ അഹങ്കാരത്തിന്റെ ഉച്ചിയില്‍ നിന്നും ഇറങ്ങി വരും. എന്നെങ്കിലും മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥതയുടെ കൂടു പൊട്ടിച്ച് പുറത്തു വരും… വരാതിരിക്കില്ല. എന്നാലേ മനുഷ്യനു നിലനില്‍പ്പൊള്ളൂ. അതുവരെ നമുക്ക് കാത്തിരിക്കാം… അപ്പോഴേക്കും ചിലപ്പോള്‍ അരക്കൊമ്പനും എത്തിയേക്കും..”
തമാറയുടെ മുഖം കൂടുതല്‍ തെളിഞ്ഞു. ”എന്നിട്ട് നമ്മള്‍ എല്ലാവരും ഒന്നിച്ച്…”
മാര്‍ക്കോ ചിരിച്ചു. ”ശരിയാണ്… പിന്നെ എല്ലാവരും ഒന്നുചേര്‍ന്ന് കൈകോര്‍ത്തൊരു നടത്തം…”
നമുക്ക് അതിനുവേണ്ടി കാത്തിരിക്കാം.
(അവസാനിച്ചു)