ചന്ദ്രമതിയെ വിലയ്ക്കുവാങ്ങിയ ബ്രാഹ്മണന്‍ ദുഷ്ടനാണെങ്കിലും രോഹിതാശ്വന് മറ്റു കുട്ടികളൊടൊപ്പം കളിക്കാനുള്ള അനുവാദം നല്‍കി. ഒരു ദിവസം രോഹിതാശ്വന്‍ ഗംഗാതീരത്ത് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പാമ്പുകടിയേറ്റു തല്‍ക്ഷണം മരിച്ചു. കുട്ടികള്‍ ആ വിവരം ബ്രാഹ്മണന്റെ വീട്ടിലെത്തി ചന്ദ്രമതിയെ അറിയിച്ചു.
മകന്‍ മരിച്ചതറിഞ്ഞ് ചന്ദ്രമതി മോഹാലസ്യപ്പെട്ടു. ബോധം കിട്ടിയപ്പോള്‍ അവള്‍ നിലവിളിച്ചുകൊണ്ട് മകന്റെ അടുത്തേയ്ക്കു പോകാന്‍ യജമാനനോട് അനുവാദം ചോദിച്ചു. എന്നാല്‍ ബ്രാഹ്മണന്‍ ചന്ദ്രമതിയെ പോകാന്‍ അനുവദിച്ചില്ല.
”എനിക്ക് എന്റെ മകനെ കാണണം” ചന്ദ്രമതി നിലവിളിച്ചുകൊണ്ട് പറഞ്ഞു.
”എടീ, നിന്റെ മകന്‍ ചത്തെന്നുകരുതി ഇവിടുത്തെ ജോലികള്‍ മുടങ്ങാന്‍ ഞാന്‍ അനുവദിക്കില്ല. നീ പോയി നിന്റെ പണി ചെയ്‌തോ” യജമാനന്‍ കര്‍ക്കശഭാവത്തില്‍ പറഞ്ഞു.
”എന്റെ മകനെ കാണാന്‍ എന്നെ പോകാന്‍ അനുവദി ക്കണം.” അവള്‍ കരഞ്ഞുകൊണ്ട് അപേക്ഷിച്ചു.
”നിന്റെ മകന്‍ ചത്തതില്‍ എനിക്കാടീ നഷ്ടം. ഞാന്‍ വിലയ്ക്കു വാങ്ങിയവനല്ലേ ചത്തത്. ആ നഷ്ടം ഞാന്‍ സഹിച്ചോളാം. നീ പോയി നിന്റെ ജോലി നോക്കിയില്ലെങ്കില്‍ എന്റെ ഭാവം മാറും” യജമാനന്‍ ദയവില്ലാതെ പരുഷമായി പറഞ്ഞു.
”എന്നോട് അല്പം ദയ കാണിക്കണം. മരിച്ചുകിടക്കുന്ന എന്റെ മകനെ ഒന്നു കാണാന്‍…” ചന്ദ്രമതി കരഞ്ഞുകൊണ്ട് വീണ്ടും വീണ്ടും അപേക്ഷിച്ചു.
”ഞാന്‍ പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ എന്റെ ചാട്ടവാറ് നിന്റെ ദേഹത്തുവീഴും. അതിന്റെ രുചി നീ മുമ്പ് അറിഞ്ഞിട്ടുണ്ടല്ലോ?” യജമാനന്‍ ദേഷ്യപ്പെട്ട് ചാട്ടവാറ് വീശിക്കൊണ്ട് പറഞ്ഞു.
പുത്രനെ കാണാന്‍ കഴിയാതെ നിലവിളിച്ചുകൊണ്ട് ചന്ദ്രമതി ജോലികള്‍ ചെയ്ത് പകല്‍സമയം തള്ളിനീക്കി. ജോലി എല്ലാം ചെയ്തുകഴിഞ്ഞശേഷം മകനെ കാണാന്‍ അനുവാദം നല്‍കണമെന്ന് അവള്‍ വീണ്ടും കരഞ്ഞു പറഞ്ഞു. എന്നിട്ടും യജമാനന്‍ സമ്മതം നല്‍കിയില്ല.
സങ്കടം സഹിക്കവയ്യാതെ കരഞ്ഞുകൊണ്ടാണ് രാത്രിയില്‍ അവള്‍ യജമാനന്റെ കാലുകള്‍ തിരുമ്മിക്കൊണ്ടിരുന്നത്. ബ്രാഹ്മണന്‍ ഉറങ്ങിയശേഷം അയാള്‍ അറിയാതെ മകന്റെ അടുത്തേയ്ക്കു പോകാമെന്ന് അവള്‍ ചിന്തിച്ചു. തന്റെ കാലില്‍ ദാസിയുടെ കണ്ണീര്‍ വീണത് അറിഞ്ഞപ്പോള്‍ യജമാനന്റെ മനസ്സലിഞ്ഞു.
”നിനക്ക് നിര്‍ബ്ബന്ധമാണെമെങ്കില്‍ നീ പോയി മകനെ കണ്ടുവന്നോളൂ. പക്ഷേ, ഒരു കാര്യം, നേരം വെളുക്കുമ്പോഴേയ്ക്കും ഇവിടെ എത്തിയിരിക്കണം. രാവിലെ ചെയ്യേണ്ട ജോലികള്‍ക്കൊന്നും മുടക്കം വരരുത്” യജമാനന്‍ പറഞ്ഞു.
അവള്‍ സമ്മതിച്ചു. മകന്റെ അടുത്തേയ്ക്ക് പോകാന്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിയ ചന്ദ്രമതി പുത്രന്‍ കിടക്കുന്ന ദിക്കിലേയ്ക്ക് അതിവേഗത്തില്‍ ഓടി. ശക്തമായ മഴയത്ത് ഇടയ്ക്കിടെ ഇടിമിന്നല്‍ അവള്‍ക്കു വഴികാട്ടിക്കൊടുത്തു. ഓടിയോടി അവള്‍ മകന്റെ അടുത്തെത്തി.
ശരീരം മുഴുവന്‍ നീലനിറം വ്യാപിച്ച് തിരിച്ചറിയാന്‍ കഴിയാത്തവിധം വികൃതമായ മകന്റെ മരവിച്ച ശരീരം, ഇടിമിന്നലിന്റെ വെളിച്ചത്തില്‍ അവള്‍ കണ്ടു. അവള്‍ ഓടിച്ചെന്ന് മകനെയെടുത്ത് മടിയില്‍വച്ച് ഉറക്കെ നിലവിളിച്ചു.
രാത്രിയില്‍ ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് ചുറ്റുപാടുമുള്ളവര്‍ ഉണര്‍ന്ന് ശബ്ദം കേട്ട ദിക്കിലേയ്ക്ക് അവര്‍ ഓടിയെത്തി.
നാട്ടുകാരുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ അപ്പോള്‍ ചന്ദ്രമതിക്ക് കഴിഞ്ഞില്ല. ചിലര്‍ അവള്‍ ഏതോ പിശാചാണെന്നു സംശയം പ്രകടിപ്പിച്ചു. അതുകേട്ടതും ആള്‍ക്കൂട്ടം അവള്‍ പിശാചാണെന്നു കരുതി തല്ലിവശംകെടുത്തി. ഒടുവില്‍ അവളെ വരിഞ്ഞുകെട്ടിയശേഷം മുഖം മറച്ച് അടുത്തുള്ള ശ്മശാനത്തിലേയ്ക്കു വലിച്ചിഴച്ചുകൊണ്ടുപോയി.
”ഇവളൊരു പിശാചാണ്. എത്രയും പെട്ടെന്ന് ഇവളെ നീ വെട്ടി നുറുക്കണം” ആള്‍ക്കൂട്ടം ശ്മശാനം സൂക്ഷിപ്പുകാരനായ ഹരിശ്ചന്ദ്രനോട് പറഞ്ഞു.
”ജീവനുള്ള ഒരു സ്ത്രീയെ വധിക്കാന്‍ നിങ്ങള്‍ എന്നോടു പറയരുത്. സ്ത്രീവധം ഞാന്‍ ചെയ്യുകയില്ല” ഹരിശ്ചന്ദ്രന്‍ വീനീതമായി പറഞ്ഞു.
ആള്‍ക്കൂട്ടം അടുത്തു താമസിക്കുന്ന ചുടലപ്പറയനെ വിവരം അറിയിച്ചു. അയാള്‍ ശ്മശാനത്തില്‍ ഓടിയെത്തി.
”നിന്നെ ഞാന്‍ വിലയ്ക്കു വാങ്ങിയതാണ്. ഇവര്‍ പറയുന്നത് അനുസരിക്കുന്നതാണ് നല്ലത്. ഇതാ ഈ കത്തികൊണ്ട് ഈ പിശാചിനെ വെട്ടിനുറുക്കണം” കത്തി നീട്ടിക്കൊണ്ട് ചുടലപ്പറയന്‍ പറഞ്ഞു.
അനുസരിച്ചില്ലെങ്കില്‍ അയാള്‍ തന്നെ വധിക്കാനും മടിക്കില്ലെന്നു തോന്നിയപ്പോള്‍ ഹരിശ്ചന്ദ്രന്‍ ചണ്ഡാലന്റെ കയ്യില്‍നിന്നും കൊടുവാള്‍ വാങ്ങി. അവളെ കൊല്ലാനായി അടുത്തേയ്ക്കു ചെന്നു. അതൊരു പിശാചാണെന്ന് ഹരിശ്ചന്ദ്രന്‍ വിശ്വസിച്ചില്ല. എങ്കിലും അവള്‍ ആരാണെന്ന് ആ ഇരുട്ടില്‍ ഹരിശ്ചന്ദ്രന് മനസ്സിലായില്ല.
”എന്താണ് നീ കൊടുവാളും പിടിച്ചുകൊണ്ട് നില്‍ക്കുന്നത്. അവളെ വെട്ടിനുറുക്കൂ..” ചണ്ഡാളന്‍ കല്പിച്ചു.
അയാളെ അനുസരിക്കാതെ നിവര്‍ത്തിയില്ലെന്നു മനസ്സിലാക്കി കണ്ണുമടച്ചുകൊണ്ട് ഹരിശ്ചന്ദ്രന്‍ അവളെ കൊല്ലാനായി കത്തി ഉയര്‍ത്തി.
”ചണ്ഡാളാ, നീ എന്നെ കൊന്നോളൂ. അതിനുമുമ്പ് ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ നീ ദയ കാണിക്കണം” അവള്‍ കരഞ്ഞു കൊണ്ട് ഉറക്കെ പറഞ്ഞു.
എല്ലാവരും പരസ്പരം നോക്കി. അവളുടെ ശബ്ദം കേട്ടപ്പോള്‍ പരിചിതമായ ശബ്ദമാണ് അതെന്ന് ഹരിശ്ചന്ദ്രനു തോന്നി.
”എന്റെ മകന്‍ ഗംഗാ തീരത്തു മരിച്ചുകിടക്കുന്നുണ്ട്. മരിച്ച മകനെ കാണാനാണ് ഞാന്‍ രാത്രിയില്‍ ഗംഗാതീരത്തു പോയത്. ഇവര്‍ പറയുംപോലെ ഞാനൊരു പിശാചല്ല. എന്നെ നീ വെട്ടിനുറുക്കി കൊന്നോളൂ. എന്നാല്‍ മകന്റെ ശവം അനാഥമാകരുത്. ആ ശവം ദഹിപ്പിച്ചില്ലെങ്കില്‍ അവന് മോക്ഷം ലഭിക്കില്ല. അവനെ ഇപ്പോള്‍ത്തന്നെ ഞാന്‍ ഇവിടെ കൊണ്ടുവരാം. എന്റെ മകനെ ഈ ശ്മശാനത്തില്‍ ദഹിപ്പിക്കാനുള്ള അനുവാദം നീ തരണം. മകനെ ദഹിപ്പിച്ചിട്ട് നിനക്കെന്നെ കൊല്ലാം” അവള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.
അവളുടെ കരച്ചില്‍കേട്ടപ്പോള്‍ ചണ്ഡാളന് അവളോടു ദയതോന്നി. തന്റെ പ്രിയപ്പെട്ടവളുടെ ശബ്ദമാണ് അവള്‍ക്കുള്ളതെന്നുകൂടി തോന്നിയപ്പോള്‍ അവള്‍ പറഞ്ഞത് അംഗീകരിക്കാമെന്നു കരുതി അവളുടെ കെട്ടഴിച്ചു.
”ശരി, നീ പറഞ്ഞത് ഞാന്‍ സമ്മതിച്ചു. എത്രയും പെട്ടെന്ന് മകനെ കൊണ്ടുവരിക” ചണ്ഡാളന്‍ പറഞ്ഞു.
അതു കേട്ടതും ചന്ദ്രമതി കരഞ്ഞുകൊണ്ട് മരിച്ചുകിടക്കുന്ന പുത്രന്റെ അടുത്തേക്ക് ഓടി. ഉറക്കെ നിലവിളിച്ചുകൊണ്ട് കരുവാളിച്ച മകനെ വാരിയെടുത്ത് ഉമ്മവച്ചു. കരഞ്ഞുകൊണ്ട് മകനെയും തോളത്തേന്തി അവള്‍ ശ്മശാനത്തില്‍ തിരിച്ചെത്തി.
പാമ്പുകടിയേറ്റു മരിച്ച മകന്റെ ശവശരീരവുമായി ചന്ദ്രമതി ശ്മശാനത്തിലേയ്ക്കു വന്നപ്പോള്‍ അവള്‍ പിശാചല്ലെന്നു മനസ്സിലാക്കി യജമാനനായ ചണ്ഡാളനും മറ്റു ആളുകളും ഇളിഭ്യരായി പിരിഞ്ഞുപോയി.
ചന്ദ്രമതിയുടെ ദയനീയ ഭാവം കണ്ടപ്പോള്‍ ആ കുട്ടിയെ ദഹിപ്പിക്കാന്‍ സഹായിക്കാമെന്ന് ഹരിശ്ചന്ദ്രന്‍ തീരുമാനിച്ചു. കുട്ടിയെ മൂടിയ വസ്ത്രം പതുക്കെ മാറ്റി. നീലനിറം ബാധിച്ച കുട്ടിയെ നോക്കി ഹരിശ്ചന്ദ്രന്‍ നെടുവീര്‍പ്പിട്ടു. അപ്പോഴും അത് തന്റെ മകനാണെന്ന് ഹരിശ്ചന്ദ്രന് മനസ്സിലായില്ല. മെലിഞ്ഞു വികൃതയായ ചന്ദ്രമതിയേയും ഹരിശ്ചന്ദ്രന് മനസ്സിലായില്ല. പ്രാകൃത വേഷത്തില്‍ നില്‍ക്കുന്ന ഹരിശ്ചന്ദ്രനെ ചന്ദ്രമതിക്കും മനസ്സിലായില്ല. കുട്ടിയെ ശ്മശാനത്തില്‍ ദഹിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഹരിശ്ചന്ദ്രന്‍ ചെയ്തു.
ആ സമയം ചന്ദ്രമതി മകന്റെ പേരുപറഞ്ഞുകൊണ്ട് ഉറക്കെ നിലവിളിച്ചപ്പോള്‍ ഹരിശ്ചന്ദ്രന്‍ അവളെ കൂടുതല്‍ ശ്രദ്ധിച്ചു. തന്റെ ഭാര്യയാണ് അവളെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നിലവിളിച്ചുകൊണ്ട് ഭാര്യയെ കെട്ടിപ്പിടിച്ചു. അപ്പോഴാണ് ചുടല പറയന്‍ ഹരിശ്ചന്ദ്രനാണെന്നു ചന്ദ്രമതിക്കും മനസ്സിലായത്. മകനെ എടുത്ത് മടിയില്‍കിടത്തി അവനെ ഹരിശ്ചന്ദ്രന്‍ തുരുതുരാ ഉമ്മവച്ചു.
ശവം ദഹിപ്പിക്കാനുള്ള പണമില്ലാതെ കുഞ്ഞിനെ ശ്മാശാനത്തില്‍ ദഹിപ്പിക്കുന്നത് യജമാനോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഹരിശ്ചന്ദ്രന്‍ പെട്ടെന്ന് ഓര്‍ത്തു. മകന്റെ ശരീരം മറവുചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും സത്യനിഷ്ഠയില്‍നിന്ന് ചന്ദ്രമതിയും ഭര്‍ത്താവിനെ പിന്‍തിരിപ്പിച്ചില്ല. ആ രാത്രി രണ്ടാളും ആത്മഹത്യചെയ്യാന്‍ തന്നെ തീരുമാനിച്ചു.
വലിയ ഒരു ചിതയുണ്ടാക്കിയാല്‍ മകനെ അതില്‍ കിടത്തിയശേഷം രണ്ടാള്‍ക്കും ചിതയില്‍ച്ചാടി മരിക്കാമെന്നു കരുതി ശ്മശാനത്തില്‍ അവിടവിടെ കത്താതെ കിടന്ന വിറകു കൊള്ളികള്‍ ശേഖരിച്ച് ചിത ഒരുക്കി.
മകനെ ചിതയില്‍ എടുത്ത് കിടത്തിയശേഷം ഹരിശ്ചന്ദ്രന്‍ ചിതയ്ക്ക് തീ കൊളുത്തി. ചിതയില്‍ച്ചാടുന്നതിനുമുമ്പായി അവര്‍ കണ്ണുമടച്ചു ഒരു നിമിഷം പ്രാര്‍ത്ഥിച്ചുനിന്നു. ആ സമയം ബ്രഹ്മാവ് അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
”ഹരിശ്ചന്ദ്രാ, സാഹസത്തില്‍നിന്നും നീ പിന്‍തിരിയുക”ബ്രഹ്മാവ് പറഞ്ഞു.
ഇന്ദ്രാദി ദേവന്മാര്‍ അപ്പോള്‍ ആകാശത്തുവന്ന് പുഷ്പ വൃഷ്ടിയും അമൃതവര്‍ഷവും നടത്തി. താന്‍ സ്വപ്നം കാണുകയാണെന്ന് ഹരിശ്ചന്ദ്രന് തോന്നി.
ചിതയില്‍ കിടന്ന പുത്രന് ബ്രഹ്മാവ് ജീവന്‍ നല്‍കി. പുത്രന്‍ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ചിതയില്‍നിന്ന് എഴുന്നേറ്റുവന്നു. ദേവന്മാര്‍ ഹരിശ്ചന്ദ്രനും ചന്ദ്രമതിക്കും ദേഹകാന്തിയും രാജകീയ വസ്ത്രങ്ങളും നല്‍കി അനുഗ്രഹിച്ചു. ആ സമയം വിശ്വാമിത്രനും അവിടെ പ്രത്യക്ഷപ്പെട്ടു.
”നിന്റെ സത്യസന്ധത പരിശോധിക്കാന്‍ ചണ്ഡാളനായി വന്നത് ഞാനായിരുന്നു” യമദേവന്‍ ഹരിശ്ചന്ദ്രനെ ആശീര്‍വദിച്ചുകൊണ്ട് പറഞ്ഞു.
”ഹരിശ്ചന്ദ്രാ, നിന്റെ രാജ്യം ദാനമായി ആവശ്യപ്പെട്ടതും ദക്ഷിണ ആവശ്യപ്പെട്ടതും നിന്റെ സത്യസന്ധത പരീക്ഷിക്കാന്‍ ആയിരുന്നു. ആ പരീക്ഷണത്തിന് ദേവന്മാരുടെ സഹായം ഞാന്‍ അപേക്ഷിച്ചിരുന്നു. പരീക്ഷണത്തില്‍ നീ വിജയിച്ചിരിക്കുന്നു. ഞാന്‍ പരാജയപ്പെട്ടതായി സമ്മതിക്കുന്നു. നിന്റെ രാജ്യം ഞാനിതാ തിരിച്ചുതരുന്നു” വിശ്വാമിത്രന്‍ ഹരിശ്ചന്ദ്രനെ അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു.
**** പഴയകാല ഓര്‍മ്മകളില്‍നിന്ന് ഉണര്‍ന്നപ്പോള്‍ വസിഷ്ഠാശ്രമത്തിലേയ്ക്ക് ഉടന്‍തന്നെ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കായി വിശ്വാമിത്രന്‍ വടവൃക്ഷത്തിന്റെ ചുവട്ടില്‍നിന്ന് എഴുന്നേറ്റു. ശ്രീരാമനെ കാണുന്നതിന് അവസരം സൃഷ്ടിക്കണമെന്ന് വസിഷ്ഠനോടു പറയണമെന്നു ചിന്തിച്ചു. ആ സമയം പ്രതീക്ഷയുടെ കിരണങ്ങള്‍ വിശ്വാമിത്രന്റെ മുഖത്ത് കളിയാടി.
(തുടരും)