കേരളത്തിലെ രാഷ്ട്രീയരംഗത്ത് വിവാദ പുരുഷനായി മാറിക്കഴിഞ്ഞ കെ.ടി.ജലീല്‍ ഗാന്ധിജയന്തി ദിനത്തില്‍ ഒരു സ്വകാര്യ ചാനലുമായി സംസാരിക്കുന്നതിനിടയില്‍ തന്റെ പുതിയ പുസ്തകത്തിന്റെ പേര് ‘സ്വര്‍ഗ്ഗസ്ഥനായ ഗാന്ധി’ എന്നാണെന്ന് പറഞ്ഞു. ചാനല്‍ പ്രതിനിധികള്‍ പുസ്തകത്തിന് ശീര്‍ഷകം കൊടുത്തത് ഏതര്‍ത്ഥത്തിലാണ് എന്ന് ചോദിച്ചപ്പോള്‍ കെ.ടി. ജലീല്‍ താന്‍ ഒരു സൂഫി സന്യാസിയാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ചില കപട വാദമുഖങ്ങളുമായി രംഗത്ത് വന്നു. ‘മഹാത്മാഗാന്ധിയും മദര്‍തെരേസയും ഇ. എം.എസ്സും പരിശുദ്ധമായ ജീവിതം നയിച്ച് ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് വെളിച്ചം പകര്‍ന്നവരാണ്, അവര്‍ ഇസ്ലാം മതവിശ്വാസികള്‍ അല്ലായിരിക്കാം. പക്ഷേ അവരെല്ലാം സ്വര്‍ഗ്ഗത്തിലുണ്ടാകും.’ചാനല്‍ പ്രതിനിധികള്‍ വീണ്ടും ചോദിച്ചു: ”സ്വര്‍ഗ്ഗനരക പ്രശ്‌നം തീരുമാനിക്കുന്നത് സര്‍വ്വലോകനാഥനായ ദൈവമല്ലേ?” ജലീല്‍ ഉടനെ നല്‍കുന്ന മറുപടി ‘പരിശുദ്ധ ഖുറാനില്‍ സ്വര്‍ഗ്ഗ ലോകം മുഹമ്മദ് നബിയുടെ അനുയായികള്‍ക്ക് മാത്രമാണ് എന്ന് പറയുന്നില്ല.’ ജമാഅത്ത് ഇസ്‌ലാമിവക്താക്കളും, മറ്റ് ഇസ്‌ലാമിക സെക്ടുകളും (sects) ഈ വസ്തുത മനസ്സിലാക്കാതെ അന്ത്യപ്രവാചകനില്‍ വിശ്വസിക്കുന്നവര്‍ മാത്രം മോക്ഷം തേടി സ്വര്‍ഗ്ഗത്തിന്റെ രാജവീഥിയിലെത്തുമെന്ന് പഠിപ്പിക്കുന്നു. കെ.ടി. ജലീല്‍ പഠനകാലത്ത് തീവ്ര ഇസ്‌ലാമിക സംഘടനയായ ‘സിമി’യില്‍ പ്രവര്‍ത്തിച്ചയാളാണ്. കേരളത്തിലെ ഇസ്‌ലാമിക വിഭാഗങ്ങളില്‍ പ്രധാനപ്പെട്ട ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഭാഗമായ കേരള നദ്‌വത്തുല്‍ മുജാഹിദ് പ്രസ്ഥാനം നടത്തുന്ന തിരൂരങ്ങാടി കോളേജില്‍ അദ്ധ്യാപകനായിരുന്ന ജലീല്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. മുസ്‌ലിം ലീഗില്‍ നിന്ന് സി.പി.എം. എന്ന തീവ്ര വിപ്ലവ പ്രസ്ഥാനത്തിലേക്ക് ചാടിയപ്പോഴും അദ്ദേഹം ഇസ്‌ലാമിക ശരീഅത്തിനെ നിരന്തരം ന്യായീകരിച്ചുകൊണ്ടിരുന്നു. ഷാബാനുബീഗം കേസില്‍ ഇരയായ ഷാബാനുവിന് തലാഖിന് ശേഷം ജീവനാംശം നല്‍കുന്നത് ഇസ്‌ലാമികമല്ലെങ്കില്‍ അത് നല്‍കേണ്ടി വരുന്നത് വിശ്വാസിയുടെ ഹൃദയം കീറിമുറിക്കുന്നതാണെന്ന് ജലീല്‍ പറഞ്ഞതും പ്രസംഗിച്ചതും കേരളത്തിലെ പൊതുസമൂഹം ഓര്‍ക്കുന്നു. ജലീല്‍ ഇന്തോനേഷ്യ സന്ദര്‍ശിച്ച കാര്യവും പറയുന്നു. വിഷസര്‍പ്പങ്ങള്‍ ഉറങ്ങിക്കിടക്കുന്ന മനസ്സുള്ള ഒരാള്‍ സന്ദര്‍ശിച്ചിരിക്കേണ്ട രാജ്യമാണത്. ലോകത്തിലേറ്റവും കൂടുതല്‍ മുസ്‌ലിം പ്രാതിനിധ്യമുള്ള ഈ രാജ്യത്ത് ഒരു കോടിയോളം ഹിന്ദുമത വിശ്വാസികളുണ്ട്. ഇവിടെ മുസ്‌ലിം, ഹൈന്ദവ സംസ്‌കാരങ്ങള്‍ പരസ്പരം ലയിച്ച് പരസ്പര സ്‌നേഹത്തിന്റെ സൂര്യകാന്തിപ്പൂക്കള്‍ വിടര്‍ത്തുന്നു. ചോളന്മാര്‍ ഭരണം നടത്തിയ ഹിന്ദുരാജ്യമായ ഇന്തോനേഷ്യ മുസ്‌ലിം ഭരണാധികാരികള്‍ അധിനിവേശത്തില്‍ പിടിച്ചെടുത്തതായിരുന്നു. ഇവിടെ ഹിന്ദുജനവിഭാഗം അവരുടെ പൂര്‍വ്വ സംസ്‌കാരം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ഇന്തോനേഷ്യന്‍ മുസ്‌ലിം പേരുകളില്‍ 80 ശതമാനം ഹൈന്ദവമാണ്. അവിടെ കറന്‍സിനോട്ടില്‍ ഗണപതിയുടെ പടമുണ്ട്. അവരുടെ എയര്‍വെയ്‌സിന്റെ പേര് ഗരുഡ എന്നാണ്. 1986ല്‍ അടല്‍ബിഹാരി വാജ്‌പേയി ഈ രാജ്യം സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത് ”എല്ലാ മുസ്‌ലിം രാജ്യങ്ങളും ഇന്തോനേഷ്യ പോലെ ആയെങ്കില്‍ എത്ര നന്നായിരുന്നു എന്നാണ്.” കേരളത്തില്‍ നിന്ന് എം.പി. വീരേന്ദ്രകുമാറും, സി.എച്ച്. മുഹമ്മദ്‌കോയയും, സമദാനിയും, എസ്.കെ.പൊറ്റക്കാട്ടും മറ്റും ഈ രാജ്യം സന്ദര്‍ശിച്ചപ്പോള്‍ അവിടെ രൂപപ്പെട്ട ഹൈന്ദവ മുസ്‌ലിം സാഹോദര്യത്തെ വാഴ്ത്തിയിട്ടുണ്ട്. ഏഷ്യന്‍ മുസ്‌ലിം രാജ്യങ്ങളില്‍ സെക്ടേറിയന്‍ മുസ്‌ലിം രക്തം വളരെ കുറഞ്ഞ രാജ്യങ്ങളാണ് ഇന്തോനേഷ്യയും മലേഷ്യയും.
കമ്മ്യൂണിസവും സെമറ്റിക് മതങ്ങളും
‘End justifies the means’ (ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു) എന്ന തത്വം സെമറ്റിക് മതങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളും മുസ്‌ലിം വിഭാഗങ്ങളും അംഗീകരിക്കുന്നു. മതം പ്രചരിപ്പിക്കാന്‍ ആശയ പ്രചാരണം മാത്രമല്ല, രക്തച്ചൊരിച്ചിലും ആകാം എന്ന് ഇസ്‌ലാം മതവും കമ്മ്യൂണിസവും പഠിപ്പിക്കുന്നു. ക്രിസ്തുമതത്തില്‍ ആശയ പ്രചാരണം മാത്രമേയുള്ളൂ. ഇസ്‌ലാം മതത്തിന്റെ കാതലായ തത്വങ്ങളില്‍ ഒന്ന് മതപരിവര്‍ത്തനവും ജിഹാദുമാണ്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ വിശക്കുന്നവന് റൊട്ടിയും വസ്ത്രവും കൊടുത്ത് മതം മാറ്റുന്നു. മുസ്‌ലിം വിശ്വാസ പ്രകാരം ഖുര്‍ആന്‍ ദൈവിക സന്ദേശങ്ങളാണ്. ഖുറാന്‍പോലെ മറ്റ് മത വിശ്വാസങ്ങളെ എതിര്‍ക്കുന്ന മറ്റൊരു മതഗ്രന്ഥമില്ല. ജൂത മതവിഭാഗങ്ങളുടെ മതഗ്രന്ഥമായ ‘ഥോറ’ യും ക്രിസ്ത്യന്‍ വിശ്വാസികളുടെ മതഗ്രന്ഥമായ ബൈബിളും ഇസ്‌ലാം മതവിശ്വാസികളുടെ മതഗ്രന്ഥമായ ‘ഖുര്‍ആനും’ ഞാന്‍ ഇംഗ്ലീഷില്‍ വായിച്ചിട്ടുണ്ട്. ആശയപരമായി ഈ മൂന്ന് മതഗ്രന്ഥങ്ങളും ഏറെക്കുറേ ഒന്ന് തന്നെയാണ്. ജൂതമത വിശ്വാസികള്‍ കരുതുന്നത് ബൈബിളും, ഖുര്‍ആനും, അവരുടെ വേദഗ്രന്ഥം മോഷ്ടിച്ചതാണ് എന്നാണ്. ലോകത്തിന്റെ പിറവിയും, ആദം, ഹവ്വ, സാത്താന്‍ ആശയവും, ഈ മൂന്ന് ഗ്രന്ഥങ്ങളിലും ഒന്നു തന്നെയാണ്. വിഖ്യാത കവി മില്‍ട്ടണ്‍ എഴുതിയ ”Paradise Lost” (പറുദീസാനഷ്ടം) സെമിറ്റിക് ഗ്രന്ഥങ്ങളുടെ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ഖുര്‍ആനില്‍ ജൂത, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന ഭാഗമുണ്ട്. ”ഇനി ഒരു ജൂതനേയും, ബാക്കിവെക്കേണ്ടതില്ല, കൊന്നുകളയണം” എന്ന് പറയുന്ന ആയത്ത് (ദൈവ വചനം) ഖുറാനിലുണ്ട്. ഇത് ജൂതന്മാര്‍ യുദ്ധക്കരാര്‍ ലംഘിച്ചപ്പോഴാണ് എന്ന് മുസ്‌ലിം പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. വിഗ്രഹാരധകരായ ക്രിസ്ത്യന്‍ വിഭാഗങ്ങളെ വിശ്വസിക്കരുത് എന്ന് പറയുന്ന ആയത്തുകളും ഉണ്ട്. ഇതെല്ലാം സാന്ദര്‍ഭികം (contextual) ആയിരിക്കാം. പക്ഷേ വിഗ്രഹത്തെ ആരാധിക്കുന്നവരെ കൊല്ലണം എന്ന ആയത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ടു. ഇന്നു ജൂത വിശ്വാസികളെ കൊല്ലണം എന്ന് വിശ്വസിക്കുന്ന കോടാനുകോടി ഇസ്‌ലാം മതവിശ്വാസികള്‍ ലോകത്തുണ്ട്. ഞാന്‍ മദ്രസയില്‍ നിന്ന് പഠിച്ചത് ജൂത വിഭാഗങ്ങളും ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇസ്‌ലാമിന്റെ ശത്രുക്കളാണ് എന്നാണ്. അടുത്ത കാലത്ത് ഉത്തരേന്ത്യയിലെ ഒരു ഷിയാ വിഭാഗക്കാരന്‍ റിസ്‌വി സുപ്രീം കോടതിയിലേക്ക് പോയത് ഖുറാനിലെ മറ്റ് മതവിഭാഗക്കാരെ നിന്ദിക്കുന്ന പേജുകളും പരാമര്‍ശങ്ങളും നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടാണ്. വിഗ്രഹങ്ങളെ ആരാധിക്കുന്നവര്‍ ‘കാഫിര്‍’ എന്ന പരാമര്‍ശം ഖുറാനില്‍ ആവര്‍ത്തിക്കുന്നുണ്ട്.
കെ.ടി. ജലീല്‍ വോട്ട് തേടിയും, അനുഗ്രഹം തേടിയും സമീപിക്കുന്ന ഇസ്‌ലാമിക പണ്ഡിതന്‍ കാന്തപുരം, മലബാറില്‍ ഏ.പി. വിഭാഗം സുന്നിയുടെ തലതൊട്ടപ്പനാണ്. അരിവാള്‍ സുന്നി എന്നറിയപ്പെടുന്ന ഏ.പി. വിഭാഗക്കാര്‍ മക്ബറകള്‍ (ജാറങ്ങള്‍) അംഗീകരിക്കുന്നവരാണ്. കേരളത്തിലെ സുന്നി ഇ.കെ.വിഭാഗവും ദര്‍ഗകള്‍ (മക്ബറകള്‍) അംഗീകരിക്കുന്നവരാണ്. ആത്മജഞാനത്തിന്റെ പൊരുള്‍ തേടിയ സൂഫിവര്യന്മാരും പണ്ഡിതവിഭാഗവും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് പണിയുന്ന കെട്ടിടങ്ങളും മറ്റും ഇത്തരം സ്ഥലങ്ങളില്‍ ശാന്തിതേടിപ്പോകുന്നവരുടെ പണം കൊണ്ട് നിര്‍മ്മിക്കുന്നവയാണ്. ജമാഅത്തെ ഇസ്‌ലാമി 1912ല്‍ നടത്തിയ കണക്കനുസരിച്ച് ഇന്ത്യയില്‍ നാല്‍പ്പതിനായിരം ദര്‍ഗകള്‍ (മക്ബറകള്‍) ഉണ്ട്. പാകിസ്ഥാനിലും, ബംഗ്ലാദേശിലും അമ്പതിനായിരമോ അതില്‍ കൂടുതലോ ഉണ്ട്. സലഫി വിഭാഗത്തില്‍പ്പെട്ട ഇസ്‌ലാമിക പണ്ഡിതന്മാര്‍ ദര്‍ഗ സന്ദര്‍ശിക്കുന്ന മുസ്‌ലിം വിഭാഗത്തെ ‘കാഫിര്‍’ (Non-Muslim) എന്നാണ് വിളിക്കുന്നത്. ഇസ്‌ലാം ഏക ദൈവത്തെ അടിവരയിടുമ്പോള്‍ ‘മോണോഥീയിസ’ത്തിന് മാത്രമേ ഇസ്‌ലാമില്‍ സ്ഥാനമുള്ളൂ എന്നും സര്‍വ്വശക്തന്‍ ഏകദൈവം മാത്രമാണ് എന്നും കേരളത്തിലെ മുജാഹിദ് വിശ്വാസികളും നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്നു. ദര്‍ഗയും, ബഹുസ്വരതയും അംഗീകരിക്കുന്ന സുന്നിവിഭാഗത്തെ മുസ്‌ലിമായി ജമാഅത്ത് മുജാഹിദ് വിഭാഗങ്ങള്‍ അംഗീകരിക്കുന്നില്ല. ദര്‍ഗയില്‍ പോയി പ്രാര്‍ത്ഥിക്കുന്നത് ബഹുദൈവ ആരാധനയുടെ വകഭേദമാണ് എന്ന് സലഫികള്‍ പഠിപ്പിക്കുന്നു.
ദേശീയപതാകയെ സല്യൂട്ട് ചെയ്യാന്‍ പാടില്ല
‘നിച്ച് ഓഫ് ട്രൂത്ത്’ എന്ന പ്രസ്ഥാനം മുജാഹിദ്, സലഫി ആശയങ്ങളാണ് പറയുന്നത്. ഈ പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രധാനവക്താവ് എം.എം. അക്ബറാണ്. ഇന്നത്തെ കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ത്തതില്‍ അക്ബര്‍ക്ക് പങ്കുണ്ട്. പണ്ഡിതന്റെ കുപ്പായമിട്ട് നടക്കുന്ന ഈ താലിബാനിസ്റ്റ് പറയുന്നതും പ്രചരിപ്പിക്കുന്നതും ദേശീയ പതാകയെ ആദരിക്കാം പക്ഷേ അതിന് സല്യൂട്ട് ചെയ്യുന്നത് തെറ്റാണ് എന്നാണ്. ”പാകിസ്ഥാനും, ഇന്തോനേഷ്യയും, മുസ്‌ലിം രാജ്യങ്ങള്‍ ആണ്, പക്ഷേ ഇസ്‌ലാമിക നിയമപ്രകാരം മുസ്‌ലിം രാജ്യമായാലും, ദേശീയ പതാകയെ സല്യൂട്ട് ചെയ്യുന്നത് ബഹുദൈവ ആരാധനയുടെ വക ഭേദമാണ്. സൂഫിസം ഓറിയന്റല്‍ മിസ്റ്റിസിസത്തിന്റെ ആശയം കടമെടുത്താണ്, അതുകൊണ്ട് അത് പല മുസ്‌ലിം രാജ്യങ്ങളിലും നിരോധിച്ചതില്‍ തെറ്റില്ല” എന്നും ഈ വായാടി പറയുന്നു. താലിബാനിസ്റ്റ് രീതി ഇസ്‌ലാമിക് ആണ് എന്ന് അക്ബറും, മുജാഹിദ് ബാലുശ്ശേരിയും ഉറക്കെ പറയുന്നു. ഇതൊന്നും കെ.ടി. ജലീലിന് അറിയില്ലേ?
അനല്‍ഹഖ്
വൈക്കം മുഹമ്മദ് ബഷീര്‍ ഒരു സൂഫി മിസ്റ്റിക്കാണ്. അദ്ദേഹം 1972ല്‍ എഴുതിയ ”അനല്‍ ഹഖ്” കേരളത്തിലെ മുസ്‌ലിം പണ്ഡിതവിഭാഗങ്ങള്‍ വിമര്‍ശിച്ചിരുന്നു. എന്താണ് ”അനല്‍ഹഖ്?” രണ്ട് പൗരസ്ത്യദര്‍ശനത്തില്‍ ”തത്വമസി” എന്ന പദത്തിനുള്ള അര്‍ത്ഥവ്യാപ്തി ”അനല്‍ഹഖ്” എന്ന പദത്തിന് അറബി ഭാഷയിലുണ്ട്. ബഷീര്‍ എഴുതിയ ഈ സംഭവകഥ ഇസ്‌ലാമിലെ ക്രൂരമായ മനുഷ്യത്വമില്ലായ്മയെ അതിശക്തമായ ഭാഷയില്‍ വരച്ചിടുന്നു. ഈ സംഭവകഥയുടെ തുടക്കമിങ്ങനെയാണ്.
”അനല്‍ഹഖ്” എന്ന് സാധാരണയായി പറഞ്ഞു നടന്നിരുന്ന മന്‍സൂര്‍ അല്‍ഹല്ലാജിനെ ഗവണ്‍മെന്റും അതോട് ചേര്‍ന്ന് നില്‍ക്കുന്ന മതപണ്ഡിതന്മാരും കൂടി കൊന്ന് അരിഞ്ഞു നുറുക്കി ദഹിപ്പിച്ച് യൂഫ്രട്ടീസ് നദിയില്‍ കലക്കിയപ്പോള്‍ ക്ഷോഭിച്ചിളകിയ മഹാസമുദ്രം കണക്കെ യൂഫ്രട്ടീസ് അനല്‍ഹഖ്, അനല്‍ഹഖ്, എന്ന് ഗംഭീരമായി ഇരമ്പി! ”അനല്‍ഹഖ്” എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ഞാന്‍ സത്യമാകുന്നു, എന്നാണ്. ”അഹം ബ്രഹ്മാസ്മി” എന്നതിന്റെ പൊരുളും ഇതാണ്. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ സൃഷ്ടിയും സ്രഷ്ടാവും രണ്ടാണ്. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു മഹാശക്തിയാണ് ദൈവം, ദൈവത്തിന്റെ ഒരംശം, നമ്മളിലുണ്ട്, ഈ പ്രപഞ്ചം മുഴുവനുമുണ്ട് എന്ന പൗരസ്ത്യ ദര്‍ശനം അംഗീകരിക്കാന്‍ സെമിറ്റിക് മതങ്ങള്‍ തയ്യാറല്ലായിരുന്നു. വിവേകാനന്ദസ്വാമികള്‍ തന്റെ യൂറോപ്യന്‍ പര്യടനത്തില്‍ സെമിറ്റിക് മതങ്ങളുടെ ഇരുണ്ട നിലപാടുകളെ ശക്തമായി വിമര്‍ശിച്ചിരുന്നു. സൂഫി സന്യാസിയായ മന്‍സൂറിനെ ഒടുവില്‍ ശരീഅത്ത് കോടതി വധിക്കാന്‍ തീരുമാനിച്ചു. ഈ കഥയുടെ അവസാനഭാഗമിതാ: ”ആയിരമായിരം കഷ്ണങ്ങളാക്കി അവര്‍ മന്‍സൂറിനെ അരിഞ്ഞു, ഒരു വലിയ ചിത കൂട്ടി എല്ലാം അതിലിട്ട് കത്തിച്ചു. ആ തീ ജ്വാല നോക്കി അവര്‍ അട്ടഹസിച്ചു. അവസാനം ആ വെണ്ണീര്‍ നദിയില്‍ കശക്കി കലക്കി. എന്നാല്‍ അതുവരെ ശാന്തമായി ഒഴുകിയിരുന്ന യൂഫ്രട്ടീസ് പെട്ടെന്ന് കലങ്ങി മറിഞ്ഞു, രക്താഭമായി.”
തണലോ അഭയമോ നല്‍കാത്ത മണല്‍പരപ്പിന്റേയും സ്ഥിരതയില്ലാത്ത മണല്‍ കുന്നുകളുടെയും നാടായ അറേബ്യയില്‍ ഒരു ഗോത്ര സമൂഹത്തെ ഉദ്ധരിക്കാന്‍ പടച്ചുണ്ടാക്കിയ നിയമങ്ങള്‍ ഒരു മാറ്റവുമില്ലാതെ പിന്തുടരണം എന്ന് മുസ്‌ലിം ലോകം വാദിച്ച കാലം കഴിഞ്ഞു. ഇരുമ്പ് മറയുള്ള സൗദിയില്‍ പോലും മാറ്റങ്ങള്‍ വന്നുതുടങ്ങി. കെ.ടി.ജലീല്‍ വായിച്ചിരിക്കേണ്ട പുസ്തകമാണ് വിഖ്യാത ജര്‍മന്‍ മാര്‍ക്‌സിയന്‍ ചിന്തകന്‍ റോഡിന്‍സണ്‍ എഴുതിയ ”The Mohammed”. ഈ പുസ്തകത്തില്‍ റോഡിന്‍സണ്‍ ഉയര്‍ത്തിയ ചില വാദമുഖങ്ങള്‍ നോവലിസ്റ്റ് ആനന്ദ് 1985ല്‍ ”പ്രജ്ഞയും കരുണയും” എന്ന ലേഖനത്തിലൂടെ എഴുതിയിരുന്നു. ഇത് കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാരെ പ്രകോപിച്ചിരുന്നു. ”ഒരു പ്രവാചകനായി തുടങ്ങിയ മുഹമ്മദ് ക്ഷണത്തില്‍ ഒരു സാമ്രാജ്യ സ്ഥാപകനായി മാറി.” ”ഈ സ്ത്രീയെ നശിപ്പിക്കുവാന്‍ ഇവിടെ ആരുമില്ലേ?” തനിക്കെതിരെ കവിതകള്‍ എഴുതിയ അസ്മ എന്ന കവയത്രിക്കെതിരെ മുഹമ്മദ് അലറി.” ”അന്നു രാത്രി അസ്മ തന്റെ കൈക്കുഞ്ഞിനെ മുലകൊടുത്ത് ഉറക്കുമ്പോള്‍ ഉമര്‍ ആ സ്ത്രീയേയും കുട്ടിയേയും കൊന്നു” (ജൈവ മനുഷ്യന്‍” പുറം 81).
ഇന്ന് സെക്ടേറിയനിസത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ഇറാനിലും, ഇറാഖിലും, പാകിസ്ഥാനിലും അരിഞ്ഞ് തള്ളുന്നത് മുസ്‌ലിം സമുദായത്തില്‍പ്പെട്ട വിവിധ വിഭാഗങ്ങളാണ്. പൊതുസിവില്‍ കോഡിനെ എതിര്‍ക്കുന്ന കെ.ടി.ജലീലിനെ പോലുള്ളവര്‍ പിറന്നുവീണ മലപ്പുറത്ത് ഒരുചാണ്‍ വയറിന് വേണ്ടി നിലമ്പൂര്‍ ആയിഷ നാടകനടിയായി മാറിയപ്പോള്‍ സ്റ്റേജില്‍ അവരെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചു. ഒരു മുടിനാരിഴക്കാണ് നിലമ്പൂര്‍ ആയിഷ രക്ഷപ്പെട്ടത്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനം ഇല്ലാതാക്കുക എന്നതാണ് പൊതു സിവില്‍കോഡിന്റെ ലക്ഷ്യം. പുരുഷന്‍ നടത്തുന്ന ഏകപക്ഷീയമായ വിവാഹമോചനം തടയേണ്ടതല്ലേ? പുരുഷന്മാര്‍ക്ക് ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ നിലനിര്‍ത്താനും, ഇഷ്ടമുള്ളപ്പോള്‍ സ്ത്രീകളെ വലിച്ചെറിയാനുമുള്ള ഇസ്‌ലാമിക് തിയോളജി നല്‍കുന്ന സ്വാതന്ത്ര്യം കാലഘട്ടം മാറുമ്പോള്‍ മാറും എന്നതിന് മുസ്‌ലിം രാജ്യങ്ങളില്‍ തന്നെ തെളിവുണ്ട്.