സിപിഎം നിരന്തരം ആവര്‍ത്തിക്കാറുള്ള ഒരു വിമര്‍ശനമാണ് മാധ്യമങ്ങളുടെ വലതുപക്ഷവല്‍ക്കരണം. ബൂര്‍ഷ്വാ പാര്‍ട്ടികളെന്ന് സിപിഎം കരുതുന്നവരുടെ നിക്ഷിപ്ത താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി മാധ്യമങ്ങള്‍ വസ്തുതാവിരുദ്ധവും പക്ഷപാതപരവുമായി പെരുമാറുന്നു. ഇതിന്റെ ഭാഗമായി ഇടതുപക്ഷത്തെ ആസൂത്രിതമായി കടന്നാക്രമിക്കുന്നു എന്നതാണ് ഈ വിമര്‍ശനത്തിന്റെ കാതല്‍. മാധ്യമങ്ങളുടെ വലതുപക്ഷവല്‍ക്കരണത്തിന്റെ ഇരയാണ് സിപിഎം. രാഷ്ട്രീയവും ഭരണപരവുമായ വിവിധ പ്രശ്നങ്ങളില്‍ സിപിഎമ്മിനോട് കടുത്ത ശത്രുത പുലര്‍ത്തുന്ന മാധ്യമങ്ങള്‍ സിപിഎമ്മിന്റെ എതിരാളികളോട് മൃദുസമീപനം സ്വീകരിക്കുന്നു എന്നൊരു ധാരണ സൃഷ്ടിക്കാനാണ് ഇതിലൂടെ സിപിഎം ശ്രമിക്കാറുള്ളത്. എന്താണിതിലെ വാസ്തവം എന്നു പരിശോധിക്കുമ്പോള്‍ ചെരുപ്പ് കിടക്കുന്നത് മറ്റെ കാലിലാണെന്ന് കാണാന്‍ കഴിയും.
സിപിഎം നേതാക്കളുടെ ധാര്‍ഷ്ട്യവും പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭരണത്തിന്റെ നയവൈകല്യവും ജനവിരുദ്ധതയും, സിപിഎമ്മുകാര്‍ ഉള്‍പ്പെടുന്ന അഴിമതികളും ലൈംഗിക പീഡന കേസുകളും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കുന്ന നിരങ്കുശമായ ഹിംസയും മറ്റും വാര്‍ത്തയാകുമ്പോഴാണ് സിപിഎം നേതാക്കളില്‍നിന്ന് മാധ്യമങ്ങളുടെ വലതുപക്ഷവല്‍ക്കരണം എന്ന മുറവിളി ഉയരാറുള്ളത്. അധികാര പ്രമത്തതയും അഴിമതിയും അക്രമരാഷ്ട്രീയവുമൊക്കെ തെറ്റാകുന്നത് ഇവയൊക്കെ എതിരാളികള്‍ ചെയ്യുമ്പോള്‍ മാത്രമാണെന്നും, ഇതൊക്കെത്തന്നെ തങ്ങള്‍ ചെയ്യുമ്പോള്‍ അതിന് മറ്റൊരു മാനമാണുള്ളതെന്നും സിപിഎം നേതാക്കള്‍ ഭാവിക്കുന്നു.
യഥാര്‍ത്ഥത്തില്‍ വലതുപക്ഷവല്‍ക്കരണത്തിന് വിധേയമായ മാധ്യമങ്ങള്‍ സിപിഎമ്മിനെ അകാരണമായി ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ടോ? മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ പലതും ഒട്ടുമിക്കപ്പോഴും സിപിഎമ്മിനെ തന്ത്രപരമായി സഹായിക്കുന്നവയും, നേതൃത്വത്തിന്റെ അഹന്തയെ ഊതിവീര്‍പ്പിക്കുന്നവയുമാണ്. സിപിഎം നടത്തുന്ന പൈശാചികമായ കൊലപാതകങ്ങള്‍, ഈ പാര്‍ട്ടിയുടെ നേതാക്കള്‍ ഉള്‍പ്പെടുന്ന ആസൂത്രിതവും അതിവിപുലവുമായ അഴിമതികള്‍ എന്നിവയെ വിമര്‍ശിക്കാന്‍ നിര്‍ബന്ധിതരാവുന്ന മാധ്യമങ്ങള്‍, സിപിഎമ്മും ഇടതുപക്ഷവുമാണ് ശരിയെന്ന് ഇതോടൊപ്പം പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ മാധ്യമങ്ങളുടെ സിപിഎം വിമര്‍ശനം പലപ്പോഴും ഗ്യാലറിക്കു വേണ്ടിയുള്ളതാണെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ മനസ്സിലാവും.
ചിത്രലേഖയും സിദ്ധാര്‍ത്ഥും
സിപിഎം നേതാവ് പി.പി.ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതിനെ തുടര്‍ന്ന് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തതിനെ ഒറ്റപ്പെട്ട സംഭവമായി കാണുന്ന മാധ്യമങ്ങള്‍ സിപിഎം അനുകൂല നിലപാടാണ് എടുക്കുന്നത്. സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട് എന്ന വസ്തുത പല മാധ്യമങ്ങളും സമര്‍ത്ഥമായി മറച്ചുപിടിക്കും. കണ്ണൂര്‍ ജില്ലയില്‍ തന്നെ പ്രവാസി വ്യവസായി സാജന്‍ തന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് കരുതിക്കൂട്ടി അനുമതി വൈകിപ്പിക്കുന്നതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള പ്രതിക്കൂട്ടിലായിരുന്നു. എന്നാല്‍ ശ്യാമള കുറ്റക്കാരിയല്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു! ഇവര്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യയാണെന്ന കാര്യം പറയാന്‍ പോലും പല മാധ്യമങ്ങള്‍ക്കും മടിയായിരുന്നു.
പയ്യന്നൂര്‍ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ദളിത് യുവതിയായ ചിത്രലേഖയെ 20 വര്‍ഷമാണ് സിപിഎം വേട്ടയാടിയത്. സിഐടിയു മേധാവിത്വം അംഗീകരിക്കാത്തതായിരുന്നു കാരണം. ഒരു തീയ്യയുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ സിപിഎം ഈ യുവതിക്ക് ഊരുവിലക്ക് കല്‍പ്പിക്കുകയും, അവരുടെ ഉപജീവനമാര്‍ഗമായിരുന്ന ഓട്ടോറിക്ഷ സ്വന്തം വീടിനു മുന്നിലിട്ട് കത്തിക്കുകയും ചെയ്തു. മനക്കരുത്ത് ഒന്നുകൊണ്ട് മാത്രമാണ് ഈ യുവതി ആത്മഹത്യ ചെയ്യാതിരുന്നത്. ശത്രുപക്ഷത്ത് സിപിഎം ആയതിനാല്‍ പല മാധ്യമങ്ങള്‍ക്കും ഇതൊരു ‘നോണ്‍ ഇഷ്യു’ ആയിരുന്നു. (മനുഷ്യത്വവിരുദ്ധമായി ഇങ്ങനെയൊക്കെ സംഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന ഒരു യുവതിയെ സിഐടിയു സ്റ്റാന്റിലെ ആങ്ങളമാര്‍ സംരക്ഷിക്കുന്നതിനെ മഹത്വവല്‍ക്കരിച്ചുകൊണ്ട് എം.മുകുന്ദന്‍ ‘മനോഹരമായ’ കഥയെഴുതിയത്.) സിപിഎം-സിഐടിയു ആങ്ങളമാര്‍ ജീവിക്കാന്‍ അനുവദിക്കാതിരുന്ന ചിത്രലേഖ ഒടുവില്‍ കാന്‍സര്‍ ബാധിച്ചു മരിച്ചു. സിപിഎം-സിഐടിയുക്കാര്‍ സമ്മാനിച്ച സംഘര്‍ഷത്തിന്റെ ഫലമല്ല ഇതെന്ന് ആര്‍ക്ക് പറയാനാവും?
വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളജില്‍ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിനെ എസ്എഫ് ഐക്കാര്‍ മൂന്നുദിവസത്തോളം അതിക്രൂരമായി മര്‍ദ്ദിച്ചും പരസ്യവിചാരണ ചെയ്തും കൊലപ്പെടുത്തിയതിനെ പതിവ് സംഭവമായി കാണുകയാണ് സിപിഎം ചെയ്തത്. കോേളജധികൃതര്‍ക്കും പോലീസിനൊപ്പം നിന്ന് എസ്എഫ ്ഐക്കാരെ പരമാവധി ന്യായീകരിക്കാനും സംരക്ഷിക്കാനുമാണ് സിപിഎം ശ്രമിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമായപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിദ്യാര്‍ത്ഥിയുടെ വീടു സന്ദര്‍ശിച്ചത്. അന്ന് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതിനാല്‍ സിദ്ധാര്‍ത്ഥിന്റെ അച്ഛന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സമീപിക്കേണ്ടിവന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ പ്രതികളായ എസ്എഫ്ഐക്കാര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. സിദ്ധാര്‍ത്ഥിന്റെ പൈശാചികമായ കൊലപാതകത്തില്‍ സിപിഎമ്മിനൊപ്പം നില്‍ക്കുകയും, എസ്എഫ്ഐക്കാര്‍ക്ക് ഒരു അബദ്ധം പറ്റിയതാണെന്നുമുള്ള സമീപനം മാധ്യമങ്ങള്‍ സ്വീകരിച്ചു. കേരളത്തിലെ കോളജ് കാമ്പസുകളില്‍ അക്രമവും അരാജകത്വവും കെട്ടഴിച്ചുവിടുന്ന എസ്എഫ്ഐ ക്രിമിനലുകള്‍ പിന്നെയും മാധ്യമങ്ങള്‍ക്ക്, നവലോകം നിര്‍മിക്കുന്ന വിപ്ലവകാരികളായി തുടര്‍ന്നു. അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായി എസ്എഫ്ഐ വെട്ടിപ്പിടിക്കുന്ന വിജയങ്ങള്‍ അവര്‍ക്കൊപ്പം മാധ്യമങ്ങളും ആഘോഷിച്ചു.
നവീന്‍ ബാബുവും മാധ്യമ കാപട്യവും
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലും അതിന് കാരണക്കാരിയായ പാര്‍ട്ടി നേതാവ് ദിവ്യയെ സംരക്ഷിക്കുന്നതിനും ഇതുപോലെ തന്നെ സിപിഎമ്മിന് മാധ്യമങ്ങളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണ ലഭിച്ചു. സിദ്ധാര്‍ത്ഥിന്റെ കൊലയാളികളെ സംരക്ഷിക്കാന്‍ സിപിഎം കാണിച്ച വ്യഗ്രതയുടെ തനിയാവര്‍ത്തനം തന്നെ ദിവ്യയുടെ കാര്യത്തിലും കാണാം.
നവീന്‍ ബാബുവിന്റെ മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടൊപ്പം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ദിവ്യയെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഎം എടുത്തത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയ്ക്ക് ഒരു ജനപ്രതിനിധിയുടെ കടമ നിര്‍വഹിക്കുക മാത്രമാണ് ദിവ്യ ചെയ്തതെന്ന പ്രസ്താവനയാണ് സിപിഎം ആദ്യം പുറത്തിറക്കിയത്. ഇതിനൊപ്പം മറ്റൊന്നുകൂടി സിപിഎം ചെയ്തു. നവീന്‍ ബാബുവിന്റേത് പാര്‍ട്ടി കുടുംബമാണെന്നും, പാര്‍ട്ടി ആ കുടുംബത്തിനൊപ്പമാണെന്നും സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ആത്മാര്‍ത്ഥത തെളിയിക്കാന്‍ കണ്ണൂരിലെ ഒരു പ്രമുഖ സിപിഎം നേതാവ് നവീന്‍ ബാബുവിന്റെ മൃതദേഹത്തിനൊപ്പം പത്തനംതിട്ടയിലെത്തുകയും ചെയ്തു.
ഇക്കാര്യത്തില്‍ പരസ്പര വിരുദ്ധമായ ചെയ്തികളിലൂടെ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാകമ്മിറ്റിയും പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ഒത്തുകളിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയ ദിവ്യയ്ക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷിക്കുന്നതുള്‍പ്പെടെ എല്ലാ സഹായവും സിപിഎം ചെയ്തുകൊടുക്കുമ്പോഴാണ് പത്തനംതിട്ട ജില്ലയിലെ പാര്‍ട്ടി നവീന്റെ കുടുംബത്തിനൊപ്പമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്!
നവീന്റേത് സിപിഎം കുടുംബമാണെന്നും, പാര്‍ട്ടി അവര്‍ക്കൊപ്പമാണെന്നും പറയാനുള്ള ഒരു അവസരവും മാധ്യമങ്ങള്‍ പാഴാക്കിയില്ല. ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ പാര്‍ട്ടിക്ക് പ്രത്യേക അജണ്ടയുണ്ടായിരുന്നു. ഹൃദയഭേദകമായ അവസ്ഥയിലും നവീന്റെ കുടുംബത്തെ ഒപ്പംനിര്‍ത്തി ദിവ്യയെ രക്ഷിക്കുകയെന്നതാണത്. ഇതുവഴി ദിവ്യയുടെ ജാമ്യഹര്‍ജിയെ നവീന്റെ കുടുംബം എതിര്‍ക്കാതെ നോക്കുക. ഈ തന്ത്രം പക്ഷേ വിജയിച്ചില്ല. ജാമ്യഹര്‍ജിയെ എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ വ്യക്തമാക്കി.
ദിവ്യയെ സംരക്ഷിക്കാനും പാര്‍ട്ടിയെ വെള്ളപൂശാനും സിപിഎമ്മിന്റെ ബി ടീമായി ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ച സന്ദര്‍ഭങ്ങളുമുണ്ട്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ദിവ്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണത്. ‘ഒടുവില്‍ പാര്‍ട്ടി കൈവിട്ടതോടെ ദിവ്യ കീഴടങ്ങി’ എന്നാണ് ചില ചാനലുകള്‍ തത്സമയ വാര്‍ത്തയ്ക്കുള്ളില്‍ തിരുകിക്കയറ്റിയ വാചകം. സത്യം ഇതല്ലെന്ന് എല്ലാവര്‍ക്കും അറിയാം. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വരുന്നതുവരെയുള്ള രണ്ടാഴ്ചക്കാലം ദിവ്യയെ ഒളിവില്‍ പാര്‍പ്പിച്ചത് സിപിഎമ്മാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒത്താശയും ഇതിനു ലഭിച്ചു. ദിവ്യയുടെ ‘കീഴടങ്ങല്‍’ പാര്‍ട്ടി ആസൂത്രണം ചെയ്ത നാടകമായിരുന്നു. ദിവ്യയെ നിരീക്ഷിച്ചുവരികയായിരുന്നു എന്നാണല്ലോ പോലീസ് മേധാവി പറഞ്ഞത്. അപ്പോള്‍ ദിവ്യ എവിടെയാണെന്ന് അറിയാമായിരുന്നു എന്നര്‍ത്ഥം. എന്നിട്ടും അറസ്റ്റു ചെയ്യാതിരുന്നത് പാര്‍ട്ടി നിര്‍ദ്ദേശം ഉണ്ടായിരുന്നതുകൊണ്ടാണെന്ന് വ്യക്തം. ദിവ്യയ്ക്കെതിരെ നടപടിയെടുക്കുന്നത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രഖ്യാപിച്ചതോടെ ചിത്രം വ്യക്തമാവുകയും ചെയ്തു. സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമല്ല, ദിവ്യയ്ക്കൊപ്പം തന്നെയാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. ഇവിടെ അഴിഞ്ഞുവീണത് ചില മാധ്യമങ്ങളുടെ മുഖംമൂടിയാണ്.
എല്ലാ കാര്യങ്ങളും പുറത്തുവരണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് തങ്ങള്‍ എന്നൊക്കെയുള്ള സിപിഎം നേതാക്കളുടെ വ്യാജപ്രസ്താവനകളുടെ മെഗാഫോണ്‍ ആയി മാറിയ മാധ്യമങ്ങള്‍ നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ ഉന്നയിച്ച വളരെ ഗുരുതരമായ ഒരു ആരോപണത്തോട് മുഖംതിരിച്ചു. തങ്ങള്‍ സ്ഥലത്തെത്തുന്നതിനു മുന്‍പ് മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തിയതാണ് നവീന്‍ ബാബുവിന്റെ കുടുംബക്കാര്‍ ചോദ്യം ചെയ്തത്. വളരെ ദുരൂഹമായ ഒരു നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്തിനായിരുന്നു ഈ തിടുക്കം? ആരുടെ കൈകളായിരുന്നു ഇതിനു പിന്നില്‍? ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാതിരിക്കാന്‍ ഇടതുപക്ഷവല്‍ക്കരിക്കപ്പെട്ട മാധ്യമങ്ങളുടെ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം വലിയ ജാഗ്രത കാണിച്ചു. ദിവ്യയ്ക്കായി പാര്‍ട്ടി ഒരുക്കിയ ഒളിവിടം അന്വേഷിച്ചു കണ്ടെത്താന്‍ മാധ്യമങ്ങള്‍ അത്ര താല്‍പ്പര്യമൊന്നും കാണിക്കാതിരുന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.
മാധ്യമങ്ങളുടെ വിഘടനവാദം
സിപിഎമ്മും മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തില്‍നിന്ന് വ്യത്യസ്തമാണ് സിപിഎമ്മും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം. മാധ്യമ ഉടമസ്ഥത ആര്‍ക്കായിരുന്നാലും, മാധ്യമങ്ങുടെ നയവും വിവിധ വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളും എന്തായിരുന്നാലും ഇതില്‍നിന്ന് കുതറിമാറിയും വഴുതിപ്പോയും സിപിഎമ്മിനെ പിന്‍പറ്റുന്ന രീതി പല മാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ട്. ഇതിനൊരു കാരണം ഇവരുടെ രാഷ്ട്രീയ ഭൂതകാലമാണ്. ഇതിനെക്കുറിച്ച് അന്വേഷിച്ചു ചെന്നാല്‍ എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലുമൊക്കെ എത്തിച്ചേരാനാവും. ചാനല്‍ ചര്‍ച്ചകളിലും മറ്റും ഈ ഇടതു ബന്ധം പുറത്തുചാടുകയും ചെയ്യും. നിഷ്പക്ഷത ഇവര്‍ക്ക് ഒരു നാട്യം മാത്രമായിരിക്കും. ചാനല്‍ പ്രേക്ഷകരെ പ്രീതിപ്പെടുത്താന്‍ ഇവര്‍ ചിലപ്പോഴൊക്കെ സിപിഎമ്മിനെ കുത്തിനോവിക്കുമെങ്കിലും സിപിഎമ്മിന്റെ അഹന്തയെ പരിപോഷിപ്പിക്കുന്നത് ഒരുവിധത്തിലും ഒഴിവാക്കില്ല. ഇതിനിടെ സിപിഎം നേതാക്കളുമായുണ്ടാകുന്ന ഏറ്റുമുട്ടലുകള്‍ കേവലം സൗന്ദര്യപ്പിണക്കങ്ങളായാണ് ഈ മാധ്യമ പ്രവര്‍ത്തകര്‍ കാണുന്നത്. ‘കടക്ക് പുറത്ത്’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രോശിച്ചപ്പോഴും, ‘ഇറച്ചിക്കടയിലെ പട്ടികള്‍’ എന്ന് എന്‍.എന്‍.കൃഷ്ണദാസ് അധിക്ഷേപിച്ചപ്പോഴും ‘കലഹിച്ച’ മാധ്യമപ്രവര്‍ത്തകര്‍ എത്ര വേഗമാണ് അതൊക്കെ വിസ്മരിച്ച് സിപിഎം നേതാക്കളുടെ അധികാര ധാര്‍ഷ്ട്യവുമായി പൊരുത്തപ്പെടുന്നത്.
സിപിഎമ്മും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ആധിപത്യ-വിധേയത്വ ബന്ധം ജിഹാദി ശക്തികളോടുള്ള അനുഭാവത്തിലും പ്രകടമാവുന്നത് കാണാം. രാഷ്ട്രീയ നേട്ടം മുന്‍നിര്‍ത്തി ഇസ്ലാമിക മതമൗലികവാദികളോടും തീവ്രവാദികളോടും സിപിഎം സ്വീകരിക്കുന്ന നയം മാധ്യമപ്രവര്‍ത്തകരുടെ ഭാഷയിലും ശരീരഭാഷയിലും പ്രതിഫലിക്കും. സിപിഎമ്മിന്റെ അവസരവാദത്തിന്റെയും, ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലര്‍ഫ്രണ്ടിനെയും പോലുള്ള സംഘടനകളുടെ വിധ്വംസക പദ്ധതികളുടെയും കരുത്തുറ്റ വക്താക്കളായി മാധ്യമങ്ങള്‍ മാറും. ജിഹാദ് ഇവയ്ക്ക് സാംസ്‌കാരിക പ്രവര്‍ത്തനമായി തോന്നും. രാമജന്മഭൂമി മുതല്‍ സിഎഎ വരെയും, ഗാസ മുതല്‍ കശ്മീര്‍ വരെയുമുള്ള പ്രശ്നങ്ങളില്‍ ഇവര്‍ക്ക് ഒരേ സ്വരമായിരിക്കും.
മാധ്യമവല്‍ക്കരിക്കപ്പെട്ട സമൂഹമാണ് കേരളത്തിന്റേത്. ദേശീയതലത്തില്‍ പ്രചാരമുള്ളതുള്‍പ്പെടെ പത്തിലേറെ പ്രമുഖ ദിനപത്രങ്ങള്‍, അത്രതന്നെ വാര്‍ത്താ ചാനലുകള്‍, വിനോദചാനലുകള്‍ വേറെയും. എണ്ണമറ്റ വാരികകളും മാസികകളും. ചെറിയ സംസ്ഥാനമായ കേരളത്തിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടുത്തെ മാധ്യമസാന്ദ്രത വളരെ കൂടുതലാണ്. സ്വന്തം വാണിജ്യ താല്‍പ്പര്യം സംരക്ഷിക്കാന്‍ പരസ്പരം കടുത്ത മത്സരത്തിലേര്‍പ്പെടുകയും, ഇക്കാര്യത്തില്‍ വിവിധ ചേരികളിലാണെങ്കിലും ദേശീയതാല്‍പ്പര്യങ്ങളെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതില്‍ ഈ മാധ്യമങ്ങള്‍ ഒരേ ചേരിയില്‍ അണിനിരക്കുന്നു.
2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തിലേറുകയും, കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും അധികാരത്തിന്റെ ഗുണഭോക്താക്കളല്ലാതാവുകയും ചെയ്തതോടെ ദേശീയ മുഖ്യധാരയുമായി വിഘടിച്ചു നില്‍ക്കുന്ന രാഷ്ട്രീയമാണ് ഈ പാര്‍ട്ടികള്‍ കേരളത്തില്‍ പരീക്ഷിക്കുന്നത്. പൗരത്വ ഭേദഗതി നിയമം, ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി നിയമം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ നിയമനിര്‍മാണങ്ങളെ എതിര്‍ത്ത് കേരള നിയമസഭ പാസ്സാക്കിയ പ്രമേയങ്ങള്‍ക്ക് വിഘടനവാദത്തിന്റെ സ്വഭാവമാണുള്ളത്. ഇതിനോട് വിയോജിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യാതെ സമ്പൂര്‍ണമായി പിന്തുണയ്ക്കുന്ന നിലപാടാണ് ഇടതുപക്ഷ-ജിഹാദിവല്‍ക്കരണത്തിന് വിധേയമായ മാധ്യമങ്ങള്‍ സ്വീകരിച്ചത്. ഇതിനെ തുറന്നു കാണിക്കുകയും ചെറുത്തുതോല്‍പ്പിക്കുകയും ചെയ്യേണ്ട ദൗത്യം ദേശീയതയില്‍ അടിയുറച്ചു വിശ്വസിച്ചു പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്.