മഹാനായ ഡോക്ടര്‍ ഭീമറാവുറാംജി അംബേദ്ക്കറുടെ പേരിലെ സര്‍നയിമായി അംബേദ്ക്കര്‍ എന്നത് അദ്ദേഹത്തിന്റെ അധ്യാപകനായിരുന്ന മറാത്തി ബ്രാഹ്മണന്‍ കൃഷ്ണാജി കേശവ് അംബേദ്ക്കറില്‍ നിന്നു വന്നതാണെന്നു വായിച്ചിട്ടുണ്ട്. ഈ അധ്യാപകര്‍ ഭീമിന്റെ ഒറിജിനല്‍ സര്‍നയിമായിരുന്ന അംബാഡവേക്കര്‍ എന്നുള്ളതു മാറ്റി തന്റെ പേരിന്റെ അവസാനമായിട്ടുള്ള അംബേദ്ക്കര്‍ ചേര്‍ത്തുവത്രേ! പില്‍ക്കാലത്ത് പ്രശസ്തനായിത്തീര്‍ന്നതിനുശേഷവും അദ്ദേഹം ഈ കൃത്രിമമായ സര്‍നയിം എന്തുകൊണ്ടോ ഒഴിവാക്കിയില്ല. മരണം വരെ അതു തുടര്‍ന്നു. ഇന്നും തുടര്‍ന്നുപോകുന്നു. നെഹ്‌റുവിന്റെയും ഫിറോസ്ഗണ്ടിയുടേയും പിന്മുറക്കാരായിട്ടുള്ള സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, മേനകാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അവരുടെ കുടുംബ ത്തോടുബന്ധമൊന്നുമില്ലാത്ത ഗാന്ധി എന്ന സര്‍നയിം ഇപ്പോഴും തുടരുന്നു. ചരിത്രകാരനും അറിയപ്പെടുന്ന പാശ്ചാത്യാനുകൂലിയും രാജ്യവിരുദ്ധ നിലപാടുകള്‍ പിന്‍തുടരുന്ന ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ജനിച്ചത്. പക്ഷേ എന്തോ കാരണവശാല്‍ അദ്ദേഹം പേരിനോടൊപ്പം ഉത്തരേന്ത്യന്‍ സര്‍നയിമായ ഗുഹയാണു ചേര്‍ത്തു വച്ചിരിക്കുന്നത്. ഗുഹന്‍ എന്നത് മുരുകന്റെ മറ്റൊരു പേരായതുകൊണ്ടാണോ എന്തോ അങ്ങനെയൊരു പേരു സ്വീകരിച്ചത്. തമിഴര്‍ പൊതുവെ സുബ്രഹ്മണ്യ ഭക്തരാണല്ലോ.
പാശ്ചാത്യ വിദ്യാഭ്യാസത്തിനായി വിദേശത്തു താമസിച്ചു തിരിച്ചുവരുന്നവരില്‍ രണ്ടു രീതിയിലുള്ള മനോഭാവങ്ങള്‍ ഉടലെടുക്കാറുണ്ട്. ഒന്നാമത്തേത്, ജന്മരാജ്യമായ ഭാരതത്തോട് കടുത്ത പുച്ഛം. പാശ്ചാത്യരുടെ ജീവിതസൗകര്യങ്ങളോ സമ്പത്തോ ഇവിടെയില്ലാത്തതിനാല്‍ ഈ രാജ്യത്തോടു കടുത്ത പുച്ഛം അവര്‍ക്കുതോന്നുന്നു. ആ പുച്ഛം വളര്‍ന്നു വളര്‍ന്നു പാശ്ചാത്യരോടുള്ള സ്‌നേഹവും വിധേയത്വവുമായി മാറുന്നു. അതില്‍ ചിലര്‍ പാ ശ്ചാത്യ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി എന്തിനും തുനിഞ്ഞ് ഇറങ്ങുകയും ചെയ്യാറുണ്ട്.
രണ്ടാമത്തെ വിഭാഗക്കാര്‍ സ്വന്തം മാതൃരാജ്യത്തിന്റെ കുറവുകള്‍ തിരിച്ചറിഞ്ഞ് അതു പരിഹരിക്കാനായി അക്ഷീണം പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്നു. പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട ഒരു ഭാരതം കെട്ടിപ്പടുക്കണമെന്നവര്‍ ആഗ്രഹിക്കുന്നു. നേതാജി സുഭാഷ്ചന്ദ്രബോസും മഹര്‍ഷി അരവിന്ദനും ജഗദീഷ് ചന്ദ്രബോസും മഹാത്മജിയും അംബേദ്ക്കറും ഒക്കെ വിദേശത്തു പഠിച്ചെങ്കിലും ആ വിദ്യാഭ്യാസം രാഷ്ട്രനന്മയ്ക്കുവേണ്ടി ചെലവഴിക്കാനാണ് ആഗ്രഹിച്ചത്. രാമചന്ദ്രഗുഹയെപ്പോലുള്ളവര്‍ തങ്ങള്‍ക്കു ലഭിച്ച അറിവ് രാജ്യത്തെ ശിഥിലീകരിക്കാന്‍ എങ്ങനെ ഉപയോഗിക്കാമെന്നാണ് നോക്കുന്നത്. ഗുഹ എന്തിനെ കുറിച്ചുപറഞ്ഞു തുടങ്ങിയാലും ഒടുവില്‍ അതു ജാതിയില്‍ കൊണ്ടുകെട്ടും. അദ്ദേഹം പറയുന്നതുപോലെ വലിയ ജാതീയമായ തിന്മകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കില്‍ അതിന് പ്രധാന കാരണക്കാര്‍ അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ കൂടിയല്ലേ? ഇന്ത്യയില്‍ ഇന്ന് ജാതി സ്പര്‍ദ്ധ കാര്യമായി നിലനില്‍ക്കുന്ന ഒരേ ഒരു പ്രദേശം തമിഴ്‌നാടാണ്. അവിടെനിന്നും വരുന്ന ആളാണല്ലോ ഗുഹയും. ജനിച്ചത് ഡെറാഡൂണിലാണെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ തമിഴ് ബ്രാഹ്മണരാണ്. ജാതിയെ മറക്കാന്‍ ഇന്ത്യയൊട്ടുക്കു ശ്രമിക്കുമ്പോള്‍ രാമചന്ദ്ര ഗുഹയെപ്പോലുള്ളവര്‍ ജാതിയെ എല്ലാ മേഖലകളിലും മടക്കിക്കൊണ്ടുവരണം എന്നു പ്രസംഗിക്കുന്നു. രാഷ്ട്രീയം തന്നെ ജാതിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് ഗുഹ വാദിക്കുന്നത്. ഡിസി ബുക്‌സിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രഭാഷണം ഡിസി പ്രസിദ്ധീകരണമായ പച്ചക്കുതിരയുടെ ഒക്ടോബര്‍ ലക്കത്തില്‍ ചേര്‍ത്തിരിക്കുന്നു.
ഡബ്ല്യു.എച്ച്. ഓഡന്റെ (W.H Auden) വിഭജനം Partition) എന്ന കവിത ഉദ്ധരിച്ചുകൊണ്ടാണ് ഗുഹ തന്റെ പ്രസംഗം നടത്തുന്നത്. കുപ്രസിദ്ധമായ ഓഡന്റെ കവിത തന്നെ ഗുഹയ്ക്ക് ഓര്‍മവന്നത് അദ്ദേഹത്തിന്റെ നിലപാടിന്റെ സൂചനയാണ്
“We can give you four judges, two Moslem and two Hindu.
To consult with, but final decision must rest with you”
എന്നെഴുതിയ ഓഡന്റെ ഉള്ളിലിരുപ്പ് ആര്‍ക്കാണ് മനസ്സിലാകാത്തത്. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ എല്ലാ ഒത്താശയും ചെയ്തു കൊടുത്ത ബ്രിട്ടന്‍ ഒടുവില്‍ എല്ലാം ഇവിടുത്തുകാരുടെ തലയില്‍ വച്ചു കൊടുക്കുകയായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അവരുടെ തന്ത്രത്തെ തിരിച്ചറിയാത്ത വിഡ്ഢികളായ ഇന്ത്യക്കാരും, അറിഞ്ഞിട്ടും അവരോടൊപ്പം നിന്ന രാജ്യദ്രോഹികളായ ഇന്ത്യക്കാരും ഇതിനൊക്കെ ഉത്തരവാദികള്‍ തന്നെ.
വെള്ളക്കാര്‍ ഒരിക്കലും മറ്റു ജനവിഭാഗങ്ങളെ സ്വസ്ഥമായും സ്വതന്ത്രമായും ജീവിക്കാന്‍ അനുവദിക്കില്ല. അത് അവരുടെ ആവശ്യമാണ്. മറ്റു രാജ്യങ്ങളിലെ സമ്പത്ത് കൊളളയടിച്ചുകൊണ്ടുപോയിട്ട് അതുപയോഗിച്ചാണ് അവര്‍ അവരുടെ രാജ്യം വികസിപ്പിക്കുന്നത്. കോളനികള്‍ പോയെങ്കിലും അന്താരാഷ്ട്രകരാറുകള്‍ വഴി അവര്‍ കൊള്ള തുടരുന്നു. ആ കൊള്ളയ്ക്ക് എതിരു നില്‍ക്കുന്ന ഏതെങ്കിലും ഭരണാധികാരികള്‍ ഏഷ്യന്‍ ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അധികാരത്തിലെത്തിയാല്‍ ഏതുവിധേനയും അവര്‍ അവരെ അട്ടിമറിക്കും. അങ്ങനെ അട്ടിമറിക്കാന്‍ ഉപയോഗിക്കുന്നതോ അതതു രാജ്യങ്ങളിലെ അധികാര ദുര്‍മ്മോഹികളായ രാഷ്ട്രീയക്കാരേയും പ്രശസ്തി ദാഹികളായ എഴുത്തുകാരേയുമാണ്.
പാശ്ചാത്യ ശക്തികള്‍ നമ്മുടെ രാജ്യത്തെ ശിഥിലമാക്കാന്‍ മതം, ജാതി, വംശീയത എന്നിവയെ സമര്‍ത്ഥമായി പ്രയോജനപ്പെടുത്തുമ്പോള്‍ അതിനെ തിരിച്ചറിയാന്‍ കഴിയാത്ത നമ്മളാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. പ്രശസ്ത മോട്ടിവേഷണല്‍ പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഡെയ്ല്‍ കാര്‍ണഗിയുടെ അതിപ്രശസ്തമായ ഒരു വാക്യമുണ്ട്.”When dealing with the people, remember you are not dealing with creatures of logic but creatures of emotion.” യുക്തിസഹമായി ചിന്തിച്ചു തീരുമാനങ്ങളിലെത്താന്‍ സാധാരണ മനുഷ്യര്‍ക്കു കഴിവില്ല. അവര്‍ വികാരജീവികളാണ്. സാധാരണ മനുഷ്യരുടെ ഈ വൈകാരികതയെയാണ് ബുദ്ധിമാന്മാരായ സായിപ്പന്മാര്‍ മുതലെടുക്കുന്നത്. ഇന്ത്യയിലെ ഭൂരിപക്ഷ ജനത ദേശീയമായി ഒന്നിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരായി ജാതിയെ പ്രയോജനപ്പെടുത്താന്‍ അവര്‍ പ്രതിപക്ഷ രാഷ്ട്രീയക്കാരേയും ഗുഹയേയും തീസ്റ്റ സെതല്‍വാദിനേയും അരുന്ധതി റോയിയേയുമൊക്കെപ്പോലെയുള്ള ആക്ടിവിസ്റ്റുകളേയും ഉപയോഗിക്കുന്നു. പൊതുസമൂഹത്തിന് അവര്‍ സ്വീകാര്യരാവാനായി വലിയ അവാര്‍ഡുകളും അംഗീകാരങ്ങളും നല്‍കി അവരെ അവതരിപ്പിക്കുന്നു.
വികാരപരമായി മാത്രം കാര്യങ്ങളെ നോക്കിക്കാണുന്ന സാമാന്യ ജനത ഇവരുടെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയേയും പൊതു സ്വീകാര്യതയേയും കണ്ട് ഭ്രമിച്ച് പോകുന്നു. ഗുഹയെപ്പോലുള്ളവരുടെ ഉയര്‍ന്നസ്ഥാനവും വിദ്യാഭ്യാസവും മാത്രമല്ല ബ്രാഹ്മണരെ പൊതുവെ ബഹുമാനിക്കുന്ന ഒരു പതിവും നമ്മുടെ നാട്ടിലുണ്ടല്ലോ. അതും അദ്ദേഹം ചൂഷണം ചെയ്യുന്നുവെന്നു പറയാം. ലോകത്തെവിടെയും വംശീയവിഭാഗങ്ങള്‍ ഉണ്ടല്ലോ. രാഷ്ട്രീയത്തില്‍ നിന്ന് അതൊക്കെ മാറ്റി നിര്‍ത്തണം എന്നല്ലേ പൊതുവെ പറയാറ്. എന്നാല്‍ ഇന്ത്യയില്‍ മാത്രം രാഷ്ട്രീയത്തിലേയ്ക്ക് ജാതി വന്നാലേ കഴിയൂ എന്നാണ് ഇവര്‍ സമര്‍ത്ഥിക്കുന്നത്. പട്ടികജാതി വിഭാഗങ്ങളെ പണ്ടുകാലത്ത് ബ്രാഹ്മണരും മറ്റും അവരുടെ സ്ഥിരം തൊഴിലാളികളായി ഉപയോഗിച്ചിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. മറ്റുവിഭാഗക്കാരുമുണ്ടായിരുന്നു അത്തരം തൊഴിലുകള്‍ ചെയ്യാന്‍. എന്നാല്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ പൊതുവെ കാടുകളില്‍ കഴിഞ്ഞിരുന്നവരാകയാല്‍ അവരെ ആരെങ്കിലും ചൂഷണം ചെയ്തു എന്നു പറയുന്നതിലര്‍ത്ഥമില്ല. അവര്‍ക്കു നാട്ടുകാരുമായി കാര്യമായ ബന്ധമൊന്നുമുണ്ടായിരുന്നില്ല. അവരില്‍ പല വിഭാഗക്കാരും ബ്രിട്ടീഷുകാരുടെ വരവിനു ശേഷമാണ് പൊതുസമൂഹവുമായി ഇടപഴകാന്‍ തുടങ്ങിയത്. എന്നാല്‍ രാജ്യവിരുദ്ധരായ ആക്ടിവിസ്റ്റുകള്‍ അവരെ പറഞ്ഞു പഠിപ്പിക്കുന്നത് അത്തരം വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കു കാരണം ബ്രാഹ്മണരാണെന്നാണ്. ഇങ്ങനെ പഠിപ്പിക്കുന്ന ആക്ടിവിസ്റ്റുകളില്‍ ബഹുഭൂരിപക്ഷവും ഗുഹയെപ്പോലുള്ള ബ്രാഹ്മണര്‍ തന്നെയാണെന്നതാണ് ഏറ്റവും വലിയ തമാശ. ഗുഹ പറയുന്നതുപോലെ ജാതി മുഖ്യമാകുന്ന ഒരു രാഷ്ട്രീയമുണ്ടായാല്‍ ജനസംഖ്യയുടെ 3%ത്തില്‍ താഴെ മാത്രം വരുന്ന അദ്ദേഹത്തിന്റെ സമുദായക്കാര്‍ക്ക് ഭാരതത്തില്‍ ജീവിക്കാന്‍ കഴിയുമോ?
ഭാരതത്തെ ശിഥിലമാക്കാനുള്ള അമേരിക്കന്‍ തന്ത്രം ഒരു വലിയ അളവുവരെ വിജയിച്ചു എന്നതിന്റെ തെളിവാണ് ഖാലിസ്ഥാന്‍ വാദം. മതേതരത്വം മാനവികത തുടങ്ങിയ മധുരങ്ങളില്‍ പൊതിഞ്ഞാണ് ഈ രാജ്യവിരുദ്ധത വികാരജീവികളായ സാധാരണക്കാരുടെ തലയില്‍ അവര്‍ കയറ്റിവയ്ക്കുന്നത്. ഗുഹയെപ്പോലുള്ളവര്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് അവതരിപ്പിച്ചു ജനങ്ങളെ ഇളക്കിവിടും. ഇത്തരം മധുരനാരങ്ങകളുടെ അകത്ത് ഒളിപ്പിച്ചുവച്ചിരിക്കുന്ന കാഞ്ഞിരക്കുരുവിനെ തിരിച്ചറിയാന്‍ രാജ്യസ്‌നേഹികള്‍ക്കു പലപ്പോഴും കഴിയാറില്ല. അവരില്‍ പലരും ഇത്തരക്കാരുടെ മാനവികതാ നാട്യങ്ങളില്‍ വീണുപോകുന്നു. മാത്രവുമല്ല കൂടുതല്‍ ഗഹനമായ വാദമുഖങ്ങളവതരിപ്പിച്ചുകൊണ്ട് ഇത്തരക്കാര്‍ ദേശീയതാവാദികളെ നിരായുധരാക്കുന്നു. അതിനെ നേരിടാന്‍ അത്തരം ഗഹനമായ പഠനങ്ങളും തിരിച്ചറിവുകളും തന്നെ വേണ്ടിവരുന്നു.
ആഗോള മാധ്യമങ്ങളുടെയും ദേശവിരുദ്ധരായ ഇന്ത്യന്‍ മാധ്യമങ്ങളുടെയും വലിയ കൂട്ടായ്മയെ പ്രതിരോധിക്കാന്‍ ദുര്‍ബ്ബലമായ വാദമുഖങ്ങള്‍ കൊണ്ട് സാധ്യമല്ല. പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ഡാനിഷ് ഭൗതികജ്ഞന്‍ നീല്‍സ്‌ബോറിന്റെ (Niels Bohr) പ്രശസ്തമായ വാക്യം വീണ്ടും വീണ്ടും നമ്മള്‍ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. “”The opposite of a correct statement is a false statement, But the opposite of a profound truth may well be another profound truth” ഒരു ഗഹനമായ സത്യം (profound truth) എന്ന നിലയ്ക്കാണ് രാജ്യവിരുദ്ധ ശക്തികള്‍ അവരുടെ നിലപാടുകളെ അവതരിപ്പിക്കുന്നത്. അവയെ ബൗദ്ധികമായി നേരിടണമെങ്കില്‍ അത്തരത്തില്‍ ഗഹനമായ വിലയിരുത്തല്‍ തന്നെ ആവശ്യമാണ്. ദൗര്‍ഭാഗ്യമെന്നു പറയട്ടെ രാജ്യസ്‌നേഹികളുടെ അത്തരം വലിയ കൂട്ടായ്മകളും പരിശ്രമങ്ങളും വളര്‍ത്തിയെടുക്കാന്‍ നമുക്കു കഴിയുന്നില്ല. പ്രച്ഛന്നമായ ഇത്തരക്കാരുടെ വാദമുഖങ്ങള്‍ പലപ്പോഴും അറിയാതെ ദേശീയവാദികളും ഏറ്റുപിടിക്കുന്നു. സൂക്ഷ്മമായ അന്വേഷണങ്ങളും ജാഗ്രതയുമില്ലെങ്കില്‍ ബംഗ്ലാദേശില്‍ സംഭവിച്ചതുപോലെ ചിലത് ഇവിടെയും ഉണ്ടാക്കിയെടുക്കാന്‍ പാശ്ചാത്യ-രാജ്യദ്രോഹകൂട്ടുകെട്ടിനു കഴിഞ്ഞെന്നുവരും.
ബംഗ്ലാദേശിന്റെ അവസ്ഥ നോക്കൂ! വളരെ ദരിദ്രാവസ്ഥയില്‍ നിന്നും ആ രാജ്യത്തെ സമൃദ്ധിയിലേക്കും സമ്പന്നതയിലേയ്ക്കും ഷേക്ഹസീന നയിച്ചു. പക്ഷേ തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനതയും മതവര്‍ഗ്ഗീയ സംഘടനകളും രാജ്യവിരുദ്ധരായ അവിടത്തെ കോടതികളും എല്ലാം ഒത്തുചേര്‍ന്ന് ആ രാജ്യത്തെ ഇപ്പോള്‍ ദാരിദ്ര്യത്തിന്റെയും അരാജകത്വത്തിന്റെയും പടുകുഴിയിലേയ്ക്ക് തള്ളിയിട്ടിരിക്കുന്നു. തെരുവില്‍ കലാപം നടത്തുന്ന ആ രാജ്യത്തെ യുവാക്കള്‍ തിരിച്ചറിയുന്നതേയില്ല തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സ്വന്തം ശവക്കുഴിതോണ്ടലാണെന്ന യാഥാര്‍ത്ഥ്യം. മുക്തിക്കു പകരം വികാരം കൊണ്ടു നയിക്കപ്പെടുന്ന സാമാന്യ ജനത ഏതപകടത്തിനും തലവച്ചുകൊടുക്കും.
മാതൃഭൂമിയില്‍ അനിത വിശ്വം എഴുതിയിരിക്കുന്ന കവിതയുടെ (ഒക്ടോബര്‍ 13-19) പേര് ‘ഒഫീലിയ എന്ന കവിത’ എന്നാണ്. ഹാംലറ്റിലെ കഥാപാത്രത്തിന്റെ പേര് ഒഫീലിയ എന്നാണ്. ഹാംലറ്റിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രവുമുണ്ട്. വില്ലോ; മരം, സോണറ്റ്, ഹൈക്കു, പാന്‍സികള്‍, ജക്കരന്താ മരം എന്നിവയൊക്കെയുണ്ട് കവിതയില്‍. കവിത മാത്രമില്ല. പാനയുടെ താളത്തിലുള്ള എഴുത്തിനു ഭംഗിയുണ്ട്. എന്നാല്‍ ഇതിവൃത്തം എന്താണെന്ന് വായനക്കാരനു മനസ്സിലാക്കാന്‍ പോന്ന വ്യക്തതയില്ല. പല പ്രാവശ്യം ആവര്‍ത്തിച്ചുവായിച്ചിട്ടും കവിയുടെ വിവക്ഷകള്‍ വഴങ്ങുന്നില്ല. വില്ലോമരത്തിന്റെ മുടിയഴിച്ചിട്ട പെണ്ണിനെപ്പോലുള്ള നില്പുമാത്രം മനസ്സില്‍ പതിയുന്നുണ്ട്. മറ്റൊന്നുമില്ല.