ഒരു സന്തോഷവാര്‍ത്ത! മൂന്നാം മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മഷിയിട്ട് നോക്കിയാല്‍ കാണാത്ത വിധം കുറ്റിയറ്റു പോയ ഒരു വംശത്തിന്റെ ചെറിയൊരു നാമ്പ് ദല്‍ഹിയില്‍ ഇയ്യിടെ കാണാനിട വന്നിരിക്കുന്നു. കൂട്ട ഒപ്പിടല്‍ തൊഴിലാളികള്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന സാഹിത്യ- സാംസ്‌കാരിക – അക്കാദമിക അങ്കക്കോഴികള്‍ ആണ് ഈ വംശത്തിലുള്ളത്. പത്തു പന്ത്രണ്ട് കൊല്ലം മുമ്പ് അവര്‍ ഒന്നിച്ച് കൂകിയപ്പോഴായിരുന്നു മതേതര ഇന്ത്യയില്‍ നേരം വെളുത്തിരുന്നത്. 2014 -ല്‍ മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ അങ്കവാലന്മാര്‍ക്ക് വിലയിടിഞ്ഞു പോയി. പല തവണ സംയുക്ത പ്രസ്താവനകളില്‍ ഒപ്പുവെച്ച് പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും തങ്ങളുടെ വെളിപാടുകളും മുന്നറിയിപ്പുകളും ജനങ്ങള്‍ക്ക് മുമ്പില്‍ അവര്‍ വെച്ചുകൊണ്ടിരുന്നു. 2014 ഡിസംബറില്‍ രാമചന്ദ്ര ഗുഹയും അടൂര്‍ ഗോപാലകൃഷ്ണനുമടക്കം 49 പേര്‍ ഒപ്പിട്ട പ്രസ്താവന ജനങ്ങളെ ഉണര്‍ത്താനായി പുറത്തിറക്കി. കിംഫലം? ഒരു കുട്ടി പോലും അതു ചെവിക്കൊണ്ടില്ല. 2019-ലെ തിരഞ്ഞെടുപ്പു വേളയില്‍ 600 പേര്‍ ഒപ്പിട്ട പ്രസ്താവന വഴിയാണ് ബി.ജെ.പിയെ താഴെയിറക്കണമെന്ന് ജനത്തോട് ഈ വര്‍ഗ്ഗക്കാര്‍ ആഹ്വാനം ചെയ്തത്. ഈ തിരഞ്ഞെടുപ്പ് വളരെ നിര്‍ണ്ണായകമാണേ എന്ന അന്ത്യശാസനക്കുറിപ്പ് 12 ഭാഷകളില്‍ തയ്യാറാക്കി വിതരണം ചെയ്തു. റോമില ഥാപ്പര്‍, ഹര്‍ഷ് മന്ദര്‍ തുടങ്ങിയ അത്യുഗ്രന്മാര്‍ ഒപ്പിട്ടിട്ടും തലക്ക് വെളിവില്ലാത്ത ജനം ബി.ജെ.പിയെ വീണ്ടും അധികാരത്തിലേറ്റി. മനുഷ്യാവകാശ വേഷം കെട്ടി നക്‌സലുകള്‍ക്കുവേണ്ടി പണിയെടുത്ത ജസ്യൂട്ട് പാതിരി സ്റ്റാന്‍ സാമി, പ്രൊഫ.സായി ബാബ എന്നിവര്‍ ജയിലിലായപ്പോഴും ഇവര്‍ മുറവിളി കൂട്ടി. അതും ഫലം ചെയ്തില്ല.
രാജ്യത്ത് വര്‍ഗ്ഗീയ സംഘര്‍ഷം വര്‍ദ്ധിച്ചു വരുന്നു എന്നതിലെ ആശങ്ക പങ്കുവെച്ച് 17 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി എന്ന വാര്‍ത്ത ഡിസം. 1-ലെ പത്രത്തില്‍ കണ്ടപ്പോഴാണ് ഈ വംശത്തിന്റെ ചെറിയ ഒരു നാമ്പ് ബാക്കിയുണ്ട് എന്ന ആശ്വാസം മതേതര ശുഭകാംക്ഷികളില്‍ ഉണ്ടായത്. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി, മുന്‍ ദല്‍ഹി ലഫ് ഗവര്‍ണര്‍ നജീബ് ജങ് തുടങ്ങിയവര്‍ ഒപ്പിട്ട കത്താണ് പ്രധാനമന്ത്രിക്ക് നല്‍കിയത്. 2014- ല്‍ മോദി അധികാരത്തില്‍ വന്നതോടെ രാജ്യത്തെ ഹിന്ദു-മുസ്ലിം ബന്ധം മോശമായിപ്പോയി എന്നാണ് കത്തില്‍ പറയുന്നത്. വലിയ സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ച ശേഷം കയ്യിലും കുത്തിയിരിക്കുമ്പോള്‍ ഇത്തരം ഉള്‍വിളി ഉണ്ടായി സംയുക്ത പ്രസ്താവന തൊഴിലാളികളായി കഴിയുന്നവര്‍ തങ്ങള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടേ എന്ന് ലോകത്തെ അറിയിക്കുന്നത് രോമാഞ്ചദായകമായ വാര്‍ത്ത തന്നെയാണേ.