ആര്‍.രാമചന്ദ്രന്റെ കാവ്യലോകത്തിലൂടെ
എം.ശ്രീഹര്‍ഷന്‍
പൂര്‍ണ പബ്ലിഷേഴ്‌സ്, കോഴിക്കോട്
പേജ് : 104 വില : 150 രൂപ
ഫോണ്‍: 2720085
ആര്‍. രാമചന്ദ്രന്‍ എന്ന കവി എന്റെ ശ്രദ്ധയിലേക്ക് വരുന്നത് അദ്ദേഹത്തിന്റെ ‘ഒന്നുമില്ല’ എന്ന കവിതയെ മുന്‍നിര്‍ത്തി ഡോ. വി. രാജകൃഷ്ണന്‍ എഴുതിയ പഠനം വായിച്ചതിനു ശേഷമാണ്. ആധുനികതയുടെ ആശയലോകം സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് ആധുനികതയുടെ പാതയോരത്തുനിന്നും മാറി, എന്നാല്‍ അതിനോട് ചേര്‍ന്ന് ഏകാന്തമായി സഞ്ചരിച്ച ആര്‍. രാമചന്ദ്രനെ വി.രാജകൃഷ്ണന്‍ വേറിട്ട രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ, പിന്നീടെന്തുകൊണ്ടോ നമ്മുടെ സാഹിത്യവിമര്‍ശകരുടെ ആശയസംവാദങ്ങളില്‍ ആര്‍.രാമചന്ദ്രന്റെ കവിതകള്‍ അപൂര്‍വമായിമാത്രമേ കടന്നുവന്നിരുന്നുള്ളൂ.
വളരെ കുറച്ചുമാത്രം എഴുതുകയും എഴുതിയതൊക്കെ സ്വകാര്യാവശ്യത്തിനു മാത്രമാണെന്ന് ധരിക്കുകയും ചെയ്ത കവിയായിരുന്നു ആര്‍. രാമചന്ദ്രന്‍. അതിനാല്‍ തന്റെ കവിതകള്‍ മറ്റുള്ളവര്‍ എങ്ങനെ വായിക്കുന്നു, എങ്ങനെ സ്വീകരിക്കുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും അദ്ദേഹം അന്വേഷിച്ചില്ല. ഭൗതികജീവിതത്തോട് കവി സ്വീകരിച്ച അതേ നിസ്സംഗത കാവ്യജീവിതത്തിലും പുലര്‍ത്തി. കവിതയുടെ മര്‍മ്മം അറിയുന്നവര്‍ക്ക് മാത്രം സാധ്യമാവുന്ന കാവ്യാനുശീലനം ആര്‍. രാമചന്ദ്രനില്‍ നാം കണ്ടു. പക്ഷേ, അത് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയേണ്ടുന്ന ഒന്നല്ലെന്ന് അദ്ദേഹം വിശ്വസിച്ചു.
ആര്‍. രാമചന്ദ്രന്റെ കവിതകളിലൂടെയും ജീവിതത്തിലൂടെയും വായനക്കാരെ കൂട്ടിക്കൊണ്ടു പോവുന്ന സമഗ്രപഠനങ്ങള്‍ നമുക്ക് ഇതുവരെ ലഭിച്ചിരുന്നില്ല. ആ കുറവ് പരിഹരിച്ചിരിക്കുകയാണ് എം. ശ്രീഹര്‍ഷന്‍ തന്റെ ‘ആര്‍. രാമചന്ദ്രന്റെ കാവ്യലോകത്തിലൂടെ’ എന്ന പുസ്തകത്തിലൂടെ. കവിയുടെ സമ്പൂര്‍ണസമാഹാരത്തിന് മുന്നൂറ് പേജില്‍ കുറവാണെങ്കില്‍ കവിയെക്കുറിച്ചുള്ള ശ്രീഹര്‍ഷന്റെ സമഗ്രപഠനത്തിന് നൂറില്‍ത്താഴെ പേജുകളേയുള്ളൂ. അഭിമുഖസംഭാഷണങ്ങള്‍ കൂടിച്ചേരുമ്പോള്‍ നൂറ്റിനാല് പേജുവരും. പുതിയ ഭാഷയില്‍ പറഞ്ഞാല്‍ ലോ പ്രൊഫൈല്‍ പിന്തുടര്‍ന്ന കവിയായിരുന്നു ആര്‍. രാമചന്ദ്രന്‍. അതിനാല്‍ അദ്ദേഹത്തിന്റെ കാവ്യലോകത്തെ അടയാളപ്പെടുത്താനും ചുരുക്കം വാക്കുകള്‍ മതി.
അനാര്‍ഭാടമായി ജീവിച്ച കവിയായിരുന്നു ആര്‍.രാമചന്ദ്രന്‍. മാത്രമല്ല അദ്ദേഹത്തിന്റെ കവിതയിലും അലങ്കാരങ്ങള്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഈ പുസ്തകത്തില്‍ ശ്രീഹര്‍ഷനും അനാഡംബരമായാണ് കവിയെ അവതരിപ്പിക്കുന്നത്. എങ്കിലും ഭാഷയുടെ സൂക്ഷ്മപ്രയോഗത്തിലൂടെ കവിയുടെ ഏകാന്തവ്യക്തിത്വം അദ്ദേഹം അനായാസം അവതരിപ്പിക്കുന്നുണ്ട്. ഒരുദാഹരണം നോക്കുക: ”ആര്‍.രാമചന്ദ്രന്റെ സമ്പൂര്‍ണകൃതികള്‍ അടുത്തിടെ പുറത്തിറങ്ങിയിട്ടുണ്ട്. വെറും മുന്നൂറ് പേജുമാത്രമുള്ള ഒരു ചെറുപുസ്തകം. ചിലരുടെ സമ്പൂര്‍ണകൃതികള്‍ വായിക്കണമെങ്കില്‍ പര്‍വ്വതാരോഹണം പരിശീലിച്ചിരിക്കണം എന്നിടത്താണ് ഈ സമാഹാരത്തിന്റെ ഉയരം നാം അറിയുന്നത്.” ഒരു എഴുത്തുകാരനെ മറ്റ് എഴുത്തുകാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭാഷയല്ല ഇവിടെയുള്ളത്. ശ്രീഹര്‍ഷന്റെ ഭാഷ ഇവിടെ വേറിട്ടുനില്‍ക്കുന്നു. ഇതേ രീതിയിലാണ് ആര്‍. രാമചന്ദ്രന്റെ വ്യക്തിജീവിതത്തെയും കാവ്യജീവിതത്തെയും അദ്ദേഹം അവതരിപ്പിക്കുന്നത്.
പൂര്‍ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ ഒമ്പത് അദ്ധ്യായങ്ങളുണ്ട്. അനുബന്ധമായി കവിയുടെ ജീവചരിത്രക്കുറിപ്പും കവിയുമായി എഴുത്തുകാരന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അഭിമുഖ സംഭാഷണങ്ങളുമുണ്ട്. ആര്‍. രാമചന്ദ്രന്റെ കാവ്യലോകത്തില്‍ ആവര്‍ത്തിച്ചുവരുന്ന ബിംബങ്ങളെയും അവ മുന്നോട്ടു വയ്ക്കുന്ന ഉള്ളടക്കങ്ങളെയും പിന്തുടര്‍ന്നുകൊണ്ടാണ് ശ്രീഹര്‍ഷന്‍ തന്റെ നിഗമനങ്ങള്‍ അവതരിപ്പിക്കുന്നത്.
ദുഃഖം, വിഷാദം, ഏകാന്തത, മരണം തുടങ്ങിയ നിഷേധാത്മകവികാരങ്ങളെ ആവര്‍ത്തിച്ച് അവതരിപ്പിച്ച കവിയാണ് ആര്‍. രാമചന്ദ്രന്‍. എന്നാല്‍ കവിയുടെ വ്യക്തിജീവിതത്തില്‍ ഇത്തരം നിഷേധാത്മകതയൊന്നും കാണാനുമില്ല. പുഞ്ചിരിയോടെയല്ലാതെ കവിയെ ആരും കാണാറില്ലെന്ന് ഗ്രന്ഥകാരന്‍ പറയുന്നുണ്ട്. നിഷേധചിന്തകള്‍ വ്യക്തിനിഷ്ഠമല്ല, അത് താന്‍ ജീവിക്കുന്ന കാലത്തിന്റെ കൂടപ്പിറപ്പാണെന്ന് വ്യക്തമാക്കുകയാണ് കവി.
രുദിതാനുസാരീ കവി എന്ന ന്യായമല്ല, ജീവിതത്തിന്റെ തനിമ ദുഃഖമാണെന്ന തിരിച്ചറിവ് പകര്‍ത്തുകയാണ് അദ്ദേഹം. ഒരു കവി എന്ന നിലയില്‍ ആര്‍.രാമചന്ദ്രന്‍ കവിതകളിലൂടെ കടന്നുപോവുമ്പോള്‍ നമുക്ക് ഇക്കാര്യം വ്യക്തമാവും. നിഷേധാത്മകതയെ ധനാത്മകമാക്കാനാണ് കവി തന്റെ കവിതകളിലൂടെ ശ്രമിച്ചത്. ഈ കാഴ്ചപ്പാടില്‍നിന്നുകൊണ്ട് വായിക്കുമ്പോള്‍ എം. ശ്രീഹര്‍ഷന്റെ ഈ പുസ്തകം ആര്‍.രാമചന്ദ്രന്റെ കാവ്യജീവിതത്തെ സമഗ്രമായി, സൂക്ഷ്മമായി പിന്തുടരുന്നുണ്ട്.