- വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
- വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
- കാമധേനു ( വിശ്വാമിത്രന്‍ 3)
- ശ്മശാനം സൂക്ഷിപ്പുകാരനായ ഹരിശ്ചന്ദ്രന്‍ (വിശ്വാമിത്രന്‍ 16)
- ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
- വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
- കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)
ദിവസങ്ങള്‍ക്കുശേഷം വിശ്വാമിത്രന്‍ ബ്രാഹ്മണവേഷത്തില്‍ മകന്റെ വിവാഹത്തിനുവേണ്ട പണം ആവശ്യപ്പെടുന്നതിനുവേണ്ടി അയോദ്ധ്യയിലേയ്ക്കു പുറപ്പെട്ടു.
അയോദ്ധ്യയിലെത്തിയ ബ്രാഹ്മണനെ രാജസേവകര്‍ രാജാവിന്റെ അടുത്തെത്തിച്ചു. ബ്രാഹ്മണനെ കണ്ടതും ഹരിശ്ചന്ദ്രന് ആളെ മനസ്സിലായി.
”ബ്രാഹ്മണശ്രേഷ്ഠാ, മകന്റെ വിവാഹത്തിനായി എത്ര പണമാണ് അങ്ങേയ്ക്കു വേണ്ടത്.” രാജാവ് ബ്രാഹ്മണനെ സ്വീകരിച്ചിരുത്തിയശേഷം ചോദിച്ചു.
”എന്തു ചോദിച്ചാലും അത് നല്‍കാമെന്നല്ലേ അങ്ങ് എനിക്ക് വാഗ്ദാനം നല്‍കിയത്.?”
”അതെ. എന്റെ വാക്ക് സത്യമായിട്ടുള്ളതാണ്. അതില്‍നിന്ന് ഞാന്‍ പിന്മാറില്ല. ഹരിശ്ചന്ദ്രന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
”ഗജാശ്വരഥരത്‌നാഢ്യമായിരിക്കുന്ന അങ്ങയുടെ രാജ്യം നിശ്ശേഷം എനിക്കു തരിക.” ബ്രാഹ്മണവേഷധാരിയായ വിശ്വാമിത്രന്‍ പറഞ്ഞു.
ബ്രാഹ്മണന്റെ ആവശ്യം കേട്ട് അന്തപ്പുരനിവാസികളെല്ലാം മൂക്കത്ത് വിരല്‍വച്ചു. എല്ലാവരും പാവ കണക്കെ അമ്പരന്നു നിന്നു. ബ്രാഹ്മണന്റെ ആവശ്യം ആരും പ്രതീക്ഷിക്കാത്തതായിരുന്നു. നല്‍കിയ വാഗ്ദാനത്തില്‍നിന്ന് ഹരിശ്ചന്ദ്രന്‍ പിന്‍തിരിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. രാജാവും ഒരു നിമിഷം പകച്ചുനിന്നുപോയി. എങ്കിലും പെട്ടെന്ന് സമചിത്തത വീണ്ടെടുത്തു.
”അങ്ങ് ആവശ്യപ്പെട്ടത് ഞാനിതാ ദാനം നല്‍കിയിരിക്കുന്നു.” രാജാവ് പറഞ്ഞു.
”മഹാരാജന്‍, അങ്ങ് സത്യവാദിയായ രാജാവാണെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി. എങ്കിലും ഒരു കാര്യംകൂടി അങ്ങയോടു പറയേണ്ടതുണ്ട്. ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുമ്പോള്‍ ദാനത്തോടൊപ്പം ദക്ഷിണകൂടി കൊടുക്കണമെന്നാണല്ലോ ശാസ്ത്രവിധി. അല്ലാത്ത പക്ഷം ദാനത്തിന്റെ ഫലം ലഭിക്കില്ല എന്നല്ലേ പ്രമാണം.” ബ്രാഹ്മണന്‍ പറഞ്ഞു.
”ശരിയാണ്. നാം അത് അംഗീകരിക്കുന്നു. എന്താണ് അങ്ങേയ്ക്ക് ദക്ഷിണയായി വേണ്ടതെന്ന് ചോദിക്കാം.”
”രണ്ടരഭാരം സ്വര്‍ണ്ണം എനിക്ക് ദക്ഷിണയായി നല്‍കിയാലും.” ബ്രാഹ്മണന്‍ പറഞ്ഞു.
”ശരി, അതും നാം അംഗീകരിച്ചിരിക്കുന്നു. രണ്ടരഭാരം സ്വര്‍ണ്ണം ഞാന്‍ അങ്ങേയ്ക്കു നല്‍കുന്നതാണ്.” ഹരിശ്ചന്ദ്രന്‍ പറഞ്ഞു.
”അങ്ങയുടെ വാഗ്ദാനം ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. എന്നാല്‍ ഒന്നു ചോദിക്കട്ടെ, രാജ്യവും സര്‍വ്വ ധനധാന്യങ്ങളും അങ്ങ് ആദ്യമേ എനിക്ക് ദാനം ചെയ്തു കഴിഞ്ഞില്ലേ. പിന്നെ എങ്ങിനെയാണ് ഇത്രയും സ്വര്‍ണ്ണം എനിക്ക് ദക്ഷിണ നല്‍കാമെന്ന് അങ്ങ് വാഗ്ദാനം ചെയ്തത്?” ബ്രാഹ്മണന്‍ ചോദിച്ചു.
ഒന്നും പറയാനില്ലാതെ ഹരിശ്ചന്ദ്രന്‍ തനിക്ക് പറ്റിയ വഞ്ചനയില്‍ ദുഃഖിച്ച് വിധിയെ പഴിച്ചുകൊണ്ട് തളര്‍ന്നിരുന്നുപോയി. ദുഃഖിതനായിരിക്കുന്ന രാജാവിനെ കണ്ട് എന്തു പറ്റി എന്നറിയാതെ രാജ്ഞി ഓടിവന്നു.
സംഭവിച്ച കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ അവര്‍ ഹരിശ്ചന്ദ്രനെ കെട്ടിപ്പിടിച്ച് കരഞ്ഞു. കൊട്ടാരം ആകെ ശോകമൂകമായി.
”അല്ലയോ ഹരിശ്ചന്ദ്രാ, അങ്ങ് എത്രയും പെട്ടെന്ന് എനിക്കു ദാനം നല്‍കിയ രാജ്യം എന്നെ ഏല്‍പ്പിക്കുക. വാഗ്ദാനം നല്‍കിയതനുസരിച്ച് രണ്ടരഭാരം സ്വര്‍ണ്ണവും എനിക്കു നല്‍കുക.” ബ്രാഹ്മണവേഷധാരിയായ വിശ്വാമിത്രന്‍ യാതൊരു ദയയുമില്ലാതെ പറഞ്ഞു.
”സ്വാമിന്‍, എന്റെ വാക്ക് ഞാന്‍ പാലിക്കുന്നു. അതനുസരിച്ച് എന്റെ രാജ്യവും രാജ്യത്തുള്ള സകലതും ഞാന്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. അത് അങ്ങ് സ്വീകരിച്ചാലും. സര്‍വ്വതും അങ്ങേയ്ക്കു ദാനം ചെയ്തതിനാല്‍ ദക്ഷിണ തരാന്‍ എന്റെ വശം ഒന്നുമില്ല. എന്നാല്‍ പറഞ്ഞതനുസരിച്ച് അങ്ങേയ്ക്ക് ഞാന്‍ ദക്ഷിണ നല്‍കുന്നതാണ്. പക്ഷേ, അതിന് ഇനി ഞാന്‍ അദ്ധ്വാനിക്കേണ്ടതുണ്ട്. കുറച്ച് സാവകാശം എനിക്കു തരണം. കഴിയുന്നത്ര വേഗത്തില്‍ ഞാന്‍ ദക്ഷിണ നല്‍കുന്നതാണ്.”ഹരിശ്ചന്ദ്രന്‍ പറഞ്ഞു.
രാജാധികാരമായി താന്‍ ധരിച്ചിരുന്ന കിരീടം ഹരിശ്ചന്ദ്രന്‍ ബ്രാഹ്മണരൂപത്തില്‍വന്ന വിശ്വാമിത്രന് നല്‍കി. രാജകീയ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിച്ച് ബ്രാഹ്മണന്റെ മുന്നില്‍ വച്ചു. അന്തപ്പുരത്തില്‍നിന്ന് കൂട്ട നിലവിളി ഉയര്‍ന്നു. വാര്‍ത്ത അറിഞ്ഞ പലരും ബോധംകെട്ടുവീണു. ഹരിശ്ചന്ദ്രന്‍ ഭാര്യയെയും മക്കളെയും കെട്ടിപ്പിടിച്ചു കരഞ്ഞു.
”രാജ്യത്തെ പ്രജകളില്‍ ഒരാളായി നിങ്ങള്‍ ഇവിടെ എന്തെങ്കിലും ജോലിചെയ്തു കഴിഞ്ഞുകൂടുക. എനിക്ക് കടം വീട്ടാനുള്ളതിനാല്‍ ഞാന്‍ മറ്റേതെങ്കിലും ദേശത്തുപോയി പണമുണ്ടാക്കി മടങ്ങിവരാം.” ഭാര്യയെ കെട്ടിപ്പിടിച്ചുകൊണ്ട് ഒരു സാധാരണ മനുഷ്യനെപ്പോലെ ഹരിശ്ചന്ദ്രന്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് ഭാര്യയോടു പറഞ്ഞു.
”അങ്ങില്ലാത്ത രാജ്യത്ത് ഞാന്‍ ജീവിക്കില്ല. അങ്ങ് എവിടെയാണോ കഴിയുന്നത് അവിടെ അങ്ങയോടൊപ്പം ഞാനുമുണ്ട്.” ചന്ദ്രമതി കരഞ്ഞുകൊണ്ട് ഹരിശ്ചന്ദ്രന്റെ കാല്‍ക്കല്‍ വീണ് പറഞ്ഞു.
ഉടുമുണ്ടുമാത്രം ധരിച്ച് ഹരിശ്ചന്ദ്രന്‍ ആരോടും ഒന്നും പറയാതെ കൊട്ടാരത്തില്‍നിന്ന് പുറത്തിറങ്ങി. അതുകണ്ട് ഭാര്യ ചന്ദ്രമതിയും മറ്റൊന്നും ആലോചിക്കാതെ അദ്ദേഹത്തെ അനുഗമിച്ചു. ആ സമയം അമ്മയോടൊപ്പം പോകാനായി രോഹിതാശ്വനും പുറപ്പെട്ടു. അതുകണ്ട് കൊട്ടാര നിവാസികളും അവരോടൊപ്പം പുറപ്പെടാന്‍ ഒരുങ്ങി.
”കടം വീട്ടാനുള്ള പണം സമ്പാദിച്ചുകഴിഞ്ഞാല്‍ ഞാന്‍ മടങ്ങി എത്തുന്നതാണ്. അതിനാല്‍ നിങ്ങളെല്ലാം കൊട്ടാരത്തില്‍ത്തന്നെ കഴിയുക.” തന്നോടൊപ്പം പുറപ്പെട്ട പ്രജകളോട് ഹരിശ്ചന്ദ്രന്‍ പറഞ്ഞു.
”വാഗ്ദത്തം ചെയ്ത രണ്ടരഭാരം സ്വര്‍ണ്ണം എത്രയും പെട്ടെന്ന് എനിക്ക് നല്‍കണം.” പോകാന്‍ പുറത്തേയ്ക്കിറങ്ങിയ ഹരിശ്ചന്ദ്രനോട് ബ്രാഹ്മണന്‍ പറഞ്ഞു.
”എത്രയും വേഗം അങ്ങയുടെ കടം വീട്ടുന്നതാണ്.”എല്ലാം നഷ്ടപ്പെട്ടിട്ടും ദുഃഖം ഉള്ളിലൊതുക്കി ഹരിശ്ചന്ദ്രന്‍ സൗമ്യനായി പറഞ്ഞു.
കൊട്ടാരനിവാസികള്‍ കണ്ണീര്‍ വാര്‍ത്തുകൊണ്ട് ഹൃദയഭേദകമായ ആ കാഴ്ച നോക്കിനിന്നു.
ചുടലപറയന്‍
ഹരിശ്ചന്ദ്രനും ചന്ദ്രമതിയും മകനുംകൂടി പല ദേശങ്ങളും കടന്ന് ഒടുവില്‍ കാശിയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഒരു തൊഴിലിനായി അവര്‍ അലഞ്ഞു നടന്നു. മകന്‍ വിശന്നു കരഞ്ഞപ്പോള്‍ വിശപ്പടക്കാനുള്ള എന്തെങ്കിലും ഒരുവഴി ഉണ്ടാവുമെന്നു പറഞ്ഞ് ചന്ദ്രമതി മകനെ ആശ്വസിപ്പിച്ചു.
അവര്‍ പലരുടെയും സഹായത്താല്‍ വിശപ്പടക്കി തെരുവോരത്ത് കുറെ ദിവസം കഴിഞ്ഞു കൂടിയെങ്കിലും പണം സമ്പാദിക്കാനുള്ള ജോലിയൊന്നും ലഭിച്ചില്ല.
ഒരുമാസം കഴിഞ്ഞപ്പോള്‍ ഹരിശ്ചന്ദ്രനെ തേടി ബ്രാഹ്മണരൂപത്തില്‍ വിശ്വാമിത്രന്‍ കാശിയിലെത്തി. പണത്തിനായി ബ്രാഹ്മണന്‍ എത്തി എന്നറിഞ്ഞപ്പോള്‍ ഹരിശ്ചന്ദ്രന്‍ എന്താണ് അയാളോട് പറയണ്ടത് എന്നറിയാതെ കുഴങ്ങി. പറഞ്ഞ സമയം ആയതിനാല്‍ വാഗ്ദാനം ചെയ്ത സ്വര്‍ണ്ണം വേണമെന്ന് ബ്രാഹ്മണന്‍ ആവശ്യപ്പെട്ടു.
വാക്കു പാലിക്കാന്‍ കഴിയാതെ അതീവ ദുഃഖിതനായി നില്‍ക്കുന്ന ഭര്‍ത്താവിനെ കണ്ടപ്പോള്‍ ചന്ദ്രമതിക്ക് സങ്കടം ഉള്ളിലൊതുക്കാന്‍ കഴിഞ്ഞില്ല.
”അങ്ങ് എന്നെ ആര്‍ക്കെങ്കിലും വിറ്റ് കടം വീട്ടുക. എന്തു ജോലിയും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. അങ്ങു നല്‍കിയ വാക്കു പാലിക്കുന്നതിലാണ് എനിക്ക് സന്തോഷം.” ചന്ദ്രമതി ഭര്‍ത്താവിനോടു പറഞ്ഞു.
എന്താണ് പറയണ്ടതെന്നറിയാതെ ഹരിശ്ചന്ദ്രന്‍ ഭാര്യയെ നോക്കി. ആപത്ഘട്ടത്തിലും ഭര്‍ത്താവിന്റെ സത്യനിഷ്ഠ കാത്തുസൂക്ഷിക്കാന്‍ ഭാര്യ പുലര്‍ത്തുന്ന ജാഗ്രതയില്‍ അഭിമാനം തോന്നി. ഹരിശ്ചന്ദ്രന്‍ സങ്കടത്തോടെ ചന്ദ്രമതിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആ സമയം രണ്ടുപേരും തളര്‍ന്ന് മോഹാലസ്യപ്പെട്ട് നിലത്തുവീണു. പുത്രനാകട്ടെ വിശപ്പ് സഹിക്കാനാവാതെ അപ്പോഴും നിലിവിളിച്ചുകൊണ്ടിരുന്നു. അതെല്ലാം കണ്ടിട്ടും തെല്ലും ദയകാട്ടാതെ അവരെത്തന്നെ ശ്രദ്ധിച്ചുകൊണ്ട് ബ്രഹ്മണന്‍ അല്പം അകലെ മാറിനിന്നു.
”അങ്ങ് ഞാന്‍ പറയുന്നത് കേള്‍ക്കുക. എന്നെ ആര്‍ക്കെങ്കിലും വിറ്റ് വാക്കു പാലിക്കുക. എനിക്കതില്‍ യാതൊരു പ്രയാസവുമില്ല.” ബോധം തെളിഞ്ഞപ്പോള്‍ തളര്‍ന്നിരിക്കുന്ന ഹരിശ്ചന്ദ്രനെ താങ്ങി മടിയില്‍കിടത്തി കണ്ണീരൊലിപ്പിച്ചുകൊണ്ട് ചന്ദ്രമതി പറഞ്ഞു.
ഗത്യന്തരമില്ലാതെ ഭാര്യയുടെ അഭിപ്രായം സ്വീകരിക്കാന്‍തന്നെ ഹരിശ്ചന്ദ്രന്‍ തീരുമാനിച്ചു. ചന്ദ്രമതിയെ ആര്‍ക്കെങ്കിലും വില്‍ക്കാം എന്നുറച്ച് ഹരിശ്ചന്ദ്രന്‍ നിരത്തിലൂടെ നടന്നു.
വിശ്വാമിത്രന്‍ മറ്റൊരു ബ്രാഹ്മണന്റെ വേഷത്തില്‍ ആ സമയത്ത് അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഒന്നും അറിയാത്ത മട്ടില്‍ അവരെ പരിചയപ്പെടാനെന്ന ഭാവേന കാര്യങ്ങള്‍ അന്വേഷിച്ചു. അപ്പോഴും താന്‍ ഒരു രാജാവായിരുന്നു എന്ന കാര്യം ഹരിശ്ചന്ദ്രന്‍ ബ്രാഹ്മണനോടു പറഞ്ഞില്ല.
അത്യാഗ്രഹിയായ ആ ബ്രാഹ്മണന് തന്റെ ഭാര്യയെ വാങ്ങാന്‍ താല്പര്യമുണ്ടെന്ന് ഹരിശ്ചന്ദ്രന് മനസ്സിലായി. അതുകൊണ്ട് ഭാര്യയെ വില്‍ക്കാന്‍ കൊണ്ടുപോവുകയാണെന്നു ഹരിശ്ചന്ദ്രന്‍ അയാളോട് പറഞ്ഞു.
”ഇവളെ ഞാന്‍ വാങ്ങാം. പക്ഷേ, നിങ്ങള്‍ പറഞ്ഞ അത്രയും പണം ഇവള്‍ക്കു ലഭിക്കില്ല. പിന്നെ, പശുവിനെ വാങ്ങുമ്പോള്‍ കുട്ടിയെ സൗജന്യമായി കിട്ടില്ലേ?”ബ്രാഹ്മണന്‍ കുട്ടിയുടെ മുഖത്തേയ്ക്കുനോക്കി ചോദിച്ചു.
മകനെക്കൂടി സ്വന്തമാക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നതെന്ന് ചോദ്യം കേട്ടപ്പോള്‍ ചന്ദ്രമതിക്ക് മനസ്സിലായി.
”ഭര്‍ത്താവിന്റെ കടം വീട്ടാനാണ് ഞാന്‍ ഇതിന് സമ്മതിച്ചത്…” അത്രയും പറഞ്ഞപ്പോഴേയ്ക്കും അവള്‍ വിങ്ങിപ്പൊട്ടി. ”ശരി, കുട്ടിയെയും ഞാന്‍ വാങ്ങിക്കോളാം.” അയാള്‍ നിലത്തിരുന്ന് തന്റെ വലിയ മടിശ്ശീല അഴിച്ച് സ്വര്‍ണ്ണനാണയങ്ങള്‍ വസ്ത്രത്തില്‍ എണ്ണിയിട്ടു. ചന്ദ്രമതി ആ ദുഷ്ടനായ ബ്രാഹ്മണനെ തുറിച്ചുനോക്കി. അയാള്‍ ആ പണം ഹരിശ്ചന്ദ്രനെ ഏല്‍പിച്ചു.
പണം വാങ്ങുമ്പോള്‍ ഹരിശ്ചന്ദ്രന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. മകനെക്കൂടി ഇയാള്‍ വാങ്ങിയത് നന്നായി. അമ്മയ്ക്കും മകനുംകൂടി ഒരു സ്ഥലത്തുതന്നെ താമസിക്കാമല്ലോ എന്നാശ്വസിച്ചു. എന്നാല്‍ ബ്രഹ്മണന് വാഗ്ദാനം നല്‍കിയ അത്രയും പണം കിട്ടിയില്ല. എങ്കിലും ബാക്കി പണം, തന്നെ ആര്‍ക്കെങ്കിലും വിറ്റ് സമ്പാദിക്കാമെന്നു ഹരിശ്ചന്ദ്രന്‍ മനസ്സിലുറച്ചു.
പണം ഏല്‍പ്പിച്ചതും ഒരു ദയയും കാട്ടാതെ ആ ബ്രാഹ്മണന്‍ ചന്ദ്രമതിയുടെ മുടിയില്‍ കുത്തിപ്പിടിച്ച് ഒരു അടിമയെപ്പോലെ അവളെ പിടിച്ചു വലിച്ചുകൊണ്ടുപോയി. തന്റെ പ്രിയപ്പെട്ട ഭാര്യയെയും മകനെയും കന്നുകാലികളെ കൊണ്ടുപോകുന്നതുപോലെ ശാസിച്ചും അടിച്ചും കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ ഹരിശ്ചന്ദ്രന്‍ പൊട്ടിക്കരഞ്ഞു. കണ്ണില്‍നിന്നു മറയുന്നതുവരെ ഹരിശ്ചന്ദ്രന്‍ അവരെ നോക്കിനിന്നു.
താങ്ങാനാവാത്ത ഹൃദയഭാരത്താല്‍ ഭാര്യയേയും മകനേയും വിറ്റ പണവും കയ്യില്‍ പിടിച്ച് തലകറങ്ങി ഹരിശ്ചന്ദ്രന്‍ നിലത്തിരുന്നു. അല്പസമയം കഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍, വാഗാദാനം ചെയ്ത പണത്തിനായി തന്റെ മുന്നില്‍ നില്‍ക്കുന്ന ബ്രാഹ്മണനെയാണ് കണ്ടത്.
കിട്ടിയ പണം മുഴുവന്‍ ഹരിശ്ചന്ദ്രന്‍ അപ്പോള്‍ത്തന്നെ ബ്രാഹ്മണന് നല്‍കി. ബ്രാഹ്മണന്‍ നിലത്തിരുന്ന് പണംമുഴുവന്‍ എണ്ണിത്തിട്ടപ്പെടുത്തിയശേഷം ഹരിശ്ചന്ദ്രന്റെ മുഖത്തേയ്ക്കുനോക്കി.
”വാഗ്ദാനം ചെയ്ത പ്രകാരമുള്ള പണം ഇല്ലല്ലോ.” ബ്രാഹ്മണന്‍ പരിഹാസത്തോടെ പറഞ്ഞു.
”യാഗം നടത്തുമ്പോള്‍ ദക്ഷിണകൊടുക്കുന്നതിന് ഈ പണം തികയില്ല. യാഗത്തിന്റെ ഫലം പൂര്‍ണ്ണമായും ലഭിക്കണമെങ്കില്‍ കൂടുതല്‍ ദക്ഷിണ കൊടുത്ത് എല്ലാവരേയും പ്രീതിപ്പെടുത്തേണ്ടതുണ്ട്.” ബ്രാഹ്മണന്‍ പറഞ്ഞു.
”കുറച്ചുകൂടി സാവകാശം തരണം.”ഹരിശ്ചന്ദ്രന്‍ യാചനാഭാവത്തില്‍ പറഞ്ഞു.
”അങ്ങ് പറഞ്ഞ സമയം ഇന്നത്തോടെ അവസാനിക്കുമെന്ന് അറിയില്ലേ? വാക്കു പാലിക്കാന്‍ കഴിയില്ലെങ്കില്‍ അതു എന്നോടു തുറന്നു പറയുക.” ബ്രാഹ്മണന്‍ പറഞ്ഞു.
”മരണംവരെ എന്റെ വാക്കു ഞാന്‍ പാലിച്ചിരിക്കും. വാക്കുപാലിക്കുന്നതിനുവേണ്ടി മരിക്കാനും എനിക്ക് മടിയില്ല.” ഹരിശ്ചന്ദ്രന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
”പറഞ്ഞ സമയത്തിനുള്ളില്‍ പണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അങ്ങ് എനിക്കു നല്‍കിയ വാക്ക് നിഷ്ഫലമാണ്. അങ്ങ് സത്യവാദിയായ രാജാവല്ലെന്ന് ലോകര്‍ അങ്ങയെ പഴിക്കും…” ഹരിശ്ചന്ദ്രനെ തറപ്പിച്ചു നോക്കി ബ്രാഹ്മണന്‍ പറഞ്ഞു.
വിശ്വാമിത്രന്‍ പോയപ്പോള്‍ ഹരിശ്ചന്ദ്രന്‍ എഴുന്നേറ്റു ചുറ്റും നോക്കി. ബ്രാഹ്മണന്‍ ഒടുവില്‍പ്പറഞ്ഞ വാക്കുകള്‍ ഹരിശ്ചന്ദ്രന്റെ മനസ്സില്‍ തറച്ചുകയറി. താന്‍ സത്യവാദിയായ രാജാവല്ലെന്ന് വെളിപ്പെടുന്നത് മരണത്തിന് തുല്യമാണ്. ക്ഷീണിച്ചു വലഞ്ഞ അദ്ദേഹം വഴിയോരത്തു കണ്ട കിണറ്റില്‍നിന്ന് വെള്ളംകോരി ദാഹം തീരുവോളം കുടിച്ചു.
”എന്നെ ആര്‍ക്കെങ്കിലും ആവശ്യമുണ്ടോ, എന്നെ ആര്‍ക്കെങ്കിലും വേണോ…” ഹരിശ്ചന്ദ്രന്‍ ഉറക്കെ വിളിച്ചു ചോദിച്ചുകൊണ്ട് തെരുവിലൂടെ നടന്നു. ആരും അതു കേട്ടതായിപ്പോലും ഭാവിച്ചില്ല. സൂര്യന്‍ അസ്തമിക്കാന്‍ ഇനി കുറച്ചു സമയംകൂടിയെ ബാക്കിയുള്ളു.
ഹരിശ്ചന്ദ്രന്‍ സത്യവാദിയാണോ അല്ലയോ എന്നു തെളിയിക്കേണ്ടത് ദേവന്മാരുടെ കൂടി ആവശ്യമായതിനാല്‍ ഹരിശ്ചന്ദ്രനെ പരീക്ഷിക്കാന്‍ അപ്പോള്‍ യമധര്‍മ്മന്‍, പ്രവീരന്‍ എന്നു പേരായ ഒരു ചണ്ഡാളന്റെ വേഷത്തില്‍ ഹരിശ്ചന്ദ്രന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
”നിന്നെ എനിക്കു വേണം. ഞാന്‍ ഒരു ശ്മശാനം സൂക്ഷിപ്പുകാരനാണ്. അവിടെ ശവക്കൂലി വാങ്ങലും ശ്മശാനം പരിപാലിക്കലുമാണ് നിന്റെ പണി. സമ്മതമാണെങ്കില്‍ നിന്നെ ഞാന്‍ വിലയ്ക്കു വാങ്ങാം.” പ്രവീരന്‍ പറഞ്ഞു.
ഇനിയും തന്നെ വാങ്ങാന്‍ ആരും വന്നില്ലെങ്കില്‍ വാക്കുപാലിക്കാന്‍ കഴിയാതെ വരും. ഒരു നിമിഷം ആലോചനയില്‍ മുഴുകിയശേഷം നിവൃത്തിയില്ലാതെ ഹരിശ്ചന്ദ്രന്‍ സമ്മതിച്ചു. പ്രവീരന്‍ എന്ന ചണ്ഡാളന്റെ പിന്നാലെ ഹരിശ്ചന്ദ്രന്‍ നടന്നു. കുറച്ചുനടന്നപ്പോള്‍ ബ്രാഹ്മണന്‍ വീണ്ടും മുന്നില്‍ വന്നു.
”ഇയാള്‍ എനിക്ക് കുറെ പണം നല്‍കാനുണ്ട്. അത് തരാതെ ഇയാളെ പോകാന്‍ ഞാന്‍ അനുവദിക്കില്ല.,” ബ്രാഹ്മണന്‍ പറഞ്ഞു.
”ബ്രാഹ്മണന്‍ പറയുന്നത് ശരിയാണ്. ഇയാള്‍ക്കു കൊടുക്കാനുള്ള പണത്തിനാണ് ഞാന്‍ എന്നെത്തന്നെ വില്‍ക്കാന്‍ തീരുമാനിച്ചത്.” ഹരിശ്ചന്ദ്രന്‍ പ്രവീരനോടു പറഞ്ഞു.
”ശരി, ഇവന്‍ തരാനുള്ള പണം ഞാന്‍ തരാം. തല്‍ക്കാലം എന്റെ വശം പണമില്ല. അതിനു പകരും പ്രയാഗമണ്ഡലത്തില്‍ രത്‌നം വിളയുന്ന പത്തുയോജന സ്ഥലം എനിക്കുണ്ട്. സമ്മതമാണെങ്കില്‍ ഇവനു പകരമായി അത് ഞാന്‍ അങ്ങേയ്ക്കു നല്‍കാം.”പ്രവീരന്‍ ബ്രാഹ്മണനോടു പറഞ്ഞു.
”എനിക്ക് സമ്മതമാണ്..” ബ്രാഹ്മണന്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ താന്‍ എത്ര കഷ്ടപ്പെട്ടാലും തന്റെ കടം വീട്ടിയല്ലോ എന്നോര്‍ത്ത് ഹരിശ്ചന്ദ്രന്‍ ആശ്വസിച്ചു. ബ്രാഹ്മണന്‍ പോയപ്പോള്‍ പ്രവീരന്‍ അടിമയായ ഹരിശ്ചന്ദ്രനേയുംകൂട്ടി ശ്മശാനത്തിലെത്തി.
പ്രവീരന്‍ വിലയ്ക്കുവാങ്ങിയ അടിമയ്ക്ക് വിശപ്പടക്കാന്‍മാത്രം ഭക്ഷണം നല്‍കി. അല്പമാണെങ്കിലും അത് കഴിച്ചപ്പോള്‍ ഹരിശ്ചന്ദ്രന് ആശ്വാസമായി. രാത്രിയും പകലും ഭേദമില്ലാതെ, ചെയ്യേണ്ട ജോലികള്‍ എന്തെല്ലാമെന്ന് അയാള്‍ ഹരിശ്ചന്ദ്രന് വിശദീകരിച്ചുകൊടുത്തു.
ചെയ്യേണ്ട ജോലിയെക്കുറിച്ചു അയാള്‍ വിശദീകരിക്കുമ്പോള്‍ എല്ലാം കേള്‍ക്കുന്ന മട്ടില്‍ നിന്നെങ്കിലും മനസ്സ് അവിടെ ഉണ്ടായിരുന്നില്ല. എങ്ങനെയാണ് ഭാര്യയെയും മകനെയും അത്യാഗ്രഹിയായ ബ്രാഹ്മണനില്‍നിന്ന് രക്ഷിക്കേണ്ടത് എന്ന ചിന്ത ഹരിശ്ചന്ദ്രനെ അസ്വസ്ഥനാക്കി.
”ഞാന്‍ പറയുന്നത് നീ കേള്‍ക്കുന്നില്ല അല്ലേ.?”
ഹരിശ്ചന്ദ്രനെ നോക്കി പ്രവീരന്‍ അലറി. ചണ്ഡാളന്റെ അലര്‍ച്ച കേട്ട് ഹരിശ്ചന്ദ്രന്‍ പകച്ചിരുന്നു.
”ഇപ്പോള്‍ത്തന്നെ നിന്നെ ശ്മശാനത്തിലേയ്ക്കു കൊണ്ടുപോയി നിന്റെ ചുമതല ഏല്‍പ്പിക്കുന്നതാണ്. ഏതെങ്കിലും വീഴ്ച സംഭവിച്ചാല്‍ …..” പ്രവീരന്‍ തുറിച്ച കണ്ണുകളോടെ ഹരിശ്ചന്ദ്രനെ നോക്കി.
പ്രവീരന്‍ ഹരിശ്ചന്ദ്രനേയുംകൂട്ടി ശ്മശാനത്തിലെത്തി ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയശേഷം അവിടെനിന്നു പോയി.
ഉറക്കമില്ലാതെയും ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെയും ജോലിചെയ്ത് ക്ഷീണിച്ച ശരീരവും തളര്‍ന്ന മനസ്സുമായി ഒരോ ദിവസവും ഹരിശ്ചന്ദ്രന്‍ തള്ളിനീക്കി. ദിവസങ്ങള്‍ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നതെന്ന് ഹരിശ്ചന്ദ്രന് തോന്നി. ഭാര്യയേയും മകനെയുംകുറിച്ച് ആലോചിക്കുമ്പോള്‍ ഹൃദയം വേദനകൊണ്ട് പിടഞ്ഞു. എങ്കിലും വാക്കു പാലിക്കാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത് ആശ്വസിച്ചു.
(തുടരും)