- വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
- വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
- കാമധേനു ( വിശ്വാമിത്രന്‍ 3)
- ഹരിശ്ചന്ദ്രനും ബ്രാഹ്മണനും (വിശ്വാമിത്രന്‍ 15)
- ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
- വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
- കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)
കഠിനമായ തപസ്സിനാല്‍ വസിഷ്ഠനു തുല്യമായ എല്ലാ സിദ്ധികളും നേടിയശേഷം വിശ്വാമിത്രന്‍ ഒരിക്കല്‍ ദേവലോകത്ത് എത്തിയ സന്ദര്‍ഭത്തില്‍ അവിചാരിതമായി വസിഷ്ഠനും അവിടെ എത്തിച്ചേര്‍ന്നു. ദേവന്മാര്‍ വിശ്വാമിത്രനെയും വസിഷ്ഠനെയും പൂജിച്ച് ആദരിച്ചെങ്കിലും വസിഷ്ഠനെ പൂജിച്ചപ്പോള്‍ കൂടുതല്‍ സമയമെടുത്തതും കൂടുതല്‍ ആദരവു കാട്ടിയതും വിശ്വാമിത്രന്‍ ശ്രദ്ധിച്ചു. ദേവന്മാര്‍ വിവേചനം കാട്ടിയതിനോട് വിശ്വാമിത്രന് യോജിക്കാന്‍ കഴിഞ്ഞില്ല.
”എന്നേക്കാള്‍ എന്തു മഹിമയാണ് വസിഷ്ഠന് കൂടുതലുള്ളത്?” വിശ്വാമിത്രന്‍ ദേവന്മാരെ നോക്കി രോഷത്തോടെ ചോദിച്ചു.
എന്തു മറുപടി പറയണം എന്നറിയാതെ ദേവന്മാര്‍ വസിഷ്ഠനെ നോക്കി. വസിഷ്ഠന്‍ അതിന് ഉത്തരം പറയാന്‍ എഴുന്നേറ്റു.
”ഞാന്‍ പറയാം കൗശികാ. ഭൂമിയിലെ അത്യുത്തമമായ രാജവംശമാണ് സൂര്യവംശമെന്ന് അങ്ങേയ്ക്ക് അറിയാമല്ലേ? സൂര്യവംശത്തിലെ രാജാവായ ഹരിശ്ചന്ദ്രനെ അറിയാത്തവര്‍ ഭൂമിയില്‍ ഉണ്ടാവില്ല. ഹരിശ്ചന്ദ്രനെപ്പോലെ സത്യവാദിയും ദൃഢവ്രതനും ധര്‍മ്മശീലനും മഹാദാതാവുമായി ലോകത്തില്‍ മറ്റാരുംതന്നെയില്ല. അങ്ങനെയുള്ള ഹരിശ്ചന്ദ്രന്റെ ഗുരുസ്ഥാനം വഹിക്കുന്നതു ഞാനാണ്. അദ്ദേഹം നടത്തിയ രാജസൂയത്തിന് പൗരോഹിത്യം വഹിച്ചു എന്നത് മഹത്തായ കാര്യം തന്നെയല്ലേ? അങ്ങയെക്കാള്‍ കൂടുതല്‍ മഹത്വം ദേവന്മാര്‍ എന്നില്‍ കാണുന്നതിന് ഇതും ഒരു കാരണമാവാം.” വസിഷ്ഠന്‍ പറഞ്ഞു.
”ഹരിശ്ചന്ദ്രന്‍ സത്യവാദിയാണെന്ന് അങ്ങ് പറഞ്ഞത് തികച്ചും പക്ഷപാതംകൊണ്ടു മാത്രമാണ്. സ്വാര്‍ത്ഥതാല്‍പര്യത്തിനായി ബ്രാഹ്മണപുത്രനെ വിലയ്ക്കുവാങ്ങി യജ്ഞപ്പശുവായി ബലികൊടുക്കാന്‍ സന്നദ്ധനായ ഹരിശ്ചന്ദ്രന്‍ എങ്ങനെ സത്യവാദിയാകും. അതിന് അങ്ങേയ്ക്ക് പറയാന്‍ കാരണങ്ങളുണ്ടായാലും അത് അംഗീകരിക്കാന്‍ കഴിയില്ല. അതല്ല, ഇനിയും അയാള്‍ സത്യവാദിയാണെന്ന് അങ്ങ് അഭിമാനിക്കുന്നുവെങ്കില്‍ അത് തെളിയിക്കണം. തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ ഇതുവരെ നേടിയ തപസ്സിന്റെ ഫലമെല്ലാം അങ്ങേയ്ക്ക് പണയപ്പെടുത്താന്‍ ഒരുക്കമാണ്.” വിശ്വാമിത്രന്‍ ദേവന്മാരുടെ മുന്നില്‍വച്ചു ഒരു ശപഥം എന്ന മട്ടില്‍ പരുഷമായി പറഞ്ഞു.
പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഹരിശ്ചന്ദ്രന്‍ സത്യവാദിയല്ലെന്ന് തെളിയിക്കാന്‍ പ്രയാസമാവും എന്ന് വിശ്വാമിത്രന്‍ ചിന്തിച്ചത്. എങ്കിലും ദേവന്മാരുടെ മുന്നില്‍വച്ചു പറഞ്ഞ വാക്കു പിന്‍വലിക്കാന്‍ അഭിമാനം അനുവദിച്ചില്ല. ഹരിശ്ചന്ദ്രനെ സത്യത്തില്‍നിന്നും വ്യതിചലിപ്പിച്ച് സത്യസന്ധനല്ലെന്ന് വരുത്താനുള്ള വഴി എന്താണ് എന്ന ആലോചനയുമായാണ് വിശ്വാമിത്രന്‍ ദേവലോകത്തുനിന്നു മടങ്ങിയത്. ഹരിശ്ചന്ദ്രന്‍ ഒരു സ്ത്രീയുടെ വാക്കുകേട്ട് തന്നോട് തപസ്സു നിര്‍ത്താന്‍ ആജ്ഞാപിച്ച സംഭവം അപ്പോള്‍ വിശ്വാമിത്രന്റെ മനസ്സില്‍ തെളിഞ്ഞുവന്നു. ഒരു മഹര്‍ഷിയോട് തപസ്സ് നിര്‍ത്തണം എന്ന് ഒരു രാജാവ് പറയുന്നത് മഹര്‍ഷിയോട് ആദരവില്ലാത്തതുകൊണ്ടാണെന്ന് വിശ്വാമിത്രന്‍ വിശ്വസിച്ചു. ആ സംഭവം വിശ്വാമിത്രന്‍ ഓര്‍ത്തു.
** ** ** **
ഒരിക്കല്‍ നായാട്ടിന് വനത്തില്‍പ്പോയ സന്ദര്‍ഭത്തില്‍ ഒരു സ്ത്രീ നിലവിളിച്ചുകൊണ്ട് ഹരിശ്ചന്ദ്രന്റെ അടുത്തേയ്ക്കു ഓടി വന്നു.
”രാജാവായ അങ്ങ് എന്നെ രക്ഷിക്കണം” സ്ത്രീ രാജാവിനോട് അപേക്ഷിച്ചു. ഹരിശ്ചന്ദ്രന്‍ ആശ്ചര്യത്തോടെ അവരെ നോക്കി. താന്‍ രാജാവായിരുക്കുമ്പോള്‍ ഒരു സ്ത്രീ അഭയത്തിനുവേണ്ടി കരഞ്ഞുകൊണ്ട് തന്നെ കാണാന്‍ വന്നതില്‍ രാജാവിന് ലജ്ജ തോന്നി.
”എന്തിനാണ് നീ കരയുന്നത്? ആരില്‍ നിന്നാണ് നിന്നെ ഞാന്‍ രക്ഷിക്കേണ്ടത്.” രാജാവ് പരിഭ്രമത്തോടെ ചോദിച്ചു.
”ഞാന്‍ സിദ്ധിരൂപിണിയായ ഒരു സ്ത്രീയാണ്. വിശ്വാമിത്രന്റെ കഠിനമായ തപസ്സുമൂലം കാനനത്തില്‍ പല അശുഭകരമായ കാര്യങ്ങളും സംഭവിക്കുന്നു. അതിനാല്‍ ഭയത്തോടെയാണ് കാനനത്തില്‍ കഴിയുന്നത്. അങ്ങ് എന്നെ രക്ഷിക്കണം.” സ്ത്രീ പറഞ്ഞു.
എന്തു പറയണമെന്നറിയാതെ ഒരു നിമിഷം ഹരിശ്ചന്ദ്രന്‍ ചിന്തയിലാണ്ടു. വിശ്വാമിത്രന്റെ ആശ്രമം അജയ്യമായ ആയുധങ്ങളുടെ പരീക്ഷണശാലകൂടിയാണെന്ന് ഹരിശ്ചന്ദ്രനറിയാം. അവിടെ നവനവങ്ങളായ പല ഗവേഷണങ്ങളും നടക്കുന്നുണ്ടെന്ന കാര്യവും ഹരിശ്ചന്ദ്രന് അറിയാം. കാനനവാസികളായ ശിഷ്യന്മാരുടെ സഹായത്തോടെയാണ് അതെല്ലാം ചെയ്യുന്നത്. ഈ സ്ത്രീക്ക് അതിനോടു പൊരുത്തപ്പെടാന്‍ ചിലപ്പോള്‍ കഴിയാതെവന്നിട്ടുണ്ടാവുമെന്ന് ഹരിശ്ചന്ദ്രന്‍ ഊഹിച്ചു.
”നീ ധൈര്യമായി പോകൂ. നിന്റെ ദുഃഖനിവാരണത്തിന് വഴിയുണ്ടാവും. ഹരിശ്ചന്ദ്രന്‍ രാജാവായിരിക്കുമ്പോള്‍ ഒരു സ്ത്രീയും രാജ്യത്ത് ഭയത്തോടെ കഴിയാന്‍ പാടില്ല. മേലില്‍ ആരില്‍നിന്നും യാതൊരു ഉപദ്രവവും ഉണ്ടാവാതെ ഞാന്‍ നിന്നെ സംരക്ഷിക്കും.” ഹരിശ്ചന്ദ്രന്‍ അവരെ ആശ്വസിപ്പിച്ചു.
താന്‍ രാജ്യം ഭരിക്കുമ്പോള്‍ ഒരു സ്ത്രീയുടെ കണ്ണുനീരും ഈ ഭൂമിയില്‍ വീഴാന്‍ പാടില്ല എന്ന് ഉറച്ച തീരുമാനം എടുത്തശേഷം ഹരിശ്ചന്ദ്രന്‍ നേരെ പോയത് വിശ്വാമിത്രന്റെ ആശ്രമത്തിലേയ്ക്കാണ്.
ഹരിശ്ചന്ദ്രന്‍ എത്തുമ്പോള്‍ കഠിനമായ ചില പരീക്ഷണങ്ങളില്‍ മുഴുകി ചിന്താധീനനായി ഇരുന്നതിനാല്‍ രാജാവിനെ വിശ്വാമിത്രന്‍ കണ്ടില്ല. ചക്രവര്‍ത്തിയായിട്ടും വേണ്ടവണ്ണം ആദരിക്കാതിരിക്കുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമായി ഹരിശ്ചന്ദ്രന് തോന്നി. വിശ്വാമിത്രന്‍ തന്റെ ക്ഷമയെ പരീക്ഷിക്കുകയാണോ എന്നു സംശയിച്ചു. ഏറെനേരം നിന്നപ്പോള്‍ വിശ്വാമിത്രനോടുള്ള ബഹുമാനം ഹരിശ്ചന്ദ്രന്റെ മനസ്സില്‍ വെറുപ്പായി രൂപപ്പെട്ടു.
”അല്ലയോ മഹര്‍ഷേ, അങ്ങയുടെ കഠിനമായ പരീക്ഷണങ്ങള്‍കൊണ്ട് രാജ്യത്ത് പലര്‍ക്കും ആപത്തുണ്ടാകുന്നുണ്ട്. ദയവായി അങ്ങ് കഠിനമായ അത്തരം തപസ്സില്‍നിന്ന് പിന്‍തിരിയണം.”ഹരിശ്ചന്ദ്രന്‍ അല്പം പരുഷമായിട്ടാണ് പറഞ്ഞത്.
വിശ്വാമിത്രന്‍ ചിന്തയില്‍നിന്നുണര്‍ന്നശേഷം രാജാവിനെ കോപത്തോടെ നോക്കി.
”അല്ലയോ രാജന്‍, ഞാന്‍ നടത്തുന്ന ജ്ഞാനാന്വേഷണം ആര്യാവര്‍ത്തത്തിലെ രാജാക്കന്മാര്‍ക്കും സര്‍വ്വ മാനവര്‍ക്കും വേണ്ടിയുള്ളതാണെന്ന് അങ്ങേയ്ക്ക് അറിയില്ലെന്നുണ്ടോ? എന്നോടു തപസ്സുനിര്‍ത്തണം എന്നു പറയാന്‍ എങ്ങനെ അങ്ങേയ്ക്ക് ധൈര്യമുണ്ടായി.” മുനി പെട്ടെന്നെഴുന്നേറ്റ് കോപത്തോടെ ചോദിച്ചു.
വിശ്വാമിത്രന്‍ പെട്ടെന്ന് പ്രതികരിച്ചപ്പോള്‍ താന്‍ പറഞ്ഞത് ശരിയായില്ലെന്നു രാജാവിനു തോന്നി. വിശ്വാമിത്രന്‍ ചെയ്യുന്നത് എന്തെന്ന് അറിയാമായിരുന്നിട്ടും താന്‍ അദ്ദേഹത്തെ ചോദ്യംചെയ്തതിലുള്ള കോപമാണ് മുനി പ്രകടിപ്പിച്ചതെന്ന് സമാധാനിച്ചു.
”ഞാന്‍ അങ്ങയോട് ആജ്ഞാപിച്ചതല്ല മഹര്‍ഷേ, അപേക്ഷിച്ചതാണ്. ഒരു രാജാവ് പ്രജകളുടെ ക്ഷേമത്തിനായി ഒരു മുനിശ്രേഷ്ഠനോട് അപേക്ഷിക്കുന്നത് തെറ്റാണോ?” വിശ്വാമിത്രന്റെ ജ്വലിച്ചമുഖം കണ്ടുഭയന്ന രാജാവ് വിനീതനായി പറഞ്ഞു.
”എന്നോടു പറഞ്ഞത് തെറ്റു തന്നെയാണ് ഹരിശ്ചന്ദ്രാ. സര്‍വ്വപ്രജകളുടെയും സമുന്നതിക്കുവേണ്ടിയാണ് ഞാന്‍ കഠിനമായ പരീക്ഷണങ്ങളില്‍ മുഴുകുന്നത്. അത് അറിയാമായിരുന്നിട്ടും അതു നിര്‍ത്താന്‍ എന്നോടു പറഞ്ഞ നീയാണോ ഉത്തമനായ രാജാവ്?” കോപമടക്കാന്‍ കഴിയാതെ മുനി പറഞ്ഞു.
ഇനിയും അവിടെനില്‍ക്കുന്നതു ഉചിതമല്ല. തന്നെ ശപിക്കാനും മുനി മടിക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് ഹരിശ്ചന്ദ്രന്‍ കൊട്ടാരത്തിലേയ്ക്കു മടങ്ങി.
രാജാവിന്റെ വാക്കുകളെ അവഗണിച്ചുകൊണ്ട് തന്റെ കര്‍മ്മത്തില്‍ മുഴുകിയപ്പോഴും ഹരിശ്ചന്ദ്രനോടുള്ള വെറുപ്പ് വിശ്വാമിത്രനില്‍ കെട്ടടങ്ങിയില്ല. ഒരു സ്ത്രീയുടെ വാക്കു കേട്ട് തപസ്സ് നിര്‍ത്തണമെന്ന് പറഞ്ഞ രാജാവിന് തക്കതായ ശിക്ഷ കൊടുക്കണമെന്ന് വിശ്വാമിത്രന്‍ മനസ്സില്‍ ഉറച്ചു. ഹരിശ്ചന്ദ്രന്‍ സത്യവാദിയല്ല എന്നു വസിഷ്ഠനോടു ദേവലോകത്തുവച്ചു പറഞ്ഞ കാര്യം സമര്‍ത്ഥിക്കാനുള്ള ശ്രമത്തില്‍ വിശ്വാമിത്രന്‍ മുഴുകി.
ഹരിശ്ചന്ദ്രന്റെ കൊട്ടാരത്തിലെ ഉദ്യാനം മുഴുവന്‍ നശിപ്പിക്കണം എന്ന് നിര്‍ദ്ദേശിച്ച് ദുഷ്ടനായ ഒരു അസുരനെ പന്നിയുടെ രൂപത്തില്‍ വിശ്വാമിത്രന്‍ പറഞ്ഞുവിട്ടു. ഹരിശ്ചന്ദ്രന്‍ ഉദ്യാനത്തില്‍ രാജകീയമായ വസ്ത്രങ്ങളൊന്നും ധരിക്കാതെ വിശ്രമിക്കുന്ന സമയത്ത് പന്നിയുടെ രൂപം ധരിച്ച അസുരന്‍ ഉദ്യാനത്തില്‍കയറി മനോഹരമായ ഉദ്യാനം താറുമാറാക്കാന്‍ തുടങ്ങി. കാവല്‍ക്കാര്‍ എത്ര ശ്രമിച്ചിട്ടും പന്നിയെ നേരിടാന്‍ കഴിഞ്ഞില്ല. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി, രാജാവുതന്നെ പന്നിയെ നേരിടാന്‍ തിടുക്കത്തില്‍ ആയുധമായി എത്തിയപ്പോള്‍ പന്നി ഉദ്യാനത്തില്‍നിന്ന് പുറത്തേയ്ക്കു ഓടി.
പന്നിയെ കൊല്ലണമെന്നുറച്ച് തന്റെ കുതിരപ്പുറത്തുകയറി രാജാവ് പന്നിയെ അനുഗമിച്ചു. രാജാവിനെ സഹായിക്കാന്‍ കുറെ സൈനികരും പിന്നാലെ പുറപ്പെട്ടു.
പന്നി അതിവേഗത്തില്‍ കാട്ടിലേയ്ക്കു കുതിച്ചു. പന്നിയെ കൊല്ലാതെ മടങ്ങില്ല എന്നുറച്ച് പന്നിയുടെ പിന്നാലെ രാജാവും കാട്ടിനുള്ളില്‍ കടന്നു. സൈനികരില്‍നിന്ന് ബഹുദൂരം രാജാവ് അകന്നുപോയി.
കുതിരയെക്കാള്‍ വേഗത്തില്‍ ഓടാന്‍ കഴിയാതെ പന്നി കാട്ടില്‍ മറഞ്ഞിരുന്നു. കാടിന്റെ പലഭാഗത്തും രാജാവ് പന്നിയെ തിരഞ്ഞു വലഞ്ഞു. പന്നിയെ കണ്ടെത്തി അസ്ത്രം എയ്യുന്ന സന്ദര്‍ഭത്തില്‍ അതില്‍നിന്ന് പന്നി തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു. ചിലപ്പോള്‍ രാജാവിന്റെ കണ്‍മുമ്പില്‍ പ്രത്യക്ഷപ്പെട്ട് പെട്ടെന്ന് മറയും. പന്നിയെ കൊല്ലാതെ മടങ്ങില്ലെന്നുറച്ച് അതിനെ തിരഞ്ഞ് തിരഞ്ഞ് ഒടുവില്‍ രാജാവ് ഉള്‍വനത്തില്‍ എത്തിച്ചേര്‍ന്നു. പന്നിയെ കൊല്ലാന്‍ കഴിയാത്ത പ്രയാസം ഹരിശ്ചന്ദ്രനെ കൂടുതല്‍ അസ്വസ്ഥനാക്കി. സൂര്യന്‍ അസ്തമിക്കാറായിട്ടും പന്നിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാട്ടിനുള്ളില്‍ പല ഭാഗത്തേയ്ക്കും സഞ്ചരിച്ച് രാജാവ് ക്ഷീണിച്ചു. എന്നാല്‍ കാട്ടില്‍നിന്നും പുറത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചം കുറവായതിനാല്‍ ദിക്കറിയാതെ രാജാവ് കുഴങ്ങി. എവിടെനിന്നോ വെള്ളം ഒഴുകുന്ന ശബ്ദം ഹരിശ്ചന്ദ്രന്‍ കേട്ടു. പെട്ടെന്ന് ശബ്ദം കേട്ട ദിക്കു ലക്ഷ്യമാക്കി സഞ്ചരിച്ച് ഒരു ചെറിയ നദിയുടെ അടുത്തെത്തി. ആശ്വാസത്തോടെ നദിയിലിറങ്ങി തെളിനീര് കോരിക്കുടിച്ച് ദാഹമടക്കി. കുതിരയും നദിയില്‍നിന്ന് ആവശ്യത്തിന് വെള്ളം കുടിച്ചു. അപ്പോഴും കൊട്ടാരത്തിലേയ്ക്കു പോകാന്‍ ഏത് ദിക്കിലേക്കാണ് പോകേണ്ടത് എന്നറിയാതെ രാജാവ് വിഷമിച്ചു. അപ്പോഴാണ് ഒരു വൃദ്ധബ്രാഹ്മണന്‍ അകലെ നദീതീരത്ത് നില്‍ക്കുന്നതു കണ്ടത്. രാജാവിന് സന്തോഷമായി. പെട്ടെന്ന് രാജാവ് അയാളുടെ അടുത്തേയ്ക്കു ചെന്നു.
”അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ, അങ്ങ് എന്നെ സഹായിക്കണം. ഈ കൊടുംകാട്ടില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി എനിക്ക് പറഞ്ഞുതരണം.” ഹരിശ്ചന്ദ്രന്‍ വിനീതനായി പറഞ്ഞു.
”ഈ കൊടുംകാട്ടില്‍ എങ്ങനെയാണ് താങ്കള്‍ വന്നുപെട്ടത്?” ബ്രാഹ്മണന്‍ ചോദിച്ചു.
”ഞാന്‍ സൂര്യവംശ രാജാവായ ഹരിശ്ചന്ദ്രനാണ്. രാജസൂയം നടത്തിയ ഹരിശ്ചന്ദ്രന്‍ എന്ന രാജാവിനെക്കുറിച്ച് അങ്ങ് കേട്ടിട്ടില്ലേ?”
രാജാവ് പറഞ്ഞത് വിശ്വസിക്കാത്ത ഭാവത്തില്‍ ബ്രാഹ്മണന്‍ ഹരിശ്ചന്ദ്രനെ നോക്കി.
”താങ്കള്‍ ആരാണെന്നതിന് ഇവിടെ വലിയ പ്രസക്തിയില്ല. താങ്കള്‍ ആരായാലും, കാട്ടില്‍ അകപ്പെട്ട സ്ഥിതിക്ക് രക്ഷിക്കാനുള്ള വഴി പറഞ്ഞുതരാം.”ബ്രാഹ്മണന്‍ പറഞ്ഞു.
ബ്രാഹ്മണന്‍ ധിക്കാരത്തോടെയാണ് പറഞ്ഞത്. എങ്കിലും പറഞ്ഞ വാക്കുകള്‍ രാജാവിന് ആശ്വാസം നല്‍കി. കാട്ടിനുള്ളില്‍നിന്നും ഉടന്‍ പുറത്തു കടന്നില്ലെങ്കില്‍ ഏതെങ്കിലും ഹിംസ്രമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായി ജീവന്‍ അപകടത്തിലാകുമെന്ന് രാജാവിനറിയാം.
ബ്രാഹ്മണന്‍ രാജാവിനു വഴി പറഞ്ഞു കൊടുത്തു. സന്തുഷ്ടനായ രാജാവ് ബ്രാഹ്മണന് എന്തെങ്കിലും പ്രത്യുപകാരം ചെയ്യണമെന്ന് ആഗ്രഹിച്ചു.
”അങ്ങ് ചെയ്ത ഉപകാരത്തിന് നന്ദിയുണ്ട്. എനിക്ക് രക്ഷപ്പെടാനുള്ള വഴി കാട്ടിത്തന്നതില്‍ അങ്ങേയ്ക്ക് എന്തും നല്‍കാന്‍ ഞാന്‍ ഒരുക്കമാണ്. രാജസൂയം നടത്തിയതിനുശേഷം ആവശ്യപ്പെടുന്നതെന്തും കൊടുക്കുക എന്നത് ജീവിത വ്രതമാണെന്ന് പരസ്യമായി ഞാന്‍ പ്രഖ്യാപിച്ചതുമാണ്. അങ്ങേയ്ക്ക് യാഗം ചെയ്യാനോ, മറ്റെന്തെങ്കിലും ആവശ്യമുണ്ടെങ്കിലോ അയോദ്ധ്യയിലേയ്ക്കു വരാവുന്നതാണ്.” രാജാവ് ബ്രാഹ്മണനെ നമിച്ചുകൊണ്ട് പറഞ്ഞു.”ഭഗവന്‍, അങ്ങ് എന്തും ദാനംചെയ്യുന്ന സത്യവാദിയായ രാജാവാണെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. അങ്ങനെയെങ്കില്‍ ഞാന്‍ ഇപ്പോള്‍ത്തന്നെ എന്റെ ആഗ്രഹം അങ്ങയെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.” ബ്രാഹ്മണന്‍ പറഞ്ഞു.
”അതില്‍ സന്തോഷമേയുള്ളു. എന്താണ് വേണ്ടതെന്നു ചോദിച്ചോളൂ.” രാജാവ് വിനീതഭാവത്തില്‍ പറഞ്ഞു.
”ഈ കാട്ടാറ് ഒഴുകുന്നത് അങ്ങ് കാണുന്നില്ലേ. അത് ഒഴുകുന്നത് ഒരു പുണ്യസ്ഥലത്തുകൂടിയാണ്. അതില്‍ സ്‌നാനം ചെയ്തശേഷം ദാനം ചെയ്യുന്നത് ഉത്തമമായ കാര്യമാണ്. അങ്ങ് ആ നദിയിലിറങ്ങി സ്‌നാനം ചെയ്തു വരിക.” ബ്രാഹ്മണന്‍ പറഞ്ഞു.
ബ്രാഹ്മണന്റെ വാക്കുകള്‍ കേട്ട് ഹരിശ്ചന്ദ്രന്‍ കാട്ടാറില്‍ ഇറങ്ങി മുങ്ങിക്കുളിച്ചശേഷം കരയിലേയ്ക്കു കയറി.
”ദാനം ചെയ്യുന്നതിന് ഞാനിതാ സന്നദ്ധനായിരിക്കുന്നു. അങ്ങയുടെ ആഗ്രഹം അറിയിച്ചാലും. ഈ പുണ്യനദിയുടെ തീരത്തു അങ്ങയെ കാണാന്‍ കഴിഞ്ഞതു എന്റെ ഭാഗ്യം. എന്താണ് നല്‍കേണ്ടതെന്ന് വേഗം പറഞ്ഞാലും. ഇരുട്ടു വ്യാപിക്കുന്നതിന് മുമ്പ് കാടിനു പുറത്തു കടക്കേണ്ടതുണ്ട്. ” ഹരിശ്ചന്ദ്രന്‍ പറഞ്ഞു.
”സൂര്യവംശ ജാതനും ത്രിശങ്കൂ പുത്രനുമായ മഹാനായ ഹരിശ്ചന്ദ്രരാജാവിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് തുല്യനായി ഭൂമിയില്‍ മറ്റൊരു രാജാവുമില്ലെന്ന് കേട്ടിട്ടുണ്ട്. ഇത്രയും ധര്‍മ്മനിഷ്ഠനായ അങ്ങയോട് എന്തു ചോദിക്കാനാണ്.” ബ്രഹ്മണന്‍ പറഞ്ഞു.
”എന്തു വേണമെങ്കിലും ചോദിക്കാം.” രാജാവ് പറഞ്ഞു.
ബ്രാഹ്മണവേഷധാരിയായ വിശ്വാമിത്രന്‍ ഗാന്ധര്‍വ്വീയ മായകൊണ്ട് കണ്ണെത്താ ദൂരത്ത് ഒരു കന്യകയേയും യുവാവിനേയും സൃഷ്ടിച്ചു.
”അതാ, അവര്‍ എന്റെ പുത്രനും പുത്രിയുമാണ്. പുത്രന്റെ വിവാഹം ഉടനെ നടത്തണമെന്നു ആഗ്രഹമുണ്ട്. എന്നാല്‍ എന്റെ കൈവശം അതിനുള്ള പണമില്ല. മകന്റെ വിവാഹം നടത്താനുള്ള പണം കിട്ടിയാല്‍ നന്നായിരുന്നു.”ബ്രാഹ്മണന്‍ പറഞ്ഞു.
”ഇത് വളരെ നിസ്സാരമായ കാര്യമാണ്. വിവാഹത്തിന് ആവശ്യമുള്ള പണം എപ്പോള്‍ വേണമെങ്കിലും കൊട്ടാരത്തില്‍വന്ന് അങ്ങേയ്ക്ക് ആവശ്യപ്പെടാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. എന്റെ വാക്കുകള്‍ ഒരിക്കലും ഞാന്‍ ലംഘിക്കുന്നതല്ല.” രാജാവ് ബ്രാഹ്മണനെ നമിച്ചുകൊണ്ട് പറഞ്ഞു.
സന്തുഷ്ടനായ ഹരിശ്ചന്ദ്രന്‍ ബ്രാഹ്മണന്‍ പറഞ്ഞുകൊടുത്ത വഴിയിലൂടെ കുതിരപ്പുറത്തുകയറി കൊട്ടാരത്തിലേയ്ക്കു യാത്രയായി.
(തുടരും)