”ആരാണച്ചാ വിവേകാനന്ദനെന്നോ നിന്റെ സംശയം”
നിത്യ നിത്യ വിവേകാനന്ദാംഭസില്‍ വിലയിച്ചവന്‍!
ലയിച്ചാലും ശിലാതുല്യസത്യമായ് നിലനില്‍പ്പവന്‍,
അസത്യമുള്ളത്രകാലം നിലനില്‍ക്കാനുറച്ചവന്‍
-അക്കിത്തം
ഈ അടുത്തകാലത്തായി കേരളത്തിലെ ചില മാധ്യമങ്ങള്‍ വിശിഷ്യാ ജമാ അത്തെ ഇസ്ലാമി ഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം, അതുപോലെ The Cue പോലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും അര്‍ബന്‍ നക്‌സലിസം പ്രോത്സാഹിപ്പിക്കുന്ന ലേഖനങ്ങളും ഹിന്ദു വിരുദ്ധ എഴുത്തുകാരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ താല്‍പര്യം കാണിക്കുന്ന ഡി.സി ബുക്‌സിന്റെ പച്ചക്കുതിരയും ഒക്കെ സ്വാമി വിവേകാനന്ദനെ തേജോവധം ചെയ്യുകയും സ്വാമിജി ഒരു കപടസ്വത്വമാണന്ന രീതിയിലുള്ള ലേഖനങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
ഭാരത വിരുദ്ധമായ ചില ജിഹാദി ഇംഗ്ലീഷ് മാധ്യമങ്ങളുടെ ലേഖനങ്ങളേയും പുസ്തകങ്ങളേയും പിന്‍പറ്റിയാണ് ഇത്തരം ലേഖനങ്ങള്‍ പുറത്ത് വരുന്നത്. വായിക്കുമ്പോള്‍ വിവേകാന്ദസ്വാമിയെ വിമര്‍ശിക്കുകയാണ് എന്ന് തോന്നുന്ന രീതിയില്‍ അവര്‍ ഉന്നമിടുന്നത് ഹിന്ദു സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുകയും രാഷ്ട്രശരീരത്തെ ശിഥിലപ്പെടുത്തുകയുമാണ്.
നവംബര്‍ 28 ലെ മാധ്യമം ആഴ്ച്ചപ്പതിപ്പിലെ ജെ.രഘുവിന്റെ ലേഖനം ഒരിക്കലും ഒരു വിമര്‍ശനമല്ല മറിച്ച് നുണപ്രചരണവും അതിലൂടെ സ്വാമിജിയേയും ഹിന്ദു സമൂഹത്തേയും അപകീര്‍ത്തിപ്പെടുത്തലുമാണ്. ജെ.രഘുവിന് വിവേകാന്ദനെ വിമര്‍ശിക്കാം എഴുതാം, ചര്‍ച്ചക്ക് വിധേയമാക്കാം. പക്ഷെ മൗദൂദി മാധ്യമത്തിന്റെ കുബുദ്ധി പൊതുസമൂഹത്തിന് മുന്നെ ബോധ്യപ്പെട്ടതാണ്.
രഘുവിനെ പോലെയുള്ള വിഷബീജങ്ങളെ ഉപയോഗിച്ച് ഈ സംസ്‌കാരത്തെ മുറിവേല്‍പ്പിക്കാന്‍ നിങ്ങള്‍ നടത്തുന്ന ശ്രമം ഉണ്ടല്ലൊ അത് ജിഹാദ് ആണ് എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞതാണ്. ‘ഹിന്ദുത്വഫാഷിസം – ചരിത്രവും സിദ്ധാന്തവും’, ‘അമൃതാനന്ദമയിയും മലയാളിയുടെ അപകര്‍ഷതയും’ തുടങ്ങിയ പുസ്തകങ്ങള്‍ രഘുവിന്റേതായി പുറത്ത് വന്നത് ഇത്തരം ഗൂഢാലോചനയുടെ ഭാഗമാണ്. കാരവാന്‍ മാഗസിനും മാധ്യമവും ഡൂള്‍ ന്യൂസും സൃഷ്ടിച്ചെടുക്കുന്ന ഹിന്ദുനാമധാരിയായ ജിഹാദി എഴുത്തുകാരന്‍ മാത്രമാണ് ജെ.രഘു എന്ന് ആമുഖമായി പറയട്ടെ. ഭാരത വിരുദ്ധരായ ആംഗലേയ ചിന്തകരുടെ വാക്കുകള്‍ മലയാളത്തില്‍ ആവര്‍ത്തിക്കുക മാത്രമാണ് ലേഖനത്തില്‍ ചെയ്തിട്ടുള്ളത്.
ഉത്തിഷ്ഠത ജാഗ്രത
1847, സ്വാതന്ത്ര്യം നേടുന്നതിന് നൂറ് വര്‍ഷംമുന്‍പ് കല്‍ക്കട്ടയില്‍ ഗംഗാതീരത്ത് റാണി റാഷ്‌മോണി (രാസ് മണി) കാളീക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു, 1855ല്‍ ഭവതാരിണി പ്രതിഷ്ഠ നടന്നു. അവിടുത്തെ പൂജാരിയായി രാംകുമാര്‍ ചതോപാധ്യായയും അനുജന്‍ ഗദാധറും അനന്തരവന്‍ ഹൃദയും എത്തി. ഗദാധറിനെ നാം അറിയും, തോതാപുരിയുടെ ശിഷ്യന്‍, ഭ്രാന്തനായ ആ പൂജാരി ഭവതാരണിയുടെ പ്രിയപുത്രന്‍ സാക്ഷാല്‍ ശ്രീരാമകൃഷ്ണ പരമഹംസ ഗുരു. 12 രുദ്രന്മാരുടെ കൂടെയാണ് ആദിപരാശക്തിയായ മഹാകാളി ദക്ഷിണേശ്വരത്ത് വസിക്കുന്നത്.
ഉപനിഷദ് നായകരായ ശ്വേതകേതുവും നചികേതസ്സും ചോദിച്ച ചോദ്യം പോലെ ഭവതാരിണി സന്നിധിയില്‍ ‘അങ്ങ് ദൈവത്തെ കണ്ടിട്ടുണ്ടോ?’ എന്ന ചോദ്യമാണ് ആ ചെറുപ്പക്കാരന്‍ ഉയര്‍ത്തിയത്. നരേന്ദ്രനാഥ് ദത്ത് എന്ന ആ യുവാവിന്റെ ചോദ്യത്തിന് മറുപടിയായി ‘നിന്നെ കാണുന്നതിനേക്കാള്‍ സ്പഷ്ടമായി ഞാന്‍ ദൈവത്തെ കാണുന്നു’ എന്ന് ഉത്തരം നല്‍കി ആദിപരാശക്തിയുടെ പ്രിയപുത്രന്‍ ഗദാധരനെന്ന ശ്രീരാമകൃഷ്ണ പരമഹംസര്‍. ആധുനിക ലോകചരിത്രത്തില്‍ ഇതിനു സമാനമായ സംഭവം നടന്നിട്ടില്ല. ദക്ഷിണേശ്വരം കാളീക്ഷേത്രത്തിലെ ദ്വാദശരുദ്രന്മാരേയും മഹാകാളിയേയും സാക്ഷിയാക്കി കേവലമൊരു സ്പര്‍ശനം കൊണ്ട് ഈശ്വരസാക്ഷാത്കാരത്തിന്റെ രസാനുഭൂതി നരേന്ദ്രന് നല്‍കി ആ മഹാഗുരു. നരേന്ദ്രന്‍ എന്ന് യുവാവ് വിവേകാനന്ദന്‍ എന്ന സന്ന്യാസിയായി മാറി. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പരാജയ സാഹചര്യത്തില്‍ അടിമത്തത്തില്‍ നിന്നും മോചനം ഇല്ല എന്ന മാനസികാവസ്ഥയിലായിപ്പോയ ഒരു ജനതയെ തന്റെ വാക്കുകള്‍കൊണ്ട് ഉണര്‍ത്തിയ മഹാനുഭാവനാണ് സ്വാമിജി.
ഉത്തിഷ്ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത! എന്ന ഉപനിഷത് വാക്യം വൈദേശിക അടിമത്തത്തിന്‍ കീഴില്‍ പ്രതികരണശേഷി ഇല്ലാതെ ചടഞ്ഞുകൂടിയിരുന്ന ഇന്ത്യന്‍ യുവത്വത്തെ നോക്കി സ്വാമിജി പറഞ്ഞുകൊണ്ടേയിരുന്നു.
വിവേകാനന്ദ സ്വാമിയെ സ്വീകരിച്ചാണ് ഇന്ത്യന്‍ ദേശീയ ജനത ബ്രിട്ടന് എതിരെ പോരാടിയത്. ബുദ്ധനും ശങ്കരനും ഒപ്പം സ്ഥാനം നല്‍കി ഈ ഭാരത ജനത. പിന്നീട് ദേശീയ പ്രസ്ഥാനത്തിലെ കരുത്തര്‍ അവരുടെ ആവേശമായി നെഞ്ചിലേറ്റിയത് സ്വാമിജിയെ ആയിരുന്നു.
ഗാന്ധിജി എഴുതുന്നു: അദ്ദേഹത്തിന്റെ കൃതികളിലൂടെ ഞാന്‍ വളരെ സൂക്ഷ്മമായി കടന്നുപോയി, അവയിലൂടെ കടന്നുപോയ ശേഷം, എന്റെ രാജ്യത്തോടുള്ള സ്‌നേഹം ആയിരം മടങ്ങായി. യുവാക്കളേ, സ്വാമി വിവേകാനന്ദന്‍ ജീവിച്ചിരുന്നതും മരിച്ചതുമായ ഈ നാടിന്റെ ആത്മാവ് ഉള്‍ക്കൊള്ളാതെ വെറും കൈയോടെ പോകരുതെന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു.
നേതാജി സുഭാഷ്ചന്ദ്ര ബോസ് പ്രസംഗിച്ചത് ഇപ്രകാരമാണ്: സ്വാമി വിവേകാനന്ദന്‍ ഒരു വശത്ത് മനുഷ്യനെ എല്ലാ ചങ്ങലകളില്‍ നിന്നും മോചിപ്പിച്ച യഥാര്‍ത്ഥ മനുഷ്യനാകാന്‍ ആഹ്വാനം ചെയ്യുകയും മറുവശത്ത്, മതങ്ങളുടെ സൗഹാര്‍ദ്ദത്തിന്റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ട് ഭാരതത്തില്‍ യഥാര്‍ത്ഥ ദേശീയതയ്ക്ക് അടിത്തറ പാകുകയും ചെയ്തു. മഹാകവി ടാഗൂര്‍ പറഞ്ഞു ‘നിങ്ങള്‍ക്ക് ഇന്ത്യയെ അറിയണമെങ്കില്‍ വിവേകാനന്ദനെ പഠിക്കൂ. സ്വാമിജിയില്‍ എല്ലാം സര്‍ഗ്ഗത്മകമാണ് ഒന്നും നിഷേധാത്മകമല്ല.
ശ്രീ അരബിന്ദോ എഴുതി: “Vivekananda was a soul of puissance, if ever there was one, a very lion among men. We perceive his influence still working gigantically, , ഭാരതീയ ദേശീയതക്ക് അടിത്തറ സനാതന മൂല്യങ്ങള്‍ മാത്രമാണെന്നും ആ മൂല്യങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിലൂടെ മാത്രമേ ദേശീയത സാധാരണക്കാരില്‍ ഉണരുകയുള്ളു, അതിലൂടെ അടിമത്തത്തിനെതിരെയുള്ള പോരാട്ടം സാധ്യമാകൂ എന്നും സ്വാമിജി പറഞ്ഞു.
”ഒരു രാഷ്ട്രം ഉയരണമെങ്കില്‍ അതിനും ആദര്‍ശമുണ്ടായിരിക്കണം. തീര്‍ച്ചയായും ഏറ്റവും ഉച്ചമായ ആദര്‍ശം നിര്‍ഗുണബ്രഹ്മം. എന്നാല്‍ അത് സാധാരണ മനുഷ്യനും സുഗ്രാഹ്യമല്ല. അതിനാല്‍ സുഗ്രാഹ്യമായ വ്യക്തമായ ഒരാദര്‍ശം വേണ്ടിയിരിക്കുന്നു. ഇന്നു നമുക്ക് അത് ശ്രീരാമകൃഷ്ണനില്‍നിന്നു ലഭിച്ചിരിക്കുന്നു. മറ്റുള്ളവര്‍ ഇന്നും നമുക്ക് ആദര്‍ശമാകാന്‍ കഴിയാത്തതു അവരുടെ കാലം കഴിഞ്ഞുപോയതുകൊണ്ടാണ്. വേദാന്തം എല്ലാര്‍വക്കും സുഗ്രാഹ്യമാകണമെങ്കില്‍ ഇന്നത്തെ തലമുറയോട് സഹാനുഭൂതിയുള്ള ഒരാള്‍ ഉണ്ടായിരിക്കണം. ഇത് ശ്രീരാമകൃഷ്ണനില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇന്നും നാം ശ്രീരാമകൃഷ്ണനെ സകല ജനങ്ങളുടേയും ഇടയില്‍ പ്രചരിപ്പിക്കണം. അദ്ദേഹത്തെ ഒരു സന്ന്യാസിയായിട്ടോ അവതാരമായിട്ടോ ഇഷ്ടം പോലെ കരുതിക്കൊള്ളട്ടെ. അതു സാരമില്ല” സ്വാമി വിവേകാനന്ദന്‍ പറയുന്നു. അതായത് ശ്രീരാമകൃഷ്ണ പരമഹംസര്‍ അനാദിയായ ഈ ഭാരത ഭൂമിയിലെ സനാതനമൂല്യങ്ങളുടെ തുടര്‍ച്ചയായ ഋഷിപാരമ്പര്യത്തിന്റെ പ്രതീകമാണ്.
ശ്രീനാരായണ ഗുരുദേവന്‍ 1902ല്‍ പ്രകാശനം ചെയ്ത യോഗം നിയമാവലിയുടെ മുഖവുരയില്‍ പ്രസ്താവിച്ചത് ഇപ്രകാരമാണ്. ‘ഇന്ത്യയെ ഉയര്‍ത്താന്‍ മതത്തിന്റെ കൈപ്പടി ആവശ്യമാണെന്ന വിവേകാനന്ദ പ്രഖ്യാപനം ഉത്കൃഷ്ടമായ ഒരു ഉപദേശം’ എന്നാണ്. സ്വാമിജിയുടെ അതേ പാതതന്നെയാണ് ഗുരുദേവനും സ്വീകരിച്ചത്. മനുഷ്യനില്‍ ആദ്ധ്യാത്മികത മാത്രമേ ഭേദവിചാരം ഇല്ലാതാക്കു എന്ന് എല്ലാ ഭാരതീയ ചിന്തകരും ഋഷിമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആനന്ദമഠത്തിലൂടെ ബങ്കിംചന്ദ്ര ചാറ്റര്‍ജിയും, ചതുര്‍ഭുജമുള്ള കാളിയായി കണ്ട് അബനീന്ദ്രനാഥടാഗൂര്‍ ബംഗാളില്‍ ഭാരതമാതാവിനെ നാല് കൈകളുള്ള ദേവതയായി ചിത്രീകരിച്ചതും, തമിഴ്‌നാട്ടില്‍ കവി സുബ്രഹ്മണ്യ ഭാരതിയുടെ തമിഴ് മാസികയായ വിജയയുടെ പുറംചട്ടയില്‍ ഭാരതമാതാവിനെ ആലേഖനം ചെയ്തതും, തിലകന്റെ നേതൃത്വത്തില്‍ ഗണേശ ഉത്സവങ്ങള്‍ ആരംഭിച്ചതും, വാരണാസിയില്‍ ഗാന്ധിജി ഭാരത് മാതാ ക്ഷേത്രം തുറന്ന് നല്‍കിയതും, അദ്ദേഹത്തിന്റെ രാമരാജ്യ സങ്കല്‍പ്പവുമെല്ലാം വിരല്‍ ചൂണ്ടുന്നത് ഭാരതത്തെ ഉയര്‍ത്താന്‍ സനാതന സങ്കല്‍പങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളു എന്ന സ്വാമിജിയുടെ കാഴ്ചപ്പാട് തന്നെയായിരുന്നു മുഴുവന്‍ ദേശീയവാദികള്‍ക്കും എന്നതാണ്. ജമാ അത്തെ ഇസ്ലാമി ഈ ദേശീയവാദി നേതാക്കളുടെ കാഴ്ചപ്പാടിനെ തള്ളി ഭാരതമാതാവിനെ വെട്ടിമുറിച്ചവരാണ്, ദ്വിരാഷ്ട്രവാദം ഉന്നയിച്ച ആദ്യ ഇസ്ലാമിക ചിന്തകനാണ് മൗദൂദി. ഇന്നും വന്ദേമാതരം മുഴക്കാനോ ഭാരത് മാതാ കീ ജയ് വിളിക്കാനോ മൗദൂദി വിഷബീജത്തില്‍ പിറവികൊണ്ട മാധ്യമമോ അതില്‍ എഴുതുന്ന ജെ.രഘു അടക്കമുള്ള ജിഹാദി എഴുത്തുകാരോ തയ്യാറല്ല. സ്വാമിജിയെ എതിര്‍ക്കുന്നതിന്റെ ആദ്യ കാരണം വ്യക്തമായി കാണുമല്ലോ.
ജാതി ബ്രാഹ്മണ്യം
അടുത്ത ആരോപണം ബ്രാഹ്മണര്‍ക്ക് വേണ്ടിയുള്ള മതമാണ് ഹിന്ദുത്വം, അത് സ്വാമി വിവേകാനന്ദന്‍ ഊന്നി പറഞ്ഞിട്ടുണ്ട് എന്നാണ്. മനുഷ്യനെ ഒന്നായ് കാണുന്ന സനാതന ധര്‍മ്മം അഥവാ ഹിന്ദൂയിസം ഇരുപതാം നൂറ്റാണ്ടിന്റെ സംഭാവന ആണെന്നാണ് ലേഖകന്റെ ആരോപണം. അസഹിഷ്ണുവാണ് വിവേകാന്ദന്‍ എന്ന് കുറ്റപ്പെടുത്തുന്നു. ജാതിയുമായി ബന്ധപ്പെട്ട് വ്യത്യസ്ത വീക്ഷണമാണ് സ്വാമിജി വെച്ച് പുലര്‍ത്തിയത്. ഒന്ന് മറ്റൊന്നിനേക്കാള്‍ മികച്ചതായി അദ്ദേഹം കണ്ടിട്ടില്ല.
‘ഈ ആധുനികകാലത്തു ജാതികള്‍ തമ്മില്‍ വാഗ്വാദമുണ്ടായതില്‍ ഞാന്‍ ഖേദിക്കുന്നു. ഇതു നിലയ്ക്കണം. രണ്ടു പക്ഷക്കാര്‍ക്കും ഇതുകൊണ്ടു ഫലമില്ല. വിശേഷാവകാശങ്ങളുടെയും കുത്തകയുടെയും കാലം പൊയ്‌പ്പോയിരിക്കുന്നു. ഓരോ അഭിജാതവംശത്തിന്റെയും കര്‍ത്തവ്യം തനതു ശവക്കുഴി തോണ്ടുകയാണ്; എത്ര വേഗം അത് ചെയ്യുന്നുവോ അത്രയും നന്ന്. താമസം നേരിടുംതോറും അത്രയ്ക്കഴുകും; അതിന്റെ അറുതി കൂടുതല്‍ ശോച്യവുമാകും. ഭാരതത്തിലെ മറ്റു മനുഷ്യവര്‍ഗ്ഗങ്ങളുടെ രക്ഷയ്ക്കുവേണ്ടി പ്രയത്‌നിക്കുകയാണ് ബ്രാഹ്മണന്റെ കടമ. അതയാള്‍ ചെയ്താല്‍, അതുചെയ്യുന്നിടത്തോളം കാലം, അയാള്‍ ബ്രാഹ്മണനാണ്, സ്വാമിജി ചെന്നൈ മഹാനഗരത്തില്‍ നടത്തിയ പ്രസംഗമാണ് (പേജ് 50, പുസ്തകം സ്വതന്ത്രഭാരതം ഗതിയും നിയതിയും). തുടര്‍ന്ന് അതേ പ്രസംഗത്തില്‍ ബ്രാഹ്മണന്‍ ആരെന്നും അവരുടെ കടമയെന്തെന്നും പറയുന്നുണ്ട്. ഞാന്‍ ബ്രാഹ്മണരോടഭ്യര്‍ത്ഥിക്കുന്നു:
അവര്‍ സ്വയം അറിയുന്നതു പഠിപ്പിച്ചും നുറ്റാണ്ടുകളിലായി ഉരുക്കൂട്ടിയ സംസ്‌കാരം പകര്‍ന്നുകൊടുത്തും ഭാരതീയരെ ഉയര്‍ത്താന്‍ കഠിനമായി യത്‌നിക്കണം. യഥാര്‍ത്ഥമായ ബ്രാഹ്മണ്യമെന്തെന്നോര്‍ക്കുക ഭാരതത്തിലെ ബ്രാഹ്മണരുടെ സ്പഷ്ടമായ കര്‍ത്തവ്യമാണ്. മനു പറഞ്ഞതുപോലെ, ബ്രാഹ്മണന് ഈ വക പരിഗണനകളും ബഹുമാനങ്ങളും നല്‍കിയിട്ടുള്ളത് അയാളോടൊത്തു ധര്‍മ്മകോശം നിലകൊള്ളുകയാലാണ്. ആ കോശം അയാള്‍ തുറക്കണം. അതിലുള്ള അനര്‍ഘ വസ്തുക്കള്‍ ലോകരുടെ ഇടയില്‍ വിതരണം ചെയ്യണം. അനാദിയായ സനാതന മൂല്യങ്ങള്‍ മുഴുവന്‍ സമൂഹത്തിനും എത്തിക്കുക എന്ന കര്‍ത്തവ്യം ഒരാള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ മാത്രമേ അയാള്‍ ബ്രാഹ്മണനാകുന്നുള്ളു.
സ്വാമിജി തുടരുന്നു: ബ്രാഹ്മണന്‍ ബഹുയുഗസംഭൃതമായ ഏതൊരു സംസ്‌കാരത്തെ പോറ്റിവന്നുവോ, അതയാള്‍ ബഹുജനങ്ങള്‍ക്കായി വിതരണം ചെയ്യണം. അങ്ങനെചെയ്യാഞ്ഞതുകൊണ്ടാണ് മുഹമ്മദീയാക്രമണം സാദ്ധ്യമായതുതന്നെ. ബ്രാഹ്മണന്‍ ആദ്യംതൊട്ട് ഈ കോശം തുറന്നു വിതരണം ചെയ്യാത്തതുകൊണ്ടാണ്, ആയിരം കൊല്ലക്കാലമായി ഭാരതത്തിലേക്കു വരണമെന്നു വച്ച ഓരോരുത്തന്റെയും ചവിട്ടു നമുക്കു കൊള്ളേണ്ടി വന്നത്. അങ്ങനെയാണ് നമുക്ക് അധഃപതനമേര്‍പ്പെട്ടത്. ഒന്നാമത്തെ ജോലി, നമ്മുടെ പൊതുപൂര്‍വ്വികര്‍ സംരക്ഷിച്ച അത്ഭുതനിധികള്‍ മറഞ്ഞുകിടക്കുന്ന കലവറകളെ തല്ലി ത്തകര്‍ക്കുകയാണ്. അതൊക്കെ വെളിക്കെടുക്കുക, എല്ലാവര്‍ക്കും കൊടുക്കുക. ഇതു ചെയ്യുന്നവരില്‍ ഒന്നാമന്‍ ബ്രാഹ്മണനാകണം.
മനുഷ്യന്‍ ബ്രാഹ്മണനാകണം എന്ന് സ്വാമിജി പറഞ്ഞത് ജാതി ബ്രാഹ്മണന്‍ ആകണം എന്നല്ല. വേദാന്തി ആകണം, ബ്രഹ്മം എന്ന സത്യം മനസ്സിലാക്കണം എന്നാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാക്ഷാല്‍ വി.ടി.ഭട്ടതിരി ഇതിനു സമാനമായ പ്രഖ്യാപനം പാലക്കാട് ആര്‍എസ്എസ് ശിബിരത്തില്‍ നടത്തി. അത് ഇങ്ങനെ ആയിരുന്നു. മനുഷ്യനെ നമ്പൂതിരിയാക്കുന്ന ഈ പ്രക്രിയയില്‍ ഞാനും പങ്കാളിയാണ്.
ഇവിടെ ജാതി അല്ല സൂചിപ്പിക്കുന്നത് മൂല്യങ്ങളാണ്. അഴീക്കോട് എഴുതുന്നു: സ്വാമിവിവേകാനന്ദന്‍ പ്രചരിപ്പിക്കാനുദ്ദേശിച്ച ഒരു സാര്‍വ്വലൗകികമതം ഉണ്ടായിരുന്നല്ലൊ, നമുക്കതിന്റെ ശബ്ദം ഒരു നാടന്‍ (ശ്രീനാരായണഗുരു) സന്ന്യാസിയുടെ നാക്കിന്‍ തലപ്പത്ത് നിന്നും കേള്‍ക്കാനായത് വലിയ നേട്ടമായി എന്നാണ്…
ഈ വാചകങ്ങള്‍ ആരും കാണാത്തതല്ല. മറിച്ച് ലോകം മുഴുവന്‍ ഇന്ന് ഹിന്ദു സംസ്‌കാരം വ്യാപിക്കുകയും കരുത്താര്‍ജ്ജിക്കുകയും ചെയ്യുന്ന ഈ നൂറ്റാണ്ടില്‍ രാഷ്ട്രശരീരമാകുന്ന സനാതനധര്‍മ്മ വിശ്വാസികളെ ജാതി പറഞ്ഞ് വിഭജിക്കുകയാണ് വിലക്കെടുക്കപ്പെട്ട മൗദൂദി ലേഖകന്‍. മനുവിന്റെ വംശം എന്ന കാലഗണന നോക്കൂ, ആദവും ഹവ്വയും എന്ന കാലഗണനയും പരിശോധിക്കൂ. വേദാന്തവും ഇസ്ലാമിക് ബ്രദര്‍ഹുഡ് ആശയവും പരിശോധിക്കൂ, വിവേകാനന്ദനും മാര്‍ക്‌സും മൗദൂദിയും പറഞ്ഞത് ചര്‍ച്ചക്ക് വിധേയമാക്കൂ. മനുഷ്യനെ തുല്യനായി കാണാന്‍ സാധിക്കുന്ന ഒരേയൊരു പ്രത്യയശാസ്ത്രം വേദാന്തമാണ്.
‘ഇസ്ലാമിന്റെ സാഹോദര്യം മനുഷ്യന്റെ സാര്‍വ്വത്രിക സാഹോദര്യമല്ല. മറിച്ച് മുസ്ലീങ്ങള്‍ക്ക് മാത്രമുള്ള മുസ്ലീങ്ങളുടെ സാഹോദര്യമാണ്, അത് ഇസ്ലാമിന് മാത്രമായി പരിമിതപ്പെടുത്തുന്നു,’ എന്ന് അംബേദ്ക്കര്‍ തന്റെ പുസ്തകമായ Pakistan Or Partition Of India യില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. മൗദൂദി ഇസ്ലാമിക് ബ്രദര്‍ ഹുഡ് എന്ന ആശയം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ച ആളാണ്. ആ ജിഹാദിയാല്‍ സ്ഥാപിക്കപ്പെട്ട ജമാ അത്തെ ഇസ്ലാമിയുടെ വാരികയായ മാധ്യമമാണ് പറയുന്നത് സനാതന ധര്‍മ്മം മനുഷ്യനെ ഒന്നായി കാണുന്നില്ല എന്ന്.
ചിക്കാഗോ പ്രസംഗം
പിന്നെ ലോക മതസമ്മേളനത്തില്‍ സ്വാമിജിയെ ഒളിച്ചുകടത്തി എന്നാണ് മറ്റൊരു വിമര്‍ശനം. അത് ഉണ്ടാകും. അന്നുവരെ ലോകം മനസ്സിലാക്കിയ ഭാരതമായിരുന്നില്ല പ്രസംഗം കഴിഞ്ഞതിനുശേഷം. ലോക മത സമ്മേളനത്തില്‍ സ്വാമിവിവേകാനന്ദന്‍ നടത്തിയ പ്രസംഗം ലോകത്തെ പിടിച്ചുകുലുക്കി. അടിമത്വത്തിന്റെ നാളുകളില്‍ ലോകം ഭാരത ഭൂവിനെ മറന്ന ദിനങ്ങളില്‍ അബ്രഹാമിക് മതബോധത്തില്‍ ഉയര്‍ന്നുവന്ന മതനിയമങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെട്ട സാമ്രാജ്യങ്ങള്‍ ഭാരതത്തെ അടിമപ്പെടുത്തിയ നൂറ്റാണ്ടില്‍ കാവിയുടുത്ത് നഗ്‌നപാദനായ് കേട്ടറിവുമാത്രമുള്ള നാട്ടില്‍, അമേരിക്കയില്‍ സര്‍വ്വമത സമ്മേളന വേദിയില്‍ നടത്തിയ, മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള പ്രസംഗം നൂറ്റാണ്ടിനിപ്പുറവും പ്രസക്തമാണ്…
സ്‌പെയിനും പോര്‍ച്ചുഗലും യൂറോപ്യന്‍ ശക്തികളായി കുരിശുയുദ്ധത്തിലൂടെ മുഴുവന്‍ ലോകവും കീഴടക്കാന്‍ പടയോട്ടം നടത്തിയ 14-ാംനൂറ്റാണ്ടില്‍ ക്രിസ്റ്റഫര്‍കൊളംബസ് സ്‌പെയിന്‍ ചക്രവര്‍ത്തിയെ കണ്ട് ഒരാശയം അവതരിപ്പിച്ചു. അത് ഇപ്രകാരമായിരുന്നു. ഭാരതം എന്ന ഒരു പ്രദേശം ഉണ്ട് അവിടം സമ്പന്നമാണ്, ഇതുവരെ യൂറോപ്യന്മാര്‍ എത്താത്ത ഇടം. സ്വര്‍ണ്ണവും സുഗന്ധവിളകളും നിറഞ്ഞനാട്. ആ രാജ്യം കീഴടക്കിയാല്‍ കിട്ടുന്ന സമ്പത്ത് ഉപയോഗിച്ച് ഇസ്ലാമില്‍ നിന്നും വാഗ്ദത്ത ഭൂമിയായ ജറുസലേം സ്‌പെയിനിനു പിടിച്ചെടുക്കാം. കുരിശുയുദ്ധത്തിനായുള്ള പണം കണ്ടെത്താനുള്ള ക്രിസ്റ്റഫര്‍ കൊളംബസിന്റെ ഭാരതയാത്രക്കുള്ള പണം സ്‌പെയിന്‍ ചക്രവര്‍ത്തി അനുവദിച്ചു. പക്ഷേ കൊളംബസിന്റെ കപ്പല്‍ ചെന്നണഞ്ഞത് തെക്കെ അമേരിക്കന്‍ തീരത്തായിരുന്നു. അന്നേവരെ യൂറോപ്യന്മാര്‍ക്ക് അപരിചിതമായ ലോകം.
തുണിയുടുക്കാത്ത അവരെ റെഡ് ഇന്ത്യന്‍സ് എന്ന് യൂറോപ്യന്‍ നാവികര്‍ വിശേഷിപ്പിച്ചു. കൊളംബസ് നടത്തിയ അമേരിക്കന്‍ യാത്രയുടെ 400-ാം വാര്‍ഷിക ദിനത്തിലാണ് മറ്റൊരു ചരിത്രമുഹൂര്‍ത്തം പിറവിയെടുത്തത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ലോക മത സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗം ലോകത്തെ പിടിച്ചുകുലുക്കി.
എല്ലാ മതങ്ങളുടേയും മാതാവാണ് ഹിന്ദുധര്‍മ്മം എന്ന് സ്വാമിജി തന്റെ പ്രസംഗത്തില്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സന്യാസിക്രമംഅത് ഭാരതത്തിലാണെന്നും ആ സന്യാസി ക്രമത്തില്‍ താന്‍ അഭിമാനിക്കുന്നു എന്നും സ്വാമിജി പറഞ്ഞു. ‘സഹിഷ്ണുതയും സാര്‍വത്രിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച ഒരു മതത്തില്‍ പെട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ സാര്‍വത്രിക സഹിഷ്ണുതയില്‍ മാത്രമല്ല, എല്ലാ മതങ്ങളെയും സത്യമായി അംഗീകരിക്കുന്നു.” അദ്ദേഹം തുടര്‍ന്നു.
എല്ലാ മതങ്ങളിലും സത്യമുണ്ടെന്നും അവയെ ബഹുമാനിക്കുന്നു എന്നതിനും, ഭാരതത്തിന്റെ സഹിഷ്ണുതക്കും തെളിവായി സ്വാമിജി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയ ഉദാഹരണം ഇതാണ്. ക്രിസ്ത്യാ നിറ്റിയുടെ പിന്‍ബലത്തില്‍ റോം ഇസ്രായേലിലെ യഹൂദരെ അക്രമിക്കുകയും അവരുടെ വിശുദ്ധദേവാലയങ്ങള്‍ തകര്‍ക്കുകയും ചെയ്തപ്പോള്‍ അഭയാര്‍ത്ഥികളായി മാറിയ യഹൂദരെ ദക്ഷിണഭാരതം സ്വീകരിക്കുകയും അവര്‍ക്ക് ആരാധനാലയം നിര്‍മ്മിച്ചുകൊടുത്ത് അവരെ സംരക്ഷിക്കുകയും ചെയ്ത ചരിത്രവും അതുപോലെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വിശ്വാസങ്ങളിലൊന്നായ ജരതുഷ്ട (സൊറോസ്ട്രിയന്‍) മതവിശ്വാസികളെ ഇറാനില്‍ നിന്നും മുസ്ലീം സാമ്രാജ്യശക്തികള്‍ ആക്രമിച്ച സമയത്ത് അവര്‍ അഭയാര്‍ത്ഥികളായി എത്തിയതും ഇന്ത്യയിലാണ്. അവരേയും അവര്‍ പിന്തുടരുന്ന വിശ്വാസത്തേയും ഭാരതം സംരക്ഷിച്ച കാര്യവും സ്വാമിജി ചൂണ്ടിക്കാട്ടി.
ലോകത്ത് മറ്റൊരു ജനതക്കും ഇത്തരത്തിലുള്ള ഉദാഹരണങ്ങള്‍ പറയാന്‍ സാധിക്കില്ല. സ്വാമിജി പറഞ്ഞു: ഞങ്ങള്‍ സാര്‍വലൗകിക സഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല സര്‍വമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്ഥികള്‍ക്കും അഭയമരുളിയതാണ് എന്റെ ജനത എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു..!
ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാന സ്വഭാവമാണ് സഹിഷ്ണുതയും സര്‍വ്വധര്‍മ്മസമഭാവനയും എന്ന് സ്വാമിജി ഈ ഉദാഹരണത്തിലൂടെ വ്യക്തമാക്കി. എല്ലാ മതങ്ങളും ഒരേ സത്യമാണ് ഉദ്‌ഘോഷിക്കുന്നത് എന്നും ആ ചിന്ത പണ്ട് മുതലെ ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാമിജിയുടെ വാക്കുകള്‍ ഇപ്രകാരമാണ്: ”അല്ലയോ സോദരരെ, കുട്ടിക്കാലം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷക്കണക്കിനാളുകള്‍ എന്നും ജപിക്കുന്നതും ആയ ഒരു സ്‌തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടികലരുന്നുവല്ലോ. അതുപോലെ അല്ലയോ പരമേശ്വര, രുചി വൈചിത്ര്യംകൊണ്ട് മനുഷ്യര്‍ കൈക്കൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണപ്പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്.”
ലോകം മുഴുവന്‍ മത സംഘര്‍ഷങ്ങളും, കുരിശ് യുദ്ധവും, മതപരിവര്‍ത്തനവും സൃഷ്ടിച്ച അന്യമതവിദ്വേഷം ലോകത്ത് സൃഷ്ടിക്കുന്ന മുറിവുകള്‍ സ്വാമിജിയുടെ മനസ്സിനെ വിഷമിപ്പിച്ചിരുന്നു. അതിനുള്ള പരിഹാരം ഹൈന്ദവ ധര്‍മ്മത്തിന്റെ വിശാലചിന്താപദ്ധതി മാത്രമാണെന്ന് ആ വിഖ്യാത മത സമ്മേളനത്തില്‍ തന്റെ പ്രസംഗത്തിലൂടെ സ്വാമിജി മുന്നോട്ടു വെച്ചു.
സ്വാമിജിയുടെ വാക്കുകള്‍:
അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ടമായ ഒരത്ഭുതതത്വത്തിന്റെ നീതീകരണവും പ്രഖ്യാപനവുമാണ്. ആര്, ഏതു രൂപത്തില്‍ എന്നെ ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും സഞ്ചരിക്കുന്നത് ഒടുവില്‍ എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ.
വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകര സന്തതിയായ മതഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്‌കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു.
സാര്‍വലൗകിക സഹിഷ്ണുത, സര്‍വ്വ ധര്‍മ്മ സമഭാവന, എല്ലാ മതങ്ങളും ഒരേ സത്യത്തിലേക്കാണ് എത്തിച്ചേരുന്നത്, തുടങ്ങിയ മൂല്യങ്ങള്‍ മതങ്ങളുടെ മാതാവായ ഹിന്ദു ധര്‍മ്മത്തിന് മാത്രം അവകാശപ്പെടാവുന്ന ഒന്നാണെന്നും അത് മാത്രമാണ് ലോകത്ത് ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ സഹായകമാകുന്ന ചിന്തകളെന്നും ആ യുവ സന്ന്യാസി അമേരിക്കയിലെ ചിക്കാഗോയിലിരുന്ന് ലോകത്തോട് വിളിച്ച് പറഞ്ഞു.
യൂറോപ്യന്‍ മത നേതൃത്വത്തിന് അത് ഒരു പുത്തന്‍ അനുഭവമായിരുന്നു. തന്റെ ദൈവം മാത്രം ശരിയെന്നും, ആ ദൈവം പറഞ്ഞ നിയമപുസ്തകത്തിലെ വരികള്‍ക്കനുസരിച്ച് മാത്രം ലോകം സഞ്ചരിക്കണം എന്നും വാശിപിടിച്ച അബ്രഹാമിക് സെമറ്റിക് മത നേതൃത്വത്തിന്റെ മുഖത്ത് കിട്ടിയ അടിയായിരുന്നു സ്വാമിജിയുടെ പ്രസംഗം. സ്വാമിജി തന്റെ പ്രഭാഷണം അവസാനിപ്പിച്ചത് ഇങ്ങനെ ആയിരുന്നു:
”ഈ സമ്മേളനത്തിന്റെ ബഹുമാനാര്‍ത്ഥം ഇന്നു പുലര്‍കാലത്ത് മുഴങ്ങിയ മണി എല്ലാ മത ഭ്രാന്തിന്റെയും, വാള് കൊണ്ടോ പേന കൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും, ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ഇടയിലെ എല്ലാ ദുര്‍മാല്‍സര്യങ്ങളുടെയും മരണമണിയായ് ഇരിക്കട്ടേ എന്നു ഞാന്‍ അകമഴിഞ്ഞ് ആശിക്കുന്നു…!”
രണ്ട് ദൗത്യങ്ങളാണ് സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗത്തിലൂടെ നിര്‍വ്വഹിച്ചത്. ഒന്ന് ഭാരതത്തിന്റെ ചിരപുരാതനമായ സംസ്‌കാരത്തേയും വിവിധ രംഗങ്ങളില്‍ ആര്‍ജിച്ചിട്ടുള്ള നേട്ടങ്ങളേയും ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചു. രണ്ട് അടിമത്തത്തിലാണ്ട സ്വദേശികളുടേയും, വിദേശികളുടേയും സെമിറ്റിക് പൗരോഹിത്യത്തിന്റേയും ചവിട്ടടി പാടുകളില്‍ കഴിഞ്ഞിരുന്ന ഭാരതത്തിലെ സാധാരണ ജനങ്ങളെയും ഉണര്‍ത്തി എഴുന്നേല്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ പ്രസംഗം സഹായകമായി.
ഭാരത ജനത സാംസ്‌കാരികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്ന പാശ്ചാത്യലോകത്തിന്റെ ധാരണകളെ തിരുത്തി ചിക്കാഗോ പ്രസംഗം. ലോകജനതയെ സാംസ്‌കാരിക സമ്പന്നരാക്കേണ്ടത് തങ്ങളാണെന്ന അബ്രഹാമിക്/ യൂറോപ്യന്‍ ദാര്‍ശനിക നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടു. കൊളോണിയലിസം മുന്നോട്ടുവച്ച സാംസ്‌കാരിക സമ്പന്നതാബോധത്തെ തട്ടിതകര്‍ത്തു, ചിക്കാഗോ പ്രസംഗത്തിലൂടെ വിവേകാനന്ദന്‍.
ആ പ്രസംഗം നടന്ന കാലഘട്ടത്തില്‍ ഈ രാഷ്ട്രവും ഇവിടുത്തെ ജനതയും അടിമത്തത്തില്‍ ആയിരുന്നു. എന്നാല്‍ 131 വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നത് അമേരിക്കയിലേയും ലോകത്ത് എമ്പാടുമുള്ള ഹിന്ദു ജനതയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കും എന്നാണ്.
ഒരു മാമരം മനോജ്ഞവും പക്വവുമായ ഒരു ഫലമുളവാക്കുന്നു. ആ ഫലം നിലത്തുവീഴുന്നു; അവിടെക്കിടന്നു ചീഞ്ഞഴുകുന്നു. അതില്‍നിന്നു വേരും ഭാവിവൃക്ഷവും കിളിര്‍ക്കുന്നു. ഒരുപക്ഷേ ആദ്യത്തേതിലുമധികം കുറ്റന്‍! നാം ഒരപചയത്തിലൂടെ കടന്നുപോന്നിരിക്കയാണല്ലോ. ആ ഘട്ടമാകെ അത്രയേറെ ആവശ്യമായിരുന്നു. ആ അപചയത്തില്‍ നിന്നാണ് ഭാവിഭാരതം രൂപമെടുക്കുക. അതു കിളിര്‍ക്കുകയാണ്. അതിന്റെ ആദ്യദളങ്ങള്‍ വിരിഞ്ഞിരിക്കുന്നു. ഒരു ഊക്കന്‍, കൂറ്റന്‍ മരം, ഒരു ഊര്‍ദ്ധ്വമൂലം, ഇതാ ഇപ്പോഴേ വെളിപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. അതിനെക്കുറിച്ചാണ് ഞാന്‍ നിങ്ങളോടു സംസാരിക്കാന്‍ പോകുന്നത് (മദ്രാസ് പ്രസംഗം. പേജ് 37. സ്വതന്ത്രഭാരതം ഗതിയും നിയതിയും). ഭാവിഭാരതം അതാണ് സ്വാമിജി ലക്ഷ്യം വെച്ചത്, അതിലേക്കുള്ള പ്രയാണത്തില്‍ ഭൂതകാലത്തിന് പ്രാധാന്യമുണ്ട്, എത്രത്തോളം പിന്നോട്ട് നോക്കാമോ അത്രയും നോക്കുക എന്നാണ് സ്വാമിജി പറഞ്ഞത്.
വ്യാസനേയും വാത്മീകിയേയും കാളിദാസനേയും വിമര്‍ശിച്ച സാക്ഷാല്‍ കുട്ടികൃഷ്ണമാരാര്‍, വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയതിനുശേഷം ഭഗവദ്വിവേകാനന്ദന്‍ എന്ന് പുസ്തകം എഴുതിയിട്ടുണ്ട്. ‘മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവെന്നു പറയണമെങ്കില്‍, അതിന് മുമ്പു സ്വാമിവിവേകാനന്ദനെ രാഷ്ട്രപിതാമഹനെന്നു പറയണം. ഇയ്യിടെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും വായിച്ചുവരുമ്പോള്‍ എനിക്കുതോന്നി, അതില്‍ അവിടവിടെ നിന്ന് ഏതാനും സാരസൂക്തങ്ങളെടുത്തു ചേര്‍ത്തെഴുതിയാല്‍, അതില്‍ മഹാത്മാഗാന്ധിയുടെ പൂര്‍ണ്ണമായ ഒരു ഭാവചിത്രം പ്രത്യക്ഷപ്പെടുമെന്ന്, സ്ഥൂലരൂപത്തില്‍ ഈ ഇരുവര്‍ തമ്മില്‍ എന്തെല്ലാം അന്തരമുണ്ടെങ്കിലും, മുഖച്ഛായ, മുഖഭാവം, ഇരുവരുടെയും ഒന്നുതന്നെ (പുസ്തകം:ഭഗവദ്വിവേകാനന്ദന്‍ പേജ് 15).
സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ കേള്‍ക്കുന്ന ആരും ഭാരത വിരുദ്ധ മനസ്സിനുടമയാകില്ല. അതാണ് ഈ രാഷ്ട്രം അതിന്റെ യുവതയുടെ പ്രതീകമായി സ്വാമിജിയെ സ്വീകരിച്ചത്. ഒരു പൂര്‍ണ്ണ ഭാരതീയനാണ് ആ യുവ സന്ന്യാസി. സന്ന്യാസിയുടെ ലക്ഷ്യമായ ‘ആത്മനോ മോക്ഷാര്‍ത്ഥം’ എന്ന വാക്യത്തില്‍ ‘ജഗത് ഹിതായ ച’ എന്ന് കൂടെ കൂട്ടിച്ചേര്‍ത്ത മഹര്‍ഷിയാണ്. സ്വാമിജിയും സാവര്‍ക്കറും അരവിന്ദഘോഷും, ലാല്‍ പാല്‍ ബാല്‍ ത്രയങ്ങളും, പൂജനീയ ഹെഡ്‌ഗേവാറും, ഗുരുജി ഗോള്‍വല്‍ക്കറും ഗാന്ധിജിയുമടക്കം എല്ലാ ദേശീയവാദി നേതാക്കളും ഭാരതത്തിന്റെ ആത്മാവ് സനാതനധര്‍മ്മമായ ഹിന്ദുത്വമാണ് എന്ന് അംഗീകരിച്ചവരാണ്.
ഇസ്ലാം: ദേശീയത- ജമാ അത്തെ ഇസ്ലാമി
എന്തുകൊണ്ടാണ് സ്വാമിജിയേയും ഹിന്ദു മൂല്യങ്ങളേയും സനാതന ഭാരതത്തേയും പൊളിറ്റിക്കല്‍ ഇസ്ലാം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതും കൂടെ ഈ ലേഖനത്തില്‍ ചര്‍ച്ചക്ക് വിധേയമാക്കാന്‍ ആഗ്രഹിക്കുന്നു.
ലോകം മുഴുവന്‍ ഇസ്ലാമിക ശരീയത്ത് ഭരണകൂടം അഥവാ ‘ഹുകുമത്തെ ഇലാഹി’ നടപ്പിലാക്കാന്‍ 7-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ശക്തമായ ആക്രമണങ്ങളിലൂടെ ദശലക്ഷക്കണക്കിന് മനുഷ്യരെ കൂട്ടക്കൊലക്ക് വിധേയരാക്കി. ആഫ്രിക്ക, ഏഷ്യ, മധ്യയൂറോപ്പ് തുടങ്ങിയ വന്‍കരകളില്‍ സമാനതകളില്ലാത്ത രീതിയില്‍ ഇസ്ലാമിക ജിഹാദികള്‍ അവിടുത്തെ പൂര്‍വ്വിക ജനതയെ കൊന്നുതള്ളി, യഹൂദികള്‍, ഈജിപ്ഷ്യന്‍സ്, പേര്‍ഷ്യന്‍ ജരതുഷ്ടര്‍, ബൗദ്ധര്‍, യസീദികള്‍, ഹിന്ദുക്കള്‍ തുടങ്ങിയ വംശങ്ങളെ പല നാടുകളിലായി ഇല്ലാതാക്കി. തുര്‍ക്കി, ഒമാന്‍, ഇറാന്‍, അള്‍ജീരിയ, ഈജിപ്ത്, യെമന്‍, പാകിസ്ഥാന്‍, ഖത്തര്‍, ലിബിയ, ബ്രൂണെ, ബഹ്‌റൈന്‍, മൊറോക്കോ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, മൗറിറ്റാനിയ, സുഡാന്‍, സൗദിഅറേബ്യ, സൊമാലിയ, സെനഗല്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മാലിദീപ്, മലേഷ്യ, ടുണീഷ്യ, അഫ്ഗാന്‍, നൈജീരിയ തുടങ്ങിയ അനേകം രാജ്യങ്ങള്‍ പൂര്‍ണ്ണമായും ഇസ്ലാമികവല്‍ക്കരിച്ചു, അവിടുത്തെ തദ്ദേശ സംസ്‌ക്കാരങ്ങള്‍ നശിപ്പിക്കപ്പെട്ടു, അവരുടെ ആരാധനാലയങ്ങള്‍ ഇല്ലാതാക്കി, സംസ്‌ക്കാരിക ബിംബങ്ങള്‍ തകര്‍ത്തു, പൂര്‍വ്വികജനതയെ കൂട്ടക്കൊലചെയ്തു. ഇന്ന് ഈ രാഷ്ട്രങ്ങളില്‍ പലതിലേയും മുസ്ലീം സമൂഹം പരസ്പരം കൊന്ന് തീരുന്നു. അവസാനിക്കാത്ത രക്തദാഹത്തില്‍, യുദ്ധത്തില്‍ പല രാജ്യങ്ങളും മനുഷ്യവാസയോഗ്യമല്ലാതായി. ഈ മതം മനുഷ്യ കുലത്തിന് മൊത്തം അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നു. 1400 വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് ജീവനുകളാണ് ഈ പൊളിറ്റിക്കല്‍ ഇസ്ലാം കാരണം ഇല്ലാതായത്. ജിഹാദ് എന്ന ആശയം കൊണ്ട് തകര്‍ന്നത് നിരവധി രാഷ്ട്രങ്ങളാണ്.
ഈ ഇസ്ലാമിക ആക്രമണത്തില്‍ കുറച്ചെങ്കിലും പിടിച്ച് നിന്ന ജനതയാണ് ഭാരതത്തിലേത്. 1300 വര്‍ഷത്തിലധികം ഭാരതത്തില്‍ ഇസ്ലാമിക ഭരണം നടപ്പിലായെങ്കിലും ഭാരതത്തിലെ തദ്ദേശ ജനത ഇസ്ലാമിന് പൂര്‍ണ്ണമായി കീഴ്‌പ്പെട്ടില്ല. ഭാരത്തിന്റെ അഭിമാന സ്തംഭങ്ങളായ മഹാക്ഷേത്രങ്ങള്‍, സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ ഒക്കെ ഇസ്ലാം ഭരണകാലത്ത് തകര്‍ക്കപ്പെട്ടു. എന്നിട്ടും സനാതനധര്‍മ്മം ഇല്ലാതായില്ല, ഭാരതഭൂവില്‍. ഹിന്ദു സാമ്രാട്ട് ശിവാജി മഹാരാജിനെ പോലുള്ള രാജാക്കന്മാര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിനെ നേരിട്ടു.
ബ്രിട്ടീഷ് ഭരണം വന്നു, അവരും സംസ്‌കാരത്തെ തകര്‍ക്കാന്‍ 300 വര്‍ഷം ശ്രമിച്ചു. ഭാരതത്തിന്റെ ആത്മാവ് തകര്‍ന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത്, 1941 ല്‍ ഇസ്ലാമിക തത്ത്വചിന്തകനായ സയ്യിദ് അബുല്‍അലാ മൗദൂദി ആരംഭിച്ച ഇസ്ലാം മൗലികവാദ പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്ഥാപിച്ച പ്രസ്ഥാനം. ഹുകുമതെ ഇലാഹി അഥവാ ശരീയത്ത് നിയമ വ്യവസ്ഥയുള്ള രാജ്യം ആയി ഭാരതത്തെ മാറ്റുക എന്ന് ലക്ഷ്യം വെച്ച് പ്രവര്‍ത്തനം ആരംഭിച്ചു. രാഷ്ട്രീയം ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യമായ ഭാഗമാണെന്നും ഇസ്ലാമിക പ്രത്യയശാസ്ത്രവും ഇസ്ലാമികേതര പ്രത്യയശാസ്ത്രങ്ങളും (മുതലാളിത്തവും സോഷ്യലിസവും ലിബറലിസവും മതേതരത്വവും പോലുള്ളവ) പരസ്പരവിരുദ്ധമാണെന്നും മൗദൂദി വിശ്വസിച്ചു. പാകിസ്ഥാന്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുമിച്ച് ജീവിക്കാനാവില്ല, ദേശീയത, സനാതന സംസ്‌കാരം എന്നിവയില്‍ മുസ്ലീങ്ങള്‍ക്ക് കൂടിച്ചേരാനാകില്ലെന്നും, രണ്ട് സംസ്‌കാരവും വ്യത്യസ്തമാണെന്നും വാദിച്ചു. സ്വാതന്ത്ര്യാനന്തരം പാകിസ്ഥാനിലേക്ക് കുടിയേറി. എന്നാല്‍ 1947ന് ശേഷം ജമാ അത്തെ ഇസ്ലാമി പാകിസ്ഥാനിലും, ബംഗ്ലാദേശിലും, കാശ്മീരിലും അഫ്ഗാനിലും ഭാരതത്തിലും വ്യത്യസ്തമായി പ്രവര്‍ത്തിച്ചു, ഭാരതത്തിലെ ജമാ അത്തെ ഇസ്ലാമി ഹിന്ദ് എന്ന പേരിലായി പ്രവര്‍ത്തനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്ന് ഹുകുമതെ ഇലാഹി തുടങ്ങിയ വിവാദ പരാമര്‍ശങ്ങള്‍ ഭരണഘടനയില്‍ നിന്നുമൊഴിവാക്കിയെങ്കിലും, ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാനാദര്‍ശം ‘ലാ ഇലാഹ ഇല്ലല്ലാഹി മുഹമ്മദുര്‍ റസൂലുല്ലാഹ്’ എന്നതാണ്. അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല എന്ന് തന്നെ!
‘ബഹുദൈവാരാധനയ്ക്ക് വഴിവെയ്ക്കുന്ന എല്ലാ കവാടങ്ങളും ഇസ്ലാംകൊട്ടിയടയ്ക്കുന്നു. അല്ലാഹുവിനല്ലാതെ ആര്‍ക്കും അദൃശ്യം അറിയുകയില്ലെന്നും അഭൗതിക മാര്‍ഗ്ഗത്തിലൂടെ രക്ഷിക്കാനോ ശിക്ഷിക്കാനോ സഹായിക്കാനോ ദ്രോഹിക്കാനോ സാധ്യമല്ലെന്നും അത് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.’ അവരുടെ വെബ് സൈറ്റില്‍ കൊടുത്തിട്ടുള്ള രേഖയില്‍ പറയുന്ന ഈ കാര്യം ഭാരതം പോലുള്ള ബഹുമതവിശ്വാസ രാജ്യത്ത് എത്ര അപകടം പിടിച്ച ഒന്നാണ് എന്ന് നാം മനസ്സിലാക്കണം. തീരുന്നില്ല, ‘വിവാഹം, വിവാഹമോചനം, ബഹുഭാര്യാത്വം, ദാമ്പത്യമര്യാദകള്‍, മാതാപിതാക്കളോടുള്ള ബന്ധം, മക്കളോടുള്ള സമീപനം, അയല്‍ക്കാരോടുള്ള നിലപാട് പോലുള്ളവയെല്ലാം എവ്വിധമാണെന്ന് തീരുമാനിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനായ അല്ലാഹുവിനാണ്; ഇതംഗീകരിക്കലും തൗഹീദിന്റെ അവിഭാജ്യ ഘടകമാണ്.’ അതായത് രാജ്യത്ത് നിലവിലുള്ള ഒരു വ്യക്തിനിയമവും, സാമൂഹിക ക്രമവും ജമാ അത്തെ ഇസ്ലാമിക്ക് ബാധകമല്ല, മറിച്ച് ശരീയത്ത് ആണ് ബാധകം എന്ന്. സംഘടനയുടെ ആത്യന്തിക ലക്ഷ്യമായി അവര്‍ പറയുന്നത് ഇങ്ങനെയാണ്: ‘ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇഖാമതുദ്ദീന്‍ (ദീന്‍-ദൈവിക വ്യവസ്ഥ- നിലനിര്‍ത്തുക) ആകുന്നു. അതിനുള്ള സാക്ഷാല്‍ പ്രേരകശക്തിയാകട്ടെ, അല്ലാഹുവിന്റെ പ്രീതിയും പരലോകവിജയവും സിദ്ധിക്കുകയെന്നതുമത്രേ.’ അതായത് നമ്മുടെ രാജ്യത്തെ ഭരണഘടന റദ്ദ് ചെയ്ത് ഭൂരിപക്ഷം വരുന്ന ജനതയുടെ ആരാധനാ സമ്പ്രദായങ്ങള്‍ ഇല്ലാതാക്കി ശരിയത്ത് നിയമരാജ്യമായി, ഇസ്ലാമിക് സ്റ്റേറ്റ് ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും എന്ന് ഭരണഘടനയില്‍ എഴുതിവെച്ച പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. അവരുടെ ഭരണഘടനയിലെ ഉദ്ദിഷ്ട മാനദണ്ഡം എന്ന ഭാഗത്തെ (ഖണ്ഡിക: 9 ഭാഗം 6) ദുരാചാരികളും ദുര്‍മാര്‍ഗികളും അല്ലാഹുവെ വിസ്മരിച്ചവരുമായ ജനങ്ങളുമായി സ്‌നേഹസഹകരണ ബന്ധങ്ങള്‍ -പൊതുമാനുഷിക ബന്ധങ്ങളല്ല- മുറിച്ചുകളയുകയും ദൈവഭക്തരായ സജ്ജനങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുക. അതായത്, അല്ലാഹുവിനെ ദൈവമായി കാണാത്ത മറ്റ് മതവിശ്വാസികളുമായുള്ള ബന്ധം പൊതു മാനുഷിക ബന്ധം അല്ല അത് മുറിച്ച് കളയേണ്ടതാണ് എന്ന്. എത്ര അപകടകരമായ പ്രസ്താവന ആണെന്ന് നോക്കു. ഇത്രക്ക് പച്ചയായി ഇസ്ലാമിക രാഷ്രീയ വ്യവസ്ഥക്കായി പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി ഈ നയപരിപാടികളൊന്നും പൊതുസമൂഹത്തെ കാണിക്കാതെ മറ്റ് മതവിശ്വാസത്തിലെ ജനതയെ സ്വാധീനിക്കാനായി സമൂഹത്തില്‍ വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മലയാളം ചുവരെഴുത്തുകളെ തുടര്‍ന്നാണ് കേരളത്തില്‍ ജമാ അത്തെ ഇസ്ലാമിയെ പൊതുസമൂഹം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. നിരോധിക്കപ്പെട്ട തീവ്രവാദ പ്രസ്ഥാനമായ ‘സിമി’ ‘ജമാ അത്തെ ഇസ്ലാമി’യുടെ യുവജന വിഭാഗമായിരുന്നു. കെ.ടി.ജലീലും അബ്ദുള്‍ സമദ് സമദാനിയും ഒക്കെ സിമിയുടെ മുന്‍കാല നേതാക്കളാണ്.
ഈ ജിഹാദികള്‍ മതേതരമെന്ന് തോന്നിക്കുന്ന പേരുകള്‍ സ്വീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ചില പേരുകള്‍ നോക്കു: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, എസ്.ഐ.ഒ, ജി.ഐ.ഒ, മലര്‍വാടി ബാലസംഘം, പ്രബോധനം വാരിക, ബോധനം ദ്വൈമാസിക, ആരാമം വനിതാ മാസിക, മാധ്യമം ദിനപത്രം, മലര്‍വാടി കുട്ടികളുടെ മാസിക, മാധ്യമം ആഴ്ചപ്പതിപ്പ്, കജഒ, ഇന്ററസ്റ്റ് ഫ്രീഎസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റി (ഇന്‍ഫെക്), ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്റ് ക്രെഡിറ്റ്‌സ് ലിമിറ്റഡ്, ഐ.എ.എഫ്.ഐ.ഇ, ഐഡിയല്‍ റിലീഫ് വിംഗ്, എത്തിക്കല്‍ മെഡിക്കല്‍ ഫോറം, അസോസിയേഷന്‍ ഓഫ് ഐഡിയല്‍ മെഡിക്കല്‍ സര്‍വീസ് (എയിംസ്), ശാന്തപുരം യൂണിവേഴ്‌സിറ്റി, ഡയലോഗ് സെന്റര്‍, ഇസ്ലാമിക പഠനത്തിലേക്ക് മറ്റ് സമുദായാംഗങ്ങള്‍ക്ക് തപാല്‍മുഖേന സാഹിത്യങ്ങള്‍ വായനക്ക് അയച്ചു നല്‍കുകയെന്ന ലക്ഷ്യത്തോടെ 1976 ല്‍ ആരംഭിച്ച സ്ഥാപനമാണ് കിം (കേരള ഇസ്ലാമിക് മിഷന്‍), തനിമ കലാവേദി, ധര്‍മധാര തുടങ്ങി നിരവധിയായ സംഘടനയിലൂടെ മാരീച വേഷം ധരിച്ച് ഹുകുമതെ ഇലാഹി അഥവാ ഇസ്ലാമിക രാജ്യസ്ഥാപന പ്രക്രിയ നടത്തുകയാണ് ജമാ അത്തെ ഇസ്ലാമി. അവരുടെ മാധ്യമം വാരിക നടത്തുന്ന വിവേകാനന്ദ വിമര്‍ശനം കേവലം താത്വിക വിലയിരുത്തലല്ല ഉദ്ദേശിക്കുന്നത്. അത് ലക്ഷ്യമിടുന്നത് ഈ രാഷ്ട്രത്തേയും സംസ്‌കാരത്തേയും സനാതന മൂല്യങ്ങളേയുമാണ്.
മാധ്യമം പോലെയുള്ള പത്രസ്ഥാപനങ്ങളിലൂടെ ഹിന്ദു നാമധാരികളായ ഇടത് ജിഹാദി ബുദ്ധിജീവികള്‍ തൂലിക ചലിപ്പിക്കുന്നത് ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്താനും രാഷ്ട്രത്തെ ശിഥിലമാക്കാനുമാണ്. ഇത്തരം ട്രോജന്‍ കുതിരകളെ ഉപയോഗിച്ച് അവര്‍ വിഭജിച്ചെടുത്ത നാടിന്റെ ഇപ്പോഴത്തെ അവസ്ഥയും ഭാരതത്തിന്റെ അവസ്ഥയും നോക്കു. പാകിസ്ഥാനേയും ബംഗ്ലാദേശിനേയു ജമാ അത്തെ ഇസ്ലാമി തകര്‍ത്തു. അതുപോലെ ഭാരതത്തില്‍ നടക്കുന്നില്ല, അതിനായുള്ള ശ്രമങ്ങളായാണ് ഇത്തരം നീക്കങ്ങളെ കാണേണ്ടത്.
ഭാരതമിന്ന് അതിന്റെ 1000 വര്‍ഷത്തെ ചരിത്രത്തില്‍ എങ്ങുമില്ലാത്തവിധം പ്രൗഢിയില്‍ ഉയര്‍ന്ന് നില്‍ക്കുന്നു, ലോകം മുഴുവന്‍ ഭാരതീയ ബിംബങ്ങള്‍ ആഘോഷിക്കുന്നു. വിവിധ രാജ്യങ്ങളില്‍ ഭാരതീയരായവര്‍ ഭരണാധികാരികളാകുന്നു. സനാതന ധര്‍മ്മം കൊടുങ്കാറ്റുപോലെ പടിഞ്ഞാറിനെ കീഴ്‌പ്പെടുത്തുന്നു. കിഴക്കിന്റെ വെളിച്ചം ശക്തിപ്രാപിച്ചപ്പോള്‍ പടിഞ്ഞാറിന്റെ മേല്‍ ബാധിച്ച കരിനിഴലുകള്‍ അപ്രത്യക്ഷമാകുന്നു. ഇന്ന് ഭാരതം അതിന്റെ സനാതന മൂല്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. അത് മൗദൂദിയന്‍ ആശയം പിന്‍പറ്റുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് ഇഷ്ടപ്പെടില്ല.
ശിവാജി മഹാരാജാവിനെ കുറിച്ച് സ്വാമിജി പാടുന്ന ഒരു ഹിന്ദി ഗാനം ഉണ്ട്:
ദാവാ ദ്രുമദണ്ഡ് പര്‍ ചിതാ
മൃഗ് ഝുണ്ഡ് പര്‍,
ഭൂഷണ്‍ വിതണ്ഡ് പര്‍
ജൈസെ മൃഗരാജ് ഹെ;
തേജ് തമ് അംശ് പര്‍ കാന്‍ഹ്
ജിമ് കംസ്പര്‍,
ത്യോം മ്ലേച്ഛ് വംശ് പര്‍
ശേര്‍ ശിവരാജ് ഹെ.
വനത്തിലെ മരങ്ങള്‍ക്ക് പടരുന്ന കാട്ടുതീപോലെ, മാന്‍കൂട്ടത്തിലേക്ക് ചാടി വീഴുന്ന പുള്ളിപ്പുലിപോലെ ആനകള്‍ക്ക് ഇടയിലേക്ക് കടക്കുന്ന സിംഹംപോലെ, രാത്രിയുടെ ഇരുട്ടിലേക്ക് സൂര്യന്‍ പ്രവേശിക്കുന്ന പോലെ, കൃഷ്ണന്‍ കംസനിലേക്ക് കടന്നപോലെ, ശിവാജി മഹാരാജാവ് എന്ന സിംഹം, മ്ലേച്ഛന്മാരുടെ കൂട്ടത്തിന്‌നേരെ തിരിഞ്ഞു. അതെ അതുപോലെ തന്നെ ആണ് വിവേകാനന്ദ സ്വാമിജിയുടെ ചിന്തകളും വാക്കുകളും ആശയങ്ങളും ഭാരത വിരുദ്ധരുടെ ഉള്ളിലേക്ക് കയറിയത്.
മഹാകവി പി.കുഞ്ഞിരാമന്‍നായര്‍ എഴുതിയപോലെ ‘വാഗൈ്വഖരീ ഗര്‍ജനം മുഴക്കിയ ഭാരത നരസിംഹമാണ് നരേന്ദ്രന്‍’ എന്ന സ്വാമി വിവേകാനന്ദന്‍.
ആഹാര നിദ്രാദീന ലോകത്ത്
നിരീഹനായ് ആദിമമമൃതം
താന്‍ നുകര്‍ന്നു രമിപ്പവന്‍
ഭാവനാമയനാകുമീ യുവ യോഗീന്ദ്രനീ
ഭാരത സംസ്‌കാരത്തിന്‍ ഭാസുര
പ്രതിബിംബം നിര്‍ജരാമരണമായ്
ജ്വലിക്കും വാഗൈ്വഖരീ ഗര്‍ജനം
മുഴക്കിയ ഭാരത നരസിംഹം
-പി. കുഞ്ഞിരാമന്‍ നായര്‍
(വിവേകാനന്ദപ്പാറയില്‍)
ആ ഗര്‍ജ്ജനത്തെ തടായാന്‍ ഹുകുമതെ ഇലാഹിക്ക് സാധ്യമല്ല.