സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാന്‍ അരയും തലയും മുറുക്കി യുദ്ധത്തിനിറങ്ങിയ രാവണപക്ഷക്കാരാണ് ഡി.എം.കെ യുടെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിനും അദ്ദേഹത്തിന്റെ മകനും സിംഹാസനത്തിന്റെ അനന്തരാവകാശിയുമായ ഉദയനിധിസ്റ്റാലിനും. അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന പ്രാണപ്രതിഷ്ഠ തമിഴ്‌നാട്ടില്‍ ആരും കാണരുത് എന്ന തിട്ടൂരമിറക്കി സംപ്രേഷണം തടഞ്ഞ സര്‍വ്വാധിപതിമാരാണവര്‍. സനാതന ധര്‍മ്മത്തെ ഇല്ലാതാക്കാന്‍ അവര്‍ കണ്ട വിദ്യ ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുക എന്നതാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ആര്‍.എസ്.എസ്സിന്റെ വിജയദശമി പരിപാടിയുടെ ഭാഗമായ പഥസഞ്ചലനം തടയുക എന്നതാണ് അവരുടെ പരിപാടി. മനുഷ്യാവകാശത്തിന്റെയും നീതിയുടെയും ജനാധിപത്യത്തിന്റെയുമൊക്കെ വമ്പന്‍ തത്വങ്ങള്‍ പറയുമെങ്കിലും തങ്ങളുടെ സാമ്രാജ്യത്തില്‍ ആര്‍.എസ്.എസ്സിന് ഇതൊന്നിനും അവകാശമില്ല എന്നു വിധിച്ചിരിക്കയാണ് ദ്രാവിഡ കഴക രാജാക്കന്മാര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 നും 29 നും നടത്താന്‍ നിശ്ചയിച്ച പഥസഞ്ചലനങ്ങള്‍ പോലീസിനെ ഉപയോഗിച്ചു തടഞ്ഞു. ഹൈക്കോടതി സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയപ്പോള്‍ സുപ്രീം കോടതിയില്‍ പോയി തല്ക്കാലത്തേക്ക് സ്റ്റേ ചെയ്യിപ്പിച്ചു. നവ: 19 ന് പഥസഞ്ചലനം നടത്താന്‍ സുപ്രീം കോടതി അനുവദിച്ചു.
ഈ വര്‍ഷം വിജയദശമിക്ക് സംസ്ഥാനത്ത് 58 സ്ഥലങ്ങളില്‍ പഥസഞ്ചലനം നിശ്ചയിച്ചപ്പോള്‍ പഴയ പോലെ ആഭ്യന്തര വകുപ്പ് പോലീസിനെ ഉപയോഗിച്ച് അത് തടഞ്ഞു. സംഘ അധികാരികള്‍ നീതിക്കായി ഹൈക്കോടതിയെ സമീപിച്ചു. ഞായറാഴ്ച നടക്കുന്ന പഥസഞ്ചലനം മൂലം സ്‌കൂള്‍ കുട്ടികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും യാത്ര ചെയ്യാന്‍ തടസ്സമായി മാറുമെന്നാണ് പഥസഞ്ചലനത്തിന് അനുമതി നിഷേധിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞ കാരണം. വാദം കേട്ട് ജഡ്ജി ചോദിച്ചു: ഞായറാഴ്ച ഏതു കുട്ടികളാണ് സ്‌കൂളില്‍ പോകുന്നത്? ഏതു ഉദ്യോഗസ്ഥനാണ് ഓഫീസില്‍ പോകുന്നത്? അതിനു ഉത്തരം പറയാനാകാതെ നിന്ന സര്‍ക്കാര്‍ വക്കീലിനോട് അടുത്ത വര്‍ഷം ഇത്തരം പരാതി ഉണ്ടാവാന്‍ ഇടവരരുത് എന്നു കോടതി ശാസിക്കുകയും ചെയ്തു. വിരുദുനഗറിലെ കോട്ടയ്‌പെട്ടി ബി.ജെ.പി ഓഫീസില്‍ ഭാരതമാതാവിന്റെ പ്രതിമ കണ്ടതോടെ ജില്ലാ ഭരണകൂടത്തിലെ സനാതനധര്‍മ്മ വിരോധികള്‍ക്ക് ഹാലിളകി. പ്രതിമ നീക്കം ചെയ്ത് സമാധാനിച്ച അവര്‍ക്ക് വൈകാതെ കോടതിയുടെ പ്രഹരം കണക്കിന് കിട്ടി. അതു തിരിച്ചു നല്‍കാന്‍ ഉത്തരവിട്ട ഹൈക്കോടതി ഇത്തരം പരിപാടി വെച്ചുപൊറുപ്പിക്കില്ലെന്നും മുന്നറിയിപ്പു നല്‍കി. കോടതിയുടെ ചുറ്റിക തലയ്ക്ക് മുകളില്‍ ഇല്ലായിരുന്നെങ്കില്‍ ഈ സര്‍വ്വാധിപതികള്‍ എന്തൊക്കെ കാട്ടിക്കൂട്ടുമെന്നു ഊഹിക്കാവുന്നതേയുള്ളൂ.